അലി മിയാന്‍: പാണ്ഡിത്യത്തിന്റെ ഉജ്ജ്വല മുഖം

1999 ഡിസംബർ 31 ന്, റമദാൻ അവസാന പത്തിലെ ഒരു വെള്ളിയാഴ്ച ജുമുഅക്ക് അൽപ്പം മുമ്പായാണ് വിശ്വ പ്രസിദ്ധ ഇസ്ലാമിക പണ്ഡിതൻ മൗലാന അബുൽ ഹസൻ അലി നദ്‌വി വിടവാങ്ങുന്നത്. 8 പതിറ്റാണ്ടിലധികം നീണ്ട ആ ജീവിതയാത്രയിൽ വ്യത്യസ്ത മേഖലകളിൽ ആഴത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ശേഷമായിരുന്നു ആ മഹാപണ്ഡിതൻ ചരിത്രത്തിന്റെ ഭാഗമായത്. സമകാലിക സാഹചര്യത്തിൽ അലി മിയാൻ ഓർക്കപ്പെടേണ്ടതുണ്ട് എന്നു താത്പര്യപ്പെടാൻ ന്യായമേറെയാണ്. പണ്ഡിത ദൗത്യത്തെ ജീവിതം കൊണ്ട് വരച്ചു കാണിച്ച അപൂർവ്വ പ്രതിഭയായിരുന്നു അദ്ദേഹം. തന്റെ വ്യക്തിപ്രഭാവം കൊണ്ട് ഒരു കാലഘട്ടത്തെ സ്വാധീനിച്ച ആ ബഹുമുഖ പ്രതിഭ ഇന്ത്യയുടെ ഇസ്‌ലാമിന്റെ ആഘോള മുഖമായിരുന്നു.

വിവിധ ആശയാദര്ശങ്ങളിളായി വ്യത്യസ്ത വീക്ഷണഗതികൾ പുലർത്തുന്നതോടൊപ്പം മുസ്ലിം സമുദായത്തിൽ പരസ്പരം സഹിഷ്ണുത സാധുവും സാധ്യവുമാണെന്ന സന്ദേശം നൽകുകയും പണ്ഡിതോചിതമായി ത് പ്രയോഗവത്കരിക്കുകയും ചെയ്തു ആ മാതൃകാപുരുഷൻ. ആദർശപരമായി അഭിപ്രായ വെത്യാസമുള്ളവരുടെ വേദികളിൽ പോലും സമവായത്തിന്റെ സന്ദേശമുയർത്തിക്കൊണ്ട്‌ കടന്ന് ചെന്ന അലി മിയാൻ സമുദായത്തിനു ഐക്യത്തിന്റെ മഹാ സന്ദേശം നൽകുകയുണ്ടായി.

ഇന്ത്യയിലെ നാനാജാതി മതസ്ഥർക്കിടയിൽ ഒരുമയുടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിലും മുഖ്യപങ്ക് വഹിച്ച ആ മഹാമനീഷിയുടെ ജീവിത ദൗത്യങ്ങളുടെ പ്രകാശനത്തിന് എന്തു കൊണ്ടും സമകാലിക പ്രസക്തി ഏറെയാണ്. 

പ്രവാചക സന്താന പരമ്പരയിൽ പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനുമായ മൗലാന സയ്യിദ് അബ്ദുൽ ഹയ്യ് ന്റെ പുത്രനായി 1913 ൽ ഉത്തർ പ്രദേശിലെ റായ്ബറേലി യിലായിരുന്നു സയ്യിദ് അബുൽ ഹസൻ അലി യുടെ ജനനം.അധിനിവേശ ശക്തികൾക്കെതിരെ പോരാടിയ സയ്യിദ് അഹമ്മദ് ശഹീദ് ഈ പരമ്പരയിലെ മുന്ഗാമിയായിരുന്നു. പാണ്ഡിത്യവും ലാളിത്യവും കൈമുതലായ കുടുംബ പശ്ചാത്തലത്തിൽ നിന്ന് മതപരവും സാമൂഹികവുമായ അവബോധവും സാഹിത്യഭിരുചിയും അദ്ദേഹത്തിന് ജന്മസിദ്ധമായി ലഭിച്ചു. പിതാവ് മൗലാന അബ്ദുൽ ഹയ്യിന്റെ വിശ്വ പ്രസിദ്ധമായ ഗ്രന്ഥമാണ് 'നുസ്ഹത്തുൽ ഖവാത്തിർ'.

ഇന്ത്യയിൽ ജീവിച്ച മഹാ പണ്ഡിതന്മാരുടെ വിവരണങ്ങളാണതിൽ. 5000 ത്തോളം ഇന്ത്യൻ പണ്ഡിതന്മാരുടെ ചരിത്രം പറയുന്ന 8 വാള്യങ്ങളായി 6000 ലധികം താളുകളുള്ള ബ്രഹത്തായ രചനയാണിത്. പ്രാഥമിക മത ഭൗതിക വിദ്യാഭ്യാസം നേടിയ ശേഷം ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടിയ സയ്യിദ് അബുൽ ഹസൻ അലി പിന്നീട് ലക്‌നൗ ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമായിലും , ദാറുൽ ഉലൂം ദേവ്ബന്ദിലും ഉന്നത മത വിദ്യാഭ്യാസം പൂർത്തിയാക്കി.

മൗലാന സയ്യിദ് ഹുസ്സൈൻ അഹമ്മദ് മദനി യുടെ കീഴിലായിരുന്നു ദേവ്ബന്ദിലെ പഠനം. പിന്നീട് നദ്‍വത്തുൽ ഉലമായിൽ അധ്യാപകനായി ചുമതലയേറ്റു.തുടർന്ന് ഇസ്‌ലാമിലെ ആത്മീയ സരണികളിലും പ്രബോധന പ്രവർത്തനങ്ങളിലും സജീവമായ അദ്ദേഹം സാമൂഹമധ്യത്തിലിറങ്ങി രാജ്യത്തിനും സമുദായത്തിനും മതപരവും ധൈഷണികവും രാഷ്ട്രീയവുമായ സമഗ്ര സംഭാവനകളർപ്പിച്ചു. ആദരവിന്റെ പ്രതീകമായി അദ്ദേഹത്തെ 'അലി മിയാൻ' എന്നു വിളിക്കപ്പെട്ടു.മതപ്രബോധനം തന്റെ സുപ്രധാന ദൗത്യമായി പ്രായോഗികവത്കരിച്ചതോടൊപ്പം മാനവികതയുടെ സന്ദേശം വിവിധ മതവിഭാഗങ്ങൾക്കിടയിൽ പ്രഘോഷനം ചെയ്യുന്നതിൽ മൗലാന അലി മിയാൻ അനൽപ്പമായ സംഭാവനകൾ നൽകി. തന്റെ 22 ആം വയസ്സിൽ ഡോ.അംബേദ്ക്കറെ സന്ദർശിക്കുകയും ഇസ്‌ലാമിന്റെ സന്ദേശവും അനിവാര്യതയും അദ്ദേഹത്തോട് ഉണർത്തുകയും ചെയ്തത് പിന്നീട് അദ്ദേഹം അനുസ്മരിക്കുന്നുണ്ട്.

ഇന്ത്യൻ മുസ്ലിംകളുടെ നവജാഗരണത്തിലും അവകാശ പോരാട്ടത്തിലും മൗലാന അലി മിയാന്റെ സംഭാവനകൾ നിസ്തുലമാണ്.
രാജ്യത്ത് മുസ്ലിംകളാദി ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് രാഷ്ട്രീയമായ പരിഹാരങ്ങളിലായിരുന്നു അദ്ദേഹം വിശ്വസിച്ചിരുന്നത്. ഇത്തരം ഒരു ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് അദ്ദേഹം വിവിധ മുസ്ലിം നേതാക്കളെ ഒരുമിപ്പിച്ചു കൊണ്ട് ആൾ ഇന്ത്യാ മജ്ലിസേ മുശാവറ എന്നൊരു സംഘത്തിന് രൂപം നൽകി.

വിവിധ കോണുകളിലുള്ള മുസ്ലിം നേതാക്കളുമായി നല്ല ബന്ധം പുലർത്തുകയും അത്തരം വ്യക്തിത്വങ്ങൾ ചേർന്ന് കൊണ്ടുള്ള ഒരു ദേശീയധാരയുടെ പ്രാരംഭ പ്രവർത്തനങ്ങലിലേർപ്പെടുകയും ചെയ്തു. എന്നാൽ ഉത്തരേന്ത്യൻ മണ്ണിൽ മുസ്ലിം സ്വത്വ രാഷ്ട്രീയം വേരു പിടിപ്പിക്കാനുള്ള വെല്ലുവിളികളും അതിന്റെ പ്രായോഗിക പ്രയാസങ്ങളും അത് മൂലമുണ്ടാകുന്ന പരിണിതിയും കൃത്യമായി ബോധ്യപ്പെട്ടത് കൊണ്ടാവണം പിൽക്കാലത്ത് അലി മിയാൻ ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ മുസ്ലിം നേതാക്കൾ മതേതര മുഖ്യധാരാ രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലർത്തുക മാത്രം ചെയ്തത്. എങ്കിലും കേരളത്തിന്റെ വ്യത്യസ്തമായ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തെ താല്പര്യത്തോടെ വീക്ഷിച്ച അദ്ദേഹം ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ്, ഗുലാം മഹമൂദ് ബനാത്ത് വാല സാഹിബ് തുടങ്ങിയ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുകയും സമുദായത്തിന്റെ അവകാശ പോരാട്ടങ്ങൾക്കും ആഭ്യന്തര കൂട്ടായ്മകൾക്കും അവരെ മുന്നിൽ നിർത്തുകയും ചെയ്തു.

ശരീഅത്ത് സരക്ഷണ യജ്ഞത്തിന് വേണ്ടി കേരളത്തിലെ എല്ലാ മുസ്ലിം വിഭാഗങ്ങളും ഒരുമിപ്പിച്ച് മുതലക്കുളം മൈതാനിയിൽ അദ്ദേഹം ചരിത്ര പ്രസിദ്ധമായ മുന്നേറ്റത്തിന് നാന്ദി കുറിച്ചത് കൂടി ഇതോട് ചേർത്ത് വായിക്കേണ്ടതാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ രൂപീകരണ കാലത്ത് അതുമായി സഹകരിച്ചഅലി മിയാൻ പിൽക്കാലത്തെ സയ്യിദ് മൗദൂദിയുടെ കാഴ്ചപ്പാടുകളോട് വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ട് ആ സഹകരണം അവസാനിപ്പിച്ചു. സയ്യിദ് മൗദൂദിയുടെ ഇസ്‌ലാമിക, രാഷ്ട്രീയ വീക്ഷണങ്ങളെ ഖണ്ഡിച്ചു കൊണ്ട് ഒരു പുസ്തകം രചിക്കുകയും ചെയ്തു. ആ പുസ്തകത്തിൽ ശക്തമായ വിമർശനം സയ്യിദ് മൗദൂദിക്കെതിരെ ഉന്നയിക്കുമ്പോഴും അദ്ദേഹത്തെ അൽ ഉസ്താദ് മൗദൂദി എന്നാണ് സംബോധന ചെയ്തത് എന്നത് അലി മിയാന്റെ സവിശേഷ ഗുണത്തെ കാണിക്കുന്നു.

കേവലം ഒരു മത പണ്ഡിതൻ എന്ന നിലയിൽ തന്റെ സമുദായത്തിന്റെ അതിരുകളിൽ പരിമിതപ്പെട്ടതായിരുന്നില്ല അദ്ദേഹത്തിന്റെ 
പ്രവർത്തന മണ്ഡലം.ഭരണാധികാരികളും സഹോദര സമുദായ നേതാക്കളും അദ്ദേഹത്തെ ഏറെ ബഹുമാനിച്ചിരുന്നു.
മാനവികതയുടെ സന്ദേശം പ്രചാരണം ചെയ്യുന്നതിനായി കൊണ്ട് പയാമെ ഇൻസാനിയ്യത്ത് അഥവാ മാനവികതയുടെ സന്ദേശം എന്ന പ്രസിദ്ധമായ മൂവ്മെന്റിന് അദ്ദേഹം രൂപം കൊടുത്തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വിവിധ മതസ്ഥർക്കിടയിൽ അദ്ദേഹം മാനവികതയുടെ മഹത്തായ സന്ദേശവുമായി കടന്നു ചെലുകയും അതിന് വേണ്ടി നിരവധി തവണ തൂലിക ചലിപ്പിക്കുകയും ചെയ്തു. ഹിന്ദു മുസ്ലിം നേതാക്കന്മാർ ഒരുമിച്ചു ചേർന്നു കൊണ്ടുള്ള സാമൂഹിക ഇടപെടലുകളുടെ പ്രായോഗികതയെ കുറിച്ച് അദ്ദേഹം സംസാരിച്ചു. കലുഷിതമായ പല സാഹചര്യങ്ങളിലും നിശ്ചയ ദാർഢ്യത്തോട് കൂടിയുള്ള അദ്ദേഹത്തിന്റെ ഇടപെടലുകൾ വലിയ ഭവിഷ്യത്തുകൾ ഒഴിവാക്കിയതായി സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സാമുദായിക ചരിത്രത്തെ കുറിച്ച് പ്രാഥമിക ധാരണയുള്ളവർക്ക് പോലും സുപരിചിതമാണ്. രാജ്യത്തെയും സമൂഹത്തെയും ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ ക്രിയാത്മകമായി അദ്ദേഹം ഇടപെട്ടിരുന്നു . രാജ്യം പാരമ്പര്യമായി കാത്ത് പോരുന്ന മൂല്യങ്ങളിൽ നിന്നും സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുമുള്ള ആസൂത്രിതമായ വ്യതിചലനത്തെ കുറിച്ച് അദ്ദേഹം ഭരണാധികാരികൾക്ക് എഴുതുകയും അവരെ നേരിൽ കണ്ട് ആശങ്കകൾ പങ്കു വെക്കുകയും ചെയ്തിരുന്നു.

തന്റെ മാതൃകാ പുരുഷനായിരുന്ന ശൈഖ് അഹമ്മദ് സർഹിന്ദി യുടെ സാമൂഹിക ഇടപെടലുകൾ അദ്ദേഹം പ്രായോഗികവത്കരിച്ചു. സയ്യിദ് അലി മിയാനോട് അന്നത്തെ പ്രധാന മന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധി അടക്കമുള്ള ഭരണകർത്താക്കൾ ഉപദേശങ്ങൾ തേടിയിരുന്നതായി കാണാം. എന്നാൽ അടിയന്തിരാവസ്ഥ കാലത്ത് അദ്ദേഹം തന്റെ ശക്തമായ വിയോജിപ്പ് ശ്രീമതി ഇന്ദിരാ ഗാന്ധിയോട് പ്രകടിപ്പിക്കാൻ അദ്ദേഹം തയ്യാറായി. ഷാബാനു കേസുമായി ബന്ധപ്പെട്ട് രാജീവ് ഗാന്ധിയെ നിരവധി തവണ സന്ദർശിക്കുകയും ഇസ്‌ലാമിക ശരീഅത്തിനെ കുറിച്ചും മുസ്ലിം വ്യക്തിനിയമത്തിന്റെ സാധുതയെക്കുറിച്ചും ബോധ്യപ്പെടുത്തുകയുണ്ടായി.

1998 ൽ ഉത്തർ പ്രദേശ് സർക്കാർ പൊതു വിദ്യാലയങ്ങളിൽ വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിട്ടപ്പോൾ അതിനെതിരെ അദ്ദേഹം ശക്തമായി നിലക്കൊള്ളുകയും ബി.ജെ.പി സർക്കാർ അത് പിൻവലിക്കാൻ നിര്ബന്ധിതരാകുകയും ചെയ്തു. നരസിംഹ റാവുവിന്റെ നങ്ങളിലുള്ള വിയോജിപ്പ് നേരിട്ടറിയിക്കുകയും ന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റാൻ ഉപദേശിക്കുകയും "റാവൂജീ ഏറ്റവും വലിയ രാഷ്ട്രീയം ഉദ്ദേശ ശുദ്ധിയാണെന്ന് " തുറന്നടിക്കുകയും ചെയ്തു, അക്കാലത്ത് പത്മഭൂഷൻ പുരസ്കാരം മൗലാന നിരസിക്കുകയും ചെയ്തു,
ശ്രീ. ദേവഗൗഡ പ്രധാനമന്ത്രി പദം ഏറ്റെടുത്തപ്പോൾ നദ്വത്തുൽ ഉലൂമിൽ ചെന്ന് നദ്‌വി സാഹിബിനെ സന്ദർശിച്ചിരുന്നു.

മുസ്ലിം വ്യക്തിനിയമ സരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടമാണ് ആ ധന്യ ജീവിതത്തിൽ എടുത്ത് പറയാനുള്ള മറ്റൊരു അധ്യായം. 1985-ല്‍ ശബാനു കേസിനെ തുടര്‍ന്ന്‌ ഇന്ത്യയെ പിടിച്ചുകുലുക്കിയ ശരീഅത്ത്‌ വിവാദത്തില്‍ ഇന്ത്യയൊന്നാകെ മുഴങ്ങിയ മുസ്‌ലിം പ്രതിഷേധത്തിനും ചെറുത്തുനില്‌പിനും നേതൃത്വം വഹിച്ചത്‌ ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്‌ ചെയര്‍മാന്‍ കൂടിയായിരുന്ന ശൈഖ്‌ നദ്‌വി തന്നെയായിരുന്നു. ആൾ ഇന്ത്യ മുസ്ലിം പേഴ്‌സണൽ ലോ ബോർഡ് അധ്യക്ഷനായി 1983 മുതൽ തന്റെ മരണം വരെ സേവനം ചെയ്തു.

1948 നവംബര്‍ മുതല്‍ ദാറുല്‍ ഉലൂം നദ്‌വതുല്‍ ഉലമായുടെ ഭരണ സമിതി അംഗമായ അദ്ദേഹം 1953 ഡിസംബറില്‍ അതിന്റെ പ്രിന്‍സിപ്പാലായും 1961 ജൂണില്‍ റെക്ടറായും നിയമിതനായി. ദാറുല്‍ ഉലൂം ദയൂബന്ദ്, ദാറുല്‍ മുസന്നിഫീന്‍ അഅ്‌സംഗഡ് എന്നിവയുടെ ഉപദേശകസമിതി അംഗമായിരുന്നു. ഉത്തര്‍പ്രദേശ് ദീനി തഅ്‌ലീമി കൗണ്‍സില്‍, അക്കാദമി ഓഫ് ഇസ്‌ലാമിക് റിസര്‍ച്ച് ആന്റ് പബ്ലിക്കേഷന്‍സ് എന്നിവയുടെയും തലവനായിരുന്നു. 1993-ല്‍ ആള്‍ ഇന്ത്യാ മില്ലി കൗണ്‍സില്‍ രൂപീകരിച്ചപ്പോള്‍ അദ്ദേഹമായിരുന്നു മുഖ്യരക്ഷാധികാരി. റാബിത്വതുല്‍ അദബില്‍ ഇസ്‌ലാമി എന്ന അന്തരാഷ്ട്ര ഇസ്‌ലാമിക സാഹിത്യ സംഘത്തിന്റെ അധ്യക്ഷനായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.

ദിശാ ബോധനമുള്ള നേതാവും ചിന്തകനുമായിരുന്നു അദ്ദേഹം. വിഖ്യാത ചിന്തകനായിരുന്ന അല്ലാമാ ഇഖ്ബാൽ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരുന്നു.

തന്റെ കൗമാര പ്രായത്തിൽ വിശ്വ മഹാ കവി അല്ലാമ മുഹമ്മദ്‌ ഇഖ്‌ബാലുമായുണ്ടായ കൂടിക്കാഴ്ച്ചയെക്കുറിച്ച്‌ അലി മിയാൻ വൈകാരികമായി തന്റെ നഖൂഷെ ഇഖ്ബാൽ എന്ന കൃതിയിൽ വിവരിക്കുന്നുണ്ട്‌. 

വിവിധ കാലങ്ങളിലെ ചിന്താ പ്രസ്ഥാനങ്ങളെ സൂക്ഷ്മമായി അപഗ്രഥനം ചെയ്ത അദ്ദേഹം ഇസ്ലാമിക ചരിത്രത്തിനും സാഹിത്യത്തിനും സമഗ്രസംഭാവനകൾ നൽകി. ഇമാം ഗസാലി, ജലാലുദീൻ റൂമി, ശൈഖ് സർഹിന്ദി, ശാഹ് വലിയുല്ലാഹ് ദഹ്‌ലവി, അല്ലാമാ ഇഖ്ബാൽ തുടങ്ങിയവരുടെ ഓരോരുത്തരുടെയും ധൈഷണിക ജീവതത്തെ അടയാളപ്പെടുത്തിയ ബ്രഹത്തായ ജീവചരിത്രഗ്രന്ഥങ്ങൾ അദ്ദേഹം എഴുതി.

പണ്ഡിതൻ, പ്രബോധകൻ, എന്നതിലുപരി പ്രഗത്ഭനായ ചരിത്രകാരനും ഗ്രന്ഥകാരനുമായി അദ്ദേഹം പ്രശസ്തിയാർജ്ജിച്ചു.ഇസ്ലാമിക ചരിത്രവും മാനവ ചരിത്രവും കൃത്യമായി അപഗ്രഥനം ചെയ്ത് ചരിത്ര പരമായ ആധികാരികതയോടെയും സൂക്ഷമതയോടെയുമായിരുന്നു മൗലാന അവറുകൾ ഗ്രന്ഥരചന നടത്തിയത്.സത്യ സന്ധവും വസ്തു നിഷ്ടവുമായ സമീപനമാണു എഴുത്തിനോട് സയ്യിദ് അലി മിയാൻ പുലർത്തിയിരുന്നത്‌. ഏത്‌ വിഷയത്തെയും മുൻ വിധിയില്ലാതെ സമീപിക്കുകയും ലളിതവും ഗ്രാഹ്യവുമായ ഭാഷാശൈലിയിൽ അവതരിപ്പിക്കുകയും ചെയ്യുന്ന അലി മിയാന്റെ രീതി അദ്ദേഹത്തെ സർവ്വ സമ്മതനാക്കി. ഇസ്ലാമിക സമൂഹത്തിന്റെ ഉദ്ധാന പതനങ്ങളും അതിന്റെ മൂല കാരണങ്ങളും പരിഹാരവും വസ്തുനിഷ്ടമായി വിവരിക്കുന്നതാണ് നദ്‌വി കൃതികൾ.

തന്റെ 17 ആം വയസ്സിൽ ഈജിപ്തിലെ റശീദ് റിദ പത്രാധിപരായിരുന്ന അൽ മനാറിൽ പ്രസിദ്ധീകരിച്ച സയ്യിദ് അഹമ്മദ് ശഹീദിനെ കുറിച്ചുളള ലേഖനമായിരുന്നു പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ രചന. 20 വയസ്സുള്ളപ്പോൾ എഴുതിയ സീറത്തു സയ്യിദ് അഹമ്മദ് ശഹീദ് എന്ന ബ്രഹത്തായ രചനയാണ് ഗ്രന്ഥ രചനയിലേക്ക് സയ്യിദ് നദ്‍വിക്ക് വാതിൽ തുറന്നു കൊടുത്തത്. തുല്യതയില്ലാത്ത ധിഷണാ പാടവവും രചനാ വൈഭവവും അലി മിയാനെ വ്യത്യസ്തനാക്കി.

പിന്നീട് അറബിയിലും ഉറുദുവിലുമായി 300 നടുത്ത് ഗ്രന്ഥങ്ങൾ മൗലാന അലി മിയാൻ എഴുതി. അറബ് ലോകത്തെ സ്വാധീനിച്ച ഒരു പിടി ഗ്രന്ഥങ്ങളും പ്രഭാഷങ്ങളും മൗലാനായിൽ നിന്ന് പിറന്നു. അറബ്‌ ദേശീയതയെ ശക്തമായി വിമർ ശിക്കാറുണ്ടായിരുന്ന മൗലാനയുടെ പ്രഭാഷണങ്ങളും എഴുത്തുകളും തങ്ങൾക്ക്‌ ദിശാബോധം നൽകുകയുണ്ടായെന്ന് ശൈഖ്‌ അലി ത്വൻ താവി ഒരിക്കൽ പറഞ്ഞത്‌ ശ്രദ്ധേയമാണ്.. 1980 ൽ കിംഗ് ഫൈസൽ അവാർഡിന് അദ്ദേഹം അർഹനായി, അറബ് ലോകത്ത് നിന്ന് മറ്റനേകം ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി.

അറബ് ലോകത്തെ സ്വാധീനിച്ച അദ്ദേഹത്തിന്റെ സുപ്രധാന കൃതികളാണ് മാദാ ഖസിറൽ ആലം ബി ഇൻഖിതാതിൽ മുസ്ലിമീൻ, കാർവാനെ മദീന, സീറത്തു നബവിയ്യ, റിജാലിൽ ഫികരി വ ദഅവ തുടങ്ങിയവ.അറബ്‌ ലോകം അറബിയിലെ പരമോന്നത വിശേഷണമായ `സമാഹത്തുശ്ശൈഖ്‌' എന്ന്‌ അദ്ദേഹത്തെ വിശേഷിപ്പിച്ചു. പ്രമുഖ സുഊദീപണ്ഡിതനും സുഊദി അറേബ്യയിലെ ഗ്രാന്റ്‌ മുഫ്‌തിയുമായിരുന്ന ശൈഖ്‌ അബ്‌ദുല്ലാ ഇബ്‌നുബാസിനു മാത്രമായിരുന്നു ജീവിതകാലത്ത്‌ മേല്‍ വിശഷണം അറബ്‌ ലോകം നല്‌കിയിരുന്നത്‌.മദീനയില്‍ ഒരു ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ 1962-ല്‍ സുഊദി ഭരണകൂടം ഉദ്ദേശിച്ചപ്പോള്‍ നദ്‌വി സാഹിബിനെ അവിടെ അധ്യാപകനായി നിയമിക്കാന്‍ തീരുമാനിക്കുകയും തന്റെ തീരുമാനം അറിയാന്‍ ഇന്ത്യയിലെ സുഊദി അംബാസിഡര്‍ ശൈഖ്‌ യൂസുഫ്‌ അദ്ദേഹത്തെ സമീപിക്കുകയുമുണ്ടായി.

ഒരു സ്ഥിരം ജോലി സ്വീകരിക്കാനുള്ള തന്റെ വൈമനസ്യം അറിയിക്കുകയും താല്‌ക്കാലിക സേവനത്തിന്‌ ഒരുക്കമാണെന്ന്‌ സമ്മതിക്കുകയും ചെയ്തതിനെ തുടര്‍ന്ന്‌ മദീനാ യൂണിവേഴ്‌സിറ്റിയുടെ സ്റ്റാന്റിംഗ്‌ കൗണ്‍സില്‍ മെമ്പറായി അദ്ദേഹത്തെ തെരഞ്ഞെടുക്കുകയാണുണ്ടായത്‌. കൗണ്‍സിലിന്റെ യോഗങ്ങള്‍ക്കുവേണ്ടിയും യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കുവേണ്ടി പ്രത്യേക വിഷയങ്ങള്‍ അവതരിപ്പിക്കാനും മൗലാന അലി മിയാൻ മദീനയിലേക്ക്‌ ഇടക്കിടെ ക്ഷണിക്കപെട്ടിരുന്നു. ഇസ്‌ലാമും പാശ്ചാത്യ ലോകവുമായുള്ള ഒരു പാലമായും അദ്ദേഹം വർത്തിച്ചിരുന്നു.

ശ്രോതാക്കളെ പിടിച്ചു നിർത്താൻ കഴിവുള്ള മികച്ച വാഗ്മിയുമായിരുന്നു മൗലാന അലി മിയാൻ. മസ്ജിദ് നബവിയിൽ റൗദ യുടെ ചാരത്ത് നിന്ന് പ്രഭാഷണം നടത്താൻ ഭാഗ്യം സിദ്ധിച്ച അപൂർവ്വം വ്യക്തികളിൽ ഒരാളാണ് മൗലാന അലി മിയാൻ. ഒന്നിലേറെ തവണ അദ്ദേഹത്തെ പ്രത്യേകമായി കഅബക്കകത്ത് പ്രവേശിപ്പിക്കുകയുമുണ്ടായി. വിവിധ യൂണിവേഴ്സിറ്റികളിൽ, സെമിനാറുകളിൽ, സിംപോസിയങ്ങളിൽ, ദീനീ മജ്ലിസുകളിൽ മൗലാനയുടെ വാഗ്ധോരണി ഇസ്‌ലാമിക ലോകം ചെവിയോർത്തു. അമേരിക്ക,യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ ഒട്ടനേകം രാഷ്ട്രങ്ങളിൽ അദ്ദേഹം പ്രഭാഷണം നടത്തുകയുണ്ടായി. അറബ് ലോകത്ത് അദ്ദേഹം ഏറെ സ്വീകാര്യനായിരുന്നു. 

ഇവിടങ്ങളിലെ പ്രഭാഷണങ്ങൾ നിരവധി പുസ്തകങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ലോക പ്രശസ്‌ത അന്തര്‍ദേശീയ സര്‍വകലാശാലയായ ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ്‌ യൂണിവേഴ്‌സിറ്റി അവിടെ ഒരു ഇസ്‌ലാമിക്‌ ചെയര്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ അതിന്റെ ചെയര്‍മാനായി മൗലാന അലി മിയാനെ നിർദേശിച്ചത് അദ്ദേഹത്തിന്റെ ആഗോള പ്രശസ്തിയും വൈഭവവും കൊണ്ട് തന്നെയായിരുന്നു.

നിരവധി സ്ഥാനമാനങ്ങൾ നൽകി വിവിധ യൂണിവേഴ്സിറ്റികൾ മൗലാന യെ ആദരിച്ചു.കോളേജ് വിസിറ്റിംഗ് പ്രൊഫസര്‍, ഓക്‌സ്ഫഡ് സര്‍വകലാശാല ഇസ്‌ലാമിക് റിസര്‍ച്ച് സെന്ററിന്റെ മുഖ്യ ഉപദേഷ്ടാവ്, റാബിത്വതുല്‍ ആലമില്‍ ഇസ്‌ലാമി സ്ഥാപകാംഗം, ആള്‍ജീരിയന്‍ ഇസ്‌ലാമിക് കോണ്‍ഫ്രന്‍സ് സ്ഥിരാംഗം, മദീന സര്‍വകലാശാല, ബൈറൂത്ത് ഇസ്‌ലാമിക് കോണ്‍ഫ്രന്‍സ് എന്നിവയുടെ ഉപദേശകസമിതി അംഗം, ജനീവ ഇസ്‌ലാമിക് സെന്റര്‍ അംഗം, ദമസ്‌കസിലെ ആര്‍ട്‌സ് ആന്റ് ലിറ്ററേച്ചര്‍ അക്കാദമി അംഗം എന്നിങ്ങനെ അക്കാദമിക്ക് രംഗത്ത് വലിയ അംഗീകാരം ലഭിച്ചു കൊണ്ടേയിരുന്നു.1981-ല്‍ കാശ്മീര്‍ യൂണിവേഴ്‌സിറ്റി അറബി സാഹിത്യത്തില്‍ ഡിലിറ്റ് നല്‍കി ആദരിക്കുകയും ചെയ്തു.

വ്യക്തി ജീവിതത്തിൽ ലാളിത്യത്തിന്റെ പ്രതിരൂപമായിരുന്നു അദ്ദേഹം. തന്റെ ഗ്രാമത്തിൽ വൈദ്യുതിയെത്താത്ത വീട്ടിൽ മെഴുകുതിരി വെട്ടത്തിലായിരുന്നു അദ്ദേഹം കഴിഞ്ഞു കൂടിയിരുന്നത്‌, സാധാരണ കയറിന്റെ കട്ടിലിൽ കിടന്നായിരുന്നു വിശ്രമിച്ചിരുന്നത്‌ വിശ്രമം, ആ വേഷത്തിലും ലാളിത്യം പ്രകടമായിരുന്നു, സൗദി അറേബ്യയുടെ പരമോന്നത ബഹുമതിയായ ഫൈസൽ അവാർഡ്‌ മൗലാനയെ തേടി വന്നപ്പോൾ ആ തുക മുഴുവൻ പാവങ്ങൾക്ക്‌ വിതരണം ചെയ്തു, മരണം വരെ ലളിത ജീവിതം നയിച്ച ആ മഹാ പണ്ഡിതൻ ഇന്നത്തെ പണ്ഡിത സമൂഹത്തിനു വലിയ സന്ദേശം നൽകുന്നുണ്ട്‌, ഖുർആൻ പാരായണം, ദിക്ർ എന്നിവയിൽ സദാ മുഴുകിയിരുന്ന അദ്ദേഹം മണിക്കൂറുകളോളം ഗ്രന്ഥ രചനക്കും പൊതു ചർച്ചക്കുമായി മാറ്റി വെച്ചിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദിനം (1999 ഡിസംബര്‍ 31-ന്‌) ഹിജ്‌റ 1420 റമദാന്‍ 22-ന്‌ വിശുദ്ധ മാസത്തിലെ ഒടുവിലത്തെ വെള്ളിയാഴ്‌ച അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.വെള്ളിയാഴ്ച ജുമുഅക്ക് വന്ന് പള്ളിയിൽ വെച്ച് സൂറ കഹ്ഫ് പാരായണത്തിന് ശേഷം സൂറ : യാസീൻ ഒത്തിക്കൊണ്ടിരിക്കുന്ന വേളയിലായിരുന്നു ആ മഹാത്മാവ് വിടപറഞ്ഞത്. ധന്യമായ ജീവിതത്തിന് വിശുദ്ധിയോടെയുള്ള സമാപനം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter