ടിപ്പു സുല്‍ത്താൻ ശീഈ ആശയക്കാരനായിരുന്നോ

ഭാരതീയ ചരിത്രത്തിൽ അത്യപൂർവമായ രണോല്സുകതയുടെയും പോരട്ടവീര്യത്തിന്റെയും പ്രഫുല്ലമായ ചരിതമാണ് ശഹീദെ മില്ലത്ത് ടിപ്പു സുൽത്താൻ (റ) ന്റേത്.  ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കോളനി വല്കൃത കയ്യേറ്റങ്ങൾക്കെതിരെ സന്ധിയില്ലാ സമരത്തിന് സുൽത്താനും പിതാവും നേതൃത്വം നൽകി.  ബ്രിട്ടീഷ്കാരുടെ ഇംഗിതങ്ങൾക്കു മുന്നിൽ ഒരിക്കൽ പോലും അടിയറവു പറയാത്ത സുൽത്താനെ കുറിച്ച്‌ അധികപേരും അറിഞ്ഞു കാണും. എന്നാൽ,  മുസ്‌ലിം സ്വത്വത്തിൽ അടിയുറച്ച് നിന്ന് ആത്മീയതയുടെ വാതായനങ്ങള്‍ കടന്നു ചെന്ന ആത്മീയ ലോകത്തെ സുൽത്താനെ അധികമാരും അറിഞ്ഞിരിക്കാൻ തരമില്ല. 

ശ്രീരംഗപ്പട്ടണത്തിലെ ടിപ്പു സുൽത്താന്റെ മഖ്‌ബറയിൽ അബ്‍ജദ് (അറബിയിലെ ഓരോ അക്ഷരത്തിനും സംഖ്യ നല്കി കണക്ക് കൂട്ടുന്ന രീതി) കണക്കു പ്രകാരം അദ്ദേഹത്തിന്റെ രതസാക്ഷിത്വത്തിന്റെ തിയ്യതി രേഖപ്പെടുത്തിയ ചില വാക്യങ്ങൾ കാണാം. 'നൂർ ഇസ്‌ലാം വ ദീൻ ദുൻയാ റഫ്ത്' (ഇസ്‍ലാമിന്റെയും വിശ്വാസത്തിന്റെയും വെളിച്ചം ഇഹലോകമുപേക്ഷിച്ചു) 'ടിപ്പു ബാ വജഹ്  ദീൻ മുഹമ്മദ് ശഹീദ് ശുദ് '(മുഹമ്മദ്(സ്വ) യുടെ ദീനിന് വേണ്ടി ടിപ്പു രക്തസാക്ഷ്യം വരിച്ചു) എന്നീ രണ്ട് വാക്യങ്ങളും അബ്ജദ് പ്രകാരം ഹിജ്റാബ്ദം '1213'നെ സൂചിപ്പിക്കുന്നു. അഥവാ ക്രിസ്താബ്ദം '1799'.  ഈയൊരു ലിഖിതം തയ്യാറാക്കിയത് മീർഹുസൈൻ അലിയുടെ നിർദ്ദേശപ്രകാരം അബ്ദുൽ ഖാദിർ എന്ന വ്യക്തിയാണ്. ഇരുവരും ആത്മീയാചാര്യമാരാണെന്ന് കാണാം. 

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ,  പ്രത്യേകിച്ച് ഡെക്കാൻ പ്രവിശ്യയിലെ മുസ്‌ലിംകൾ ടിപ്പു സുൽത്താനെ 'ഹസ്‌റത് ' എന്നും 'ശഹീദ് ' എന്നും ചേർത്ത് വിളിക്കുന്നത് കാണാം.  രണഭൂവിൽ വീരോചിതം രാക്ഷസാക്ഷിത്വം വരിച്ചതിനാലാണ് ശഹീദ് എന്ന് വിളിക്കുന്നത്.  എന്നാൽ 'ഹസ്‌റത്' എന്നത് ചരിത്രത്തിലുടനീളം പ്രബുദ്ധരായ മുസ്‍സിം വ്യക്തിത്വങ്ങളെയും പണ്ഡിതരെയും അഭിസംബോധന ചെയ്യുന്ന പദമാണ്. 

ബാംഗ്ലുരിലോ ഹൈദെരാബാദിലോ ചെന്ന്  മുസ്‌ലിം സംഘങ്ങളോട് സുൽത്താനെ കുറിച്ച് അന്വേഷിച്ചാൽ അദ്ദേഹത്തിന്റെ സുശക്തമായ ഭരണ വ്യവസ്ഥയെ പറ്റിയോ വൈദേശിക നയങ്ങളെ കുറിച്ചോ ശാസ്ത്രത്തോളം വളർന്ന ചിന്താശേഷിയെ സംബന്ധിച്ചോ ഒന്നുമല്ല അവർക്ക് പറയാനുണ്ടാവുക. മറിച്ച്  ജീവിത കാലത്ത് ഒരൊറ്റ നിസ്‌കാരംപോലും നഷ്ട്ടപ്പെടുത്താത്ത, ജമാഅത്ത്  കളയാത്ത,  ആധുനിക മുസ്‍ലിം രാഷ്ട്രങ്ങളെ വെല്ലുന്ന ഭരണകൂടം സ്ഥാപിച്ച ഒരു താത്വിക മുസ്‍ലിമെന്ന നിലക്കാണ്  അദ്ദേഹത്തെ അവർ അവതരിപ്പിക്കുക.  

സുൽത്താന്റെ ആത്മീയ ബന്ധങ്ങൾ 

കിർമാനിയുടെ 'ഹിസ്റ്ററി ഓഫ് ടിപ്പുസുൽത്താൻ' എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നതുപോലെ,  ടിപ്പുസുൽത്താന്റെ പ്രപിതാവ് ശൈഖ് വാലി മുഹമ്മദ് വലിയ സൂഫി വര്യനായിരുന്നു.  അദ്ദേഹം തന്റെ മകനോടോത്ത്  ബീജാപൂരിലെ മുഹമ്മദ് ആദിൽ ഷാ (1626-56) യുടെ കാലത്ത് ഡൽഹിയിൽ നിന്ന് ഗുൽബർഗയിലേക്ക് ചേക്കേറിയതാണെന്ന് കണക്കാക്കപ്പെടുന്നു. ശൈഖ് വാലി മുഹമ്മദ് കൃത്യമായ മതനിഷ്ഠ പുലർത്തുന്ന വ്യക്തിയായിരുന്നു.  അദ്ദേഹം,  'ഗെസുന്ദറാസ് ബന്ദേ നവാസ് 'എന്ന ശൈഖ് സദറുദ്ധീൻ ഹുസൈനിയുടെ ദർഗ്ഗയുമായി ഏറെ ബന്ധം പുലർത്തിയിരുന്നു. ഗെസുന്ദറാസ് ബന്ദേ നവാസ്  ആണെങ്കിൽ ഡെക്കാനിലെ തന്നെ ഏറ്റവും പ്രബുദ്ധരായ സൂഫികളിലൊരാൾ. അതിനാൽ തന്നെ ടിപ്പുസുൽത്താന്റെ പ്രപിതാക്കൾ ആത്മീയ മാർഗത്തില്‍ പ്രവേശിച്ചവരും സൂഫി സരണി സ്വീകരിച്ചവരുമായിരുന്നു. 

ടിപ്പുസുൽത്താന്റെ മുൻഗാമികളെ സംബന്ധിക്കുന്ന മറ്റൊരു തലം 'കർനമായേ ഹൈദരി' യിൽ പറയുന്നുണ്ട്. അത് പ്രകാരം,  അവരുടെ കുടുംബ ശ്രേണി ചെന്നെത്തുന്നത് ഹസൻ ബിൻ യഹ്‌യൽ ഖുറൈഷിയിലേക്കാണ്. അദ്ദേഹം പ്രവാചക ഗോത്രമായ ഖുറൈശി കുടുംബത്തിലെ അംഗമാണ്. ഹസൻ ബിൻ യഹ്‌യ മക്കയിലെ ശരീഫ് കൂടിയായിരുന്നു. പക്ഷെ ഈ കണ്ടെത്തൽ മാനുഷികമായ കെട്ടിച്ചമക്കൽ ആകാനുള്ള സാധ്യതയും മുന്നിലുണ്ട്. പ്രസ്തുത ലിഖിതം സൂചിപ്പിക്കുന്നത് പ്രകാരം യഹ്‌യയുടെ ആറാമത് പിൻഗാമി ഇന്ത്യയിലേക്ക് കുടിയേറിയെന്നും അജ്മീറിൽ ഖ്വാജാ മുഈനുദ്ധീൻ ചിശ്തി(റ) യോട് ബന്ധം പുലർത്തി അവരുടെ മകളെ വിവാഹം കഴിച്ചുവെന്നും കാണാം.  എന്നാൽ  ടിപ്പുസുൽത്താന്റെ കുടുംബവേരുമായി ബന്ധപ്പെട്ട ഇരു സ്രോതസ്സുകളും വിരൽ ചൂണ്ടുന്നത് അവർ സുന്നികളായിരുന്നുവെന്നാണ്. ഇവിടം വ്യക്തമാകുന്ന മറ്റൊരു വാസ്തവം എന്തെന്നാൽ,  ഇരു സ്രോതസ്സുകളിലും സുൽത്താന്റെ കുടുംബം അടുത്തിടപഴകുന്നതായിട്ടുള്ള രണ്ടു മഹോന്നതരായ സൂഫി മിസ്റ്റിക്കുകളെ നമുക്ക് കാണാനാകും, അജ്മീറിലെ ഖ്വാജാ മുഈനുദ്ധീൻ ചിശ്തി(റ)യും ഗുൽബർഗയിലെ ഖ്വാജാ ബന്ദേ നവാസ് (റ)ഉം.

സുൽത്താന്റെ പിതാവ് ഹൈദർ അലിയുടെ സൈനികരിൽ ഒരു സൂഫി പണ്ടിറ്റുണ്ടായിരുന്നു, കാക്കി ശാഹ് വാലി. 1770ൽ ഒന്നാം ആംഗ്ലോ മൈസൂർ യുദ്ധത്തിലാണ് അദ്ദേഹം കൊല്ലപ്പെടുന്നത്.  അദ്ദേഹത്തിന്റെ ദർഗ്ഗ നിർമിക്കുന്നത് ഹൈദരലിയും ടിപ്പുസുൽത്താനും കൂടിയാണ്. തെന്നിന്ത്യയിലെ മഹോന്നതരായ മുസ്‍ലിം വ്യക്തിത്വങ്ങളോട് ടിപ്പുസുൽത്താൻ അടുപ്പവും ബന്ധവും പുലർത്തിയിരുന്നു. അത്തരത്തിൽ ടിപ്പുസുൽത്താനുമായി അടുത്ത ബന്ധമുണ്ടായിരുന്ന വ്യക്തിത്വമായിരുന്നു 'ബൂദുൻ ശാഹ് ഖാദിരി'.  ടിപ്പുവിന്റെ 'സ്വപ്നങ്ങളുടെ ഗ്രന്ഥ'ത്തിലെ 6,8, 15, 30, 31 എന്നീ സ്വപ്നങ്ങളും സൂഫികളുമായി ബന്ധപ്പെട്ടതാണ്. അവരിൽ ഖ്വാജാ ഖസുന്ദറാസും ഇടം പിടിച്ചതായി കാണാം. 

ടിപ്പുസുൽത്താന്  ആത്‌മീയ ലോകത്തോടുള്ള അടുപ്പം സൂചിപ്പിക്കുന്ന മറ്റൊരു കാര്യം, അദ്ദേഹത്തിന്റെ ലൈബ്രറിയിലെ തസവ്വുഫ് ഗ്രന്ഥങ്ങളുടെ എണ്ണമാണ്.  ചാൾസ് സ്റ്റിവാർട്ട്  തന്റെ 'എ ഡിസ്ക്രിപ്റ്റീവ് കാറ്റലോഗ് ഓഫ് ദി ഓറിയന്റൽ ലൈബ്രറി ഓഫ് ദി ലേറ്റ് ടിപ്പുസുൽത്താൻ' എന്ന പഠനത്തിൽ രേഖപ്പെടുത്തിയത്, അവയിൽ 115ഓളം ഗ്രന്ഥങ്ങളും സൂഫിസവുമായി ബന്ധമുള്ളതായിരുന്നു എന്നാണ്. 190 കവിതാ സമാഹാരങ്ങളും 118 ചരിത്ര പുസ്തകങ്ങളും ആ കൂട്ടത്തിൽ പെടുന്നു. ഖുർആനും ഹദീസും സംബന്ധിച്ച 90 ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ ഗ്രന്ഥ സമാഹാരത്തിലുണ്ടായിരുന്നു. 

സുൽത്താൻ ശീഈയോ  സുന്നിയോ? 


ഇന്ത്യയിലും പാകിസ്താനിലും മുസ്‍ലിംകൾക്കിടയിൽ ടിപ്പു സുൽത്താനെ കുറിച്ചുയരുന്ന സംശയമാണ് അദ്ദേഹം സുന്നിയാണോ അതോ ശീഈ വിഭാഗക്കാരനാണോ എന്നത്. ഈയൊരു സംശയം ഉടലെടുക്കുവാൻ കൃത്യമായ ഹേതുകങ്ങളുണ്ട് എന്ന് സുൽത്താന്റെ ചരിത്രത്തിൽ നിന്ന് ബോധ്യമാവും.  ചിലർ വഹാബിസം പോലോത്ത സംഹിതകളുമായി ടിപ്പുവിനെ ബന്ധപ്പെടുത്താറുണ്ട്. ഇവയൊക്കെ ഇഴകീറുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ മതസാമൂഹിക സ്ഥിതികളെ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ 18-ാം നൂറ്റാണ്ട്  ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം തെന്നിന്ത്യയിലെല്ലാം വ്യത്യസ്തങ്ങളായ ഇസ്‌ലാമിക വിശ്വാസധാരകളും അനുഷ്ടടാനങ്ങളും മതകീയചാരങ്ങളും പ്രാദേശികമായി രൂപപ്പെടുത്തി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ്. അതിനാൽ തന്നെ അവകളിൽ ഏതാണ് യഥാർത്ഥ ഇസ്‌ലാമികമെന്നും അനിസ്‌ലാമികമെന്നും കൃത്യമായി നിർവചിക്കാനാകുമായിരുന്നില്ല.  സൂഫി ദർഗകളും കുടീരങ്ങളും മുസ്‌ലിംകളും ഹൈന്ദവരും ഒരു പോലെ ഇടപഴകുന്ന ഇടങ്ങളായിരുന്നു.

ടിപ്പുസുൽത്താൻ ശീഈ വിഭാഗത്തോട് വളരെ രമ്യതയോടെയായിരുന്നു ഇടപഴകിയിരുന്നത്. മാസത്തിൽ ശീഈകൾ കൊണ്ടാടാറുള്ള ദുഃഖാചരണം ശ്രീരംഗപ്പട്ടണത്തിൽ വളരെ വിപുലമായി തന്നെ നടത്തപ്പെട്ടിരുന്നു. പിതാവ് ഹൈദർ അലി ആയിരുന്നു പരിപാടി നടത്താൻ അനുമതി നൽകിയിരുന്നത്. സുൽത്താന്റെ മുഴുവൻ ഭരണ-സൈനിക വ്യവസ്ഥകളിലും ശീഈകൾ വേണ്ട വിധത്തിൽ പ്രതിനിധീകരിക്കപ്പെട്ടിരുന്നു. 

ടിപ്പുസുൽത്താൻ,  ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ നാലാമത്തെ ഖലീഫയും പ്രവാചക മരുമകനുമായ അലി(റ)നോട് അതിയായ ആദരവ് വെച്ചുപുലർത്തിയിരുന്നു. അലി (റ)ആകട്ടെ, ശീഈകളുടെ വിശ്വാസപ്രകാരം പ്രവാചകന്റെ യഥാർത്ഥ പിൻഗാമിയും അനന്തരാവകാശിയുമാണ്. അലി(റ) നോടുള്ള പ്രാര്‍ത്ഥനാമന്ത്രങ്ങൾ സുൽത്താന്റെ ആയുധങ്ങളിൽ രേഖപ്പെടുത്തിയിരുന്നു. അലി (റ)ന്റെ വിശേഷണമായ 'അസദുല്ലാഹിൽ ഗാലിബ് ' എന്ന നാമം ടിപ്പുസുൽത്താൻ വർണ്ണനകളിലും മറ്റും ധാരാളമായി ഉപയോഗിക്കുമായിരുന്നു. അദ്ദേഹത്തിന്റെ സമർത്ഥരായ ഒരു സൈനിക ഗ്രൂപ്പിന് നാമകരണം ചെയ്തിരുന്നത് 'അസദ് ഇലാഹികൾ' എന്നായിരുന്നു. 

1786 ൽ ടിപ്പുസുൽത്താൻ ഒരു സംഘത്തെ കോൺസ്റ്റാന്റിനോപ്പിളിലേക്കയച്ചു. ഉസ്മാനി ഖലീഫയിൽ നിന്ന് മൈസൂർ ചെലവിൽ യൂഫ്രട്ടീസിൽ നിന്ന് നജഫിലേക്കൊരു പാലം പണിയാനുള്ള അനുമതി വാങ്ങിക്കാനാണ് പ്രസ്തുത സംഘത്തെ നിയോഗിച്ചത്. തീർത്ഥാടനങ്ങൾ എളുപ്പമാക്കാൻ വേണ്ടിയായിരുന്നുവത്. അലി (റ)ന്റെ മഖ്‌ബറ സിയാറത് ഇത് വഴി എളുപ്പമാവുകയുമായിരുന്നു മറ്റൊരു ലക്ഷ്യം. അത് ശിയാക്കള്‍ക്ക് വേണ്ടിയാണെന്ന് വായിക്കപ്പെടുന്നതും സ്വാഭാവികം. സുൽത്താൻ ഇറാനിലെ ഭരണാധികാരിയായ ഫതഹ് അലി ഖാനിലേക്ക് സമ്മാനങ്ങൾ അടങ്ങിയ ഒരു നിയോജക സംഘത്തെ അയച്ചതായും കാണാം. അതിന് സമാനമായ സമ്മാനങ്ങൾ തിരിച്ചും അയച്ചെങ്കിലും അവയെത്തുന്നതിനു മുമ്പേ സുൽത്താൻ ശഹീദായിരുന്നു. ടിപ്പുസുൽത്താൻ തന്റെ നാണയങ്ങൾക്ക് പേര് നൽകിയിരുന്നത് 'അഹ്‌മദി, സിദ്ധീഖി, ഫാറൂഖി, ഹൈദരി, ഇമാമി, ആബിദി, ബാഖിരി, ജാഫരി, കാളിമി, ഒസ്മാനി ' എന്നിങ്ങനെയായിരുന്നു. 

ഇവയെല്ലാം അദ്ദേഹം ഒരു ശിയാ ആശയക്കാരനായിരുന്നു എന്നതിന് തെളിവായി ഉദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ ഇത് ടിപ്പുസുൽത്താൻ  ഒരു സുന്നിയാണെന്നതിലേക്ക് വ്യക്തമായ സൂചന തരുന്നതാണെന്നും പറയാവുന്നതാണ്. കാരണം, അലി(റ)നൊപ്പം മറ്റു ഖലീഫമാരെ കൂടി ആദരിക്കുന്ന യഥാര്‍ത്ഥ സുന്നീ ശൈലി മാത്രമായിരുന്നു ഇത്. ഒരു ശീഈ ഭരണാധികാരിയും ആദ്യ മൂന്നു ഖലീഫമാരുടെ നാമത്തിൽ നാണയം അടിച്ചിരുന്നില്ല. അവരുടെ വിശ്വാസത്തിൽ അത് വലിയ നിന്ദയും പാതുകവുമായിരുന്നു. 

സുന്നി ആശയപ്രകാരം ഇമാമുമാരെ അപകീർത്തിപ്പെടുത്താലും അനാദരവ് കാട്ടലും അനുവദനീയമല്ല. അതായിരുന്നു ടിപ്പുസുൽത്താന്റെ വിശ്വാസത്തിന്റെയും കാതല്‍ എന്നതാണ് യാഥാർഥ്യം. സുൽത്താന് കൃത്യമായ മതകീയ അതിർവരമ്പുകൾ ഉണ്ടായിരുന്നു. മൈസൂരിൽ വലിയൊരു വിഭാഗം ശീഈകൾ ഉണ്ടായിരുന്നതിനാൽ തന്നെ അവരുടെ ഇമാമുകളുടെ പേരുകൾ നാണയ നാമകരണത്തിനു ഉപയോഗിച്ചതിലൂടെ അവരെ ചേർത്ത് നിർത്താൻ കൂടി അദ്ദേഹം ശ്രദ്ധ പുലർത്തുകയാണ് ചെയ്തത്. ആനയുടെ ചിത്രം വെങ്കല നാണയങ്ങളിൽ കൊത്തിവെപ്പിച്ച് ഹൈന്ദവ പാരമ്പര്യത്തിന് പരിഗണന നൽകിയിരുന്നതും അദ്ദേഹത്തിന്റെ ഭരണത്തില്‍ കാണാവുന്നതാണ്.

മുസ്‍ലിംകളിൽ നിന്നുള്ള രണ്ടു പ്രകടന വിഭാഗങ്ങൾ സുൽത്താന്റെ കാലത്തുണ്ടായിരുന്നു -മഹ്ദവികളും വഹാബികളും. തുടക്കത്തിൽ സുൽത്താൻ മഹ്ദവികൾക്ക് എല്ലാവിധ അനുഷ്ടാന സ്വാതന്ത്ര്യവും നൽകിയിരുന്നു. പിന്നീട് അവർ വളരുകയും മൈസൂരിലെ മുസ്‍ലിം സമൂഹത്തിനിടയിൽ പ്രശ്നങ്ങൾ തലപൊക്കുകയും ചെയ്തു. മഹ്ദവികൾക് വളരെ ഉച്ചത്തിൽ ആരാധനാ കർമങ്ങൾ അനുഷ്ഠിക്കുന്ന പതിവ് ഉണ്ടായിരുന്നു.   ഇത് മറ്റു മുസ്‍ലിംകൾക്ക് ശല്യമാകുമെന്ന ബോധ്യം സുൽത്താനുണ്ടായിരുന്നു. അതിനാൽ നഗരത്തിനു വെളിയിൽ അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുത്തു. പക്ഷെ, അവർ അത് നിരസിക്കുകയും ഒരു രാത്രിയിൽ 3000 ത്തോളം പേർ ആഘോഷങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. ഇതിൽ ക്രുദ്ധനായ സുൽത്താൻ അവരുടെ സമൂഹത്തെ തന്നെ മൈസൂര് നിന്നും നാടുകടത്തി. അക്കാരണത്താലാണ് നാലാം ആംഗ്ലോ മൈസൂർ യുദ്ധത്തിൽ ടിപ്പു വിരുദ്ധ ചേരിയിൽ അവർ നിലകൊണ്ടത്.  സൗദിയിൽ നിന്ന് വഹാബികളെ തുരത്താൻ സൈനിക സഹായം വാഗ്ദാനം ചെയ്തുകൊണ്ട് ഓട്ടോമൻ ഖലീഫയ്ക്ക് കത്തയക്കുന്നുണ്ട് സുൽത്താൻ. 1799ലായിരുന്നു അത്. വഹാബികളുടെ വിഷലിപ്തമായ പ്രവർത്തനങ്ങളും പ്രവണതകളും നിരീക്ഷിച്ച് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം അത്തരമൊരു  നടപടിക്കൊരുങ്ങുന്നത്.

തന്റെ ഭരണത്തിനുള്ളിൽ മുഴുവൻ വിഭാഗങ്ങൾക്കും മാനുഷിക പരിഗണന നൽകാൻ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു ടിപ്പുസുൽത്താൻ.  തന്റെ മതത്തിനുള്ളിലെ അവാന്തര വിഭാഗങ്ങളെയും ഇതര മതവിഭാഗങ്ങളെയും അദ്ദേഹത്തിന്റെ രാഷ്ട്രത്തിന്റെ വ്യത്യസ്തങ്ങളായ തസ്തികകളിലേക്ക് ഭേദമന്യേ പരിഗണിച്ചത് ഇതുകൊണ്ടായിരുന്നു.

ചുരുക്കത്തില്‍ ശഹീദ് ടിപ്പു സുല്‍താന്‍ സ്വൂഫീ സരണി പിന്തുടര്‍ന്നിരുന്ന നല്ലൊരു സുന്നിയായിരുന്നു എന്ന് തന്നെയാണ് ചരിത്രത്തിന്റെ നിഷ്പക്ഷ വായന നമുക്ക് പറഞ്ഞുതരുന്നത്. നാഥന്‍ അദ്ദേഹത്തിന്റെ സുകൃതങ്ങള്‍ സ്വീകരിക്കുമാറാവട്ടെ, ആമീന്‍.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter