റൂമിയുടെ സ്‌നേഹ പ്രപഞ്ചം
ഇലാഹീ അനുരാഗത്തിന്റെ ആത്മാവറിഞ്ഞ അപൂര്‍വം ചിലരില്‍ പ്രധാനിയാണ് പേര്‍ഷ്യന്‍ സൂഫി കവിയായ ജലാലുദ്ദീന്‍ റൂമി. മരുഭൂമി പോലെ വിണ്ടുണങ്ങിയ ഹൃദയങ്ങള്‍ക്കു മുമ്പില്‍ ആര്‍ദ്രതയുടെ കുളിര്‍മഴ പെയ്യിച്ച അദ്ദേഹം ജീവിത സാഫല്യത്തിന്റെ അണമുറിയാത്ത പാരമ്പര്യത്തിനു പുതിയൊരു അധ്യായമായിരുന്നു. സൂഫിസമെന്ന അതിഭൗതിക സോപാനത്തിനു മുമ്പില്‍ ഇലാഹീ സാന്നിധ്യത്തിന്റെ നവജാലകങ്ങള്‍ തുറക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ദര്‍ശനം.
ലാഘവരൂപേണ പറഞ്ഞാല്‍ ഇശ്ഖ് (അനുരാഗം), ഇഥാഅത്ത് (വണക്കം), ഉബൂദിയ്യത്ത് (അനുസരണ ബോധം) എന്ന ത്രിരൂപങ്ങളുടെ ഏകീകൃത ശൈലിയാണ് റൂമിക്കു മുമ്പില്‍ ജീവിതം. അതിമാനുഷികതയെന്ന നാലാമതൊരു പദവി കൂടി സ്വായത്തമാകുമ്പോള്‍ മനുഷ്യന്‍ ജീവിതലക്ഷ്യമായ ഇലാഹീ സാമീപ്യത്തിന്റെ പരമകാഷ്ഠ പ്രാപിക്കുന്നുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അങ്ങനെ, അനിയന്ത്രിത ദേഹിയെ കുരുതികൊടുത്തും ഉറങ്ങിയ ആത്മാവിന് ഉയിര് നല്‍കിയും ‘അനല്‍ ഹഖും’ കഴിഞ്ഞ് ആത്മ പ്രകാശനത്തിന്റെ അമര ലോകത്തേക്ക് കൂടുമാറുന്നതോടെ അവന്‍ സംതൃപ്തനാവുന്നു.
ഇതിലുപരി, സൂഫിയായ പിതാവിന്റെ ആത്മജ്ഞാനവും രണ്ടു വഴികളിലൂടെ പരമ്പര മുട്ടുന്ന അബൂബക്കര്‍, അലി(റ)യുടെ ആധ്യാത്മിക വീക്ഷണങ്ങളും റൂമിയുടെ ജീവിത ക്രമീകരണ (തസ്‌കിയത്തുന്നഫ്‌സ)ത്തിലേക്കുള്ള ചോദനകളായിട്ടുണ്ട്.
ഇസ്‌ലാമിക ആത്മീയ ജ്ഞാനത്തിന്റെ പുണ്യരൂപം മൗലവി എന്ന സൂഫി ത്വരീഖത്തായിരുന്നു റൂമിയന്‍ ജീവിതത്തെ ചൈതന്യവത്താക്കിയിരുന്നത്. ജന്മദേശമായ ബല്‍ഖില്‍ നിന്നു വിശുദ്ധിയുടെ നാടായ കൊനിയയിലേക്കു മാറിയതോടെ ഈ അണയാപ്രഭ ഹൃത്തടത്തില്‍ കത്തിത്തെളിയുകയായി. അങ്ങനെയാണ് റൂമി തന്റെ അര്‍ത്ഥവത്തായ ജീവിതത്തിന്റെ തിരി ഉയര്‍ത്തുന്നത്.
ഇസ്‌ലാമിക ആധ്യാത്മികതയ്ക്ക് ആറു ശതകങ്ങള്‍ പ്രായമായ ഘട്ടമായിരുന്നു അത്. എല്ലാനിലയ്ക്കും ജ്ഞാനവിപ്ലവത്തിന്റെ അലയൊലികള്‍ തിമര്‍ത്താടിയിട്ടും എന്തോ ചില അനിവാര്യതകളുടെ പോരായ്മ അവിടെ നിഴലിക്കുന്നുണ്ടായിരുന്നു. ഇമാം ഗസ്സാലി, ഇബ്‌നുസീന, ഇമാം റാസി തുടങ്ങിയ വൈദ്യ-തത്വ ശാസ്ത്ര ജ്ഞാനപ്പടുക്കളുടെ പോക്കുവരവുകള്‍ ചുറ്റുപാടുകളെ ജ്ഞാനതളരിതമാക്കിയിരുന്നുവെങ്കിലും ഇശ്ഖ്, ത്വരീഖത്ത് തുടങ്ങിയ ചില അവിഭക്ത സത്യങ്ങളില്‍ നിഗൂഢത മറവിരിക്കാന്‍ തുടങ്ങിയിരുന്നു. സൂഫി ചിന്തകരായ ഇബ്‌നു അറബി, ഹല്ലാജ്, നജ്മുദ്ദീന്‍ കുബ്‌റാ എന്നിവരുടെ ആശയങ്ങള്‍ക്ക് അനുകൂലവും പ്രതികൂലവുമായ നിര്‍വചനങ്ങള്‍ ഉന്നയിക്കപ്പെടാന്‍ അന്തരീക്ഷം മാറിക്കഴിഞ്ഞിരിക്കുന്നു.
ഇത്തരമൊരു ഉല്‍കണ്ഠാനിര്‍ഭരമായ സമയത്താണ് റൂമി തന്റെ ദിവ്യാനുരാഗത്തിന്റെ പുല്ലാങ്കുഴലുമായി കടന്നുവരുന്നത്. ഭഗ്നാശരായ ജനതയ്ക്കു മുമ്പില്‍ ദിവ്യസ്‌നേഹത്തിന്റെ സംഗീതംപൊഴിക്കാന്‍ ഇതേറെ പര്യാപ്തമായിരുന്നു. അതുകൊണ്ടു തന്നെ, ഹൃദയമുള്ളവര്‍ അദ്ദേഹത്തിനു പിന്നാലെ കൂടി; തസ്വവ്വുഫിന്റെ അന്തര്‍ധാരകളിലൂടെ സഞ്ചരിച്ച് ആത്മവിമലീകരണം നടത്തി. താനും ജഗത്തും താനും നഫ്‌സും താനും അല്ലാഹുവുമായുള്ള ബന്ധത്തെ വ്യാവര്‍ത്തിച്ച് ഗ്രഹിച്ചു. അങ്ങനെ മൗലവി ത്വരീഖത്തിലെ കണ്ണിയായി മാറി. ഇതിനിടെ മഹബത്ത് (ദിവ്യസ്‌നേഹം), മഖാഫത്ത് (ഇലാഹീ ഭക്തി) മആരിഫ് (ഇലാഹീ ജ്ഞാനം) എന്നീ മൂന്ന് നദികളെ റൂമി അവര്‍ക്ക് മനസ്സിലാക്കിക്കൊടുത്തു. നിരര്‍ത്ഥകജീവിതത്തെ സാര്‍ത്ഥകമാക്കുന്ന ചില വസ്തുകളാണിവ. നിരന്തരമായ രിയാളകളിലൂടെ-ആത്മ ജിഹാദിലൂടെയാണിവ സാക്ഷാല്‍ക്കരിക്കപ്പെടുന്നത്. തിരുമേനി(സ്വ) പറഞ്ഞതു പോലെ, സര്‍വജ്ഞാനങ്ങളുടെയും അന്തസ്സത്തതന്നെ അല്ലാഹുവിലുള്ള ഭയമാണ്.
ഇളക്കം സൃഷ്ടിച്ച ചില പൂര്‍വഗാമികളുടെ വഴികള്‍പോലെ അനുരാഗധാരയായിരുന്നു റൂമിയും പിന്തുടര്‍ന്നത്. ഹല്ലാജിനെപ്പോലെ, അബൂസഈദ് അബുല്‍ ഖൈറിനെപ്പോലെ, ദാവൂദുല്‍ അന്‍ഥാക്കിയെപ്പോലെ, അവസാനം സമകാലികനും സ്പാനിഷ് സൂഫിയുമായ ഇബ്‌നു അറബിയെപ്പോലെ ധാരാളം ഇലാഹീ അന്വേഷകര്‍ എല്ലാ നിലയ്ക്കും അദ്ദേഹത്തെ സ്വാധീനിച്ചു. ബായസീദുല്‍ ബിസ്താമി, ദുന്നൂനുല്‍ മിസ്വ്‌രി, മഅ്‌റൂഫുല്‍ കര്‍ഖി തുടങ്ങിയവര്‍ ആത്മാവിന്റെ വഴികാട്ടികളായി.
പേര്‍ഷ്യന്‍ ഭാഷയിലെ ഖുര്‍ആനെന്നറിയപ്പെടുന്ന തന്റെ പദ്യകൃതി മസ്‌നവിയിലൂടെയാണ് റൂമി തന്റെ മുരീദുകളും ദര്‍വീശുകളുമായി സല്ലപിക്കുന്നത്. വിളഞ്ഞ സൂഫീ ചിന്തകള്‍ നിറഞ്ഞുനില്‍ക്കുന്ന ഇത് ആത്മജ്ഞാനത്തിന്റെ ഒരു സര്‍വ വിജ്ഞാന കോശമാണ്. പ്രധാനമായും ഇതില്‍ പ്രതിപാദിക്കപ്പെടുന്നത് തസ്‌കിയത്തുന്നഫ്‌സിന്റെ ആവശ്യഘടകങ്ങളായ ഹൃദയം, അത്മാവ്, ശരീരം, വികാരങ്ങള്‍, ചിന്തകള്‍, പഞ്ചേന്ദ്രിയങ്ങള്‍, നീതി, ഉദാരത, വിധി, പ്രേമം, വിശ്വാസം, ജ്ഞാനം തുടങ്ങിയവയാണ്. ഇവയുടെ നിഷ്‌കളങ്കമായ സിദ്ധിയിലൂടെ ആത്മപരിവര്‍ത്തനം സാധിച്ചെടുക്കാന്‍ കഴിയുമെന്നു ചില ഗതകാലതെളിവുകളിലൂടെ റൂമി സ്ഥാപിക്കുന്നു.
വരികള്‍ക്കിടയിലൂടെ ഉപാസനയുടെ പൊരുള്‍ വിവരിച്ചുകൊണ്ട് അകത്തും പുറത്തുമുള്ള ഉപാസകരെ മസ്‌നവി തുറന്നുകാട്ടുന്നു. റൂമിയുടെ അഭിപ്രായത്തില്‍ അയഥാര്‍ത്ഥ ലോകത്ത് ജീവിക്കുന്നവനാണ് അല്ലാഹുവോടുള്ള പ്രേമത്തില്‍ വിജയം കാണാത്ത ഉപാസകന്‍. അവന്‍ വരുന്നത് ആത്മികതയുടെ മറ്റേതോ കോണില്‍നിന്നാണ്. മതനിബന്ധനകള്‍ അക്ഷരം പ്രതി അനുവര്‍ത്തിക്കുമ്പോഴാണ് മനുഷ്യന്‍ ഇലാഹീ ജ്ഞാനം കൈവരിക്കുന്നത്. സ്‌നേഹം പാരമ്യത നേടുമ്പോള്‍ അവന്‍ അല്ലാഹുവിനെ തിരിച്ചറിയുന്നു. ഈ തിരിച്ചറിവ് ഭൗതികതയുടെ മേലുള്ള ആത്മികതയുടെ കുപ്പായമാണ്. ഈ കുപ്പായമണിഞ്ഞിട്ടുവേണം അല്ലാഹുവിനെ സമീപിക്കാന്‍. അഥവാ, ആലസ്യത്തിന്റെ സംഗീതങ്ങളും ഹാനികരമായ ആസ്വാദനങ്ങളും മനുഷ്യനും ഇലാഹിനുമിടയില്‍ മറ സൃഷ്ടിക്കുന്നു. യഥാര്‍ത്ഥ ആരാധന കണ്ടെത്താന്‍ യഥാര്‍ത്ഥ ഉപാധികള്‍തന്നെ വിനിയോഗിക്കണമെന്നര്‍ത്ഥം. ആത്മസംയമനവും ആത്മ നിയന്ത്രണവുമാണ് മസ്‌നവിയുടെ വലിയൊരു സന്ദേശം. ശരീരം മെരുങ്ങാത്തൊരു കുതിരയാണെന്ന് റൂമി പലയിടത്തും പറയുന്നുണ്ട്.
മസ്‌നവിയില്‍ പരിവ്രാജകനായ സൂഫികളുടെ ഇലാഹീ അനുരാഗത്തിന്റെ ആലാപനത്തെ റൂമി ചിത്രീകരിക്കുന്നത് ഒരു പുല്ലാങ്കുഴലായിട്ടാണ്. ആദ്യവരിയില്‍തന്നെ ഗൃഹാതുരത്വത്തില്‍ കേഴുന്ന ഒരു ഓടക്കുഴലിന്റെ വിലാപം അദ്ദേഹം ശ്രവണ പരുവത്തിലാക്കുന്നു. പിന്നീട് ഭാവാത്മകമായി കുറിക്കുന്നു. സ്വഭവനത്തില്‍നിന്ന് അകലെയായിപ്പോയ ഒരു പുല്ലാങ്കുഴലിനെ ശ്രവിക്കുക. തന്റെ ഗാനത്തിന്റെ പൊരുള്‍, അത് വളരെ അടുത്തായിട്ടുപോലും ആരും കാണുന്നില്ല; കേള്‍ക്കുന്നുമില്ല. ദൃഷ്ടാന്തങ്ങളെ കണ്ടറിയാന്‍കൊള്ളാവുന്ന ഒരു സുഹൃത്തിനെ കിട്ടിയിരുന്നെങ്കില്‍… തന്റെ മുഴുവന്‍ ആത്മാവിനെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍… അതെ, തന്നില്‍ ജ്വലിക്കുന്നത് സ്‌നേഹത്തിന്റെ അഗ്നിയാണ്, സ്‌നേഹത്തിന്റെ വീഞ്ഞാണ് തന്നില്‍ ഉത്തേജനം പകര്‍ന്നുകൊണ്ടിരിക്കുന്നത്. അതേ, അനുരാഗത്തിന്റെ നൊമ്പരമറിയുന്നവന്‍.
പ്രപഞ്ചത്തിന്റെ ഉള്ളറകളിലേക്കും മനുഷ്യാത്മാവിലേക്കുമുള്ള തുറന്നിട്ട വാതായനമായിട്ടാണ് മസ്‌നവി ഇവിടെ വര്‍ത്തിക്കുന്നത്. സ്വയം ആത്മീയാനുഭവങ്ങള്‍ക്കൊപ്പം കാല്‍പ്പനികവും ഹൃദ്യവുമായ വീക്ഷണങ്ങളും തുടര്‍ന്നുവരുമ്പോള്‍ യാഥാര്‍ത്ഥ്യങ്ങള്‍ വളരെ സ്പഷ്ടമാകുന്നു. രക്തബാഷ്പമൊഴുകുന്നത് കാണാന്‍ കൊതിക്കുന്നുവെങ്കില്‍ വരൂ… ഈ പുല്ലാങ്കുഴലിനെ ശ്രവിക്കൂ.. തുടങ്ങിയ വരികളും നമ്മുടെ അകക്കണ്ണുകളെ തുറപ്പിക്കാന്‍ അനുയുക്തമാണ്. മനുഷ്യാത്മാവിന്റെ ദിവ്യപരിപോഷണത്തിലേക്കായിരുന്നു എപ്പോഴും റൂമിയുടെ ഹൃദയ കണ്ണാടി തിരിഞ്ഞിരുന്നത്. അതു കൊണ്ടുതന്നെ ആത്മീയതയുടെ നടുമുറ്റങ്ങളിലേക്ക് ഇറങ്ങിവരികയെന്ന ആഹ്വാനത്തോടെ അദ്ദേഹം പലവുരു പാടുകയുണ്ടായി. അദ്ദേഹം പറയുന്നു: ‘ഉണരുക… എഴുന്നേല്‍ക്കാന്‍ സമയമായി. ആകാശാജ്ഞകള്‍ എത്തിക്കഴിഞ്ഞു. സ്‌നേഹിച്ചു നടക്കുന്നവര്‍ക്കും ആശ്വാസവാക്യങ്ങള്‍ ഉയരുകയായി. ഒരുങ്ങിയിരിക്കുക. ആശ്ലേഷിക്കാന്‍ വെമ്പുകയാണവന്‍… നിങ്ങള്‍ ശോഭയാര്‍ന്ന റോസാപുഷ്പങ്ങളാവുക. ആത്മീയതയുടെ ഗഹ്വരമൊരുക്കുക. നേട്ടംകൊയ്യാന്‍ കൊതിക്കുന്നുവെങ്കില്‍ ദിവ്യാനുരാഗത്തിന്റെ കുടിയനാവുക.
എന്നും സൂഫികളായ ഹല്ലാജും ഇബ്‌നു അറബിയുമായിരുന്നു റൂമിയുടെ മാതൃകാപുരുഷന്‍മാര്‍. ഇവരുടെ വഹ്ദത്തുല്‍ വുജൂദും അനല്‍ ഹഖും അദ്ദേഹത്തെ നല്ലപോലെ സ്വാധീനിച്ചിരുന്നു. അല്ലെങ്കില്‍, ഇവരുടെ അകത്തളങ്ങളിലൂടെയായിരുന്നു റൂമിയുടെ ഓരോ പ്രയാണവും. ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച് ഒരു ദുര്‍ബലനിമിഷത്തില്‍ കഥാവാശേഷനായിപ്പോയ ഹല്ലാജ് പറഞ്ഞ പോലെ ആരാധനാകര്‍മങ്ങളാല്‍ ആത്മാവിനെ സംസ്‌കരിക്കുകയും കാമ-ക്രോധ-മോഹ-ലോഭ-മദ-മാത്സര്യാദികളെ അമര്‍ത്തുകയും സുഖഭോഗ ഇരകളെ വെടിയുകയും ചെയ്യുന്നവന്‍ ഇലാഹീ സാമീപ്യം സിദ്ധിച്ചവരുടെ പദവിയിലേക്ക് ഉയരുമെന്ന സിദ്ധാന്തത്തെ അദ്ദേഹവും പിന്താങ്ങുന്നു. ഹല്ലാജ് തുടരുന്നു: പിന്നെ, നരഭാവത്തില്‍നിന്ന് നിര്‍മലമാവും വിധം ആത്‌മൈക്യത്തിന്റെ പടവുകള്‍ കയറി കൂടുതല്‍ നിര്‍മലനായിക്കൊണ്ടേയിരിക്കും. അങ്ങനെ നരഭാവം തീര്‍ത്തും നശിച്ചുകഴിയുമ്പോള്‍ അല്ലാഹുവിന്റെ സ്വന്തക്കാരനായി മാറും. അപ്പോള്‍, അയാള്‍ ഉദ്ദേശിക്കുന്നതിനെയെല്ലാം അല്ലാഹു സാധിച്ചുകൊടുക്കും. ജ്ഞാനിയായ ഇബ്‌നു അറബി പറയുന്നതും ഇതുതന്നെയാണ്. അദ്ദേഹം ഒരു കവിതയില്‍ പറയുന്നു: അദൃശ്യമായ ജലം കൊണ്ട് നീ അംഗശുദ്ധിവരുത്തുക; രഹസ്യം നിനയ്ക്ക് പിടികിട്ടിയിട്ടുണ്ടെങ്കില്‍. അല്ലെങ്കില്‍ മണ്ണുകൊണ്ടോ കല്ലു കൊണ്ടോ ശുദ്ധീകരിക്കുക. അദൃശ്യജ്ഞാനത്തിലൂടെയാണ് ആത്മശുദ്ധിയെന്നും അത് സ്വായത്തമാക്കണമെന്നും ഇവിടെ സുവിദിതമാകുന്നു. റൂമി പറയുന്നു: ഈ ഉണ്‍മകളൊന്നും യഥാര്‍ത്ഥമല്ല. എല്ലാം കേവല ഭൗതിക രൂപങ്ങള്‍ മാത്രം. പാനപ്പാത്രം അടുത്തുപിടിക്കുക. യഥാര്‍ത്ഥ ഉണ്‍മ വശമാക്കേണ്ടതുണ്ട്.
ഒരു കേവല മ്യൂസിഷ്യനായി മാത്രം പരിചയപ്പെടുത്തപ്പെടുന്ന ജലാലുദ്ദീന്‍ റൂമി സൂഫിലോകത്തിന്റെ അധിപനും ദിവ്യാനുരാഗത്തിന്റെ തേജോരൂപവുമാണെന്ന് ഇവിടെ വ്യക്തമാകുന്നു. പ്രണയത്തിന്റെ സ്പര്‍ശനത്തിന് ഒരാള്‍ക്ക് സര്‍വാംഗം ചൈതന്യം പകരാനുള്ള അമൃത ശക്തിയുണ്ടെന്ന് അദ്ദേഹം തന്റെ ആധ്യാത്മിക ദര്‍ശനത്തിലൂടെ ലോകത്തെ പഠിപ്പിക്കുകയായിരുന്നു. പേര്‍ഷ്യക്കാര്‍ക്ക് മുമ്പിലെ റൂമി നമുക്കുമുമ്പിലെ ഗസ്സാലിയാണെന്ന കാര്യം ആര്‍ക്കും വിസ്മരിക്കാവതല്ല. ആത്മികതയുടെ ആന്തരികാര്‍ത്ഥങ്ങള്‍ തേടി തസ്വവ്വുഫിന്റെ ലോകങ്ങളിലേക്ക് തിരിയുമ്പോള്‍ റൂമിയുടെ സ്‌നേഹപ്രപഞ്ചം പലരും കാണാതെ പോയി എന്നുള്ളതാണു കാര്യം.
റൂമി കുറിച്ചിട്ട സ്‌നേഹത്തിന്റെ കൈയൊപ്പുകള്‍ ഡികോഡ് ചെയ്‌തെടുക്കാന്‍ പലര്‍ക്കും സാധിച്ചിട്ടില്ല. ആത്മികതയെ കൈവെടിഞ്ഞ് ഭൗതികതയെ വാരിപ്പുണരുന്ന ലോകത്ത് പലപ്പോഴും റൂമിയന്‍ ചിന്തകള്‍ അന്യാധീനപ്പെട്ടു പോയി. അപകര്‍ഷബോധത്തില്‍ ആത്മികത മറന്ന് മുസ്‌ലിംകള്‍ കൈവെടിഞ്ഞപ്പോള്‍ ക്രൈസ്തവരും ജൂതന്മാരുമാണ് അത് ഏറ്റെടുത്തത്. അതുകൊണ്ട് തന്നെ പാശ്ചാത്യലോകത്ത് റൂമിയന്‍ ചിന്തകള്‍ ഏറെ ജനകീയത നേടുകയും അതേസമയം തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തു. മസ്‌നവിയിലെ ദിവ്യസ്‌നേഹവും ഇശ്ഖും അനുരാഗവും സമാഉം അവര്‍ക്കു മുമ്പില്‍ വിശാലാര്‍ത്ഥങ്ങളുള്ള പ്രണയവും ലൗവ്യം ഡാന്‍സിങുകളുമായിട്ടാണ് അവതരിക്കപ്പെട്ടത്. ജീവിതം ആസ്വദിച്ചു തീര്‍ക്കാനുള്ളതാണെന്നു വിശ്വസിക്കുന്നവര്‍ പോലും റൂമിക്കവിതകളെ ആംഗലേയ-ലാറ്റിന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം നടത്തി ആസ്വദിക്കാന്‍ തുടങ്ങി. ഇത്തരം വിവര്‍ത്തനങ്ങള്‍ ഇലാഹീ സ്‌നേഹത്തെ ക്രിസ്ത്യാനിസത്തിലെ ആത്മാവില്ലാത്ത സ്‌നേഹവും സാന്ത്വനവുമായി ചിത്രീകരിച്ചു.
Leave A Comment