ഇസ്‍ലാമിക വിജ്ഞാന ലോകത്തെ വനിതാ സാന്നിധ്യങ്ങള്‍

ഇമാം ഹാഫിള് ഇബ്നു ഹജറില്‍ അസ്ഖലാനി തന്റെ അദ്ദുററുല്‍ കാമിനയില്‍ 170 ഓളം ഹദീസ് പണ്ഡിതകളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അതില്‍ 54 പേര്‍ അദ്ദേഹത്തിന്റെ തന്നെ അധ്യാപകരായിരുന്നു. ഇമാം നജ്മുദ്ദീന്‍ ബിന്‍ ഫഹദ് അല്‍ മക്കി താന്‍ 130 ഓളം പണ്ഡിതവനിതകളില്‍ നിന്ന് അറിവ് പഠിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ട്. ഇമാം സഖാവിയുടെ ഒരു ശിഷ്യന്‍ തനിക്ക് ദര്‍സെടുത്തു തന്ന 85 ഓളം പണ്ഡിതകളെക്കുറിച്ച് 'അളൗഉലാമിഇ് ലിഅഹ് ലില്‍ ഖര്‍നിത്താസിഇ്' എന്ന ഗ്രന്ഥത്തിലും പ്രതിപാദിക്കുന്നുണ്ട്. ഇമാം സ്വൂയൂഥിയുടെ സമശീര്‍ഷരായ നാല്‍പത്തിനാലോളം പണ്ഡിതവനിതകളെക്കുറിച്ചും ചരിത്രത്തില്‍ പരാമര്‍ശമുണ്ട്.

ഇത്രയും വലിയരീതിയിലുള്ള ജ്ഞാനമേഖലയിലെ സ്ത്രീ പ്രാതിനിധ്യം എങ്ങനെയാണ് മധ്യകാല ഇസ്‍ലാമിക ലോകത്തെ നിര്‍മിച്ചതെന്ന ആലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇസ്‍ലാമിക ലോകത്തെ അറിവിന്റെ സാമൂഹിക പരിസരം ഒരിക്കലും പുരുഷകേന്ദ്രീകൃതമായിരുന്നില്ല. മറിച്ച്, ഇത്തരത്തിലൊരുപാട് വനിതകളുടെ കൂടി ശ്രമഫലമായിട്ടായിരുന്നു അത് സാധ്യമായിരുന്നത്. അത് കൊണ്ട് തന്നെ ഫത്‍വകള്‍ നല്‍കുന്ന സ്ത്രീകളെയും, വിജ്ഞാനസമ്പാദകരായ വനിതകളെയും ഇസ്‍ലാമിക ചരിത്രത്തില്‍ കണ്ടുമുട്ടുന്നുവെങ്കില്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. മാത്രവുമല്ല, ഇങ്ങനെ അറിവിന്റെ വ്യത്യസ്തമായ മേഖലകളില്‍ ഇടപെടുന്ന സ്ത്രീകള്‍ക്ക് മുസ്‍ലിം പുരുഷന്മാര്‍ ഒരു ഭാരമായോ, അവരുടെ ഫത്‌വകളോട് വൈമനസ്യം കാണിക്കുന്നവരായോ ആയി അനുഭവപ്പെട്ടിരുന്നുമില്ല.

വൈജ്ഞാനിക മേഖലയിലെ സ്ത്രീപ്രാതിനിധ്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണം, ഓരോ മുസ്‌ലിം നാട്ടിലും നിലനിന്നിരുന്ന ഫത്‌വകള്‍ നല്‍കുന്ന സ്ത്രീകള്‍ തന്നെയായിരുന്നു. ഇവരില്ലാത്ത നാടുകള്‍ മുസ്‍ലിം ലോകത്ത് നന്നേ കുറവായിരുന്നുവെന്ന് എന്ന് തന്നെ പറയാം.

ഇസ്‌ലാമിക സംസ്‌കാരത്തില്‍, സ്ത്രീകളുടെ ശാക്തീകരണം, ഒരു രാഷ്ട്രീയ നയരൂപീകരണം ആവശ്യമില്ലാത്തവിധം നടപ്പിലാക്കപ്പെട്ടിരുന്നു. സ്ത്രീ ശാക്തീകരണം പ്രാവര്‍ത്തികമാക്കാനും, അതിന്റെ നേട്ടം ആസ്വദിക്കാനും അവര്‍ക്ക് അധികാരം നല്‍കുന്ന വ്യവസ്ഥ പ്രവാചകാധ്യാപനമായി തന്നെ നിലനിന്നിരുന്നു എന്നത് തന്നെ കാരണം. അറിവ് നേടാനും, പ്രസരണം നടത്താനും അവരുടെ കൂടെ നിര്‍ബന്ധ കടമയായിട്ടാണ് ഇസ്‌ലാം പരിചയപ്പെടുത്തിയത്. ഉമ്മഹാതുല്‍ മുഅ്മിനീന്‍ എന്നറിയപ്പെട്ടിരുന്ന പ്രവാചക ഭാര്യമാരായിരുന്നു ഇത്തരം അറിവിന്റെ പ്രസരണത്തിലെ ആദ്യകണ്ണികള്‍. ആയിശ ബീവിയെപ്പോലുള്ള പ്രവാചകഭാര്യമാര്‍ ഫത്‌വകള്‍ നല്‍കുകയും നിര്‍ബന്ധിത സാഹചര്യത്തില്‍ യുദ്ധത്തിന് നേതൃത്വം നല്‍കുകയും വരെ ചെയ്തിരുന്നു.

അറിവിന്റെ വ്യത്യസ്ത മേഖലകളില്‍ അവര്‍ പരിപൂര്‍ണ്ണ സ്വാതന്ത്ര്യം അനുഭവിച്ചു. ഇമാം ഇബ്‌നു ഖയ്യിം നബിയില്‍ നിന്നു നേരിട്ട് ഫത്‌വകള്‍ മനപാഠമാക്കിയവരെക്കുറിച്ച് ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സ്ത്രീ, പുരുഷന്മാരായി നബിയില്‍ നിന്നും നേരിട്ട് ഫത്‍വകള്‍ മനപ്പാഠമാക്കിയവരായി നൂറ്റി മുപ്പതിലധികം സ്വഹാബികളുണ്ട്. അതില്‍ തന്നെ അദ്ദേഹം ഇരുപത്തിരണ്ട് സ്ത്രീകളെയും പ്രതിപാദിക്കുന്നുണ്ട്.

ശറഇന്റെ പല തസ്തികകളും രാഷ്ട്രീയപരമായ പല അധികാരവുമായി ബന്ധപ്പെട്ടതാണെങ്കിലും, ഫത്‍വകള്‍ പുറപ്പെടുവിക്കുന്നത് അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. അറിവും അനുഭവവുമാണ് ഫത്‍വകള്‍ പുറപ്പെടുവിക്കുന്നതിന് സ്ത്രീക്കും പുരുഷനും ഒരു പോലെ ആവശ്യമായിരുന്നത്. മാത്രവുമല്ല, ലിംഗവൈവിധ്യങ്ങള്‍ക്കപ്പുറത്ത്, പറയുന്ന കാര്യങ്ങളിലെ വ്യക്തതയും ആധികാരികതയും മാത്രമായിരുന്നു അറിവിനുള്ള മാനദണ്ഡം. ഇത്തരമൊരു മാനദണ്ഡമായിരുന്നു പില്‍കാലത്ത് വലിയരീതിയിലുള്ള വൈജ്ഞാനിക വിസ്‌ഫോടനത്തിന് അവസരം നല്‍കിയത്. ഹിജ്‌റ പതിനഞ്ചാവുമ്പോഴേക്ക് മക്കയില്‍ മാത്രം 270 ഓളം പണ്ഡിതവനിതകളുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. 

ഇത്രയൊക്കെ സ്ത്രീകളുടെ ഇടപെടലുകളുണ്ടായിട്ടും എന്തു കൊണ്ടാണ് പില്‍കാലത്തെ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ അവരുടെ ഫത്‍വകളോ, അഭിപ്രായങ്ങളോ രേഖപ്പെടുത്തപ്പെടാതിരുന്നത് എന്നത്  സംശയിപ്പിക്കുന്നതാണ്. പലവിധേനയും അറിവിന്റെ പ്രസരണത്തില്‍ ഇടപെട്ടിരുന്നുവെങ്കിലും, ഗ്രന്ഥരചനയിലും എഴുത്തിലും അവര്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിരുന്നില്ലെന്നതും അതു കൊണ്ടു തന്നെ സ്ത്രീകളുടേതായി ആധികാരിക രചനകള്‍ പുറത്തു വന്നില്ലെന്നതും കാരണമാണ്. മറ്റൊരു കാരണം, ഇസ്‌ലാമിക ജ്ഞാനശാസ്ത്രത്തിലെ, പ്രധാന മേഖലയായ ആധികാരികതയുടെ പല നിബന്ധനകളും പൂര്‍ത്തിയാക്കാന്‍ സ്ത്രീകള്‍ക്ക് പ്രായോഗികവും, സാമൂഹികവുമായ തടസ്സങ്ങളുണ്ടായിരുന്നു എന്നതുമാവാം. 

സ്ത്രീ ഫത്‌വകള്‍ 

ഇമാം ഇബ്‌നു ഖയ്യിമില്‍ ജൗസി 'അത്തൗഖീഉ അനില്ലാഹ്' എന്ന സംജ്ഞയെ 'ഫത്‍വ പുറപ്പെടീക്കുന്നതുമായി' ബന്ധപ്പെടുത്തി തന്റെ ഇഅ്‌ലാമുല്‍ മുവഖിഈന്‍ അന്‍ റബ്ബില്‍ ആലമീന്‍ എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ട്. അതില്‍ നബിക്ക് ശേഷം വന്ന സ്ത്രീകളായ ഇരുപത് മുഫ്തിമാരായ സ്ത്രീകളെ പരാമര്‍ശിക്കുന്നുണ്ട്. അവരില്‍ പ്രധാനികളായിരുന്നു, ഉമ്മുല്‍ മുഅ്മിനീന്‍ ആയിശ, ഉമ്മുസലമ, സഫിയ, ഹഫ്‌സ, ഉമ്മു ഹബീബ എന്നിവരും, ഒപ്പം, ലൈല ബിന്‍ത് ഖനാഫ് അല്‍ സഖാഫിയ, അസ്മ ബിന്‍ത് അബീബക്കര്‍, ഉമ്മു ശരീക്ക്, ഹൗലാഅ് ബിന്‍ത് തുറയ്ത് അല്‍ അസദീ, ഉമ്മു ദര്‍ദാഅ് അ്ല്‍ കുബ്‌റ, ആതിക ബിന്‍ത് സൈദ്ബിന്‍ അംറ്, സഹ്‍ല ബിന്‍ത് സുഹൈല്‍, ഉമ്മുല്‍ മുഅ്മിനീന്‍ ജുവൈരിയ്യ, മൈമൂന, ഫാത്തിമ ബിന്‍ത് ഖൈസ്, സൈനബ് ബിന്‍ത് ഉമ്മു സലമ, ഉമ്മു ഐമന്‍ ഹബ്ശിയ, നബിയുടെ ഖാദിമത്തായിരുന്ന ഉമ്മു യൂസുഫ്, ഗാമിദിയ്യ എന്നിവരും കൂടെ പ്രവാചക പുത്രി ഫാത്തിമ ബിന്‍തു മുഹമ്മദിനെക്കൂടി അദ്ദേഹം അതില്‍ സ്ത്രീ മുഫ്തിമാരില്‍ ഉള്‍പെടുത്തുന്നുണ്ട്. ഇത്രയും വലിയ രീതിയിലുള്ള ഇടപെടലുകള്‍ സ്ത്രീകള്‍ നിര്‍ഭയം സമൂഹത്തില്‍ നടത്തിയിരുന്നുവെന്നത് ചെറിയ കാര്യമൊന്നുമല്ല. ഈയടുത്ത് വിടപറഞ്ഞ(1995) അബ്ദുല്‍ ഹലീം അബീ ശിക്ക എന്ന പണ്ഡിതന്‍, 'തഹ്‍രീറുല്‍ മര്‍അതി ഫീ അസ്‍രിരിസാല' പ്രവാചക കാലത്തെ സ്ത്രീ വിമോചനം എന്ന ഗ്രന്ഥത്തില്‍ ഇത് വിശദമായി പ്രതിപാദിക്കുന്നുണ്ട്. 

ഇമാം ദഹബി, സിയറു അഅ്‌ലാമിന്നുബലാഇല്‍ ആയിശബീവിയെക്കുറിച്ച്, നബിയുടെ ഉമ്മത്തിലെ സ്ത്രീകളില്‍ ആയിശയെപ്പോലെയൊരാളെ കണ്ടിട്ടില്ലെന്ന് വിശദമാക്കുന്നുണ്ട്. ഉമര്‍(റ)നെയും, ഉസ്മാന്‍(റ)വിനെയും പോലുള്ള പ്രമുഖ സ്വഹാബിമാരെല്ലാം ഫത്‌വകള്‍ക്കായി ആഇശാബീവിയെ സമീപിക്കാറുണ്ടായിരുന്നുവെന്നത്, ഒരു സ്ത്രീയായിരിക്കെത്തന്നെ ആയിശാ ബീവിക്ക് സമൂഹത്തില്‍ കിട്ടിയ വൈജ്ഞാനിക സ്ഥാനത്തെയാണ് സൂചിപ്പിക്കുന്നത്. ഹാകിം അന്നൈസാബൂരി ഇമാം സര്‍കശിയുടെ ഗ്രന്ഥത്തെ മുന്‍നിര്‍ത്തി, ശരീഅത്തിന്റെ നാലിലൊന്നും മഹതിയില്‍ നിന്നാണ് നമുക്ക് ലഭ്യമായത് എന്ന് സമര്‍ത്ഥിക്കുന്നുണ്ട്. 

കുടുംബപരവും സ്ത്രീവിഷയവുമായി ബന്ധപ്പെട്ടുമെല്ലാം ആഇശാ ബീവി ക്രിയാത്മകമായി ഇടപെടുന്നതായി കാണാം. ഒരു സ്ത്രീക്ക് മഹ്‌റമില്ലാതെ സഞ്ചരിക്കാന്‍ പറ്റുമോ എന്ന വിഷയത്തില്‍, യാത്രയിലുടനീളം നിര്‍ഭയത്വം ഉറപ്പായാല്‍ (അംന്) ഒറ്റക്ക് സഞ്ചരിക്കാമെന്നായിരുന്നു ആഇശാബീവിയുടെ മറുപടി. 

ബിരുദ ധാരികള്‍

താബിഉകളില്‍ പ്രധാനികളായി എണ്ണപ്പെടാറുള്ള ഏഴ് പ്രമുഖരെ രൂപപ്പെടുത്തുന്നതിലും പണ്ഡിതവനിതകള്‍ക്ക് കൃത്യമായ പങ്കുണ്ടായിരുന്നു. ഇമാം സഈദ് ബിന്‍ മുസയ്യബ്(റ) അറിവ് നുകര്‍ന്നത് മഹതി ആഇശാ ബീവിയില്‍ നിന്നും ഉമ്മുസലമ ബീവിയില്‍ നിന്നുമായിരുന്നു. ഉര്‍വതുബിന്‍ സുബൈര്‍ തന്റെ ഉമ്മയായ അസ്മാഅ് ബിന്‍ത് അബീബക്കറില്‍ നിന്നും, മാതൃസഹോദരിയായ ആഇശാബീവിയില്‍ നിന്നുമായിരുന്നു അറിവ് സ്വായത്തമാക്കിയിരുന്നത്. അതുപോലെ, ഖാസിം ബിന്‍ മുഹമ്മദ് ബിന്‍ അബീബക്കര്‍ തന്റെ പിതൃസഹോദരിയായ ആഇശാബീവിയില്‍ നിന്നു തന്നെയായിരുന്നു അറിവ് പഠിച്ചിരുന്നത്. അവരില്‍ ഏഴാമനായ ഉബൈദുള്ളാഹിബിന്‍ അബ്ദില്ലാഹ് അല്‍ഹുദലിയും ഉമ്മു സലമബീവിയില്‍ നിന്നും ആഇശ ബീവിയില്‍ നിന്നുമായിരുന്നു വിദ്യയഭ്യസിച്ചത്. 

മദ്ഹബിന്റെ ഇമാമുമാരില്‍ ഇത്തരത്തിലൊരു സ്ത്രീസാന്നിധ്യം പ്രകടമായിട്ടില്ലെങ്കിലും, ഇമാം മാലിക് ബിന്‍ അനസ്() അറിവ് പഠിച്ചിരുന്നത് ആഇശ ബിന്‍ത് സഅ്ദ് ബിന്‍ അബീ വഖാസ് എന്ന സ്ത്രീയില്‍ നിന്നായിരുന്നു. ഇമാം മാലികിന്റെ മകള്‍ പിതാവില്‍ നിന്ന് ലഭിക്കുന്ന അറിവുകള്‍ മനപ്പാഠമാക്കുമായിരുന്നു. ഇമാം മാലികിന്റെ അടുത്തേക്ക് അറിവിനായി ആരെങ്കിലും വരികയാണെങ്കില്‍ വാതിലിന് അപ്പുറത്ത് നിന്ന് അവരും അത് കേള്‍ക്കുകയും മനപ്പാഠമാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നതായി ഇമാം ഹാഫിള് ഇബ്‌നു നാസിറുദ്ദീന്‍ ദിമശ്ഖി തന്റെ അറുവാതുല്‍ മുവത്വയില്‍ പ്രതിപാദിക്കുന്നുണ്ട്. ഇമാം അബൂഹനീഫ(റ) അറിവിന്റെയും, ഫിഖ്ഹിന്റെയും മേഖലയിലേക്ക് കടന്നുവരുന്നത് ഒരു സ്ത്രീയുടെ ചോദ്യത്തില്‍ നിന്നായിരുന്നു.

ഇമാം അബൂമുഹമ്മദ് ബിന്‍ ഹസ്മ് അല്‍ അന്ദലൂസി തന്റെ ഗ്രന്ഥമായ തൌഖുല്‍ ഹമാമയില്‍ അറിവിന്റെ അടിത്തറയൊരുക്കുന്നതിലുള്ള സ്ത്രീകളുടെ പങ്കിനെ ഇപ്രകാരം വിശദീകരിക്കുന്നുണ്ട്, ഞാന്‍ ഒരു പാട് സ്ത്രീകളെ കണ്ടിട്ടുണ്ട്, മറ്റാര്‍ക്കുമറിയാത്ത സ്ത്രീകളുടെ പലരഹസ്യങ്ങളുമെനിക്കറിയാം, കാരണം, ഞാന്‍ അവരുടെ മടികളിലാണ് വളര്‍ന്നത്, അവരുടെ തന്നെ കൈകളിലാണ് ഞാന്‍ വലുതായത്. എനിക്ക് അവരെയല്ലാതെ മറ്റാരെയുമറിയില്ലായിരുന്നു, അവരില്‍ നിന്നാണ് ഞാന്‍ അറിവ് പഠിച്ചത്, അവരാണ് എനിക്ക് കവിതകളെല്ലാം പാടിത്തന്നത്, എന്നെ അവര്‍ കാലിഗ്രഫി മനോഹരമായി പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. ചെറുപ്പത്തില്‍ സ്ത്രീകളുമായിട്ടുണ്ടായ  അദ്ദേഹത്തിന്റെ കൂട്ടായിരുന്നു പിന്നീട് അദ്ദേഹത്തെ മനുഷ്യമനസ്സുകളെ കുറിച്ചുള്ള പഠനത്തില്‍ വളരെയധികം സഹായിച്ചത്, പ്രത്യേകിച്ചും സ്ത്രീ മനസ്സുകളുമായി ബന്ധപ്പട്ട്. 

തുടര്‍ന്നുവന്ന കാലങ്ങളില്‍ ഏകദേശം ഹിജ്‌റ അഞ്ചാം നൂറ്റാണ്ടില്‍  ഇമാം ഹാഫിളുല്‍ മശ്‍രിഖ് എന്ന പേരില്‍ വിശ്രുതനായ ഇമാം ഖത്വീബുല്‍ ബഗ്ദാദി തന്റെ ശൈഖയായ ത്വാഹിറ ബിന്‍ത് അഹ്മദ് അത്തനൗഹയെകുറിച്ച് പറയുന്നുണ്ട്. ഇമാം ഇബ്‌നു അസാകിര്‍ തന്റെ ഗ്രന്ഥമായ മുഅ്ജമു ന്നിസ്‍വാനില്‍ തനിക്ക് വിദ്യപകര്‍ന്ന 80 ലധികം വനിതകളെ കുറിച്ചും എഴുതുന്നുണ്ട്. സ്ത്രീകള്‍ പഠനമേഖലകളില്‍ ഇടപെടുന്നത് വിരളമെല്ലെന്ന് ചരുക്കം. 

ഹിജ്‌റ മൂന്നാം നൂറ്റാണ്ടില്‍ ഖൈറുവാനിലുണ്ടായിരുന്ന രണ്ട് ടുണീഷ്യന്‍ പണ്ഡിതവനിതകളെക്കുറിച്ച്  ചരിത്രകാരനായ അബ്ദുല്‍വഹാബ് അസ്സ്വമാദഹി വിശദീകരിക്കുന്നുണ്ട്. അസ്മാഅ് ബിന്‍ത് അസദ് ബിന്‍ ഫുറാതും, ഖദീജ ബിന്‍ത് ഇമാം സഹ്‍നൂനിയുമായിരുന്നു അവര്‍. അസ്മാഇന്റെ പിതാവ് നാട്ടിലെ ഖാളിയും പ്രമുഖ പണ്ഡിതനുമായിരുന്നു. മാത്രവുമല്ല, അസ്മാഇ് എന്നവര്‍, സംവാദസദസ്സുകളിലും മറ്റും കൃത്യമായി ഇടപെടുകകൂടി ചെയ്തിരുന്നു. അതിലേറെ രസകരമായ കാര്യം, തന്റെ പിതാവ് മാലികീ മദ്ഹബിലെ പ്രമുഖ പണ്ഡിതനായിരിക്കെത്തന്നെ, അസ്മാഅ് ഹനഫീ മ്ദഹബുകാരിയായിരുന്നു എന്നതാണ്. ഖദീജ ബിന്‍ത് സഹ്‍നൂനാണ് മൊറോക്കോയില്‍ മാലികീ മദ്ഹബിന്റെ വ്യാപനവുമായി വന്ന രണ്ടാമത്തെ പ്രധാനി. മാലികി പണ്ഡിതനായ ഇമാം ഖാളി ഇയാള് മഹതിയെപറ്റി തര്‍തീബുല്‍ മദാരികില്‍ പറയുന്നത് മിന്‍ ഖിയാരിന്നാസ് (ഉത്തമ സ്ത്രീകളില്‍ പെട്ടവര്‍) എന്നാണ്. 

ഈജിപ്തില്‍ ഇസ്മാഈല്‍ ബിന്‍ യഹ്‍യ അല്‍ മുസ്‌നിയുടെ സഹോദരി പണ്ഡിതലോകത്തെ സ്ത്രീസാന്നിധ്യത്തിന്റെ മറ്റൊരു ഉദാഹരണമാണ്. തന്റെ സഹോദരനായ മുസ്‍നിയുമായി നിരന്തരം സംവദിച്ച മഹതിയും മറ്റൊരു മാതൃകതന്നെയാണ്. ഇമാം സ്വുയൂത്വി ഹുസ്‌നുല്‍ മുഹാളറയില്‍ മഹതി ഇമാം ശാഫിയുടെ മജ്‌ലിസുകളില്‍ വന്നിരിക്കാറുണ്ടായിരുന്നുവെന്ന് വിശദമാക്കിയിട്ടുണ്ട്. 

മുസ്‍ലിം സ്‌പൈനില്‍ (അന്ദലൂസില്‍) മഹതി ഫാത്വിമ ബിന്‍ത് യഹ്‍യ ബിന്‍ യൂസുഫ് അല്‍ മുആനിയെ കാണാം. ചരിത്രകാരനായ ഇബ്‌നു ഉമൈറതുള്ളബിയ്യി അവര്‍ വഫാത്തായ സന്ദര്‍ഭത്തില്‍ കൊറോഡോവയില്‍ അതീവ ജനബാഹുല്യമുണ്ടായതായി രേഖപ്പെടുത്തുന്നുണ്ട്. അഥവാ സമൂഹം അവര്‍ക്ക് വലിയ വില കല്‍പിച്ചിരുന്നുവെന്ന് ചുരുക്കം.

ഇറാഖിലും സ്ഥിതി വ്യത്യസ്തമല്ല. ഇബ്‌നു ജൗസി ഉമ്മു ഈസാ ബിന്‍ത് ഇബ്‌റാഹീം അല്‍ ഹര്‍ബിയെന്ന മഹതിയെക്കുറിച്ചും അവരുടെ കര്‍മ്മശാസ്ത്രഇടപെടലുകളെക്കുറിച്ചും തന്റെ ഗ്രന്ഥമായ മുന്‍തളമില്‍ വിശദമാക്കുന്നുണ്ട്. ഇമാം ദഹബി തന്റെ പിതാവായ അലിയ്യുബിന്‍ അബീ ഹുറൈറയോടൊപ്പം ശാഫിഈ മദ്ഹബില്‍ ഫത്‌വ കൊടുത്തിരുന്ന ഖാളീ ഹുസൈന്‍ അല്‍ മഹാമലിയുടെ മകളെക്കുറിച്ചും എഴുതുന്നുണ്ട്. ഖുറാസാനില്‍, ഉമ്മു ഫള്ല്‍ ആയിശ ബിന്‍ത് അഹ്മദ് അല്‍ കുംസാനീ അല്‍ മറൂസിയ്യ എന്ന സ്ത്രീയായിരുന്നു കര്‍മ്മശാസ്ത്രമേഖലയില്‍ കാര്യമായ ഇടപെടലുകള്‍ നടത്തിയത്.

ഇങ്ങനെ സ്ത്രീകളുടെ ഇടപെടലുകള്‍ പല ദേശങ്ങളിലും കാലങ്ങളിലുമായി ഇസ്‍ലാമിക ലോകത്ത് വളരെ ആഴത്തില്‍ തന്നെ നിലനിന്നിരുന്നുവെന്ന് വേണം മനസ്സിലാക്കാന്‍. 

ലബനീസ് എഴുത്തുകാരിയായ സൈനബ് ഫവാസ് അല്‍ ആമിലി തന്റെ അദ്ദുറുല്‍ മന്‍സൂര്‍ എന്ന ഗ്രന്ഥത്തില്‍ ഫാത്വിമ ബിന്‍ത് ഇമാം സയ്യിദ് അഹ്മദ് അരിഫാഈ അല്‍ കബീര്‍, സൈനബ് ബിന്‍ത് അബ്ദിറഹ്മാന്‍ ബിന്‍ ഹസന്‍ അന്നൈസാബൂരി എന്ന സൈനബ് അശ്ശഅ്‌രിയ്യയെക്കുറിച്ചുമെല്ലാം വിശദമായി എഴുതുന്നുണ്ട്. സമഖ്ശരീ ഇമാമിനെപ്പോലുള്ള വലിയ വലിയ പണ്ഡിതന്മാരില്‍ നിന്നും ഇജാസത്തുകള്‍ സ്വീകരിക്കുകയും, അവയെ പ്രസരണം ചെയ്യുന്നതില്‍ മഹതി വലിയ പങ്ക് വഹിക്കുകയും മറ്റുള്ളവര്‍ക്ക് ഇജാസത്ത് നല്‍കുകയും ചെയ്തിരുന്നു. 

ഹാഫിള് ഇബ്‌നു ഹജര്‍(റ), അക്കാലത്ത് നിലവിലുണ്ടായിരുന്ന പണ്ഡിതവനിതകളെ പൊതുവില്‍ വിളിക്കപ്പെട്ടിരുന്ന ചില പേരുകള്‍ തന്നെ പരിചയപ്പെടുത്തുന്നുണ്ട്. സിത്തു ഉലമാഅ്, സിത്തു ഖുളാത്ത്, സിത്തു കതബത്ത്, സിത്തു വുസറാഅ്, സിത്തു മുലൂക് തുടങ്ങിയവയെല്ലാം അക്കാലത്തെ പണ്ഡിത വനിതകള്‍ക്കുള്ളതായിരുന്നുവത്രെ. 

സ്ത്രീ പ്രാസംഗികര്‍
ചരിത്രകാരന്‍ സ്വലാഹുദ്ദീന്‍ അസ്സ്വഫ്ദി  കൈറോയില്‍ ജീവിച്ചിരുന്ന ഫാത്തിമ ബിന്‍ത് അബ്ബാസ് അല്‍ബഗ്ദാദിയെന്ന മഹതിയെക്കുറിച്ച് തന്റെ അഅ്‌യാനുല്‍ അസ്വര്‍ എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ട്. കൈറോയില്‍ വരുന്നതിന് മുമ്പ് മഹതി ദമസ്‌കസിലായിരുന്നു ദര്‍സ് നടത്തിയിരുന്നത്. ദമസ്‌കസിലായിരിക്കുമ്പോള്‍ മഹതി മിമ്പറില്‍ കയറി പ്രസംഗിക്കുകയും, സ്ത്രീകള്‍ക്കായി വഅള് സംഘടിപ്പിക്കുകയും ചെയ്യുമായിരുന്നു. ആ പ്രസംഗം കേള്‍ക്കാനായി ദമസ്‌കസില്‍ സ്ത്രീകള്‍ നിറഞ്ഞു കവിയുമായിരുന്നു. പിന്നീട് ഈജിപ്തിലേക്ക് യാത്രതിരിച്ചപ്പോള്‍ അവിടെയും മഹതിയുടെ പ്രസംഗങ്ങളും വഅളുകളും തുടര്‍ന്നിരുന്നു. ഭര്‍ത്താക്കന്മാരോട് പിണങ്ങി ഇറങ്ങിപ്പോയവരും ത്വലാഖ് ചൊല്ലപ്പെട്ടവരുമെല്ലാം, മഹതിയുടെ പ്രസംഗങ്ങള്‍ കേട്ട് തങ്ങളുടെ ഭര്‍ത്താക്കന്മാരിലേക്ക് തിരികെ പോകുകയും സ്വസ്ഥജീവിതം നയിക്കുകയും ചെയ്തതായി വരെ ചരിത്രത്തില്‍ കാണാം. 

ശാഫിഈ ഫിഖ്ഹിലെ അഗ്രഗണ്യനായ ശിഹാബുദ്ദീന്‍ അല്‍ അന്‍സാരിയുടെ ഉമ്മയും ഒരേസമയം പ്രാസംഗികയും പണ്ഡിതയുമായിരുന്നു. മാത്രവുമല്ല, തന്റ മകന്‍ പോലും അറിയപ്പെട്ടിരുന്നത് ഇബനുല്‍ ആലിമ എന്ന പേരിലായിരുന്നു. ചരിത്രകാരനായ ഖുതുബുദ്ദീന്‍ യൂനീനി 'ദൈലു മിര്‍ആതി സമാന്‍' എന്ന ഗ്രന്ഥത്തില്‍ മഹതിയെ ആലിമ എന്ന പേര് വിളിക്കാനുണ്ടായ കാരണം വ്യക്തമാക്കുന്നുണ്ട്. അന്നത്തെ രാജാവായ അയ്യൂബി വഫാത്തായപ്പോള്‍ അദ്ദേഹത്തെ അനുസ്മരിച്ച് സംസാരിക്കാനായി അനുയായികള്‍ ഒരു സ്ത്രീയെ അന്വേഷിച്ചിറങ്ങി എത്തിപ്പെട്ടത് മഹതിയുടെ അടുത്തായിരുന്നു. അവര്‍ കാര്യമാവശ്യപ്പെട്ടെങ്കിലും മഹതി അദ്ദേഹത്തെ പറ്റി കാര്യമായിട്ടെനിക്കൊന്നുമറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു. പക്ഷേ, അവരുടെ കടുത്ത സമ്മര്‍ദ്ദത്തിനു വഴങ്ങി മഹതി പ്രസംഗിക്കാന്‍ തയ്യാറായി. നുബാത്തി ഖുത്ബകള്‍ മനപ്പാഠമായിരുന്ന മഹതി പീഢത്തില്‍ കയറി പ്രസംഗിക്കാന്‍ തുടങ്ങി. മരണത്തെക്കുറിച്ചുള്ള ആ സംസാരം കേട്ട് എല്ലാവരും കരഞ്ഞുപോയി. അതിനുശേഷമായിരുന്നു അവര്‍ക്ക് ആലിമ എന്ന പേരു കിട്ടിയത്. 

ഇത്രയും മഹത്തായ സ്ത്രീ പാരമ്പര്യം അവകാശപ്പെടാനുണ്ടായിട്ടും എന്തുകൊണ്ടാണ് പില്‍കാല രചനകളില്‍ ഇവര്‍ക്ക് ഇടം ലഭിക്കാതെ പോയതെന്ന ചോദ്യത്തെ വിശദീകരിക്കുമ്പോള്‍ പ്രധാനമായും നാലു കാര്യങ്ങള്‍ മനസ്സിലാക്കാം. 
1. ഫുഖഹാക്കള്‍ അഭിപ്രായങ്ങള്‍ ഉദ്ധരിക്കുന്നിടത്ത്, ശുഹ്‌റത്ത് (പ്രസിദ്ധി) ഒരു മാനദണ്ഡമായി സ്വീകരിച്ചിരുന്നു. സ്ത്രീകളില്‍ അത്ര അറിയപ്പെട്ടവര്‍ ഉണ്ടായിരുന്നില്ലെന്നത് കൊണ്ടും അവര്‍ പലപ്പോഴും ഉദ്ധരിക്കപ്പെടാതെ പോയിട്ടുണ്ടാവാം.
2. അധിക പണ്ഡിത വനിതകളും ഭര്‍ത്താവിന്റെയോ പിതാവിന്റെയോ സംരക്ഷണത്തിലായിരുന്നതിനാല്‍, കൃത്യമായ നിലപാടുസ്വീകരിക്കാന്‍ അവര്‍ സ്വാഭാവിക ബുദ്ദിമുട്ടുകള്‍ അനുഭവിച്ചിരുന്നു. 
3. രചനാമേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തക്കുറവ്, ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടാതിരിക്കാന്‍ കാരണമായി.
4. അറബ് സാമൂഹിക ഘടന സ്ത്രീയെ ഔറത്തായി ഗണിച്ചിരുന്നതിനാല്‍, പുരുഷന്മാരെപ്പോലെ അവരുടെ പുറത്തേക്കുള്ള പ്രസരണങ്ങളെല്ലാം പരിമിതമാക്കപ്പെട്ടുപോയിരിക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter