നന്മയുടെ റാണി (ഭാഗം ഒമ്പത്)

വിത്തുഗുണം

ഖലീഫാ ഹാറൂന്‍ റഷീദ് മക്കളെ കാണുവാന്‍ ഇറങ്ങിയതാണ്.കൊട്ടാരത്തിനോടു ചേര്‍ന്നുതന്നെ അവര്‍ക്കു രണ്ടുപേര്‍ക്കും പഠിക്കുവാന്‍ ഒരു പാഠശാല സ്ഥാപിച്ചിട്ടുണ്ട്. അതില്‍ ഒരു അധ്യാപകനെയും നിയമിച്ചിട്ടുണ്ട്. മക്കളെ കാണുവാനും അവരുടെ പഠനപുരോഗതി മനസ്സിലാക്കുവാനും ഇടക്കിടെ ഖലീഫ അവിടെ ചെല്ലും. പതിവുപോലെ അതിനിറങ്ങിയതാണ് ഖലീഫ.
രണ്ട് മക്കളും രണ്ടു ഭാര്യമാരില്‍ നിന്നുള്ളവരാണ്. ഒന്നാമന്‍ അമീന്‍ സുബൈദാ രാജ്ഞിയില്‍ നിന്നും ജനിച്ച മകനാണ്. ബഗ്ദാദിലെ ഔദ്യോഗിക റാണിയും സ്ത്രീകളുടെ നേതാവുമാണ് സുബൈദാ രാജ്ഞി. രണ്ടാമന്‍ മഅ്മൂന്‍ എന്നു വിളിക്കപ്പെടുന്ന അബ്ദുല്ലയാണ്. മഅ്മൂനിന്റെ ഉമ്മ ഒരു പേര്‍ഷ്യന്‍ അടിമസ്ത്രീയായിരുന്നു. (പില്‍ക്കാലത്ത് അബ്ബാസികളിലെ ഏഴാം ഭരണാധികാരിയായി അദ്ദേഹം ഭരണം നടത്തുകയുണ്ടായി) മക്കളെ കാണുവാന്‍ പോകുന്ന വഴിയില്‍ ഖലീഫ ബുദ്ധിമാനും സന്തതസഹചാരിയുമായിരുന്ന ബുഹ്‌ലൂലിനെ കണ്ടു. ബുഹ്‌ലൂലിനെയും മദ്‌റസയിലേക്ക് ഒപ്പം കൂട്ടി.
അവര്‍ ചെന്നുകയറുമ്പോള്‍ കുട്ടികള്‍ പുറത്തുപോയതായിരുന്നു. അവരുടെ അഭാവത്തില്‍ വിവരങ്ങള്‍ ഖലീഫ ഉസ്താദിനോട് ചോദിച്ചറിഞ്ഞു. ഉസ്താദ് അല്‍പം സങ്കോചത്തോടെ പറഞ്ഞു: 'മഅ്മൂന്‍ മിടുമിടുക്കനാണ്, അമീന്‍ അത്രതന്നെ പോരാ'. അതു ഖലീഫയെ വിഷമിപ്പിച്ചു. ഖലീഫ ചോദിച്ചു: 'അത് എന്തിന്റെ അടിസ്ഥാനത്തിലാണ് ഉസ്താദ് പറയുന്നത്?, അതു തെളിയിക്കുവാന്‍ താങ്കള്‍ക്കു കഴിയുമോ?'
'കഴിയും, ഖലീഫ അനുവദിക്കുകയാണ് എങ്കില്‍'
ഖലീഫ സമ്മതിച്ചു. ഉടനെ ഉസ്താദ് മഅ്മൂനിന്റെ സീററിനടിയില്‍ ഒരു കടലാസ് കഷ്ണം വെച്ചു. അമീനിന്റെ സീററിനടിയില്‍ ഒരു ചുട്ടൈടുത്ത മണ്‍പാത്രത്തിന്റെ പൊട്ടും. 
അധികം വൈകാതെ കുട്ടികള്‍ തിരിച്ചെത്തി. പിതാവിനെ വണങ്ങിയ അവരോട് സീററുകളില്‍ ഇരിക്കുവാന്‍ പറഞ്ഞു. സീററുകളില്‍ ഇരുന്നതും മഅ്മൂന്‍ മുകളിലേക്കും വശങ്ങളിലേക്കും നോക്കുവാന്‍ തുടങ്ങി. ആ അസ്വസ്ഥത കണ്ട് ഉസ്താദ് ചോദിച്ചു: 'എന്താണ്?, എന്തു പററി മഅ്മൂന്‍?'
ഞാന്‍ വന്നിരുന്നപ്പോള്‍ എന്റെ സീററ് ഒരു കടലാസ്സിന്റെ അത്ര ഉയര്‍ന്നതായി എനിക്കു തോന്നുന്നു. ഞാന്‍ അതിനെപ്പററി നോക്കുകയാണ്..'
ഉസ്താദ് അമീന്റെ നേരെ തിരിഞ്ഞു ചോദിച്ചു: 'അമീനെന്തു തോന്നുന്നു?'
'പ്രത്യേകിച്ചൊന്നും തോന്നുന്നില്ല'; അമീന്‍ പറഞ്ഞു.
ഇതോടെ ഉസ്താദ് ഖലീഫയുടെ മുഖത്തേക്കു നോക്കി. താന്‍ പറഞ്ഞതു ശരിയായില്ലേ എന്ന മട്ടില്‍. ശരിയല്ല എന്നു പറയുവാന്‍ ഒരു ന്യായവുമുണ്ടായിരുന്നില്ല. അതിനാല്‍ ഖലീഫ ചിന്താ നിമഗ്‌നനായി അല്‍പ്പനേരം ഇരുന്നു. അതിനിടയില്‍ കുട്ടികള്‍ വീണ്ടും പുറത്തേക്കു പോയി. ആ അവസരത്തില്‍ ഖലീഫ ഉസ്താദിനോട് ചോദിച്ചു: 'ഇവര്‍ രണ്ടുപേരുടെയും ബുദ്ധി ഇങ്ങനെ വ്യത്യസ്ഥമാകുവാന്‍ എന്താണ് ന്യായം?, താങ്കള്‍ക്കെന്താണു പറയുവാനുള്ളത്?'
ഉസ്താദ് പല ന്യായവും പറഞ്ഞുനോക്കി. അതൊന്നും പക്ഷെ, ഹറൂന്‍ റഷീദിനെ പോലെ അതിബുദ്ധിമാനായ ഒരു പ്രതിഭയെ തൃപ്തിപ്പെടുത്തുവാന്‍ പോന്നതല്ലായിരുന്നു. 
ഖലീഫ ബുഹ്‌ലൂലിനു നേരെ നോക്കി. തനിക്കറിയുമോ എന്ന ഭാവത്തില്‍. ബുഹ്‌ലൂല്‍ വളരെ വിനയാന്വിതനായി പറഞ്ഞു: 'അമീറുല്‍ മുഅ്മിനീന്‍, എനിക്കങ്ങ് അഭയം നല്‍കുമെന്നുണ്ടെങ്കില്‍ ഞാന്‍ പറയാം'. തികച്ചും അപകടകരമായ ഒരു നിഗമനമാണ് ബുഹ്‌ലൂല്‍ പറയുവാന്‍ പോകുന്നത്. അതുകൊണ്ടാണ് ആദ്യമേ അഭയം തേടുന്നത്. ഖലീഫ പ്രത്യേക സ്വാതന്ത്ര്യം കല്‍പ്പിച്ചുനല്‍കിയിട്ടുള്ള ആളാണ് ബുഹ്‌ലൂല്‍. അദ്ദേഹത്തെ ഖലീഫക്ക് ഇഷ്ടവുമാണ്.അതിനാല്‍ ഖലീഫ അഭയവും സമ്മതവും നല്‍കി.
ബുഹ്‌ലൂല്‍ പറഞ്ഞു: 'അമീറുല്‍ മഅ്മിനീന്‍, രണ്ടു വിത്യസ്ഥങ്ങളായ രക്തങ്ങളും സംസ്‌കാരങ്ങളും സാമൂഹ്യ ചുററുപാടുകളും തമ്മില്‍ ചേരുമ്പോള്‍ അതില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ബുദ്ധിശക്തി കൂടും. അതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. സുബൈദാ രാജ്ഞിയും അങ്ങും ഒരേ രക്തങ്ങളും സംസ്‌കാരങ്ങളുമാണല്ലോ. എന്നാല്‍ മഅ്മൂനിന്റെ ഉമ്മയും അങ്ങും രണ്ടു വ്യത്യസ്ഥ ഗുണങ്ങളുള്ളവരാണ്. അതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്' ബുഹ്‌ലൂല്‍ പറഞ്ഞു നിറുത്തിയപ്പോള്‍ ഖലീഫയുടെ നെററിയില്‍ ചുളിവുകള്‍ പ്രത്യക്ഷപ്പെട്ടു. ആ മറുപടിയില്‍ തൃപ്നായിരുന്നില്ല അദ്ദേഹം. ആയതിനാല്‍ അദ്ദേഹം പറഞ്ഞു: 'അങ്ങനെ പറഞ്ഞാല്‍ പോരാ, അതു തെളിയിക്കൂ..'
ബുഹ്‌ലൂല്‍ പറഞ്ഞു: 'തെളിയിക്കാം, ഖലീഫാ കോവര്‍കഴുതകളെ കണ്ടിട്ടില്ലേ, അവയ്ക്ക് കഴുതകളേക്കാളും കുതിരകളേക്കാളും കരുത്തുണ്ടായിരിക്കും. അവ കുതിരയും കഴുതയും ചേര്‍ന്നുണ്ടാകുന്നതാണ് എന്നതാണ് അതിനു കാരണം. സങ്കരയിനങ്ങള്‍ക്ക് മിടുക്കു കൂടും. രണ്ടിനത്തില്‍പെട്ട സസ്യ തൈകള്‍ സംയോചിപ്പിച്ചുണ്ടാകുന്ന മരത്തിലെ ഫലങ്ങളും അങ്ങിനെയാണ്. അവയ്ക്കു രസം കൂടും..' പിന്നെ ഒന്നും പറയുവാന്‍ ഖലീഫക്കുണ്ടായിരുന്നില്ല. അതിനാല്‍ അദ്ദേഹം ഒരു പാട് പണിയുണ്ട്, പോകട്ടെ എന്നും പറഞ്ഞ് വേഗം ഇറങ്ങുകയായിരുന്നു.  (തുടരും)


Also Read:നന്മയുടെ റാണി (ഭാഗം എട്ട്)




 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter