മരണാനന്തര ജീവിതം
അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും സൂര്യന്‍, ചന്ദ്രന്‍, കോടാനുകോടി നക്ഷത്രങ്ങള്‍ തുടങ്ങിയവയെയും ആറു ദിവസം കൊണ്ട് സൃഷ്ടിച്ചു. പിന്നീട് ഭൂമിയെ മനുഷ്യര്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളെ കൊണ്ടു നിറച്ചു. അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചിട്ടുള്ളതു തന്നെ അവന്ന് ഇബാദത്ത് ചെയ്യാനായിട്ടാണ് എന്നു പ്രത്യേകമായി ഉണര്‍ത്തുകയും ചെയ്തു.
ജീവന്‍ ഉദ്ഭവിച്ചതു ജലത്തില്‍ നിന്നാണെന്നും മനുഷ്യരെ സൃഷ്ടിച്ചതു മണ്ണില്‍ നിന്നാണെന്നും അദൃശ്യ സൃഷ്ടികളായ മലക്കുകളെ പ്രാകാശത്തില്‍ നിന്നാണെന്നും അല്ലാഹു നമുക്ക് അറിവ് നല്‍കിയിട്ടുണ്ട്. ആദിമ മനുഷ്യര്‍ ആദം നബി(അ)യും ഹവ്വാബീവി(റ)യും ആണല്ലോ. ക്രമേണ സന്താനോല്‍പാദനത്തിലൂടെ ജനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു ഇന്നത്തെ നിലയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.
നാം അധിവസിച്ചുകൊണ്ടിരിക്കുന്ന ഈ ലോകം കേവലം നശ്വരമാണെന്നും ഇഹലോകജീവിതത്തിനു ശേഷം അനശ്വരമായ പരലോക ജീവിതം ഉണ്ടെന്നും ഇഹലോകജീവിതം പ്രവര്‍ത്തനത്തിന്റെയും പരലോക ജീവിതം പ്രതിഫലത്തിന്റെയും ആണെന്നും പരലോകത്തില്‍ സ്വര്‍ഗം എന്നും നരകം എന്നും ശാശ്വതമായ സങ്കേതങ്ങളുണ്ടെന്നും ഇഹലോകത്തില്‍ അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിച്ച് സന്‍മാര്‍ഗികളായി ജീവിച്ച് ഈമാനോടെ മരിക്കുന്നവര്‍ക്ക് സ്വര്‍ഗവും കല്‍പനകള്‍ നിഷേധിച്ചു സത്യനിഷേധികളായി ജീവിച്ച് ഈമാനില്ലാതെ മരിക്കുന്നവര്‍ക്ക് നരകവും ആയിരിക്കും പ്രതിഫലമായി ലഭിക്കുകയെന്നുമാണ് ഇസ്‌ലാമിക ആദര്‍ശങ്ങളിലെ സുപ്രധാനമായ ഒരു കാര്യം. ഇഹലോകത്തുള്ളപ്പോള്‍ സന്‍മാര്‍ഗജീവിതം നയിക്കാനുള്ള ഒരു ഉദ്‌ബോധനവും കൂടി ഇതിലടങ്ങിയിട്ടുണ്ട്.
മരണം: റൂഹ് ആലമുല്‍ ബര്‍സഖിലും ദേഹം ഖബറിലും
ജനിച്ചവരെല്ലാം മരിക്കുന്നതാണ് നമുക്ക് അദൃശ്യമായ ‘ലൗഹുല്‍ മഹ്ഫൂള്’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതനുസരിച്ച് ‘അസ്‌റാഈല്‍'(അ)ഉം കൂട്ടരും ഒരു നിമിഷം പോലും പിന്തിക്കുകയോ മുന്തിക്കുകയോ ചെയ്യാതെ ‘റൂഹ് പിടിക്കുക’ എന്ന തങ്ങളുടെ കര്‍ത്തവ്യം പരിപൂര്‍ണമായും നിറവേറ്റിക്കൊണ്ടിരിക്കുന്നു.
പിന്നെ അവര്‍ ആ റൂഹുകളുമായി ആയിരക്കണക്കിന് വര്‍ഷങ്ങള്‍ അകലെയുള്ള ആകാശേത്തക്ക് ഉയര്‍ന്നു അല്ലാഹുവിന്റെ തിരു സന്നിധാനത്തില്‍ എത്തുകയും അനന്തരം സത്യവിശ്വാസികളുടെ റൂഹിനെ ആലമുല്‍ ബര്‍സഖിലെ ‘ഇല്ലിയ്യീന്‍’ എന്ന ഭാഗത്തും നിഷേധികളുടെ റൂഹിനെ ‘സിജ്ജീല്‍’ എന്ന ഭാഗത്തും എത്തിക്കുകയും ചെയ്യുന്നു. ബര്‍സഖില്‍ റൂഹ് ശരീരത്തിന്റെ മാധ്യമമില്ലാതെ അവിടെ ലഭിക്കുന്നതു സന്തോഷമാണെങ്കില്‍ അതും ദുഃഖമാണെങ്കില്‍ അതും അനുഭവിച്ചുകൊണ്ട് ‘അന്ത്യനാള്‍’ വരെ സ്ഥിതിചെയ്യുന്നു. ബര്‍സഖില്‍നിന്നു ഭൂമിയിലേക്കു നോക്കുമ്പോള്‍ അതൊരു ജയിലറ പോലെ കുടുസ്സായി തോന്നുന്നതാണ്.
ഇനി നമുക്ക് ദേഹത്തിന്റെ കാര്യം നോക്കാം. മയ്യിത്തിന്റെ ഇസ്‌ലാം അനുശാസിക്കുന്ന തരത്തില്‍ കര്‍മങ്ങള്‍ എല്ലാം നിറവേറ്റി (എന്നാല്‍ ചില പുത്തന്‍ ആശയക്കാര്‍ നിറവേറ്റാതെയും) ഖബര്‍സ്ഥാനില്‍ കൊണ്ടുപോയി ഖബറടക്കം ചെയ്യുന്നു. അവിടെ മുന്‍കര്‍, നകീര്‍ (അ) എന്നീ മലക്കുകള്‍ പ്രത്യക്ഷപ്പെട്ടു മയ്യിത്തിനെ ദീനീപരമായ ചില കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്യുന്നു. ഈമാനോടെ മരിച്ച സത്യവിശ്വാസികള്‍ ആ ചോദ്യങ്ങള്‍ക്കെല്ലാം ശരിയായ മറുപടി അനായാസേന നല്‍കുന്നു. അതോടെ അവരുടെ ഖബറുകള്‍ വിശാലവും വെളിച്ചവുമുള്ള പൂങ്കാവനമായിത്തീരുന്നു. എന്നാല്‍, ഈമാനില്ലാതെ മരിച്ച സത്യനിഷേധിയാണെങ്കില്‍ അതിനു മലക്കുകളുടെ ചോദ്യങ്ങള്‍ക്കു ഉത്തരം പറയാന്‍ കഴിയില്ല. അതോടെ അവരുടെ ഖബറുകള്‍ ഇരുളടഞ്ഞു കുടുസ്സായിത്തീരുകയും അവര്‍ ഖബര്‍ ശിക്ഷകള്‍ക്കു വിധേയമായിത്തീരുകയും ചെയ്യുന്നു. അങ്ങനെ ആ ശരീരങ്ങള്‍ ഖിയാമത്ത് നാള്‍ വരെ ഖബറുകളില്‍ സ്ഥിതിചെയ്യുന്നു.
മരണപ്പെട്ടവരുടെ പരലോക മോക്ഷത്തിനു വേണ്ടി മറ്റുള്ളവര്‍ ചെയ്യുന്ന സല്‍കര്‍മങ്ങളും ദുആകളും അവര്‍ അര്‍ഹിക്കുന്ന പക്ഷം അവര്‍ക്കു കിട്ടുന്നതാണ്. നാം മയ്യിത്ത് നിസ്‌കരിക്കുന്നത് തന്നെ അവരുടെ മഗ്ഫിറത്തിന് വേണ്ടിയാണല്ലോ.
മാതാപിതാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ അല്ലാഹു ഉപദേശിക്കുന്നു: ”എന്റെ റബ്ബേ, എന്നെ ചെറുപ്പത്തില്‍ പോറ്റിവളര്‍ത്തിയതു പോലെ അവരോടും (മാതാപിതാക്കളോടും) നീ കരുണ കാണിക്കേണമേ.” (ഖുര്‍ആന്‍ 17:24)
അല്ലാഹു ഉപദേശിക്കുന്നു: ”ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ക്കു മാപ്പു തരേണമേ, ഞങ്ങള്‍ക്കു മുമ്പ് സത്യവിശ്വാസം സ്വീകരിച്ചു കഴിഞ്ഞ ഞങ്ങളുടെ സഹോദരന്‍മാര്‍ക്കും മാപ്പു തരേണമേ.” (വി.ഖുര്‍ആന്‍ 59:10)
അല്ലാഹു ഉപദേശിക്കുന്ന പ്രാര്‍ത്ഥന, ‘എന്റെ റബ്ബേ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും എന്റെ വീട്ടില്‍ പ്രവേശിക്കുന്നവര്‍ക്കും എല്ലാ സത്യവിശ്വാസികള്‍ക്കും വിശ്വാസിനികള്‍ക്കും നീ മാപ്പ് അരുളേണമേ.’ (വി.ഖുര്‍ആന്‍ 71:28)
മരിച്ചവര്‍ക്കു വേണ്ടി യാതൊന്നും ചെയ്യേണ്ടതില്ലാ എന്നു പറയുന്ന പുത്തന്‍ ആശയക്കാര്‍ക്ക് അവരുടെ കാപട്യവും തെറ്റുകളും മനസ്സിലാക്കി തിരുത്തുവാന്‍ ഈ ആയത്തുകള്‍ പോരേ? ഇവിടെ ഒന്നു മനസ്സിലാക്കേണ്ടതു മുകളില്‍ പറഞ്ഞിട്ടുള്ളതു പോലെ ഈ ദുആകളുടെയും മറ്റു സല്‍കര്‍മങ്ങളുടെയും പ്രയോജനം ലഭിക്കുന്നത് അവര്‍ സത്യവിശ്വാസികളാണെങ്കിലാണ്. സത്യനിഷേധികളാണെങ്കില്‍ കിട്ടുകയില്ല.
Leave A Comment