മൗലാനാ മുഹമ്മദ് ലഥീഫ്

സുല്‍ഥാന്‍ ഫറഖ് സൈറിന്റെ ഭരണകാലത്ത് ഡല്‍ഹിയിലെ ശാഹീ മദ്‌റസയിലെ മുദര്‍രിസായിരുന്നു മൗലാനാ മുഹമ്മദ് ലഥീഫ്. ഇദ്ദേഹത്തിന്റെ ഖ്യാതി ഇന്ത്യയില്‍ മാത്രമല്ല, ബുഖാറയിലും താര്‍ത്താറിലും മറ്റു മധ്യേഷ്യന്‍ രാജ്യങ്ങളിലും ചെന്നലച്ചിരുന്നു. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വിജ്ഞാനകുതുകികള്‍ അദ്ദേഹത്തിന്റെ സമീപത്തേക്ക് പ്രവഹിച്ചു. ശാഹ് കലീമുല്ലാഹ് ജഹാന്‍ ആബാദിയുടെ മുരീദായിരുന്ന ഇദ്ദേഹം നബിയുടെ തിരുചര്യകള്‍ പിന്തുടരുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു. ശരീഅത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ആരില്‍ നിന്ന് കണ്ടാലും അത് തുറന്നു പറഞ്ഞിരുന്നു അദ്ദേഹം.

ഫറഖ് സൈറിന്റെ ഭരണകൂടത്തിലെ ഒരു പ്രധാനിയായിരുന്ന രോഷിനുദ്ദൗല സഫര്‍ഖാനും ഇദ്ദേഹത്തിന്റെ ഹദീസ് ക്ലാസുകളില്‍ പങ്കെടുത്തിരുന്നു. ഒരു ദിവസം സഫര്‍ഖാനെ കാണാനായി പുറംരാജ്യത്തുനിന്ന് ചില വിശിഷ്ടാതിഥികള്‍ വന്നെത്തി. അവര്‍ സഫര്‍ ഖാനെ അന്വേഷിച്ച് ഹദീസ് ക്ലാസിലും വന്നു. അദ്ദേഹം അവരെ സ്വീകരിച്ചിരുത്തി.

ഇത് ഗുരു ലഥീഫിന്റെ ശ്രദ്ധയില്‍ പെട്ടു. അദ്ദേഹത്തിന് ഇതൊട്ടും രസിച്ചില്ല. ഉടനെ ക്ലാസ് പിരിച്ചുവിട്ടു. സഫര്‍ഖാനെ അടുത്തുവിളിച്ചു പറഞ്ഞു: 'നിങ്ങള്‍ നാളെ മുതല്‍ എന്റെ ക്ലാസുകളില്‍ പങ്കെടുക്കരുത്. നബി(സ്വ)യുടെ ഹദീസിനേക്കാള്‍ ജനങ്ങളുടെ ഹദീസിനാണ് (സംസാരം) നിങ്ങള്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്!'

ഹിജ്‌റ വര്‍ഷം 1140 ല്‍ ഡല്‍ഹിയില്‍ വെച്ചാണ് ഇദ്ദേഹം മരണപ്പെട്ടത്. അവിടെ തന്നെയാണ് അദ്ദേഹത്തിന്റെ മഖ്ബറയും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter