അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ:

മുഹമ്മദ് നബി(സ)യുടെ സദസ്സില്‍ സമ്മേളിച്ചിരിക്കുകയായിരുന്നു സ്വഹാബികള്‍. അവര്‍ക്കു മുമ്പില്‍ തിരുമേനി(സ) ഒരു നേര്‍രേഖ വരച്ചുകൊണ്ടു പറഞ്ഞു: ”ഇതാണ് അല്ലാഹുവിന്റെ മാര്‍ഗ്ഗം”. പിന്നീട് പ്രസ്തുത വരയുടെ ഇടതും വലതുമായി കുറേ വരകളും എന്നിട്ട് പറഞ്ഞു: ”ഇതെല്ലാം പല വഴികളാണ്. ഈ വഴികളിലെല്ലാം നിന്നുകൊണ്ട് പിശാച് തന്റെ പക്ഷത്തേക്ക് ആളുകളെ ക്ഷണിക്കുകയാണ്”. തുടര്‍ന്ന് അല്‍-അന്‍ആം അധ്യായത്തിലെ 153-ാം വചനം നബി(സ) അവര്‍ക്ക് ഓതിക്കൊടുത്തു: ”ഇതത്രെ എന്റെ നേര്‍വഴി. നിങ്ങള്‍ അത് പിന്തുടരുക. മറ്റു മാര്‍ഗ്ഗങ്ങള്‍ പിന്‍പറ്റരുത്. അവയെല്ലാം നിങ്ങളെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്ന് ചിതറിച്ചുകളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്.” (അഹ്മദ്, നസാഈ, ദാരിമി)
യഥാര്‍ത്ഥ ഇസ്‌ലാം ഒരു നേര്‍രേഖയാണ്. വളവുകളും വൈകല്യങ്ങളും വ്യതിയാനങ്ങളുമില്ലാത്ത തെളിഞ്ഞ വഴി. ഈ രാജ പാതയിലൂടെയാണ് ആദം(അ) മുതല്‍ മുഹമ്മദ്(സ) വരെയുള്ള സര്‍വ്വ പ്രവാചകന്മാരും കടന്നുപോയത്. അന്ത്യനാള്‍ വരെ കളങ്കവും കാലുഷ്യവും കലരാതെ നിത്യശോഭയോടെ ജ്വലിച്ചുനില്‍ക്കുന്ന സരണിയും അതുതന്നെ.
പക്ഷേ, ഈ പാതയുടെ ഇരുപാര്‍ശ്വങ്ങളിലും സാത്താന്‍ പുതിയ കുറെ ഇടവഴികളും ഇടുങ്ങിയ ഗര്‍ത്തങ്ങളും വെട്ടിതുറന്നിട്ടുണ്ട്. അതാണ് തിരുമേനി(സ) പ്രവചിച്ച ‘പലവഴി’കള്‍. നേരിന്റെ വഴിത്താരയിലൂടെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നവരെ കബളിപ്പിച്ച്, റൂട്ട് തെറ്റിക്കുകയാണവന്‍. യുക്തിയുടെ പ്രകടന പരതയും മത നവീകരണത്തിന്റെ ന്യായാന്യായങ്ങളുമാണവന്റെ ആയുധം. സല്‍സരണിയില്‍ സംശയങ്ങളുടെ പൊടിപടലങ്ങള്‍ സൃഷ്ടിച്ച് വിശ്വാസികളെ അങ്കലാപ്പിലാക്കുകയാണവന്റെ ഹോബി. മതത്തിന്റെ യഥാര്‍ത്ഥ സംരക്ഷകന്റെ റോളിലാണവന്‍ പലപ്പോഴും പ്രത്യക്ഷപ്പെടുക. വിശ്വാസികളെ പെട്ടെന്ന് വഴിതെറ്റിക്കാന്‍ കഴിയുക മതത്തിന്റെ വേദവും വേഷവുമെല്ലാം സ്വീകരിക്കുന്നതിലൂടെയാണെന്ന് അവനെന്നോ തിരിച്ചറിഞ്ഞിട്ടുണ്ട്. ആ തിരിച്ചറിവിന്റെ ശേഷവിശേഷങ്ങളായിരുന്നു മതത്തിന്റെ പേരില്‍ ഉടലെടുത്ത അവാന്തര പ്രസ്ഥാനങ്ങള്‍.
ഇസ്‌ലാമിന്റെ പേരില്‍ സാത്താന്റെ സിംബലുകളുയര്‍ത്തിപ്പിടിച്ച് രംഗപ്രവേശം ചെയ്ത ഈ പ്രസ്ഥാനങ്ങളെ പ്രതിരോധിക്കാന്‍ മുന്നോട്ടുവന്ന ഇസ്‌ലാമിന്റെ മുഖ്യധാരയാണ് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ: അതൊരു പ്രസ്ഥാനമോ ചിന്താ സരണിയോ അല്ല. ഇടമുറിയാത്ത പാരമ്പര്യത്തിലൂടെ മുസ്‌ലിം ബഹുഭൂരിപക്ഷം കടന്നുപോയ രാജവീഥിയാണത്. അല്ലാഹുവിന്റെ അനുഗ്രഹത്തിനു പാത്രീഭൂതരായ നബിമാര്‍, സ്വിദ്ദീഖുകള്‍, ശുഹദാക്കള്‍, സ്വാലിഹുകള്‍ തുടങ്ങിയവരെല്ലാം സഞ്ചരിച്ച ‘സ്വിറാത്തുല്‍ മുസ്തഖീം’ ആണത്. പുതിയ വാദങ്ങളുയര്‍ത്തിയവരും നവീന ചിന്തകള്‍ക്ക് വശംവദരായവരുമെല്ലാം വിഘടിച്ചുപോയത് ഇവിടെ നിന്നാണ്. ഇസ്‌ലാമിന്റെ ഈ തറവാട്ടിനകത്ത് കലഹം സൃഷ്ടിച്ച് ഇറങ്ങിപോയവരെല്ലാം അധികാരവും സമ്പത്തുമുപയോഗിച്ച് ഇതിനെ നശിപ്പിക്കാന്‍ നോക്കി. അവരെല്ലാം ആദ്യമൊന്ന് ആളികത്തിയെങ്കിലും പിന്നീട് കെട്ടടങ്ങി. അഹ്‌ലുസ്സുന്ന: മാത്രം മങ്ങലേല്‍ക്കാതെ ജ്വലിച്ചുനിന്നു. ശൈഥില്യത്തിന്റെയും വ്യതിയാനത്തിന്റെയും വക്താക്കള്‍ക്ക് ഒരിക്കല്‍പോലും സത്യസരണിയെ അതിജയിക്കാനായില്ല. അവരെല്ലാം ഈ തറവാട്ടുപടിക്കല്‍ പലപ്പോഴും മുട്ടുകുത്തേണ്ടിവന്നവരാണ്. വിഘടിച്ചുപോയ മുഴുവന്‍ കക്ഷികളും ഒന്നിച്ചു കൈകോര്‍ത്തിട്ടും ചരിത്രത്തിലൊരിക്കല്‍ പോലും അവര്‍ അഹ്‌ലുസ്സുന്ന:യുടെ അടുത്തെത്തിയില്ല. എക്കാലത്തുമുള്ള മുസ്‌ലിം ബഹുഭൂരിപക്ഷം ഈ മുഖ്യധാരയുടെ കൂടെയായിരുന്നു.
അര്‍ത്ഥവും ആശയവും
എന്താണ് അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ? ഈ പദ സമുച്ചയത്തെ ചുറ്റിപ്പറ്റിയാണിപ്പോള്‍ അവകാശവാദങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. മുഹമ്മദ് നബി(സ)യെ അന്തിമ പ്രവാചകനായി അംഗീകരിക്കാത്ത ഖാദിയാനികള്‍ മുതല്‍ സ്വഹാബത്ത് ദീനില്‍ തെളിവല്ലെന്ന് വാദിക്കുന്ന നദ്‌വത്തുകാര്‍ വരെ ഈ അവകാശത്തര്‍ക്കത്തില്‍ രംഗത്തുണ്ട്. സത്യത്തിന്റെയും സ്വര്‍ഗ്ഗത്തിന്റെയും പന്ഥാവ് അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅയാണ് എന്ന പ്രമാണങ്ങളുടെ ഖണ്ഡിതമായ ഉദ്‌ഘോഷത്തിനു മുമ്പില്‍ മറുവഴി കണ്ടെത്താന്‍ സാധിക്കാത്തത്‌കൊണ്ടാണ് ഈ വിഭാഗങ്ങളെല്ലാം തങ്ങളാണ് യഥാര്‍ത്ഥ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ: എന്ന് വാദിക്കുന്നത്. അതുകൊണ്ട് തന്നെ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅയുടെ അര്‍ത്ഥവും ആശയവും എന്താണെന്നും അതില്‍ ആരെല്ലാം ഉള്‍പ്പെടുമെന്നും പരിശോധിക്കേണ്ടതുണ്ട്.
‘അഹ്‌ല്’ എന്നതിന്റെ അര്‍ത്ഥം ആളുകള്‍ അനുയായികള്‍ എന്നൊക്കെയാണ്. ഭാഷാപരമായി ‘സുന്നത്ത്’ എന്നത് ചര്യ, മാര്‍ഗം മുതലായ അര്‍ത്ഥത്തിലാണ് ഉപയോഗക്കുക. പ്രവാചക ചര്യയും നടപടി ക്രമങ്ങളുമാണ് ഇവിടെ ഉദ്ദേശ്യം. ജമാഅഃ എന്നാല്‍ സംഘം. അടിസ്ഥാനപരമായി ‘അല്‍ ജമാഅ’ എന്നത്‌കൊണ്ട് വിവക്ഷിക്കപ്പെടുന്നത് സ്വഹാബികളുടെ സംഘത്തെയാണ്. പിന്നീട് അവരെ അനുസരിച്ചും അനുകരിച്ചും ജീവിച്ച മുസ്‌ലിംകളുടെ പൊതുസംഘം അല്‍ ജമാഅ:യുടെ അര്‍ത്ഥവ്യാപ്തിയില്‍ ഉള്‍പ്പെട്ടു. അഹ്‌ല്=അനുയായികള്‍. സുന്നത്ത് = നബിചര്യ, ജമാഅത്ത്=സ്വഹാബികള്‍ ഉള്‍പ്പെടുന്ന മുസ്‌ലിംകളുടെ സംഘം. അപ്പോള്‍ മുഹമ്മദ് നബി(സ)യുടെ സുന്നത്തിനെയും സ്വഹാബികള്‍ ഉള്‍പ്പെടുന്ന സച്ചരിതരായ മുന്‍ഗാമികളുടെ സംഘത്തെയും പിന്തുടരുന്നവര്‍ ‘അഹ്‌ലുസ്സുന്നത്തി വല്‍ജമാഅഃ’ ആകുന്നു. ഇവര്‍ക്ക് പറയുന്ന മറ്റൊരു പേരാണ് സുന്നികള്‍.
ഇവിടെ അനിവാര്യമായ ഒരു സംശയത്തിനു സാധ്യതയുണ്ട്. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണമാണല്ലോ ഖുര്‍ആന്‍. മുസ്‌ലിംകളുടെ മൗലിക ഗ്രന്ഥവും ഭരണഘടനയും അതു തന്നെ. എന്നിട്ടും ഒന്നാം പ്രമാണമായ ഖുര്‍ആനിനെ അവഗണിച്ച് രണ്ടാം പ്രമാണമായ സുന്നത്തിന്റെയും ജമാഅത്തിന്റെയും വക്താക്കളാവുകയും അതില്‍ അഭിമാനിക്കുകയും ചെയ്യുന്നത് ശരിയാണോ? പേരില്‍ പോലും ഖുര്‍ആനിനെ മാറ്റിനിര്‍ത്തിയവര്‍ വിശുദ്ധ വേദഗ്രന്ഥത്തെ അവഗണിക്കുകയല്ലേ വാസ്തവത്തില്‍ ചെയ്യുന്നത്?
ഇസ്‌ലാമിന്റെ മൗലിക പ്രമാണവും ഭരണഘടനയുമാണ് ഖുര്‍ആന്‍. മുസ്‌ലിംകളായി അറിയപ്പെടുന്ന ആര്‍ക്കും ഇതില്‍ തര്‍ക്കമില്ല. പക്ഷേ, ആ ഭരണഘടനയെ ആര് എങ്ങിനെ വ്യാഖ്യാനിക്കണം എന്നത് ഒരു പ്രശ്‌നമാണ്. ഒരു ഭാഷാ നിഘണ്ടുവിന്റെ സഹായത്തോടെ ആര്‍ക്കും എങ്ങനെയും ഖുര്‍ആന്‍ വ്യാഖ്യാനിക്കാം എന്ന നിലപാട് ചിലര്‍ ഇടക്കാലത്ത് സ്വീകരിച്ചു. അതിനെതിരെ മുസ്‌ലിം പൊതുസമൂഹം രംഗത്തുവന്നു. സ്രഷ്ടാവില്‍ നിന്ന് വിശുദ്ധ ഖുര്‍ആന്‍ നേരിട്ടു സ്വീകരിച്ചത് മുഹമ്മദ് നബി(സ)യാണ്. അത് വ്യഖ്യാനിക്കാനാണ് പ്രവാചകന്‍ നിയുക്തനായതുതന്നെ. അതുകൊണ്ട് മുഹമ്മദ്(സ) ഖുര്‍ആനിനു നല്‍കിയ വ്യാഖ്യാനങ്ങള്‍ മാത്രമേ സ്വീകരിക്കാവൂ. ഖുര്‍ആനിനു മുഹമ്മദ് നബി(സ) സ്വന്തം ജീവിതം കൊണ്ട് നല്‍കിയ വ്യാഖ്യാനമാണ് സുന്നത്ത്. അതിനനുസരിച്ച് മാത്രമേ വ്യാഖ്യാനിക്കാന്‍ പാടുള്ളൂ.
മുഹമ്മദ് നബി(സ)യെ കണ്ടതും കേട്ടതും പഠിച്ചതും പകര്‍ത്തിയതും സ്വഹാബികളാണ്. ആ അടിസ്ഥാന സമൂഹമാണ് പ്രവാചകന്റെ വ്യാഖ്യാന വിശദീകരണങ്ങള്‍ ഏറ്റവും കൂടുതല്‍ മനസ്സിലാക്കിയതും അതിന്റെ സ്ഥലകാല സാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ടതും. അതുകൊണ്ട് അവര്‍ നല്‍കുന്ന വ്യാഖ്യാനങ്ങള്‍ തിരസ്‌കരിച്ച് സ്വന്തവും സ്വതന്ത്രവുമായ വ്യാഖ്യാന ശൈലി പാടില്ല. ഏതൊരു ഭരണഘടനയും വിശദീകരിക്കേണ്ടത് അതില്‍ അവഗാഹം നേടിയവര്‍ മാത്രമാണ്. എല്ലാ പൗരന്മാര്‍ക്കും അത് വിശദീകരിക്കാന്‍ ഒരുപോലെ അവകാശമില്ല… എന്നിങ്ങനെയുള്ള ന്യായങ്ങളിലൂടെ, ഖുര്‍ആന്‍ വ്യാഖ്യാനത്തിന് സുന്നത്തിനെയും ജമാഅത്തിനെയും മാനദണ്ഡമാക്കണമെന്ന മുസ്‌ലിം മുഖ്യധാരയുടെ വാദമാണ് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ എന്ന വിശേഷണത്തിന് അവരെ അര്‍ഹരാക്കിയത്.
സമുദായത്തില്‍ ഉടലെടുത്ത സര്‍വ്വ അവാന്തര പ്രസ്ഥാനങ്ങളുടെയും പ്രധാനായുധം ഖുര്‍ആനായിരുന്നു. അതിനവര്‍ സ്വന്തവും സ്വതന്ത്രവുമായ അര്‍ത്ഥം കല്‍പ്പിച്ചു. ഓരോരുത്തരും രൂപം കൊടുത്ത ആശയങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കുമനുസരിച്ച് ഖുര്‍ആനിക വചനങ്ങളെടുത്തു വ്യാഖ്യാനിച്ചു. സമുദായത്തിനു പുറത്തുള്ളവര്‍ പോലും അത് സമര്‍ത്ഥമായി ഉപയോഗപ്പെടുത്തി. അങ്ങനെയാണ് യേശു ക്രൂശിക്കപ്പെട്ടു എന്ന് (3:55) ക്രിസ്ത്യാനികളും മീര്‍സാഗുലാം അഹ്മദ് പ്രവാചകനാണെന്ന് (61:6) ഖാദിയാനികളും ‘ഖുര്‍ആന്‍’ ഓതി വാദിച്ചത്. ഖുര്‍ആന്‍ കൊണ്ടുള്ള ഇതേ കളിയാണ് അലിയാരുടെ കുടുംബത്തെ അതിമാനുഷരാക്കാന്‍ ശീഇസവും (32:33). സ്വഹാബികളെ ഇസ്‌ലാമില്‍ നിന്നു പുറത്തുപോയവരാക്കാന്‍ ഖവാരിജസവും (6:58) യുക്തിക്ക് അപ്രമാദിത്വം നല്‍കാന്‍ മുഅ്തസിലിസവും (4:82) അല്ലാഹുവിന് ശരീരാവയവങ്ങളുണ്ടെന്ന് പറയാന്‍ വഹാബിസവും (20:5) സര്‍ക്കാര്‍ ജോലി സ്വീകരിക്കാന്‍ പാടില്ലെന്ന് സ്ഥാപിക്കാന്‍ മൗദൂദിസവു(12:40)മെല്ലാം കളിച്ചത്.
സുന്നത്തിനെയും ജമാഅത്തിനെയും അവഗണിച്ചുകൊണ്ടുള്ള ഇത്തരം വ്യാഖ്യാനങ്ങള്‍ക്കെതിരെയാണ് മുസ്‌ലിം പൊതുധാരയായി അറിയപ്പെട്ട സുന്നികള്‍ രംഗപ്രവേശം ചെയ്തത്. ഖുര്‍ആനിന്റെ വാഹകനായ പ്രവാചകന്റെ നടപടിക്രമങ്ങളും അതിന്റെ നേരിട്ടുള്ള സംബോധിതരായ സ്വഹാബത്തിന്റെ വീക്ഷണവും അവരില്‍ നിന്ന് ദീന്‍ പഠിച്ച സലഫുസ്സ്വാലിഹുകളെയും അവഗണിച്ചുകൊണ്ട് ‘ഡിക്ഷണറി’ യുമായി ഖുര്‍ആന്‍ വ്യാഖ്യാനിക്കാന്‍ പാടില്ലെന്ന് സുന്നികള്‍ പറഞ്ഞു. അത്തരക്കാര്‍ ഖുര്‍ആനിനെ നിന്ദിക്കുന്നവരാണെന്നും സമുദായത്തിലെ ശൈഥില്യത്തിനു കാരണം അതാണെന്നും സുന്നികള്‍ സമര്‍ത്ഥിച്ചു. ഈ സമര്‍ത്ഥനങ്ങള്‍ക്കു മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നപ്പോഴാണ് നാഴികക്ക് നാല്‍പതു വട്ടം ‘ഖുര്‍ആനിലേക്ക്, സുന്നത്തിലേക്ക്’ എന്ന് വിളിച്ചുപറയുന്നവര്‍ പോലും ഞങ്ങളും അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ: ആണെന്നു വാദിക്കാന്‍ ശ്രമിച്ചത്. ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യത്തോട് ആത്മാര്‍ത്ഥതയും പ്രതിബദ്ധതയുമുണ്ടായിരുന്നെങ്കില്‍ അഹ്‌ലുല്‍ ഖുര്‍ആനി വസുന്നഃ (ഖുര്‍ആനിന്റെയും സുന്നത്തിന്റെയും ആളുകള്‍) എന്നായിരുന്നല്ലോ ഇവര്‍ സ്വയം വിശേഷിപ്പിക്കേണ്ടിയിരുന്നത്.

(മുഖ്യധാരയും വിഘടിത ചേരികളും: സ്വാദിഖ് ഫൈസി താനൂര്)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter