മതതാരതമ്യപഠനങ്ങളെ സംഘ്പരിവാര്‍ എന്തിന് പേടിക്കുന്നു?
മത താരതമ്യ പഠനങ്ങളെ സംഘി ഫാസിസം പേടിക്കുന്നതെന്തിന്? സത്യസന്ധമായ വേരുകളും ഐതിഹ്യങ്ങളിലൊതുങ്ങാത്ത യാഥാര്‍ത്ഥ്യങ്ങളുമാണെങ്കില്‍ മതതാരതമ്യ അന്വേഷണങ്ങളെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്?
പക്ഷെ, മത താരതമ്യ അന്വേഷണങ്ങളെ സംഘി ഫാസിസം പേടിക്കുന്നുവെന്ന് തെളിയിക്കുന്നതാണ് ഈയടുത്ത് ഉയര്‍ന്നുകേള്‍ട്ട പല യു.എ.പി.എ ആരോപണങ്ങളും. വര്‍ദ്ധിച്ചുവന്നിരുന്ന മത സംവാദ വേദികളിലെ അനുഭവങ്ങളോ മത മേലദ്ധ്യക്ഷന്മാര്‍ ഒന്നിച്ചിരുന്ന് മതം ചര്‍ച്ച ചെയ്യുമ്പോള്‍ തങ്ങളുടെ ആദര്‍ശങ്ങള്‍ക്ക് ഇളക്കം തട്ടുന്നുവെന്ന സ്വയം ഭീതിയോ ആവാം ഇത്തരം വ്യാകുലപ്പെടലുകള്‍ക്ക് നിദാനം.
എന്നാല്‍, മത സംവാദങ്ങളും സ്നേഹ ചര്‍ച്ചകളും പരസ്പരം അറിയുന്നതിനും സത്യം തിരിച്ചറിയുന്നതിനുമുള്ള കവാടങ്ങളാണ്. അതിന്റെ സാധ്യതകളെ ഒരിക്കലും തടഞ്ഞുവെച്ചുകൂടാ. മനുഷ്യരെല്ലാം സമ്പൂര്‍ണവും സംതൃപ്തവുമായ ജീവിതത്തിനുള്ള അന്വേഷണ യാത്രയിലാണ്. ദൈവത്തെ കണ്ടെത്തുമ്പോഴാണ് ആ യാത്ര അവസാനിക്കുന്നത്.
സ്വയം സത്യാന്വേഷണം പാടില്ലെന്നോ മറ്റുള്ളവര്‍ക്ക് തന്റെ മനസ്സിലെ സത്യം പറഞ്ഞുകൊടുക്കാന്‍ പാടില്ലെന്നോ പറയുന്നത് എങ്ങനെ ന്യായീകരിക്കാനാവും. ഒരര്‍ത്ഥത്തില്‍ മൗലികാവകാശ ലംഘനമാണത്. അറിയാനും അറിയിക്കാനും വിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യത്തിനു മുമ്പില്‍ വിലങ്ങ് വീഴുകയാണിവിടെ. ബാഹ്യഇടപെടലുകള്‍ നിമിത്തം ഇത്തരം വൈയക്തിക അവകാശങ്ങള്‍ ഒരിക്കലും മതേതര ജനാധിപത്യ ഇന്ത്യയില്‍ ധ്വംസിക്കപ്പെട്ടുകൂടാ. അതിനെ ഭരണഘടനാപരമായി ന്യായീകരിക്കാനും കഴിയില്ല.
മത താരതമ്യ പഠനത്തിലും മത സംവാദങ്ങളിലും വിശ്വപ്രസിദ്ധനായ സാക്കിര്‍ നായികിനെയും അദ്ദേഹത്തിന്റെ സ്ഥാപനമായ ഐ.ആര്‍.എഫിനെയും കൂച്ച വിലങ്ങിടുകയെന്നത് സംഘ്പരിവാര്‍ ഫാസിസത്തിന്റെ ചിരകാലാഭിലാഷമാണ്. മോദി അധികാരത്തില്‍ വന്നതോടെ അതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. അതിന് ന്യായങ്ങളും കാരണങ്ങളുമായി പല ഇല്ലാകഥകളും ചമക്കുകയായിരുന്നു ഇന്റലിജന്സ് ഏജന്‍സികള്‍ പിന്നീട്. രാജ്യത്ത് മത സാഹോദര്യവും അടുപ്പവും തിരിച്ചറിവും ഉണ്ടാക്കാന്‍ നിരന്തരം നാവുകൊണ്ടും തൂലികകൊണ്ടും ശ്രമം നടത്തിയ അദ്ദേഹം രാജ്യദ്രോഹ കുറ്റം ചുമത്തപ്പെടുന്നത് വിരോധാഭാസം തന്നെയാണ്. സത്യം തിരിച്ചറിയുന്നതിലപ്പുറം വര്‍ഗീയ പകപോക്കലാണ് ഇത്തരം മതേതരത്വ വിരുദ്ധ നിലപാടുകളിലൂടെ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്.
സാകിര്‍ നായികിനു ശേഷം കേരളത്തില്‍ എം.എം. അക്ബറാണ് അവരുടെ മറ്റൊരു ലക്ഷ്യം. രാജ്യത്തും പുറത്തും നൂറുക്കണക്കിന് വേദികളില്‍ മതങ്ങള്‍ തമ്മിലുള്ള സ്നേഹ സംവാദങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന അദ്ദേഹം രാജ്യത്ത് ബഹുസ്വരതയുടെ ആഴവും അര്‍ത്ഥവും പ്രചരിപ്പിച്ച ചരു പ്രഭാഷകനാണ്. ഇപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളെയും നോട്ടമിട്ടിരിക്കുകയാണ് സംഘ്പരിവാര്‍ ഫാസിസം.
അതിനായി ചില ആരോപണങ്ങളും അവര്‍ നിര്‍മിച്ചുവിട്ടിരിക്കുന്നു. അവിടെനിന്നും കണ്ടെത്തിയെന്ന് പറയപ്പെടുന്ന വിഷയങ്ങള്‍ തങ്ങളുടെ അറ്റാക്കിനെ ന്യായീകരിക്കാന്‍ വേട്ടക്കാരന്‍ കണ്ടെത്തിയ ചില ഭാവനാസൃഷ്ടികള്‍ മാത്രമാണെന്നതാണ് വസ്തുത. ലക്ഷ്യം മതത്തിന്റെ ശാസ്ത്രീയതയും അശാസ്ത്രീയതയും യുക്തിയുടെയും പ്രമാണങ്ങളുടെയും വെളിച്ചത്തില്‍ ചര്‍ച്ചചെയ്യുന്ന അക്ബറിനെ പോലെയുള്ളവരെ വായടപ്പിക്കുകയെന്നതാണ്.
ഇപ്പോള്‍ സ്വേഷ്ടപ്രകാരം മതം മാറുന്നവരെയാണ് സംഘികള്‍ ഉന്നംവെക്കുന്നത്. ഹാദിയയും ആയിശയും അതിന്റെ ഇരകളാണ്.
സ്വതന്ത്ര ഇന്ത്യയില്‍ മതം പറയാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന എല്ലാവര്‍ക്കും നല്‍കിയിട്ടുണ്ട്. എന്നിരിക്കെ, മത താരതമ്യ പഠനങ്ങളുമായി മുന്നോട്ടുപോകുന്നവരെ ഉന്നംവെച്ച് വേട്ടയാടുന്നത് മതേതരത്വവിരുദ്ധവും അവകാശ ധ്വംസനവുമാണ്. തനിക്ക് സത്യമായി തോന്നുന്നതിനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിക്കുമുണ്ട്. അത് മറ്റൊരാളോട് പറയേണ്ടവിധത്തില്‍ പറനയാനുള്ള അവകാശവും അവനുണ്ട്. അതിനെ ചോദ്യം ചെയ്യാന്‍ ഭരണഘടനയുള്ള കാലത്തോളം ഇവിടെ ഒരു ഭരണകൂടത്തിനും സാധ്യമല്ല.
Leave A Comment