അബ്ബാസി ഭരണകൂടം
അമവി ഖിലാഫത്തിനെ താഴെയിറക്കി മുസ്‌ലിംലോകത്ത് അധികാരത്തില്‍ വന്ന ഭരണകൂടമാണ് അബ്ബാസി ഭരണകൂടം. പ്രവാചകരുടെ പിതൃവ്യനായ അബ്ബാസ് ബിന്‍ അബ്ദില്‍ മുഥലിബിലേക്കു ചേര്‍ത്തിയാണ് ഇവര്‍ അബ്ബാസികള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. അബുല്‍ അബ്ബാസ് സഫ്ഫാഹ് എന്ന അബ്ദുല്ലാഹിബ്‌നു മുഹമ്മദാണ് ഇതിന്റെ സ്ഥാപകന്‍. അദ്ദേഹം തന്നെയായിരുന്നു പ്രഥമ ഭരണാധികാരിയും. അമവികള്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തിയായിരുന്നു അദ്ദേഹം അധികാരം പിടിച്ചെടുത്തത്. അനവധിയാളുകളുടെ രക്തം ചിന്തിയതിനാല്‍ അസ്സഫ്ഫാഹ് (രക്തം ചിന്തുന്നവന്‍) എന്ന അപരനാമത്തില്‍ അദ്ദേഹം അറിയപ്പെട്ടു.
എഡി. 749 നവംബര്‍ 28 ന് അബുല്‍ അബ്ബാസ് കൂഫയിലെ പള്ളിയില്‍ വെച്ച് ഖലീഫയായി സ്ഥാനാരോഹണം നടത്തുന്നതോടെയാണ് അബ്ബാസി ഖിലാഫത്തിന്റെ തുടക്കം. ഇതേ വര്‍ഷം ഖുറാസാന്റെ തലസ്ഥാനമായ മര്‍വ പട്ടണം അബൂ മുസ്‌ലിം കീഴടക്കുന്നതോടെയാണ് അബ്ബാസി ഖിലാഫത്തിന് വഴി തുറക്കുന്നത്. ശേഷം കൂഫയും കൂടി അധീനത്തില്‍ വന്നതോടെ അബുല്‍ അബ്ബാസ് ഭരണത്തിലേറുകയായിരുന്നു. അധികാരമേറ്റെടുത്തതിന്റെ അടുത്ത വര്‍ഷം തന്നെ അമവികളുടെ ഭരണ തലസ്ഥാനമായ ഡമസ്‌കസും അദ്ദേഹത്തിന്റെ കീഴില്‍ വന്നു. ഇതോടെ ഭരണം ഏറെ സുഭദ്രമാവുകയും അമവികളുടെ പദനത്തിന് ആക്കം കൂടുകയുമായിരുന്നു.
ഏകദേശം അഞ്ചു നൂറ്റാണ്ടു കാലം നീണ്ടു നില്‍ക്കുന്നതായിരുന്നു അബ്ബാസി ഭരണകൂടം. എഡി. 749 ല്‍ തുടങ്ങിയ ഇത് 1258 വരെ നീണ്ടുനിന്നു. ബഗ്ദാദായിരുന്നു ഭരണത്തിന്റെ ആസ്ഥാനം. ഈ കാലയളവില്‍ നിപുണരും അല്ലാത്തവരുമായ മുപ്പത്തിയേഴോളം ഖലീഫമാര്‍ ഭരണം നടത്തിയിട്ടുണ്ട്. ബഗ്ദാദിലെ അബ്ബാസി ഭരണകൂടത്തിന്റെ തകര്‍ച്ചക്കുശേഷവും രണ്ടര നൂറ്റാണ്ടു കാലം ഈജിപ്തില്‍ മംലൂക് സുല്‍ഥാന്‍മാരുടെ കീഴില്‍ ഈ ഭരണകൂടം നിലനിന്നു. 1517 ലാണ് ഈജിപ്തില്‍ അബ്ബാസി ഭരണകൂടത്തിന്റെ അന്ത്യം കുറിക്കുന്നത്.
അബൂ ജഅഫര്‍ അല്‍ മന്‍സൂര്‍ (എഡി. 754-775), അല്‍ മഹ്ദി (775-785), മൂസാ അല്‍ ഹാദി (785-786), ഹാറൂന്‍ റശീദ് (786-809), അല്‍ അമീന്‍ (809-813), മഅ്മൂന്‍ (813-833), അല്‍ മുഅ്തസിം (833-842), വാസിഖ് (842-847), മുതവക്കില്‍ (847-861) തുടങ്ങിയവരാണ് അബ്ബാസി ഭരണകൂടത്തിലെ പ്രധാന ഖലീഫമാര്‍. ഇതില്‍ അബൂ ജഅഫര്‍ മന്‍സൂറും ഹാറൂന്‍ റശീദും ഏറെ പ്രസിദ്ധരാണ്. ബഗ്ദാദ് നഗരം പണികഴിപ്പിച്ചത് മന്‍സൂറായിരുന്നു. മുസ്‌ലിംലോകത്തെ വിദ്യാഭ്യാസ പരമായ പുരോഗതിയില്‍ ഹാറൂന്‍ റശീദും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
ഖലീഫമാരായിരുന്നു അബ്ബാസി ഭരണകൂടത്തിലെ പരമാധികാരി. അവര്‍ക്ക് എന്തിനുമുള്ള അധികാരമുണ്ടായിരുന്നു. സൈന്യത്തിന്റെ ചുമതല അമീറിനെയും അഭ്യന്തര ഭരണകാര്യങ്ങള്‍ വസീറിനെയും നീതിന്യായനിര്‍വഹണം ഖാസിയെയും ഏല്‍പ്പിച്ചിരുന്നുവെങ്കിലും അവയുടെയെല്ലാം പരമാധികാരം ഖലീഫയില്‍തന്നെ നിക്ഷിപ്തമായിരുന്നു. ഖലീഫയുമായി കൂടുതല്‍ അടുത്തവരും നിരന്തരം ബന്ധം പുലര്‍ത്തുന്നവരുമായിരുന്നു ഉദ്യോഗസ്ഥവൃന്ദം. ഭരണമേഖല സുഗമമാക്കാന്‍ ഇവര്‍ ഏറെ സഹായകമായിരുന്നു. ഖലീഫക്കു ശേഷം ഏറ്റവും കൂടുതല്‍ അധികാരം വിനിയോഗിച്ചിരുന്ന ഉദ്യോഗസ്ഥന്‍ വസീറായിരുന്നു. ഭരണപരമായ കാര്യങ്ങളില്‍ ഖലീഫയുടെ നിര്‍ദ്ദേശങ്ങള്‍ അടപ്പിലാക്കേണ്ട ഭാദ്യത അയാള്‍ക്കായിരുന്നു. നികുതിവകുപ്പായിരുന്നു ഭരണത്തിലെ വളരെ പ്രധാനപ്പെട്ട മറ്റൊരു ഘടകം. രാജ്യത്തിന്റെ സമ്പദ്ഘടനയെ ബാധിക്കുന്നതായതുകൊണ്ടുതന്നെ നികുതിപിരിവിന്റെ ചുമതല ഇവര്‍ വളരെ കാര്യക്ഷമമായിത്തന്നെ നിര്‍വഹിച്ചു. സക്കാത്ത് ഇനത്തില്‍നിന്നാണ് അവര്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയിരുന്നത്. കൃഷി, തോട്ടങ്ങള്‍, സ്വര്‍ണം, വെള്ളി തുടങ്ങിയവയില്‍നിന്നെല്ലാം അവര്‍ സക്കാത്ത് ഈടാക്കിയിരുന്നു.
പോലീസും പോസ്റ്റല്‍ സമ്പ്രദായവും ഇക്കാലത്ത് വ്യവസ്ഥാപിതമായി നിലവില്‍ വന്നു. നിയമ പരിപാലന ചുമതലയുള്ള പോലീസ് സേനയും ഖലീഫയുടെ അംഗരക്ഷകരും ഒരു പോലീസ് ഉദ്യോഗസ്ഥനു കീഴിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഖലീഫ മുആവിയയുടെ ഭാവനയില്‍ രൂപം കൊണ്ടതായിരുന്നു പോസ്റ്റല്‍ സിസ്റ്റം. ഹാറൂന്‍ റശീദ് ഇത് വികസിപ്പിക്കുകയും പരിഷ്‌കരിക്കുകയും ചെയ്തു.
നീതിന്യായ നിര്‍വഹണം ഖാസിമാരില്‍ നിക്ഷിപ്തമായിരുന്നു. ഖലീഫയോ വസീറോ ആണ് ഖാസിയെ നിയമിച്ചിരുന്നത്. അമുസ്‌ലിംകളുടെ പരാതികള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ അവരുടെ നേതാക്കള്‍ക്കുതന്നെ അധികാരം നല്‍കിയിരുന്നു. അനാഥകള്‍, ഭ്രാന്തര്‍ തുടങ്ങിയവരെ സംരക്ഷിക്കുക, മതനിയമങ്ങള്‍ ലംഘിക്കുന്നവരെ ശിക്ഷിക്കുക, പ്രവിശ്യകളില്‍ നിയമപാലകരെ നിയമിക്കുക, വെള്ളിയാഴ്ചകളിലെ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കുക തുടങ്ങിയവയെല്ലാം ഖാസിയുടെ ചുമതലയില്‍പെട്ടതായിരുന്നു. ഖലീഫ മഅ്മൂന്‍ ഖാസിമാര്‍ക്ക് പ്രതിമാസം നാലായിരം ദിര്‍ഹമാണ് പ്രതിഫലമായി നല്‍കിയിരുന്നത്.
വിപുലമായ ഒരു സാമ്രാജ്യമുണ്ടായിരുന്നുവെങ്കിലും അതിനെ വേണ്ടപോലെ സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യേണ്ട ശക്തമായൊരു സൈന്യം അബ്ബാസികള്‍ക്ക് ഉണ്ടായിരുന്നില്ലെന്നുതന്നെ പറയാം. ഉള്ളത് വളരെ പരിമിതമായിരുന്നു. അതുകൊണ്ടുതന്നെ റോമിനോടും മറ്റുമുള്ള പല പോരാട്ടങ്ങളിലും അവര്‍ക്ക് പരാജയം രുചിക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും കാലാള്‍പടയും കുതിരപ്പടയും ഉള്‍കൊള്ളുന്ന വലിയൊരു സൈന്യം അവര്‍ക്കുണ്ടായിരുന്നു. ഭരണത്തിന്റെ ആദ്യകാലങ്ങളില്‍ ഇത് വളരെ ശക്തമായിരുന്നുവെങ്കിലും അവസാനകാലമായപ്പോഴേക്കും ക്ഷയിച്ചുതുടങ്ങിയിരുന്നു. ഭരണ സൗകര്യാര്‍ത്ഥം അമവികളെപ്പോലെ സാമ്രാജ്യത്തെ വിവിധ പ്രവിശ്യകളാക്കി തിരിച്ചാണ് അബ്ബാസികളും ഭരണം നടത്തിയിരുന്നത്. ഭരണത്തിന്റെ സമാരംഭ ഘട്ടത്തില്‍ 24 പ്രവിശ്യകളിലായിട്ടായിരുന്നു ഭരണം. അവ ഇവയാണ്:
1) മഗ്‌രിബ്, 2) ഈജിപ്ത്, 3) സിറിയ, ഫലസ്തീന്‍, 4) ഹിജാസ് 5) യമന്‍ 6) ബഹ്‌റൈന്‍, ഒമാന്‍ 7) ഇറാഖ്, 8) ജസീറ, 9) അസര്‍ബൈജാന്‍ 10) അല്‍ ജിബാല്‍, 11) ഖുസിസ്ഥാന്‍, 12) ബാരിസ്, 13) കിര്‍മാന്‍, 14) മക്‌റാന്‍, 15) സിജിസ്ഥാന്‍, 16) ഖുഹിസ്ഥാന്‍, 17) ഖൂമിസ, 18) തബരിസ്ഥാന്‍, 19) ജുര്‍ജാന്‍, 20) അര്‍മേനിയ, 21) ഖുറാസാന്‍, 22) ഖ്വാരിസ 23) അല്‍ സുഗദ്, 24) തുര്‍ക്കിയിലെ ഫര്‍ഗാന, അല്‍സാഷ് തുടങ്ങിയ സ്ഥലങ്ങള്‍.
അവസാന കാലമായപ്പോഴേക്കും അബ്ബാസികളുടെ സ്വാധീന വലയം ചുരുങ്ങുകയും സൈന്യം ക്ഷയിക്കുകയും ചെയ്തു. തദ്ദ്വാര ഭരണം ഒരു വേള ഇറാഖിലും മറ്റൊരു വേള ഈജിപ്തിലുമായി മാത്രം ചുരുങ്ങി. കേന്ദ്രത്തിലെ കുഴപ്പങ്ങള്‍ നിമിത്തം പല പ്രവിശ്യകളും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു പുറത്തുപോയി. ഇറാന്‍ വംശജരും തുര്‍ക്കികളും തമ്മില്‍ നിരന്തരമായി നടന്നുകൊണ്ടിരുന്ന കലഹങ്ങളും അബ്ബാസികളുടെ ഭരണകൂടത്തിന്റെ പതനത്തിന് വഴിതുറന്നു. എഡി. 1180 മുതല്‍ 1225 വരെ ഭരണം നടത്തിയുരന്ന ഖലീഫ നാസ്വര്‍ ഭരണകൂടത്തിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയം കണ്ടില്ല. ചെങ്കിസ്ഖാന്‍ സഹായം തേടിയായിരുന്നു അദ്ദേഹം ഇതിന് തുനിഞ്ഞിരുന്നത്. 1258 ല്‍ ചെങ്കിസ്ഖാന്റെ പൗത്രന്‍ ഹലാഖുഖാന്‍ ബഗ്ദാദ് കീഴടക്കിയതോടെ അബ്ബാസി ഭരണകൂടം ബഗ്ദാദില്‍ എന്നെന്നേക്കുമായി അവസാനിക്കുകയായിരുന്നു. ഭരണാധികാരികളുടെ സദാചാരമില്ലായ്മ, സുഖലോലുപത, അഭ്യന്തരകലഹങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും ഇതിന്റെ തകര്‍ച്ചക്ക് കാരണമായിരുന്നത്.
Leave A Comment