മുസ്‌ലിം സംഘാടനത്തെ പൈശാചികവൽക്കരിക്കുന്ന 'മാലിക്'

മലയാള സിനിമാഖ്യാനങ്ങൾ മുസ്‌ലിം സംഘാടനത്തെ സംശയ ദൃഷ്ടിയിൽ പ്രദർശിപ്പിക്കുന്ന സമ്പ്രദായം ഉപേക്ഷിച്ചിട്ടില്ല.  മലയാള സിനിമയുടെ മറുഭാഗത്ത് ഇതര രാഷ്ട്രീയ സംഘാടനങ്ങളെ റൊമാന്റിസൈസ് ചെയ്യുകയും അതിനകത്തെ വയലൻസുകൾക്ക് ഹീറോയിസം പകർത്തി വിപണ വ്യാപാരം നടത്തുകയും ചെയ്യുന്നുണ്ട്. ഹീനമായ ഭരണകൂട ഭീകരതയെ മുസ്‌ലിം സംഘടനത്തിന്റെ പ്രശ്‌നമായി കണക്കാക്കുന്ന സിനിമ, ആത്യന്തികമായി കേരളീയ സാംസ്കാരികതയുടെ പരിഛേദമായി മാറുന്നു. അതുകൊണ്ട് തന്നെ ക്രൂര കൂട്ടക്കൊലക്ക് ശേഷവും ഭരണ സംവിധാനങ്ങൾ ന്യൂനപക്ഷ സമുദായത്തോട് പെരുമാറുന്ന വൃത്തികെട്ട സ്വഭാവത്തെ സിനിമ പ്രതിനിധീകരിച്ച് കണ്ടില്ല. ഇടതുഭരണകൂട വേട്ടയായിരുന്നു ബീമാപള്ളിയിൽ നടന്ന വെടിവെപ്പ്.   

തീരദേശവാസികള്‍, മല്‍സ്യത്തൊഴിലാളികള്‍, പഠിപ്പില്ലാത്തവർ, നിയമ സംവിധാനത്തിന് ചേരാത്തവർ അതിനുമപ്പുറം മുസ്‌ലിംകൾ.  അപരനിര്‍മിതിക്ക് ആവശ്യമായ എല്ലാവിധ ഘടകങ്ങളും ഒത്തിണങ്ങിയ സമുദായമാണ് വെടിയേറ്റു മരിച്ചത്. അതുകൊണ്ട് മുഖ്യധാരക്ക് ആ ആറുപേരെക്കുറിച്ച് ഒട്ടും വേവലാതിയുണ്ടായിരുന്നില്ല. വെടിവെച്ചിടപ്പെടാന്‍ അര്‍ഹതയുള്ളവര്‍ എന്ന പൊതുസമ്മതിയാണ് ബീമാപ്പള്ളിയുടെ കാര്യത്തില്‍ നിര്‍മ്മിക്കപ്പെട്ടത്. മാധ്യമങ്ങളും രാഷ്ട്രീയ കേരളവും അവലംബിച്ച കുറ്റകരമായ മൗനത്തെ മറ്റൊരു ദീർഘ മൗനം കൊണ്ട് സിനിമ വിട്ടുകളയുന്നു. 

ഒരു ഗുണ്ടയുടെ താന്തോന്നിത്തരത്തെ നേരിടാനാവാത്ത ഭരണകൂട നിരുത്തരവാദിത്തത്തിനെതിരെ സംഘടിച്ച പ്രദേശവാസികളെ തോക്കുകൊണ്ട് നേരിടുകയായിരുന്നു പോലിസ്. ഈ നരനായാട്ടിനെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണക്കുന്ന മലയാളി ബോധം അന്ന് ‘മാതൃകാപരമായ’ മൗനത്തെ പിന്തുടർന്നു. മലയാളി സവർണ്ണ ബോധത്തിൻ്റെ ശ്രേണീഘടന പ്രകാരം മുഖ്യധാരയില്‍ അടുപ്പിക്കാന്‍ പറ്റാത്ത ഒരുപറ്റം നിയമ സംവിധാനത്തിന് ചേരാത്ത പഠിപ്പില്ലാത്ത തീരദേശവാസികളായ  ‘പ്രാകൃതര്‍ക്ക്’ നേരെയുണ്ടായ വെടിവപ്പിന് തീവ്രതപോരാ എന്ന അലോചന മാത്രമേ മലയാള സാംസ്കാരികതയ്ക്കുണ്ടായിട്ടുള്ളു.  

ബീമാബീവിയുടെയും മകൻ ശഹീദ് മാഹിൻ അബൂബക്കറിൻ്റെയും വിമോചന പോരാട്ടമാണ് ബീമാപള്ളി ജനതക്ക് ‘വിദേശികള്‍’, ‘നിയമത്തിന് വഴങ്ങാത്തവര്‍’ തുടങ്ങീ മുദ്രകൾ ലഭിച്ചത്. കരം നല്‍കാന്‍ വിസമ്മതിച്ച ബീമാ ബീവിയെ അഹങ്കാരിയെന്നായിരുന്നു തിരുവിതാംകൂര്‍ രാജവംശത്തിന്റെ ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചത്. തുടർച്ചയിൽ പോലീസിന്റെയും അധികാരികളുടെയും ഭാഷയില്‍ ബീമാപ്പള്ളിക്കാര്‍ അഹങ്കാരികളാണ്. മാഹിൻ അബൂബക്കർ വലിയ വൈദ്യനായിരുന്നു. തീരപ്രദേശത്തെ മുക്കുവർക്കും കഷ്ടത അനുഭവിക്കുന്നവർക്കും മാഹിൻ അബൂബക്കർ രക്ഷകനായിരുന്നു. അരികുവൽക്കരിക്കപ്പെട്ട ജനതക്ക് പുതുജീവനായിരുന്നു ബീമാബീവിയുടെയും മകൻ്റെയും സേവനങ്ങൾ. അവർ ഇസ്ലാമിനെ വിമോചന പാതയായി സ്വീകരിച്ചു. ഇത് മാർത്താണ്ഡവർമ്മയെയും കൂട്ടാളികളെയും അസഹിഷ്ണുരാക്കി. ഈ മതാരോഹണത്തെ തടയാൻ ഭരണകൂടം തീരുമാനിച്ചു. കരം നൽകാനുള്ള ഉത്തരവ് മാഹിൻ അബൂബക്കർ നിഷേധിച്ചു. ഇതിനെ തുടർന്ന് കീഴ്ജാതി മുസ്ലിംകളെ ആയുധങ്ങളുമായി പടയാളികൾ അക്രമിച്ചു. ഇത് ചോദ്യംചെയ്ത മാഹിൻ അബൂബക്കെറെയും കൂട്ടാളികളെയും രാജഭടന്മാർ ചതിയിലൂടെ വെട്ടിക്കൊലപ്പെടുത്തി. അവിടംമുതൽ തുടങ്ങുന്നു ബീമാപള്ളി ഭരണകൂടവേട്ടയുടെ വംശാവലി. 

'ഉള്ളുറപ്പില്ലാത്ത ഒരു സമൂഹത്തിൽ നിന്ന് ആട്ടിൻകുട്ടികളെ മോഷ്ടിക്കുവാനും കൊന്നുതിന്നുവാനും' സാംസ്‌കാരിക വ്യവസായങ്ങൾക്ക് കഴിയും. 'ആടുകൾ കൊന്നു തിന്നാറില്ല' എന്നതു തന്നെയാണ് അതിനു കാരണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter