അല്ലാമ മുഹമ്മദ് മുതവല്ലി അശ്ശഅ്റാവി; ഖുർആനികാധ്യാപനങ്ങളുടെ വചനാമൃതം

ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ച ഭുവന പ്രസിദ്ധനായ പ്രമുഖ ഇസ്‍ലാമിക പണ്ഡിതനും വാഗ്മിയും അറബി കവിയും എഴുത്തുകാരനും മത സാമൂഹിക രാഷ്ട്രീയ നേതൃരംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്നു, ഇമാമുദ്ദുആത്' (പ്രബോധകരുടെ നായകൻ) എന്ന അപരനാമത്തിൽ അറിയപ്പെട്ട ശൈഖ് മുഹമ്മദ് മുതവല്ലി അശ്ശഅ്റാവി(റ). 

നേരിട്ടോ അല്ലാതെയോ നൂറോളം കനപ്പെട്ട ഗ്രന്ഥ രചന നടത്തിയ അദ്ദേഹം ഈജിപ്തിലെ ഇസ്‍ലാമിക പണ്ഡിത കേസരികളിൽ പ്രമുഖനായിരുന്നു. അദ്ദേഹത്തിന്റെ വൈജ്ഞാനിക സംഭാവനകളിലെ നാഴികക്കല്ലായാണ് ഖവാതിറുശ്ശാവി ഹൗലൽ ഖുർആനിൽ കരീം" എന്ന പേരിലുള്ള വിശുദ്ധ ഖുർആൻ വ്യാഖ്യാന കൃതി അറിയപ്പെടുന്നത്. പൂർണ്ണമായും വാചികമായ ഈ ഖുർആൻ വ്യാഖ്യാനം പിന്നീട് ഒരു ഗ്രന്ഥ രൂപത്തിൽ 19 വാള്യങ്ങളിലായി രൂപാന്തരപ്പെടുകയായിരുന്നു. മുൻകാല ഖുർആൻ വ്യാഖ്യാന ശൈലികളിൽ നിന്നും വ്യത്യസ്തമായ അദ്ദേഹത്തിന്റെ തഫ്സീർ ആധുനിക പണ്ഡിത ലോകത്ത് ഏറെ ശ്രദ്ധേയമാണ്. 

1970കളിൽ ഈജിപ്ഷ്യൻ ടെലിവിഷൻ ചാനലിൽ തുടങ്ങിയ ഈ ഖുർആൻ വ്യാഖ്യാന പരിപാടി സർവ മുസ്‍ലിം നാടുകളിലെയും ടി.വി കളിലേക്ക് ഒഴുകി പരക്കാൻ കാലമേറെ വേണ്ടിവന്നില്ല. അത്രക്കായിരുന്നു ആ പരിപാടിയുടെ വിജയവും ജനസ്വീകാര്യതയും. സമ്പൂർണ്ണ വാചിക ഖുർആൻ വ്യാഖ്യാനം എന്നത് തന്നെയാണ് ഈ തഫ്സീറിന്റെ പ്രധാന സവിശേഷത. ഖുർആൻ വ്യാഖ്യാനത്തിൽ ഇതിഹാസമായിരുന്ന അദ്ദേഹത്തിന്റെ നാവിൽ നിന്ന് വിശുദ്ധ വേദഗ്രന്ഥജ്ഞാനസാഗരത്തിലെ മുത്തുമണികളായിരുന്നു ഓരോ നിമിഷവും ഉതിർന്നു വീണത്. ഖുർആനിന്റെ ഓരോ അക്ഷരത്തിലും ഒളിഞ്ഞിരിക്കുന്ന അർഥം കണ്ടെത്തുകയും പദവിന്യാസത്തിലെ രഹസ്യങ്ങൾ അനാവരണം ചെയ്യുകയും ആശയപ്രപഞ്ചത്തിലൂടെ സഞ്ചരിക്കുകയും ചെയ്യുന്ന ശഅ്റാവിയൻ വ്യാഖ്യാനശൈലിയുടെ ആരാധകരായിത്തീർന്ന ജനലക്ഷങ്ങൾ, ഖുർആനിന്റെ ആഴങ്ങളിൽ ഊളിയിട്ടു. അറിവിന്റെ മുത്തുകൾ വാരിവിതറുന്ന ശഅ്റാവിയുടെ മുഖത്ത് വിരിയുന്ന ഭാവഹാവങ്ങൾ ശ്രോതാക്കൾ നെഞ്ചിലേറ്റി. അദ്ദേഹത്തിന്റെ ആംഗ്യങ്ങളും സൂചകങ്ങളും ശരീരഭാഷയിലെ ചായലും ചെരിയലും ഭാവപ്രകടനങ്ങളും സ്വരമാറ്റങ്ങളും അവർക്ക് ഹൃദ്യമായി അനുഭവപ്പെട്ടു. ഖുർആനിക സൗന്ദര്യത്തിന്റെ ഭാവുകത്വവും കാല്പനിക ലാവണ്യവും സാധാരണ ജനങ്ങളുടെ മുഖങ്ങളിൽ മിന്നിമറയുന്ന വിസ്മയ ഭാവങ്ങളിൽ പ്രതിബിംബിച്ചു. 

വിശുദ്ധ വേദഗ്രന്ഥത്തിന്റെ ആന്തരിക സൗന്ദര്യത്തിൽ നിറഞ്ഞാടിയ സദസ്സിന്റെ ചിന്തകളും വിചാരങ്ങളും ദൈവിക വചനങ്ങളോടുള്ള ആദരവിന്റെ വിളംബരമായിരുന്നു. ഇവ്വിധം സദസ്സിനെ കൈയിലെടുക്കാനും തന്നോടൊപ്പം നിർത്താനുമുള്ള അസാധാരണ സിദ്ധിയാണ് ശഅ്റാവിയെ ഈജിപ്ഷ്യൻ ജനതയുടെയും മുസ്‍ലിം ലോകത്തിന്റെയും ശ്വാസോഛ്വാസത്തിന്റെ ഭാഗമാക്കിയത്. ബുദ്ധിയുടെ വിവിധ വിതാനങ്ങളിൽ നിലകൊള്ളുന്ന ജനലക്ഷങ്ങളോട് ഇമാം ശഅ്റാവി സംവദിച്ചു. ഓരോ വിഭാഗത്തിനും തങ്ങൾക്കാവശ്യവും അനുയോജ്യവുമായ വിജ്ഞാന വിഭവം, ശഅ്റാവിയുടെ തഫ്സീറ് കാതോർക്കുന്ന ജനതയായി ഈജിപ്തിലെ തെരുവുകളിലെയും വീടകങ്ങളിലെയും പള്ളികളിലെയും പള്ളിക്കൂടങ്ങളിലെയും മനുഷ്യർ മാറിയെന്നതാണ് അത്ഭുതം. നിരവധി മുസ്‍ലിം രാജ്യങ്ങൾ ഇമാം ശഅ്റാവിക്ക് സദസ്സാരുക്കി നൽകുന്നതിൽ മത്സരിച്ചതും ജനഹൃദയങ്ങളെ സ്പർശിക്കുന്ന ആ വ്യാഖ്യാനശൈലിയിൽ കൗതുകം പൂണ്ടാണ്.

ഇമാമിന്റെ ജീവിതവും വൈജ്ഞാനിക വഴികളും
നിരവധി പണ്ഡിതർക്ക് ജന്മം നൽകിയ നാടാണ് ഈജിപ്ത്. അതിപുരാതന കാലം മുതലേ വൈജ്ഞാനിക ഭൂപടത്തിൽ എണ്ണപ്പെടുന്ന നാട്. ഖുർആൻ ഇറങ്ങിയത് മക്കയിലാണെങ്കിലും അത് പഠിച്ചതും ഓതിയതും അതിനെ സംബന്ധിച്ച് കൂടുതൽ രചന നടത്തിയതും ഈജിപ്തുകാരാണ് എന്ന് പറയപ്പെടാറുണ്ട്. ഈജിപ്ഷ്യൻ ജനത ഇമാമുദ്ദുആത് എന്ന് പേരു നൽകി ആദരിച്ച ഇമാം ശഅ്റാവി ഈജിപ്തിലെ ദഖ്ഹിലിയ്യാ ജില്ലയിൽ ഖാമൂസ് ഗ്രാമത്തിൽ ഒരു നബി കുടുംബത്തിൽ ഹിജ്റ 1329 റബീഉൽ അവ്വൽ 15 (1911 ഏപ്രിൽ 5)നാണ് ജനിച്ചത്. അദ്ദേഹം ജനിച്ചു വളർന്ന വീടും നാടും അറിവിന്റെയും പവിത്രമായ ഇസ്‍ലാമിക വിശ്വാസ സംസ്കൃതിയുടെയും ഈറ്റില്ലമായിരുന്നു. പാരമ്പര്യമായി തുടർന്ന് വന്ന ദീനീ ചിട്ടകളെയും രീതികളെയും ഏറെ ആദരവോടെ കാത്തുസൂക്ഷിക്കുന്നവരാണ് ദാഖാദൂസിലെ ജനത. സഊദിയിലെ മളീഖ് ശഅ്റാവി എന്ന പട്ടണത്തിൽ നിന്നും കുടിയേപ്പാർത്തവരാണ് അല്ലാമാ ശഅ്റാവിയുടെ കുടുംബം, അത് കൊണ്ടാവാം ആ പേരിലേക്ക്(ശഅ്റാവി) ചേർത്ത് അദ്ദേഹത്തെ വിളിക്കുന്നത്. സയ്യിദ് ശരീഫ് മുഹമ്മദ് മുതവല്ലി അബ്ദുൽ ഹാഫിള് ശഅ്റാവി എന്നാണ് പൂർണ്ണനാമം. അദ്ദേഹത്തിന്റെ പിതാവ് സാധാരണക്കാരനും കൃഷിക്കാരനും എന്നാൽ ഇസ്ലാമിക ചിട്ട മുറുകെ പിടിച്ച് ജീവിതം നയിച്ചിരുന്ന ആളുമായിരുന്നു. മാതാവിന്റെ പേര് സയ്യിദ് ഹബീബ എന്നാണ്.

Read More: എല്ലാം ഉണ്ടായിട്ടെന്താ... സംതൃപ്തി ഇല്ലെങ്കില്‍..

തന്റെ പതിനൊന്നാം വയസ്സിൽ ഒർആൻ ഹൃദ്യസ്ഥമാക്കിയ ശഅ്റാവി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പിതാവിന്റെ നിർബന്ധത്തിന് വഴങ്ങി, 1937ല്‍ ലോകപ്രശസ്തമായ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിലെ ലാംഗ്വേജ് കോളേജിൽ ചേർന്നു. അവിടെ നിന്ന് 1941 ൽ ബിരുദ പഠനവും 1943-ൽ ബി.എഡും പൂര്‍ത്തിയാക്കി. അൽ അസ്ഹറിൽ നിന്നും ഉന്നത വിദ്യഭ്യാസം കരസ്ഥമാക്കിയ ശേഷം ത്വയിലെ കേളേജിൽ അധ്യാപകനായി. അവിടെ നിന്നും വിരമിച്ച ശേഷം സകാസിഖ്, അലക്സാണ്ട്രിയ എന്നിവിടങ്ങളിലെ മതസ്ഥാപനങ്ങളിലായി ഏകദേശം 8 വർഷത്തോളം അധ്യാപന രംഗത്ത് നിറഞ്ഞു നിന്നു. പിന്നീട് 1950ൽ സൗദി അറേബ്യയിലെ പ്രമുഖ ഇസ്‍ലാമിക സ്ഥാപനമായ മഹദ് അൻജാലയിൽ കുറച്ച് കാലം അധ്യാപനം നടത്തുകയും ശേഷം, 1951ൽ മക്കയിലെ മലിക് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റിയിലെ ശരീഅത് കോളേജിൽ അധ്യാപകനാവുകയും ചെയ്തു.

അല്ലാമ ശഅ്റാവി തന്റെ ജീവിത വഴികളിൽ ഉദാത്തമായ സ്വഭാവ ഗുണങ്ങളാൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തി കൂടിയാണ്. അത് അദ്ദേഹത്തിന്റെ ജീവിത പുസ്തകത്താളുകൾ ഓരോന്ന് മറിക്കുമ്പോഴും സുവ്യക്തമായി കാണാം. ആധുനികലോകത്ത് ടെലിവിഷൻ ചാനലുകളിലൂടെ മത പഠന ക്ലാസുകൾക്ക് നേതൃത്വം നൽകുന്ന രീതിയിൽ പ്രഥമ സ്ഥാനീയനായിരിക്കും ശൈഖ് ശഅ്റാവി. ടെലിവിഷനിലൂടെയും അല്ലാതെയും വിവിധ വിഷയങ്ങളെ സംബന്ധിച്ച് അദ്ദേഹം നടത്തിയ വിശിഷ്യാ തഫ്സീര്‍ ക്ലാസുകളിൽ ജനലക്ഷങ്ങൾ ആയിരുന്നു പങ്കെടുത്തിരുന്നത്. ലോക പ്രശസ്ത പണ്ഡിതൻ ഡോ. യൂസുഫുൽ ഖർളാവി അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളിൽ പ്രധാനിയാണ്. തന്റെ ഗുരുവായ ശഅ്റാവിയെ കുറിച്ചും അദ്ദേഹത്തിന്റെ അധ്യാപന രീതിശാസ്ത്രത്തെ കുറിച്ചും ഫീവിദാഇൽ അഅ്‍ലാം എന്ന കൃതിയിൽ അദ്ദേഹം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.

ഈജിപ്തിലെ ശൂറാ കൗൺസിൽ അംഗമായും ഇസ്‍ലാമിക് റിസർച്ച് അക്കാദമി ഡയറക്ടറായും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ തേടി, വിവിധ അറബ് രാജ്യങ്ങളിലെ യൂനിവേഴ്സിറ്റികളിൽനിന്ന് ഉയര്‍ന്ന പദവികള്‍ എത്തിയെങ്കിലും ഇസ്‍ലാമിക പ്രബോധന രംഗത്ത് സ്വാതന്ത്ര്യത്തോടെ വിഹരിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. ഈജിപ്തിലെ ഔഖാഫ്, നീതിന്യായ മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. പാണ്ഡിത്യത്തിന്റെ ഗരിമയും അറിവിന്റെ തെളിനീരൊഴുകുന്ന മുഖഭാവവും സാധാരണ ജനങ്ങളോട് ഇടപഴകുന്നതിന് തടസ്സം നിന്നതേയില്ല. അതേ സമയം, വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും മുന്നിൽ അടിപതറാതെ എതിരാളികളെ പ്രതിരോധിക്കുന്നതിലും സത്യത്തെ അവഹേളിക്കുന്നവരെ തകര്‍ത്തെറിയുന്നതിലും അദ്ദേഹം ധീരതയുടെ മുഖവുമായിരുന്നു. 

തുർക്കി ഖിലാഫത്തിന്റെ അപചയത്തിനു ശേഷം സലഫി ചിന്താധാരകൾ മുസ്‍ലിം ലോകത്തെ ഒന്നടങ്കം പോറലേൽപ്പിച്ച സാഹചര്യത്തിലാണ് അഹ്‍ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ കാവലാളായി അല്ലാമാ ശഅ്റാവിയുടെ രംഗപ്രവേശം. ഈ കാലഘട്ടത്തിലെ സുന്നികളായ ചില പണ്ഡിതന്മാർ സുന്നത് ജമാഅത്തിന്റെ ആശയം മറച്ചു വെച്ചു ബിദ്അത്തിനു അനുകൂലമായി സംസാരിക്കുന്നവരോ, ഇതരരുടെ അതിപ്രസരം കാരണം പ്രബോധന രംഗത്തുനിന്ന് അകന്നു നിൽക്കുന്നവരോ ആയിരുന്നു. കാലുഷ്യം നിറഞ്ഞ ഈ സാഹചര്യത്തിലാണ് തികഞ്ഞ മദ്ഹബ് വാദിയും വിജ്ഞാനത്തിന്റെ ആഴം തൊട്ട വിശ്വപണ്ഡിതനുമായ മുതവല്ലി ശഅ്റാവിയുടെ കടന്നുവരവ്. പുത്തനാശയക്കാർ അധികാരം ചെലുത്തിയ ഈ കാലഘട്ടങ്ങളിൽ അദ്ദേഹത്തെ പോലുള്ള വിശാലജ്ഞാനം ആയുധമാക്കിയവർ ഇല്ലായിരുന്നെങ്കിൽ സുന്നത് ജമാഅത് വേരറ്റു പോകുമായിരുന്നു എന്ന് വരെ അഭിപ്രായപ്പെടുന്നവരുണ്ട്.

ശൈഖ് ശഅ്റാവി തന്റെ ജീവിത കാലത്തെ വ്യത്യസ്ത വിഷയങ്ങളെ ആധാരമാക്കി നടത്തിയ പഠന കാസുകളും പത്രമാസികകളിൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങളും അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ചിലരുടെ പരിശ്രമ ഫലമായി ഒരുമിച്ച് കൂട്ടി ഗ്രന്ഥ രൂപത്തിലേക്ക് പരിവർത്തനം ചെയ്തു. അതാണ് നിലവിൽ അദ്ദേഹത്തിന്റെ പേരിലറിയപ്പെടുന്ന കൃതികൾ. ഈജിപ്തിലെ പ്രമുഖ പ്രസാധകരായ മക്തബതു തുറാസുൽ ഇസ്‍ലാമിയാണ് അദ്ദേഹത്തിന്റെ ഭൂരിഭാഗം കൃതികളും പ്രസിദ്ധീകരിച്ചത്. 

ഓരോ കാലത്തും പ്രമാദമായ വിഷയങ്ങളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു ഇമാം ശഅ്റാവിയുടെ ഗ്രന്ഥങ്ങൾ. സിഹ്ർ (മാരണം) കേവലം കൺകെട്ടുമാത്രമാണ് എന്ന പുത്തനാശയക്കാരുടെ പ്രചരണത്തിനെതിരെയാണ് അല്‍ ഹസ്റു വ സിഹ്റ്' എന്ന ഗ്രന്ഥം വിരചിതമായത്. ബിയ, ഇറാഖ്, ഈജിപ്ത് എന്നിവിടങ്ങളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഉത്ഭവം നിരീശ്വരവാദത്തിലേക്ക് വഴി തെളിച്ച സന്ദർഭത്തിൽ നിരീശ്വരവാദത്തിന്റെ വളർച്ചയെ തടയുവാനായി രചിച്ചതാണ് 'അൽ അദില്ലതുല്‍മാദ്ദിയ്യ അലാ വുജൂദില്ലാഹ്' എന്ന ഗ്രന്ഥവും അൽ ആയാതുൽ കൗനിയ്യ വ മാലതുഹാ അലാ വുജൂദില്ലാഹ് എന്ന ഗ്രന്ഥവും. ഇതിലൂടെ വളരെ സ്പഷ്ടമായി അല്ലാഹുവിന്റെ ഉൺമയെ ബുദ്ധിപരമായി തന്നെ അദ്ദേഹം സ്ഥിരപ്പെടുത്തുന്നുണ്ട്. മലയാളമടക്കം നിരവധി ഭാഷകല്ലിലേക്ക് ഈ ഗ്രന്ഥം വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 

അറബ് നാടുകളിൽ ഇഖ്‍വാനുൽ മുസ്‍ലിമീന്റെ പ്രവർത്തനത്തിലൂടെ രൂപപ്പെട്ട ഭീകരതക്കെതിരെ ജിഹാദ് എന്താണെന്നും ഭരണാധികാരിക്കെതിരെ ആയുധമെടുക്കേണ്ട സന്ദർഭം എപ്പോഴാണെന്നും വിശദീകരിക്കുന്ന ഗ്രന്ഥമാണ് അൽ ജീഹാദു ഫിൽ ഇസ്‍ലാം. ഇതര മത വിഭാഗങ്ങൾക്ക് നബി(സ്വ) നൽകിയ പരിഗണനയും ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഈജിപ്തിൽ സൈനബുൽ ഗസ്സാലി എന്ന വനിതാ വിപ്ലവകാരിയുടെ രംഗപ്രവേശന വേളയിൽ അതിനെതിരെ ഇസ്‍ലാമിൽ സ്ത്രീയുടെ ഇടം വിശദീകരിച്ച് എഴുതിയ ഗ്രന്ഥമാണ് 'അല്‍മർഅതു ഫിൽ ഇസ്‍ലാം". അൽ ഇൻസാനുൽ കാമില്‍ മുഹമ്മദുൻ സ്വല്ലല്ലാഹു അലൈഹി വസല്ലം, അൽ ഹയാതു വൽ മൗത്, അൽ ഖൈറു വശ്ശര്‍, അൽഹസദ്, അസ്സിഹ്റു വല്‍ഹസദ്, അസ്സീറത്തുന്നബവിയ്യ, അൽ അഹാദീസുൽ ഖുദ്സിയ്യ, അൽഹജ്ജുൽമബ്റൂർ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാനകൃതികളാണ്. “ഖവാതിറുശ്ശഅ്റാവി ഹൗലൽ ഖുർആനിൽ കരീം' എന്ന പേരിൽ പ്രശസ്തമായ ഖുർആൻ വ്യാഖ്യാനമാണ് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ ഏറ്റവും വിഖ്യാതമായ രചന. മുസ്‍ലിം ലോകത്ത് ഇന്നും ധാരാളം ചർച്ചകൾ ഈ ഗ്രന്ഥത്തെ ആസ്പദിച്ചു നടന്നു കൊണ്ടിരിക്കുന്നു. പ്രായമേറെ കഴിഞ്ഞിട്ടും തന്റെ മനസ്സിനും മസ്തിഷ്കത്തിനും നര ബാധിച്ചിരുന്നില്ല എന്നതിന്റെ തെളിവാണ് വാർധക്യകാലത്തു ശഅ്റാവി എഴുതിയ അൽ ഫിക്റുൽ മുഹസ്സർ എന്ന കൃതി.

അഹ്‍ലുസ്സുന്നത്തി വൽജമാഅയുടെ ആശയങ്ങളെ നിലനിർത്തുന്നതിൽ അദ്ദേഹം നടത്തിയ കഠിനയത്നം ഈ ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ നമുക്കു മനസ്സിലാകുന്നതാണ്. അദ്ദേഹത്തിന്റെ ആത്മധൈര്യവും സമർപ്പണ സന്നദ്ധതയും ആഴമേറിയ ജ്ഞാനവും മറ്റുള്ളവരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കി. അദ്ദേഹത്തിന്റെ വിജ്ഞാന വിശാലതക്കു മുമ്പിൽ എല്ലാവരും അത്ഭുതപ്പെട്ടിരുന്നു. ശൈഖ് മുതവല്ലി ശഅ്റാവിയും ഉല്പതിഷ്ണു വിഭാഗക്കാർ ആധികാരികമായി ഉദ്ധരിക്കുന്ന ശൈഖ് യൂസുഫുൽ ഖർദാവിയും വ്യത്യസ്ത ആദർശങ്ങളെ അനുധാവനം ചെയ്യുന്നവരായിട്ടു പോലും അല്ലാമ ശഅ്റാവിയുടെ അനുസ്മരണക്കുറിപ്പിൽ യൂസുഫുൽ ഖർദ്ദാവി വിവരിക്കുന്നത് ഇങ്ങനെയാണ്, നമ്മൾ മനസ്സിലാക്കിയ പല കാര്യങ്ങളും പിന്നീട് അദ്ദേഹത്തിന്റെ സമർത്ഥനം കൊണ്ട് തെറ്റാണെന്ന് നമുക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തോളം ജ്ഞാന സമ്പത്തുള്ള ഒരാളും ഈ അടുത്ത കാലത്ത് മുസ്‍ലിം ലോകത്ത് ഉദയം ചെയ്തിട്ടില്ല.

Read more: ശൈഖ് മുതവല്ലീ ശഅ്റാവി(റ) എന്നവരെ കുറിച്ച് അറിയാന്‍ താല്പര്യം . അദ്ദേഹം സുന്നി പണ്ഡിതരാണോ ?

വ്യാഖ്യാനത്തിലെ ശഅ്റാവിയൻ ശൈലി
ശൈഖ് ശഅ്റാവിയുടെ ഖുർആൻ വ്യാഖ്യാനം ജനങ്ങളിലേക്കിറങ്ങിച്ചെന്ന തഫ്സീറാണ്. സാധാരണക്കാരന് ലളിതമായി മനസ്സിലാക്കാനും പണ്ഡിതന്മാർക്ക് ആഴത്തിൽ ചിന്തിക്കാനുമുതകും വിധത്തിലാണദ്ദേഹത്തിന്റെ ശൈലി. ടെലിവിഷനിൽ ഖുർആൻ വ്യാഖ്യാനം ആരംഭിച്ച ശഅ്റാവി സൂറത്തുൽ ഫാത്തിഹ മുതൽ സൂറത്തുൽ മുംതഹിന വരെയായപ്പോഴേക്ക് ഇഹലോകവാസം വെടിഞ്ഞു. മുപ്പതാം ജുസ്ഇന്റെ വാചിക വ്യാഖ്യാനമാണ് ലഭ്യമായിട്ടുള്ളത്. തന്റെ ഖുർആൻ വ്യാഖ്യാനരീതിയെ കുറിച്ച് ശഅ്റാവി തന്നെ വിശദീകരിക്കുന്നതിങ്ങനെയാണ്, ഖുർആനിനെ കുറിച്ചുള്ള എന്റെ ചിന്തകളാണ് അവ, ഖുർആനിന്റെ വ്യാഖ്യാനം എന്ന് പറഞ്ഞ് കൂട. ഒരു സൂക്തമോ ചില സൂക്തങ്ങളോ വിശ്വാസിയുടെ ഹൃദയത്തിൽ ഉളവാക്കുന്ന വിചാരങ്ങളും അനുരണനങ്ങളുമാണവ. അഥവാ ഖുർആൻ കനിഞ്ഞേകുന്ന സരസിജസമാനം തെളിഞ്ഞ ദൈവികദാനങ്ങൾ. ഖുർആൻ, വ്യാഖ്യാനത്തിന് വഴങ്ങുന്ന ഗ്രന്ഥമായിരുന്നെങ്കിൽ അതിന്റെ ആദ്യ വ്യാഖ്യാതാവ് മുഹമ്മദ് നബി (സ) ആയേനെ. അതിന് ഏറ്റവും അർഹനും റസൂൽ തന്നെ. കാരണം റസൂലിനാണ് ആ വിശുദ്ധ ഗ്രന്ഥം അവതരിച്ചത്. ഖുർആനായിരുന്നു നബി(സ)യുടെ പ്രചോദനം. നബിക്കാണ് അത് കിട്ടിയത്, നബിയുടെ അറിവിന്റെയും കർമത്തിന്റെയും പൊരുള്‍ ഖുർആൻ ആയിരുന്നു. നബി(സ്വ) ജനങ്ങൾക്കാവശ്യമായത് വിവരിച്ചുകൊടുക്കുകയായിരുന്നു. ചെയ്യുക, ചെയ്യരുത് എന്ന നിർദേശങ്ങളിലൂന്നിയ അനുഷ്ഠാന കർമങ്ങൾ വിശദീകരിച്ചുകൊടുക്കലായിരുന്നു അന്ന് ഏറ്റവും പ്രധാനം. (തഫ്സീറു ശഅ്റാവി / ആമുഖം (പേജ് 9).

ഖുർആനിലെ ശാസ്ത്രീയ അത്ഭുതങ്ങളാണ് മറ്റ് മുഖങ്ങളെക്കാൾ ഇക്കാലത്ത് ഏറ്റവും അല്ഭുതാവഹമായ വശമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. എന്നാൽ ശാസ്ത്രീയ സിദ്ധാന്തങ്ങളുമായി ഖുർആൻ ബന്ധിപ്പിക്കുന്നില്ല അദ്ദേഹം. മറിച്ച് ഖുർആൻ ഒരു ശാസ്ത്ര പുസ്തകമല്ല എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ നിലപാട്. 

ഓരോ സൂറത്തുകളുടെയും വ്യാഖ്യാനം തുടങ്ങുന്നത് പ്രസ്തുത അധ്യായത്തിന്റെ പൊതുമാനം, ആശയം, മുമ്പുള്ള സൂറത്തുമായുള്ള ബന്ധം തുടങ്ങിയവ പ്രതിപാദിക്കുന്ന ആമുഖത്തോടെയാണ്. ഖുർആൻ വ്യാഖ്യാനത്തിന് അദ്ദേഹം അവലംബിച്ച രീതി ഇങ്ങനെ സംഗ്രഹിക്കാം.
1. ഖുർആനിന്റെ ആശയപ്രത്യക്ഷങ്ങളെ മനസ്സിലാക്കാൻ ഉതകുന്ന ഉപാധിയായി ഭാഷയെ പരിഗണിച്ചു. പദങ്ങളുടെ അർഥങ്ങളിലൂടെ ആശയങ്ങളുടെ ചുരുളഴിച്ചു. ഓരോ പദങ്ങളുടെയും കൃത്യമായ അർത്ഥം വിവരിക്കുക വഴി ആ പദത്തിനുള്ളിലെ സങ്കീർണത ഒഴിവാക്കുകയും ചെയ്യുന്നു.
2. അറബി ഭാഷയിൽ അവതീർണമായ വിശുദ്ധ ഖുർആനിന്റെ ഓരോ ദൈവിക വചനത്തിലും ഒളിഞ്ഞ് കിടക്കുന്ന സാഹിത്യഭംഗിയും  പദവിന്യാസ പൊരുളും വ്യാകരണവും അനാവരണം ചെയ്യുന്നു.
3. സാമൂഹിക പരിഷ്കരണത്തിലെ വിശുദ്ധ ഖുർആന്റെ ചാലകശക്തിയുടെ കൃത്യമായ വിശകലനം, പ്രത്യേകിച്ച് മുസ്‍ലിം സമൂഹത്തിൽ വന്ന് ഭവിച്ച അനർത്ഥങ്ങളെയും ദുഷിച്ച പ്രവണതകളെയും തുറന്ന് കാട്ടുകയും അതിന് വേണ്ട പരിഹാര മാർഗങ്ങൾ നിർദേശിക്കുകയും ചെയ്യുന്ന രീതി.
4. ഓറിയന്റലിസം, യുക്തിവാദം തുടങ്ങി ഇസ്‍ലാമിക ശത്രുക്കൾ ഉന്നയിക്കുന്ന സംശയങ്ങൾക്കുള്ള കൃത്യമായ മറുപടികൾ.
5. ഈജിപ്ഷ്യൻ സംസാര രീതിയെ കൂട്ടുപിടിച്ച് ഖുർആനികാശയങ്ങളുടെ ആഴവും പരപ്പും കണ്ടെത്താനുള്ള ശ്രമം.
(അദ്ദേഹത്തിന്റെ ഖുർആൻ വ്യാഖ്യാനം വാചികമായതിനാലാണ് അങ്ങനെ സംഭവിച്ചത് എന്നാൽ അതിനെയെല്ലാം യഥാർത്ഥ അറബീകരണം നടത്തിയാണ് ഗ്രന്ഥ രൂപത്തിലാക്കിയിട്ടുള്ളത്) 
6. ജീവിതാനുഭവങ്ങളുടെ കഥനങ്ങളിലൂടെയുള്ള അവതരണം, കൂടെ ഉദാഹരണങ്ങളുടെ മനോഹരമായ പ്രയോഗം.
7. വിഷയാധിഷ്ഠിത പ്രതിപാദനം, അഥവാ ഒരു വിഷയ സംബന്ധിയായി വന്ന ഒട്ടുമിക്ക ആയതുകളും അതോടൊപ്പം പ്രതിപാദിക്കുന്നുണ്ട്. 
8. യുക്തിഭദ്രമായ സംവേദനം. 
ഖുർആനിക സൂക്തങ്ങളെയും ശാസ്ത്ര സത്യങ്ങളെയും കൂട്ടിയിണക്കി ഹൃദയങ്ങളോട് സംവദിക്കുന്ന ശഅ്റാവി, ദൈവിക വചനങ്ങളെ കേവല യുക്തിപരതയുടെയും കർമശാസ്ത്രനിയമങ്ങളുടേയും അതിരുകൾക്കപ്പുറം മറ്റു തലങ്ങളിലേക്ക് കൂടി ചേര്‍ത്ത് വായിക്കുന്നുണ്ട്. മനുഷ്യഹൃദയങ്ങളോട് സംവദിക്കുന്ന ഖുർആനിക സൂക്തങ്ങളുടെ വൈകാരിക വശങ്ങളോട് നീതി പുലർത്താനുള്ള ശ്രമം അദ്ദേഹത്തിന്റെ വേറിട്ട രീതിയാണ്. ഖുർആൻ പഠിച്ചും പഠിപ്പിച്ചും ജനങ്ങളോടൊപ്പം കഴിഞ്ഞ ആ മഹാമനീഷി ഖുർആനിക സംസ്കാരത്തിന്റെ പ്രതീകമായിരുന്നു. മഹാൻ തന്റെ എൺപത്തേഴാം വയസ്സിൽ ഹിജ്റ 1417 സ്വഫര്‍ 22 (ക്രി. 1998 ജൂണ് 17) ന് ഈ ലോകത്തോടു വിട പറഞ്ഞു. മരണവേളയിൽ അടുത്തുണ്ടായിരുന്ന പുത്രൻ അബ്ദുറഹീം ശഅ്റാവി ആ രംഗം ഓർക്കുന്നത് ഇങ്ങനെയാണ്, ഖുർആനിന് വേണ്ടി ഉഴിഞ്ഞുവെച്ച ആ ജീവിതം മരണവേളയുടെ അന്തിമ നിമിഷത്തിലും പാരായണം ചെയ്തു കേട്ട സൂക്തങ്ങളിൽ വരുന്ന തെറ്റുകൾ ചൂണ്ടിക്കാട്ടുന്നതിൽ ഉത്സുകമായിരുന്നു. ഓരോ നിമിഷവും ഓരോ ശ്വാസത്തിലും ഖുർആനോടൊപ്പം ജീവിച്ച അദ്ദേഹം കണ്ണടച്ചത് പോലും ഖുർആന്‍ സേവനത്തിൽ നിർവൃതി പൂണ്ടായിരുന്നു.
വിശ്വാസകാര്യങ്ങളിൽ അശ്അരി സരണിയും ആത്മീയ സംസ്കരണത്തിന് തസ്വവുഫിന്റെ രീതിയും തെരഞ്ഞെടുത്ത മഹാൻ അഹ്‍ലുസുന്നത്തിവൽജമാഅത്തില്‍ അടിയുറച്ചു ജീവിച്ച വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ തഫ്സീർ ക്ലാസ്സുകളും വിവിധ വിഷയങ്ങളെ ആധാരമാക്കി അദ്ദേഹം നടത്തിയ വൈജ്ഞാനിക ക്ലാസുകളും പ്രഭാഷണങ്ങളും യൂട്യൂബിൽ ലഭ്യമാണ്. ഇമാം ശഅ്റാവിയെ കുറിച്ചും അദ്ദേഹത്തിന്റെ വൈജ്ഞാനിക സംഭാവനകളെ കുറിച്ചും വിശിഷ്യ തഫ്സീറിനെ കുറിച്ചുമുള്ള പഠനങ്ങൾ അക്കാദമിക ലോകത്ത് ഇന്നും സജീവമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter