ഇമാം മാലിക് ബ്നു അനസ് (റ) – ഉമ്മ പഠിപ്പിച്ച അദബ്

ഖലീഫ ഹാറൂന്‍ റഷീദ് മദീനാ സന്ദര്‍ശനത്തിന് വന്ന സമയം. വിജ്ഞാന കുതുകിയും ഭക്തനുമായിരുന്ന രാജാവിന് മസ്ജിദുന്നബവിയിലെ ഇമാമില്‍ നിന്ന് ഹദീസ് പഠിക്കണമെന്ന് ആഗ്രഹമായി. അദ്ദേഹത്തെ സര്‍വ്വ ബഹുമതികളോടെയും തന്റെ സന്നിധിയിലേക്ക് വിളിപ്പിക്കാന്‍ രാജാവ് ദൂതരെ അയച്ചു. അവര്‍ ഇമാമിനെ സമീപിച്ച്  തങ്ങളുടെ ആഗമനോദ്ദേശ്യം പറഞ്ഞു. ഇമാം അല്പം തലയുയര്‍ത്തി അവരോട് ഇങ്ങനെ പറഞ്ഞു:
“നിങ്ങള് തിരിച്ചു പോയി രാജാവിനോട് പറയുക. വിജ്ഞാനം ആരെയും തേടി വരികയില്ല. വിജ്ഞാനം തേടി അങ്ങോട്ട് പോകുകയാണ് വേണ്ടത്”.
അവര്‍ അപ്രകാരം ചെയ്തു. രാജാവ് പറഞ്ഞു: “ഇമാം പറഞ്ഞത് പൂര്‍ണ്ണമായും ശരിയാണ്. ഞാനിതാ അങ്ങോട്ട് പുറപ്പെടുകയാണ്”.
രാജാവ് ഗുരുസന്നിധിയിലെത്തി അറിവ് സ്വീകരിക്കാനിരുന്നു. അടുത്തുള്ള ചുമരിലേക്ക് അല്‍പം ചാരിയാണ് ഇരുന്നത്. ഉടനെ ഗുരു പറഞ്ഞു: “മുഅ്മീനീങ്ങളുടെ നേതാവേ, അറിവിനെ ബഹുമാനിക്കുന്നത് റസൂല്‍ (സ്വ)യെ ബഹുമാനിക്കുന്നത് പോലെ പ്രധാനമാണ്”
ചരിത്രത്തിന്റെ സുവര്‍ണ രേഖകളില്‍ എഴുതപ്പെട്ട ഈ സംഭവത്തില്‍ പരാമര്‍ശിക്കപ്പെട്ട ചരിത്ര പുരുഷനാണ് ഇമാം മാലിക് ബ്നു അനസ് (റ). ശൈഖുല്‍ ഇസ്‍ലാം, ഇമാമു ദാരില്‍ ഹിജ്‍റ തുടങ്ങി അനവധി ബഹുമതിനാമങ്ങളില്‍ അറിയപ്പെടുന്ന, മാലികീ മദ്ഹബിന്റെ ഇമാം. 
ഹിജ്റ തൊണ്ണൂറ്റി മൂന്നില്‍ മദീനയില്‍ ജനിച്ച മാലിക് (റ) വിന്റെ തറവാട് തന്നെ വിഞ്ജാന സമ്പാദനവും പ്രസരണവും സാധനയാക്കിയ ഒരു പറ്റം പണ്ഢിതരുടേതായിരുന്നു. അറിവ് മാത്രമല്ല സമ്പല്‍സമൃദ്ധിയും ആവോളമുണ്ടായിരുന്നു ആ വീട്ടില്‍. അതു കൊണ്ടുകൂടിയാകണം ബാലനായ മാലികിന് കുടുംബപാരമ്പര്യത്തിന്റെ കണ്ണിയാകാന്‍ പ്രത്യേകമായൊരു അഭിവാഞ്ചയൊന്നുമുണ്ടായിരുന്നില്ല.  സമൃദ്ധിയിലും ബാലവിനോദങ്ങളിലും സമ്പുഷ്ടതയിലും സുഖമായി ആ ബാലന്‍ വളര്‍ന്നു. പ്രാവിനെ വളര്‍ത്തുന്നത് വളരെ ഇഷ്ടപ്പെട്ടിരുന്ന മാലിക് (റ) വിന്  സംഗീതത്തോടും ചെറിയ താല്പര്യമുണ്ടായിരുന്നെന്ന് പറയപ്പെടുന്നു.
ആയിടെയുണ്ടായ രണ്ട് സംഭവങ്ങള്‍  അദ്ദേഹം തന്നെ സ്മരിക്കുന്നു.
ഞാനും എന്റെ ജ്യേഷ്ഠസഹോദരനും ഒരുമിച്ചിരിക്കുകയായിരുന്നു. അപ്പോള്‍ ഞങ്ങളുടെ പിതാവ് മതപരമായ ഒരു വിഷയത്തെ പറ്റി ഞങ്ങളോട് ഒരു ചോദ്യം ചോദിച്ചു. ജ്യേഷ്ഠന്‍ അതിന് കൃത്യമായി മറുപടി  നല്‍കി. എനിക്കാകട്ടെ അതേ കുറിച്ച് ഒന്നുമറിയില്ലായിരുന്നു. ആ സമയം പിതാവ് പറഞ്ഞു:  
നിന്റെ പ്രാവുകളാണ് നിന്നെ അറിവില്‍ നിന്ന് തടയുന്നത്. എനിക്കത് കേട്ട് വാശിയായി. ഞാന്‍ പറഞ്ഞു: ഇന്ന് മുതല്‍ ഞാന്‍ അറിവ് തേടി ഇറങ്ങുകയാണ്. അങ്ങനെ നേരെ ഇബ്നു ഹുര്‍മുസ് (റ) വിന്റെ വിജ്ഞാനസദസ്സിലേക്ക് പോയി. 
രണ്ടാമത്തെ സംഭവം ഇങ്ങനെയാണ്. സംഗീതം വളരെ ജനശ്രദ്ധപിടിച്ചുപറ്റിയിരുന്ന അക്കാലത്ത് ഒരിക്കല്‍ ഉമ്മ എന്നോട് പറഞ്ഞു: മകനേ, സംഗീതമാലപിക്കുന്നവന്‍ മുഖഭംഗിയുള്ളയാളാണെങ്കിലേ സംഗീത സദസ്സിലേക്ക് ആളുകള്‍ വരൂ. എന്നാല്‍, വിഞ്ജാന സ്രോതസ്സായ ഒരു പണ്ഡിതന്‍ എത്ര വിരൂപനാണെങ്കിലും ആളുകള്‍ അദ്ദേഹത്തെ തേടി വരും.
സുമുഖനായിരുന്ന തന്റെ മകനോട് സംഗീതത്തിന്റെ നിസാരതയും അറിവിന്റെ മഹത്വവും ബോധ്യപ്പെടുത്തുകയായിരുന്നു ആ മാതാവ്. 
ഈ രണ്ട് സംഭവങ്ങളായിരുന്നു മാലിക് (റ) വിനെ അറിവിന്റെ മേഖലയിലേക്ക് തിരിച്ചു വിട്ടത്. എന്നാല്‍ അതു മുതല്‍ വിശ്രമമില്ലാത്ത വിജ്ഞാനസമ്പാദനത്തിന്റെ നൈരന്തര്യത്തിന് കാരണമായതോ. അത് തന്റെ ഉമ്മയായിരുന്നെന്ന് മാലിക് (റ) തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ആലിയ ബിന്‍ത് ശരീക് (റ). അതാണ് പ്രഗത്ഭയായ ആ ഉമ്മയുടെ പേര്. താന്‍ അറിവ് തേടി പുറപ്പെടാനൊരുങ്ങുന്നു എന്ന് മകന്‍ പറഞ്ഞപ്പോള്‍ അവരുടെ ഹൃദയം കുളിരണിഞ്ഞു. മകനെ കുളിപ്പിച്ച് വൃത്തിയുള്ള മനോഹരമായ വസ്ത്രമണിയിച്ചു. നല്ല സുഗന്ധം പൂശിക്കൊടുത്തു. പിന്നീട് നീണ്ടതൊപ്പിയും വടിവൊത്ത തലപ്പാവുമണിയിച്ചു. എന്നിട്ട് പറഞ്ഞു: ഇനി മോന്‍ പോവുക, അറിവ് പഠിക്കുക.
നോക്കൂ, മകന്റെ കുഞ്ഞു ഹൃദയത്തില്‍ വിജ്ഞാനാന്വേഷണ ത്വര സൃഷ്ടിക്കാനും അതിനുമപ്പുറം ആ വഴിയില്‍ പ്രവേശിക്കുന്നതിന്റെ രീതിയും മര്യാദയും പഠിപ്പിക്കാനും ഒരുമ്മ കാണിക്കുന്ന ഉത്സാഹം എത്ര ശ്രദ്ധേയമാണ്. അറിവും അറിവുള്ളവരും മദീനയില്‍ സമൃദ്ധമായി നിറഞ്ഞു നിന്ന കാലമായിരുന്നു അത്. അക്കാലത്തെ ഏറ്റവും പ്രഗത്ഭരായ പണ്ഡിതന്മാരിലേക്ക് തന്നെ തന്റെ മകനെ പറഞ്ഞയക്കാനും ആ മാതാവ് പ്രത്യേകം ശ്രദ്ധിച്ചു. അറിവിന് മുമ്പാണ് അദബിന്റെ (മര്യാദ) സ്ഥാനമെന്ന് മകനെ ആ ഉമ്മ ഇടക്കിടെ ഓര്‍മപ്പെടുത്തുമായിരുന്നത്രെ. അദബിലൂടെ മാത്രമേ അറിവിന്റെ സദ്ഫലങ്ങള്‍ യാഥാര്‍ഥ്യമാകൂ എന്നും അവര്‍ മകനെ ഓര്‍മപ്പെടുത്തി.
മാലിക് (റ) തന്നെ പറയുന്നു: അറിവ് തേടി പുറപ്പെടാനൊരുങ്ങുമ്പോള്‍ ഉമ്മ എന്നെ കുളിപ്പിച്ച് വൃത്തിയുള്ള വസ്ത്രം ധരിപ്പിച്ച് സുഗന്ധം പുരട്ടിത്തന്നു. നീണ്ട തൊപ്പി വെച്ച് അതിന് മുകളില്‍ തലപ്പാവുമണിയിച്ച് കൊണ്ട് പറഞ്ഞു. നീ റബീഅ (റ) വിന്റെ വിജ്ഞാനസദസ്സിലേക്ക് പോവുക. അദ്ദേഹത്തിന്റെ അറിവല്ല, മറിച്ച്  അദ്ദേഹം അറിവിനോട് കാണിക്കുന്ന മര്യാദയും ബഹുമാനവുമാണ് ആദ്യം നീ സ്വായത്തമാക്കേണ്ടത്.
അനുസരണശീലനായ ആ ബാലന്‍ അങ്ങനെ തന്നെ ചെയ്തു. അതുകൊണ്ടുതന്നെയാകണം ആ മകന്‍ പിന്നീട് വിജ്ഞാനത്തിന്റെ നിഖില മേഖലകളിലും തിളങ്ങിയത്. ഇരുപത്തി രണ്ടാം വയസ്സില്‍ ഫത്‍വ കൊടുക്കാന്‍ തുടങ്ങിയ മാലിക് (റ) ഉമ്മ പഠിപ്പിച്ച, അറിവിനോട് കാണിക്കേണ്ട ബഹുമാനം മരണം വരെ തുടര്‍ന്നു. 
മാലിക് (റ) വിന്റെ ജീവിത ചരിത്രത്തിന്റെ വലിയൊരു ഭാഗം അദ്ദേഹം ഇല്‍മിനോട് കാണിച്ച ബഹുമാനം മാത്രം പരാമര്‍ശിക്കുന്നവയാണ്. വുളൂ ഇല്ലാതെ ഒരു ഹദീസ് പോലും ഞാന്‍ പറഞ്ഞിട്ടില്ലെന്ന് ലക്ഷക്കണക്കിന് ഹദീസുകള്‍ പറയുകയും സ്വന്തം കൊകൊണ്ട് എഴുതുകയും ചെയ്ത അവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആരെങ്കിലും ഹദീസ് തേടി തന്റെ വീടിന് പുറത്തു വന്നാല്‍ അദ്ദേഹം ആദ്യം ശുചിമുറിയില്‍ കയറി കുളിക്കുമായിരുന്നത്രെ. ശേഷം, വുളൂ ചെയ്ത് നല്ല വസ്ത്രം ധരിച്ച് സുഗന്ധം പൂശി മനോഹരമായ തലപ്പാവും ധരിച്ചേ വന്നയാള്‍ക്ക് ഒരു ഹദീസ് പറഞ്ഞു കൊടുത്തിരുന്നുള്ളൂ എന്ന് ചരിത്രത്തില്‍ കാണാം.
ഹിജ്റ തൊണ്ണൂറ്റി മൂന്ന് മുതല്‍ നൂറ്റിഎഴുപത്തി ഒമ്പത് വരെയുള്ള തന്റെ ജീവിതകാലത്ത് നിരവധി ഭരണാധികാരികളുടെ കാലത്തിലൂടെ കടന്നു പോയിട്ടുണ്ട് അദ്ദേഹം. തുടക്കത്തില്‍ പരാമര്‍ശിച്ചതടക്കം പല ചരിത്ര സംഭവങ്ങളും രാജാക്കന്മാരുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റേതായുണ്ട്. വിജ്ഞാനത്തിന്റെ മഹത്വത്തോളം വരില്ല ഒരു രാജാധികാരവും എന്ന് പ്രഖ്യാപിക്കുന്നതാണ് ഓരോ സംഭവവും. എതിര്‍ ശബ്ദങ്ങളെ നിഷ്കരുണം ഇല്ലായ്മ ചെയ്തിരുന്ന ഭരണാധികാരിളോട് വരെ ഈ സത്യം പറയാന്‍ ധൈര്യവും തന്‍റേടവും തന്നത് പത്ത് വയസ്സ് മാത്രമുള്ളപ്പോള്‍ തന്റെ ഉമ്മ പഠിപ്പിച്ചു തന്ന വാക്കുകളാണെന്ന് അദ്ദേഹം തന്നെ പലപ്പോഴായി സ്മരിക്കുന്നത് കാണാം.
അബൂഹുറൈറ (റ) വില്‍ നിന്ന് നിവേദനം: റസൂല്‍ (സ്വ) പറഞ്ഞു: ഒരു കാലം വരും. അന്ന് ജനങ്ങള്‍ വിജ്ഞാന സമ്പാദനത്തിനായി ഒട്ടകത്തിന്റെ മാറിലടിക്കും (ദ്രുതഗതിയില്‍ ഓടിനടക്കും). മദീനക്കാരനായ ഒരു പണ്ഡിതനേക്കാള്‍ വലിയൊരു പണ്ഡിതനെ അവര്‍ക്ക് (മറ്റെവിടെയും) കാണാനാകില്ല.
ഈ തിരുവചനത്തില്‍ പരാമൃഷ്ടനായ പണ്ഡിതന്‍ ഇമാം മാലിക് ബ്നു അനസ് (റ) വാണ് എന്നത് ഇസ്‍ലാമിക പണ്ഡിതലോകത്തെ തര്‍ക്കങ്ങളില്ലാത്ത വസ്തുതയാണ്. ഹദീസിലെയും കര്‍മശാസ്ത്രത്തിലെയും പ്രഥമഗ്രന്ഥമായി പരിഗണിക്കപ്പെടുന്ന മുവത്വ എന്ന സര്‍വ്വാംഗീകൃത ഗ്രന്ഥത്തിന്റെ കര്‍ത്താവ് കൂടിയാണ് മാലിക് (റ).  നിസ്തുലമായ ഈ നേട്ടങ്ങള്‍ക്കെല്ലാം അവരെ പ്രാപ്തരാക്കിയത് മറ്റെല്ലാ ഘടകങ്ങളേക്കാളുമപ്പുറം തന്ത്രപ്രധാനമായ വളര്‍ച്ചാഘട്ടത്തില്‍ അദ്ദേഹത്തിന്‍റെ ഉമ്മ ചെയ്ത ഉപദേശങ്ങളും ആ മഹിളാരത്നം നടത്തിയ കൃത്യസമയത്തുള്ള ഇടപെടലുകളും തന്നെയായിരുന്നു.
കവി പറഞ്ഞതെത്ര സത്യം:
നിശ്ചയം മാതാവ് ഒരു വിദ്യാലയമാകുന്നു.
മാതാവ് തന്നെയാകുന്നു ഉത്കൃഷ്ട തലമുറയുടെ വിളനിലവും. (അഹ്മദ് ശൌഖി).

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter