താജുദ്ധീൻ അസ്സുബ്കി: ജ്ഞാനലോകത്തെ മഹാ വിസ്മയം

ജ്ഞാന ലോകത്തെ ബഹുമുഖ പ്രതിഭയാണ് എട്ടാം നൂറ്റാണ്ടിൽ ജീവിച്ച അബ്ദുൽ വഹാബ് താജുദ്ദീൻ സുബ്കി(റ). ഖുർആൻ വ്യാഖ്യാനം, ഹദീസ്, ഉസൂലുൽ ഹദീസ്,സാഹിത്യം, ചരിത്രം,  തുടങ്ങി നിരവധി വിജ്ഞാന ശാഖകളിൽ വ്യുൽപത്തി നേടിയ അദ്ദേഹം ഫിഖ്ഹിലും ഉസ്വൂലിലും പകരം വെക്കാനില്ലാത്ത പണ്ഡിത കേസരിയായിരുന്നു. ഓരോ വിജ്ഞാനീയങ്ങളിലും ആ കാലത്തെ ഏറ്റവും പ്രഗത്ഭരിൽ നിന്ന് വിദ്യ നുകരാനായ ഇമാം സുബ്കി ചുരുങ്ങിയ പ്രായം കൊണ്ട് അനവധി അനശ്വര ഗ്രന്ഥങ്ങൾ ലോകത്തിന് സമ്മാനിച്ച് കടന്നുപോയ മഹാനാണ്.അശ്അരി, ശാഫിഈ സരണിയാണ് അദ്ദേഹം അനുധാവനം ചെയ്തത്.

ജനനം, ജീവിതം:

ഈജിപ്തിലെ മനൂഫിയ ഗവർണറേറ്റിലെ സുബ്ക് ഗ്രാമത്തിൽ ഹി. 727 ലാണ്  ഇമാം സുബ്കിയുടെ ജനനം. പ്രമുഖ പണ്ഡിതനും സർവ്വാംഗീകൃതനുമായിരുന്ന തഖിയ്യുദ്ധീൻ സുബ്കിയാണ് പിതാവ്. നിരന്തര പഠനം, കഠിനാധ്വാനം, സമയോപയോഗം, പരിത്യാഗം തുടങ്ങി എല്ലാ നല്ല സ്വഭാവഗുണങ്ങളും ചെറുപ്പം മുതലേ മകനിൽ വളർത്തിയെടുക്കുന്നതിൽ പിതാവ് അതീവ ശ്രദ്ധ പുലർത്തിയിരുന്നു. ആ സംസ്കരണം ഇമാമിനെ ആഴത്തിൽ സ്വാധീനിക്കുകയും ചെയ്തു.കുഞ്ഞുനാളിലേ വിജ്ഞാന ദാഹിയായി വളർന്നു തുടങ്ങി.

ഈജിപ്തിലെ നിരവധി പണ്ഡിതരിൽ നിന്ന് ജ്ഞാന സമ്പാദനം നടത്തിയ ശേഷം പിതാവിന്റെ കൂടെ സിറിയയിലേക്ക് തിരിച്ചു. അവിടെയുള്ള പ്രമുഖ പണ്ഡിതരെയെല്ലാം സമീപിച്ച് പഠന യാത്ര അനുസ്യൂതം തുടർന്നു. ഗുരുസ്രേഷ്ടരായ  ദഹബിയുടെയും മിസ്സിയുടെയും ക്ലാസ് കഴിഞ്ഞ് വന്നാൽ അന്നന്ന്  പഠിച്ചതെന്താണെന്ന് പിതാവ് പതിവായി ചോദിച്ചറിയുമായിരുന്നുവെന്ന് അദ്ദേഹം ത്വബഖാത്തിൽ വിവരിക്കുന്നുണ്ട്. ഏതായാലും, വിശ്രമരഹിത പഠനം വഴി പതിനെട്ടാം വയസ്സിൽ തന്നെ ഫത് വ നൽകാൻ കെൽപ്പുള്ള വലിയ പണ്ഡിതനായി ഇമാം സുബ്കി മാറി.

ഏറെ സൂക്ഷ്മതയോടെ ജീവിതം നയിച്ച അദ്ദേഹം നന്മകളെ പ്രോത്സാഹിപ്പിക്കാനും തിന്മകൾ നിരോധിക്കാനും ഏറ്റവും മുന്നിലുണ്ടായിരുന്നു. ഭയപ്പാടേതുമില്ലാതെ സത്യം തുറന്നുപറഞ്ഞു. സിറിയയിലെ ഖളാഅ ഏറ്റെടുത്തതോടെ നിരവധി വിഷയങ്ങളിൽ ഇടപെട്ട് വിധി പറയേണ്ടി വന്നപ്പോൾ പല പരീക്ഷണ ഘട്ടങ്ങളും അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും എല്ലാം മനസ്സാനിധ്യത്തോടെ സത്യസന്ധമായി കൈകാര്യം ചെയ്തു.

Also Read:അബുൽ ഖാസിം സഹ്റാവി: സർജറിയുടെ പിതാവ്

പ്രമുഖ ഹദീസ് പണ്ഡിതൻ ഇബ്നു ഹജർ അസ്ഖലാനി (റ) പറയുന്നു: ''ഹദീസ് നന്നായി പഠിച്ച ശേഷം ഫിഖ്ഹിലും ഉസൂലിലും കൈവെച്ച ഇമാം സുബ്കി യുവാവായിരിക്കെ തന്നെ അതിലൊക്കെ പ്രാഗത്ഭ്യം നേടി. ചുരുങ്ങിയ കാലയളവിൽ വാക്ചാതുരിയുള്ള പ്രഭാഷകനും തെളിഞ്ഞ എഴുത്തുകാരനുമായി മാറി. സിറിയയുടെ ഖാളിയായി. തന്റെ ജീവിതകാലത്തും ശേഷവും  അദ്ദേഹത്തിന്റെ രചനകൾ ലോകത്താകമാനം പ്രചുര പ്രചാരം നേടി."

പ്രധാന ഉസ്താദുമാരും ശിഷ്യരും

 ആ കാലഘട്ടത്തിലെ  നിരവധി പ്രമുഖ പണ്ഡിതന്മാരിൽ നിന്ന് ജ്ഞാനസമ്പാദനം നടത്താനായതും അവരുടെ മാതൃകകൾ പകർത്താനായതും ഇമാം സുബ്കിയുടെ വലിയ സൗഭാഗ്യമാണ്. പിതാവും ബഹുമുഖ പണ്ഡിതനുമായ താജുദ്ധീൻ സുബ്കി തന്നെയാണ് പ്രഥമവും പ്രധാനിയുമായ ഗുരു. 
അബൂ ഹജ്ജാജ് അൽ മിസ്സി,അൽ ഹാഫിദ് ദഹബി,അബൂ ഹയ്യാൻ ഉൻദുലുസി തുടങ്ങിയ പണ്ഡിതരും ഉസ്താദുമാരായിരുന്നു.

 നാസിറുദ്ധീൻ സലമി,
ഹാഫിദ് ശംസുദ്ധീൻ ലഖമി,ഖാളി ശറഫുദ്ധീൻ അസ്സിൽമി,അമീനുദ്ധീൻ അൽ ഹനഫി,ശറഫുദ്ധീൻ അൽ ഗസ്സി എന്നിവർ ശിഷ്യരിൽ പ്രമുഖരാണ്.

പ്രധാന രചനകൾ

"എത്ര വലിയ പണ്ഡിതനായാലും രചന നടത്തിയിലെങ്കിൽ അയാളുടെ സേവനം ആ കാലഘട്ടത്തിൽ പരിമിതമാണ്. അതിനാൽ ഒരു സമയമൊഴിയാതെ രചനയിലേർപ്പെടുകയായിരുന്നു എന്റെ ശീലം" എന്ന വാക്കുകളിൽ നിന്ന് തന്നെ ഇമാം സുബ്കിയുടെ രചനാലോകത്തിന്റെ വിസ്തൃതി മനസ്സിലാകുന്നുണ്ട്. നാൽപത്തിനാല് വർഷമാണ് ജീവിക്കാനായതെങ്കിലും പതിറ്റാണ്ടുകളുടെ വിജ്ഞാന സേവനങ്ങൾ അദ്ദേഹം ചെയ്തുതീർത്തു.

അൽ ഇബ്ഹാജ് ഫി ശറഹി മിൻഹാജിൽ വുസ്വൂൽ ഇലാ ഇൽമിൽ ഉസ്വൂൽ, ജംഉൽ ജവാമിഅ, മൻഉൽ മവാനിഅ അൻ ജംഇൽ ജവാമിഅ, അൽ അശ്ബാഹ് വന്നദായിർ, തൗശീഹുത്തസ്ഹീഹ്, തൗശീഹുത്തൻബീഹ്, ത്വബഖാത്തുശ്ശാഫിഇയ്യ (സുഖ്റ, വുസ്ത, കുബ്റ), അൽ ഖാഇദ ഫിൽ ജറഹി വ ത്തഅദീൽ, ഉർജൂസ ഫി   ഖസാഇസുന്നബി, അസ്സയ്ഫുൽ മശ്ഹൂർ, റഫ്ഉൽ ഹാജിബ് തുടങ്ങിയവ ആ അനശ്വര തൂലികയിൽ പിറന്ന ബൃഹദ് ഗ്രന്ഥങ്ങളിൽ ചിലത് മാത്രമാണ്.

ഹി.771 ദുൽഹിജജ 7 നാണ് ഇമാം വിടപറയുന്നത്. പ്ലാഗ് ബാധിച്ച് ശഹീദാവുകയായിരുന്നു. നാൽപത്തിനാല് വയസ്സ് മാത്രമായിരുന്നു പ്രായം. സിറിയയിലെ ഖാസിയൂനിലാണ് മറമാടിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter