മാർട്ടിൻ ലിങ്സ് : ഇംഗ്ലീഷ് സാഹിത്യകാരനായ ആധ്യാത്മികൻ 

ഇംഗ്ലീഷ് ഭാഷയുടെയും ഷേക്സ്പീരിയൻ സാഹിത്യത്തിന്റെയും പഠിതാവും പ്രചാരകനുമായിരുന്ന മാർട്ടിൻ ലിങ്സ്  ആത്മീയ ദാഹ ശമനത്തിനായിയുള്ള യാത്രക്കിടയിലാണ് ഇസ്‍ലാമിന്റെ ശാദ്വല തീരത്ത് വന്നണഞ്ഞ് അബൂബക്കർ സിറാജ് ആയി മറുന്നതും പ്രശസ്ത ചിന്തകനും ഇസ്‍ലാമിക പണ്ഡിതനും എഴുത്തുകാരനുമായിത്തീരുന്നതും. ശാന്ത സ്വഭാവം കൊണ്ടും ആത്മീയ തേജസ്സു കൊണ്ടും ഇതരരിൽ നിന്നു വേറിട്ട് നിൽക്കുന്നതാണ് അദ്ദേഹത്തിന്റെ വ്യക്തിത്വം.

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ 1909, ജനുവരി 24 ലാണ് ലിങ്ങ്സ് ജനിക്കുന്നത്. ഉപ്പയുടെ ജോലിയെ തുടർന്നു അമേരിക്കയിലായിരുന്നു അദ്ദേഹം ജീവിച്ചത്. മെഗ്ഡലൻ കോളേജിൽ (ഓക്സ്ഫോർഡ്) ബി.എ ഇംഗ്ലീഷ് ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് സി.എസ്. ലെവിസിന്റെ  ശിഷ്യനും ഉറ്റമിത്രവുമായി തീരുന്നത്. ആധ്യാത്മിക മേഖലയിൽ കൂടുതൽ തൽപ്പരനായ ലിങ്ങ്സ് ഓക്സ്ഫോർഡിലെ പഠനകാലത്ത് ഫ്രഞ്ച് ദാർശനികനും മുസ്‍ലിം റിവേർട്ടുമായ റനെ ഗിനോ (Rene Guenon) യുടെയും ഫ്രിജോഫ് ഷുവോനുവിന്റെയും ദർശനങ്ങളിൽ ആകൃഷ്ടനാവുകയുണ്ടായി. ആധ്യാത്മിക മേഖലയിൽ അനവധി ഗ്രന്ഥങ്ങൾ രചിച്ച ഷുവോനുമായുള്ള അടുപ്പം വഴിയാണ് ലിങ്ങ്സ് ഇസ്‍ലാം ആശ്ലേഷിക്കുന്നത്. 

ശേഷം, കൈറോയിൽ വെച്ച് അറബി ഭാഷ പഠിക്കുകയും സൂഫിസത്തിൽ ഗഹനമായ പഠനങ്ങൾ നടത്തുകയും ചെയ്തു. കൈറോയിൽ തന്നെ ഇംഗ്ലീഷ് ഭാഷാ അധ്യാപകനായി സേവനമനുഷ്ഠിച്ച ലിങ്ങ്സ്  ഷേക്സ്പിയർ നാടകങ്ങളെ അതിരറ്റ് സ്നേഹിക്കുകയും the secrete of Shakespeare: his greatest plays seen in the light of sacred art   എന്ന ഗ്രന്ഥം രചിക്കുകയുമുണ്ടായി.

Also Read:മുറാദ് ഹോഫ്മാനെ ഓര്‍ക്കുമ്പോള്‍

1944 ൽ  ലെസ്ലി സ്മാലിയെ വിവാഹം ചെയ്തു പിരമിഡുകളോട് ചേർന്ന  ഒരു ഈജിപ്ഷ്യൻ ഗ്രാമത്തിൽ  താമസിച്ചു. ബ്രിട്ടീഷ് വിരുദ്ധ കലാപത്തെ തുടർന്ന് 1952ൽ ഈജിപ്ത് വിടേണ്ടിവന്നു. ഇംഗ്ലണ്ടിലേക്ക് തന്നെ തിരിച്ചു വന്ന ലിങ്ങ്സ് പിന്നീട് വിദ്യാഭ്യാസ മേഖലയിൽ തന്നെ തുടരുകയും ഫിസിയോതെറാപ്പിസ്റ്റ് ആയിരുന്ന തൻറെ ഭാര്യ ജോലിക്കു പോവുകയും ചെയ്തു. തുടർന്ന് അദ്ദേഹം അറബിയിൽ ബിരുദമെടുത്തു. അൽജീരിയൻ സൂഫിയായിരുന്ന അഹ്മദ് അൽഅലവിയെ കുറിച്ച്  ആഴമേറിയ പഠനം നടത്തി സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽ പ്രസ്തുത വിഷയത്തിൽ ഡോക്ടറേറ്റ് നേടി. 

The eleventh hour, what is sufism, the holy Quran: translations of selected verses തുടങ്ങി പന്ത്രണ്ടോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. തന്റെ മാസ്റ്റർ പീസായ Muhammad: his life based on the earliest sources  എന്ന പ്രൊഫറ്റിക്ക് ബയോഗ്രഫിലൂടെയാണ് ലിങ്ങ്സ് മുസ്‍ലിം ലോകത്തിനു സുപരിചിതനും പ്രിയനുമായിത്തീരുന്നത്. പഴയകാല  ക്ലാസിക്കൽ ഉറവിടങ്ങളെ ഉപജീവിച്ച് എഴുതപ്പെട്ട  ഈ ഒരു പുസ്തകത്തിന് ഏറെ സ്വീകാര്യത ലഭിച്ചുട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിൽ എഴുതപ്പെട്ട പ്രവാചക ജീവ ചരിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയമാണ് ഇത്.

ഇസ്‍ലാം അനുബന്ധ വിഷയങ്ങളിൽ  ലേഖനങ്ങളും എഴുതിയിട്ടുണ്ട്. മുസ്‍ലിം ലോകത്തിന് അകത്തും പുറത്തുമായി ഒട്ടേറെ പ്രഭാഷണ യാത്രകളും അദ്ദേഹം നടത്തി. ലിങ്ങ്സിന്റെ മുഖത്തു നിന്നു സ്ഫുരിക്കുന്ന  ഈമാനിക പ്രകാശത്തിൻറെ കാന്തിക വലയത്തിൽ അല്‍ഭുതപ്പെട്ട്, ഇസ്‍ലാം സ്വീകരിച്ച ഒരു നിരീശ്വരവാദിയുടെ സംഭവം ശ്രദ്ധേയമാണ്. ആധ്യാത്മിക മേഖലയിൽ ശാദുലി ത്വരീകതായിരുന്നു അദ്ദേഹം അനുധാവനം ചെയ്തിരുന്നത്.  മെയ് 12, 2005ൽ  ആ ആത്മീയ തേജസ്സ് ഈ ലോകത്തോട് വിട പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter