ശീഇസം:വിവിധ കക്ഷികള്‍
അലി(റ)യെ സര്‍വ്വോത്തമനായി കാണുന്നവരാണ് ശിയാക്കളിലെ എല്ലാ വിഭാഗവും. പക്ഷേ, അദ്ദേഹത്തിന്റെ പദവിയെ സംബന്ധിച്ചും അദ്ദേഹത്തിന്റെ സന്താന പരമ്പരയിലെ ഇമാമുകളുടെ അവസ്ഥയെ സംബന്ധിച്ചും അവര്‍ക്കിടയില്‍ കടുത്ത അഭിപ്രായാന്തരങ്ങളുണ്ട്. എഴുപതിലധികം കക്ഷികളായി അവര്‍ ചേരിതിരിഞ്ഞിട്ടുണ്ടെന്ന് പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.
ശീഈ വിഭാഗങ്ങളില്‍ ചിലര്‍ ഇമാമത്തുമായി ബന്ധപ്പെട്ട കുറെ പുത്തന്‍വാദങ്ങള്‍ ഉന്നയിച്ചുകൊണ്ട് മുസ്‌ലിം മുഖ്യധാരയില്‍ നിന്നു വിഘടിച്ചുനിന്നപ്പോള്‍, മറ്റുചിലര്‍ തീവ്രവും തീക്ഷ്ണവുമായ ചില വാദങ്ങളുയര്‍ത്തി ഇസ്‌ലാമിക വൃത്തത്തിനു പുറത്തേക്ക് തെറിച്ചുപോവുകയായിരുന്നു. അലി ദൈവമാണെന്നു വാദിച്ച ‘സബഇയ്യാക്കള്‍’ ഈ ഗണത്തില്‍ പെടുന്നു. അലി(റ)യുടെ ശരീരത്തില്‍ അല്ലാഹു അവതരിച്ചുവെന്നും അദ്ദേഹം ദൈവാവതാരമാണെന്നും ഇവര്‍ വാദിക്കുന്നു. ഭാരതത്തിലെ ഹിന്ദുക്കള്‍ അംഗീകരിക്കുന്ന ദശാവതാര സിദ്ധാന്തത്തിനോടു സാമ്യതയുള്ള ആശയമാണ് സബഇകള്‍ക്കുള്ളത്. ഇവര്‍ ഇസ്‌ലാമിനു പുറത്താണെന്ന് മറ്റുള്ളവരെ പോലെ പ്രമുഖ ശീഈ വിഭാഗങ്ങളും പറയുന്നു.
ഇതുപോലെ മറ്റൊരു വിഭാഗമാണ് ‘ഗുറാബിയ്യ’. ഇവര്‍ സബഇകളെ പോലെ അലി(റ) ദൈവാവതാരമാണെന്ന് വാദിക്കുന്നില്ലെങ്കിലും നബി(സ)യും അലി(റ)യും എല്ലാ വിഷയത്തിലും ഒരുപോലെയാണെന്നു വാദിക്കുന്നു. കാക്കയും കാക്കയും തമ്മിലുള്ള സാദൃശ്യമാണത്രേ അവര്‍ക്കിടയിലുള്ളത്. ഇതുകൊണ്ടാണ് ‘കാക്ക’ എന്നര്‍ത്ഥമുള്ള ‘ഗുറാബി’ലേക്ക് ചേര്‍ത്തി ഇവരെ ‘ഗുറാബിയ്യ’ എന്നു വിളിക്കുന്നത്. നബിയും അലിയും ഒരുപോലെ ആയതുകൊണ്ട് ജിബ്‌രീല്‍ (അ) പ്രവാചകത്വവുമായി വന്നപ്പോള്‍ ആളെ മാറി അലി(റ)ക്കു പകരം നബി(സ)ക്കു നല്‍കി എന്നാണിവര്‍ ജല്‍പ്പിക്കുന്നത്. നാല്‍പ്പതു വയസ്സുള്ള മുഹമ്മദ് നബിയെയും ഒന്‍പതു വയസ്സു മാത്രമുള്ള അലിയെന്ന കുട്ടിയെയും ജിബ്‌രീല്‍ മാലാഖക്കു തിരിച്ചറിയാനായില്ലെന്ന വിചിത്ര ആശയമാണ് ഇവര്‍ അവതരിപ്പിക്കുന്നത്. ശരീരത്തിന്റെ ആകൃതിയിലും പ്രകൃതിയിലും തികച്ചും വ്യത്യസ്തമായ രണ്ടുപേര്‍ എങ്ങനെയാണ് സാദൃശ്യരാകുന്നതെന്നും ജീബ്‌രീലിനു പിഴക്കുന്നതെന്നും ഈ ‘കാക്ക’ സിദ്ധാന്തക്കാര്‍ വിശദീകരിക്കുന്നില്ല. ഇവരും ഇസ്‌ലാമിനു പുറത്തുപോയവര്‍ തന്നെയാണെന്നാണ് ശിയാക്കളും പറയുന്നത്. പ്രമുഖ ശീഈ വിഭാഗങ്ങളെ പരിചയപ്പെടാം.
കൈസാനിയ്യ:
മുഖ്താര്‍ ബിന്‍ ഉബൈദുസ്സഖഫിയുടെ അനുയായികളാണിവര്‍. അലി(റ)ക്ക് ഹനീഫ ഗോത്രത്തില്‍ പെട്ട ഭാര്യയില്‍ ജനിച്ച മുഹമ്മദ് ബിന്‍ ഹനഫിയ്യയാണ് അലി, ഹസന്‍, ഹുസൈന്‍ എന്നിവര്‍ക്ക് ശേഷമുള്ള ഇമാം എന്നിവര്‍ വിശ്വസിക്കുന്നു. ഇതു മറ്റു ശീഈകള്‍ അംഗീകരിക്കുന്നില്ല. ഫാത്വിമ(റ)യുടെ സന്തതികളാണ് ഇമാമാകാന്‍ അര്‍ഹന്‍ എന്നവര്‍ പറയുന്നു.
കൈസാനികളുടെ നേതാവായ മുഖ്താര്‍ ആദ്യകാലത്ത് ഖവാരിജ് ആയിരുന്നു. പിന്നെയാണ് ശീഇസത്തിലേക്ക് മാറിയതും കൈസാനിയ്യയില്‍ എത്തിയതും. കര്‍ബലാ ദുരന്തത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉബൈദില്ലാഹിബിന്‍ സിയാദിനെ വധിച്ചുകൊണ്ടാണ് മുഖ്താര്‍ ജനപിന്തുണ നേടിയത്. ഇമാം ഹുസൈന്‍(റ)ന്റെ എതിരാളിയെ വധിച്ചതുകൊണ്ടുതന്നെ ശീഇകളുടെ മുഴുവന്‍ സ്‌നേഹവും അനുകമ്പയും അയാള്‍ സ്വന്തമാക്കി. പക്ഷേ, ഈ പിന്തുണ ചൂഷണം ചെയ്യുകയും പുതിയ ചില നീക്കങ്ങള്‍ ആരംഭിക്കുകയുമായിരുന്നു മുഖ്താര്‍. അങ്ങനെയാണ് മുഹമ്മദ് ബിന്‍ ഹനഫിയ്യയെ ഇമാമാക്കി വാഴ്ത്താന്‍ അയാള്‍ ശ്രമിക്കുന്നത്. ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയായിരുന്നു മുഖ്താര്‍ ഇങ്ങനെ ചെയ്തത്.
മുഹമ്മദ് ബിന്‍ ഹനഫിയ്യയാണ് യഥാര്‍ത്ഥ ഇമാം എന്നും അദ്ദേഹം മതപരമായും ഭൗതികമായും സകല വിജ്ഞാനങ്ങളും അലി (റ)യില്‍ നിന്നു സ്വന്തമാക്കിയിട്ടുണ്ടെന്നും മുഖ്താറും അനുയായികളും പ്രചരിപ്പിച്ചു. പക്ഷേ, തന്റെ പേരില്‍ നടക്കുന്ന ഈ കുപ്രചരണങ്ങളൊന്നും മുഹമ്മദ് ബിന്‍ ഹനഫിയ്യ ആദ്യം അറിഞ്ഞിരുന്നില്ല. ഭക്തനും സാത്വികനുമായിരുന്നു അദ്ദേഹം. തന്റെ പദവിയും പാണ്ഡിത്യവും ചൂഷണം ചെയ്തു രാഷ്ട്രീയ ലാഭം നേടാനുള്ള മുഖ്ത്താറിന്റെ ശ്രമം തിരിച്ചറിഞ്ഞ ഇബ്‌നു ഹനഫിയ്യ, അയാളുടെ വാദങ്ങളെ എതിര്‍ത്തു. കൈസാനികളെ തള്ളിപ്പറയുകയും തന്റെ നിരപരാധിത്വം വിശദീകരിക്കുകയും ചെയ്തു. പക്ഷേ, അപ്പോഴേക്കും ഒരു വിഭാഗം ജനങ്ങള്‍ മുഖ്താറിന്റെ വാക്കുകള്‍ വേദവാക്യമായി സ്വീകരിച്ചിരുന്നു.
കൈസാനികളുടെ പ്രധാന വാദങ്ങള്‍ ഇവയാണ്
1. അലി(റ)ക്ക് ബനൂ ഹനീഫ ഗോത്രത്തിലെ ഭാര്യയില്‍ നിന്നും ജനിച്ച മുഹമ്മദ് ബിന്‍ ഹനഫിയ്യ നാലാമത്തെ ഇമാമാകുന്നു.
2. ഇമാം പരിശുദ്ധനും പാപസുരക്ഷിതനും ദൈവിക ജ്ഞാനങ്ങളുടെ നിറകുടവുമാകുന്നു.
3. അലി, ഹസന്‍, ഹുസൈന്‍ എന്നിവര്‍ക്ക് ശേഷം ഇമാമായി വന്ന മുഹമ്മദ് ഹബിന്‍ ഹനഫിയ്യ, വീണ്ടും ഭൂമിയിലേക്കു വരും. യഥാര്‍ത്ഥത്തില്‍ അദ്ദേഹം മരിച്ചിട്ടില്ല. മദീനക്കടുത്തുള്ള രിള്‌വാ പര്‍വ്വതത്തില്‍ അപ്രത്യക്ഷനായിരിക്കയാണ്. തേനും ജലവും ഒഴുകുന്ന രണ്ട് അരുവികള്‍ അദ്ദേഹത്തിന്റെ അടുത്തുണ്ട്.
4. അല്ലാഹുഅവന്റെ മുന്‍ തീരുമാനത്തില്‍ മാറ്റം വരുത്തുന്നതാണ്. ഇതിനു ബദാഅ് എന്നു പറയുന്നു.
5. ആത്മാവ് ഒരു ശരീരത്തില്‍ നിന്ന് വേര്‍പിരിഞ്ഞ ശേഷം മറ്റൊരു ശരീരത്തില്‍ പ്രവേശിക്കുന്നു. ഹിന്ദുക്കളുടെ പുനര്‍ജന്മവാദവുമായി ഇതിനു സാമ്യത കാണാം. അടുത്ത ജന്മത്തില്‍ മനുഷ്യര്‍ പട്ടിയോ പന്നിയോ ചണ്ഡാളനോ ആയി ജനിക്കുമെന്ന വാദം ഇവര്‍ക്കും ഉണ്ടായിരുന്നു.
ഖുറാസാന്‍, തുര്‍ക്കിസ്ഥാന്‍ എന്നീ പ്രദേശങ്ങളില്‍ ശക്തിപ്പെട്ട കൈസാനിയ്യ, വിഭാഗം പിന്നീട് വിവിധ ചേരികളായി ഭിന്നിക്കുകയാണുണ്ടായത്. ഹാശിമിയ്യ, ബയാനിയ്യ എന്നിവയാണിതില്‍ അറിയപ്പെട്ടവ.
സൈദിയ്യ:
ശീഇകളിലെ മിതവാദികളും മറ്റുള്ളവരെ സഹിഷ്ണുതയോടെ സമീപിക്കുന്നവരുമാണ് സൈദികള്‍. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅയുടെ വീക്ഷണങ്ങളോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ശീഈ വിഭാഗമാണിവര്‍.
ഇമാം ഹുസൈന്‍(റ)ന്റെ പുത്രന്‍ സൈദ് ബിന്‍ അലീ സൈനുല്‍ ആബിദീന്‍ ആണ് ഈ വിഭാഗത്തിന്റെ നേതാവായി അറിയപ്പെടുന്നത്. ഭക്തനും പണ്ഡിതനും ധീരനുമായിരുന്നു സൈദ്. മൂത്ത സഹോദരന്‍ ഇമാം മുഹമ്മദുല്‍ ബാഖിര്‍, മുഅ്തസ്‌ലീ നേതാവ് വാസ്വില്‍ ബിന്‍ അത്വാഅ് എന്നിവര്‍ ഗുരുനാഥന്മാരാണ്. ഹനഫീ മദ്ഹബിന്റെ നായകന്‍ ഇമാം അബൂഹനീഫ(റ) അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചിട്ടുണ്ട്.
അമവി ഖലീഫ ഹിശാം ബിന്‍ അബ്ദില്‍ മലിക്കിന്റെ കാലത്ത് സൈദ്, അമവികള്‍ക്കെതിരെ ഒരു വിപ്ലവം നയിച്ചു. തുടക്കത്തില്‍ കൂഫക്കാരെല്ലാം ഈ വിപ്ലവത്തെ പിന്തുണച്ചിരുന്നു. പക്ഷേ, ഇടയ്ക്കുവെച്ച് കൂഫക്കാര്‍ അതില്‍ നിന്നു പിന്‍മാറുകയായിരുന്നു. ശൈഖാനി എന്നറിയപ്പെടുന്ന അബൂബക്കര്‍, ഉമര്‍ എന്നിവരെ സൈദ്, ഖലീഫമാരായി അംഗീകരിക്കുന്നു എന്നതായിരുന്നു അവര്‍ നിരത്തിയ കാരണം. അബൂബക്കറിനും ഉമറിനും നേരെ ശാപവചനങ്ങള്‍ ഉരിവിടുന്നതിനു പകരം അനുഗ്രഹ പ്രാര്‍ത്ഥന (തര്‍ളിയത്ത്) നടത്തിയ സൈദിന്റെ നടപടിയെ മഹാ അപരാധമായിട്ടാണവര്‍ കണക്കാക്കിയത്. പരാജയപ്പെട്ട ഈ വിപ്ലവത്തെ തുടര്‍ന്നു നെറ്റിയില്‍ തറച്ച ഒരു അമ്പ് കാരണം ഹിജ്‌റ 122ല്‍ സൈദ് മരണപ്പെടുകയായിരുന്നു.
സൈദികളുടെ നയനിലപാടുകള്‍ ഇവയാണ്.
1. അബൂബക്കര്‍, ഉമര്‍ എന്നിവരേക്കാള്‍ ശ്രേഷ്ഠവാനാണ് അലി (റ). ഇമാമത്തിനു അര്‍ഹനും അദ്ദേഹം തന്നെ. പക്ഷേ, അവര്‍ക്ക് അലിയെക്കാള്‍ മുന്‍ഗണന ലഭിച്ചു എന്നത് അപരാധമല്ല. അത്യുത്തമന്റെ സാന്നിധ്യത്തില്‍ ഉത്തമന്റെ അധികാര പ്രാപ്തി സാധുവാകും. ഇമാം സര്‍വ്വ മുസ്‌ലിംകളെക്കാള്‍ അത്യുത്തമനാകല്‍ അനിവാര്യമല്ല. അതുകൊണ്ടുതന്നെ അത്യുത്തമനായ അലിയുടെ സാന്നിധ്യത്തില്‍ ഉത്തമരായ അബൂബക്കര്‍, ഉമര്‍ എന്നിവര്‍ അധികാരാരോഹണം നടത്തിയത് കുറ്റകരമായ കാര്യമല്ല.
2. അബൂബക്കര്‍, ഉമര്‍ എന്നിവരുടെ ഖിലാഫത്ത് അംഗീകരിക്കുകയും അവര്‍ക്കുവേണ്ടി അനുഗ്രഹ പ്രാര്‍ത്ഥന (തര്‍ളിയത്ത്) നടത്തുകയും ചെയ്യുന്നു. ഉസ്മാന്‍(റ)ന്റെ ഖിലാഫത്തിനെ അംഗീകരിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ചില നടപടികളെ എതിര്‍ക്കുന്നു.
3. ഇമാമത്ത് ഖണ്ഡിതമായി തീരുമാനിക്കപ്പെട്ട കാര്യമല്ല. ഒരു ഇമാം തന്റെ പിന്‍ഗാമിയെ നിശ്ചയിക്കല്‍ നിര്‍ബന്ധമായ കാര്യമല്ല. ഇമാമത്ത് അനന്തരവകാശമായി ലഭിക്കുന്നതല്ല. അത് ബൈഅത്തിലൂടെ സ്ഥിരപ്പെടുന്ന കാര്യമാണ്. ഫാത്വിമ(റ)യുടെ മക്കളില്‍ നിബന്ധനകള്‍ പൂര്‍ത്തിയായവരുണ്ടെങ്കില്‍ അവരാണ് ഇമാമത്തിന് അര്‍ഹര്‍.
4. ഇമാം, ഫാത്വിമ(റ)യുടെ സന്താന പരമ്പരയില്‍പ്പെട്ടവര്‍ ആയാല്‍ മതി. ഹുസൈന്‍(റ) ന്റെ സന്താന പരമ്പരയില്‍ പെട്ടവര്‍ തന്നെ ആകണമെന്നില്ല. ഹസന്‍(റ) ഒത്തുതീര്‍പ്പ് വ്യവസ്ഥയനുസരിച്ച് ഖിലാഫത്ത് മുആവിയക്ക് കൈമാറിയതു കാരണം അദ്ദേഹത്തിന്റെ സന്താന പരമ്പരക്കു ഖലീഫയാകാന്‍ അര്‍ഹതയില്ലെന്നു മറ്റു ശീഈ വിഭാഗങ്ങളുടെ വാദം ഇവര്‍ അംഗീകരിക്കുന്നില്ല.
5. മഹാപാപം ചെയ്ത വിശ്വാസികള്‍ ശാശ്വതമായി നരകത്തിലാണെന്ന മുഅ്തസ്‌ലി വാദം അംഗീകരിക്കുന്നു. മുഅ്തസിലീ പണ്ഡിതനായ വാസ്വില്‍ ബിന്‍ അത്വാഇന്റെ ശിഷ്യത്വം സ്വീകരിച്ചതു കാരണം സൈദികളില്‍ മുഅതസ്‌ലീ സ്വാധീനം ഉണ്ടായിട്ടുണ്ടെന്നു ഇതുപോലുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ചില നിരൂപകര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.
6. ശീഇകളുടെ മുത്വ്ആ വിവാഹത്തെ തിരസ്‌കരിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നു.
7. ഇജ്തിഹാദിനു കഴിവുള്ളവര്‍ അത് നടത്തണം. അല്ലാത്തവര്‍ മുജ്തഹിദുകളെ തഖ്‌ലീദ് (അനുകരണം) ചെയ്യുകയാണ് വേണ്ടത്. മറ്റുള്ളവരെ തഖ്‌ലീദ് ചെയ്യുന്നതിനേക്കാള്‍ നല്ലത് അഹ്‌ലുല്‍ ബൈത്തി(പ്രവാചക കുടുംബം) നെ അനുകരിക്കലാണ്.
8. ഇമാമുകള്‍ പരുശുദ്ധരും പാപസുരക്ഷിതരുമാകണമെന്നില്ല. (അലി, ഹസന്‍, ഹുസൈന്‍, ഫാത്വിമ എന്നിവര്‍ പാപ സുരക്ഷിതരാണെന്നു ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്).
9. അല്ലാഹു അവന്റെ മുന്‍ തീരുമാനത്തെ മാറ്റുകയും പുനര്‍വിചിന്തനം നടത്തുകയും ചെയ്യുമെന്ന ശീഈ വാദം അബദ്ധമാണ്. അല്ലാഹുവിന്റെ തീരുമാനങ്ങളും നിശ്ചയങ്ങളും അലംഘനീയമാണ് എന്ന പൊതു വീക്ഷണമാണ് ശരി.
10. ഒരു രാജ്യത്ത് ഒരേ സമയത്ത് ഒന്നിലധികം ഇമാമുമാര്‍ ഉണ്ടാകുന്നത് കുറ്റകരമല്ല.
11. അക്രമിയായ ഭരണാധികാരിക്കെതിരെ സമരം ചെയ്യല്‍ നിര്‍ബന്ധ ബാധ്യതയാണ്.
ഇങ്ങനെ നിരവധി കാര്യങ്ങള്‍ മറ്റുള്ളവരില്‍ നിന്നു സൈദികളെ മാറ്റിനിര്‍ത്തുന്നു. പ്രമുഖ സ്വഹാബികലെ അംഗീകരിക്കുകയും അവര്‍ക്ക് വേണ്ടി അനുഗ്രഹ പ്രാര്‍ത്ഥന നടത്തുകയും അവരുടെ ഭരണാധികാരത്തെ ശരിവെക്കുകയും ചെയ്യുന്ന നിലപാട് മുഖ്യധാരാ മുസ്‌ലിംകളോട് സൈദികളെ കൂടുതല്‍ അടുപ്പിക്കുന്നതാണ്. നബി(സ) തന്റെ പിന്‍ഗാമിയായി അലി(റ)യെ പേരെടുത്തു പറയുകയും നിശ്ചയിക്കുകയും ചെയ്തു എന്ന ശീഈ വാദം ഇവര്‍ അംഗീകരിക്കുന്നില്ല. നബി (സ) പിന്‍ഗാമിക്കു നിശ്ചയിച്ച യോഗ്യതയും പ്രത്യേകതയും അലി (റ) യിലാണ് സമ്മേളിച്ചത് എന്നാണിവരുടെ വാദം. സ്വഹാബികളില്‍ ആരെയും കാഫിറുകളും മതഭ്രഷ്ട് സംഭവിച്ചരുമാക്കി ചിത്രീകരിച്ചിട്ടില്ല എന്നതാണ് ഇവരുടെ പ്രത്യേകത.
ഹിജ്‌റ 250ല്‍ ദൈലം, ത്വബരിസ്ഥാന്‍ എന്നിവിടങ്ങളില്‍ സൈദികള്‍ക്കു ഭരണക്കൂടം നിലവില്‍വന്നു. ഹിജ്‌റ പതിമൂന്നാം നൂറ്റാണ്ടില്‍ യമനിലും അവര്‍ ഭരണം സ്ഥാപിച്ചിരുന്നു. മറ്റു ശീഈ വിഭാഗങ്ങളുടെ അതിശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നു സൈദികള്‍ പിന്നീട് ‘ശൈഖാനി’ അടക്കമുള്ള സ്വഹാബികളെ വിമര്‍ശിച്ചിട്ടുണ്ട്. യമനിലെ ചില സൈദികള്‍ മാത്രമാണത്രെ ഇതിനപവാദം.
ഇമാം അബൂഹനീഫ(റ), സൈദ്ബിന്‍ അലി സൈനുല്‍ ആബിദീന്റെ ശിഷ്യത്വം സ്വീകരിച്ചതുപോലെ അദ്ദേഹത്തിന്റെ പൗത്രന്‍ അഹമ്മദ് ബിന്‍ ഈസബിന്‍ സൈദ്, ഇമാം അബൂഹനീഫയുടെ ശിഷ്യന്മാരുടെ ശിഷ്യത്വം സ്വീകരിച്ചും ചരിത്രത്തില്‍ കാണാം. മറ്റു വിഭാഗങ്ങളോട് സൈദികള്‍ പുലര്‍ത്തിയ ഈ ബന്ധം അവരുടെ മിതവാദത്തെ സ്വാധീനിച്ചിട്ടുണ്ടാകുമെന്നുറപ്പ്. ഇമാം മാലിക്കിന്റെ ‘മുവത്വ’ക്കു ‘നൈലുല്‍ ഔത്താര്‍’ എന്ന വ്യാഖ്യാന ഗ്രന്ഥം എഴുതിയ ശൗകാനി (മ: 1834) വഹാബികള്‍ക്കടക്കം അഭിമതനാണ്. ശീഈ ഉള്‍പ്പിരിവുകളില്‍പ്പെട്ട സൈദീ വിഭാഗക്കാരനാണ് ശൗകാനിയെന്ന് അവരില്‍ എത്ര പേര്‍ക്കറിയാം?
(മുഖ്യധാരയും വിഘടിത ചേരികളും: സ്വാദിഖ് ഫൈസി താനൂര്)
Leave A Comment