മൗലിദുകളുടെ അകപ്പൊരുളുകള്‍

മൗലിദ് എന്ന അറബി പദത്തിന്റെ ഭാഷാര്‍ത്ഥം ജനന സമയം, ജനിച്ച സ്ഥലം എന്നൊക്കെയാണ്. ജനങ്ങള്‍ സമ്മേളിച്ചുകൊണ്ട് ഖുര്‍ആനില്‍ നിന്നു എളുപ്പമായത് ഓതുക, അമ്പിയാഇന്റെ / ഔലിയാഇന്റെയോ ജനനവുമായി ബന്ധപ്പെട്ടുവന്ന ചരിത്രങ്ങള്‍ പറയുക, അവരുടെ ജീവിതത്തില്‍ നടന്ന സംഭവങ്ങള്‍ പറയുക, അവരെ പുകഴ്ത്തുക, ശേഷം ദരിദ്രര്‍ക്കു ഭക്ഷണം നല്‍കുക എന്നാണു മൗലിദിന്റെ സാങ്കേതികാര്‍ത്ഥം (ഇആനത്ത് 3/363).

മൗലിദാഘോഷവും അന്നദാനവുമെല്ലാം പുണ്യകര്‍മവും പ്രതിഫലാര്‍ഹവും സുന്നത്തുമാണ്. ഇമാം നവവി(റ) തന്റെ ഗുരു അബൂശാമ (റ), ഹാഫിള്, ഇബ്‌നു ഹജര്‍(റ), ഇമാം സുയൂത്വി(റ), ഇമാം ഇബ്‌നു ഹജ്ര്‍(റ) തുടങ്ങിയവരെല്ലാം ശാഫിഈ മദ്ഹബിലെ ഗ്രന്ഥങ്ങളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. നിരവധി പണ്ഡിതര്‍ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. (അല്‍ഹാവീ, 1/261, ശര്‍വാനി 7/425).


നിരവധി ഇമാമുകള്‍ മൗലീദ് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഹാഫിള് ഇബ്‌നു കസീര്‍(റ), ഹാഫിള് മുഹമ്മദുസ്സഖാഫി(റ) തുടങ്ങിയവ അവരില്‍ പ്രധാനികളാണ്. മൗലിദു ഗ്രന്ഥങ്ങള്‍ പുതിയ അനുഭൂതിയാണ്. ഗദ്യത്തോടൊപ്പം പദ്യവും കോര്‍ത്ത അനുഭവങ്ങള്‍. സാധാരണക്കാര്‍ക്കു ആത്മീയനിര്‍വൃതി പകരാന്‍ പ്രവാചകകീര്‍ത്തനങ്ങളുമായി അവരെ അടുപ്പിച്ചെടുക്കാന്‍ മൗലിദുകള്‍ ഏറെ ഉപകാരപ്പെടുന്നുണ്ട്.


പ്രവാചക കീര്‍ത്തനത്തിന്റെ ആരംഭം അന്വേഷിക്കുന്നവര്‍ക്ക് ചരിത്രത്തില്‍ ഏറെയേറെ പിന്നോട്ടുപോകേണ്ടിവരും. ഏറ്റവും പൗരാണികമായ കീര്‍ത്തനങ്ങളുടെ രചയിതാക്കളില്‍ പൂര്‍വ്വകാല നബിമാരും പണ്ഡിതരും മലക്കുകളും ഉള്‍പ്പെടുന്നു. നിശ്ചയം അല്ലാഹുവും അവന്റെ  മലക്കുകളും പ്രവാചകര്‍ക്കു സ്വലാത്തു നിര്‍വഹിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ നബി(സ)ക്കു സ്വലാത്തും സലാമും നിര്‍വഹിക്കണം എന്നു സാരം വരുന്ന സൂക്തത്തിലെ ‘സ്വലാത്ത്’ ഇമാം ബുഖാരി (റ) എടുത്തുദ്ധരിച്ച വ്യാഖ്യാനപ്രകാരം പ്രവാചകരുടെ അപദാനങ്ങളെ വാഴ്ത്തലാണ്.


ചരിത്രത്തില്‍ ഇന്നോളം മുസ്‌ലിം ലോകം മുഴുവന്‍ ഗദ്യ, പദ്യങ്ങളിലും വാ, വരമൊഴികളിലും ചിന്താകര്‍മ്മങ്ങളിലും പ്രവാചക കീര്‍ത്തനം നിര്‍വഹിച്ചു പോരുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു ലേഖനത്തിലൂടെയോ തടിച്ച പുസ്തകത്തിലൂടെയോ പ്രവാചക കീര്‍ത്തനകൃതികളെയെല്ലാം പരാമര്‍ശിച്ചു തീര്‍ക്കാന്‍ സാധ്യമല്ല. കേരളീയ മുസ്‌ലിംകളില്‍ ഏറ്റവുമധികം സ്വാധീനിച്ച ഏതാനും മൗലിദുഗ്രന്ഥങ്ങളെക്കുറിച്ചുള്ള ഹ്രസ്വ അന്വേഷണമാണിവിടെ ഉദ്ദേശിക്കുന്നത്.ഖസ്വീദത്തുല്‍ ബുര്‍ദ
എ.ഡി. 1213-1295ല്‍ ജീവിച്ച പ്രമുഖ പണ്ഡിതനും സാഹിത്യകാരനുമായ ഇമാം ബൂസ്വൂരി (റ)യുടെ രചനയാണു ബുര്‍ദ: എന്ന പ്രേമകാവ്യം. അനേകായിരം ഇസ്‌ലാമിക കാവ്യങ്ങളില്‍ കേരളീയരെ വളരെ കൂടുതല്‍ സ്വാധീനിച്ച ഗ്രന്ഥമാണ് ബുര്‍ദ. പുതപ്പ് എന്നാണു ഇതിന്റെ അര്‍ത്ഥം. നബി(സ) സ്വപ്നത്തിലൂടെ ഇമാം ബൂസ്വീരി(റ)ക്കു പുതപ്പു സമ്മാനിച്ചതുകൊണ്ടാണീ പേര്‍ വന്നതെന്നു ഖസ്വീദത്തുല്‍ ബുര്‍ദ:ക്കു വ്യാഖ്യാനമെഴുതിയ പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ രോഗശമനത്തിനു കാരണമായതിനാല്‍ രോഗശമനമെന്ന അര്‍ത്ഥമുള്ള ‘ബുര്‍ഉദ്ദാഅ്’ എന്ന നാമവും ഈ പ്രേമകാവ്യത്തിനുണ്ട്.

ഖസ്വീദത്തുല്‍ ബുര്‍ദ: രചിക്കാനുള്ള നിമിത്തം ഇമാം ബൂസ്വീരി (റ) തന്നെ വിവരിക്കുന്നു: ഒരിക്കല്‍ എനിക്കു വാത സംബന്ധമായ രോഗം അനുഭവപ്പെട്ടു. എന്റെ ശരീരം പാതി തളര്‍ന്നു. നബി(സ) തങ്ങളുടെ സ്തുതികീര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കവിതകള്‍ ചൊല്ലുക വഴി രോഗശമനമുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുകയും രചന നടത്തുകയും ചെയ്തു.

മദ്ഹു ഗാനങ്ങളുടെ ലഹരിയില്‍ ഞാന്‍ ഉറക്കത്തിന്റെ ലോകത്തേക്കു നീങ്ങി. മുത്തുനബി (സ)യെ ഞാന്‍ സ്വപ്നം കണ്ടു. എന്റെ കവിതകള്‍ വായിച്ചു കേള്‍പിച്ചു. അവിടുന്ന് തിരുഹസ്തങ്ങള്‍ കൊണ്ട് എന്റെ ശരീരത്തില്‍ തടവി. എന്തൊരു ആനന്ദം… ഞാന്‍ ഉണര്‍ന്നു. എനിക്കു അത്ഭുതം തോന്നി. ഒരു ഭാഗം പൂര്‍ണമായി തളര്‍ന്നുവീണ എന്റെ ശരീരം പൂര്‍ണമായി സംഖം പ്രാപിച്ചിരിക്കുന്നു. (ശര്‍ഹുല്‍ ബുര്‍ദ)
നൂറ്റിഅറുപത് വരികളുള്ള ബുര്‍ദ: വിഷയപരമായി ഒരേ ഒഴുക്കില്‍ പരന്നു കിടക്കുകയല്ല. മറിച്ച് അധ്യായങ്ങളും വിഷയക്രമങ്ങളും വേര്‍തിരിച്ചിട്ടുള്ളതാണ്. ബുര്‍ദയുടെ ഒന്നാം വരി മുതല്‍ പന്ത്രണ്ട് ഉള്‍പ്പെടെയുള്ള വരികളിലെ പ്രമേയം അനുരാഗപരമായ ആത്മ സംവേദനമാണ്. പതിമൂന്നു മുതല്‍ ഇരുപത്തിഎട്ടുവരെ വരികളില്‍ ആത്മവിമര്‍ശനമാണ് പ്രധാന പ്രതിപാദ്യം. പാപപങ്കിലമായ തന്റെ ആത്മസത്തയെ പഴിക്കുന്നു.

ഇരുപത്തി ഒമ്പതു മുതല്‍ അമ്പത്തെട്ടുവരെയുള്ള മുപ്പതു വരികള്‍ പ്രേമകഥാപാത്രമായ മുത്തുനബി (സ)ന്റെ അതുല്യവ്യക്തിത്വ പ്രകാശനങ്ങളാണ്. അമ്പത്തി ഒമ്പതു മുതല്‍ എഴുപത്തിഒന്നു വരെയുള്ള പതിമൂന്നു വരികള്‍ പ്രവാചകരുടെ ജനനസമയത്തുള്ള അത്ഭുതങ്ങള്‍ പ്രതിപാദിക്കുകയാണ്. എഴുപത്തിരണ്ടു മുതല്‍ എണ്‍പത്തി ഏഴുവരെ വരികളില്‍ പ്രവാചകരില്‍ നിന്നും പ്രകടമായ അമാനുഷിക സിദ്ധികളുടെ പ്രകാശനമാണ്. ഇതില്‍ 80,81 വരികളിലൂടെ ഇമാം ബൂസ്വീരി(റ) തന്റെ ആത്മാനുഭവം വിവരിക്കുകയാണ്.

എണ്‍പത്തി എട്ടു മുതല്‍ നൂറ്റി നാലു വരെയുള്ള കവിതകള്‍ നബി(സ)യുടെ ഏറ്റവും വലിയ മുഅ്ജിസത്തായ വിശുദ്ധ ഖുര്‍ആനിനെ കുറിച്ചുള്ളതാണ്. നൂറ്റി അഞ്ചു മുതല്‍ നൂറ്റിപ്പതിനേഴു വരെയുള്ള പതിമൂന്നു ഈരടികള്‍ ഇസ്‌റാഅ് മിഅ്‌റാജ് യാത്രയെ അനുസ്മരിക്കുന്നു. നൂറ്റിപ്പതിനെട്ടു മുതല്‍ നൂറ്റിമുപ്പത്തി ഒമ്പതു വരെ ഇസ്‌ലാമിന്റെ സവിശേഷമായ ധര്‍മസമരത്തെ പ്രതിപാദിക്കുന്നതാണ്. യുദ്ധമുഖത്തു നബി(സ) കാണിച്ച ധീരത ഇമാം ബൂസ്വീരി(റ) വരച്ചുകാട്ടുന്ന വരികള്‍ മനസ്സിനു കുളിരേകുന്നതാണ്.

നൂറ്റിനാല്‍പത് മുതല്‍ നൂറ്റിഅമ്പത്തി ഒന്നു വരെ ഇടത്തേട്ടമാണ്. നബിപുംഗവരുമായുള്ള ഇമാം ബൂസ്വീരി (റ)യുടെ സ്‌നേഹബന്ധത്തെ മുന്‍നിര്‍ത്തി മഹാന്‍ അല്ലാഹുവില്‍ നിന്നു പലതും പ്രതീക്ഷിക്കുന്നു. തനിക്കു മുഹമ്മദ് എന്ന വിശുദ്ധ നാമം ലഭിച്ചതുള്‍പ്പെടെ പല ബന്ധങ്ങളും കവി എടുത്തുപറയുകയും പ്രത്യാശാനിര്‍ഭരമായ മനസ്സ് തുറക്കുകയും ചെയ്യുന്നു.

നൂറ്റിഅമ്പത്തി രണ്ടു മുതല്‍ അവസാനം വരെ ”ഇരവ്” ഭാഗമാണ്. നബി(സ)യെ ഇടയാളനാക്കി, കവിത തന്റെ ആഗ്രഹങ്ങള്‍ റബ്ബിന്റെ മുമ്പില്‍ സമര്‍പ്പിക്കുന്നു. ബാഹ്യമായ അര്‍ത്ഥതലങ്ങള്‍ക്കപ്പുറം ആന്തരികമായ ജ്ഞാനപ്പൊരുള്‍ നിറഞ്ഞതാണ് ബുര്‍ദമഹാകാവ്യം. നൂറ്റിഅറുപതു വരികളെക്കാള്‍ കൂടുതല്‍ ചില മൗലിദു കിതാബുകളില്‍ കാണുന്നുണ്ടെങ്കിലും കൂടുതലുള്ളത് ബുര്‍ദ:യുടെ ഭാഗമല്ല. ‘മാറന്നഹത്ത് അദബാതില്‍ബാനി…’ എന്ന വരിയാണ് ബുര്‍ദയുടെ അവസാനം. അതാണു നൂറ്റിഅറുപതാമത്തെ വരി. മറ്റു വരികള്‍ ബൂസ്വീരി(റ)യുടെ രചനയല്ല.

മന്‍ഖൂസ് മൗലിദ്
അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം ഗസ്സാലി(റ) രചിച്ച ‘സുബ്ഹാന്’ മൗലിദു ചുരുക്കിയതാണു  മന്‍ഖൂസ് മൗലിദ്. വലിയ സൈനുദ്ദീന്‍ മഖ്ദൂമാണ് രചയിതാവ്. രണ്ടാം മഖ്ദൂമാണെന്നും അഭിപ്രായമുണ്ട്.
പൊന്നാനിയിലും പരിസരത്തും വബാഅ് (പ്ലേഗ്) രോഗം വ്യാപിക്കുകയും അതുമൂലം നിരവധി പേര്‍ മരണപ്പെടുകയും ചെയ്തപ്പോള്‍ ശൈഖു മഖ്ദൂം അതിനു പരിഹാരമായി ഔഷധമായി രചിച്ചതാണ് മന്‍ഖൂസ് മൗലിദ്. അതു പാരായണം ചെയ്യാന്‍ ജനങ്ങളോട് മഖ്ദൂം ആവശ്യപ്പെട്ടു. ജനം അതു സ്വീകരിച്ചു. രോഗം അപ്രത്യക്ഷമായി. മന്‍ഖൂസ് മൗലിദിലെ പ്രാര്‍ത്ഥനയിലുള്ള ‘ഹാദസ്സുമ്മന്നാഖിഅ്’ കൊണ്ടു വബാഉ രോഗമാണുദ്ദേശ്യം.
വിമര്‍ശകര്‍ വളരെ കൂടുതല്‍ കടന്നുപിടിക്കുന്ന മൗലിദാണു മന്‍ഖൂസ്. ഇതില്‍ ശിര്‍ക്കുവരെ അവര്‍ ആരോപിക്കുന്നു. മതപരമായ അജ്ഞതയാണു അരോപണത്തിനു കാരണം. അടക്കാനാവാത്ത പ്രവാചക പ്രേമത്തിന്റെ ശക്തമായ കുത്തൊഴുക്കില്‍ മുത്തുനബിയോട് പാപമോചനത്തിനായി മഖ്ദൂം(റ) ഇസ്തിസ്ഫാഅ് നടത്തുന്ന സുന്ദര കാഴ്ച മന്‍ഖൂസ് മൗലിദിലെ ഈരടികളില്‍ കാണാം. സുന്നത്തായ ‘ഇസ്തിസ്ഫാഇ’നെ (ശുപാര്‍ശ ആവശ്യപ്പെടല്‍) ശിര്‍ക്കിന്റെ പട്ടികയില്‍പ്പെടുത്തുന്ന വഹാബികള്‍ തൗഹീദും ശിര്‍ക്കും ആദ്യം പഠിക്കട്ടെ. കേരളീയ പണ്ഡിതന്‍ ശൈഖ് മഖ്ദൂമിന്റെ രചനയായതിനാലാവണം മന്‍ഖൂസ് മൗലിദ് കേരളത്തില്‍ കൂടുതല്‍ പ്രസിദ്ധിയാര്‍ജ്ജിക്കാന്‍ കാരണം.

ശര്‍റഫല്‍ അനാം
വിശ്വപ്രസിദ്ധമാണു ശര്‍റഫല്‍ അനാം മൗലിദ്. വിശ്വാസിയുടെ മനസ്സിലും ചുണ്ടിലും അതിന്റെ ഈരടികള്‍ എപ്പോഴും തങ്ങിനില്‍ക്കും. അശൈഖു അഹ്മദുബ്‌നു ഖാസിം അല്‍മാലികി(റ)യാണു രചയിതാവ്. ഇബ്‌നു ജൗസി(റ)യാണെന്നു അഭിപ്രായമുണ്ട്. (ഫത്ഹുസ്സ്വമദ്).
മുത്തുനബി (സ)യുടെ വിശേഷണങ്ങള്‍ എടുത്തുപറഞ്ഞും ആലങ്കാരിക പ്രയോഗം നടത്തിയും മദീനയിലേക്കു ‘സലാം’ പറഞ്ഞയക്കുന്ന ‘ശര്‍റഫല്‍ അനാമി’ ലെ ‘സലാം ബൈത്ത്’ വിശ്വാസിയുടെ മനസ്സിനെ പുളകിതമാക്കുന്നു.
ശര്‍റഫല്‍ അനാമിലെ ‘അല്‍ഹംദുലില്ലാ ഹില്ലദീ അഅ്ത്വാനി…’ എന്ന ഈരടി പ്രവാചകര്‍ ജനിച്ച ഉടനെ ചോരപ്പൈതലിനെ കൈയ്യിലെടുത്ത് കഅ്ബയിലെത്തി ഉപ്പാപ്പ അബ്ദുല്‍മുത്തലിബ് പാടിയതാണ്. പ്രവാചക പുംഗവരുടെ ജനനാനന്തരം ഭൂമിയിലുയര്‍ന്ന ആദ്യത്തെ കീര്‍ത്തനം ഇതായിരിക്കും.
‘ശര്‍റഫല്‍ അനാമി’ല്‍ തന്നെ അങ്ങ് ഖുര്‍ആനില്‍ പേരു പറയപ്പെട്ട വ്യക്തിയാണ് എന്നര്‍ത്ഥം കുറിക്കുന്ന വരി അബ്ദുല്‍മുത്തലിബ് പാടിയതെങ്ങനെ? അന്നു ഖുര്‍ആനില്ലല്ലോ എന്നു വിമര്‍ശകര്‍ ചോദിക്കാറുണ്ട്. ഖുര്‍ആന്‍ എന്ന വാക്കിനു ‘മുന്‍കാല വേദഗ്രന്ഥങ്ങള്‍’ എന്നാണിവിടെ അര്‍ത്ഥം. ഖുര്‍ആന്‍ എന്ന വാക്കിനു പ്രസ്തുത അര്‍ത്ഥം വിശുദ്ധ ഖുര്‍ആനില്‍ തന്നെ (15/91) കാണാം. മൗലിദിലെ പ്രസ്തുത വരി അബ്ദുല്‍ മുത്തലിബ് പാടിയതല്ല, അദ്ദേഹത്തിന്റെ വാക്കുകള്‍ക്കു പൂരകമായി മറ്റൊരാള്‍ പാടിയതാണെന്നും അഭിപ്രായമുണ്ട്.  ഫത്ഹുസ്സമദ്, ബുലൂഗുല്‍ മറാം എന്നിവ നോക്കുക.
രാജകീയ പ്രൗഢിയോടെ, വളരെ വിപുലമായ മൗലിദു പരിപാടിക്കു തുടക്കംകുറിച്ച വ്യക്തിയാണ് മുളഫ്ഫര്‍ രാജാവ്. തഖ്‌വയിലധിഷ്ഠിതമായ ജീവിതം നയിച്ച ഉന്നത വ്യക്തിത്വത്തിന്റെ ഉടമയാണ് മുളഫ്ഫര്‍ രാജാവ്. ഇക്കാര്യം ഇബ്‌നുഖല്ലിഖാന്‍ വഫയാത്തുല്‍ അഅ്‌യാനിലും   ഹാഫിള് ഇബ്‌നുകസീര്‍(റ) ‘അല്‍ബിദായത്തുവന്നിഹായ’യിലും ഇമാം സുയൂത്വി(റ) അല്‍ഹാവിയിലും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്.
മുളഫ്ഫര്‍ രാജാവിന്റെ മൗലിദു പരിപാടിയില്‍ 5000 ആടുകളെയും 10,000 കോഴികളെയും 100 കുതിരകളെയും മറ്റും അറുത്തതായും വിവിധ നാടുകളില്‍ നിന്ന് ഒട്ടനവധി മഹല്‍വ്യക്തിത്വങ്ങള്‍ പങ്കെടുത്തതായും, ഇതിന്നായി അദ്ദേഹം ഓരോ വര്‍ഷവും മൂന്നു ലക്ഷം ദീനാര്‍ നീക്കിവെച്ചിരുന്നതും, അന്നത്തെ പണ്ഡിതര്‍ ഇതംഗീകരിച്ചതും ചരിത്രത്തില്‍ കാണാം (അല്‍ഹാവി: 1/196).
ചുരുക്കത്തില്‍, മൗലിദു പാരായണവും അന്നദാനവുമെല്ലാം സദാചാരവും സുന്നത്തുമാണ്. സുന്നത്തും ബിദ്അത്തും എന്താണെന്നു പഠിപ്പിച്ചു തന്നവരാണ് ഇക്കാര്യം വിശദീകരിച്ചത്. അതുകൊണ്ടുതന്നെ മൗലിദു കഴിക്കല്‍ നിരോധിക്കപ്പെട്ട ബിദ്അത്താണെന്നു വഹാബികള്‍ പറയരുത്. ഏറ്റവും ചുരുങ്ങിയത് സ്വന്തം ജഹാലത്തെങ്കിലും തിരിച്ചറിയാന്‍ കഴിയണം. പ്രവാചകപ്രേമികളെ സ്‌നേഹിക്കാനും അതു മൂലം മുത്തുനബി (സ)യുടെ സ്‌നേഹം കരസ്ഥമാക്കാനും നാഥന്‍ തൗഫീഖു നല്‍കട്ടെ,

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter