സൂഫിസം ഇസ്‌ലാംവിരുദ്ധമല്ല
ഇസ്ലാമെന്നാല്‍ കേവല ഭൗതികവീക്ഷണത്തിലൂന്നിയ ഒരു ജീവിത പദ്ധതിയാണെന്ന് ധരിച്ചവര്‍ക്ക് അതിന്റെ ആധ്യാത്മിക വശം അറിയണമെന്നില്ല. ഇത്തരക്കാര്‍ സൂഫിസം ഇസ്ലാം വിരുദ്ധമെന്ന് പ്രഖ്യാപിക്കുന്നതില്‍ ആശ്ചര്യപ്പെടാനുമാകില്ല. എന്നാല്‍ ഇസ്്‌ലാം കേവലം ഭൗതിക വീക്ഷണത്തിലൂന്നിയ ഒരു ജീവിത പദ്ധതി മാത്രമാണോ എന്നത് പഠനവിധേയമാക്കിയവര്‍ക്ക് അതിന്റെ ആധ്യാത്മികതയെ തള്ളിക്കളയാന്‍ കഴിയില്ല. ഇവിടെയാണ് സൂഫിസം ചര്‍ച്ചയ്ക്ക് വരുന്നത്. നിസ്‌കാരം, വ്രതം, ധര്‍മം തുടങ്ങിയ അനുഷ്ഠാനങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നിടത്തെല്ലാം വിശുദ്ധ ഖുര്‍ആന്‍ ഈ ആധ്യാത്മിക ലക്ഷ്യം സൂചിപ്പിക്കുന്നതായി കാണാം. നിങ്ങള്‍ ഭക്തി നേടാന്‍, സംസ്‌കാരമുള്ളവരാകാന്‍, ഉന്നതി നേടാന്‍, ശുദ്ധിനേടാന്‍ എന്നിങ്ങനെയാണ് കര്‍മങ്ങളുടെ ലക്ഷ്യമായി വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തിക്കൊണ്ടിരിക്കുന്നത്. ഇതെല്ലാം മനസില്‍ സംഭവിക്കേണ്ട പരിവര്‍ത്തനങ്ങളാണ്. ഇത് കേവലം കര്‍മശാസ്ത്ര വീക്ഷണത്തിന്റെ അപ്പുറത്തുള്ള പ്രശ്‌നവുമാണ്.
നിസ്‌കാരത്തിന്റെ ബാഹ്യമായ പ്രകടനങ്ങള്‍ ആചരിക്കുന്നവന്‍ ഇസ്്‌ലാമിക കര്‍മശാസ്ത്രത്തിന്റെ വീക്ഷണത്തില്‍ പരിപൂര്‍ണ മുസ്്‌ലിമാണ്. അവന്റെ മാനസികാവസ്ഥ കര്‍മശാസ്ത്രത്തിന്റെ വിധിക്കപ്പുറമാണ്. ഇവിടെയാണ് സൂഫികളുടെ സൂക്ഷ്മത കടന്നുവരുന്നത്. ഹസ്‌റത്ത് അബൂബക്കര്‍ (റ)വിന് ഒരാള്‍ അഹിതമായ മാര്‍ഗത്തിലൂടെ ലഭിച്ച പാല്‍ കുടിക്കാന്‍ നല്‍കി. അത് പരിപൂര്‍ണമായും പവിത്രമല്ലെന്ന് അറിഞ്ഞമാത്രയില്‍ വയറ്റിലെത്തിയ പാല്‍ കൈ തൊണ്ടയിലേക്കിറക്കി അബൂബക്കര്‍ (റ) മുഴുവന്‍ ഛര്‍ദിച്ചുകളഞ്ഞു. ഇത് കര്‍മശാസ്ത്രം പറയുന്നതിനപ്പുറമാണ്. അതേസമയം, കര്‍മശാസ്ത്രത്തിന്റെ താത്പര്യത്തിനെതിരാണെന്നും പറഞ്ഞുകൂടാ. കാരണം വിഷം എന്തായാലും വിഷം തന്നെയാണല്ലോ. അതിന്റെ ഫലം മാരകവുമായിരിക്കും.
ഹറാമും ഹലാലും കലര്‍ന്ന സമ്പാദ്യമുള്ളവനുമായി ഇടപാടുകള്‍ നടത്തുന്നത് ശരീഅത്ത് വിരുദ്ധമല്ല. അവന്റെ വശമുള്ള ഹലാലായ പണവുമായിട്ടാകാം തന്റെ ഇടപാട് എന്ന സാധ്യത പരിഗണിച്ചാണിത്. എന്നാല്‍ സൂഫീ വീക്ഷണത്തില്‍ ഈ ഇടപാട് തെറ്റാണ്. തിന്മകളുടെ സകല പഴുതുകളും അടക്കാനാണ് സൂഫി ശ്രമിക്കുക. പ്രവാചക സമ്പര്‍ക്കത്തിന്റെ അനുഗ്രഹം സിദ്ധിച്ച ഒന്നും രണ്ടും നൂറ്റാണ്ടുകള്‍ ഈ ധാര്‍മികതയില്‍ അതീവ ശ്രദ്ധാലുക്കളായിരുന്നതിനാല്‍ സൂഫിസം അഥവാ ആധ്യാത്മികത ഒരു സവിശേഷ സരണിയായി പ്രചരിച്ചില്ലായിരിക്കാം.
പ്രസിദ്ധ ദാര്‍ശനിക ചരിത്രകാരനായ ഇബ്‌നു ഖല്‍ദൂനിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: ”സൂഫിസം അഥവാ തസ്വവ്വുഫ് ഇസ്്‌ലാമില്‍ പുതുതായി വന്നുചേര്‍ന്നൊരു വിജ്ഞാന ശാഖയാണ്. എന്നാല്‍ ഈ വീക്ഷണത്തിന്റെ അടിസ്ഥാനം സ്വഹാബത്തിന്റെയും സമീപകാലക്കാരുടെയും വീക്ഷണത്തിലുള്ള സത്യമാര്‍ഗം തന്നെയാണ്. ആരാധനകളില്‍ നിരതരാവുകയും ഭൗതികാഡംബരങ്ങളില്‍ നിന്നും മോചനം നേടുകയും ചെയ്യുകയാണെന്നതാണിതിന്റെ താത്പര്യം”.
സ്ഥാനമോഹം, സമ്പത്ത്, ആസ്വാദനം തുടങ്ങിയ മഹാഭൂരിപക്ഷവും അംഗീകരിച്ചുവരുന്ന കാര്യങ്ങളില്‍ നിന്നും ഇവര്‍ അകലം പാലിക്കുന്നു. ഈ സ്വഭാവം സ്വഹാബികളില്‍ വ്യാപകമായിരുന്നു. എന്നാല്‍ ഹിജ്‌റ രണ്ടാം നൂറ്റാണ്ടിനു ശേഷം ഭൗതികത്വം മുന്നേറുകയും ജനങ്ങള്‍ അതിലേക്ക് ആകൃഷ്ടരാവുകയും ചെയ്തപ്പോള്‍ ആരാധനകളില്‍ മുഴുകിയവര്‍ സൂഫിയാക്കള്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി (മുഖദ്ദിമതു ഇബ്‌നു ഖല്‍ദൂന്‍ പേജ് 329).
ചുരുക്കത്തില്‍ ഭൗതികതയിലേക്ക് ജനങ്ങള്‍ പ്രവഹിക്കാന്‍ തുടങ്ങിയപ്പോള്‍ ആത്മീയതയില്‍ ഊന്നിയവര്‍ ഈ പേരില്‍ പ്രസിദ്ധരായി എന്ന്. ഇന്ന് സൂഫിസം വിമര്‍ശിക്കപ്പെടാന്‍ മുഖ്യകാരണം അപ്പേരിലുള്ള ഡ്യൂപ്ലിക്കേറ്റുകള്‍ തന്നെയാണെന്ന് പറയാം. തന്റെ താടിയില്‍ കയറിക്കൂടിയ ഉറുമ്പിനെ ഒഴിവാക്കാനായി ഉറുമ്പിന്‍ മാളത്തില്‍ താടിവച്ചുകൊടുത്ത സന്യാസിയുടെ അവസ്ഥയിലേക്ക് വ്യാജസൂഫിസം ഇന്ന് മാറിയിരിക്കുന്നു. അതിനാല്‍ തന്നെ സൂഫിസത്തിന്റെ പ്രസക്തിയും ചോദ്യം ചെയ്യപ്പെടുകയാണ്. സൂഫിസം അതിന്റെ തനിമയിലേക്ക് തിരിയലാണ് യഥാര്‍ത്ഥ പരിഹാരം. ഇത്തരം വ്യതിയാനങ്ങള്‍ സൂഫിസത്തെ പോലെ മറ്റുപല ധാര്‍മിക പ്രസ്ഥാനങ്ങളിലും വന്നുചേര്‍ന്നതാണെന്നതും വസ്തുതയാണ്.
ആത്മീയ ഗുരുവര്യരെ അനുകരിക്കലാണ് സൂഫിസത്തിന്റെ കര്‍മപദ്ധതി. ഇത്തരം ഒരു പദ്ധതി ഇമാം ഗസാലിയും ഇബ്‌നു ഖയ്യിമും അടക്കമുള്ളവര്‍ ഊന്നിപ്പറഞ്ഞ പ്രശ്‌നമാണ്. ഒരുകാലത്തെ ലളിതജീവിതത്തിന്റെ അടയാളമായിരുന്ന രോമവസ്ത്രം ധരിച്ചതുകൊണ്ടായിരിക്കാം ഇവര്‍ക്ക് സൂഫിയാക്കള്‍ എന്ന നാമം സിദ്ധിച്ചത്. മാനസിക തെളിവ് എന്നര്‍ഥമുള്ള സ്വഫാഇല്‍ നിന്നും ഈ നാമം ഉത്ഭവിക്കാന്‍ സാധ്യതയുണ്ട്. പദോല്‍പത്തിയുടെ കാരണമെന്തായാലും പ്രശ്‌നമില്ല. ഒറിജിനലുകള്‍ക്ക് മൂല്യമുള്ളപ്പോഴെല്ലാം വ്യാജ ഉല്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ സുലഭമാവുക പതിവാണ്. സൂഫിസത്തിലും ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
Leave A Comment