ഖലീഫ ഹാറൂന്‍ റശീദ്

ഹാറൂന്‍ റശീദ് (763-809). അബ്ബാസീ ഭരണകൂടത്തിലെ അഞ്ചാം ഖലീഫയാണ് ഹാറൂന്‍ റശീദ്. ലോക ചരിത്രത്തില്‍ ഹാറൂന്‍ റശീദിനോളം പരാമര്‍ശിക്കപ്പെട്ട വേറൊരു അബ്ബാസീഖലീഫ ഇല്ലെന്ന് തന്നെ പറയാം. ഇസ്ലാമിക സാമ്രാജ്യത്തിന്റെ സുവര്‍ണ്ണകാലമായാണ് അദ്ദേഹത്തിന്റെ ഭരണകാലം അറിയപ്പെടുന്നത്. ഇറാഖിലെ റയ്യ് പട്ടണത്തില്‍ ജനിച്ച അദ്ദേഹം പഠിച്ചതും വളര്‍ന്നതും ബഗ്ദാദിലായിരുന്നു. അറബി വ്യാകരണത്തിലെ പ്രമുഖനായ കസാഈ അടക്കമുള്ള ഒട്ടേറെ പണ്ഡിതരുടെ ശിഷ്യത്വം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പിതാവ് മുഹമ്മദ് മഹ്ദിയുടെ ഭരണത്തില്‍തന്നെ സൈനികകാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്, പതിനഞ്ച് വയസ്സ് മാത്രമുള്ള അദ്ദേഹമായിരുന്നു. തന്റെ സൈനികപാടവവും നൈപുണ്യവും പ്രകടിപ്പിക്കാന്‍ ആ അവസരങ്ങള്‍ അദ്ദേഹം മുതലെടുത്തു. സൈനിക മുന്നേറ്റത്തിലൂടെ ബൈസന്റൈന്‍ സാമ്രാജ്യം ഇസ്ലാമിക രാഷ്ടത്തിന്റെ ഭാഗമാക്കിമാറ്റി ബഗ്ദാദില്‍ തിരിച്ചെത്തിയ ഹാറൂന് പിതാവ് മഹ്ദിയും നാട്ടുകാരും ഉജ്ജ്വല സ്വീകരണം നല്‍കി. റശീദ് എന്ന സ്ഥാനപ്പേര് അദ്ദേഹത്തിന് നല്‍കപ്പെട്ടത് അന്നായിരുന്നു.

തന്റെ മൂത്ത മകന്‍ മുസല്‍ഹാദിയുടെ കാലശേഷം ഭരണം ഹാറൂന്‍റശീദിനായിരിക്കുമെന്നും പിതാവ് കല്‍പന പുറപ്പെടുവിച്ചു. സഹോദരന്റെ മരണത്തോടെ ഹിജ്റ 170 റബീഉല്‍അവ്വല്‍ 14ന് (786 സപ്തംബര്‍ 14) അധികാരമേല്‍ക്കുമ്പോള്‍ ഹാറൂന്‍റശീദിന് 23 വയസ്സായിരുന്നു പ്രായം. അതിവിശാലമായി കിടക്കുന്ന അബ്ബാസി സാമ്രാജ്യത്തിന്റെ സംരക്ഷണത്തിന് അദ്ദേഹത്തെപ്പോലോത്ത അതിസമര്‍ത്ഥനായ ഒരു ഭരണാധികാരി അത്യന്താപേക്ഷിതവുമായിരുന്നു. പിന്നീടങ്ങോട്ട് അബ്ബാസി ഭരണത്തിന്റെ സുവര്‍ണ്ണദിനങ്ങളായിരുന്നു. സാമ്രാജ്യവികസനത്തോടൊപ്പം സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിലും അദ്ദേഹം പ്രത്യേകം ശ്രദ്ധ ചെലുത്തി. വിവിധ വിജ്ഞാന ശാഖകളില്‍ ഏറെ തല്‍പരനായിരുന്ന അദ്ദേഹം ഇസ്ലാമികലോകത്തെ വൈജ്ഞാനിക വിസ്ഫോടനത്തിന് തന്നെ തിരികൊളുത്തി. ബഗ്ദാദ് വിജ്ഞാനത്തിന്റെ കേദാരമായി മാറി. വിവിധ ഭാഷകളിലും ദേശങ്ങളിലുമുള്ള അമൂല്യഗ്രന്ഥങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. വിവിധ ശാഖകളിലെ ഗ്രന്ഥ ശേഖരങ്ങളെക്കൊണ്ട് ബഗ്ദാദ് അലംകൃതമായി. പള്ളികളും മതപാഠശാലകളും വൈജ്ഞാനിക ചര്‍ച്ചകളാല്‍ സജീവമായി. ഇന്ത്യ, ചൈന, യൂറോപ്പ് തുടങ്ങിയ പല നാടുകളും വിജ്ഞാനകൈമാറ്റത്തിനായി നിവേദകസംഘങ്ങളെ ബഗ്ദാദിലേക്ക് അയക്കാന്‍ തുടങ്ങി.

ഇസ്ലാമിക ലോകത്തെ ശാസ്ത്രനേട്ടങ്ങളുടെയും അക്കാലത്തും ശേഷവും വളര്‍ന്നുവന്ന അനേകശാസ്ത്രീയ മുന്നേറ്റങ്ങളുടെയും അടിത്തറ പാകിയത് അദ്ദേഹത്തിന്റെ പ്രോല്‍സാഹനങ്ങളായിരുന്നു. ഇമാം ശാഫിഈ(റ), ഇമാം മാലിക് (റ) തുടങ്ങിയവര്‍ അക്കാലത്ത് ജീവിച്ച പ്രമുഖരായിരുന്നു. മദീന സന്ദര്‍ശന വേളയില്‍ അദ്ദേഹം മാലിക് ഇമാമിനെ സന്ദര്‍ശിക്കുകയും മുവത്വ വായിച്ചുകേള്‍പ്പിക്കുകയും ചെയ്തതായി ചരിത്രം പറയുന്നു. ആഭ്യന്തരപരിഷ്കരണങ്ങളിലും ഹാറൂന്‍റശീദ് പ്രത്യേകം ശ്രദ്ധിച്ചു. വലിയ പള്ളികളും സുശക്തമായ കോട്ടകളും പണികഴിപ്പിക്കപ്പെട്ടു. വഴികളില്‍ പ്രത്യേക വിളക്കുകള്‍ സ്ഥാപിച്ചുതുടങ്ങിയത് അദ്ദേഹമായിരുന്നു. കാര്‍ഷികമേഖലക്കും അദ്ദേഹം അര്‍ഹമായ പ്രാധാന്യം നല്കി. ഖവാരിജുകള്‍, ബര്‍മകികള്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ ഉയര്‍ത്തിയ ആഭ്യന്തരകലാപങ്ങളെയെല്ലാം അടിച്ചമര്‍ത്തുന്നതില്‍ അദ്ദേഹം വിജയിച്ചു. അയല്‍രാഷ്ട്രങ്ങളോടെല്ലാം അദ്ദേഹം വളരെ നല്ല ബന്ധമാണ് സൂക്ഷിച്ചത്.

ചതിയുടെയും അക്രമത്തിന്റെയും പാത തെരഞ്ഞെടുത്തവരെ അതേ നാണയത്തില്‍ തിരിച്ചടിക്കാനും സൈനിക മുന്നേറ്റങ്ങള്‍ നടത്താനും അദ്ദേഹം ഒട്ടും അമാന്തിച്ചുമില്ല. അതിസമര്‍ത്ഥമായി ഭരണചക്രം തിരിച്ചപ്പോഴും, പല ഭാഗത്തായി ഇടക്കിടെ പൊട്ടിപ്പുറപ്പെട്ടുകൊണ്ടിരുന്ന ആഭ്യന്തരപ്രശ്നങ്ങളില്‍ അദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നു. അതോടൊപ്പം തന്റെ രണ്ട് മക്കളായ അമീനും മഅ്മൂനും പരസ്പര വിദ്വേഷവുമായി കഴിഞ്ഞതും അദ്ദേഹത്തെ സങ്കടപ്പെടുത്തി. അവസാനകാലത്ത് വയറിനെ ബാധിച്ച അസുഖം പോലും അദ്ദേഹം ആരെയും അറിയിക്കാതെ കഴിഞ്ഞുകൂടി. തന്റെ അവസാനനാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞെന്ന് അദ്ദേഹത്തിന് തികഞ്ഞ ബോധ്യമുണ്ടായിരുന്നു. അതിനിടയിലാണ് ഖുറാസാനില്‍ റാഫിഉബ്നുലൈസ് ഉയര്‍ത്തിവിട്ട ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ടത്. അത് ഒതുക്കാനായി അദ്ദേഹം തന്നെ സൈന്യവുമായി അങ്ങോട്ടേക്ക് തിരിച്ചു. യാത്രാ മധ്യേ ഇറാനിലെ തൂസ് പട്ടണത്തില്‍വെച്ച് അദ്ദേഹം അവസാനശ്വാസം വലിച്ചു. ഹിജ്റ 193 (ക്രി.809) ജുമാദല്‍ഉഖ്റയിലായിരുന്നു അത്. തൂസില്‍തന്നെ അദ്ദേഹത്തെ മറവുചെയ്യുകയും ചെയ്തു. ഹാറൂനിയ എന്ന പേരില്‍ അദ്ദേഹത്തിന്റെ ഖബ്റ് ഇന്നും അവിടെയുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter