അധ്യായം 3. സൂറ ആലു ഇംറാന്‍ (Ayath 109-115) നിങ്ങൾ ഉത്തമ സമുദായം

വേദക്കാരെക്കുറിച്ചും മറ്റും സുപ്രധാനമായ പല കാര്യങ്ങളും കഴിഞ്ഞ പേജിലും മറ്റുമായി പറഞ്ഞുകഴിഞ്ഞു. അതെല്ലാം അല്ലാഹു വഹ്‍യ് മുഖേന അറിയിക്കുന്ന സത്യങ്ങളാണ്, ദൃഷ്ടാന്തങ്ങളാണ്. അതിലൊന്നും അസത്യം ഒട്ടുമേയില്ല.

 

വേദക്കാരുടേതുപോലെയുള്ള അനുഭവങ്ങള്‍ ഉണ്ടാകാതിരിക്കാനും,  സത്യത്തിന്‍റെ വഴി വ്യക്തമായി മനസ്സിലാക്കാനും വേണ്ട എല്ലാ തെളിവുകളും വിശദീകരണവും നിങ്ങള്‍ക്ക് നാം തന്നുകഴിഞ്ഞിട്ടുണ്ട്. ആരോടും യാതൊരു അനീതിയും കാണിക്കാന്‍ അല്ലാഹുവിന് ഉദ്ദേശ്യമേയില്ല. അതുകൊണ്ടാണ് ഇത്രയൊക്കെ ആവര്‍ത്തിച്ചും വിവരിച്ചും കാര്യങ്ങള്‍ പറയുന്നത് എന്നും കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞിരുന്നു.

 

ഇതെല്ലാം ശരിക്ക് മനസ്സിലാക്കി അല്ലാഹുവിനെ അംഗീകരിക്കുകയാണ് മനുഷ്യന്‍ ചെയ്യേണ്ടത്. പ്രപഞ്ചനാഥനാണ് അല്ലാഹുവെന്നും അവങ്കലേക്കാണ് എല്ലാറ്റിന്‍റെയും മടക്കമെന്നും തിരിച്ചറിഞ്ഞ്  നന്നായിത്തീരണം.

 

وَلِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۚ وَإِلَى اللَّهِ تُرْجَعُ الْأُمُورُ (109)

 

ഭുവന-വാനങ്ങളിലുള്ളതൊക്കെ അവന്‍റേതത്രേ. കാര്യങ്ങളെല്ലാം മടക്കപ്പെടുക അവങ്കലേക്കാകുന്നു. 

 

അടുത്ത ആത്ത് 110

 

കഴിയുന്നത്ര സൂക്ഷ്മത പാലിച്ച് ജീവിക്കാനും നന്മയിലേക്ക് ആളുകളെ ക്ഷണിക്കാനും വേണ്ടാത്തരങ്ങള്‍ക്കെതിരെ പ്രതികരിക്കാനും നമുക്കുള്ള ഉത്തരവാദിത്തം പറഞ്ഞുമനസ്സിലാക്കിത്തരികയാണിനി.

 

തിരുനബി صلى الله عليه وسلم സര്‍വ പ്രവാചകരേക്കാളും ശ്രേഷ്ഠരാണ്. അവിടത്തെ ഉമ്മത്ത് ഏറ്റവും ഉല്‍കൃഷ്ട സമുദായവുമാണ്. ഇമാം ബൂസ്വീരി(رحمه الله) പറഞ്ഞതുപോലെ, നമ്മുടെ തിരുനബി صلى الله عليه وسلم യെ അല്ലാഹു 'ഏറ്റം ശ്രേഷ്ഠരായ റസൂല്‍' എന്ന് വിളിച്ചതിനാല്‍ നാം ഏറ്റവും ശ്രേഷ്ഠരായ സമുദായമായിരിക്കുന്നു.

 

മറ്റു സമൂഹങ്ങള്‍ക്ക് മാതൃകയാകേണ്ടതും മുസ്‌ലിം സമുദായംതന്നെ. പക്ഷേ, അതിന് അല്ലാഹു ചില ഉപാധികള്‍ വെച്ചിട്ടുണ്ട്. ‘നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യണം.’ എന്നുവെച്ചാല്‍, ആ ഗുണങ്ങള്‍ നിലവിലുള്ളപ്പോഴേ നിങ്ങള്‍ ഉത്തമ സമുദായമാകൂ എന്ന് താല്‍പര്യം.

 

 كُنْتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنْكَرِ وَتُؤْمِنُونَ بِاللَّهِ ۗ وَلَوْ آمَنَ أَهْلُ الْكِتَابِ لَكَانَ خَيْرًا لَهُمْ ۚ مِنْهُمُ الْمُؤْمِنُونَ وَأَكْثَرُهُمُ الْفَاسِقُونَ(110)

 

നിങ്ങള്‍ മാനവതക്കു വേണ്ടി ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെട്ട ഉത്തമ ജനവിഭാഗമത്രേ. നന്മ കല്‍പിക്കുകയും തിന്മനിരോധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും വേണം നിങ്ങള്‍. വേദക്കാര്‍ സത്യവിശ്വാസം കൈക്കൊള്ളുന്നുവെങ്കില്‍ അവര്‍ക്കത് ഉദാത്തമായേനെ. അവരില്‍ വിശ്വാസികള്‍ ഉണ്ട്, എന്നാല്‍ മിക്കവരും അധര്‍മികളത്രേ.

 

സവിശേഷ സമുദായമായ നമുക്ക് ചില പ്രത്യേക ഉത്തരവാദിത്തങ്ങളുണ്ട്. ജനങ്ങളുടെ നന്മക്കു വേണ്ടിയാണ് അല്ലാഹു നമ്മളെ നിയോഗിച്ചിരിക്കുന്നത്. ഇഹലോകനന്മയും പരലോകനന്മയും ഇതിലുള്‍പെടും. അതുകൊണ്ടുതന്നെ മാതൃകായോഗ്യമായ ജീവിതമാണ് നമ്മള്‍ നയിക്കേണ്ടത്.

 

സ്വയം നന്നായാല്‍ മാത്രം പോരാ, മറ്റുള്ളവരെക്കൂടി നന്നാക്കണം. നന്മ  ഉപദേശിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യണം. അല്ലാഹുവില്‍ അടിയുറച്ച വിശ്വാസമുണ്ടായിരിക്കണമെന്ന് പ്രത്യേകം പറയേണ്ടതുമില്ലല്ലോ.

 

ഈ ആയത്ത് ഓതിയിട്ട് ഉമര്‍ (رضي الله عنه) പറഞ്ഞത്രേ: ‘ഹേ മനുഷ്യരേ, ഇപ്പറഞ്ഞ സമുദായത്തില്‍ ഉള്‍പ്പെടുന്നത് ആര്‍ക്കെങ്കിലും സന്തോഷമാണെങ്കില്‍, അല്ലാഹു നിശ്ചയിച്ച നിബന്ധന പാലിച്ചുകൊള്ളട്ടെ’ (ഇബ്‌നുജരീര്‍)

 

ഈ നിബന്ധനകള്‍ പാലിച്ചിരുന്ന കാലത്ത്, ഈ സമുദായം  ലോകത്തിന്‍റെ നേതൃനിരയിലുണ്ടായിരുന്നു, എല്ലാവര്‍ക്കും മാതൃകയായിരുന്നു. പിന്നീടതെല്ലാം കൈമോശം വന്നുപോയി.

 

നന്മ ഉപദേശിക്കുന്നതുപോകട്ടെ, സ്വയം തന്നെ നന്മകള്‍ ചെയ്യാതെയായി. തിന്മകള്‍ വിരോധിച്ചില്ലെന്നു മാത്രമല്ല, അതില്‍ മുഴുകുകയാണ് ചെയ്തത്. അധികാരമോഹത്തിന്‍റെയും ഭൗതിക താല്‍പര്യങ്ങളുടെയും പിറകെ പോയപ്പോള്‍ ഈ നിബന്ധനകളെല്ലാമവര്‍ കാറ്റില്‍പറത്തി. അല്ലാഹുവിലുള്ള വിശ്വാസം നാമമാത്രമായി മാറി.

 

അല്ലാഹുവിനെ സൂക്ഷിക്കണമെന്ന് എന്നോടാരെങ്കിലും പറഞ്ഞാല്‍ അവന്‍റെ കഴുത്ത് വെട്ടുമെന്ന്, മിമ്പറില്‍ കയറി പ്രസംഗിക്കാന്‍ വരെ ധൈര്യം കാണിച്ച മുസ്‌ലിം ഭരണാധികാരികളുണ്ടായി!

 

വന്നുവന്നിപ്പോള്‍ മറ്റുള്ള സമുദായങ്ങളെ മാതൃകയാക്കാനും ഫോളോ ചെയ്യാനുമാണ് മുസ്‍ലിം സമുദായം ഉത്സാഹിക്കുന്നത്. അന്തസ്സും അഭിമാനവും ഐഡന്‍റിറ്റിയും നഷ്ടപ്പെട്ടു. തിക്തഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.  

 

ആയത്തിന്‍റെ അടുത്ത ഭാഗത്ത്, ഈ സമുദായത്തിന്‍റെ ഉല്‍കൃഷ്ട ഗുണങ്ങളായ സത്യവിശ്വാസം, നന്മ ഉപദേശിക്കല്‍, തിന്മ വിരോധിക്കല്‍ എന്നിവ ചെയ്യാത്ത വേദക്കാരെ ആക്ഷേപിച്ചിരിക്കുകയാണ്. അതാണ് وَلَوْ آمَنَ أَهْلُ الْكِتَابِ എന്ന് പറഞ്ഞതിന്‍റെ താല്‍പര്യം.

 

അവരില്‍ ചുരുക്കം ചിലര്‍ സത്യവിശ്വാസം സ്വീകരിച്ചിട്ടുണ്ടെന്ന് എടുത്തുപറയുകയും ചെയ്യുന്നുണ്ട്.

 

مِنْهُمُ الْمُؤْمِنُونَ وَأَكْثَرُهُمُ الْفَاسِقُونَ

മനസ്സാക്ഷിയുള്ള ചിലരെങ്കിലും വേദക്കാരിലുണ്ടെങ്കിലും മിക്കവരും സത്യനിഷേധികള്‍ തന്നെയാണ്.

 

അബ്ദുല്ലാഹിബ്‌നു സലാം رضي الله عنه ഇപ്പറഞ്ഞ ചുരുക്കം ചിലരില്‍ പെട്ട സ്വഹാബിയാണ്. യഹൂദികളുടെ നേതൃത്വവും ഭൗതിക നേട്ടങ്ങളും വലിച്ചെറിഞ്ഞ് അദ്ദേഹം തിരുനബി صلى الله عليه وسلم യുടെ സന്നിധിയിലെത്തി മുസ്‍ലിമായി. അദിയ്യുബ്‌നു ഹാത്തിം, നജാശി മുതലായ ചിലരും സത്യവിശ്വാസം സ്വീകരിച്ച വേദക്കാരാണ്.

 

പൂര്‍വ പ്രവാചകന്മാരുടെ പിന്‍ഗാമികളും വിശ്വാസികളുമാണ് തങ്ങളെന്ന് അവര്‍ ഊറ്റംകൊള്ളുന്നുണ്ടെങ്കിലും, അവരുടെ വിശ്വാസവും ആചാരങ്ങളുമെല്ലാം പിഴച്ചതാണ്. അതുകൊണ്ട്, തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിച്ച് യഥാര്‍ത്ഥ സത്യവിശ്വാസികളാവുകയാണവര്‍ ചെയ്യേണ്ടത്. അങ്ങനെ ചെയ്യുകയാണെങ്കില്‍ അവരും ഈ ഉത്തമ സമുദായത്തിലെ കണ്ണികളാകുമായിരുന്നു.

 

അടുത്ത ആയത്ത് 111

 

ഇസ്‌ലാമിനോടും സത്യവിശ്വാസികളോടും  കടുത്ത അസൂയയും ശത്രുതയും കൊണ്ടുനടക്കുന്നവരാണ് വേദക്കാര്‍. എന്നുവെച്ച് അവരെ പേടിച്ച് ജീവിക്കുകയൊന്നും വേണ്ട എന്നാണ് അല്ലാഹു സത്യവിശ്വാസികളോട് പറയുന്നത്. ചില്ലറ ശല്യം ഉണ്ടാക്കുമെന്നല്ലാതെ മുസ്‌ലിംകള്‍ക്ക് ഉപദ്രവം വരുത്താനുള്ള കഴിവും ധൈര്യവുമൊന്നും അവര്‍ക്കില്ല. ചീത്ത പറയുക, വഴിയില്‍ കല്ലോ മുള്ളോ വലിച്ചിടുക പോലെയുള്ള ചില്ലറ ഉപദ്രവങ്ങള്‍...

 

എങ്ങാനും യുദ്ധത്തിനുവന്നാല്‍തന്നെ പിന്‍തിരിഞ്ഞോടുകയേ ഉള്ളൂ. നിങ്ങളെ പരാജയപ്പെടുത്താനൊന്നും ഒരിക്കലുമവര്‍ക്ക് സാധ്യമല്ല.

 

ഖൈനുഖാഅ്, നളീര്‍, ഖുറൈള (قينقاع، نضير، قريظة) എന്നീ യുദ്ധങ്ങള്‍ നടന്നപ്പോള്‍ മദീനയിലെ യഹൂദികളും, ഖൈബറില്‍വെച്ച് അവിടെയുള്ള യഹൂദികളും പരാജയപ്പെട്ട് പിന്തിരിഞ്ഞോടിയത് ചരിത്രമാണല്ലോ. ഈ ആയത്ത് പുലര്‍ന്നത് മുസ്‍ലിംകള്‍ നേരിട്ട് കാണുകയായിരുന്നു അവിടങ്ങളിലെല്ലാം.

 

 لَنْ يَضُرُّوكُمْ إِلَّا أَذًى ۖ وَإِنْ يُقَاتِلُوكُمْ يُوَلُّوكُمُ الْأَدْبَارَ ثُمَّ لَا يُنْصَرُونَ (111)

 

ചില്ലറ ശല്യങ്ങളേല്‍പിക്കുകയെന്നല്ലാതെ നിങ്ങളെ ഉപദ്രവിക്കുകയൊന്നുമില്ല അവര്‍ (ഉപദ്രവിക്കാനവര്‍ക്ക് കഴിയില്ല). നിങ്ങളോടേറ്റുമുട്ടുകയാണെങ്കില്‍ അവര്‍ പിന്തിരിഞ്ഞോടുക തന്നെ ചെയ്യും; പിന്നീട് ഒരുവിധ സഹായവും അവര്‍ക്കു ലഭ്യമാവുകയില്ല.

 

ഇസ്‌ലാമിക ആദര്‍ശങ്ങളെ മാന്യമായി നേരിടാന്‍ ഇത്തരം പിന്തിരിപ്പന്‍ ശക്തികള്‍ക്ക് ഒരിക്കലും കഴിയില്ല. ഇന്നത്തെ കാലത്തും നമ്മളത് കണ്ടുകൊണ്ടിരിക്കുകയാണ്. പഴകിപ്പുളിച്ച കുറെ ആരോപണങ്ങള്‍ വീണ്ടും വീണ്ടും ഉന്നയിക്കുമെന്നല്ലാതെ അടിസ്ഥാനപരമായി ഇസ്‍ലാമികാദര്‍ശത്തോട് ഏറ്റുമുട്ടുന്ന പ്രവണത പൊതുവെ കാണാറില്ലല്ലോ.

അടുത്ത ആയത്ത് 112

 

അല്ലാഹുവിന്‍റെ കോപത്തിനു പാത്രീഭൂതരായ ജൂതന്മാര്‍ യഥാര്‍ത്ഥത്തില്‍ ഹീനരും പതിതരും നിസ്സാരരുമാണ്; സ്വന്തം കാലില്‍ നിവര്‍ന്നുനില്‍ക്കാന്‍ കഴിയാത്ത വിധം നിസ്സഹായര്‍. പടച്ചവന്‍റെയും ജനങ്ങളുടെയും തണലിലേ അവര്‍ക്കു നിലനില്‍പുള്ളൂ. അമേരിക്കയുടെയും യൂറോപ്പിന്‍റെയും മറ്റും ഓരം ചാരിയാണ് ലോക ജൂതായിസം ഇന്ന് നിലനില്‍ക്കുന്നതെന്ന് ഓര്‍ക്കണം.

 

അതേസമയം, അല്ലാഹു നിശ്ചയിച്ചതു പ്രകാരം അച്ചടക്കത്തോടെ, പ്രശ്നങ്ങളൊന്നുമുണ്ടാക്കാതെ മുന്നോട്ടുപോകാന്‍ അവര്‍ സന്നദ്ധരാണെങ്കില്‍, ന്യായമായ അവകാശങ്ങള്‍ വകവെച്ചുകൊടുത്ത് മാന്യമായി ജീവിക്കാന്‍ നിങ്ങളവര്‍ക്ക് അവസരമൊരുക്കുകതന്നെ വേണം. അവരോട് അതിക്രമം കാണിക്കരുത്.

 

ضُرِبَتْ عَلَيْهِمُ الذِّلَّةُ أَيْنَ مَا ثُقِفُوا إِلَّا بِحَبْلٍ مِنَ اللَّهِ وَحَبْلٍ مِنَ النَّاسِ وَبَاءُوا بِغَضَبٍ مِنَ اللَّهِ وَضُرِبَتْ عَلَيْهِمُ الْمَسْكَنَةُ ۚ ذَٰلِكَ بِأَنَّهُمْ كَانُوا يَكْفُرُونَ بِآيَاتِ اللَّهِ وَيَقْتُلُونَ الْأَنْبِيَاءَ بِغَيْرِ حَقٍّ ۚ ذَٰلِكَ بِمَا عَصَوْا وَكَانُوا يَعْتَدُونَ (112)

എവിടെയാണുള്ളതെങ്കിലും ഹീനത്വം അവരില്‍ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു. അല്ലാഹുവിങ്കലും ജനങ്ങളിലും നിന്നുള്ള പിടികയറില്ലാതെ അവര്‍ക്കു ഗത്യന്തരമില്ല. അല്ലാഹുവിന്‍റെ ക്രോധവും കൊണ്ടവര്‍ തെറിച്ചുപോയിരിക്കയാണ് (മടങ്ങിയിരിക്കുന്നു). പതിത്വവും അവരിലടിച്ചേല്‍പിക്കപ്പെട്ടിട്ടുണ്ട്. അവര്‍ ദൈവിക ദൃഷ്ടാന്തങ്ങള്‍ നിഷേധിക്കുകയും യാതൊരു ന്യായീകരണവുമില്ലാതെ പ്രവാചകന്മാരെ കൊല്ലുകയും ചെയ്തിരുന്നതിനാലും അനുസരണരാഹിത്യവും അതിക്രമവും കാട്ടിയതിനാലുമാണത്.

 

إِلابِحَبْلٍ مِن اَلَّله وَحَبْلٍ مِن اَلنَّاسِ - അല്ലാഹുവിങ്കലും ജനങ്ങളിലും നിന്നുള്ള എന്തെങ്കിലുമൊരു പിടികയറില്ലാതെ അവര്‍ക്കു ഗത്യന്തരമില്ല, അവരുടെ സപ്പോര്‍ട്ടില്ലാതെ ഈ നിന്ദ്യതയില്‍ നിന്നൊരിക്കലും രക്ഷപ്പെടാന്‍ സാധ്യമല്ല എന്ന് സാരം. പ്രശ്നങ്ങളൊന്നുമുണ്ടാക്കാതെ നല്ല നിലക്ക് ജീവിക്കാന്‍ താല്പര്യപ്പെടുന്നുവെങ്കില്‍ അത് വകവെച്ചുകൊടുക്കണം. പിന്നീട് അവരോട് അതിക്രമം കാണിക്കരുതെന്ന് സാരം.

 

ഒന്നുകില്‍ സത്യവിശ്വാസം സ്വീകരിക്കുക, അല്ലെങ്കില്‍ മുസ്‌ലിംകളുമായി സഖ്യത്തിലേര്‍പ്പെട്ട് സമാധാനപരമായി ജീവിക്കുക – ഇതെല്ലാം ഈ പിടികയറിന് ഉദാഹരണങ്ങളായി മനസ്സിലാക്കാവുന്നതാണ്.

 

ഇവ്വിധം അല്ലാഹുവിന്‍റെ കോപത്തിന് വിധേയരാകാനുള്ള കാരണങ്ങളായി, സൂറത്തുല്‍ ബഖറ 61-ാം വചനത്തില്‍ പറഞ്ഞ അതേ കാരണങ്ങള്‍ തന്നെയാണ് അല്ലാഹു ഇവിടെയും പറഞ്ഞത്.

അതായത്, അല്ലാഹുവിന്‍റെ ആയാത്തുകള്‍ നിഷേധിച്ചതും അന്യായമായി  പ്രവാചകന്‍മാരെ വധിച്ചതും. ഇങ്ങനെ ചെയ്യാനവരെ പ്രേരിപ്പിച്ചതോ, കടുത്ത അനുസരണക്കേടും അതിക്രമ മനോഭാവവും.

ഇവരുടെ ചരിത്രം പരിശോധിച്ചാല്‍ ഈ വസ്തുതകളെല്ലാം ബോധ്യമാകും.

ഇസ്‌ലാമിനു മുമ്പ്, ഇറാഖിലെയും റോമിലെയും സാമ്രാജ്യശക്തികളുടെ കീഴില്‍, അവരുടെ മര്‍ദ്ദനമേറ്റും കപ്പം കൊടുത്തും ദീര്‍ഘകാലം കഴിയേണ്ടി വന്നു. ഇസ്‌ലാമിക ഭരണം നിലവില്‍ വന്നപ്പോള്‍, അതിനും കീഴിലും കപ്പം കൊടുത്തും സമാധാന ഉടമ്പടികള്‍ ചെയ്തും ജീവിക്കേണ്ടി വന്നു.

മുസ്‌ലിം ഭരണം ഇല്ലാതായ ശേഷവും പലയിടങ്ങളിലും പല രാഷ്ട്രങ്ങളിലുമായി അന്തസ്സോടെ ജീവിക്കാനവര്‍ക്ക്  സാധിച്ചിട്ടില്ല.

മറ്റാരുടെയെങ്കിലും സപ്പോര്‍ട്ടോ ഔദാര്യമോ ഇല്ലാതെ, സ്വന്തം നിലക്ക് മാന്യവും സ്വതന്ത്രവുമായി നിലകൊള്ളാനോ, സ്വന്തമായി ഭരണാധികാരം സ്ഥാപിക്കാനോ  കഴിഞ്ഞിട്ടില്ല.

ഏതാനും വര്‍ഷം മുമ്പ് ഇസ്‌റാഈല്‍ എന്നപേരില്‍ ഫലസ്തീനില്‍ ഒരു രാഷ്ട്രം അവര്‍ സ്ഥാപിച്ചിട്ടുണ്ടെന്നത് ശരിതന്നെ. പക്ഷേ, അതിന്‍റെ ഉത്ഭവവും നിലനില്‍പുമൊക്കെ അമേരിക്ക പോലെയുള്ള വന്‍ശക്തികളുടെ സഹായവും സപ്പോര്‍ട്ടും കൊണ്ടാണെന്ന് പകല്‍വെളിച്ചം പോലെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.

അല്ലാഹുവിന്‍റെയും മനുഷ്യരുടെയും പിടികയറില്ലാതെ, നിന്ദ്യതയില്‍ നിന്നവര്‍ക്ക് രക്ഷയില്ല എന്ന് റബ്ബ് പറഞ്ഞത് എത്ര ഫിറ്റാണല്ലേ!

ലോകരാജ്യങ്ങള്‍ പലതും അനുഭാവപൂര്‍വമായ സമീപനമല്ല ഈ രാജ്യത്തോട് സ്വീകരിക്കുന്നത്. പൊതുവെ അനിഷ്ടത്തോടെയും വെറുപ്പോടെയുമാണ് ആ രാജ്യത്തെ ലോകജനത നോക്കിക്കാണുന്നതും.

അടുത്ത ആയത്ത് 113

 

സത്യസന്ധരും സന്മാര്‍ഗ നിഷ്ഠരുമായ വേദക്കാരെ അല്ലാഹു പുകഴ്ത്തുകയാണിനി.

 

വേദക്കാരെക്കുറിച്ച് ഇത്രയും പറഞ്ഞതില്‍ നിന്ന് അവരെല്ലാവരും മോശക്കാരാണെന്ന് ധരിക്കരുത്. നല്ലവരും ഭയഭക്തി കാത്തുസൂക്ഷിക്കുന്നവരും അവരുടെ കൂട്ടത്തിലുണ്ട്. തിരുനബിصلى الله عليه وسلم  യെ അംഗീകരിക്കുകയും ഇസ്‌ലാം സ്വീകരിക്കുകയും രാത്രികാലങ്ങളില്‍ നമസ്‌കാരങ്ങളില്‍ മുഴുകി ഖുര്‍ആന്‍ ഓതുകയും ചെയ്യുന്നവരുണ്ട്. അവര്‍ക്ക് അല്ലാഹു തക്കപ്രതിഫലം നല്‍കുക തന്നെ ചെയ്യും.

 

ജൂതപണ്ഡിതരായിരുന്ന അബ്‍ദുല്ലാഹിബ്‌നു സലാം, അസദുബ്‌നു ഉബൈദ്, സഅ്‌ലബതുബ്‌നു സഅ്‌ന رضي الله عنهم  മുതലായവര്‍ ഉദാഹരണം.

 

ഇബ്‌നു അബ്ബാസ്, മുഖാതില്‍(رحمهما الله) മുതലായവര്‍ പറയുന്നു: അബ്‍ദുല്ലാഹിബ്‌നു സലാം, സഅ്‌ലബതുബ്‌നു സഅ്‌ന, ഉസൈദുബ്‌നു സഅ്‌ന, അസദുബ്‌നു ഉബൈദ് رضي الله عنهم  തുടങ്ങിയ ജൂതപണ്ഡിതര്‍ ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി. ഇതറിഞ്ഞപ്പോള്‍ ജൂതപുരോഹിതര്‍ പ്രതികരിച്ചത്രേ: 'മുഹമ്മദിനെ വിശ്വസിച്ച ഇവര്‍ കേവലം ഹീനന്മാര്‍ മാത്രമാണ്. ഞങ്ങളുടെ കൂട്ടത്തിലെ മോശക്കാരായ ആളുകള്‍ മാത്രമാണ് മുഹമ്മദില്‍ വിശ്വസിച്ചത്. അവര്‍ മാന്യന്മാരായിരുന്നെങ്കില്‍ പിതാക്കളുടെ മതം കൈവിടുമായിരുന്നില്ല.' പിന്നീട് അവരോട് നേരിട്ടും ജൂതന്മാര്‍ ഇങ്ങനെ പറഞ്ഞുവത്രേ. തല്‍സമയമാണ് ഈ സൂക്തം അവതരിച്ചത്.

 

لَيْسُوا سَوَاءً ۗ مِنْ أَهْلِ الْكِتَابِ أُمَّةٌ قَائِمَةٌ يَتْلُونَ آيَاتِ اللَّهِ آنَاءَ اللَّيْلِ وَهُمْ يَسْجُدُونَ (113)

 

വേദക്കാര്‍ എല്ലാവരും തുല്യരല്ല-രാത്രി സമയങ്ങളില്‍ നമസ്‌കരിച്ചുകൊണ്ട് ദിവ്യസൂക്തങ്ങളോതുന്ന ഋജുമാനസരായൊരു കൂട്ടരും അവരിലുണ്ട്.

 

അടുത്ത ആയത്തി് 114

വേദക്കാരിലെ നല്ലവരെപ്പറ്റിയുള്ള പ്രശംസ തുടരുകയാണ്.

അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണവര്‍. എല്ലാ വേദക്കാരുംം പൊതുവെ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുണ്ടെന്നത് ശരിതന്നെ. പക്ഷേ, ശിര്‍ക്ക് കലര്‍ത്തിയാണെന്നു മാത്രം. ഉസൈര്‍ അല്ലാഹുവിന്‍റെ മകനാണെന്ന് പറഞ്ഞവര്‍ അവരുടെ കൂട്ടത്തിലുണ്ട്. ഇവരങ്ങനെയല്ല. ശരിയായി വിശ്വസിക്കുന്നവരാണ്.

അന്ത്യനാളിനെക്കുറിച്ചുള്ള വിശ്വാസവും അങ്ങനെതന്നെ. അവര്‍ക്ക് അവരുടേതായ ചില വിശ്വാസങ്ങളാണ് അന്ത്യനാളുമായി ബന്ധപ്പെട്ടുള്ളത്. അതൊന്നും ഖുആനിന്‍റെ താല്പര്യങ്ങളോട് യോജിക്കുന്നതല്ല. പക്ഷേ, ഈ ആളുകള്‍ അങ്ങനെയല്ല, ശരിയായ വിശ്വാസം സ്വീകരിച്ചവരാണ്.

നന്മ ഉപദേശിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവരാണവര്‍. സത്യം മൂടിവെക്കുക, സ്വന്തം താല്‍പര്യത്തിനനുസരിച്ച് സത്യം വളച്ചൊടിക്കുക, തിന്മ കണ്ടാല്‍ മൗനം ദീക്ഷിക്കുക - ഇതൊന്നും അവരുടെ രീതിയല്ല.

നല്ല കാര്യങ്ങളില്‍ വളരെ ഉത്സാഹപൂര്‍വം മുന്നോട്ടുവരുന്നവരുമാണവര്‍.

يُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنْكَرِ وَيُسَارِعُونَ فِي الْخَيْرَاتِ وَأُولَٰئِكَ مِنَ الصَّالِحِينَ (114)

അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും നന്മ കല്‍പിക്കുകയും തിന്മ നിരോധിക്കുകയും പുണ്യകര്‍മങ്ങളില്‍ അഹമഹമികയാ മുന്നോട്ടുവരികയും ചെയ്യും അവര്‍. ആ വിഭാഗക്കാര്‍ സദ്‌വൃത്തരില്‍ പെട്ടവരത്രേ

 

വേദക്കാരിലെ ബഹുഭൂരിഭാഗവും ഇപ്പറഞ്ഞ ഗുണങ്ങളില്ലാത്തവരാണ്. അതുകൊണ്ടാണ് അവരെപ്പറ്റി (110 ആം വചനത്തില്‍) وَأَكْثَرُهُمُ الْفَاسِقُونَ (അവരിലധിക പേരും അധര്‍മകാരികളാണ്) എന്ന് പറഞ്ഞത്.

നേരെ മറിച്ച്, നല്ലവരെപ്പറ്റി وَأُولَٰئِكَ مِنَ الصَّالِحِينَ (അവര്‍ സദ്‌വൃത്തരില്‍ പെട്ടവരാണ്) എന്നാണ് അല്ലാഹു സാക്ഷ്യപ്പെടുത്തിയത്. മാത്രമല്ല, അവര്‍ ചെയ്യുന്ന ഏത് നല്ല കാര്യവും- അതെത്ര ചെറുതായാലും ശരി- അല്ലാഹു പാഴാക്കുകയില്ലെന്നും, നന്ദിപൂര്‍വ്വം സ്വീകരിച്ച് പ്രതിഫലം നല്‍കുമെന്നും അടുത്ത ആയത്തില്‍ അറിയിക്കുകയും ചെയ്യുന്നു.

അടുത്ത ആയത്ത് 115

 وَمَا يَفْعَلُوا مِنْ خَيْرٍ فَلَنْ يُكْفَرُوهُ ۗ وَاللَّهُ عَلِيمٌ بِالْمُتَّقِينَ (115)

എന്തു നന്മയനുവര്‍ത്തിക്കുന്നുവെങ്കിലും അവര്‍ക്കത് നിഷേധിക്കപ്പെടുകയില്ല. ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തുന്നവരെക്കുറിച്ച് അല്ലാഹു നന്നായി അറിയുന്നവനത്രേ.

 

-----------------------

 ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter