ഇബ്‌നു ബത്തൂത്ത
ലോകസഞ്ചാരി. സാമൂഹ്യശാസ്ത്രം, ഭൂമിശാസ്ത്രം എന്നീ വിഷയങ്ങളില്‍ ഏറെ പ്രഗത്ഭനാണ് ഇബ്‌നു ബത്തൂത്ത. 1304സഫെബ്രുവരി 25 ന് മൊറോക്കോയിലെ താന്‍ജീര്‍ പട്ടണത്തില്‍ ജനിച്ചു. ശംസുദ്ദീന്‍ അബൂ അബ്ദില്ല മുഹമ്മദ് ബിന്‍ അബ്ദില്ല എന്ന് പൂര്‍ണ നാമം. ചെറുപ്പകാലംമുതല്‍തന്നെ സഞ്ചാരത്തില്‍ അതീവ തല്‍പരനായിരുന്നു. നാടുകള്‍ ചുറ്റിക്കാണുന്നതിലും അവിടങ്ങളിലെ വിസ്മയങ്ങള്‍ ദര്‍ശിക്കുന്നതിലും ഭാഷകളും സംസ്‌കാരങ്ങളും പഠന വിധേയമാക്കുന്നതിലും അദ്ദേഹം ആനന്ദം കണ്ടെത്തി. ഇരുപത്തൊന്നു വയസ്സായതോടെ ലോകസഞ്ചാരത്തെക്കുറിച്ച് ചിന്തിച്ചു. ആദ്യമായി മക്കയും മദീനയും സന്ദര്‍ശിക്കുകയും ഹജ്ജ് കര്‍മം നിര്‍വഹിക്കുകയും ചെയ്തു. 1325 ജൂണ്‍ പതിമൂന്നിന് സ്വദേശമായ താന്‍ജീരില്‍നിന്ന് വാഹനം കയറുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു ലോകസഞ്ചാരത്തെക്കുറിച്ച വലിയ ചിന്തകളൊന്നുമുണ്ടായിരുന്നില്ല. മക്കയിലെത്തി കര്‍മങ്ങളെല്ലാം കഴിഞ്ഞപ്പോള്‍ ചിരകാലാഭിലാശമായിരുന്ന ലോകസഞ്ചാരം ഉള്ളില്‍ ശക്തമാവുകയായിരുന്നു. അതോടെ യാത്രയാരംഭിക്കുകയും ചെയ്തു. 25 വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്നതായിരുന്നു ഈ യാത്ര.
ഒന്നാം ഘട്ടത്തില്‍ വടക്കെ ആഫ്രിക്ക, ഈജിപ്ത്, സിറിയ, ദമസ്‌കസ്, ഇറാഖ്, ഖൂസിസ്താന്‍, പേര്‍ഷ്യ, ജിബാല്‍, തബ്‌രീസ്, ബാഗ്ദാദ്, മൗസ്വില്‍ തുടങ്ങിയ പ്രദേശങ്ങള്‍ ചുറ്റിക്കറങ്ങി മക്കയില്‍തന്നെ തിരിച്ചെത്തി. ആരാധനകളും മറ്റുമായി മൂന്നു വര്‍ഷം അവിടെ ചെലവഴിച്ചു. ഹജ്ജും നിര്‍വഹിച്ചു. ജിദ്ദയില്‍ നിന്നും തുടങ്ങി ചങ്കടലിലൂടെ യമന്‍ തീരങ്ങളിലേക്കായിരുന്നു രണ്ടാം ഘട്ട യാത്ര. ഏദന്‍, സബീദ് തുടങ്ങിയ ചരിത്ര പ്രാധാന്യമേറിയ പ്രദേശങ്ങള്‍ ഈ ഘട്ടത്തില്‍ സന്ദര്‍ശിച്ചു. ഓരോ സ്ഥലം സന്ദര്‍ശിക്കുമ്പോഴും അതിന്റെതായ ആളുകളെ കണ്ട് കാര്യങ്ങള്‍ ചൂഴ്ന്നു മനസ്സിലാക്കി. ഭാഷ, ശൈലി, ജനസംഖ്യ, ജീവിത രീതി, മതങ്ങള്‍, സംസ്‌കാരങ്ങള്‍, വരുമാനമാര്‍ഗം, തുടങ്ങി സര്‍വതും രേഖപ്പെടുത്തി. ഇവയെല്ലാം സമാഹരിച്ച് ഒരു ഗ്രന്ഥം രചിക്കുകയെന്നതിലപ്പുറം ഇത്തരം അമൂല്യമായ വിവരങ്ങള്‍ മാലോകര്‍ക്ക് കൈമാറുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. സോമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവായിരുന്നു അടുത്ത ലക്ഷ്യം. ഉടനെ യാത്ര തിരിച്ച അദ്ദേഹം പല പൂര്‍വ്വാഫ്രിക്കന്‍ വ്യാപാര കന്ദ്രങ്ങളുമായും ബന്ധം പുതുക്കി. ഒമാനിലൂടെ പേര്‍ഷ്യന്‍ ഉള്‍ക്കടലും കടന്ന് വീണ്ടും മക്കയിലേക്കു മടങ്ങി ഹജ്ജ് നിര്‍വഹിച്ചു. പിന്നീട്, ഈജിപ്ത്, സിറിയ, ഏഷ്യാ മൈനര്‍, ഗോള്‍ഡന്‍ ഹോര്‍ഡ് പ്രദേശങ്ങള്‍, കോണ്‍സ്റ്റാന്റ്‌നോപ്പിള്‍, തുര്‍ക്കി, ഉസ്ബക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഇവിടെനിന്നാണ് 1333 സെപ്തംബര്‍ പന്ത്രണ്ടിന് അദ്ദേഹം ഇന്ത്യയിലെത്തിയത്. അന്ന് ഇന്ത്യ ഭരിച്ചിരുന്ന മുഹമ്മദ് ബ്‌നു തുഗ്ലക്ക് അദ്ദേഹത്തെ ഹാര്‍ദ്ദവമായി സ്വീകരിച്ചു. വര്‍ഷങ്ങളോളം ഇവിടെ തങ്ങിയ അദ്ദേഹം പിന്നീട് ചൈനയിലേക്കു പോയി. അതിനിടെ മലബാറിന്റെ ചില ഭാഗങ്ങള്‍ സന്ദര്‍ശിച്ചു.
പല കാര്യങ്ങളും പഠന വിധേയമാക്കി. യാത്രക്കിടയില്‍ കപ്പല്‍ തകര്‍ന്നതു കാരണം അദ്ദേഹത്തിന് പല കൂട്ടാളികളെയും നഷ്ടമായി. കരയിലായിരുന്നതു കൊണ്ട് രക്ഷപ്പെട്ട ഇബ്‌നു ബത്തൂത്ത കോഴിക്കോട് സന്ദര്‍ശിച്ചു. അവിടെനിന്നും മാലദ്വീപിലേക്കു പോയി. തുടര്‍ന്ന് പലയിടങ്ങളിലും കറങ്ങി ഒടുവില്‍ ചൈനയിലെത്തി. അവിടെനിന്ന് വീണ്ടും മക്കയിലേക്കു തിരിച്ചു. പിന്നീട്, നാട്ടിലേക്കു പുറപ്പെട്ട അദ്ദേഹം സ്‌പെയിന്‍, കൊറഡോബ തുടങ്ങിയവ സന്ദര്‍ശിച്ചു. മറ്റു ചില ഭാഗങ്ങളില്‍ക്കൂടി ചുറ്റിക്കറങ്ങിയ അദ്ദേഹം ശേഷം മൊറോക്കോ ഭരണാധികാരിയായിരുന്ന അബൂ ഇനാന്റെ ആസ്ഥാന നഗരിയായ ഫാസില്‍ സ്ഥിര താമസമാക്കി. 28 വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്നതായിരുന്നു ഇബ്‌നു ബത്തൂത്തയുടെ ലോക സഞ്ചാരം.
124000 കിലോമീറ്ററുകള്‍ സഞ്ചരിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. താന്‍ യാത്രയില്‍ ശേഖരിച്ച വിവരങ്ങള്‍ സമാഹരിച്ചുകൊണ്ട് ഇബ്‌നു ബത്തൂത്ത വിശ്വവിഖ്യാതമായൊരു യാത്രാവിവരണ ഗ്രന്ഥം രചിച്ചിട്ടുണ്ട്. രിഹ്‌ലതു ഇബ്‌നു ബത്തൂത്ത എന്ന പേരിലത് അറിയപ്പെടുന്നു. താന്‍ സന്ദര്‍ശിച്ച ഓരോ പ്രദേശങ്ങളെയും സവിസ്തരം പ്രതിപാദിക്കുന്ന ഈ കൃതി ഭൂമിശാസ്ത്രത്തില്‍ അതിപ്രധാനമായൊരു സംഭാവനയാണ്. ജനങ്ങള്‍, സംസാരം, ഭാഷ, ജീവിത രീതി, തൊഴില്‍, മതം, ആരാധനകള്‍ തുടങ്ങി ഓരോ നാടിന്റെയും സര്‍വ്വ സ്പന്ദനങ്ങളും അദ്ദേഹം ഇതില്‍ വരച്ചുവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പഠനങ്ങളുടെ വസ്തുനിഷ്ഠതയറിയാന്‍ കേളത്തെക്കുറിച്ച് അദ്ദേഹം എഴുതിയ ഭാഗം മാത്രമെടുത്തു പരിശോധിച്ചാല്‍ മതി. കേരളത്തില്‍ ഏഴിമല, ശ്രീകണ്ഠാപുരം, ധര്‍മടം, വളപ്പട്ടണം, പന്തലായനി, കോഴിക്കോട്, ചാലിയം, കൊല്ലം തുടങ്ങിയ സ്ഥലം സന്ദര്‍ശിച്ച അദ്ദേഹം വളരെ ആഴത്തില്‍തന്നെ അവയെ പ്രദിപാതിക്കുന്നുണ്ട്.
Leave A Comment