ഗുല്‍സാര്‍ അസ്മി, നിലച്ചത് നിരപരാധികളുടെ ശബ്ദം
ഇന്ത്യയില്‍ നിരപരാധികള്‍ക്കെതിരെ വ്യാജമായി കെട്ടിച്ചമക്കപ്പെട്ട കേസുകളില്‍ ഇടപെടുകയും അവരെ മോചിപ്പിക്കുന്നതില്‍ നിയമപോരാട്ടം നടത്തുകയും ചെയ്ത പ്രമുഖ അഭിഭാഷകനായിരുന്ന ഗുല്‍സാര്‍ അസ്മി വിടപറഞ്ഞിരിക്കുകയാണ്. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഈ ഫാഷിസ്റ്റ് കാലത്ത് തീരാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് പറയേണ്ടതില്ല.
തീവ്രവാദ ആരോപണകേസുകളില്‍ പ്രയാസപ്പെടുന്ന നിരപരാധികളായ വ്യക്തികള്‍ക്ക് വേണ്ടി നിയമപരമായ ഇടപെടലുകളിലൂടെയുള്ള നിലക്കാത്ത സഞ്ചാരമായിരുന്നു ആ ജീവിതം. 'ഞാനെന്തിന് എന്റെ ജീവനെ ഭയക്കണം, അത് നാഥന്‍ നിശ്ചയിച്ച സമയത്ത് നിശ്ചയിച്ച സ്ഥലത്ത് സംഭവിക്കുമല്ലോ, ഇരയാക്കപ്പെടുന്ന മനുഷ്യര്‍ക്ക് വേണ്ടി നിലകൊള്ളാന്‍ ഞാനെന്തിന് ശങ്കിക്കണം' ഇതായിരുന്നു അദ്ധേഹത്തിന്റെ നിലപാട്. ജീവിതത്തിലുടനീളം അദ്ധേഹമത് പ്രയോഗവത്ക്കരിക്കുകയും ചെയ്തു. കെട്ടിച്ചമച്ച ഭീകരവാദകേസുകളില്‍ നിന്ന് 100 കണക്കിന് പേരെയാണ് അദ്ദേഹം കുറ്റവിമുക്തരാക്കി മോചിപ്പിച്ചത്.
ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് എന്ന സംഘടനയിലൂടെയാണ് അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. 1970 ല്‍ ഭീവണ്ടി, ജല്‍ഗാവ് കലാപവുമായി ബന്ധപ്പെട്ട് 300 ഓളം മുസ്‌ലിം നിരപരാധികള്‍ അറസ്റ്റു ചെയ്യപ്പെട്ടപ്പോള്‍ ആ കുടുംബങ്ങളെ നേരില്‍കണ്ട് പ്രയാസങ്ങള്‍ മനസ്സിലാക്കി അവര്‍ക്ക് സ്വാന്തനമാവുന്നതിലൂടെയാണ് മൗലാന ഗുല്‍സാര്‍ അസ്മിയുടെ പ്രവര്‍ത്തനങ്ങളുടെ തുടക്കം. 1993 ല്‍ നടന്ന മുംബൈ വംശഹത്യയുടെ റിപ്പോര്‍ട്ട് ശ്രീകൃഷ്ണ കമ്മീഷന്‍ തയ്യാറാക്കിയപ്പോള്‍ അതില്‍ ഗുല്‍സാര്‍ അസ്മിയുടെ സഹകരണം എടുത്തുപറഞ്ഞിരുന്നു, മാത്രമല്ല, ആ റിപ്പോര്‍ട്ട് ഉറുദുവിലേക്ക് ഭാഷാന്തരം ചെയ്തതും അദ്ദേഹമായിരുന്നു.
ഡല്‍ഹി അഹ്മദാബാദ് സ്‌ഫോടനക്കേസുകള്‍ ഹിരണ്‍പാണ്ഡ്യ വധക്കേസ്, മുംബൈ സ്‌ഫോടക്കേസുകള്‍, സിമി-ഇന്ത്യന്‍ മുജാഹിദീന്‍ തുടങ്ങിയ മുദ്ര ചാര്‍ത്തപ്പെട്ട് ജയിലിലടക്കപ്പെട്ടവര്‍, യു.എ.പി.എയും രാജ്യദ്രോഹവും ചുമത്തി അന്യായമായി തടവിലടക്കപ്പെട്ടവര്‍ തുടങ്ങി നിരവധി സഹോദരങ്ങള്‍ക്ക് താങ്ങും തണലുമായിരുന്നു അസ്മി നയിച്ചിരുന്ന നിയമപോരാട്ടങ്ങള്‍.
2011 ല്‍ മാലഗോവ് സ്‌ഫോടനക്കേസിലെ 11 പേരെ കുറ്റവിമുക്തരാക്കിയതിന് പിന്നില്‍, അവര്‍ക്ക് വേണ്ടി നിലകൊണ്ടതും അസ്മിയായിരുന്നു. 2002 മുതല്‍ രാജ്യത്ത് നടന്ന വിവിധ സ്‌ഫോടനക്കേസുകളില്‍ പുനരന്വേഷണം വേണമെന്നും ആ സ്‌ഫോടന പരമ്പരകളിലെ ഹിന്ദുസംഘടനകളുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് 2012 ല്‍ അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മുസ്‌ലിംകളെ കള്ളക്കേസില്‍ കുടുക്കി തുറങ്കിലടക്കാന്‍ ഗൂഢാലോചന നടത്തുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളിലെ ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു. തന്റെ ആവശ്യം കോടതി അംഗീകരിച്ചില്ലെങ്കിലും നിരാശനാവാതെ പ്രത്യാശയോടെ പോരാട്ടവഴിയില്‍ നിലകൊള്ളുകയായിരുന്നു അസ്മി.
ഏറെ പ്രധാനപ്പെട്ട മറ്റൊരു കേസായിരുന്നു അക്ഷര്‍ധാം ഭീകരാക്രമണകേസ്. കേസില്‍ ഗുജ്‌റാത്ത് ക്രൈംബ്രാഞ്ച്, മുഫ്തി അബ്ദുല്‍ ഖയ്യൂമിനെ, സ്‌ഫോടനക്കേസിലെ പ്രതികള്‍ക്ക് അഭയം കൊടുത്തെന്ന പേരില്‍ അറസ്റ്റ് ചെയ്യുകയും കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിക്കുകയും ചെയ്തു. വിവരമറിഞ്ഞ അസ്മി ആ കേസ് ഏറ്റെടുക്കുകയും നേരിട്ട് കോടതിയില്‍ വാദിച്ച് മുഫ്തിയുടെ നിരപരാധിത്വം തെളിയിക്കുകയും ചെയ്തത് ഏറെ അല്‍ഭുതത്തോടെയാണ് അന്ന് എല്ലാവരും നോക്കിക്കണ്ടത്. അബ്ദുല്‍ ഖയ്യൂം ജയിലില്‍ കഴിഞ്ഞ നാളുകളെ കുറിച്ച്, ഇരുമ്പഴിക്ക് പിന്നില്‍ 12 വര്‍ഷം എന്ന പേരില്‍ ഒരു പുസ്തകം തന്നെ രചിച്ചിട്ടുണ്ട്. അതില്‍ ഗുല്‍സാര്‍ അസ്മിയോടുള്ള തന്റെ നന്ദിയും കടപ്പാടും പലവുരു എടുത്തുപറയുന്നുമുണ്ട്.
ഗുല്‍സാര്‍ അസ്മിയുടെ വിയോഗവാര്‍ത്തയറിഞ്ഞപ്പോള്‍ മുഫ്തി അബ്ദുല്‍ഖയ്യൂമിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: 'നൂറുകണക്കിന് നിരപരാധികള്‍ക്ക് നീതി വാങ്ങിക്കൊടുത്ത മനുഷ്യനാണിത്.' എന്നിട്ടദ്ദേഹം തന്റെ അനുഭവം കൂടി ചേര്‍ത്ത് പറയുന്നു, 'സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ എന്റെ നിരപരാധിത്വം ബോധ്യപ്പെട്ട് കോടതി വെറുതെ വിട്ടതിന് പിന്നില്‍ ഇദ്ദേഹമായിരുന്നു. ഇതുപോലെ എത്രയെത്ര നിരപരാധികളായ മനുഷ്യരുടെ ജീവിതമാണ് ഈ മനുഷ്യന്റെ പ്രയത്‌നം കൊണ്ട് തിരികെ ലഭിച്ചത്.'.
ഒമ്പത് പതിറ്റാണ്ടുകാലത്തെ തന്റെ ജീവിതം, അകാരണമായി തുറുങ്കിലടക്കപ്പെട്ടവരെ ജീവിതത്തിലെക്ക് തിരികെണ്ടുവരാനാണ് അദ്ദേഹം നീക്കിവെച്ചതെന്ന് പറയുമ്പോള്‍, ഇന്ത്യന്‍ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വലിയൊരു ദൗത്യമാണ് അദ്ദേഹം നിര്‍വഹിച്ചതെന്ന് പറയാതെ വയ്യ. നിരപരാധികളായ നിരവധി മനുഷ്യരെ തടവറയുടെ ലോകത്ത്നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ അദ്ദേഹത്തിന് നാഥന്‍ അര്‍ഹമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ. ഫാഷിസ്റ്റ് കാലത്ത് നിരപരാധികള്‍ക്ക് യോഗ്യനായ ഒരു പകരക്കാരന്‍ ജനിക്കട്ടെ.
Leave A Comment