ചാന്ദ്രയാന്‍ മൂന്ന് കുതിച്ചുയര്‍ന്നത് അഗ്നിച്ചിറകുകളിലേറിയാണ്

മൂന്ന് ....രണ്ട്....ഒന്ന് ... സീറോ ...
സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ആകാശ സീമയിലേക്ക് കുതിച്ചുയർന്ന ചാന്ദ്രയാൻ 3 ലൂടെ ഇന്ത്യയുടെ അഭിമാനം വീണ്ടും വാനോളം ഉയര്‍ന്നിരിക്കുകയാണ്. ജ്വലിച്ചുയരുന്ന അഗ്നിച്ചിറകുകളായി ചാന്ദ്രയാൻ മൂന്നിന്റെ വിജയം ആസ്വദിക്കുമ്പോൾ നരച്ച തലമുടിയുള്ള മെലിഞ്ഞ പുഞ്ചിരിയുള്ള ഒരു മനുഷ്യൻ പിറകിൽ കൈ കെട്ടി നിൽക്കുന്നതുണ്ടാവുമെന്ന് മനസ്സ് മന്ത്രിച്ചിരുന്നു. നീണ്ട കൈയ്യടികൾക്ക് മുമ്പിൽ വിനയാന്വിതനായി എല്ലാവർക്കും നന്ദി പറയുന്നൊരു മനുഷ്യന്റെ അദൃശ്യ സാന്നിധ്യം അവിടെ ഉണ്ടായിരുന്നിരിക്കണം. അബുല്‍ പക്കീർ ജൈനുലാബ്ദീൻ  അബ്ദുല്‍കലാം എന്ന ഇന്ത്യയുടെ മിസൈൽമാന്‍ എ.പി.ജെ കലാമിനെയാണ് പലരുടെയും കണ്ണുകള്‍ അവിടെ തെരഞ്ഞത്. 

വിദഗ്ധരായ ഒരുപാട് ഗുരുക്കന്മാരിലൂടെ അതി വിദഗ്ധനായി മാറിയ പ്രതിഭയാണ് എപിജെ.    അടിസ്ഥാനപരമായ ആവശ്യങ്ങൾ നിലനിൽക്കെ ഉപഗ്രഹ വിക്ഷേപണത്തിന്റെ ആവശ്യമെന്തെന്നതിന് വ്യക്തമായ ഉത്തരമാണ് തന്റെ ആത്മകഥയായ അഗ്നിച്ചിറകുകളിലൂടെ എ.പി.ജെ ഇന്ത്യയുടെ മുമ്പിൽ സമർപ്പിച്ചത്. ഒന്നുമില്ലായ്മയുടെ കാലത്ത് സ്വപ്നങ്ങളുടെ ധാരാളിത്തം അനുഭവിച്ചയാളായിരുന്നു കലാം. അത് കൊണ്ട് തന്നെയാണ് ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഫീസ് അടക്കാനുള്ള പ്രയാസം കാരണം സസ്യബുക്കായി മാറിയതും രാമേശ്വരത്തെ വീടുകളിലേക്ക് പത്രമെത്തിക്കുന്ന ജോലി ഏറ്റെടുത്തതും. 

ജീവിത വിജയം നേടാനും നേട്ടങ്ങൾ കൊയ്തെടുക്കാനും സാധിക്കണമെങ്കിൽ മൂന്ന് സുപ്രധാന ശക്തികളെക്കുറിച്ച് മനസ്സിലാക്കുകയും അവ പ്രയോഗിക്കാൻ പ്രാവീണ്യം നേടുകയും വേണം എന്ന് തന്റെ ഗുരു ഇയ്യാദുരൈ സോളമൻ പറഞ്ഞതായി എപിജെ രേഖപ്പെടുത്തിയിട്ടുണ്ട്. ആഗ്രഹം, വിശ്വാസം, പ്രതീക്ഷ എന്നിവയാണാ ശക്തികൾ. ബാല്യകാലത്ത് ആകാശത്തെ അത്ഭുതങ്ങളും കൊറ്റികളും കാക്കകളും പറന്നുയരുന്നതും അത്ഭുതപ്പെടുത്തിയ കൊച്ചു ബാലന്റെ ആഗ്രഹവും വിശ്വാസവും പ്രതീക്ഷയും ശക്തി പ്രാപിക്കുകയും അതിലൂടെ ആകാശത്ത് പറന്ന ആദ്യ രാമേശ്വരത്തുകാരനാവാനും കുതിച്ചുയരുന്ന മിസൈലുകളുടെ ഇന്ധനം ആവാനും എ.പി.ജെക്ക് സാധിച്ചു. ശാസ്ത്രമെന്നത് പരമമാണെന്ന് വാദിക്കുന്ന ശാസ്ത്രമാത്ര വാദികൾ പെറ്റ് പെരുകുന്ന കാലത്ത് എനിക്ക് ശാസ്ത്രമെന്നത് ആത്മീയ സമ്പുഷ്ടിയിലേക്കും ആത്മസാക്ഷാത്കാരത്തിലേക്കുമുള്ള പാതയാണ് എന്ന് എ.പി.ജെ പറഞ്ഞ് വെക്കുന്നു. 

പിതാവിന്റെയും ഗുരുക്കമാരുടെയു അനുഗ്രഹാശിസ്സുകളോടെ, സഹോദരിയുടെ പൊന്നും പണ്ടവും വിറ്റ്, സുഹൃത്തുക്കളുടെ അകമഴിഞ്ഞ പിന്തുണയോടെ എ.പി.ജെ അബ്ദുല്‍ കലാം ആകാശത്തോളം ഉയർന്നുപൊങ്ങി. എം.ഐ.ടി യിൽ നിന്നും ഹിന്ദുസ്ഥാൻ ലിമിറ്റഡിലേക്കും പിന്നെ വ്യോമ മേഖലയായ ഡിറ്റിഡി&പി സീനിയർ സയന്റിഫിക്ക് അസിസ്റ്റന്റായും തുടർന്ന് വ്യത്യസ്ത പ്രൊജക്ടുകളുടെ നേതൃത്വം നിർവ്വഹിച്ചും ഇൻകോസ് പാറിൽ റോക്കറ്റ് എൻജിനീയറായും കലാം തന്റെ കാലമാസ്വാദ്യകരമാക്കി. നാസയുടെ സ്വീകരണ മുറിയെ അലങ്കരിച്ച ബ്രിട്ടീഷുകാരെ ആക്രമിക്കുന്ന ടിപ്പു സുൽത്താന്റെ സൈന്യത്തിന്റെ ചിത്രം ഇന്ത്യക്കാരനെന്ന നിലയില്‍ തന്നില്‍ അഭിമാനം നിറച്ചതായി അദ്ദേഹം പറയുന്നുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൽ ടിപ്പു സുൽത്താൻ കണ്ട ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരമായി ഇന്ത്യൻ റോക്കറ്റുകളെ വിലയിരുത്താം. 

പതിനെട്ട് വർഷത്തോളം ഐ.എസ്.ആർ.ഒയിൽ സേവനം ചെയ്ത എപിജെ യുടെ നേതൃത്വത്തിലാണ് 1980 ജൂലൈ 18 ൽ ആദ്യ ഉപഗ്രഹ വിക്ഷേപണം നടത്തുന്നത്. എസ്.എൽ.വി 3 രോഹിണിയുടെ വിക്ഷേപണത്തിന് മുമ്പേ ഉണ്ടായ രണ്ട് പരാജയങ്ങളുടെ കയ്പ്പുനീരിറക്കിയ അനുഭവവും എ.പി.ജെ പങ്ക് വെക്കുന്നുണ്ട്. ആദ്യ രണ്ട് വട്ടം നിരാശയുടെ പടുകുഴിയിൽ വീണ സന്ദർഭങ്ങൾ, നീണ്ട പരിശ്രമങ്ങൾ വൃഥാവിലെന്ന് തോന്നിച്ച നിമിഷങ്ങൾ, വിശ്വസം നിശ്വാസമായി പുറത്തേക്ക് പ്രവഹിച്ചു കൊണ്ടിരുന്നു. അവയൊക്കെയും നീന്തിക്കടന്ന് എസ്.എൽ വി 3 അന്തരീക്ഷത്തിൽ ചിറകിട്ടടിച്ചത് രാജ്യത്തെ ഉത്തേജിതമാക്കി. ഉപഗ്രഹ വിക്ഷേപണ ശേഷി കൈവരിച്ച ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നെഞ്ച് വിരിച്ച് ചേർന്നു. നൂറു ശതമാനം തദ്ദേശീയമായി നിർമ്മിച്ച രോഹിണി ശാസ്ത്രലോകത്തെ പുത്തൻ വാതായനമായിരുന്നു. ലോക രാജ്യങ്ങൾ വികസിച്ച് കൊണ്ടിരിക്കുന്ന ഇന്ത്യയുടെ കൈ വെള്ളയിലുള്ള ആയുധം തിരഞ്ഞു. പ്രധാനമന്ത്രിയെ കാണാൻ ഡൽഹിയിലേക്ക് ക്ഷണിക്കപ്പെട്ടപ്പോൾ ആചാരമര്യാദകളുടെ വേഷവിധാനം ഇല്ലാതെ കാലിൽ ചെരുപ്പ് ധരിച്ച സാധാരണക്കാരനായ കലാമിനോട് പ്രൊഫ: ധവാൻ പറഞ്ഞത് താങ്കൾ താങ്കളുടെ വിജയം കൊണ്ടുള്ള മനോഹരമായ വസ്ത്രം ധരിച്ചിരിക്കുകയാണ് എന്നാണ്. ഇന്ത്യയുടെ അഭിമാനസ്തംഭമായ, ആകാശ അതർത്തികൾ താണ്ടിയ രാമേശ്വരത്തുകാരൻ അബ്ദുല്‍ കലാമിന്റെ വിനയം ഭൂമിയോളം താഴ്ന്ന സമയങ്ങളിൽ ചിലതായിരുന്നു അത്. 

രാജ്യത്തിന്റെ പുരോഗതിയും ശാസ്ത്ര രംഗത്തെ അടങ്ങാത്ത ദാഹവും കുടുംബ ജീവിതത്തിന് തടസ്സമായി. ഊണും ഉറക്കവും പ്രൊജക്റ്റുമായി ഇടപഴകിയ കലാം ജൈനുലാബ്ദീന്റെ തലമുറ നിലർത്താൻ മറന്ന് പോയി. 1980 ൽ പത്മഭൂഷണും 1990 ൽ പത്മ വിഭൂഷണും നേടി. ഇന്ത്യയെ പ്രതി മറ്റ് രാജ്യങ്ങൾ ഭയപ്പെടുന്ന സാഹചര്യങ്ങൾ 1989 മെയ് 22 ന്  'അഗ്നി' ആകാശത്തേക്ക് ഉയർന്നതോടെ സംജാതമായി. പരാജയങ്ങൾക്ക് മേലെ പരാജയം ഏറ്റ് വാങ്ങിയ അഗ്നിയുടെ ആദ്യ രണ്ട് ഘട്ടങ്ങളിൽ ആത്മവിശ്വാസം വറ്റിയ അവസ്ഥ സംജാതമായിരുന്നു. മാധ്യമങ്ങളുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും പരിഹാസങ്ങൾക്കും അസൂയക്കുമിടയിൽ നിന്നാണ് വിജയക്കൊടി നാട്ടാൻ അഗ്നിക്ക് സാധിച്ചത്. അഗ്നിയുടെ വരവോടെ യുദ്ധങ്ങൾ തടയാൻ കഴിയുന്ന അവസ്ഥയിലേക്ക് ഇന്ത്യ എത്തി. ഇന്ന് മികവാർന്ന ഒരു പാട് പര്യവേഷണങ്ങൾക്ക് പിറകിൽ എ.പി.ജെ എന്ന മനുഷ്യന്റെ ജീവിതമാണെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. 2002 മുതൽ 2007 വരെയുള്ള കാലയളവിൽ ഇന്ത്യയുടെ രാഷ്ട്രപതിയായി ചുമതലയേറ്റ എ.പി.ജെ തന്റെ 83-ാം വയസ്സിൽ 2015 ജൂലൈ 27ന് ഭൂമി ലോകത്തെ വാസമവസാനിപ്പിച്ച് 'സ്വപ്നങ്ങളില്ലാത്ത നിദ്രയുടെ' ആഴങ്ങളിലേക്കിറങ്ങി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter