അല്‍രിസാലതുൽ ഖുശൈരിയ്യ: ആധ്യാത്മിക വിദ്യയുടെ മൂല രേഖ

സൂഫിസത്തെയും അതിന്റെ നിഗൂഢ അനുഭവങ്ങളെയും ഉൾക്കൊള്ളിക്കുന്ന ഒരു സംക്ഷിപ്ത ലേഖന സമാഹാരമാണ് അർരിസാലതുൽ ഖുശൈരിയ്യ. ആധ്യാത്മിക ദർശനത്തിന്റെ പ്രധാന രചനയായ ഇഹ്‌യാ ഉലൂമിദ്ദീൻറെ പ്രധാന രേഖാ രൂപം കൂടിയാണ് അർരിസാലതുൽ ഖുശൈരിയ്യ. തന്റെ ശൈഖ് ഇമാം ഇബ്നു ഫൗറഖിൽനിന്ന് പ്രചോദനം കൊണ്ടാണ്  ഇമാം ഖുശൈരി ഈ ഗ്രന്ഥം രചിച്ചത്. 

അബ്ദുൽ ഖാസിം അബ്ദുൽ കരീം ബിൻ ഹവാസിന്‍ അബ്ദുല്‍ മാലിക് ബിൻ ത്വൽഹത് അൽഖുശൈരി അന്നൈസാബൂരി എന്നാണ് അദ്ദേഹത്തിന്റെ പൂര്‍ണ്ണനാമം. അൽഖുശൈരി എന്ന സംബന്ധിക നാമം ഖുശൈർ ബിൻ ഖഅ്ബിലേക്ക് ചേർത്താണ് പറയുന്നത്. സൈനുൽ ഇസ്‍ലാം എന്ന അപരനാമത്തിലാണ് അദ്ദേഹം അറിയപ്പെടുന്നത്. പിതാവ് ബനൂ ഖുശൈര് ഗോത്രക്കാരനും മാതാവ് ബനുസുലൈം  ഗോത്രക്കാരിയുമാണ്. 

ജീവിതം
ഇന്നത്തെ ഇറാനിലെ ഖുറാസാനിലെ നൈസാബൂരിൽ ഹിജ്റ 376 ലായിരുന്നു  ജനനം. ചെറുപ്പത്തിൽ പല പ്രയാസങ്ങളാലും മഹാനവർകൾ പരീക്ഷിക്കപ്പെട്ടു. ചെറുപ്പത്തിൽ തന്നെ പിതാവ് മരണപ്പെട്ടതിനാൽ അനാഥനായ ഖുശൈരി ഉമ്മയുടെ പരിപാലനത്തിലും സംരക്ഷണത്തിലുമായാണ് വളര്‍ന്നത്.

പിതാവിൻ്റെ വിയോഗാനന്തരം സ്വദേശമായ ഉസ്തുവിൽ തുടർന്ന് അവിടുന്ന് തന്നെ അറബി വ്യാകരണവും സാഹിത്യവും പഠിച്ചു. ഉസ്തുവ ഗ്രാമത്തിൽ നിവാസികൾ നികുതി തൊഴിലാളികളുടെ അക്രമത്തിൽ ബുദ്ധിമുട്ടിയതിനാൽ ഖുശൈരി ഗണിതശാസ്ത്രം പഠിക്കാൻ നിർബന്ധിതനായി.  ഗ്രാമത്തില്‍ ഗണിതശാസ്ത്ര പ്രാവീണ്യർ കുറവായിരുന്നതിനാൽ അദ്ദേഹം അതിനായി നൈസാബൂരിലേക്ക് യാത്രതിരിച്ചു. പക്ഷേ അവിടെയെത്തിയ അദ്ദേഹം, പല പണ്ഡിതരെയും കണ്ട് തഫ്സീറിലും ഹദീസിലും ഫിഖ്ഹിലുമാണ് അവഗാഹം നേടിയത്. അബൂ ഇസ്ഹാഖ് ഇസ്ഫറായിനി, അബൂബക്കർ മുഹമ്മദ് അത്തൂസി, അബൂഅബ്ദുറഹ്മാൻ  സുലമി തുടങ്ങിയവർ ഗുരുവര്യരിൽ  പ്രധാനികളാണ് .

വിജ്ഞാന വീഥിയിൽ ഉലകം ചുറ്റിയ മഹാൻ നിരവധി പണ്ഡിതരുടെ ശിഷ്യത്വം സ്വീകരിച്ചിട്ടുണ്ടെങ്കിലും മഹാനവർകളെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് ദിവ്യാനുരാഗത്തിന്റെ പരമോന്നത പന്ഥാവിലേക്ക് കൈപിടിച്ചുയർത്തിയ അബൂ അലി അദ്ദഖാഖ് തന്നെയാണ്. മഹാനവർകൾ ഗുരുനാഥനെ സമീപിച്ചത് നോമ്പുകാരനായും അംഗസ്നാനം ചെയ്തുമായിരുന്നു. തന്റെ ഗുരുനാഥന്റെ സദുപദേശമായിരുന്നു വൈജ്ഞാനിക രംഗത്ത്  നിന്ന് മാറ്റി ചിന്തിപ്പിച്ചത്. ശിഷ്യനുമായുള്ള  അഭേദ്യമായ സമീപത്തിലും സഹവാസത്തിലും സംതൃപ്തനായ ഉസ്താദ് തന്റെ മകളെ ശിഷ്യന് വിവാഹം ചെയ്തു കൊടുത്തു.

മറ്റു സൂഫി പണ്ഡിതന്മാരെ പോലെത്തന്നെ മഹാനവർകൾ ഒരുപാട് യാത്രകളും തീർത്ഥാടനങ്ങളും നടത്തി. ഖുറാസാനിലെ രാഷ്ട്രീയ കീഴ് വഴക്കങ്ങളാണ് പാലായനത്തിനും തുടർപഠനത്തിനും അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഖുശൈരിയുടെ യൗവനകാലത്ത് അവിടെ സൽജൂഖ് ഭരണാധികാരി അൽപ് അർസലാൻ ആയിരുന്നു.  അദ്ദേഹത്തിൻറെ മന്ത്രി കുന്ദൂരി പണ്ഡിതരുമായി നല്ല സമീപനമായിരുന്നില്ല പുലർത്തിയിരുന്നത്. 

ഒരുപാട് കാലത്തെ യാത്രകൾക്ക് ശേഷം അദ്ദേഹം സ്വദേശത്തേക്ക് തിരിച്ചെത്തി. അന്നത്തെ ഭരണാധികാരിയുടെ ബഹുമാനവും സമീപനവുമാണ് അദ്ദേഹത്തെ തിരിച്ചുവരാൻ  പ്രേരിപ്പിച്ചത്. ഹിജ്റ 465 റബീഉൽ അവ്വല്‍, ക്രിസ്തബ്ദം 1172 ഞായറാഴ്ച രാവിലെ അദ്ദേഹം സ്രഷ്ടാവിന് ഉത്തരം നൽകി ഇഹലോകവാസം വെടിഞ്ഞു. മഹാനവർകൾ തന്റെ ഗുരുവിന്റെ ചാരത്ത് ഇന്നും അശരണർക്ക് ആശാകേന്ദ്രമായി നിലകൊള്ളുന്നു.

രചനാലോകം
ഖുർആൻ വ്യാഖ്യാതാവ്, ദൈവശാസ്ത്ര പണ്ഡിതന്‍,  കവി എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ഇമാം ഖുശൈരി. അദ്ദേഹം രചിച്ച ലത്വാഇഫുൽ ഇഷാറാത്, അതൈസീറുഫിത്തഫ്സീർ എന്നിവ സൂഫീ തഫ്സീറുകളിൽ ഗണിക്കപ്പെടുന്നവയാണ്. തർത്തീബുസ്സുലൂക്, അതൗഹീദുന്നബവി, കിത്താബ് ഹയാത്തിൽഅർവാഹ് തുടങ്ങിയവ ഖുശൈരിയുടെ സൂഫി രചനകളിലെ പ്രശസ്ത ഗ്രന്ഥങ്ങളാണ്. ഏകദേശം 17 രചനകൾ സമൂഹത്തിന് സമക്ഷം സമർപ്പിചാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്.

അർരിസാലതുൽ ഖുശൈരിയ്യ

ഇലാഹി പ്രേമത്തിൽ സർവ്വസ്വവും സമർപ്പിച്ച സത്യദൂതർക്കും അവിടത്തെ പാദ മുദ്രകൾ അക്ഷരംപ്രതി അനുധാവനം ചെയ്ത് ആത്മീയതയുടെ ആഴിയിൽ മുങ്ങിതപ്പി നക്ഷത്ര തുല്യരായ സ്വഹാബത്തിനും ശേഷം ഖുശൈരിയുടെ കാലമായപ്പോഴേക്കും ഇസ്‍ലാമിൻറെ അന്തസത്തക്ക് മൂല്യച്ചുതി സംഭവിച്ചിരുന്നു. സൂഫിസത്തെയും അതിന്റെ ഉൽകൃഷ്ട മൂല്യങ്ങളെയും ആത്മജ്ഞാനികളെയും തകർത്തെറിയുന്ന കാലത്തായിരുന്നു ഖുശൈരിയുടെ സൂഫി ദർശനവും ജീവിതവും. അദ്ധ്യാത്മികതയിൽ ആനന്ദം കണ്ടെത്തിയവരുടെ ജീവിതം സമൂഹത്തിനുമുന്നിൽ അദ്ദേഹം ചിത്രീകരിച്ചു. ഈയൊരു പശ്ചാത്തലമായിരുന്നു രിസാലയുടെ രചനക്ക് കാരണമായത്.

ദിവ്യാനുരാഗത്തിന്റെ അകപ്പൊരുളുകൾ സുഗ്രാഹ്യമാം വിധം സവിസ്തരം പ്രതിപാദിക്കുന്ന ബൃഹത്തായ ഒരു രീതിയാണ് ഇമാം ഖുശൈരി സ്വീകരിച്ചത്. തസ്വവ്വുഫിലെ പദാവലികൾക്കും തത്ത്വസംഹിതകൾക്കും ഉറച്ച ഘടന നൽകുക, സൂഫീ വിശ്വാസാചാരങ്ങള്‍ ശരീഅത്തിന്റെ  മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് തെളിയിക്കുക, സൂഫികളുടെ വിശ്വാസപ്രമാണങ്ങൾ സമൂഹത്തിനുമുന്നിൽ അവതരിപ്പിക്കുക തുടങ്ങിയവയായിരുന്നു രിസാലയുടെ പ്രധാന ലക്ഷ്യം. സൂഫിസത്തെ പഠിക്കുന്നവർക്ക് ഒഴിച്ചുകൂടാൻ ആവാത്ത കൃതിയാണ് ഖുശൈരിയുടെ രിസാല.

രണ്ടു ഭാഗങ്ങളിലായി വിരചിതമായ ഗ്രന്ഥത്തിന്റെ ആദ്യഭാഗം പൂർവ്വസൂരികളായ സൂഫികളുടെ ജീവചരിത്രമാണ് ഉൾക്കൊള്ളുന്നത്. 80 ഓളം സൂഫികളുടെ ജീവചരിത്രം ഇതിൽ ഉൾപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. ഹിജ്റ രണ്ടാം നൂറ്റാണ്ടിലെ ഇബ്രാഹിം ബിൻ അദ്ഹം മുതൽ നാലാം നൂറ്റാണ്ടിലെ പ്രസിദ്ധനായ സൂഫിവര്യൻ റുദ്ബിരിയുടെ ജീവചരിത്രം വരെ വിശദമായി വിവരിച്ചു കൊണ്ടാണ് ഒന്നാം ഭാഗം അവസാനിക്കുന്നത്. തസവ്വൂഫിലെ സാങ്കേതിക പദങ്ങളും തത്വ സംഹിതകളും  അടങ്ങിയതാണ് രിസാലയുടെ രണ്ടാം ഭാഗം. പരിശുദ്ധ ഖുർആനും ഹദീസും ചരിത്രവും ഇതിൽ തെളിവുകളായി ഉൾപ്പെടുത്തിയത് സൂഫി വിശ്വാസ ആചാരങ്ങൾ ശരിയത്തുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് വായനക്കാരെ പെട്ടെന്ന് ബോധിപ്പിക്കുന്നതിൽ സഹായകമായിട്ടുണ്ട്.

ഒരു മുഖവുരയും നാല് ഫസ്വലും അടങ്ങുന്നതാണ് രിസാല. വിഖ്യാതമായ ഇഹ്‌യാഉ ഉലൂമുദ്ദീൻ, അൽഹികമിൻ്റെ വ്യാഖ്യാനങ്ങൾ തുടങ്ങി പിൽക്കാലത്ത് വന്ന സൂഫി കൃതികളിൽ രിസാലയുടെ ഉദ്ധരണികൾ പ്രകടമാണ് എന്നത് തന്നെ രിസാലയുടെ പ്രശസ്തിയും പ്രസക്തിയും പ്രകടമാകുന്നു. താജുസ്സുബ്കി തന്റെ മുഈദുന്നിഅം വ മുബീദുന്നിഖം (معيد النعم ومبيد النقم) എന്ന ഗ്രന്ഥത്തിൽ ഖുശൈരിയുടെ രിസാലയെ അശ്അരി സരണയിലെ പ്രധാന തത്വസംഹിതയായി എണ്ണിയതും ഇതിന്റെ സ്വീകാര്യതയെ കൂടുതൽ അർത്ഥവത്താക്കുന്നുണ്ട്.

വ്യാഖ്യാനങ്ങളും പരിഭാഷകളും

ഖുശൈരി ഇമാമിന്റെ രിസാല പല ഭാഷകളിലും പരിഭാഷ ചെയ്യപ്പെടുകയും വ്യാഖ്യാനങ്ങൾ രചിക്കപ്പെടുകയും ചെയ്ത കൃതിയാണ്. ശാഫിഈ കർമശാസ്ത്രത്തിലെ അഗ്രഗണ്യൻ അബൂ സക്കരിയ അൽഅൻസാരി, أحكام الدلالات على تحرير الرسالة എന്ന പേരിൽ ഇതിന്റെ ഒരു ശറഹ് രചിച്ചിട്ടുണ്ട്. വിശ്രുത ഹനഫി പണ്ഡിതനായ മുല്ല അലി അൽഖാരിയും രിസാലക്ക് വ്യാഖ്യാനം രചിച്ചിട്ടുണ്ട്. 

Sufi books of spiritual ascent എന്ന പേരിൽ റാബിയ ഹാരിസ്, Al qushayri’s epistle of Sufism എന്ന പേരിൽ അലക്സാണ്ടർ ഡി കനിഷ് എന്നിവർ ഇംഗ്ലീഷ് പരിഭാഷകൾ നടത്തിയിട്ടുണ്ട്. കൂടാതെ ഉറുദുവിൽ റൂഹെ തസവ്വുഫ് എന്ന പേരിൽ മൗലാന മുഹമ്മദ് ഇർഫാൻ, ജർമനിയിൽ റിച്ചാർഡ് ഗ്രാംലിച്ച് എന്നിവരും ഖുശൈരിയുടെ രിസാലക്ക് പരിഭാഷ എഴുതിയവരാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter