സ്വഫ്‌വതില്‍ നിഴലിച്ച സ്വാബൂനിയന്‍ ജീവിതം
ഇരുപത്തിയൊന്നാം നൂറ്റാണ്ട് കണ്ട, ആധുനിക ഖുര്‍ആന്‍ വ്യാഖ്യാതാക്കളിലെ സിറിയന്‍ പണ്ഡിത മുഖമാണ് ശൈഖ് മുഹമ്മദ് അലി സ്വാബൂനി. പുതിയ കാലത്തെ വ്യതിയാനങ്ങളെ സ്വാഗതം ചെയ്ത് തദനുസൃതമായ മാറ്റങ്ങള്‍ പാഠ്യ-പാഠ്യേതര മേഖലകളില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയും അത്തരം ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. ഈയടുത്ത നൂറ്റാണ്ടുകളില്‍ സ്വാബൂനിയോളം ദീനീ രംഗത്ത് കര്‍മ്മ നിരതരായ പണ്ഡിതര്‍ വളരെ വിരളമാണെന്ന് തന്നെ പറയാം.
ഖുര്‍ആന്‍ വ്യാഖ്യാന ശാസ്ത്രത്തിലെയും ഖുര്‍ആനിക പഠനങ്ങളിലെയും വിശിഷ്ട പാണ്ഡിത്യമാണ് ശൈഖ് സ്വാബൂനിയെ മറ്റു ആഗോള പണ്ഡിതരില്‍ നിന്ന് വ്യതിരിക്തനാക്കുന്നത്. ഈ പാണ്ഡിത്യത്തിലൂടെ സമുദായത്തിന് കൈമാറിയ മാസ്റ്റര്‍ പീസ് ഗ്രന്ഥമാണ് സ്വഫ്‍വതു തഫാസീര്‍ എന്ന പേരിലറിയപ്പെടുന്ന ഖുര്‍ആന്‍ വ്യാഖ്യാനം. അശ്അരി, സുന്നി സരണി പൂര്‍ണ്ണമായും അനുധാവനം ചെയ്യുന്ന ആശയ ധാരയിലൂന്നിയ വിശദീകരണങ്ങളാണ് ശൈഖിന്‍റെ രചനകളില്‍ കാണാന്‍ സാധിക്കുക. ലോക മുസ്‍ലിം സമുദായത്തിനെതിരെ വന്ന നിലപാടുകളില്‍ ശക്തമായി ശബ്ദിക്കാനും സിറിയയുടെ തെറ്റായ രാഷ്ട്രീയ നിലപാടുകള്‍ക്കെതിരെ പ്രതികരിക്കാനും ശൈഖ് സ്വാബൂനി ആര്‍ജ്ജവം കാണിച്ചു എന്നും എടുത്ത് പറയേണ്ടതാണ്.
ജനനം, പഠനം, അധ്യാപനം
അൽ ഫാറാബിയെ പോലോത്ത ധാരാളം മുസ്‍ലിം പണ്ഡിത മഹത്തുക്കള്‍ക്ക് ജന്മം നല്കിയ സിറിയയിലെ ഹലബിലാണ് (അലപ്പോ) ശൈഖ് മുഹമ്മദ് സ്വാബൂനി ഹി.1349/ക്രി.1930ല്‍ ജനിക്കുന്നത്. നിരവധി പണ്ഡിതർക്ക് ജന്മം നൽകിയ കുടുംബമാണ് സ്വാബൂനീ കുടുംബം. പിതാവ് ശൈഖ് ജമീല്‍ അസ്സ്വാബൂനി, കവിയായിരുന്ന വലിയ സഹോദരന്‍ ളിയാഉദ്ദീന്‍ സ്വാബൂനി, ശൈഖ് അതാഉല്ലാഹ് അസ്സ്വാബൂനി, മാതാവ് അസ്മ എന്നവര്‍ വലിയ പണ്ഡിതരായിരുന്നു. ശൈഖ് സ്വാബൂനിയുടെ പിതാവ് ശൈഖ് ജമീല്‍ അസ്സ്വാബൂനി ഹലബിലെതന്നെ മഹാ പണ്ഡിതനായിരുന്നു.
അറബിയിലും ശരീഅത്തിലുമുള്ള പ്രാഥമിക പഠനം പിതാവില്‍ നിന്ന് തന്നെ നേടിയ ശേഷം അലപ്പോയിലെ ഒരു ബിസിനസ്സ് സ്കൂളില്‍ പഠനമാരംഭിച്ചെങ്കിലും തുടരാന്‍ കഴിയാത്തതിനാല്‍ അവിടെയുള്ള ഖിസ്റവിയ്യ മത പാഠശാലയില്‍ ചേര്‍ന്ന് പഠനം തുടര്‍ന്നു. ശൈഖ് മുഹമ്മദ് സഈദ് ഇദ്‍ലിബി, ശൈഖ് മുഹമ്മദ് റാഇബ് ത്വബാഅ്, ശൈഖ് അഹ്മദ് ശമ്മാ അ്, ശൈഖ് മുഹമ്മദ് നജീബ് ഖയാത്വ, ശൈഖ് മുഹമ്മദ് സൈനുല്‍ആബിദീന്‍, ശൈഖ് മുഹമ്മദ് അസ്സല്‍ഖീനി, ശൈഖ് അബ്ദുല്ലാഹ് ഹമ്മാദ്, ശൈഖ് മുഹമ്മദ് നാജി അബൂ സ്വാലിഹ് തുടങ്ങിയ പണ്ഡിത ഗുരുനാഥന്മാരില്‍ നിന്നും ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസം കരസ്ഥമാക്കി. 1949ല്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതോടൊപ്പം ഖുര്‍ആന്‍ പൂര്‍ണ്ണമായും മനപ്പാഠമാക്കുകയും ചെയ്തിരുന്നു. ഈ കാലഘട്ടത്തില്‍ തന്നെ ഹലബില്‍ നിന്നും ഖുര്‍ആന്‍, തഫ്സീര്‍, ഫിഖ്ഹ്, താരീഖ്, അറബി ഭാഷാ സാഹിത്യം, ഗണിതശാസ്ത്രം, ഫിസിക്സ്, കെമിസ്ട്രി, ജിയോഗ്രഫി, ഇംഗ്ലീഷ് തുടങ്ങിയ അറിവിന്‍റെ വിത്യസ്ത മേഖലകള്‍ ആര്‍ജ്ജിക്കുകയും ചെയ്തിരുന്നു.
ശൈഖ് സ്വാബൂനിയുടെ പാണ്ഡിത്യവും അറിവിനോടുള്ള താല്‍പര്യവും മനസ്സിലാക്കിയ സിറിയന്‍ ഗവണ്‍മെന്‍റ് ഔഖാഫ് സ്കോളര്‍ഷിപ്പോടെ ലോക പ്രശസ്തമായ ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയില്‍ അദ്ദേഹത്തിന് തുടര്‍പഠനത്തിന് സൌകര്യങ്ങളൊരുക്കി. ഈ കാലയളവില്‍ ഇദ്ദേഹം മതകീയ വിഷയങ്ങള്‍ക്ക് പുറമെ രസതന്ത്രം, ഫിസിക്സ്, അല്‍ജിബ്ര, ഹിസ്റ്ററി, ജിയോഗ്രഫി, ഇംഗ്ലീഷ്ഭാഷ തുടങ്ങിയ മേഖലകളിലും കൂടുതല്‍ അവഗാഹമുണ്ടാക്കിയെടുത്തു. അസ്ഹറില്‍ നിന്നും 1952 ല്‍ കുല്ലിയ്യത്തു ശരീഅയില്‍നിന്ന് ബിരുദവും 1955 ല്‍ ഇസ്‍ലാമിക് ജുഡീഷ്യറിയില്‍ ബിരുദാനന്തര ബിരുദവും നേടിയ ശേഷം ജന്മനാടായ ഹലബിലേക്ക് തന്നെ മടങ്ങുകയും ഹലബിലെ പുതതലമുറക്ക് അറിവ് പകരുന്നതില്‍ നിരതനാവുകയും ചെയ്തു. 7 വര്‍ഷക്കാലം ഹലബില്‍ തന്നെ സേവനം ചെയ്ത അദ്ദേഹം, 1962 വരെ സിറിയയിലെ ഇസ്ലാമിക് കള്‍ച്ചര്‍ സ്റ്റഡീസ് വിഭാഗത്തില്‍ അധ്യാപകനായാണ് സേവനമനുഷ്ടിച്ചത്.
1963 ല്‍ പ്രശസ്ത ഇസ്‍ലാമിക് യൂണിവേഴ്സിറ്റിയായ മക്കയിലെ ഉമ്മുല്‍ ഖുറായില്‍ കുല്ലിയ്യത്തു ശരീഅയില്‍ പ്രഫസറായി നിയമിതനായി. ഇതോടെ 1963 മുതല്‍ താമസവും കര്‍മ്മവീഥിയും സൗദി അറേബ്യയിലേക്ക് മാറ്റി. 30 വര്‍ഷത്തോളം ഇവിടം സേവനമനുഷ്ടിച്ചു. ഈ ജീവിത കാലയളവിലാണ് മുഹമ്മദ് അലി സ്വാബൂനി ലോകത്തിന് തന്‍റെ സംഭാവനകള്‍ നല്‍കി തുടങ്ങിയത്. ഇദ്ദേഹത്തിന്‍റെ ഗവേഷണ പാടവം തിരിച്ചറിഞ്ഞ അധികൃതര്‍, പ്രശസ്ത സ്ഥാപനമായ മര്‍ക്കസുല്‍ ബുഹൂസില്‍ ഇസ്‍ലാം വ ബഹാഉ തുറാസില്‍ ഇസ്‍ലാമിയ്യ എന്ന ഗവേഷണ കേന്ദ്രത്തില്‍ സയന്‍റിഫിക്ക് റിസര്‍ച്ചറായും റാബിത്വത്തുല്‍ ആലമില്‍ ഇസ്‍ലാമിയ്യ (മുസ്‍ലാ വേള്‍ഡ് ലീഗ്)ന്‍റെ ഖുര്‍ആന്‍ ആന്‍ഡ് ഹദീസ് ശാസ്ത്ര പഠന അതോറിറ്റിയിലെ ഉപദേഷ്ടാവായും അദ്ദേഹത്തെ നിയമിച്ചു. ഇതോടൊപ്പം മസ്ജിദുല്‍ ഹറമില്‍ നടന്നു വന്നിരുന്ന ദര്‍സ്സില്‍ പ്രതിദിന ക്ലാസെടുക്കാനും ഫത്‍വ നല്‍കാനും ജിദ്ദയിലെ ഒരു പള്ളിയില്‍ പ്രതിവാര തഫ്സീര്‍, ഖുര്‍ആന്‍ ക്ലാസിനും 8 വര്‍ഷത്തോളം അദ്ദേഹം നേതൃതം നല്‍കി. സൗദി ശൂറ നേതാവ് ഡോ.സ്വാലിഹ് ബിന്‍ ഹമീദ്, ഉമ്മുല്‍ ഖുറാ യൂണിവേഴ്സിറ്റി പ്രഫസര്‍ ഡോ.അഹമ്മദ് ഹുമൈദ്, മാനേജര്‍ റാശിദ് റാജിഹ്, ഹറം ഇമാം ഉസാമ ഖയ്യാത്ത്, പ്രശസ്ത പണ്ഡിതന്‍ മുഹമ്മദ് അലവി മാലികി തുടങ്ങി അനവധി പ്രമുഖരടങ്ങുന്ന വലിയ ശിഷ്യ സമൂഹം തന്നെ ശൈഖ് സ്വാബൂനിക്കുണ്ട്. ഈ കാലങ്ങളിലൊക്കയും ഗ്രന്ഥങ്ങളുടെ വലിയ നിര തന്നെ അദ്ദേഹം രചിച്ചുതീര്‍ത്തിരുന്നു. പിന്നീട് ശാരീരിക അവശതമൂലം, നിർവഹിച്ചു വന്നിരുന്ന സ്ഥാനങ്ങളും ജോലികളും അവസാനിപ്പിച്ച് തുർക്കിയിലേക്ക് താമസം മാറ്റുകയും ശിഷ്ടകാലം ഗ്രന്ഥരചനയിലും ആരാധനയിലുമായി അവിടെ ചെലവഴിക്കുകയും ചെയ്തു.
സ്വഫ്‍വതുതഫാസീറും മറ്റു രചനകളും
ശൈഖ് മുഹമ്മദ് സ്വാബൂനി, തന്റെ അദ്ധ്യാപന കാലത്തും ശേഷവും തഫ്സീർ, ഖുർആൻ, ഹദീസ് എന്നതിന് പുറമെ അനന്തരാവകാശം, ഭൂമിശാസ്ത്രം, അഖീദ ഉൾപ്പെടെയുള്ള വിവിധങ്ങളായ വൈജ്ഞാനിക മേഖലകളിൽ ധാരാളം സംഭാവനകൾ അർപ്പിച്ചിട്ടുണ്ട്. നാല്പതോളം വരുന്ന ഗ്രന്ഥങ്ങളാണ് അദ്ദേഹത്തിനുള്ളത്. ഓരോ ഗ്രന്ഥങ്ങളും കൃത്യമായ ലക്ഷ്യബോധത്തോടെ തന്നെയായിരുന്നു പണിപ്പുരയിലേക്കെടുത്തത്. ഖുർആൻ വ്യാഖ്യാന ശാസ്ത്രത്തിലെ അസാമാന്യ ഗഹനതയായിരുന്നു ശൈഖ് സ്വാബൂനിയിലേക്ക് ആഗോളജനങ്ങളുടെ ശ്രദ്ധതിരിച്ചത്. ഇതിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് ഗ്രന്ഥമായ സ്വഫ്‍വതു തഫാസീറും, തഫ്സീർ ത്വബ്‌രി, തഫ്സീർ ഇബ്ൻ കസീർ പോലോത്ത പല പ്രശസ്ത തഫ്സീറുകളുടെ സംക്ഷിപ്തമായ അത്തഫ്‌സീറുൽ വജീഹുൽ മുയസ്സർ എന്ന ഗ്രന്ഥവും. ഒരു വാള്യം മാത്രമുള്ള, ഖുർആന്റെ ലളിതവും വ്യക്തവുമായ വാഖ്യാനമാണ് വജീഹുല്‍ മുയസ്സര്‍. തഫ്സീറിൽ മാത്രമല്ല, ഹദീസ് മേഖലയിൽ സ്വഹീഹുൽ ബുഖാരി, സ്വഹീഹ് മുസ്‍ലിം, തിർമിദി, അബീ ദാവൂദ്, റിയാളുസ്സ്വാലിഹീൻ എന്നിവക്ക് ശർഹുകളും അശ്ശര്‍ഹുൽ മുയസ്സർ ലിജാമിസ്സ്വഹീഹിൽ ബുഖാരി എന്ന പേരില്‍ ബുഖാരിയുടെ ലളിത വാഖ്യാനവും രചിച്ചിട്ടുണ്ട്. മാത്രവുമല്ല, സ്വഫ്‍വതു തഫാസീര്‍ ഉൾപ്പെടെ പല ഗ്രന്ഥങ്ങളും ഇംഗ്ലീഷ്, ഫ്രഞ്ച്, തുർക്കി തുടങ്ങി ഒട്ടനവധി ഭാഷകളിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുമുണ്ട്.
ഇസ്‍ലാമിക വിജ്ഞാനീയങ്ങളെ പുതിയ കാലത്തിനനുസരിച്ച് ലളിതമായ ഭാഷയിൽ വിശദീകരിക്കലായിരുന്നു പല ഗ്രന്ഥങ്ങളുടേയും രീതി. സ്വഫ്‍വതു തഫാസീര്‍, റവാഉല്‍ ബയാന്‍ ഫീ തഫ്സീരി ആയത്തില്‍ അഹ്കാം, മിന്‍ കുനൂസി സുന്ന, മവാരിസു ഫീ ശരീഅത്തില്‍ ഇസ്‍ലാമിയ്യ, ഈജാസുല്‍ ബയാന്‍, അത്തിബിയാനു ഫീ ഉലൂമില്‍ ഖുര്‍ആന്‍ പോലോത്ത പ്രധാന രചനകളധികവും അധ്യാപന ശേഷം ഒഴിഞ്ഞിരുന്നു രചനയില്‍ ശ്രദ്ധയൂന്നി ചെയ്തവയാണ്.
സ്വഫ്‍വത്തു തഫാസീറിന്റെ രചനക്ക് പിന്നിലും വലിയ ലക്ഷ്യങ്ങളായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ആമുഖത്തില്‍ അദ്ദേഹത്തിന്‍റെ വീക്ഷണവും ലക്ഷ്യവും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം പറയുന്നു: ‘ആധുനിക കാലഘട്ടത്തോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നതും അഭ്യസ്ത വിദ്യരായ സമൂഹത്തിന് എളുപ്പത്തില്‍ മനസ്സിലാക്കിയെടുക്കാന്‍ സാധിക്കും വിധത്തില്‍ സങ്കീര്‍ണമായ ഭാഷാ പ്രയോഗങ്ങളോ മറ്റോ ഇല്ലാത്തതുമായ ഒരു വ്യാഖ്യാന ഗ്രന്ഥമന്വേഷിച്ച് നടക്കുന്നവര്‍ ധാരാളമുണ്ട്. അത്തരം ആളുകളെ പരിഗണിച്ച് വിശുദ്ധ ഖുര്‍ആന്‍ എളുപ്പത്തില്‍ മനസ്സിലാകുന്ന രീതിയില്‍ വിശദീകരിക്കേണ്ടത് ഇന്നത്തെ പണ്ഡിതന്മാരുടെ കടമയാണ്. ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞ ദൗത്യമായിരുന്നിട്ടും അല്ലാഹുവിന്റെ സഹായത്തില്‍ വിശ്വാസമര്‍പ്പിച്ച് ഞാന്‍ അത് ഏറ്റെടുത്തിരിക്കയാണ്.
1980 ലാണ് മൂന്ന് വാല്യങ്ങളിലായി സ്വഫ്‌വത്തുതഫാസീർ പ്രസിദ്ധീകരിക്കുന്നത്. അദ്ദേഹത്തിന്റെ മറ്റു രചനകളെ പോലെ തന്നെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായ രീതിയാണ് സ്വഫ്‍വതിലും സ്വീകരിച്ചിരിക്കുന്നത്. അതിന്റെ ക്രമീകരണം ഈ രീതിയിലാണെന്ന് പറയാം.
1. ആദ്യം, സൂറത്തിനെ ചുരുക്കത്തിൽ വിശദീകരിക്കുകയും സൂറത്തിന്റെ ലക്ഷ്യം വിശദീകരിക്കുകയും ചെയ്യുന്നു.
2. മുമ്പും ശേഷവും ഉള്ള സൂറത്തിനോടുള്ള ബന്ധം, ആയത്തുകൾ തമ്മിലുള്ള ബന്ധം എന്നിവ വിശദീകരിക്കുന്നു.
3. ഭാഷാപ്രയോഗങ്ങളുടെ അർത്ഥങ്ങൾ, അറബി ഷവാഹിദുകൾ എന്നിവ പറയുന്നു.
4. വ്യാഖ്യാനം, കൂടെ പിൻഗാമികളുടെയും മുൻഗാമികളുടെയും അഭിപ്രായങ്ങൾ, മറ്റു മുഫസ്സിറുകളുടെ വാക്യങ്ങൾ എന്നിവ ഉൾപ്പെടുത്തി ലളിതമായ രീതിയിൽ അവതരിപ്പിക്കുന്നു.
5. അലങ്കാരശാസ്ത്രത്തെകുറിച്ചുള്ള വിശദീകരണം.
6. അവസാനമായി, ഈ സൂറത്ത് പാരായണം ചെയ്യുന്നതിലൂടെ ലഭിക്കുന്ന നേട്ടങ്ങളും ഗുണങ്ങളും വിശദീകരിക്കുന്നു.
അശ്അരി, സുന്നി സരണി പൂർണ്ണമായി അനുധാവനം ചെയ്യുന്ന ഷൈഖിന്റെ സുന്നി ആശയ ധാരയിലുള്ള വിശദീകരണങ്ങളാണ് എല്ലാ കിതാബുകളിലും കാണാൻ കഴിയുക. ഇത്രത്തോളം വലിയൊരു ജീവിതത്തിന് ലോകത്തിന്റെ പല മൂലകളിൽ നിന്നും പല അവാർഡുകളും ആദരവുകളും ലഭ്യമായിട്ടുമുണ്ട്.
കര്‍മ്മ നിരതമായ ആ ജീവിതത്തിന് തുര്‍ക്കിയിലെ യാലൂവയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 91-ാം വയസ്സില്‍, 2021 മാര്‍ച്ച് 19/1442 ശഅ്ബാന്‍ 6 വെള്ളിയാഴ്ച്ച ജുമുഅയോട് അടുത്ത സമയത്തായിരുന്നു അത്.
Leave A Comment