ഇമാം ഇബ്‌നു മാജ (റ)

മുഹമ്മദ് ബിന്‍ യസീദ് അര്‍റബ്ഈ എന്ന് ശരിയായ പേര്. അബൂ അബ്ദില്ല എന്ന് ഓമനപ്പേര്. ഇബ്‌നു മാജ എന്ന പേരില്‍ അറിയപ്പെട്ടു. ഹിജ്‌റ 209 ല്‍ ദക്ഷിണ ഇറാനിലെ പ്രസിദ്ധ പട്ടണങ്ങളിലൊന്നായ ഖസ്‌വീനില്‍ ജനനം. മാജ എന്നത് മാതൃ നാമമാണെന്നതാണ് ശരിയായ അഭിപ്രായം. പിതാവിന്റെ ഓമനപ്പേരാണെന്നും അഭിപ്രായമുണ്ട്.

ഇസ്‌ലാമിക വിഷയങ്ങളിലെല്ലാം അതീവ നിപുണനായിരുന്നു ഇബ്‌നു മാജ. ശൈശവംമുതല്‍തന്നെ ഹദീസ് വിജ്ഞാനത്തില്‍ തല്‍പരനായിരുന്നു. എല്ലാം തേടിപ്പിടിക്കാനും ഉള്‍കൊള്ളാനുമുള്ള ഒരു കഴിവ് അന്നുമുതല്‍തന്നെ അണയാതെ നിലനിന്നു.
വിജ്ഞാന സമ്പാദനത്തിനു വേണ്ടി നിരവധി രാജ്യങ്ങളില്‍ മഹാനവര്‍കള്‍ പര്യടനം നടത്തി. ബസ്വറ, ബഗ്ദാദ്, ശാം, ഈജിപ്ത്, ഹിജാസ്, റയ്യ് തുടങ്ങിയവ അതില്‍ ചിലതാണ്. ഈ ജ്ഞാനാന്വേഷണ യാത്രയില്‍ അനവധി ഗുരുജനങ്ങളെ സമ്പാദിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അബൂ ബക്ര്‍ ബിന്‍ അബീ ശൈബ,  യസീദ് ബിന്‍ അബ്ദില്ലാഹില്‍ യമാനി തുടങ്ങിയവര്‍ അതില്‍ പ്രമുഖരാണ്. മുഹമ്മദ് ബിന്‍ അബ്ദില്ല ബിന്‍ നമീര്‍, ഇബ്‌റാഹീം ബിന്‍ മുന്‍ദിര്‍ അല്‍ ഹറാമി, അബ്ദില്ല ബിന്‍ മുആവിയ, മുഹമ്മദ് ബിന്‍ റുംഹ്, ദാവൂദ് ബിന്‍ റശീദ് തുടങ്ങിയ പണ്ഡിതന്മാരില്‍നിന്നും അദ്ദേഹം ഹദീസ് സ്വീകരിക്കുകയും വിജ്ഞാനം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. പില്‍ക്കാല ജീവിതത്തില്‍ അനവധി ശിഷ്യസമ്പത്തും അദ്ദേഹം നേടിയെടുത്തു. അലി ബിന്‍ അബ്ദില്ല അല്‍ അസ്‌കരി, ഇബ്‌റാഹീം ബിന്‍ ദീനാര്‍,  അഹ്മദ് ബിന്‍ ഇബ്‌റാഹീം അല്‍ ഖസ്‌വീനി പോലെയുള്ള പ്രഗല്‍ഭരായ ജ്ഞാനികള്‍ അദ്ദേഹത്തില്‍നിന്നും ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വലിയ പണ്ഡിതനും മത ഭക്തനുമായിരുന്നു ഇബ്‌നു മാജ (റ). ഹീദിസിലെന്നപോലെ തഫ്‌സീറിലും  താരീഖിലുമെല്ലാം അദ്ദേഹത്തിന് അവഗാഹമുണ്ടായിരുന്നു. ഖസ്‌വീനിലെ ഏറ്റവും വലിയ പണ്ഡിതന്‍ ഇബ്‌നു മാജയായിരുന്നുവെന്ന് യാഖൂതുല്‍ ഹമവി നിരീക്ഷിച്ചിട്ടുണ്ട്.

സ്വിഹാഹുസ്സിത്തയില്‍ ഒന്നായ സുനനു ഇബ്‌നു മാജയാണ് ഇമാം ഇബ്‌നു മാജയുടെ ഏറ്റവും ശ്രദ്ധേയമായ രചന. പ്രാബല്യത്തിന്റെ ശ്രേണിയില്‍ ഇത് ആറാമത് നില്‍ക്കുന്നുവെന്നാണ് പണ്ഡിത മതം. ഇമാം മാലികിന്റെ മുവഥ്വയാണ് ആറാം സ്ഥാനത്തുള്ളതെന്നും ഒരഭിപ്രായമുണ്ട്. 1500 അധ്യായങ്ങളിലായി 4341 ഹദീസുകളാണ് ഇതിലുള്ളത്. മറ്റു അഞ്ചു ഹദീസ് ഗ്രന്ഥങ്ങളെ അപേക്ഷിച്ച് സ്വഹീഹ്, ഹസന്‍, ളഈഫ് തുടങ്ങിയ മൂന്നു വിഭാഗം ഹദീസുകളും ഇല്‍ ഉള്‍കൊള്ളിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ഇത് അഞ്ചു ഗ്രന്ഥങ്ങളുടെയും താഴെയായി വരാന്‍ കാരണം.

സുനനു ഇബ്‌നു മാജയിലുള്ള 302 ഹദീസുകള്‍ പൂര്‍ണമായോ ഭാഗിഗമായോ മറ്റു അഞ്ചു ഹദീസ് ഗ്രന്ഥങ്ങളും കാണാം. തീരെ ബലഹീനമായ 99 ഹദീസുകളും അല്‍പമാത്രമ നൂന്യതയുള്ള 613 ഹദീസുകളും കഴിച്ചാല്‍ 4341 ല്‍ ബാക്കിയെല്ലാം സ്വഹീഹായ ഹദീസുകളാണ്. മറ്റു അഞ്ചു ഗ്രന്ഥങ്ങളിലും ഉദ്ധരിക്കാത്ത ധാരാളം ഹദീസുകളുമുണ്ട് ഈ ഗ്രന്ഥത്തില്‍. അവയെ ചൊല്ലിയാണ് ഇതിന്റെ പ്രാബല്യത്തെ പരിഗണിക്കുന്നവര്‍ ഇതിന്റെ സ്ഥാനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ നിര്‍ണയിക്കുന്നത്. പില്‍ക്കാലത്ത് ഇതിന്റെ അനവധി വ്യാഖ്യാന ഗ്രന്ഥങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇമാം സുയൂഥിയുടെ മിസ്ബാഹു സ്സുജാജ അലാ സുനനി ഇബ്‌നി മാജ, ഇമാം സിന്ദിയുടെ കിഫായത്തുല്‍ ഹാജ ഫീ ശര്‍ഹിബ്‌നി മാജ തുടങ്ങിയ ഉദാഹരണങ്ങളാണ്.

ഹിജ്‌റ വര്‍ഷം 273 റമളാന്‍ ഏഴിന് മഹാനവര്‍കള്‍ ലോകത്തോട് വിടപറഞ്ഞു. അന്ന് 64 വയസ്സുണ്ടായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter