സുഫ്‍യാനുസ്സൗരി (റ):  ഉമ്മ പണിത വിജ്ഞാന ഗോപുരം

അബ്ബാസീഭരണാധികാരി അബൂജഅ്ഫർ അൽ മൻസൂറിന്റെ ഭരണകാലം.കൂഫയിലെ ഒരു വിഭാഗം ആളുകൾ തങ്ങളുടെ നാട്ടിലേക്ക്  ഒരു ഖാളിയെ വേണമെന്നാവശ്യപ്പെട്ട് ഖലീഫക്കരികെയെത്തി. ആവശ്യം അംഗീകരിച്ച ഖലീഫ അവരോട് തന്നെ ഒരാളെ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടു.

“എങ്കില്‍ പിന്നെ സുഫ്‍യാന്‍ ബിന്‍സഈദ് തന്നെയാകട്ടെ”അവര്‍ പറഞ്ഞു.

ഖലീഫസുഫ്‍യാന്‍(റ) നെ വിളിപ്പിച്ച് കാര്യം പറഞ്ഞു.ഭവിഷ്യത്തുകളും ആലോചിക്കാതെ അദ്ദേഹംഅതിന് വിസമ്മതിച്ചു.ദേഷ്യം പിടിച്ച ഖലീഫ, ഖാളി സ്ഥാനംഏറ്റെടുക്കാതിരുന്നാല്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി.

തനിക്ക് ഒരു ദിവസത്തെ സാവകാശം നൽകണമെന്നും നാളെ ഖാളി വസ്ത്രമണിഞ്ഞ് താങ്കളുടെയരികെ വരാമെന്നും സുഫ്‍യാന്‍പ്രതിവചിച്ചു. ദീനീ സേവകനായി, തികഞ്ഞ സൂക്ഷ്മതയോടെ ജീവിച്ചു പോന്നിരുന്ന അദ്ദേഹത്തിന്സ്ഥാനമാനങ്ങളില്‍ ഒട്ടും ആഗ്രഹമുണ്ടായിരുന്നില്ല. ഖലീഫയുടെ നടപടി എന്താകുമെന്ന് ആശങ്കപ്പെട്ട അദ്ദേഹം അന്നു രാത്രി തന്നെ തന്റെ ഭാണ്ഡക്കെട്ടെടുത്ത് കഴുതപ്പുറത്ത് കയറി നാടു വിട്ടു.

പിറ്റേന്ന് സുഫ്‍യാനെ അന്വേഷിച്ച ഖലീഫക്ക് അദ്ദേഹം നാടുവിട്ടുവെന്ന വിവരമാണ് ലഭിച്ചത്. ഉടനെ ഖലീഫ ഉത്തരവിട്ടു: സുഫ്‍യാനെ ജീവനോടെയോ അല്ലാതെയോ കൊട്ടാരത്തിലെത്തിക്കുന്നവര്‍ക്ക് വന്‍പാരിതോഷികം നൽകുന്നതാണ്".

----

നാടുവിട്ട സുഫ്‍യാന്‍ (റ) യാത്ര തുടരുകയാണ്, എവിടേക്കെന്നില്ലാതെ. ഒടുവിൽ യമനിലേക്ക് പോയിശിഷ്ട കാലം അവിടെ ജീവിച്ചുതീര്‍ക്കാം എന്നുറച്ച അദ്ദേഹം അങ്ങോട്ട് തിരിച്ചു.പക്ഷെ, യമനിലേക്ക് ഇനിയും ദൂരമേറെയുണ്ട്. ചിലവിനായി കൈയ്യില്‍ കരുതിയതെല്ലാം കഴിയുകയും ചെയ്തിരിക്കുന്നു. തുടര്‍യാത്രക്കാവശ്യമായ ചെലവ് കണ്ടെത്താന്‍ എന്തെങ്കിലും ജോലിചെയ്തേ മതിയാകൂ. അന്വേഷണങ്ങള്‍ക്കൊടുവില്‍ഒരു മുന്തിരിത്തോട്ടത്തിന്റെ പരിപാലകനായി ജോലി ലഭിച്ചു.

മാസം ഒന്ന് കടന്നു പോയി. തോട്ടമുടമ ഒരിക്കൽ സുഫ്‍യാനെ വിളിച്ച്തോട്ടത്തിൽ നിന്ന് നല്ല മധുരിക്കുന്ന പഴം കൊണ്ടുവരാൻ കൽപിച്ചു. അദ്ദേഹം പഴം കൊണ്ടു കൊടുത്തു.പഴം കഴിച്ച ഉടമക്ക് ദേഷ്യം വന്നു,അസഹ്യമായ പുളിയായിരുന്നു അതിന്. കൈയബദ്ധമാകാം എന്ന് സ്വയം സമാധാനിച്ച് മധുരമുള്ളത് കൊണ്ടു വരാന്‍ വീണ്ടും പറഞ്ഞു.പക്ഷെ, രണ്ടാമത് കൊണ്ടുവന്നതും പുളിക്കുന്ന മുന്തിരി തന്നെയായിരുന്നു. അയാള്‍ക്ക്ദേഷ്യം സഹിക്കാനായില്ല.“ഒരു മാസമായി നീ ഈ തോട്ടത്തിൽ ജോലി ചെയ്യുന്നു. ഇതുവരെ മധുരമുള്ളതും പുളിയുള്ളതുമൊന്നും നിനക്കറിയില്ലേ...”അയാള്‍ പൊട്ടിത്തെറിച്ചു. ജോലിക്കാരന്‍ വിനയാന്വിതനായി പറഞ്ഞു:“ഞാനിതുവരെഇവിടുത്തെ ഒരു പഴവും രുചിച്ചു നോക്കിയിട്ടില്ല. എനിക്കിവ പരിപാലിക്കാനുള്ള അവകാശമല്ലേ തന്നുള്ളൂ,കഴിച്ചു നോക്കാന്‍ എനിക്ക് അനുവാദമില്ലല്ലോ. പിന്നെ ഞാനെങ്ങനെ അത് ചെയ്യും. അന്ത്യനാളിൽ അല്ലാഹുവിന്റെ വിചാരണ ഞാന്‍ ഭയപ്പെടുന്നു.”

ജോലിക്കാരന്റെ വിശദീകരണം കേട്ട ഉടമക്ക് ദേഷ്യം ഇരട്ടിച്ചു.“നീ എന്റെയടുത്ത് സൂക്ഷ്മത അഭിനയിക്കുകയാണോ?സുഫ്‍യാനുസ്സൌരിയേക്കാളും വലിയൊരു സൂക്ഷ്മാലുവന്നിരിക്കുന്നു”. തോട്ടയുടമ തട്ടിക്കയറി, തന്റെ മുന്നില്‍ നില്‍ക്കുന്നത് സാക്ഷാല്‍ സുഫ്‍യാനുസ്സൌരി തന്നെയാണെന്ന് അയാള്‍ക്കറിയില്ലായിരുന്നു.

ചരിത്രത്തിലിന്നും മതവിജ്ഞാന ശാഖകളിലെ അവഗാഹത്തിനും സൂക്ഷ്മതയുടെ ആഴത്തിനുംപേര് കേട്ടസുഫ്‍യാനുസ്സൌരി (റ)യുടെ സൂക്ഷ്മത അക്കാലത്ത് തന്നെ എത്രമാത്രം പ്രിസദ്ധമായിരുന്നു എന്ന് മനസ്സിലാക്കാന്‍ ഈ വാക്കുകള്‍ തന്നെ ധാരാളം.മത വിഷയങ്ങളിൽ അദ്ദേഹം കാണിച്ച സൂക്ഷ്മത സര്‍വ്വരാലുംപുകഴ്ത്തപ്പെടുന്നത് ചരിത്രത്താളുകളിൽ നിരവധി കാണാൻ കഴിയും.‘സുഫ്‍യാനുസ്സൌരി ഇല്ലായിരുന്നുവെങ്കിൽ സൂക്ഷ്മത തന്നെ മരിച്ചു പോകുമായിരുന്നു’ വെന്ന പ്രഗത്ഭ പണ്ഡിതന്‍ ഖുതൈബതുബ്നു സഈദ് (റ) വിന്റെ വാക്ക് തന്നെ, അദ്ദേഹത്തിന്റെ വ്യക്തിത്വം മനസ്സിലാക്കാന്‍ ധാരാളമാണ്.

ഹിജ്റ വര്‍ഷം 97 ൽ   അമവീ ഭരണ കാലത്ത്ഇറാനിലെഖുറാസാനിലാണ്സുഫ്‍യാനുസ്സൌരി (റ)ജനിച്ചത്.ദരിദ്രനായിരുന്നെങ്കിലും പ്രഗത്ഭനായഹദീസ് പണ്ഡിതനായിരുന്നു പിതാവ്.ജീവിതവൃത്തിക്കാവശ്യമായത് കണ്ടെത്താന്‍ പ്രയാസപ്പെടുന്ന പിതാവിനെ സഹായിക്കാനായി, മാതാവും  നൂൽനൂറ്റ് വല്ലതുമൊക്കെ സമ്പാദിക്കുമായിരുന്നു. പണ്ഡിത കുടുംബത്തിലേക്കു പിറന്നു വീണ മോനെചെറുപ്രായം മുതലേ  വളർത്തി കൊണ്ടുവന്നത് അറിവ്നേടാനും തദനുസൃതം ജീവിക്കാനുമുതകുന്ന നിലക്കായിരുന്നു. പക്ഷേ, മകന്‍ വളരുന്നതിനനുസരിച്ച് കൃത്യമായ വിദ്യാഭ്യാസം നല്‍കാന്‍ പിതാവിന്റെ സാമ്പത്തിക ശേഷി അനുവദിക്കാതെ വന്നു.

ദാരിദ്ര്യത്തിന്റെ ദിനരാത്രങ്ങളിലൂടെ കഴിഞ്ഞു പോകുന്നതിനിടക്ക് ഒരു ദിവസം ഉമ്മ മകനോട് പറയുഞ്ഞു: "മോനേ, നീ അറിവ്പഠിക്കാൻ  പോകൂ. ഉമ്മാക്ക് നൂൽനൂറ്റു കിട്ടുന്ന പണം അതിന്റെ ചിലവിനായി നമുക്ക് മാറ്റിവെക്കാം".കഷ്ടപ്പാടുകൾക്കിയിലും ഉമ്മ പറഞ്ഞആ വാക്കുകള്‍ സുഫ്‍യാനെന്ന കുഞ്ഞു ബാലന് വല്ലാത്ത പ്രചോദനമാനമേകി. അതോടെ, അന്ന് കൂഫയിൽ ജീവിച്ചിരുന്ന പണ്ഡിതന്മാരുടെ അധ്യാപനസദസ്സുകള്‍ നിരന്തരം അന്വേഷിച്ചും കയറിയിറങ്ങിയും അവന്‍ വിജ്ഞാനസമ്പാദനം സപര്യയാക്കി മാറ്റി.

അറിവ്നേടാന്‍ പറഞ്ഞയച്ചതിലുപരി പ്രിയ മകന് ഇടക്കിടെ ആവശ്യമായഉപദേശം നൽകാനും  ഉമ്മ മറന്നു പോയില്ല. പില്‍കാലത്ത് സുഫ്‍യാനുസ്സൌരി (റ) തന്നെ പറയുന്നുണ്ട്: "നേടിയ അറിവ്  പ്രയോഗത്തില്‍ കൊണ്ടു വരുമെന്ന് ഉറപ്പില്ലെങ്കില്‍ പിന്നെ നീ വിജ്ഞാന സമ്പാദനത്തിന് മുതിരരുത്, അതു നിനക്ക് അന്ത്യനാളിൽ ബുദ്ധിമുട്ടാകുംഎന്ന് എന്റെ ഉമ്മ എന്നോട് ഇടക്കിടെ പറയുമായിരുന്നു". ഈ ഓർമപ്പെടുത്തലാണ് പില്‍കാല ലോകചരിത്രത്തില്‍ സുഫ്‍യാന്‍ എന്ന വ്യക്തിസൂക്ഷ്മതയുടെ പര്യായമായി ഉദാഹരിക്കപ്പെടാന്‍ നിദാനമായത്. യുക്തിബോധത്തോടെയുള്ള തന്റെ ഉമ്മയുടെ നിർദ്ദേശങ്ങൾ സുഫ്‍യാനുസ്സൌരി (റ) വിന്റെസുപ്രസിദ്ധിക്ക് പ്രധാനകാരണമായിചരിത്ര പണ്ഡിതന്മാര്‍ ഉദ്ധരിക്കുന്നത് കാണാനാകും.

ഉമ്മ മകന് നല്‍കിയ മറ്റൊരു ഉപദേശം ഇങ്ങനെ വായിക്കാം: “മോനേ, നീ പത്തു ഹദീസ് എഴുതിയാൽ നിന്റെ ഹൃദയത്തിലേക്കൊന്നു നോക്കുക.അതു കാരണം നിന്റെ നടപടികളിലോ പെരുമാറ്റത്തിലോ വിവേകത്തിലോ വല്ല വർധനവുമുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുക. മാറ്റമൊന്നും ഉണ്ടായിട്ടില്ലെങ്കില്‍അതു കൊണ്ട് നിനക്ക് ഒരുപകാരവും ലഭിക്കുകയില്ലെന്നോര്‍ക്കണം.മാത്രമല്ല, പിന്നീട് നിനക്കത് ബുദ്ധിമുട്ടായി ഭവിക്കുകയും ചെയ്യും".

ചെറുപ്രായത്തില്‍ തന്നെ അതീവ പക്വതയും ഗ്രാഹ്യശക്തിയും കാണിച്ച കുട്ടിയുടെ കഴിവ് തിരിച്ചറിയുകയും ഏറ്റവും ഉദാത്തമായ വഴിയില്‍ അത് തിരിച്ചുവിടുകയും ചെയ്തത്സാധാരണക്കാരിയായ മാതാവിന്റെ ദീർഘവീക്ഷണമാണ്. മകന്റെവിജ്ഞാന വികാസത്തിന്റെ ഓരോ ഘട്ടത്തിലും വേണ്ട ഉപദേശനിർദ്ദേശങ്ങൾ നൽകിയിട്ടില്ലായിരുന്നെങ്കിൽ സുഫ്‍യാനുസ്സൌരി (റ)വര്‍ത്തമാനത്തിലൊതുങ്ങിയ ഒരു കേവല പണ്ഡിതനായി പോകുമായിരുന്നു. പക്ഷേ, ഉമ്മ ആ മകനില്‍ സന്നിവേശിപ്പിച്ച ജ്ഞാനബദ്ധമായ ഭയഭക്തിയും സൂക്ഷ്മതയും താൻ ജീവിച്ചിരുന്ന കാലത്തെ അബൂബക്കറും ഉമറും എന്ന പ്രശംസക്കു വരെ അദ്ദേഹത്തെ അര്‍ഹനാക്കി. ചരിത്രത്തിലിന്നുവരെ വന്നവരെല്ലാം അതേറ്റു പറയുകയും ചെയ്തു.

കഷ്ടപ്പാടുകൾക്കും പരാധീനതകൾക്കുമിടയിൽ സ്വയം ജോലി ചെയ്തു ലഭിക്കുന്ന പണം മുഴുവനായും പ്രിയമകന്റെ വിജ്ഞാന സമ്പാദനത്തിന് വേണ്ടി മാത്രം ചിലവഴിച്ച ഒരു ഉമ്മയുടെ ദൃഢനിശ്ചയവും സമയോചിത ഇടപെടലുകളുമായിരുന്നു,സമൂഹത്തിനു തന്നെ എക്കാലത്തും ഉപകാരപ്രദവും അഭിമാനഹേതുകവുമായി മാറിയതെന്നര്‍ത്ഥം.

ഫലസമ്പുഷ്ടമായ തോട്ടത്തിൽ ഏകാന്തനായി ജോലി ചെയ്തിട്ടും ഒരു പഴം പോലും രുചിച്ചു നോക്കാന്‍ തോന്നാതിരുന്നത് മാതാവ് പാകപ്പെടുത്തിയ മനസ്സിന്റെ ബലം തന്നെയാണ്.

കേട്ടറിഞ്ഞ സുഫ്‍യാനേക്കാള്‍ അപ്പുറത്താണ് മുമ്പിലുള്ള സുഫ്‍യാന്‍ എന്ന് തോട്ടമുതലാളി പറഞ്ഞതും അതുകൊണ്ടു തന്നെ.

അന്ന് വൈകുന്നേരം ചന്തയിലെത്തിയ മുതലാളി,തന്റെ പണിക്കാരനിൽ നിന്നുണ്ടായ അനുഭവം ചില സുഹൃത്തുക്കളുമായി പങ്കുവെച്ചു. കൂട്ടത്തിലൊരാള്‍ക്ക്അത് കേട്ട് ഒരു സംശയം തോന്നിയ പോലെ.അയാള്‍ഇപ്പറയുന്ന ജോലിക്കാരനെ കുറിച്ച് കൂടുതല്‍ ആരാഞ്ഞു.തോട്ടമുതലാളിജോലിക്കാരനെ കുറിച്ച്വിവരിച്ചു. ആകാരം, നിറം, പെരുമാറ്റം... എല്ലാം. വിവരണം കേട്ട് അയാള്‍ പറഞ്ഞു:ഇത് സുഫ്‍യാനുസ്സൌരി തന്നെയാണ്. നീ അദ്ദേഹത്തെ പിടിച്ച് ഖലീഫാക്ക് മുമ്പിലെത്തിക്കൂ.അമൂല്യമായ പാരിതോഷികം ലഭിക്കും”.

പിന്നെ താമസിച്ചില്ല. അവരെല്ലാവരും കൂടി സുഫ്‍യാനെ തേടി തോട്ടത്തിലെത്തി. പക്ഷേ, അപ്പോഴേക്കും അദ്ദേഹം  അവിടെ നിന്ന് സ്ഥലം വിട്ടിരുന്നു.

മാസങ്ങളുടെ യാത്രക്ക് ശേഷംസുഫ്‍യാന്‍ (റ)യമനിലെത്തിച്ചേര്‍ന്നു. ആരുമറിയാതെ പല ജോലികളും ചെയ്ത് ജീവിച്ചു.ആയിടക്കാണ് ഒരു കൂട്ടം ആളുകൾ തന്റെ മേല്‍ മോഷണക്കുറ്റം കെട്ടിച്ചമച്ച് അവിടുത്തെ രാജാവിനു മുമ്പിൽ എത്തിച്ചത്.

പരാതി കേട്ട രാജാവ് അദ്ദേഹത്തോട് ചോദിച്ചു: നീയല്ലേ മോഷണം നടത്തിയത്?

സുഫ്‍യാന്‍ (റ) പറഞ്ഞു: “അല്ലാഹുവാണെ സത്യം, ഞാൻ മോഷ്ടിച്ചിട്ടില്ല”.

രാജാവ്  ചോദ്യം ആവർത്തിച്ചു,സുഫ്‍യാന്‍ (റ) പഴയ മറുപടിയും.

രാജാവ് കൽപിച്ച പ്രകാരം ഉദ്യോഗസ്ഥര്‍ സുഫ്‍യാന്‍ (റ) ന്റെ കൈയ്യിലെ കെട്ടഴിച്ചു. രാജാവ് അദ്ദേഹത്തെ തന്നെ സസൂക്ഷ്മം നിരീക്ഷിച്ചു. അവിടെ സന്നിഹിതരായവരോടെല്ലാം പുറത്ത് പോകാൻ പറഞ്ഞു.

ശേഷം രാജാവ് ചോദിച്ചു: “താങ്കളുടെ പേരെന്താണ്?”.

“അബ്ദുല്ല” സുഫ്‍യാന്‍ (റ) ഉത്തരം നല്‍കി.

“നമ്മളെല്ലാവരും അബ്ദുല്ലമാര്‍ (അല്ലാഹുവിന്റെ അടിമകള്‍) ആണല്ലോ.ഞാൻ താങ്കളുടെയഥാര്‍ത്ഥ പേരറിയാനാണ് ചോദിച്ചത്. പറയൂ, നിങ്ങളുടെ പേരെന്താണ്?” രാജാവ് പ്രതിവചിച്ചു.സുഫ്‍യാന്‍ (റ)അബ്ദുല്ല എന്ന് തന്നെ ഉത്തരം നല്‍കി.

രാജാവ് അല്‍പം കര്‍ശനമായി തന്നെ ചോദിച്ചു:“നിങ്ങളുടെ പേര് പറയുമോ?”.

സുഫ്‍യാന്‍ (റ) പറഞ്ഞു: “ഞാൻ സുഫ്‍യാന്‍”.

രാജാവ് പറഞ്ഞു:“ഓഹോ, ആരുടെ മകൻ സുഫ്‍യാനാണ്?”

“സുഫ്‍യാന്‍ ബിന്‍ അബ്ദില്ല”അദ്ദേഹം മറുപടി നല്‍കി.

രാജാവ് വിട്ടു കൊടുത്തില്ല. ‘നിങ്ങളുടെ പേരും പിതാവിന്റെ പേരും തറവാടും എന്നോട് പറയൂ’ അദ്ദേഹത്തിന്റെ വാക്കുകള്‍ ശക്തമായിരുന്നു.

സുഫ്‍യാന്‍ (റ) പറഞ്ഞു: “ഞാൻ സുഫ്‍യാന്‍ ബിന്‍ സഈദ് അസ്സൌരിയാണ്”.

രാജാവ് ചോദിച്ചു: “നിങ്ങൾ സുഫ്‍യാനുസ്സൌരിയാണോ?”

“അതെ” അദ്ദേഹം പറഞ്ഞു.

രാജാവിന് പിന്നെ സംശയിക്കാനുണ്ടായിരുന്നില്ല. ഖുറാസാനില്‍ ഖലീഫ മന്‍സൂറിന്റെ കല്‍പന മാനിക്കാതെഓടിപ്പോന്നയാളാണ് തന്റെ മുമ്പിലുള്ളതെന്ന് അദ്ദേഹത്തിന് മനസ്സിലായി.

അദേഹം പറഞ്ഞു: കാര്യങ്ങളെല്ലാം ഇപ്പോള്‍ വ്യക്തമായി. പക്ഷേ, ഞാന്‍ താങ്കള്‍ക്കെതിരെ ഒന്നും ചെയ്യാനുദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആഗ്രഹിക്കുന്ന അത്രയും കാലംഈ നാട്ടില്‍ സുരക്ഷിതനായി ജീവിക്കാവുന്നതാണ്”.

സുഫ്‍യാന്‍ (റ) പക്ഷേ പിന്നെ അവിടെ നിന്നില്ല. ഉടനെ തന്നെ യമന്‍ വിട്ടു. എവിടേക്കു പോകുമെന്ന നിശ്ചയമില്ലാതെ അദ്ദേഹം മുന്നോട്ടു പോയി.ഒടുവിൽ എങ്ങിനെയൊക്കെയോ മക്കയിലെത്തിച്ചേർന്നു. അറിവ്നുകര്‍ന്നും ആവശ്യക്കാര്‍ക്ക് പകര്‍ന്നുംപണ്ഡിതന്മാര്‍ക്കൊപ്പം കഴിഞ്ഞുകൂടി.

പക്ഷേ, അധിക കാലം കഴിയും മുമ്പെ കാര്യങ്ങള്‍ വീണ്ടും പ്രതികൂലമായി. ഖലീഫ ജഅ്ഫറിന്സുഫ്‍യാനുസ്സൌരി മക്കയിലുണ്ടെന്ന വിവരം ലഭിച്ചു. അദ്ദേഹം ഹജ്ജിനു വേണ്ടി പുറപ്പെടാനൊരുങ്ങുന്ന സമയം കൂടിയായിരുന്നു അത്. വിവരം ലഭിച്ചയുടന്‍ ഖലീഫ ഒരു സംഘം പ്രഭൃതികളെ മക്കയിലേക്ക് അയച്ചു. സുഫ്‍യാനെബന്ധനസ്ഥനാക്കാനുംതാന്‍ ഹറമിലെത്തുന്നതു വരെപിടിച്ചു വെക്കാനുമായിരുന്നു കല്‍പന.തന്നെ ധിക്കരിച്ചയാളെസ്വന്തം കൈകൊണ്ട് തന്നെവകവരുത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

സംഘം ഹറമിലെത്തി അവിടെയുള്ളവരോട് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: “ആരാണ് സുഫ്‍യാനുസ്സൌരി. അദ്ദേഹം ഞങ്ങൾക്ക് മുമ്പില്‍ ഹാജരാകുക. അല്ലെങ്കില്‍ അദ്ദേഹത്തെ അറിയുന്നവര്‍ ഇവിടെ ഹാജരാക്കുക”.

സുഫ്‍യാന്‍ (റ) വിനും നേരത്തെ ഇക്കാര്യം അറിയാവുന്നവര്‍ക്കും അപകടം മണത്തു.തനിക്ക് ചുറ്റും അറിവ് നുകർന്നിരിക്കുന്ന ആളുകള്‍ അദ്ദേഹത്തോട് അവിടെ നിന്ന് രക്ഷപ്പെടാൻ പറഞ്ഞു. അദ്ദേഹം അതിന് കൂട്ടാക്കിയില്ല. അവർ വീണ്ടും നിർബന്ധിച്ചു.ആ സമയം സുഫ്‍യാനുസ്സൌരി(റ) കഅ്ബക്ക് നേരെ നടന്നു.അല്ലാഹുവിലേക്ക് രണ്ട് കരങ്ങളുയർത്തിപ്രാർത്ഥിച്ചു:“അല്ലാഹുവേ, ഞാൻ നിന്റെ മേൽ സത്യം ചെയ്തു നിന്നോട് ആവശ്യപ്പെടുന്നു, അബൂ ജഅ്ഫറിനെ നീ മക്കയിലേക്ക് പ്രവേശിപ്പിക്കരുതേ.”

അടിമകളിൽ ചിലരുണ്ട്. അവര്‍ അല്ലാഹുവിന്റെ മേല്‍ സത്യം ചെയ്ത് ചോദിച്ചാൽ അത് പുലരുക തന്നെ ചെയ്യുമന്ന് റസൂൽ (സ്വ)പറഞ്ഞിട്ടുണ്ട്. അതുതന്നെ സംഭവിച്ചു.ആകാശത്തു നിന്നിറങ്ങി വന്ന മരണമാലാഖമക്കയുടെ അതിര്‍ത്തിയില്‍ വെച്ച് അബൂ ജഅ്ഫറിന്റെ റൂഹ് പിടിച്ചു.

ഉമ്മ നല്‍കിയ ബാലപാഠങ്ങളാണ് വലിയൊരു സ്വൂഫീപണ്ഡിതനെലോകത്തിന് സമ്മാനിച്ചത്. മുഖത്തൊരു മുടി പോലും മുളക്കാത്ത പ്രായത്തിൽ തന്നെ സുഫ്‍യാന്‍ (റ) ഫത്‍വ നല്‍കുന്നത് കാണാമായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തിയ പണ്ഢിത ലോകം സ്വൂഫീജീവിതത്തിന്റെ മകുടമാതൃകയായി പരിചയപ്പെടുത്തുന്നതും അദ്ദേഹത്തെത്തന്നെ.

ചരിത്രത്തിന് ഇപ്പോഴും ആ ഉമ്മയുടെ പേരറിയില്ലെന്നതാണ് സത്യം. എങ്കിലും സുഫ്‍യാനുസ്സൌരിയുടെ ഉമ്മ ഇന്നും ചരിത്രത്താളുകളില്‍ ഏറെ പ്രസിദ്ധയാണ്.ആ ഉമ്മ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷേ സാഗരതുല്യനായൊരു പണ്ഡിതനെ മുസ്‍ലിം ലോകത്തിന് ലഭിക്കില്ലായിരുന്നു, സാത്വികനായൊരു സൂഫിവര്യനെയും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter