സ്വൂഫികളും അദ്വൈതാവതാരവാദവും
നിക്ഷിപ്ത താല്‍പര്യക്കാരായ ആളുകള്‍ സ്വൂഫികളായ മഹാന്മാരുടെ മേല്‍ ചാടിവീഴുന്ന ഒരു തെറ്റിദ്ധാരണയുണ്ട്. അവരുടെ മൗഢ്യം മൂലവും കേവലം വ്യാജമായുമാണ് ഈ കടന്നാക്രമണം. അവതാരവാദവും അദൈ്വതവാദവും സ്വൂഫികള്‍ക്കുണ്ട് എന്നാണവര്‍ ജല്‍പിക്കുന്നത്. അതായത് പ്രപഞ്ചത്തിലെ സകല വസ്തുക്കളിലും അല്ലാഹു അവതരിച്ചിട്ടുണ്ടത്രേ. സമുദ്രങ്ങളിലും പര്‍വതങ്ങളിലും വൃക്ഷങ്ങളിലും മനുഷ്യരിലും ജന്തുക്കളിലും എല്ലാമെല്ലാം. മറ്റൊരു നിലക്ക് പറഞ്ഞാല്‍ സൃഷ്ടിയും സ്രഷ്ടാവും എല്ലാം ഒറ്റയൊന്നുതന്നെ. അതായത് പ്രപഞ്ചത്തിലുള്ള, ഇന്ദ്രിയാധീനങ്ങളും കാണപ്പെടുന്നതുമായ സകല സൃഷ്ടികളും അല്ലാഹു തന്നെ; അവന്‍ മാത്രം.
ഇപ്പറഞ്ഞതില്‍ നിന്നൊക്കെ അല്ലാഹു എത്ര മഹോന്നതനായിരിക്കുന്നു! മുസ്‌ലിം ഉമ്മത്തിന്റെ വിശ്വാസപ്രമാണങ്ങള്‍ക്ക് വിപരീതമാകുന്ന സ്പഷ്ടമായ മതനിഷേധമത്രേ ഇങ്ങനെ പറയല്‍. ഇസ്‌ലാമിനെയും ഈമാനിനെയും ഇഹ്‌സാനിനെയും കുറിച്ച് സുദൃഢമായ വിജ്ഞാനമുള്ളവരായിരിക്കെ ദുര്‍മാര്‍ഗത്തിന്റെയും സത്യനിഷേധത്തിന്റെയും ഈ അഗാധഗര്‍ത്തത്തിലേക്ക് സ്വൂഫികള്‍ എങ്ങനെ വഴുതി വീഴും? സൂക്ഷ്മജ്ഞാനമില്ലാതെയോ പരിശോധന നടത്താതെയോ സ്വൂഫികളായ മഹാന്മാരെ ഈ സത്യനിഷേധം കൊണ്ട് മൊത്തമായി അധിക്ഷേപിക്കാന്‍ നിഷ്പക്ഷനായ ഒരു സത്യവിശ്വാസിക്കും പാടില്ലാത്തതാണ്. അല്‍ഫുതൂഹാതുല്‍ മക്കിയ്യ, ഇഹ്‌യാഉ ഉലൂമിദ്ദീന്‍, അര്‍രിസാലത്തുല്‍ ഖുശൈരിയ്യ മുതലായ തസ്വവ്വുഫിന്റെ മൗലിക ഗ്രന്ഥങ്ങളില്‍ സ്പഷ്ടമായി പ്രതിപാദിക്കപ്പെട്ട അവരുടെ വിശ്വാസപ്രമാണങ്ങള്‍ കാണാതെയും ഉദ്ദേശ്യങ്ങള്‍ മനസ്സിലാക്കാതെയും അധിക്ഷേപിക്കാവതല്ല.
സ്വൂഫികളെ കൈയേറ്റം ചെയ്യുന്ന ചില തല്‍പരകക്ഷികള്‍ ചിലപ്പോള്‍ ഇങ്ങനെ പറയാനിടയുണ്ട്: അദൈ്വതാവതാരവാദത്തില്‍ നിന്ന് സ്വൂഫികളെ വെള്ള പൂശുന്ന ഈ പ്രവണത യാഥാര്‍ഥ്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടമല്ലേ? അല്ലെങ്കില്‍ പക്ഷപാതിത്വത്തിന്റെയും സ്വേച്ഛയുടെയും പ്രേരണയായി സ്വൂഫികളെപ്പറ്റി സ്വതാല്‍പര്യത്തിലധിഷ്ഠിതമായ ഒരു പ്രതിരോധമല്ലേ? മറിച്ചാണെങ്കില്‍ തെറ്റുധാരണകളില്‍ നിന്ന് തസ്വവ്വുഫിന്റെയാളുകളെ വിമുക്തമാക്കാനുള്ള തെളിവുകള്‍ നിങ്ങളെന്തുകൊണ്ട് ഹാജറാക്കുന്നില്ല?
അതുകൊണ്ട് ജാജ്ജ്വല്യമാനമായ യാഥാര്‍ഥ്യം വെളിപ്പെടുന്നതിനായി സ്വൂഫീശ്രേഷ്ഠരുടെ പ്രസ്താവങ്ങളില്‍ ചിലത് നാമിവിടെ ഉദ്ധരിക്കുകയാണ്. അദൈ്വതാവതാരവാദം സംബന്ധിച്ചുള്ള തെറ്റുധാരണകളില്‍ നിന്ന് അതവരെ വിമുക്തരാക്കും. എന്നല്ല, വഴിപിഴച്ച അത്തരം വിശ്വാസങ്ങളില്‍ നിപതിച്ചുപോകുന്നതില്‍ നിന്ന് ജനങ്ങളെ അവര്‍ താക്കീത് ചെയ്തതും ആ ഉദ്ധരണികള്‍ വ്യക്തമാക്കിത്തരും. അദൈ്വതവാദമോ അവതാരവാദമോ സംബന്ധിച്ച് അവരിലേക്ക് ചേര്‍ത്തുപറയപ്പെട്ട മുഴുവന്‍ കാര്യങ്ങളും ഒന്നുകില്‍ വ്യാജമായി നിര്‍മിക്കപ്പെട്ടതോ അല്ലെങ്കില്‍ അഹ്‌ലുസ്സുന്നത്തിവല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ക്കനുയോജ്യമായി വ്യാഖ്യാനിക്കപ്പെടുന്നതോ(1) ആണെന്നും അവയില്‍ നിന്ന് മനസ്സിലാക്കാം.
ഇമാം അബ്ദുല്‍വഹ്ഹാബിശ്ശഅ്‌റാനി(റ) പറയുന്നു: ബിംബങ്ങളെ ആരാധിച്ചിരുന്നവര്‍ പോലും തങ്ങളുടെ ദൈവങ്ങള്‍ അല്ലാഹുവാണ് എന്ന് ജല്‍പിക്കാന്‍ ധൈര്യം കാട്ടിയിട്ടില്ല. പ്രത്യുത ഈ ദൈവങ്ങള്‍ അല്ലാഹുവിലേക്ക് ഞങ്ങളെ അടുപ്പിക്കാനായി മാത്രമാണ് ഇവയെ ആരാധിക്കുന്നത്(2) എന്നാണവര്‍ പറഞ്ഞത്. എങ്കില്‍ പിന്നെ, ദുര്‍ബല ഹൃദയങ്ങള്‍ക്കു പോലും ഉള്‍ക്കൊള്ളാനാവാത്ത വിധം, അല്ലാഹുവും തങ്ങളും ഒന്നുതന്നെയാണെന്ന് ഔലിയാക്കള്‍ പറഞ്ഞതായി എങ്ങനെ വിചാരിക്കാന്‍ കഴിയും? അവരെ സംബന്ധിച്ചിടത്തോളം ഇത് ഒരു അസംഭവ്യകാര്യം പോലെയാണ്. കാരണം, അല്ലാഹുവിന്റെ സത്ത മറ്റു യാഥാര്‍ഥ്യങ്ങളില്‍ നിന്നൊക്കെ ഭിന്നമാണ് എന്ന് അറിയാത്ത ഒരൊറ്റ വലിയ്യുമില്ല. സൃഷ്ടികളുടെ മുഴുവന്‍ വിജ്ഞാനങ്ങളില്‍ നിന്നും പുറത്താണത് എന്നും അവര്‍ക്കറിയാം. കാരണം, അല്ലാഹു സര്‍വ വസ്തുക്കളെക്കുറിച്ചും അതിസൂക്ഷ്മമായി അറിവുള്ളവനത്രേ.
അവതരിക്കുക, ഐക്യപ്പെടുക (ഹുലൂല്‍, ഇത്തിഹാദ്) എന്നിവ വര്‍ഗങ്ങളില്‍ മാത്രമാണുണ്ടാവുക. അങ്ങനെ വര്‍ഗങ്ങളില്‍ അവതരിക്കാന്‍ അല്ലാഹു ഒരു വര്‍ഗം (ജിന്‍സ്) അല്ല. പണ്ടുപണ്ടേയുള്ള അവന്‍ എങ്ങനെ പുതുതായുണ്ടായ ഒരു സൃഷ്ടിയിലവതരിക്കും? സ്രഷ്ടാവ് സൃഷ്ടിയിലവതരിക്കുന്നതെങ്ങനെ? ഒരു വിശേഷണം സത്തയിലവതരിക്കുക എന്നതാണ് ഇതെങ്കില്‍ അല്ലാഹു ഒരു വിശേഷണമല്ല. ഒരു സത്ത മറ്റൊരു സത്തയില്‍ ഇറങ്ങുക എന്നതാണ് വിവക്ഷയെങ്കില്‍ അല്ലാഹു ഒരു സത്തയുമല്ലല്ലോ.(4) അവതരിക്കുക, ഐക്യപ്പെടുക എന്നത് സൃഷ്ടികള്‍ക്കിടയില്‍ തന്നെ അസംഭവ്യമാണ്. രണ്ടു വ്യക്തികള്‍-ഒരാള്‍ മറ്റൊരാളില്‍ അവതരിച്ച്-ഒരു വ്യക്തിയാവുകയില്ല. രണ്ടുപേരുടെയും ശരീരം വ്യത്യസ്തവും വെവ്വേറെയുമാണ് എന്നതാണ് കാരണം. സ്രഷ്ടാവിന്റെയും സൃഷ്ടിയുടെയുമിടക്കുള്ള വ്യത്യാസം, നിര്‍മാതാവിനും നിര്‍മിതിക്കുമിടക്കുള്ള അന്തരം, അനിവാര്യമായി ഉണ്ടാകേണ്ട അല്ലാഹുവിനും പുതുതായി ഉണ്ടാകാന്‍ സാധ്യതയുള്ള(1) ഒരു സൃഷ്ടിക്കുമിടക്കുള്ള വൈരുധ്യം എത്രയോ വലിയതും അസ്പൃശ്യമാകാത്ത വിധം അനിവാര്യവുമാണ്. രണ്ടിന്റെയും യാഥാര്‍ഥ്യങ്ങള്‍ ഭിന്നമാണ് എന്നതാണ് കാരണം.
മഹാന്മാരായ പണ്ഡിതന്മാരും സ്വൂഫികളിലെ ദൃഢവിജ്ഞാനികളും അവതാരവാദത്തിന്റെയും ഏകതാവാദ(2)ത്തിന്റെയും അടിസ്ഥാനരാഹിത്യവും ബാലിശതയും പണ്ടു മുതലേ വിവരിച്ചുവരുന്നുണ്ട്. അത് ദുഷിച്ച ചിന്താഗതിയാണെന്നുണര്‍ത്തുകയും ദുര്‍മാര്‍ഗമാണെന്ന് താക്കീത് ചെയ്യുകയുമാണവര്‍. ശൈഖ് മുഹ്‌യിദ്ദീനിബ്‌നു അറബി(റ) തന്റെ അല്‍അഖീദത്തുസ്സ്വുഗ്‌റാ എന്ന ഗ്രന്ഥത്തില്‍ ഖണ്ഡിതമായി പറഞ്ഞു: ‘ഏതെങ്കിലും സൃഷ്ടി അല്ലാഹുവിലവതരിക്കുക, ഏതെങ്കിലും സൃഷ്ടിയില്‍ അവന്‍ അവതരിക്കുക എന്ന അവസ്ഥയില്‍ നിന്ന് അവന്‍ മഹോന്നതനത്രേ.'(3) തന്റെ അല്‍അഖീദത്തുല്‍വുസ്ഥായിലദ്ദേഹം പറഞ്ഞു: ഒരു കാര്യം നീ ഗ്രഹിക്കണം, മുഴുവന്‍ പണ്ഡിതന്മാരുടെയും ഏകകണ്ഠാഭിപ്രായമനുസരിച്ച്(4) അല്ലാഹു ഏകനാണ്. അവനില്‍ എന്തെങ്കിലും വസ്തു അവതരിക്കുക, അവന്‍ എന്തെങ്കിലും സാധനത്തില്‍ വിലയം പ്രാപിക്കുക, അവനും മറ്റൊരു സാധനവും കൂടി ഒന്നായിത്തീരുക എന്നീ അവസ്ഥകളില്‍ നിന്നെല്ലാം മേല്‍പറഞ്ഞ ഏകത്വപദവി മഹോന്നതവും പരിശുദ്ധവുമായിരിക്കുന്നു.
‘ദിവ്യരഹസ്യങ്ങ’ളുടെ അധ്യായത്തില്‍ അശ്ശൈഖുല്‍ അക്ബര്‍(റ) പ്രസ്താവിച്ചു: ദിവ്യസാമീപ്യത്തിന്റെ പരമോന്നതപദവി പ്രാപിച്ചുകഴിഞ്ഞാലും ‘ഞാന്‍ അല്ലാഹുവാണ്’ എന്ന് ആത്മജ്ഞാനികളില്‍ ഒരാള്‍ക്കും പറയുവാന്‍ പാടില്ല. ആത്മജ്ഞാനിയായൊരു വ്യക്തി ഈ ഗുരുതരവാക്ക് എങ്ങനെ ഉച്ചരിക്കും? നടപ്പിലും ഇരിപ്പിലും ചലന-നിശ്ചലാവസ്ഥകളിലുമൊക്കെ ഈയുള്ളവന്‍ നിസ്സാരനായ ഒരടിമയാകുന്നു(6) എന്നാണയാള്‍ പറയുക.(7) ഫുതൂഹാത്ത് നൂറ്റിഅറുപത്തൊമ്പതാമധ്യായത്തിലദ്ദേഹം എഴുതി: പണ്ടു പണ്ടേയുള്ളവന്‍ ഒരിക്കലും സൃഷ്ടികള്‍ക്ക് ഇടമാകില്ല.(1) പുതുതായി ഉണ്ടായ ഒരു വസ്തുവില്‍ അവന്‍ ഇറങ്ങുകയുമില്ല.
ബാബുല്‍ അസ്‌റാറില്‍ ഇബ്‌നുഅറബി(റ) പറഞ്ഞു: അവതാരവാദമുന്നയിക്കുന്നവന്‍ മനോരോഗിയാണ്. ഒരിക്കലും ഭേദപ്പെടാത്ത അസുഖമാണത്.(3) മതനിഷേധത്തിന്റെ വാക്കുകള്‍ മാത്രമേ ഏകതാവാദം എഴുന്നള്ളിക്കൂ. അവതാരവാദികളാകട്ടെ അധരവ്യായാമം ചെയ്യുന്നവരും മൂഢന്മാരുമത്രേ… പുതുതായുണ്ടായ ഏതു വസ്തുവും വിപത്തുകളില്‍ നിന്ന് രക്ഷപ്പെടില്ല. പണ്ടു പണ്ടേ ഉള്ളവനായ റബ്ബ് ഒരു സൃഷ്ടിയിലവതരിക്കുകയാണെങ്കില്‍ ‘മുജസ്സിമി'(4)കളുടെ വാദം ശരിയാണെന്നു വരും. അതിനാല്‍ പടച്ചവന്‍ ഒന്നിലും ഇറങ്ങുകയില്ല; മറ്റെന്തിനെങ്കിലും ഇറങ്ങാനുള്ള ഇടം ആവുകയുമില്ല.
ശൈഖ് മുഹ്‌യിദ്ദീനിബ്‌നു അറബി(റ) സുദീര്‍ഘമായി സംസാരിച്ചുകൊണ്ട് അഞ്ഞൂറ്റി അമ്പത്തൊമ്പതാമധ്യായത്തില്‍ പറയുന്നു: …ഇത്രയും പ്രതിപാദിച്ചത്, പ്രപഞ്ചമെന്നത് അല്ലാഹു അല്ല എന്ന് നിനക്ക് മനസ്സിലാക്കിത്തന്നിരിക്കും; അവന്‍ പ്രപഞ്ചത്തില്‍ അവതരിച്ചിട്ടുമില്ല. കാരണം അല്ലാഹു പ്രപഞ്ചമാണ് എങ്കില്‍, അല്ലെങ്കില്‍ അവന്‍ പ്രപഞ്ചത്തില്‍ അവതരിച്ചിട്ടുണ്ടെങ്കില്‍,(6) പണ്ടുപണ്ടേയുള്ളവന്‍, സൃഷ്ടികര്‍മം നിര്‍വഹിച്ചവന്‍ എന്നീ വിശേഷണങ്ങളൊന്നും അവന് യുക്തമാവുകയില്ലല്ലോ.
മറ്റൊരിടത്ത്, മുന്നൂറ്റിപ്പതിനാലാം അധ്യായത്തില്‍ അദ്ദേഹം പറയുന്നത് വളരെ ഖണ്ഡിതവും പ്രസ്പഷ്ടവുമാണ്: മനുഷ്യന്‍ അവന്റെ മാനവികതയില്‍ നിന്നും മലക്കുകള്‍ മലക്കായിരിക്കുന്ന അവസ്ഥയില്‍ നിന്നും ഉയരാമെന്നും(8) സ്രഷ്ടാവുമായി ഏകത്വം പ്രാപിക്കാമെന്നും വരികയാണെങ്കില്‍ വസ്തുതകളെല്ലാം കീഴ്‌മേല്‍ മറിയാമെന്നും വിഷയങ്ങള്‍ അടിമുടി പരിവര്‍ത്തനവിധേയമാകാമെന്നും വന്നുചേരും. അപ്പോള്‍ ഇലാഹായിരിക്കുക എന്ന നിലയില്‍ നിന്ന് ഇലാഹിന് മാറ്റം വരും, അല്ലാഹു സൃഷ്ടിയായി പരിണമിക്കും, പടപ്പുകള്‍ സ്രഷ്ടാവായി രൂപഭേദം പ്രാപിക്കും, ഒരാളും യാതൊരു വിവരവും വിജ്ഞാനവും അംഗീകരിക്കില്ല, അസംഭവ്യകാര്യങ്ങള്‍ നിര്‍ബന്ധമായിത്തീരും. അതിനാല്‍ വസ്തുതകളിലെ ഈ കരണം മറിച്ചില്‍ സംഭവിക്കുക എന്നത് ഒരിക്കലും ഉണ്ടാവാന്‍ വഴിയില്ല.(9)
തന്റെ പദ്യങ്ങളിലും ഏകതാവതാരവാദത്തെ ഇബ്‌നുല്‍ അറബി(റ) തള്ളിപ്പറഞ്ഞിട്ടുണ്ട്:
(താന്‍ ഏകനായ അല്ലാഹുവിനോട് ഏകത്വം പ്രാപിച്ചിരിക്കുന്നു എന്ന് തട്ടിവിടുന്ന പണ്ഡിതന്റെയാളുകളുടെ വാദം നീ തള്ളിക്കളയുക. സ്വന്തം ഗ്രഹണശേഷിയും(1) ശരീഅത്തും ഹഖീഖത്തും വിട്ട് തെറ്റിത്തെറിച്ചുപോയ മൂഢന്‍ മാത്രമേ ഏകതാവാദം ഉന്നയിക്കുകയുള്ളൂ. മനുഷ്യനും അല്ലാഹുവും ഒന്നാവുക എന്നത് അസംഭവ്യമത്രേ. അതുകൊണ്ട് നീ അല്ലാഹുവിനെ ആരാധിക്കുക; അവനോട് മറ്റൊരാളെയും പങ്കു ചേര്‍ക്കരുത്.)
അല്‍ഫുതൂഹാത്തുല്‍ മക്കിയ്യയിലെ ഇരുനൂറ്റി തൊണ്ണൂറ്റിരണ്ടാം അധ്യായത്തില്‍ അശ്ശൈഖുല്‍ അക്ബര്‍(റ) പറയുന്നു: ചിലയാളുകള്‍ തെറ്റിദ്ധരിക്കുന്നതുപോലെ അവതാരവാദമോ ഏകതാവാദമോ ശരിയല്ല. അത് തെറ്റാണെന്നതിനുള്ള ഏറ്റവും വലിയ ഒരു തെളിവ് ചന്ദ്രന്റെ പ്രകാശമാണ്. സൂര്യന്റെ സ്വന്തം പ്രകാശം ചന്ദ്രനില്‍ തീരേയില്ല. സൂര്യന്‍ ഉടലോടെ നീങ്ങിവന്ന് ചന്ദ്രനില്‍ അവതരിച്ചിട്ടുമില്ല. സൂര്യന്റെ പ്രകാശം ചന്ദ്രനില്‍ പ്രതിബിംബിക്കുന്നു എന്നു മാത്രം. ഇതുപോലെത്തന്നെയാണ് മനുഷ്യന്‍; തന്റെ സ്രഷ്ടാവില്‍ നിന്നുള്ള ഒരംശവും അവനിലില്ല; ആ സ്രഷ്ടാവ് മനുഷ്യനിലവതരിക്കുക എന്നതും സംഭവിക്കാത്തതാകുന്നു.
നഹ്ജുര്‍റശാദ് ഫിര്‍റദ്ദി അലാ അഹ്‌ലില്‍വഹ്ദത്തി വല്‍ഹുലൂലി വലിത്തിഹാദ് എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ഉദ്ധരിക്കുകയാണ്: ശൈഖ് കമാലുദ്ദീന്‍ മറാഗി എന്നോട് തന്റെയൊരനുഭവം വിവരിച്ചു: ശൈഖ് അബുല്‍ അബ്ബാസില്‍ മുര്‍സി-സയ്യിദ് ശൈഖ് അബുല്‍ഹസനിശ്ശാദിലിയുടെ പ്രമുഖ ശിഷ്യനാണിദ്ദേഹം-ഒന്നിച്ച് ഞാന്‍ സന്ധിക്കുകയുണ്ടായി. ഏകതാവാദക്കാരെക്കുറിച്ച് ഞാന്‍ മഹാനവര്‍കളോട് അന്വേഷിച്ചു. അവരെ അതിരൂക്ഷമായി അദ്ദേഹം തള്ളിപ്പറയുന്നതാണ് ഞാന്‍ കണ്ടത്. അവരുടെ ഥരീഖത്തുമായി ബന്ധപ്പെടുന്നതിനെ നിരോധിച്ചുകൊണ്ടദ്ദേഹം സംസാരിക്കുകയും ചെയ്തു. സ്രഷ്ടാവു തന്നെ സൃഷ്ടിയാകുന്നത് എങ്ങനെ എന്നാണദ്ദേഹം ചോദിച്ചത്.
എന്നാല്‍ സ്വൂഫികളായ മഹാന്മാരുടെ ഗ്രന്ഥങ്ങളില്‍ ചില പരാമര്‍ശങ്ങള്‍ കാണാം. പ്രത്യക്ഷത്തില്‍ ഏകതാവാദവും അവതാരവാദവും നിഴലിക്കുന്നവയാണവ. അത്തരം പ്രസ്താവങ്ങള്‍ ഒന്നുകില്‍ അവരുടെ മേല്‍ വ്യാജമായി നിര്‍മിച്ചുണ്ടാക്കപ്പെട്ടതായിരിക്കും. അതിന്റെ തെളിവ്, ആ മഹാന്മാര്‍ വക്രവും ദുര്‍മാര്‍ഗാധിഷ്ഠിതവും ബുദ്ധിശൂന്യവുമായ ഈ വാദത്തെ പച്ചയായി എതിര്‍ത്തു എന്നതുതന്നെ. അവ നാം നേരത്തെ വ്യക്തമാക്കിയതാണല്ലോ. അല്ലെങ്കില്‍ അവ്യക്തമോ അസാധാരണമോ ആയ പരാമര്‍ശങ്ങള്‍ ആ ഗ്രന്ഥങ്ങളിലുണ്ടായിരിക്കാം; പക്ഷേ വക്രമായ കാഴ്ചപ്പാട് അവര്‍ വിചാരിച്ചിട്ടുപോലുമുണ്ടാകില്ല. തല്‍പരകക്ഷികള്‍ ആ അവസ്ഥ ചൂഷണം ചെയ്ത്, തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചിട്ടുണ്ടാവാം. എന്നിട്ട് ആ മഹാത്മാക്കളെ സത്യനിഷേധവും വ്യാജഭക്തിയുമൊക്കെപ്പറഞ്ഞ് അധിക്ഷേപിച്ചു.
എന്നാല്‍ വൈജ്ഞാനികലോകത്ത് സ്ഥിരപ്രതിഷ്ഠ നേടുകയും നിഷ്പക്ഷവും സൂക്ഷ്മവുമായ പഠനം നടത്തുകയും ചെയ്ത പണ്ഡിതമഹാരഥന്മാര്‍ അഹ്‌ലുസ്സുന്നത്തിവല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങളോടും വിശ്വാസസംഹിതയോടും അനുയോജ്യമാം വിധം ശരിയായ അര്‍ഥത്തില്‍ അവര്‍ ഗ്രഹിച്ചുവെച്ചിരിക്കുന്നു. സ്വൂഫികളെക്കുറിച്ചറിയപ്പെട്ട, സത്യവിശ്വാസത്തോടും ഭക്തിയോടും അനുസൃതമായ രീതിയില്‍ അവയുടെ വ്യാഖ്യാനങ്ങള്‍ അവര്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
ഇമാം ജലാലുദ്ദീന്‍ സുയൂഥി(റ) തന്റെ അല്‍ഹാവീയില്‍ എഴുതുന്നു: ഒരു യാഥാര്‍ഥ്യം നീ സഗൗരവം ഗ്രഹിച്ചിരിക്കണം-സൂക്ഷ്മജ്ഞാനികളായ ചില പണ്ഡിതന്മാരുടെ പ്രസ്താവങ്ങളില്‍ ‘ഇത്തിഹാദ്’ (ഏകത) എന്ന പദം പ്രയോഗിച്ചിട്ടുണ്ട്. എന്നാല്‍ യഥാര്‍ഥ തൗഹീദിനെ(1) സൂചിപ്പിച്ചാണ് അവരങ്ങനെ പറഞ്ഞിരിക്കുന്നത്. കാരണം ‘ഇത്തിഹാദ്’ എന്നതിന് അവര്‍ കല്‍പിക്കുന്ന അര്‍ഥം തൗഹീദില്‍ പാരമ്യം പുലര്‍ത്തുക(2) എന്നാണ്. തൗഹീദ് എന്നു വെച്ചാല്‍ ഏകനും ഒരുവനുമായ അല്ലാഹുവിനെ അറിയുക എന്നാണല്ലോ.(3) സ്വൂഫികളുടെ സൂചനകള്‍ മനസ്സിലാക്കാത്തവര്‍ക്ക് ഇത് വിവേചിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ ശരിയായ അര്‍ഥത്തിലല്ലാതെ അവരതിനെ വ്യവഹരിച്ചു. തന്മൂലം അവര്‍ അബദ്ധഗര്‍ത്തത്തില്‍ നിപതിക്കുകയും നാശമടയുകയും ചെയ്തു…
ഇമാം സുയൂഥി(റ) തുടരുന്നു: അപ്പോള്‍ അല്ലാഹുവും മനുഷ്യനും ഒന്നാവുക എന്ന അടിസ്ഥാനാര്‍ഥത്തിലുള്ള ‘ഏകതാവാദം’ അടിസ്ഥാനരഹിതവും അസംഭവ്യവുമാകുന്നു. ശരീഅത്തിന്റെ വീക്ഷണത്തിലും ബുദ്ധിയുടെ താല്‍പര്യമനുസരിച്ചും ജനങ്ങള്‍ക്കിടയിലെ നടപ്പു പ്രകാരവും എല്ലാം അത് തള്ളപ്പെടുന്നതാണ്. മുഴുവന്‍ പ്രവാചകന്മാരുടെയും സ്വൂഫീനേതാക്കളുടെയും മറ്റു പണ്ഡിതന്മാരുടെയും മുസ്‌ലിം ബഹുജനങ്ങളുടെയും ഏകകണ്ഠാഭിപ്രായത്തിലും അത് തിരസ്‌കൃതമത്രേ. ഈ ഏകതാവാദം സ്വൂഫികളുടെ അഭിപ്രായവും കാഴ്ചപ്പാടുമല്ല; തീവ്രവാദികളായ ഒരു വിഭാഗമാളുകളുടെ പക്ഷമാണത്. അവരുടെ വിവരശൂന്യതയും അല്ലാഹുവിനെക്കുറിച്ചറിയുന്നതിനുള്ള സൗഭാഗ്യരാഹിത്യവും നിമിത്തമാണ് ഇങ്ങനെ സംഭവിച്ചത്.
ഹ. ഈസാനബി(അ)യുടെ കാര്യത്തില്‍ ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നതിപ്രകാരമാണ്. യേശുക്രിസ്തുവിന്റെ മാനവികതയും യഹോവയുടെ ദിവ്യത്വവും ഏകതാരൂപം പ്രാപിച്ചു എന്ന് അവര്‍ ജല്‍പിക്കുന്നു.(1) എന്നാല്‍ അല്ലാഹുവിന്റെ പരിഗണനയും സംരക്ഷണവും ലഭിച്ചവരായ സ്വൂഫികളാരും ഇപ്പറഞ്ഞ ഏകതാവാദത്തിലോ അവതാരവാദത്തിലോ വിശ്വസിക്കുന്നില്ല. ‘ഇത്തിഹാദ്’ (ഏകത) എന്ന പദം അവരില്‍ നിന്ന് വന്നുപോയിട്ടുണ്ടെങ്കില്‍ അല്ലാഹുവിനെ പരമമായി സ്ഥിരപ്പെടുത്തലാണവരുടെ ഉദ്ദേശ്യം; തങ്ങള്‍ യാതൊന്നുമല്ലെന്നും.
സുയൂഥി(റ) തുടരുന്നു: ചിലപ്പോള്‍ ‘ഇത്തിഹാദ്’ (ഏകത) എന്ന പദം മറ്റൊരു ഉദ്ദേശ്യത്തിന് പറയും: അല്ലാഹുവിന്റെ നിയമങ്ങളോടുള്ള ലംഘനങ്ങള്‍ നശിച്ചുപോകും, യോജിപ്പുകള്‍ അവശേഷിച്ചുനില്‍ക്കും എന്നതാണത്. അതുപോലെത്തന്നെ ദുന്‍യാവില്‍ നിന്ന് സ്വന്തം ശരീരത്തിലുള്ള വിഹിതങ്ങള്‍, ദുഷിച്ച വിശേഷണങ്ങള്‍, സംശയാധിഷ്ഠിത കാര്യങ്ങള്‍, ദൈവസ്മരണയില്‍ നിന്നുള്ള അശ്രദ്ധ എന്നിവ നശിച്ചുപോകും; പകരമായി പരലോകകാര്യങ്ങളിലുള്ള അഭിനിവേശം, ശ്ലാഘനീയ വിശേഷണങ്ങള്‍, ദൃഢമായി പുലര്‍ത്തിയിരുന്ന വിശ്വാസങ്ങള്‍, അല്ലാഹുവിനെക്കുറിച്ച സ്മരണ എന്നിവ അവശേഷിക്കുന്നതാണ്.
‘എന്നെ ഞാന്‍ പരിശുദ്ധനാക്കുന്നു; എന്റെ കാര്യം എത്ര മഹത്തരമാണ്’ എന്ന് അബൂയസീദല്‍ ബിസ്ഥാമി ഉരുവിട്ടതായി പറയപ്പെടുന്നത് അല്ലാഹുവിന്റെ പ്രസ്താവത്തിന്റെ ഉദ്ധരണം(2) ആണ്. ‘അനല്‍ഹഖ്’ എന്നതും ഇങ്ങനെത്തന്നെ. പ്രത്യുത, അത്തരം മഹാന്മാരായ ആത്മജ്ഞാനികളെപ്പറ്റി അവര്‍ അവതാരവാദികളോ ഏകതാവാദികളോ ആയിരുന്നുവെന്ന് ഊഹിക്കപ്പെടുക പോലും ചെയ്യില്ല. കാരണം, അത്തരമൊരു മൗഢ്യം ഒരു സാധാരണ ബുദ്ധിമാനെക്കുറിച്ചുപോലും വിചാരിച്ചുകൂടാത്തതാണ്. പിന്നെയെങ്ങനെ ഉള്‍വിളികളും ദൃഢവിജ്ഞാനവും ദൃക്‌സാക്ഷ്യങ്ങളുമുള്ള വിശിഷ്ടന്മാരെ സംബന്ധിച്ച് അപ്രകാരം സങ്കല്‍പിക്കും? മികച്ച വിജ്ഞാനം, സല്‍ക്കര്‍മാനുഷ്ഠാനങ്ങള്‍, മനസ്സമരമുറകള്‍, ശരീഅത്തിന്റെ വിധിവിലക്കുകള്‍ പാലിക്കല്‍ മുതലായവ കൊണ്ട് തങ്ങളുടെ സമകാലികരേക്കാള്‍ വ്യതിരിക്തതയാര്‍ജിച്ച ബുദ്ധിമാന്മാരായ പണ്ഡിതരെക്കുറിച്ച്, ക്രിസ്ത്യാനികളെപ്പോലെ അവര്‍ക്ക് ഏകതാവതാരവാദത്തിലൂടെ തെറ്റ് സംഭവിച്ചു എന്ന് എങ്ങനെ പറയും? ഈസാ നബി(അ)യുടെ കാര്യത്തില്‍ ക്രിസ്ത്യാനികള്‍ അത്തരമൊരബദ്ധത്തില്‍ നിപതിക്കുകയായിരുന്നുവല്ലോ. ഇസ്‌ലാമില്‍ ഇങ്ങനെ വന്നുപോയത്, സ്വൂഫി ചമയുന്ന ജാഹിലുകളുടെ സംഭവങ്ങളില്‍ നിന്നായിരുന്നു. എന്നാല്‍ അധ്യാത്മജ്ഞാനത്തില്‍ ദാര്‍ഢ്യത നേടിയ പണ്ഡിതന്മാര്‍ ഇതില്‍ നിന്നെല്ലാം തീര്‍ത്തും പരിശുദ്ധരത്രേ.
ഇമാം സുയൂഥി(റ) പ്രതിപാദിക്കുന്നു: ‘ഇത്തിഹാദ്’ (ഏകത) എന്ന പദത്തിന് വ്യത്യസ്താര്‍ഥങ്ങളുണ്ട്. അവതാരം എന്നതിനോട് സദൃശമായ ദുഷിച്ച ആശയം പ്രകടിപ്പിക്കാന്‍ അതുപയോഗിക്കും; അത് സത്യനിഷേധമാണ്. സ്വൂഫികളുടെ ഒരു സാങ്കേതികപദം എന്ന നിലക്ക് അല്ലാഹുവുമായുള്ള മുനാജാത്തില്‍ വിലയം പ്രാപിക്കുക(1) എന്ന അര്‍ഥത്തിനും ഇതുപയോഗിക്കാറുണ്ട്. സാങ്കേതിക പദങ്ങള്‍ സ്വീകരിക്കുന്നതില്‍ ആക്ഷേപിക്കപ്പെടാവതല്ലല്ലോ. കാരണം ശരീഅത്തില്‍ കുഴപ്പമില്ലാത്ത ഒരാശയത്തിന് ഏതെങ്കിലും ഒരു പദമുപയോഗിക്കുന്നതിന് ആരെയെങ്കിലും തടയാന്‍ പറ്റുമോ? അങ്ങനെയാണെങ്കില്‍ ഇത്തിഹാദ് എന്ന പദം തന്നെ ആര്‍ക്കും ഉച്ചരിച്ചുകൂടെന്നുവരും.
‘എനിക്കും സുഹൃത്ത് സൈദുമിനടക്ക് ഏകത (ഇത്തിഹാദ്) ഉണ്ട്’ എന്ന് നിങ്ങള്‍ പറയാറില്ലേ? മുഹദ്ദിസുകള്‍, കര്‍മശാസ്ത്രപണ്ഡിതന്മാര്‍, വൈയാകരണന്മാര്‍ മുതലായവരൊക്കെ ഹദീസ്-ഫിഖ്ഹ്-നഹ്‌വ് സംബന്ധമായ ആശയങ്ങള്‍ക്ക് ആ പദം ഉപയോഗിക്കാറുണ്ടല്ലോ. ‘ഹദീസിന്റെ പ്രഭവത്തില്‍ ഇത്തിഹാദ് ഉണ്ട്’ എന്ന് മുഹദ്ദിസുകള്‍ പറയാറുണ്ട്. ‘കാലികളുടെ ജാതിയില്‍ ഇത്തിഹാദ് ഉണ്ടെ’ന്നത് ഫുഖഹാഇന്റെ(2) പ്രയോഗമാണ്. വ്യാകരണക്കാര്‍, പദത്തിലോ സങ്കല്‍പത്തിലോ ‘ആമിലി’ല്‍(3) ഇത്തിഹാദ് ഉണ്ട് എന്ന് പറയുമല്ലോ.(4)
അപ്പോള്‍ ദൃഢവിജ്ഞാനികളായ സ്വൂഫികളില്‍ നിന്ന് ഇത്തിഹാദ് എന്ന പദപ്രയോഗം വന്നിട്ടുണ്ടെങ്കില്‍, മുകളില്‍ സൂചിപ്പിച്ച വിലയവും, കാര്യങ്ങള്‍ മുഴുവന്‍ അല്ലാഹുവിന് സ്ഥാപിക്കലുമത്രേ അതിന്റെ വിവക്ഷ. എന്നല്ലാതെ ശരീരം ഭയന്നു വിറച്ചുപോകുന്ന അഭിശപ്താര്‍ഥമല്ല അതിനുള്ളത്. എന്റെ ശൈഖ് സയ്യിദ് അലിയ്യുബ്‌നു വഫാ തന്റെ ഒരു കവിതയില്‍ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്:
(അവര്‍ എന്നെക്കുറിച്ച് ഏകതാവാദിയും അവതാരവാദിയുമാണെന്ന് വിചാരിച്ചു. എന്റെ ഹൃദയമാകട്ടെ, തൗഹീദ് അല്ലാത്ത മറ്റെല്ലാറ്റില്‍ നിന്നും ശൂന്യമത്രേ.) ഈ പദ്യശകലത്തില്‍ സ്പഷ്ടമാകുന്നതുപോലെ ഇത്തിഹാദ് എന്ന പദത്തിന് അല്ലാഹുവുമായി ഏകത പ്രാപിച്ചു എന്ന അര്‍ഥകല്‍പനയില്‍ നിന്ന് മഹാന്‍ ഒഴിവായിരിക്കുകയാണ്. വേറെയൊരു പദ്യത്തിലദ്ദേഹം പറയുന്നു:
(കാര്യങ്ങള്‍ മുഴുവന്‍ എന്റെ കല്‍പന പ്രകാരമാണെന്ന് നീ അറിയണമെന്നാണ് റബ്ബ് പറയുന്നത്; അതിന്റെ പേരാണ് ഇത്തിഹാദ്.) ഇതിലദ്ദേഹം വ്യക്തമാക്കുന്നത് ഇതത്രേ: ഇത്തിഹാദ് എന്ന പദം അവര്‍ നിരുപാധികം ഉപയോഗിക്കുകയാണെങ്കില്‍, കാര്യങ്ങള്‍ മുഴുക്കെ അല്ലാഹുവിങ്കലേക്ക് ഭരമേല്‍പിക്കുക എന്ന അര്‍ഥത്തിലാണ് പ്രയോഗിക്കുക. അതുപോലെ സ്വന്തം ഇഷ്ടാനുസരണമുള്ള പ്രവര്‍ത്തനവും ഉദ്ദേശ്യങ്ങള്‍ നടപ്പാക്കലും ഉപേക്ഷിക്കണം; യാതൊരു പരാതിയും ആക്ഷേപവുമില്ലാതെ അല്ലാഹുവിന്റ വിധി-നിര്‍ണയങ്ങള്‍ക്ക് വിധേയമാകണം; ഏതൊരു കാര്യവും മറ്റൊരാളിലേക്ക് ചേര്‍ത്തുപറയാതിരിക്കുകയും വേണം.
സയ്യിദ് അലിയ്യുബ്‌നു വഫാ(റ)യില്‍ നിന്ന് ഇമാം ശഅ്‌റാനി(റ) ഉദ്ധരിക്കുന്നു: സ്വൂഫികളുടെ പ്രയോഗങ്ങളില്‍ ഇത്തിഹാദ് എന്ന പദം വന്നാല്‍, അല്ലാഹുവിന്റെ അഭീഷ്ടങ്ങളില്‍ അടിമ വിലയം പ്രാപിക്കുക എന്നാണ്. രണ്ട് സ്‌നേഹിതന്മാരില്‍ ഓരോരുത്തരും അപരന്റെ അഭീഷ്ടാനുസൃതം പ്രവര്‍ത്തിക്കുമ്പോള്‍, അവര്‍ക്കിടയില്‍ ‘ഇത്തിഹാദ്’ (ഐക്യം) ഉണ്ട് എന്ന് പറയുക പതിവാണല്ലോ. എന്നിട്ടദ്ദേഹം മേല്‍പറഞ്ഞ പദ്യം ചൊല്ലുകയുണ്ടായി.
ഇബ്‌നു ഖയ്യിമില്‍ ജൗസിയ്യ(റ) മദാരിജുസ്സാലികീന്‍ എന്ന ഗ്രന്ഥത്തിലെഴുതുന്നു: ‘…ഫനാഇന്റെ പദവികളില്‍ മൂന്നാമത്തേത്, ഔലിയാക്കളില്‍ വിശിഷ്ടരുടെയും മുഖര്‍റബുകളുടെ സാരഥികളുടെയും ഫനാഅ് (വിലയം) ആകുന്നു. അല്ലാഹു അല്ലാത്തവരെ കൈവിട്ട്, അവനല്ലാത്തവരെ ഉദ്ദേശിക്കുന്നതിനെവിട്ട്, ദിവ്യവിലയത്തിന്റെ മിന്നല്‍ പിണരുകള്‍ പ്രതീക്ഷിച്ച്, അവന്റെ അഭീഷ്ടവും സംതൃപ്തിയും ആവാഹിക്കുന്നതിന്റെ വഴിയില്‍ പ്രവേശിച്ചുകൊണ്ട് അവന്റെ സാമീപ്യത്തില്‍ വിലയിക്കലാണത്. താന്‍ സ്‌നേഹഭാജനത്തില്‍ നിന്ന് ഇങ്ങോട്ട് പ്രതീക്ഷിക്കുന്ന ആഗ്രഹങ്ങളെ വിട്ട്, അവന്‍ തന്നില്‍ നിന്ന് ഉദ്ദേശിക്കുന്നതെന്തോ അതില്‍ വിലയം പ്രാപിക്കണം; മറ്റുള്ളവരുടെ ഉദ്ദേശ്യങ്ങളെപ്പറ്റി പിന്നെ പറയേണ്ടതില്ലല്ലോ. സ്‌നേഹിക്കുന്നവന്റെയും സ്‌നേഹഭാജനത്തിന്റെയും താല്‍പര്യം അപ്പോള്‍ ഒന്നായിത്തീരും…
… സ്‌നേഹത്തിന്റെ പാരമ്യമെന്നാല്‍ സ്‌നേഹിക്കുന്നവന്റെയും സ്‌നേഹഭാജനത്തിന്റെയും താല്‍പര്യം ഒന്നാകലാണ്. സ്‌നേഹിക്കുന്നവന്റെ താല്‍പര്യങ്ങള്‍ സ്‌നേഹഭാജനത്തിന്റെ താല്‍പര്യങ്ങളില്‍ വിലയം പ്രാപിക്കലാണത്.(1) ഈ യോജിപ്പും വിലയവുമാണ് അനുരാഗികളിലെ വിശിഷ്ടന്മാരുടേത്. തങ്ങളുടെ സ്‌നേഹഭാജനത്തെ ആരാധിക്കുക വഴി മറ്റൊന്നിനെ ആരാധിക്കുന്നതിനെ വിട്ട് അവര്‍ വിലയം പ്രാപിച്ചു. അവനെ സ്‌നേഹിക്കുക, ഭയപ്പെടുക, ഭരമേല്‍പിക്കുക, അവനില്‍ സുപ്രതീക്ഷയര്‍പ്പിക്കുക, അവനോട് സഹായമര്‍ഥിക്കുക, കാര്യങ്ങള്‍ ചോദിക്കുക എന്നിവ കൊണ്ട്, അവനല്ലാത്തവരെ സ്‌നേഹിക്കുന്നതില്‍ നിന്ന് അവര്‍ വിലയം പ്രാപിച്ചിരിക്കുകയാണ്.
ഈ ഫനാഇ(വിലയം)ന്റെ പദവി ഒരാള്‍ സാക്ഷാല്‍ക്കരിച്ചുകഴിഞ്ഞാല്‍ പിന്നെ അല്ലാഹുവിന്റെ കാര്യങ്ങളില്‍ മാത്രമേ അവന്‍ സ്‌നേഹിക്കുകയും കോപിക്കുകയും സൗഹൃദം പുലര്‍ത്തുകയും ശത്രുത കാണിക്കുകയും ചെയ്യൂ. പടച്ചവനു വേണ്ടി മാത്രമേ അവന്‍ കൊടുക്കുകയും കൊടുക്കാതിരിക്കുകയും ചെയ്യൂ; അവനില്‍ മാത്രമേ സുപ്രതീക്ഷയര്‍പ്പിക്കൂ; അവനോടേ സഹായം തേടൂ. തത്സമയം അവന്റെ ദീന്‍ ആമൂലാഗ്രം, ഉള്ളും പുറവുമൊക്കെ അല്ലാഹുവിനു വേണ്ടിയുള്ളത് ആയിത്തീര്‍ന്നു. മറ്റുള്ള ഏതേത് വസ്തുക്കളുണ്ടെങ്കിലും അവയേക്കാളെല്ലാം അല്ലാഹുവും റസൂലും അവന് ഏറ്റം പ്രിയങ്കരരായിത്തീരുന്നതാണ്. അവരിരുവരോടും ശത്രുത വെക്കുന്നവരോട് അവന്‍ മൈത്രി പുലര്‍ത്തുന്നതല്ല, സൃഷ്ടികളില്‍ തന്നോട് ഏറ്റം സമീപസ്ഥനാണെങ്കില്‍ പോലും. എന്നല്ല
(മൈത്രിയുണ്ടാവില്ലെന്നു മാത്രമല്ല, മനുഷ്യരില്‍ നിന്ന് ആരൊക്കെ അല്ലാഹുവിനോടും റസൂലിനോടും ശത്രുത പുലര്‍ത്തുന്നുവോ അവരോട് മുഴുക്കെത്തന്നെ ഇവന്‍ ശത്രുത വെക്കും, ആത്മമിത്രമാണെങ്കില്‍ പോലും.)
ഈ അവസ്ഥയുടെ യാഥാര്‍ഥ്യമെന്താണെന്ന് പരിശോധിച്ചു നോക്കിയാല്‍ തന്റെ ദേഹേച്ഛകളെയും ശാരീരിക താല്‍പര്യങ്ങളെയും വിട്ട്, അല്ലാഹുവിനോടുള്ള ബാധ്യതകളും സംതൃപ്തിയും കൊണ്ട് അവന്‍ വിലയം പ്രാപിക്കലാകുന്നു. ഈ ആശയങ്ങളെയെല്ലാം ഒന്നടങ്കം സമാഹരിക്കുന്നതാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന സാക്ഷ്യത്തിന്റെ സ്ഥിരീകണം; അറിവ്, ആത്മജ്ഞാനം, കര്‍മാനുഷ്ഠാനങ്ങള്‍, അവസ്ഥകള്‍, മനോവിചാരങ്ങള്‍ എന്നിവയിലെല്ലാം സാക്ഷാല്‍കൃതമായിരിക്കേണ്ടതുണ്ട് ആ സാക്ഷ്യം. ഈ ശഹാദത്ത് കലിമ ഉള്‍ക്കൊണ്ടിരിക്കുന്ന സ്ഥിരീകരണവും നിഷേധവും(1) യഥാര്‍ഥത്തില്‍ വിലയവും ശേഷിപ്പുമാകുന്നു (ഫനാഅ്, ബഖാഅ്)-മറ്റേതെങ്കിലും വസ്തു ദൈവമാകുന്നതിനെ വിട്ട് വിലയം പ്രാപിക്കണം, അറിവിലും അംഗീകാരത്തിലും ആരാധനയിലുമെല്ലാം. ദൈവമായി അവശേഷിക്കുന്നത് അല്ലാഹു മാത്രമാകണം.
ഈ വിലയവും ശേഷിപ്പുമാകുന്നു തൗഹീദിന്റെ യാഥാര്‍ഥ്യം. പ്രവാചക ശ്രേഷ്ഠന്മാരെല്ലാം യോജിച്ചിരിക്കുന്നത് ഈ തൗഹീദിലാണ്. വാനലോക ഗ്രന്ഥങ്ങള്‍ അവതീര്‍ണമായിട്ടുള്ളത് ഇതിന്റെ സ്ഥിരീകരണത്തിനാകുന്നു. സൃഷ്ടികള്‍ പടക്കപ്പെട്ടതും മതനിയമസംഹിതകള്‍ക്ക് രൂപം നല്‍കപ്പെട്ടതും സ്വര്‍ഗത്തിന്റെ സ്തംഭങ്ങള്‍ നിര്‍മിക്കപ്പെട്ടതും സൃഷ്ടിപ്പും ദിവ്യാനുശാസനങ്ങളും സ്ഥാപിക്കപ്പെട്ടതും ഈ തൗഹീദിനു വേണ്ടിത്തന്നെ… സമ്പൂര്‍ണവും സത്യസന്ധവുമായ നിലയില്‍ തൗഹീദ് ഗ്രഹിക്കേണ്ട ഈ സ്ഥലത്താണ്, അല്ലാഹുവിന്റെ സാമീപ്യം ആഗ്രഹിക്കുന്ന മിക്കയാളുകള്‍ക്കും അബദ്ധം പിണഞ്ഞിരിക്കുന്നത്. അല്ലാഹുവിന്റെ സംരക്ഷണം ലഭിക്കുന്നവര്‍ മാത്രമാണ് സുരക്ഷിതര്‍. അവനെക്കൊണ്ടു മാത്രമേ സഹായവും സൗഭാഗ്യവും സുരക്ഷിതത്വവും ലഭിക്കൂ.(
ഇബ്‌നുല്‍ഖയ്യിം മറ്റൊരിടത്ത് പറയുന്നു: സമുന്നതമായ വിലയത്തിന്റെ പദവിയിലെത്താന്‍(3) ഒരാള്‍ ഉത്സാഹിക്കുകയാണെങ്കില്‍-അല്ലാഹു അല്ലാത്ത മറ്റാരെയെങ്കിലും ഉദ്ദേശിക്കുന്നതിനെ വിട്ടുള്ള വിലയമാണത്-ഖുര്‍ആനികമോ പ്രവാചകീയമോ ശരീഅത്ത്പരമോ മതപരമോ ആയ അവന്റെ ഉദ്ദേശ്യതാല്‍പര്യങ്ങളോട് സംഘട്ടനമുണ്ടാകുന്ന മറ്റു യാതൊരു ആഗ്രഹങ്ങളും മനസ്സിലവശേഷിക്കുകയില്ല; പ്രത്യുത രണ്ട് താല്‍പര്യങ്ങളും ഒന്നായിത്തീരും. അപ്പോള്‍, അല്ലാഹുവിന്റെ അഭീഷ്ടങ്ങളെന്തൊക്കെയാണോ അതു തന്നെയാകും അടിമയുടേതും. ഇതാണ് പവിത്ര സ്‌നേഹത്തിന്റെ യാഥാര്‍ഥ്യം. ഈ അവസ്ഥയിലാണ് ശരിയായ ഐക്യം ഉണ്ടാവുക. ആഗ്രഹിക്കപ്പെടുന്ന കാര്യത്തിലുള്ള(4) യോജിപ്പാണിത്; ആഗ്രഹിക്കുന്നവനിലോ ആഗ്രഹത്തിലോ ഉള്ള ഐക്യമല്ല.
ഇബ്‌നു തൈമിയ്യ സ്വൂഫികളുടെ പ്രതിയോഗിയും അവരുടെ കഠിന ശത്രുവുമാണെങ്കിലും ‘ഏകതാവാദ’ത്തിന്റെ വക്താക്കളാണ് എന്ന തെറ്റുധാരണയില്‍ നിന്ന് അദ്ദേഹം സ്വൂഫികളെ ഒഴിവാക്കിയിട്ടുണ്ട്. സുരക്ഷിതവും സത്യസന്ധവുമായ നിലയില്‍ അവരുടെ വാക്കുകള്‍ അദ്ദേഹം വ്യാഖ്യാനിക്കുകയും ചെയ്തിരിക്കുന്നു. ദുരാരോപണങ്ങളില്‍ നിന്ന് അവരെ മുക്തരാക്കിക്കൊണ്ട് ഇബ്‌നു തൈമിയ്യ എഴുതി: അല്ലാഹുവിനെക്കുറിച്ച് ജ്ഞാനമുള്ള ആളുകളിലാരും തന്നെ അല്ലാഹു തന്നിലോ മറ്റേതെങ്കിലും സൃഷ്ടിയിലോ അവതരിക്കുമെന്ന് വിശ്വസിക്കുന്നില്ല. താനും അല്ലാഹുവും ഒന്നാകുമെന്നും അവരാരും പറയുന്നില്ല. സമുന്നതരായ ആത്മജ്ഞാനികളിലാരില്‍ നിന്നെങ്കിലും അത്തരം വല്ലതും നിവേദനം ചെയ്യപ്പെട്ടതായി കേട്ടാല്‍ അതില്‍ ഭൂരിഭാഗവും വ്യാജനിര്‍മിതമാണെന്ന് മനസ്സിലാക്കണം. ഏകത്വവാദികളായ നുണയന്മാര്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണവ. പിശാച് അവരെ വഴി തെറ്റിക്കുകയും ക്രിസ്തീയരോട്(1) ചേര്‍ക്കുകയും ചെയ്തിരിക്കുന്നു.
മറ്റൊരിടത്ത് ഇബ്‌നു തൈമിയ്യ സ്പഷ്ടമായി പറഞ്ഞു: മതകാര്യങ്ങളില്‍ മാതൃകായോഗ്യരായ മുഴുവന്‍ ശൈഖുമാരും, പൂര്‍വകാലത്തെ മുസ്‌ലിം ഉമ്മത്തും അവരുടെ നേതാക്കളും ഏകകണ്ഠരായ ആശയത്തോട് യോജിക്കുന്നവരാണ്-അതായത് ‘മഹാനായ അല്ലാഹു സകല സൃഷ്ടികളോടും വ്യത്യസ്തനാണ്. അവന്റെ സൃഷ്ടികളില്‍ നിന്ന് യാതൊന്നും തന്നെ അവനിലില്ല. അവനില്‍ നിന്ന് എന്തെങ്കിലും ഒരംശം സൃഷ്ടികളിലുമില്ല. പണ്ടുപണ്ടേയുള്ളതിനെ പുതുതായുണ്ടായതില്‍ നിന്നും, സ്രഷ്ടാവിനെ സൃഷ്ടിയില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തിയേ പറ്റൂ.’ ഇതുസംബന്ധമായ അവരുടെ പ്രസ്താവങ്ങള്‍ ഇവിടെ ഉദ്ധരിക്കുവാന്‍ കഴിയാത്തത്രയധികമുണ്ട്.
സ്വൂഫീശ്രേഷ്ഠരുടെ സ്പഷ്ടമല്ലാത്ത പ്രസ്താവങ്ങള്‍ നല്ല നിലയില്‍ വ്യാഖ്യാനിക്കണമെന്നും ഇബ്‌നു തൈമിയ്യ പറഞ്ഞിട്ടുണ്ട്. ‘സ്‌നേഹിക്കുന്നവനും സ്‌നേഹിക്കപ്പെടുന്നവനും ഞാന്‍ തന്നെയാണ്’ എന്ന ഒരു കവിവാക്യത്തെ അദ്ദേഹം വ്യാഖ്യാനിക്കുന്നത്, കാല്‍പനികമായ ഏകതയാണതെന്നാണ്. രണ്ട് മിത്രങ്ങളുടെ ഐക്യം പോലെയാണിത്. ഒരാള്‍ ചെയ്യുന്നത് മറ്റേയാള്‍ക്കും ഇഷ്ടമായിരിക്കും; അല്ലെങ്കില്‍ അനിഷ്ടം. ഒരാള്‍ പറയുന്നത് തന്നെ മറ്റേയാളും പറയും; അയാള്‍ ചെയ്യുന്നത് ഇയാളും ചെയ്യും-തുല്യതയും സാദൃശ്യവുമാണ് ഇതിലുള്ളത്; ജഡികമായ ഏകതയല്ല. ഒരാള്‍ തന്റെ സ്‌നേഹഭാജനത്തില്‍ ആണ്ടിറങ്ങിക്കഴിയുമ്പോഴാണ് ഈ നിലയുണ്ടാവുക. തന്റെ സ്വന്തത്തെ കാണുന്നതിനെ കൈവിട്ടുതന്നെ അവന്‍ സ്‌നേഹഭാജനത്തില്‍ വിലയം പ്രാപിക്കും. മറ്റൊരു കവിവാക്യത്തില്‍ ഇങ്ങനെയുണ്ട്: ‘നീ കാരണമായി എന്നെ വിട്ട് ഞാന്‍ അപ്രത്യക്ഷനായി; അങ്ങനെ, നീയാണ് ഞാന്‍ എന്ന് എനിക്ക് തോന്നി.’ ഈ യോജിപ്പിനെപ്പറ്റിയാണ് സുഗ്രാഹ്യമായ ഇത്തിഹാദ് എന്ന് പറയുക.
ഈ ഗണത്തില്‍ പെട്ട എണ്ണമറ്റ ഉദ്ധരണികളിലൂടെ നമുക്ക് ഒരു കാര്യം സ്പഷ്ടമായി ഗ്രഹിക്കാന്‍ കഴിയും: സ്വൂഫികളായ മഹാന്മാരുടെ വാക്കുകളില്‍ ‘ഇത്തിഹാദ്’ (ഏകത) എന്ന പദം വന്നാല്‍ അഹ്‌ലുസ്സുന്നത്തിവല്‍ജമാഅത്തിന്റെ വിശ്വാസദര്‍ശനങ്ങളോട് അനുയോജ്യമാകുന്ന സുരക്ഷിതമായ അര്‍ഥമാണവ കൊണ്ടുദ്ദേശിക്കപ്പെടേണ്ടത്. അഹ്‌ലുസ്സുന്നത്തിവല്‍ജമാഅത്തിന്റെ വിശ്വാസപ്രമാണം മുറുകെപ്പിടിക്കുന്നവരും അതിനെ സംരക്ഷിക്കുന്നവരുമാണ് തങ്ങള്‍ എന്ന് അവര്‍ സ്പഷ്ടമാക്കിയിട്ടുണ്ട്. അവയോട് പ്രതികൂലമാകും വിധം അവരുടെ പ്രസ്താവങ്ങള്‍ക്ക് നാം അര്‍ഥകല്‍പന നല്‍കാന്‍ പാടില്ല. പക്ഷപാതരഹിതനായ ഒരാളാണെങ്കില്‍ സത്യവിശ്വാസികളെപ്പറ്റി നന്മയേ വിചാരിച്ചുകൂടൂ. ഋജുവും നിയമാനുസൃതവുമായ രീതിയിലേ അവരുടെ സംസാരങ്ങള്‍ വ്യാഖ്യാനിക്കാന്‍ പാടുള്ളൂ.
Leave A Comment