അധ്യായം 4. സൂറത്തുന്നിസാഅ് - (Ayath 24-26) വിവാഹബന്ധം അനുവദനീയമായവർ

പല കാരണങ്ങളാലും വിവാഹം കഴിക്കാന്‍ പാടില്ലാത്തവര്‍ (മഹ്റമുകള്‍) ആരൊക്കെയാണെന്നാണല്ലോ കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞിരുന്നത്. അതിലൊന്നും ഉള്‍പെടാത്ത, പക്ഷേ, അന്യരുടെ വിവാഹ ബന്ധത്തിലിരിക്കുന്ന സത്രീകളെയും കല്യാണം കഴിക്കരുത് എന്നാണിനി പറയുന്നത്.  

 

وَالْمُحْصَنَاتُ مِنَ النِّسَاءِ إِلَّا مَا مَلَكَتْ أَيْمَانُكُمْ ۖ كِتَابَ اللَّهِ عَلَيْكُمْ ۚ وَأُحِلَّ لَكُمْ مَا وَرَاءَ ذَٰلِكُمْ أَنْ تَبْتَغُوا بِأَمْوَالِكُمْ مُحْصِنِينَ غَيْرَ مُسَافِحِينَ ۚ فَمَا اسْتَمْتَعْتُمْ بِهِ مِنْهُنَّ فَآتُوهُنَّ أُجُورَهُنَّ فَرِيضَةً ۚ وَلَا جُنَاحَ عَلَيْكُمْ فِيمَا تَرَاضَيْتُمْ بِهِ مِنْ بَعْدِ الْفَرِيضَةِ ۚ إِنَّ اللَّهَ كَانَ عَلِيمًا حَكِيمًا (24)

ഭര്‍തൃമതികളെയും നിങ്ങള്‍ വിവാഹം ചെയ്തുകൂടാ; എന്നാല്‍ സ്വന്തം ഉടമത്വത്തില്‍ വന്നു ചേരുന്ന അടിമസ്ത്രീകള്‍ക്ക് കുഴപ്പമില്ല. അല്ലാഹു നിയമമാക്കിയതാണിതെല്ലാം. മേല്‍പറഞ്ഞവരല്ലാത്ത വനിതകളെ സ്വന്തം ധനം വിവാഹമൂല്യം നല്‍കി ദാമ്പത്യജീവിതമുദ്ദേശിച്ചും മ്ലേച്ഛവൃത്തിക്കല്ലാതെയും കാംക്ഷിക്കുന്നത് നിങ്ങള്‍ക്കനുവദനീയമാണ്. അങ്ങനെ അവരില്‍ നിന്നു നിങ്ങള്‍ സുഖമനുഭവിച്ചാല്‍ ഒരു ബാധ്യതയായി വിവാഹമൂല്യം നല്‍കണം; ഇനി അതു നിര്‍ണയിച്ചു കഴിഞ്ഞ ശേഷം പരസ്പര സംതൃപ്തിയോടെ വല്ല വിട്ടുവീഴ്ചയും ചെയ്യുന്നതിന്നു കുഴപ്പമില്ല. നിശ്ചയം, അല്ലാഹു ഏറ്റം അറിയുന്നവനും യുക്തിമാനുമത്രെ.

 

وَالْمُحْصَنَاتُ مِنَ النِّسَاءِ

‘തടുക്കുക, സൂക്ഷിക്കുക’ എന്നൊക്കെ ഭാഷാര്‍ഥമുള്ള اِحْصَان ല്‍ നിന്ന് നിഷ്പന്നമായതാണ് مُحْصَنَة, مُحْصِنْ എന്നിവ. കോട്ടക്ക് حِصْنْ എന്ന് പറയാറുണ്ടല്ലോ.

ഈ ആയത്തില്‍ കാണുന്ന الْمُحْصَنَات എന്ന വാക്ക്,  مُحْصَنَةഎന്നതിന്‍റെ ബഹുവചനമാണ്. مُحْصِنِين എന്നത്  مُحْصِن  എന്നതിന്‍റെ ബഹുവചനവും.

ദുര്‍വൃത്തിയിലകപ്പെടുന്നത് കാത്തുസൂക്ഷിക്കുക, അതായത് ചാരിത്ര്യ ശുദ്ധി സംരക്ഷിക്കുക എന്ന അര്‍ത്ഥത്തിലാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ആ വാക്കുകള്‍ ഉപയോഗിക്കുന്നത്.

സന്ദര്‍ഭമനുസരിച്ച് ഇതിന്‍റെ ഉദ്ദേശ്യം മാറാവുന്നതുമാണ്. ‘സ്വതന്ത്രന്‍, വിവാഹിതന്‍, ചാരിത്ര്യശുദ്ധിയുള്ളവന്‍ എന്നെല്ലാം സന്ദര്‍ഭോചിതം അര്‍ത്ഥം വരാം. ഇതെപ്പോഴും ശ്രദ്ധിക്കണം.

വിശുദ്ധ ഖുര്‍ആനില്‍ ഒന്നിലധികം ഉദ്ദേശ്യത്തില്‍ اِحْصَانْ എന്ന് ഉപയോഗിച്ചിട്ടുണ്ട്. ഇമാം റാസി (رحمه الله) യും മറ്റും അത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉദാഹരണമായി:

(1) ഈ സൂറയില്‍ 25-ആം ആയത്തിലും 24:4 ലും കാണുന്ന الْمُحْصَنَات കൊണ്ടുദ്ദേശ്യം സ്വതന്ത്രകളായ സ്ത്രീകള്‍ എന്നാണ്.

(2) ഈ ആയത്തിലെ (24 ലെ) مُحْصِنِين യും, അടുത്ത ആയത്തിലെ مُحْصنَات ഉം ചാരിത്ര്യം സൂക്ഷിക്കുന്ന പുരുഷന്മാര്‍/സ്ത്രീകള്‍ എന്ന അര്‍ത്ഥത്തിലാണ്.

(3) ഈ ആയത്തില്‍ (24 ല്‍) കാണുന്ന الْمُحْصَنَاتُ ന്‍റെ ഉദ്ദേശ്യം, വിവാഹിതരായ സ്ത്രീകള്‍ എന്നാണ്. അതായത്, ഒരു വിവാഹത്തിലിരിക്കുന്ന സ്ത്രീകളെ മറ്റൊരാള്‍ക്ക് വിവാഹം കഴിക്കലും നിഷിദ്ധമാണ് എന്നര്‍ത്ഥം. കാരണം, ആദ്യത്തെ രണ്ടര്‍ത്ഥങ്ങളിലുള്ളവരെ (സ്വതന്ത്രകളെയും ചാരിത്ര്യ ശുദ്ധിയുള്ളവരെയും) വിവാഹം കഴിക്കുന്നതിന് യാതൊരു വിരോധവുമില്ലല്ലോ.

إِلاَّ مَا مَلَكت أَيْمَانُكمْ

വിശുദ്ധ ഖുര്‍ആനിന്‍റെ അവതരണ കാലത്ത് അടിമകളും അടിമസ്ത്രീകളും സാര്‍വത്രികമായിരുന്നുവല്ലോ. തിരുനബി صلى الله عليه وسلم യുടെ വരവിന് വളരെ മുമ്പേ നിലവിലുള്ളതാണത്.

كِتَابَ اللَّهِ عَلَيْكُمْ ۚ

അല്ലാഹു നിയമമാക്കിയതാണിതെല്ലാം. ഭേദഗതി ചെയ്യാന്‍ ആര്‍ക്കും  അധികാരമില്ല.

وَأُحِلَّ لَكُمْ مَا وَرَاءَ ذَٰلِكُمْ أَنْ تَبْتَغُوا بِأَمْوَالِكُمْ مُحْصِنِينَ غَيْرَ مُسَافِحِينَ ۚ

മേല്‍ പറയപ്പെട്ട വിഭാഗങ്ങളിലൊന്നും പെടാത്ത സ്ത്രീകളെ, സ്വന്തം ധനം വിവാഹമൂല്യം നല്‍കി, ദാമ്പത്യജീവിതമുദ്ദേശിച്ചും മ്ലേച്ഛവൃത്തിക്കല്ലാതെയും നിങ്ങള്‍ക്ക് വിവാഹം ചെയ്യാവുന്നതാണ്.

ഇങ്ങനെ അനുവദിക്കപ്പെട്ടിരിക്കുന്നത് എന്തിനുവേണ്ടിയാണെന്നും, അത് ഉപയോഗപ്പടുത്തുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണമെന്നുകൂടി അല്ലാഹു ഓര്‍മിപ്പിച്ചിരിക്കുന്നു.

വിവാഹം കഴിക്കണമെങ്കില്‍ സ്ത്രീകള്‍ക്ക് അനുയോജ്യമായ മഹ്ര്‍ നല്‍കണം. അവരുടെ ചെലവുകള്‍ വഹിക്കുകയും വേണം.

നിങ്ങളുടെ ചാരിത്ര്യശുദ്ധിയും മാനമര്യാദയും കാത്തുസൂക്ഷിക്കാന്‍ വേണ്ടി, യോജിച്ച സ്ത്രീകളെ അന്വേഷിച്ചുകണ്ടെത്തി വിവാഹം കഴിക്കുകയാണ് വേണ്ടത്.

 

أَنْ تَبْتَغُوا بِأَمْوَالِكُمْ

സ്വന്തം ധനം കൊണ്ട് എന്ന് പറഞ്ഞതും പ്രത്യേകം ശ്രദ്ധിക്കണം. അതിന് കഴിയുന്നവന്‍ കല്യാണം കഴിച്ചാല്‍ മതി. അല്ലെങ്കില്‍ നോമ്പ് നോല്‍ക്കട്ടെയെന്നും അതൊരു പരിചയാണ് എന്നുമാണല്ലോ തിരുനബി صلى الله عليه وسلم പറഞ്ഞത്.

مُحْصِنِينَ غَيْرَ مُسَافِحِينَ

സ്ത്രീകളെ അന്വേഷിക്കുന്നത് വിവാഹത്തിനായിരിക്കണം, ദാമ്പത്യമുദ്ദേശിച്ചായിരിക്കണം; വ്യഭിചാരത്തിനാവരുത്.

നിയമാനുസൃതം കല്യാണം കഴിച്ച് ഭാര്യമാരെ വേശ്യാവൃത്തിക്ക് ഉപയോഗപ്പെടുത്തുന്ന രീതി ഇന്നും പലയിടത്തും കാണാമല്ലോ.

فَمَا اسْتَمْتَعْتُمْ بِهِ مِنْهُنَّ فَآتُوهُنَّ أُجُورَهُنَّ فَرِيضَةً ۚ

മഹ്‌റിന്‍റെ കാര്യം പ്രത്യേകം ഓര്‍മിപ്പിക്കുകയാണ്. അനുവദനീയ മാര്‍ഗത്തിലൂടെ നിങ്ങള്‍ വരിക്കുന്ന ഭാര്യമാര്‍ക്ക് മഹ്ര്‍ കൊടുക്കണം. അത് കൊടുത്തുതീര്‍ക്കല്‍ നിര്‍ബന്ധ ബാധ്യതയാണ്.

أُجُور കൊണ്ട് ഇവിടെ ഉദ്ദേശ്യം മഹ്‌റാണ്. സ്ത്രീകളെ അനുഭവിക്കുന്നതിനു പകരമായി നല്‍കപ്പെടുന്ന ഒരു പാരിതോഷികമാണല്ലോ മഹ്ര്‍. അതാണതിന് പ്രതിഫലം എന്നു പറയാന്‍ കാരണം.

وَلَا جُنَاحَ عَلَيْكُمْ فِيمَا تَرَاضَيْتُمْ بِهِ مِنْ بَعْدِ الْفَرِيضَةِ،

മഹ്‌റിന്‍റെ കാര്യം വളരെ പ്രധാനപ്പെട്ടതുതന്നെ. എന്നാലും, അത് നിശ്ചയിച്ചു കഴിഞ്ഞശേഷം ഇരുകൂട്ടരും പരസ്പരം തൃപ്തിപ്പെട്ട്, അതില്‍ വല്ല വിട്ടുവീഴ്ചയും ചെയ്യുകയാണെങ്കില്‍ അതിന് കുഴപ്പമൊന്നുമില്ല.

 

ഭാര്യമാരുടെ ഭാഗത്തുനിന്നു മഹ്‌റില്‍ വല്ലതും വിട്ടുകൊടുക്കുന്ന പക്ഷം അത് സ്വീകരിക്കാമെന്നാണ് മുമ്പ് 4-ആം വചനത്തില്‍ പറഞ്ഞത്. ഇവിടെ, വിട്ടുവീഴ്ച രണ്ട് ഭാഗത്തു നിന്നും ആവാമെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ്.

സൂറത്തുല്‍ ബഖറ 237 ലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എന്നാലും, ഭര്‍ത്താവിന്‍റെ ഭാഗത്തുനിന്നാണ് കൂടുതല്‍ ഔദാര്യം പ്രകടമാകേണ്ടത് എന്നുകൂടി അവിടെ അല്ലാഹു പ്രത്യേകം ഉണര്‍ത്തിയിട്ടുണ്ട്.

إِنَّ اللَّهَ كَانَ عَلِيمًا حَكِيمًا

എങ്ങനെയൊക്കെയാണ് നിങ്ങള്‍ക്ക് ജീവിതവിജയം കൈവരിക്കാനാവുക എന്ന് നല്ലവണ്ണം അറിയുന്ന, യുക്തിമാനായ അല്ലാഹുവാണ് ഇങ്ങനെയെല്ലാം നിയമമാക്കിയത്. ലംഘിച്ചാല്‍ ദോഷം നിങ്ങള്‍ക്കുതന്നെയാണെന്ന് സൂചന.

അടുത്ത ആയത്ത് 25

സ്വതന്ത്ര സ്ത്രീകളെ വിവാഹം ചെയ്യുമ്പോള്‍, അടിമസ്ത്രീകള്‍ക്ക് കൊടുക്കുന്നതിലേറെ കൂടുതല്‍ മഹ്ര്‍ നല്‍കേണ്ടിവരുമേല്ലാ. മറ്റുള്ള ബാധ്യതകളും അങ്ങനെത്തന്നെ. അതുകൊണ്ട്, സ്വതന്ത്രകളെ വിവാഹം കഴിക്കാന്‍ പറ്റുന്ന സാമ്പത്തിക ശേഷയില്ലാതാവുകയും, വിവാഹം അത്യാവശ്യമായിവരികയും ചെയ്യുന്നവര്‍ക്ക് സത്യവിശ്വാസിനികളായ അടിമസ്ത്രീകളെ വിവാഹം കഴിക്കാവുന്നതാണ്. ഇതാണിനി പറയുന്നത്.

 

وَمَنْ لَمْ يَسْتَطِعْ مِنْكُمْ طَوْلًا أَنْ يَنْكِحَ الْمُحْصَنَاتِ الْمُؤْمِنَاتِ فَمِنْ مَا مَلَكَتْ أَيْمَانُكُمْ مِنْ فَتَيَاتِكُمُ الْمُؤْمِنَاتِ ۚ وَاللَّهُ أَعْلَمُ بِإِيمَانِكُمْ ۚ بَعْضُكُمْ مِنْ بَعْضٍ ۚ فَانْكِحُوهُنَّ بِإِذْنِ أَهْلِهِنَّ وَآتُوهُنَّ أُجُورَهُنَّ بِالْمَعْرُوفِ مُحْصَنَاتٍ غَيْرَ مُسَافِحَاتٍ وَلَا مُتَّخِذَاتِ أَخْدَانٍ ۚ فَإِذَا أُحْصِنَّ فَإِنْ أَتَيْنَ بِفَاحِشَةٍ فَعَلَيْهِنَّ نِصْفُ مَا عَلَى الْمُحْصَنَاتِ مِنَ الْعَذَابِ ۚ ذَٰلِكَ لِمَنْ خَشِيَ الْعَنَتَ مِنْكُمْ ۚ وَأَنْ تَصْبِرُوا خَيْرٌ لَكُمْ ۗ وَاللَّهُ غَفُورٌ رَحِيمٌ (25)

 

സ്വതന്ത്രസത്യവിശ്വാസിനികളെ വിവാഹം ചെയ്യാന്‍ നിങ്ങളിലൊരാള്‍ക്ക് സാമ്പത്തികശേഷിയില്ലെങ്കില്‍ സത്യവിശ്വാസിനികളായ അടിമസ്ത്രീകളിലാരെയെങ്കിലും വരിക്കാം. നിങ്ങളുടെ വിശ്വാസം സംബന്ധിച്ച് അല്ലാഹു നന്നായറിയുന്നവനാകുന്നു. ചിലര്‍ മറ്റു ചിലരില്‍ നിന്നുണ്ടായവരാണു നിങ്ങള്‍. അതുകൊണ്ട് അവരുടെ രക്ഷിതാക്കളുടെ സമ്മതത്തോടെ അവരെ വരിക്കുകയും വിവാഹമൂല്യം മാന്യമായി നല്‍കുകയും ചെയ്യുക. രഹസ്യവേഴ്ചക്കാരെ സ്വീകരിക്കാത്തവരും വേശ്യകളുമല്ലാത്ത ചാരിത്ര്യവതികളാകണം അവര്‍. ഇനി വിവാഹാനന്തരം വല്ല ഹീനകൃത്യത്തിലും ഏര്‍പ്പെട്ടാല്‍ സ്വതന്ത്ര കന്യകകള്‍ക്കുള്ള വ്യഭിചാരശിക്ഷയുടെ പാതിയാണ് ആ ദാസിക്കുണ്ടാവുക. നിങ്ങളില്‍ നിന്ന് വ്യഭിചാരം ഭയപ്പെടുന്നവര്‍ക്കാണ് ഈ അനുവാദം; ക്ഷമകൈക്കൊള്ളുകയത്രേ നിങ്ങള്‍ക്കുത്തമം. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാമയനുമത്രേ.

مُحْصنَات എന്ന പദം കൊണ്ടുദ്ദേശിക്കപ്പെടുന്ന വ്യത്യസ്ത അര്‍ത്ഥങ്ങളെക്കുറിച്ച് തൊട്ടുമുമ്പ് പറഞ്ഞല്ലോ. ഈ ആയത്തില്‍ ആദ്യത്തെ ആ വാക്ക് സ്വതന്ത്രകളായ സ്ത്രീകള്‍ എന്ന ഉദ്ദേശ്യത്തിലും, രണ്ടാമത്തേത് പതിവ്രതകളായ സ്ത്രീകള്‍ എന്ന ഉദ്ദേശ്യത്തിലുമാണ് ഉപയോഗിച്ചിരിക്കുന്നത്.

യുവതി, ദാസി, അടിമസ്ത്രീ എന്നൊക്കെ അര്‍ത്ഥമുള്ള فَتَاة ന്‍റെ ബഹുവചനമാണ് فَتَيَات. ‘നിങ്ങളുടെ അടിമസ്ത്രീകള്‍’ എന്നു പറഞ്ഞതിന്‍റെ ഉദ്ദേശ്യം, നിങ്ങളുടെ കൂട്ടത്തില്‍ വര്‍ത്തിച്ചുവരുന്ന സത്യവിശ്വാസിനികളായ അടിമ സ്ത്രീകള്‍ എന്നാണ്.

 وَاللَّهُ أَعْلَمُ بِإِيمَانِكُمْ

സത്യവിശ്വാസിനികളാണോ എന്ന് അവരുടെ ബാഹ്യാവസ്ഥ നോക്കി മനസ്സിലാക്കിയാല്‍ മതി. മനസ്സിലുള്ളതെന്താണെന്ന് അല്ലാഹുവിന് മാത്രമല്ലേ അറിയൂ. സ്വതന്ത്ര സ്ത്രീകളേക്കാള്‍ എത്രയോ നല്ല ഈമാനുള്ള അടിമസ്ത്രീകളുമുണ്ടാകാമല്ലോ.

ഇവര്‍ മറ്റൊരാളുടെ ഉടമസ്ഥതയിലായതുകൊണ്ടോ മറ്റോ മോശമാണെന്ന് കരുതി അവരെ വിവാഹം ചെയ്യാതിരിക്കേണ്ടതില്ല. കാരണം, അവരും സത്യം വിശ്വസിച്ചവരാണല്ലോ. കുലീനതയെക്കാളും കുടുംബമാഹാത്മ്യത്തേക്കാളുമൊക്കെ സത്യവിശ്വാസത്തിനാണല്ലോ വില കല്‍പിക്കേണ്ടത്.

بَعْضُكُمْ مِنْ بَعْضٍ

അടിമസ്ത്രീകളെ കല്യാണം കഴിക്കുന്നതുകൊണ്ട് മോശത്തരമോ ലജ്ജയോ തോന്നേണ്ടതില്ല. കാരണം, നിങ്ങളില്‍ ചിലര്‍ മറ്റു ചിലരില്‍ നിന്നുണ്ടായവരാണല്ലോ.

മനുഷ്യര്‍ എന്ന നിലക്ക് നിങ്ങളെല്ലാവരും തുല്യരാണ്; എല്ലാവരും അല്ലാഹുവിന്‍റെ അടിമകള്‍. മനുഷ്യരില്‍ തന്നെ ചിലര്‍ സ്വതന്ത്രര്‍, മറ്റുചിലര്‍ അടിമകള്‍ എന്ന വ്യവസ്ഥിതിയൊക്കെ ലോകക്രമത്തില്‍ വന്നു കൂടിയതും അടിച്ചേല്‍പ്പിക്കപ്പെട്ടതുമാണ് എന്ന് താല്‍പര്യം.

فَانْكِحُوهُنَّ بِإِذْنِ أَهْلِهِنَّ

യജമാനന്‍റെ സമ്മതം എന്തായാലും വേണം, കാരണം കല്യാണം കഴിഞ്ഞാല്‍ ഭര്‍ത്താവിന്‍റെ കൂടെ നില്‍ക്കേണ്ടിവരുമല്ലോ, അതിന് ഇവരുടെ അനുമതി നിര്‍ബന്ധമാണുതാനും.

അടിമസ്ത്രീകളെ വിവാഹം ചെയ്തുകൊടുക്കേണ്ടത് അവരുടെ ഉടമസ്ഥന്മാര്‍ ആണ്. ഇനി, അടിമസ്ത്രീയുടെ ഉടമ ഒരു സ്ത്രീ ആണെങ്കില്‍, ആ സ്ത്രീയെ വിവാഹം ചെയ്തുകൊടുക്കാന്‍ അവകാശപ്പെട്ട ആള്‍, ആ ഉടമയുടെ അനുവാദത്തോടുകൂടി, ഈ അടിമസ്ത്രീയെ വിവാഹം ചെയ്തുകൊടുക്കണം.

وَآتُوهُنَّ أُجُورَهُنَّ بِالْمَعْرُوفِ

അടിമസ്ത്രീകളെ വിവാഹം ചെയ്യുകയാണെങ്കിലും മര്യാദയനുസരിച്ച് മഹ്ര്‍ കൊടുക്കണം.

مُحْصَنَاتٍ غَيْرَ مُسَافِحَاتٍ وَلَا مُتَّخِذَاتِ أَخْدَانٍ ۚ

അവര്‍ ചാരിത്ര്യവതികളായിരിക്കണം. വേശ്യകളല്ലാത്തവരായിരിക്കണം.

രഹസ്യവേഴ്ചക്കാരെ സ്വീകരിക്കാത്തവരുമായിരിക്കണം.

പരസ്യമായി വ്യഭിചാരം ചെയ്യുന്നത് മാത്രം കുറ്റകരമായി കാണുകയും രഹസ്യവേഴ്ച പ്രശ്നമാക്കാതിരിക്കുകയും ചെയ്യുന്ന പ്രവണത അന്നുണ്ടായിരുന്നുവത്രേ. അതാണക്കാര്യം പ്രത്യേകം എടുത്തുപറഞ്ഞത്.

فَإِذَا أُحْصِنَّ فَإِنْ أَتَيْنَ بِفَاحِشَةٍ فَعَلَيْهِنَّ نِصْفُ مَا عَلَى الْمُحْصَنَاتِ مِنَ الْعَذَابِ ۚ

മുകളില്‍ പറഞ്ഞ നിബന്ധനകളെല്ലാം പാലിച്ച് വിവാഹം നടന്നതിനു ശേഷം, അവരുടെ ഭാഗത്തുനിന്ന് വ്യഭിചാരം സംഭവിച്ചാല്‍ നിയമപ്രകാരം അവരെ ശിക്ഷിക്കണം. സ്വതന്ത്രകളായ സ്ത്രീകളുടെ പകുതി ശിക്ഷയാണവര്‍ക്ക് നല്‍കേണ്ടത്.

അതായത്, വിവാഹിതരായ അടിമസ്ത്രീകള്‍ വ്യഭിചരിച്ചാല്‍ എറിഞ്ഞുകൊല്ലുക എന്ന ശിക്ഷ ബാധകമല്ല. വിവാഹിതകളാണെങ്കിലും അവിവാഹിതകളാണെങ്കിലും വ്യഭിചരിച്ചാല്‍ 50 അടിയും 6 മാസം നാടുകടത്തലുമാണ് അവരുടെ ശിക്ഷ. പുരുഷന്‍മാരായ അടിമകളുടെ ശിക്ഷയും അതു തന്നെയാണ്. 

ذَٰلِكَ لِمَنْ خَشِيَ الْعَنَتَ مِنْكُمْ ۚ وَأَنْ تَصْبِرُوا خَيْرٌ لَكُمْ ۗ وَاللَّهُ غَفُورٌ رَحِيمٌ

സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്ക്, മേല്‍പറഞ്ഞ നിബന്ധനകളോടുകൂടി അടിമസ്ത്രീകളെ വിവാഹം ചെയ്യാമെന്ന അനുമതി, വ്യഭിചാരം വന്നുപോകുമെന്ന് ഭയപ്പെടുന്നവര്‍ക്ക് മാത്രമാണ്. അത് അനുവദനീയമാണെങ്കിലും ഉപേക്ഷിക്കലാണ് നല്ലത്. ക്ഷമിക്കുകയാണ് ഉത്തമം.

ഒരു പക്ഷേ, കുറച്ചങ്ങോട്ട് കഴിയുമ്പോള്‍ സ്വതന്ത്രകളെത്തന്നെ വിവാഹം ചെയ്യാനുള്ള സാഹചര്യം ഉണ്ടാവാമല്ലോ. അന്യരുടെ ഉടമസ്ഥതയിലുള്ള അടിമകളെ വിവാഹം കഴിക്കുന്നതിനേക്കാള്‍ അന്തസ്സും അതുതന്നെയാണ്.

മാത്രമല്ല, അടിമസ്ത്രീയില്‍ ജനിക്കുന്ന മക്കളുടെ പിതാവ് ഈ ഭര്‍ത്താവാണെങ്കിലും മക്കള്‍ അവളുടെ യജമാനന്‍റെ അടിമകളായിത്തീരുമെന്നാണു നിയമം. അതുകൊണ്ടുകൂടിയാണ് അതുപേക്ഷിക്കാന്‍ സൂചിപ്പിക്കുന്നത്. വ്യഭിചാരം തടുക്കാനായി മാത്രമാണ് അതനുവദിച്ചിരിക്കുന്നതെന്നു ചുരുക്കം.

അടുത്ത ആയത്ത് 26

അനുഷ്ഠാന നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് നിങ്ങള്‍ക്ക് വിവരിച്ചു തരിക, മുന്‍കഴിഞ്ഞ പ്രവാചകരുടെയും സജ്ജനങ്ങളുടെയും മാതൃകകള്‍ പറഞ്ഞുതന്ന് അത് അനുകരിക്കാന്‍ നിര്‍ദ്ദേശിക്കുക, ദുര്‍വൃത്തികളില്‍ നിന്നും പാപങ്ങളില്‍ നിന്നും നിങ്ങളെ വിമുക്തരാക്കുക, അങ്ങനെ, അല്ലാഹുവിന്‍റെ മാപ്പിനും അനുഗ്രഹത്തിനും നിങ്ങളെ വിധേയരാക്കുക - ഇതൊക്കെയാണ് ഇത്തരം നിയമ നിര്‍ദേശങ്ങള്‍ വിവരിച്ചു തരുന്നതുവഴി അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങളുടെ നന്മയും ഗുണവും ഏതാണെന്നും എങ്ങനെയാണെന്നൊമുക്കെ കൂടുതല്‍ അറിയുക അല്ലാഹുവിനാണല്ലോ. 

 

 يُرِيدُ اللَّهُ لِيُبَيِّنَ لَكُمْ وَيَهْدِيَكُمْ سُنَنَ الَّذِينَ مِنْ قَبْلِكُمْ وَيَتُوبَ عَلَيْكُمْ ۗ وَاللَّهُ عَلِيمٌ حَكِيمٌ (26)

 

നിങ്ങള്‍ക്കു വിഷയങ്ങള്‍ പ്രതിപാദിക്കാനും പശ്ചാത്താപം സ്വീകരിക്കാനും പൂര്‍വ്വികരുടെ ഉദാത്തചര്യകള്‍ കാണിച്ചു തരാനും അല്ലാഹു ഉദ്ദേശിക്കുന്നു. അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമത്രേ. 

മനുഷ്യസഹജമായ ദൗര്‍ബല്യം കണക്കിലെടുത്ത്, പ്രായോഗികമായ നടപടി ക്രമങ്ങളാണ് അല്ലാഹു നിശ്ചയിച്ചുതരിക. അതില്‍ പെട്ട ഒന്നാണ് ഈ നിയമവും.

 

എന്തിനാണിങ്ങനെ അല്ലാഹു ഇത്തരം കാര്യങ്ങളിലൊക്കെ ഇടപെടുന്നത്,  അതൊക്കെ വ്യക്തിസ്വാതന്ത്ര്യമല്ലേ എന്ന് ചോദിക്കുന്ന പലരുമുണ്ട്. അത് ശരിയല്ല.

അല്ലാഹു തന്നെയല്ലേ നിയമങ്ങള്‍ ഉണ്ടാക്കേണ്ടത്. കാരണം, അവനല്ലേ നമ്മെ പടച്ചത്. പടച്ചത് റബ്ബ്, നിയമമുണ്ടാക്കുന്നത് നിങ്ങള്‍ - ഇത് ന്യായമല്ലല്ലോ.

--------------

 

ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter