ഫാഥിമി ഭരണകൂടം
അബ്ബാസി ഭരണകൂടത്തിനെതിരെ നിലകൊണ്ട ഇസ്മാഈലികള്‍ സ്താപിച്ചതാണ് ഫാഥിമി ഭരണകൂടം. ശിയഈ സ്വഭാവം നിലനിര്‍ത്തുന്ന ഇതിന്റെ ഖലീഫമാര്‍ ശിയഈ ഇമാമുമാരുടെ പിന്‍ഗാമികളായി വിശ്വസിക്കപ്പെടുന്നു. ഉബൈദുല്ലാഹില്‍ മഹ്ദി (909-934) ആണ് സ്ഥാപകന്‍. അധികാരം ശിയാക്കളില്‍ അര്‍പ്പിതമാണ് എന്ന ചിന്തയുടെ പരിണതിയായിരുന്നു ഈ ഭരണകൂട അരങ്ങേറ്റത്തിനു പിന്നില്‍.
എഡി. 268 ല്‍ ഇമാം ഹുസൈന്‍ (റ) വിന്റെ വിയോഗം സംഭവിച്ചതോടെ അതില്‍നിന്നും പരമ്പര മുറിയാത്ത നേതൃനിര നിലനില്‍ക്കണമെന്ന ആഗ്രഹമുള്ളവരുണ്ടായിരുന്നു. ശിയാ വിശ്വാസികളായിരുന്നു അവര്‍. ഈയൊരു പരമ്പരയിലാണ് ഉബൈദുല്ലാഹില്‍ മഹ്ദി കടന്നുവരുന്നത്. നേതൃത്വത്തിലിരുന്നവര്‍ മരണമടഞ്ഞതോടെ ഈയൊരു ചിന്താഗതിയുടെ നേതാവായി അദ്ദേഹം അവരോധിക്കപ്പെട്ടു. സലാമിയ്യ എന്ന സ്ഥലത്ത് ഒരു കച്ചവടക്കാരന്റെ വേഷത്തില്‍ കഴിയുകയായിരുന്ന അദ്ദേഹം ഇതോടെ ഫാഥിമിയ്യ എന്ന പേരില്‍ ഖിലാഫത്തിന്റെ നിര്‍മാണത്തിലേര്‍പ്പെട്ടു. അബൂഅബ്ദില്ല എന്നയാളായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ സഹായി. അദ്ദേഹം വടക്കെ ആഫ്രിക്കയെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിക്കുകയും തദ്ദേശീയരായ ബര്‍ബറുകളെ കൂടെക്കൂട്ടി നിലവിലെ ഭരണത്തിനെതിരെ തിരിയുകയും വിജയം വരിക്കുകയും ചെയ്തു. അതനുസരിച്ച്, വടക്കെ ആഫ്രിക്കയിലെ തുനീസില്‍ ഉബൈദുല്ല അല്‍ മഹ്ദി എന്ന സ്ഥാനപ്പേരോടുകൂടി ഫാഥിമി ഭരണകൂടത്തിന്റെ പ്രഥമ ഖലീഫയായി അധികാരത്തിലെത്തി.
അതിസമര്‍ത്ഥനും ധീരനുമായ ഭരണാധികാരിയായിരുന്നു ഉബൈദുല്ല. ഫാഥിമി ഭരണകൂടത്തിന്റെ വ്യാപനത്തിനു വേണ്ടി കഠിനാധ്വാനം ചെയ്ത അദ്ദേഹം വളരെ തന്ത്രങ്ങളോടെയാണ് അതിര്‍ത്തി പ്രദേശങ്ങളുമായി വര്‍ത്തിച്ചിരുന്നത്. തന്റെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ അവരുമായി യോജിപ്പിലുള്ള ഗവര്‍ണര്‍മാരെ മാത്രമേ നിര്‍ത്തിയിരുന്നുള്ളൂ. ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹം തങ്ങളുടെ അധികാര ഭൂമിക ഈജിപ്തില്‍നിന്നും മൊറോക്കോ വരെ വ്യാപിപ്പിച്ചു. ശേഷം വിവിധ ഭാഗങ്ങളിലായി അലക്‌സാണ്ട്രിയ, സിസിലി, മാള്‍ട്ടാ, സാന്റീനിയ, കോഴ്‌സിക്കാ തുടങ്ങിയവ കീഴടക്കി. എഡി. 934 ല്‍ അദ്ദേഹം മരണപ്പെട്ടു.
ഉബൈദുല്ലാഹില്‍ മഹ്ദിക്കു ശേഷം മകന്‍ അല്‍ ഖാസിം (934-946) ആയിരുന്നു അടുത്ത ഫാഥിമി ഭരണാധികാരി. അദ്ദേഹത്തിനു ശേഷം തന്റെ മകന്‍ അബൂ മന്‍സൂര്‍ (946-952) അധികാരത്തില്‍ വന്നു. ശേഷം, വിവിധ കാലങ്ങളിലായി അല്‍ മുഇസ് (953-975), അല്‍ അസീസ് (975-996), അല്‍ ഹാക്കിം (996-1021), അല്‍ മുസ്തന്‍സിര്‍ (1035-1095), അല്‍ മുസ്തഅലി (1095-1101), അമീര്‍ (1101-1130), ഹാഫിസ് (1130-1149), അല്‍ സാഫിര്‍ (1149-1154), അല്‍ ഫാഇസ് (1154-1160), അല്‍ ആദിദ് (1160-1171) തുടങ്ങിയവര്‍ ഭരണത്തിലേറി. മക്കളോ അടുത്ത ബന്ധുക്കളോ ആയിരുന്നു എല്ലാവരും. സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ നേതൃത്വത്തില്‍ കുരിശുയുദ്ധത്തിന്റെ അലയൊലികള്‍ കേട്ടു തുടങ്ങിയ സമയമായിരുന്നു ഇത്. ആദിദ് ആയിരുന്നു ഫാഥിമി ഭരണകൂടത്തിലെ അവസാന ഭരണാധികാരി. 1171 ല്‍ സ്വലാഹുദ്ദീന്‍ അയ്യൂബി ഈജിപ്ത് ആക്രമിക്കുകയും ഫാഥിമി ഭരണകൂടത്തിന് തിരശ്ശീലയിടുകയും ചെയ്തു.
വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലകളില്‍ വന്‍ സംഭാവനകള്‍ അര്‍പ്പിച്ചവരാണ് ഫാഥിമികള്‍. അറബി-പേര്‍ഷ്യന്‍ സംസ്‌കാര സങ്കലനമാണ് അവര്‍ പരിപോഷിപ്പിച്ചിരുന്നത്. കടുത്ത ശിയഈ ആശയക്കാരായിരുന്നുവെങ്കിലും തങ്ങളുടെ ഭരണപ്രദേശങ്ങളിലെ സുന്നീ സ്ഥാപനങ്ങള്‍ക്ക് അവര്‍ കുഴപ്പമൊന്നും വരുത്തിയിരുന്നില്ല. ഭരണരീതികളില്‍ അബ്ബാസി ശൈലി പിന്തുടരുകയായിരുന്നു ഫാഥിമികള്‍. ശക്തമായൊരു സൈന്യവും നാവികപ്പടയും അവര്‍ക്കുണ്ടായിരുന്നു. വ്യവസ്ഥാപിതമായ നാണയ സമ്പ്രദായം നടപ്പിലാക്കിയ അവര്‍ അളവിന്റെയും തൂക്കത്തിന്റെയും കൃത്യത ഉറപ്പുവരുത്താന്‍ പ്രത്യേകം വകുപ്പുകളും ഉദ്യോഗസ്ഥന്മാരെയും സജ്ജീകരിച്ചിരുന്നു.
ശാസ്ത്ര-സാഹിത്യ മേഖലയിലും ഫാഥിമീ മുദ്രകള്‍ പ്രസിദ്ധമാണ്. ഫാഥിമി ഭരണാധികാരികളില്‍വരെ കവികളും സാഹിത്യകാരന്മാരുമുണ്ടായിരുന്നു. ദാര്‍ശനികനായ അല്‍ കന്ദിയും ഭിഷഗ്വരനായ അല്‍ തമീമിയും ചരിത്രകാരനായ ഇബ്‌നു സലാമാ അല്‍ ഖുദായിയും ഫാഥിമി ഭരണ കാലത്തിന്റെ ഉല്‍പന്നങ്ങളാണ്. പുസ്തക നിര്‍മാണവും ലൈബ്രറിയൊരുക്കലും ഇക്കാലത്ത് വലിയ പ്രാധാന്യമുള്ള കാര്യമായിരുന്നു. അല്‍ അസീസ് സ്വന്തമായി രണ്ടു ലക്ഷത്തോളം ഗ്രന്ഥങ്ങള്‍ നിറഞ്ഞ ഒരു ലൈബ്രറി സ്ഥാപിക്കുകയുണ്ടായി. എഡി. 1068 ല്‍ തുര്‍ക്കികള്‍ ഇത് കൊള്ളയടിക്കുകയും ഇരുപത്തിയഞ്ച് ഒട്ടകങ്ങള്‍ക്ക് വഹിക്കാവുന്നത്ര ഗ്രന്ഥങ്ങള്‍ കടത്തിക്കളയും ചെയ്തു. അല്‍ അസ്ഹറില്‍ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന പള്ളി ഫാഥിമി ശില്‍പകലയുടെ ജീവിക്കുന്ന തെളിവാണ്. എഡി. 972 ല്‍ ജൗഹര്‍ പണികഴിപ്പിച്ചതാണിത്. ഈജിപ്തിലും പരിസര പ്രദേശങ്ങളിലുമായി ഇങ്ങനെ അനവധി സ്മാരകങ്ങള്‍ അവരുടെ ഭരണകൂടം ബാക്കിവെച്ചിട്ടുണ്ട്.
Leave A Comment