ദർവീശിന്റെ ഡയറി - 36 സുല്‍താന്‍ സുലൈമാന്റെ മാഗ്നിഫിഷ്യന്‍ കാലത്തിലൂടെ..

ജനങ്ങൾ സമ്പത്തും അധികാരവും ഏറ്റവും വലിയ നിധിയായി കരുതുന്നു എന്നാൽ ഈ ലോകത്ത്, ആരോഗ്യമാണ് ഏറ്റവും വലിയ നിധി. 
മനുഷ്യർ പരമാധികാരം എന്ന് വിളിക്കുന്നത് ലൗകിക കലഹവും നിരന്തരമായ യുദ്ധവുമാണ്
എന്നാൽ ദൈവാരാധനയാണ് ഏറ്റവും ഉയർന്ന സിംഹാസനം, 
അതാണ് എല്ലാ അധികാരത്തേക്കാളും സന്തോഷദായകം...

ദിവാന -സുൽത്താൻ സുലൈമാൻ ദി മാഗ്നിഫിഷ്യന്റ് 

ശൈഖ് ഹംദുള്ള വിശ്രമിക്കുന്ന കറാച്ചഹ്മദ് ഖബ്റസ്ഥാനിൽ നിന്ന് സുലൈമാനിയ്യ പള്ളി ലക്ഷ്യമാക്കിയാണ് ഞാൻ നടന്നത്. ഒരു കാലത്ത് ലോകത്തിന്റെ ഭൂരിഭാഗ പ്രദേശങ്ങളും അടക്കിഭരിച്ച് ലോക ജനതയെ വിസ്മയിപ്പിച്ച സുലൈമാൻ ദി മാഗ്നിഫിഷ്യന്റെ ഖബ്റിടത്തിലേക്ക് ഇവിടെ നിന്ന് ഏകദേശം എട്ടു കിലോമീറ്റർ ദൂരമുണ്ട്. ബോസ്ഫറസ് മുറിച്ച് കടന്ന് വേണം ആ മഖ്ബറയുള്ള സുലൈമാനിയ്യ പള്ളിയിലെത്താൻ. ബോസ്ഫറസ് കടന്ന് ഗലാട്ട ബ്രി‍ഡ്ജും യെനി ജുമുഅത്ത് പള്ളിയും താണ്ടി എമിനോനു റോഡിലൂടെ ഞാൻ നടത്തം തുടർന്നു. 

Read More: ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-35 ശൈഖ് ഹംദുല്ലഹ്: ഓട്ടോമൻ കാലിഗ്രഫിയുടെ ശൈഖ്

ഒരു മണിക്കൂറോളം നടന്ന ശേഷം മിഅ്മാർ സിനാൻ റോഡിൽ നിന്ന് ഞാൻ സുൽത്താൻ സുലൈമാന്റെ മഖ്ബറ കണ്ടു. മുമ്പ് ഞാൻ കണ്ട മഖ്ബറകളുടെ മാതൃകയിൽ തന്നെയാണ് ഇതും നിർമിച്ചിട്ടുള്ളത്. ഹെക്സകഗൺ രൂപത്തിലുള്ള ഖുബ്ബയോടെ സ്ഥിതി ചെയ്യുന്ന മഖ്ബറയുടെ കവാടത്തിന്റെ മുകൾ ഭാഗത്ത് തന്നെ സൂറത്തുൽ ഖസസിലെ (അവനല്ലാത്ത എല്ലാ വസ്‌തുക്കളും നാശമടയുന്നതാണ്‌, അവനാണ്‌ പരമാധികാരം) എന്ന 88-ാം സൂക്തം ഭംഗിയായി കാലിഗ്രഫിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഖുബ്ബ ഭാഗത്ത് അൻദുലേഷ്യൻ മാതൃകയിലുള്ള അലങ്കാരങ്ങളും  അല്ലാഹ്, മുഹമ്മദ്, അബൂബക്കർ, ഉസ്മാൻ, അലി, ഹസൻ, ഹുസൈൻ എന്നീ പേരുകൾ ഉൾക്കൊള്ളുന്ന കാലിഗ്രഫി കലകളും കാണാം. 

നിരകളായിട്ടുള്ള തൂണുകളും കിഴക്കോട്ട് അഭിമുഖമായി പ്രവേശന കവാടവുമുള്ളതാണ് മഖ്ബറ കെട്ടിടം. പ്രവേശന കവാടത്തിന്റെ ഇരുവശത്തും നടപ്പുരക്ക് കീഴിലായി ഇസ്‌നിക് ടൈൽ പതിപ്പിച്ചിട്ടുണ്ട്. ഇസ്‌നിക് സെറാമിക്‌സിന്റെ പൊതു സവിശേഷതയായ മരതകം പച്ച നിറത്തിൽ അലങ്കരിച്ച ആദ്യകാല ടൈലുകളാണിത്. തറനിരപ്പിൽ 14 ജനാലകളും കമാനങ്ങൾക്ക് താഴെയായി ഗ്ലാസിൽ സജ്ജീകരിച്ച 24 ജാലകങ്ങളുമുണ്ട്. ചുമരുകൾ പല വർണങ്ങളാലുള്ള ഇസ്‌നിക് ടൈലുകൾ പതിച്ചിരിക്കുന്നു. സുല്‍താന്‍ സുലൈമാന്റെ ഖബ്റിനു പുറമേ, അദ്ദേഹത്തിന്റെ മകൾ മിഹ്‌രിമ സുൽത്താനയുടെയും പിന്നീടുള്ള സുൽത്താന്മാരായ  സുലൈമാൻ II (ഭരണകാലം 1687-1691 CE), അഹമ്മദ് II (ഭരണകാലം 1691-1695) എന്നീ സുൽത്താന്മാരുടെയും ഖബ്റുകളും ഈ മഖബറയില്‍ തന്നെയാണ്. സുലൈമാന്റെ ഖബ്റിനടുത്ത് അല്‍പനേരം ഇരിക്കാന്‍ എന്റെ മനസ്സ് വല്ലാതെ കൊതിച്ചു. ആ ഇരുത്തത്തില്‍, യൂറോപ്യരെപോലും വിസ്മയിപ്പിച്ച ആ മാഗ്നിഫിഷ്യന്‍ ജീവിതത്തിലേക്ക് എന്റെ മനസ്സ് അറിയാതെ ചിറകടിച്ചുപറന്നു. 

സുൽത്താൻ സലീമിന്റെ നിര്യാണത്തിലെ സങ്കടനത്തിനിടയിലും, സിംഹാസനത്തിലേക്കുള്ള ഷെഹ്സാദെ സുലൈമാന്റെ പ്രവേശനം ജനങ്ങൾക്കിടയിലും പണ്ഡിതന്മാർക്കിടയിലും സന്തോഷം ഉളവാക്കിയിരുന്നു. ഓട്ടോമൻസിന്റെയും തുർക്കി ചരിത്രത്തിന്റെയും സുവർണ്ണ കാലഘട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട യുഗത്തിന്റെ തുടക്കമായിരുന്നു അത്. റൊമാനിയൻ ചരിത്രകാരനായ ഡിമിട്രിയെ പോലുള്ള യൂറോപ്യന്മാർ പോലും അതിമനോഹരമെന്നാണ് ഈ കാലഘട്ടത്തെ വിശേഷിപ്പിച്ചത്. 

ഇറാനിലെ ക്രിമിയൻ ഖാന്റെ മകളായിരുന്നു സുൽത്താൻ സുലൈമാന്റെ ഉമ്മ.  ക്രീമിയൻ പ്രദേശങ്ങളിൽ ഗവർണറായി സ്ഥാനമേറ്റെടുത്ത ഉടനെ തന്നെ, തന്റെ പിതാവ് ഏർപ്പെടുത്തിയ വ്യാപാര നിരോധനം നീക്കിക്കൊണ്ട് അദ്ദേഹം ഇറാനോട് സാമീപ്യം കാണിച്ചതും അത് കൊണ്ട് തന്നെയായിരുന്നു. സുൽത്താൻ സലീമിന്റെ ഭരണകാലത്ത് തന്നെ മംലൂക്കുകൾക്കെതിരെയുള്ള യുദ്ധത്തിന് നേതൃത്വം നല്കി വിജയം വരിച്ചത് രാജകുമാരനായ സുലൈമാനായിരുന്നു. ആ പോരാട്ടത്തില്‍ മംലൂകികള്‍ വിജയിച്ചിരുന്നുവെങ്കില്‍, തുര്‍കി ഖിലാഫത് തന്നെ ഒരു പക്ഷേ, അതോടെ അവസാനിക്കുമായിരുന്നു. 

ഓസ്ട്രിയ, വെനീസ്, മോൾഡോവിയ, ഹംഗറി എന്നിവിടങ്ങളിലേക്കെല്ലാം സുൽത്താൻ തന്റെ സൈനികമുന്നേറ്റം തുടർന്നു. ജർമ്മൻ കൈകളിലേക്ക് വഴുതിവീഴാതിരിക്കാൻ വെനീസുമായി 1540-ൽ അദ്ദേഹം സമാധാനം സ്ഥാപിച്ചു. തുടർന്ന് 1547-ൽ റോമൻ സാമ്രാജ്യവുമായി സന്ധി ചെയ്തു. 122 കപ്പലുകളും 20,000 സൈനികരും ഉണ്ടായിരുന്ന ഒട്ടോമൻ അഡ്മിറൽ ബാർബറോസ ഹൈറുദ്ധീൻ പാഷ 1538-ൽ പ്രെവേസയിൽ 600 കപ്പലുകളും 60,000 സൈനികരുമുള്ള കുരിശു യുദ്ധ കപ്പലിനെ പരാജയപ്പെടുത്തി. അന്നുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ നാവിക യുദ്ധമായിരുന്നു പ്രെവേസ യുദ്ധം. പോർച്ചുഗീസുകാരിൽ നിന്ന് മുസ്‍ലിംകളെ  സംരക്ഷിക്കാൻ നാവികസേന ഇന്ത്യയിലേക്ക് പര്യവേഷണം നടത്തുന്നതിനിടെ യമൻ കീഴടക്കിയതും ജിബ്രാൾട്ടർ മുതൽ പേർഷ്യൻ ഗൾഫ് വരെയുള്ള കടലുകൾ ഓട്ടോമൻ ഭരണത്തിൻ കീഴിലായതും സുല്‍താന്‍ സുലൈമാന്റെ കാലത്തായിരുന്നു.

തുടർന്ന് സുൽത്താൻ ഇറാന്‍-ഇറാഖ് ഭാഗങ്ങളിലേക്ക് ലേക്ക് മാർച്ച് ചെയ്യുകയും 1555-ൽ തലസ്ഥാനനഗരിയായ ബാഗ്ദാദ് കീഴടക്കുകയും ചെയ്തു. സുലൈമാന്റെ അവസാന സൈനികനീക്കവും ഹംഗറിയിലേക്ക് തന്നെയായിരുന്നു. 1566-ൽ എഴുപതിരണ്ടാം വയസ്സിൽ നടത്തിയ ഈ പര്യവേഷണത്തിനിടെയാണ് അദ്ദേഹം മരണപ്പെടുന്നത്. ശേഷം മയ്യിത്ത് ഇസ്താംബൂളിലേക്ക് കൊണ്ടുവന്ന് അവിടെ അദ്ദേഹം തന്നെ നിർമിച്ച പള്ളിക്ക് സമീപം സംസ്കരിക്കുകയാണുണ്ടായത്.

പിതാവിൽ നിന്ന് പാരമ്പര്യമായി ലഭിച്ച 6.5 ദശലക്ഷം ചതുരശ്ര കിലോമീറ്ററുള്ള (2.5 ദശലക്ഷം ചതുരശ്ര മൈൽ) ഭൂമിയുടെ അതിർത്തികൾ 14.9 ദശലക്ഷം ചതുരശ്ര കിലോമീറ്ററായി അദ്ദേഹം വികസിപ്പിച്ചു. ഓട്ടോമൻ സുൽത്താൻമാരിൽ ഏറ്റവും ദൈർഘ്യമേറിയ ഭരണമായിരുന്നു അദ്ദേഹത്തിന്റെ 46 വർഷത്തെ ഭരണം. ഏകദേശം പത്തര വർഷം കുതിരപ്പുറത്തായിരുന്നു അദ്ദേഹമെന്നാണ് ചരിത്രം പറയുന്നത്. റോമൻ സാമ്രാജ്യം, പോളണ്ട്, റഷ്യ, വെനീസ് എന്നീ അക്കാലത്തെ നാല് വലിയ രാജ്യങ്ങള്‍ അദ്ദേഹത്തിന് നികുതി നല്കുകയും ഫ്രാന്‍സ് അദ്ദേഹത്തിന്റെ വരുതിയിലാകുകയും ചെയ്തിരുന്നു. യൂറോപ്യൻ രാഷ്ട്രീയത്തിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹത്തിന്റെ സ്വാധീനം ഇന്നും അവിടങ്ങളില്‍ കാണാവുന്നതാണ്.

Read More: ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-34 സുല്‍ത്താൻ സലീമിനെ തേടി യാവൂസ് പള്ളിയില്‍

പുതുതായി നിർമിച്ച കനാലുകൾ കാരണം വിളകൾ സമൃദ്ധമാണെന്ന് പറഞ്ഞ് ഈജിപ്ഷ്യൻ ഗവർണർ ഹുസ്രെവ് പാഷ, വാര്‍ഷിക നികുതി കൂടുതലായി ഇസ്താംബൂളിലേക്ക് അയച്ചത് കണ്ട അദ്ദേഹം, അവ ഈജിപ്തില്‍ തന്നെ ചെലവഴിക്കാനും കനാലുകൾ, റോഡുകൾ, തുറമുഖങ്ങൾ എന്നിവയുടെ നിർമ്മാണത്തിനും പൊതുജന താല്പര്യങ്ങള്‍ക്കുമായി ചെലവഴിക്കാനും ആവശ്യപ്പെട്ടത്, അദ്ദേഹത്തിന്റെ ഭരണമികവിന്റെയും ആത്മാര്‍ത്ഥതയുടെയും തെളിവാണ്.

വലിയ താല്പര്യത്തോടെയാണ്, യൂറോപ്പില്‍ സുല്‍താന്‍ സുലൈമാന്‍ എഴുതപ്പെടുന്നതും വായിക്കപ്പെടുന്നതും. എണ്ണമറ്റ നോവലുകളും നാടകങ്ങളും മറ്റു കൃതികളും യൂറോപില്‍ അദ്ദേഹത്തെ കുറിച്ച് രചിക്കപ്പെട്ടിട്ടുണ്ട്. തുർക്കിയിലെ അന്നത്തെ ഓസ്ട്രിയൻ അംബാസഡറായിരുന്ന ഒജിയർ ഗിസെലിൻ ഡി ബുസ്ബെക്ക് സുൽത്താന്റെ സ്വഭാവവും അദ്ദേഹത്തിന്റെ കാലഘട്ടവും നന്നായി വിവരിച്ച എഴുത്തുകാരിൽ ഒരാളാണ്. സുലൈമാന്റെ കാലഘട്ടത്തിലെ സാമൂഹിക ക്രമവും അച്ചടക്കവുമാണ് വിദേശ സഞ്ചാരികളെ ഇസ്താംബൂളിലേക്ക് ആകർഷിച്ചതെന്ന് ചരിത്രകാരനായ നിക്കോളാ ജോർഗ അഭിപ്രായപ്പെടുന്നു. 

അദ്ദേഹത്തിന്റെ ഭരണം സൈനികവും രാഷ്ട്രീയവുമായ വിജയങ്ങളിൽ മാത്രം ഒതുങ്ങിയില്ല. ഓട്ടോമൻ നാഗരികതയും അദ്ദേഹത്തിന്റെ കാലത്ത് അതിന്റെ പാരമ്യത്തിലെത്തി. സാഹിത്യം, വാസ്തുവിദ്യ തുടങ്ങിയ കലയുടെ എല്ലാ ശാഖകളിലും ഏറ്റവും മികച്ച സൃഷ്ടികൾ നിർമ്മിക്കപ്പെട്ടു. സുൽത്താൻ സുലൈമാൻ ഒരു ദിവാനും (കവിതാസമാഹാരം) എഴുതി. "മുഹിബ്ബി" എന്ന ഓമനപ്പേരിലായിരുന്നു അദ്ദേഹം എഴുതിയിരുന്നത്. അദ്ദേഹത്തിന്റെ കാലത്ത്, ഏറ്റവും കഴിവുള്ള ആളുകൾ ശാസ്ത്രം, കല, സംസ്കാരം, രാഷ്ട്രീയം, സൈന്യം എന്നിവയിൽ പരിശീലനം നേടിയിരുന്നു. പണ്ഡിതന്മാർക്കും കരകൗശല വിദഗ്ധർക്കും അദ്ദേഹം വലിയ പ്രചോദനം നൽകിയിരുന്നു.
 
നഖ്ശബന്ദി ക്രമത്തിൽ അംഗമായ ആദ്യത്തെ സുൽത്താനാണ് അദ്ദേഹം. ചെറുപ്പത്തിൽ അമീർ ബുഹാരിയുടെ ഖലീഫമാരിൽ ഒരാളായ അബ്ദുല്ലത്തീഫ് മഹ്ദൂമിയുടെ വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. സുൽത്താന്റെ മുല കുടി ബന്ധത്തിലൂടെ സഹോദരനും അടുത്ത സുഹൃത്തുമായിരുന്നു സൂഫിയായ ശൈഖ് യഹ്യ എഫെൻദി.

വായിക്കുംതോറും വിശാലമാവുന്ന ഒരു പുസ്തകമാണ് സുല്‍താന്‍ സുലൈമാനെന്ന് പറയുന്നതാവും ഉചിതം. അല്‍ഭുതാവഹമായ ആ ജീവിതവും ഭരണവും കാണുമ്പോള്‍, മാഗ്നിഫിഷ്യന്റ് എന്ന ആ അപരനാമം എത്രമാത്രം സാര്‍ത്ഥകമായിരുന്നു എന്ന് നാം അറിയാതെ മൂക്കത്ത് വിരല്‍വെച്ച് പോകും. സുല്‍താനോട് സലാം പറഞ്ഞ്, അദ്ദേഹത്തിന്റെ അപദാനങ്ങള്‍ മൂളി മഖ്ബറക്ക് മുകളിലൂടെ വട്ടമടിട്ട് പറക്കുന്ന പ്രാവുകളെ നോക്കി, ഞാന്‍ പുറത്തിറങ്ങി. ഹാഗിയ സോഫിയ പോലെ തോന്നിക്കുന്ന സുലൈമാനിയ്യ പള്ളി കൂടി കാണുകയായിരുന്നു എന്റെ ലക്ഷ്യം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter