വിശുദ്ധമാവണം ഉള്ളും പുറവും
ശുചിത്വബോധം മനുഷ്യനെ സംസ്കാരസമ്പന്നതയിലേക്കും ജീവിതോൽകർഷബോധത്തിലേക്കും നയിക്കുന്നു. വ്യക്തിശുദ്ധിക്ക് ഇസ്‍ലാം വലിയ സ്ഥാനമാണ് കല്പിക്കുന്നത്. അല്ലാഹു പറയുന്നു: 'നിശ്ചയം പശ്ചാത്തപിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു, ശുദ്ധിയുള്ളവരെയും...(വി.ഖു: 2 - 22)
ഇമാം മുസ്‍ലിം നിവേദനം ചെയ്ത ഹദീസിൽ പറയുന്നു :'ശുദ്ധി വിശ്വാസത്തിൻറെ പകുതിയാണ്'
ശുചിത്വപാലനം വിശ്വാസത്തിൻറെ ഭാഗമാണ്. അത് കൊണ്ട് തന്നെ, ഇസ്‍ലാമിലെ ആരാധനാ കര്‍മ്മങ്ങളുടെയെല്ലാം നിർബന്ധ നിബന്ധന കൂടിയാണ് അത്. ദൈവ സന്നിധിയിലേക്ക് പ്രവേശിക്കുന്നത് പൂർണ ശുദ്ധിയോടെ മാത്രമേ ആകാവൂ എന്നും, ഉചിതമായ രീതിയില്‍ വസ്ത്രാലങ്കാരം നടത്തണമെന്നും ഇസ്‍ലാം അനുശാസിക്കുന്നു.. നിസ്കാരത്തിന്റെ മുന്നൊരുക്കമായ അംഗസ്നാനം നിർവഹിക്കുന്നതിലൂടെ വിശ്വാസി ദിവസവും അഞ്ച് തവണ നിര്‍ബന്ധമായും വൃത്തി പാലിക്കുകയാണ് ചെയ്യുന്നത്. അതോടൊപ്പം, അവന്റെ അവയവങ്ങളുടെ പാപങ്ങളെല്ലാം അതോടെ ശുദ്ധമാക്കപ്പെടുന്നു എന്ന് കൂടി ഹദീസുകളില്‍ കാണാം. അഥവാ, ബാഹ്യശുദ്ധീകരണം പോലെ തന്നെ അന്നേരം അവന്റെ ആന്തരികവും വൃത്തിയാകുന്നുവെന്നര്‍ത്ഥം.
നിർബന്ധിത ബാധ്യതയായി ഇസ്‍ലാം കൽപ്പിച്ച അഞ്ച് നേരത്തെ നിസ്കാരം മുറപ്രകാരം അനുഷ്ഠിക്കുന്നവന്റെ ഉപമ ലളിതവും യുക്തിനിഷ്ടവുമായി പ്രവാചകര്‍ (സ്വ) അവതരിപ്പിക്കുന്നുണ്ട്. അബൂഹുറൈറ(റ)വിൽ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു; നബി (സ്വ) ചോദിക്കുന്നതായി ഞാൻ കേട്ടു ,'നിങ്ങളിൽ ഒരാളുടെ വീടിൻറെ വാതിലിനരികിലുള്ള അരുവിയിൽ നിന്ന് ദിനേന അഞ്ചുനേരം അയാൾ കുളിക്കുന്നുവെങ്കിൽ, അയാളുടെ ശരീരത്തില്‍ അഴുക്കു വല്ലതും ശേഷിക്കുമോ? എന്താണ് നിങ്ങളുടെ അഭിപ്രായം?'
അവർ പറഞ്ഞു: 'ഒരഴുക്കും അവശേഷിക്കില്ല'
നബി(സ്വ) പറഞ്ഞു: 'അതാണ് അഞ്ചുനേര നിസ്കാരങ്ങളുടെ ഉപമ. അതുമൂലം അല്ലാഹു ദോഷങ്ങൾ മായ്ച്ചുകളയും. (ബുഖാരി , മുസ്‍ലിം)
വൃത്തിയുള്ള വസ്ത്രം ധരിക്കാനും ഇസ്‍ലാം അനുശാസിക്കുന്നു. വസ്ത്രങ്ങളിൽ വെച്ച് ഏറ്റവും വൃത്തിയുള്ള വസ്ത്രം വെള്ള വസ്ത്രമാണ്. ആയതിനാൽ തന്നെ വെള്ള വസ്ത്രത്തിന് ഇസ്‍ലാം ഏറെ പ്രാധാന്യം നല്‍കുന്നു. മക്കാനിവാസികളായിരുന്ന ബഹുദൈവാരാധകർ ശുചിത്വ പാലനത്തിൽ ശ്രദ്ധചെലുത്തിയിരുന്നില്ല. ഈ അവസരത്തിലാണ് ഖുർആൻ, സ്വയം ശുദ്ധിയാക്കാനും വസ്ത്രം വൃത്തിയായി സൂക്ഷിക്കാനും ആജ്ഞാപിക്കുന്നത്. (ഇബ്നു കസീർ 3/568)
'ഉടുപുടവകൾ താങ്കൾ ശുദ്ധീകരിക്കുക' എന്നാണ് ദൈവകല്പനയുള്ളത്. ശരീര ശുദ്ധീകരണമില്ലാതെ വസ്ത്ര ശുദ്ധീകരണം അർത്ഥശൂന്യമായതിനാൽ, അതിലേക്കുള്ള സൂചനയും പ്രസ്തുത സൂക്തത്തിൽ ദർശിക്കാനാകും.
യുക്തിപൂർണവും മഹോന്നതവുമായ ശുചിത്വ സങ്കല്പമാണ് നൂറ്റാണ്ടുകൾക്കുമുമ്പ് ഇസ്‍ലാം വിഭാവനം ചെയ്തത്. അംഗസ്നാനം വരുത്തി, കൈകാലുകള്‍ ശുദ്ധമാക്കിയ മുഹമ്മദീയ സമുദായം, അന്ത്യനാളിൽ കൈകാലുകൾ പ്രകാശിക്കുന്നവരായി പ്രത്യക്ഷപ്പെടുമെന്ന് പ്രവാചകർ (സ്വ) പഠിപ്പിക്കുന്നു. അംഗശുദ്ധീകരണം പോലെ ദന്തശുദ്ധീകരണത്തിനും മതം ഏറെ പ്രാധാന്യം കൽപ്പിക്കുന്നു.
'എന്റെ സമുദായത്തിന്റെ മേൽ ഞാൻ ഭയപ്പെട്ടിട്ടില്ലായിരുന്നുവെങ്കിൽ എല്ലാ നിസ്കാരവേളകളിലും ദന്ത ശുദ്ധീകരണം നടത്തുവാൻ ഞാൻ ആജ്ഞാപിക്കുമായിരുന്നു. (മുസ്‍ലിം ). 'മിസ്‍വാക്ക് ചെയ്യൽ (ദന്ത ശുദ്ധീകരണം) വായ ശുചീകരിക്കുന്നതും റബ്ബിന്റെ പ്രീതിക്ക് നിമിത്തവുമാണെന്ന് ഹദീസുകളിൽ കാണാം.
മദീനയ്ക്കടുത്തുള്ള ഖുബാ നിവാസികളുടെ ശുചിത്വബോധത്തെ ഖുർആനിൽ അത്തൗബ അധ്യായത്തിൽ 108 - മത്തെ വചനത്തിൽ പ്രത്യേകം അഭിനന്ദിക്കുന്നു. പരിസരം സുന്ദരവും ശുചിത്വ പൂർണവുമാക്കാൻ പ്രവാചകൻ(സ്വ) അനുചരന്മാരെ പ്രോത്സാഹിപ്പിക്കുകയും മലിനമാക്കുന്നവരെ തിരുത്തുകയും ചെയ്തിരുന്നു. സുഗന്ധച്ചെടികൾ നട്ടുവളർത്താൻ പ്രവാചകൻ (സ്വ) പ്രത്യേകം നിർദ്ദേശം നൽകിയിരുന്നു. കെട്ടി നിൽക്കുന്ന വെള്ളവും അരുവികളും അശുദ്ധമാക്കും വിധം പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കരുതെന്ന് പ്രവാചകർ(സ്വ) പ്രത്യേകം നിഷ്കര്‍ശിച്ചിരുന്നു.
ശരീരം ശുദ്ധീകരമത്തെ, വ്യക്തിയും ഹൃദയശുദ്ധീകരണത്തിന്റെയും സാമൂഹ്യശുദ്ധിയുടെയും ആദ്യപടിയായാണ് ഇസ്‌ലാം കാണുന്നത്. ശുചിത്വം സാമൂഹിക കടമയാണ്. ഒരാൾ അതിൽ പരാജയപ്പെട്ടാൽ ആ പ്രയാസം ബാധിക്കുന്നത് സമൂഹത്തെയാണ്.
'ശരീരം, മനസ്, ചിന്ത, ആദർശം, അനുഷ്ഠാനം, വീട്, പരിസരം, തുടങ്ങിയവയെല്ലാം മാലിന്യമുക്തമാക്കുകയും വൃത്തിയും വെടിപ്പുമുള്ളതായി നിലനിർത്തുകയും ചെയ്യുമ്പോഴാണ് ഈമാൻ പൂർണത പ്രാപിക്കുന്നത് (ഇഹ്‍യാ ഉലൂമിദ്ദീൻ). വിശ്വാസി താമസിക്കുന്ന ഇടവും വൃത്തിയുള്ളതായിരിക്കേണ്ടതിന്റെ പ്രാധാന്യം തിരുനബി(സ്വ) സമൂഹത്തെ ബോധ്യപ്പെടുത്തുന്നുണ്ട്. സഈദ് ബ്നു മുസയ്യബ്(റ) പറയുന്നു: “അല്ലാഹു നല്ലവനാണ്, അവൻ നല്ല കാര്യങ്ങളെ ഇഷ്ടപ്പെടുന്നു, അല്ലാഹു മാന്യനാണ്; അവൻ മാന്യതയെ ഇഷ്ടപ്പെടുന്നു. അല്ലാഹു ധർമ്മിഷ്ടനാണ്; അവൻ ധർമ്മം ഇഷ്ടപ്പെടുന്നു. നിങ്ങളുടെ വീട്ടുമുറ്റം വൃത്തിയുള്ളതാക്കുവിൻ, നിങ്ങൾ യഹൂദികളെ പോലെയാകരുത്.'' ഇത് പ്രവാചകരില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടതായി കാണാവുന്നതാണ്.
ചുരുക്കത്തില്‍, മാനസിക വിശുദ്ധിയോടൊപ്പം, ശരീരം, വസ്ത്രം, വീട്, പരിസരം തുടങ്ങി ബാഹ്യമായ എല്ലാ വൃത്തികള്‍ക്കും ഏറെ പ്രാധാന്യം നല്‍കിയ മതമാണ് വിശുദ്ധ ഇസ്‍ലാം. വൃത്തി ജീവിതത്തിന്റെ ഭാഗമാവുമ്പോള്‍ മാത്രമേ ഒരാളുടെ വിശ്വാസം പൂര്‍ണ്ണമാവൂ. ശുദ്ധി വിശ്വാസത്തിന്റെ പാതിയാണെന്ന കാര്യം നാം ഒരിക്കലും മറക്കാതിരിക്കുക.
Leave A Comment