നേതൃഗുണങ്ങള്‍ - പ്രവാചകജീവിതത്തില്‍നിന്ന് വായിച്ചെടുക്കുമ്പോള്‍
നിശ്ചയമായും അല്ലാഹു ഥാലൂത്തിനെ നിങ്ങള്‍ക്ക് രാജാവായി നിശ്ചയിച്ചിരിക്കുന്നു എന്ന് തങ്ങളുടെ നബി അവരോട് പറഞ്ഞു. അവര്‍ പ്രതികരിച്ചു: ഞങ്ങളുടെ മേല്‍ അദ്ദേഹത്തിന് രാജാധികാരമുണ്ടാകുന്നതെങ്ങനെ? രാജാധികാരത്തിന് ഇദ്ദേഹത്തേക്കാള്‍ അര്‍ഹത ഞങ്ങള്‍ക്കാണല്ലോ ഉള്ളത്; അദ്ദേഹത്തിന് ധനസമൃദ്ധിയും നല്‍കപ്പെട്ടിട്ടില്ല. (ഇതു കേട്ടപ്പോള്‍) അദ്ദേഹം (നബി) പറഞ്ഞു: അല്ലാഹു നിശ്ചയമായും ഥാലൂത്തിനെ നിങ്ങളെക്കാള്‍ ഉല്‍കൃഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. അദ്ദേഹത്തിന് കൂടുതല്‍ വിപുലമായ അറിവും ശക്തിയും അവന്‍ നല്‍കിയിട്ടുണ്ട്. താന്‍ ഇച്ഛിക്കുന്നവര്‍ക്ക് തന്റെ രാജാധികാരത്തെ അവന്‍ നല്‍കുന്നു. അല്ലാഹു ധാരാളമായി കൊടുക്കുന്നവനും സര്‍വജ്ഞനുമാകുന്നു (സൂറതുല്‍ബഖറ-247)
ഒരു നേതാവിന്റെ ഗുണഗണങ്ങളെന്തായിരിക്കണമെന്നതിന്റെ ഏറ്റവും ഹ്രസ്വവും സമഗ്രവുമായ വിവരണമാണ് ഈ ആയതുകളിലൂടെ വിശുദ്ധ ഖുര്‍ആന്‍ നടത്തുന്നത്. നേതൃത്വം (ലീഡര്‍ഷിപ്പ്) എന്നത് വളരെ പ്രധാനമാണെന്നും അത് ഏല്‍പിക്കപ്പെടുന്നവന്‍ അതിന് യോഗ്യനായിരിക്കണമെന്നും ഈ വചനം വ്യക്തമാക്കുന്നു. എല്ലാവരെയും അതിന് പറ്റില്ലെന്നും ചില പ്രത്യേക ഗുണഗണങ്ങളും വിശേഷണങ്ങളുമുള്ളവനേ അത് സുഗമമായി നിര്‍വ്വഹിക്കാനാവൂ എന്നുമാണ് ഈ സൂക്തം പറയുന്നത്. അല്ലാഹു കനിഞ്ഞരുളിയ നേതൃപാടവ ഗുണങ്ങളെല്ലാം വേണമെന്ന് ചുരുക്കത്തിലും അവയുടെ രണ്ടറ്റങ്ങളെന്ന് പറയാവുന്ന ബൌദ്ധികവും കായികവുമായ വൈശിഷ്ട്യങ്ങളാവശ്യമാണെന്ന് കൃത്യമായും ഇവിടെ പറഞ്ഞുവെക്കുന്നുണ്ട്. ഈ ആയതിന്റെയും ഏതാനും ഹദീസുകളുടെയും വെളിച്ചത്തില്‍ നേതാവിനുണ്ടായിരിക്കേണ്ട സുപ്രധാന ഗുണങ്ങളെ നമുക്ക് വായിച്ചെടുക്കാം.
1. വിശ്വസ്തത (Honesty & Integrity) – ഒരു നേതാവിന്റെ ഏറ്റവും പ്രധാനമായ ഗുണം ഇതാണെന്ന് പറയാം. പ്രവാചകര്‍(സ്വ)ക്ക് നുബുവ്വത് ലഭിക്കുന്നത് നാല്‍പതാം വയസ്സിലാണ്. പക്ഷേ, അതിന് മുമ്പുള്ള നാല്‍പത് വര്‍ഷത്തെ ജീവിതവും അതു പോലെ പ്രധാനമാണ്. താന്‍ അല്ലാഹുവിന്റെ ദൂതനാണെന്നതിന് തെളിവായി ആ സമൂഹത്തിന് ഒരിക്കലും നിഷേധിക്കാന്‍ പറ്റാത്ത വിധം ഉയര്‍ന്ന് നിന്നത് അവിടുത്തെ വിശ്വസ്തതയായിരുന്നു. ഇന്നലെ വരെ അല്‍അമീന്‍ എന്ന് വിളിച്ചിരുന്നവര്‍ അടുത്ത ദിനം അത് മാറ്റിവിളിച്ചപ്പോള്‍, ഒരു പക്ഷേ ഏറ്റവും കൊടിയ ശത്രുവിന്റെ മനസ്സ് പോലും ഒന്ന് പിടച്ചിട്ടുണ്ടാവും, കാരണം മനസ്സാക്ഷി തീര്‍ച്ചയായും അവരോട് പറഞ്ഞിട്ടുണ്ടാവും, ഇല്ല, അല്‍അമീന്‍ ഒരിക്കലും കള്ളം പറയില്ലെന്ന്.
2. ലക്ഷ്യവും അര്‍പ്പണബോധവും (Vision & Dedication) – തന്നിലര്‍പ്പിതമായ കാര്യമെന്താണെന്നും എന്താണ് തന്റെ ലക്ഷ്യമെന്നുമുള്ള തിരിച്ചറിവും അതിലേക്ക് എത്തിപ്പെടാനുള്ള സര്‍വ്വാര്‍പ്പണവുമാണ് ഒരു നേതാവിന്റെ രണ്ടാമത്തെ ഗുണമെന്ന് പറയാം. അപ്പോഴേ അയാള്‍ക്ക് തന്റെ അനുയായികളെയും കൊണ്ട് മുന്നേറാനാവൂ.
ശത്രുക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി, പ്രവാചകത്വവാദത്തില്‍നിന്ന് പിന്തിരിയണമെന്ന് തന്നോട് ആവശ്യപ്പെട്ട അബൂത്വാലിബിനോട് പ്രവാചകര്‍(സ്വ) പറയുന്നത് ഇങ്ങനെ വായിക്കാം, എന്റെ വലത്തെ കൈയ്യില്‍ സൂര്യനെയും ഇടത്തേ കൈയ്യില്‍ ചന്ദ്രനെയും വെച്ചുതന്നാല്‍ ഈ ഉദ്യമത്തില്‍നിന്ന് പിന്തിരിയുന്ന പ്രശ്നമേ ഇല്ല. തന്റെ ലക്ഷ്യത്തെകുറിച്ചുള്ള തികഞ്ഞബോധവും അതിന് വേണ്ടി എന്തും ത്യജിക്കാനുള്ള ഉറച്ച മനസ്സുമാണ് ഇവിടെ പ്രകടമാവുന്നത്.
3. ആത്മവിശ്വാസം (Confidence) – ഏത് വലിയ പ്രതിസന്ധിക്ക് മുമ്പിലും തളരാത്ത ആത്മവിശ്വാസമാണ് ഒരു നേതാവിന്റെ മറ്റൊരു പ്രധാന ഗുണം. അതില്ലാത്ത നേതാവ്, അനുയായികളെ വഴിക്ക് വിട്ട് ഒളിച്ചോടുകയേ ഉള്ളൂ. പ്രവാചകജീവിതത്തിലെ ഈ രംഗം ഒന്ന് നോക്കൂ.
മക്കക്കാരുടെ പീഢനം സഹിക്കവയ്യാതെ മദീനയിലേക്ക് ഹിജ്റ പോകുന്ന വേള. ആരുടെയെങ്കിലും കണ്ണില്‍പെടുമോ എന്ന് ഭയന്ന് മൂന്ന് ദിവസം സൌര്‍ഗുഹയില്‍ കഴിച്ചുകൂട്ടിയ ശേഷം, സാധാരണവഴിയില്‍ മാറിയാണ് സഞ്ചരിക്കുന്നത് പോലും. സഹചാരിയായ അബൂബക്റ് (റ), പ്രവാചകര്‍ക്ക് എന്തെങ്കിലും ആപത്ത് വരുമോ എന്ന് ഭയന്ന് നാല് ഭാഗത്ത് മാറിമാറി നിന്നാണ് സഞ്ചരിക്കുന്നത്. ഈ വേളയിലാണ്, സുറാഖത്ബിന്‍മാലിക് അവരെ കാണുന്നത്. ഖുറൈശികള്‍ പ്രഖ്യാപിച്ച വലിയ ഇനാം നേടിയെടുക്കാമെന്ന സന്തോഷത്തിലാണ് അദ്ദേഹം. മുമ്പിലെത്തിയ സുറാഖയോട് നബിതങ്ങള്‍ പറഞ്ഞത് കേട്ടാല്‍, സാധാരണക്കാരനായ ഏതൊരാള്‍ക്കും ചിരിയേ വരൂ, അവിടുന്ന് പറഞ്ഞു, സുറാഖാ, കിസ്റാരാജാവിന്റെ കൈവളകള്‍ നിനക്ക് അണിയിക്കപ്പെട്ടാല്‍ എങ്ങനെയിരിക്കും.
സ്വന്തം ജീവന് പോലും ഭീഷണി നേരിട്ട് ഒളിച്ചോടുന്ന പ്രവാചകരുടെ മനസ്സ് എത്രമാത്രം സുദൃഢവും അചഞ്ചലവും ആത്മവിശ്വാസനിര്‍ഭരവുമായിരുന്നുവെന്നാണ് ഇത് കാണിക്കുന്നത്.
4. ഉത്തരവാദിത്തബോധം (Accountability) – തനിക്ക് ലഭിച്ച നേതൃത്വം ഒരു അലങ്കാരമല്ലെന്നും അത് തന്നിലര്‍പ്പിക്കപ്പെട്ട വലിയൊരു ഉത്തരവാദിത്തമാണെന്നുമുള്ള ബോധമാണ് ഒരു നല്ല നേതാവിനെ വ്യതിരിക്തനാക്കുന്ന മറ്റൊരു ഘടകം. തനിക്ക് ശേഷം ഈ സ്ഥാനം തന്റെ മക്കള്‍ക്ക് ലഭിക്കണമെന്ന് ആഗ്രഹിക്കുകയും അതിനായി എന്ത് കരുനീക്കങ്ങളും നടത്തുകയും ചെയ്യുന്നത് ഈ ബോധമില്ലാത്തതിനാലാണ്.
ഒരു ഹദീസ് ഇങ്ങനെ വായിക്കാം, നിങ്ങളെല്ലാം ഭരണകര്‍ത്താക്കളാണ്, ഓരോരുത്തരും അവരുടെ ഭരണീയരെ കുറിച്ച് ചോദിക്കപ്പെടുക തന്നെ ചെയ്യും.
ഇറാഖിലെ വഴികളില്‍ ഏതെങ്കിലും ഒരു കോവര്‍കഴുത കാല് തെറ്റി വീണാല്‍, ആ വഴി എന്ത് കൊണ്ട് നീ ശരിയാക്കിയില്ലെന്ന് എന്റെ നാഥന്‍ ചോദിക്കില്ലേ എന്ന് ആശങ്കപ്പെട്ട ഖലീഫ ഉമര്‍(റ) ഈ ഹദീസിന്റെ ഉല്‍പന്നമായിരുന്നു. തന്റെ ശേഷം അധികാരമേല്‍പ്പിക്കാവുന്നവരുടെ പേരുകള്‍ നല്‍കിയപ്പോള്‍ അതിലേക്ക് മറ്റുള്ളവര്‍ തന്റെ മകനായ അബ്ദുല്ല (റ) പേര് കൂടി ചേര്‍ത്തിയത് കണ്ട്, ഉമര്‍(റ) അത് വെട്ടിക്കളഞ്ഞതും അത് കൊണ്ട് തന്നെ.
5. വൈകാരികപക്വത (Emotional intelligence) – ഇതും ഒരു നേതാവിന് ഏറെ ആവശ്യമാണ്. അണികളില്‍ വിവിധ തരക്കാരുണ്ടായേക്കാം, അവരുടെ പ്രതികരണങ്ങള്‍ പല തലത്തിലായിരിക്കാം. എന്നാല്‍ അവയോടെല്ലാം പക്വതയോടെ പെരുമാറാന്‍ കഴിയേണ്ടവനാണ് നേതാവ്.
പ്രവാചകര്‍ (സ്വ) അനുയായികളോടൊപ്പം നടന്നുപോകുന്ന വേളയില്‍, ഒരു അഅ്റാബി കഴുത്തിലെ പുതപ്പ് വലിച്ച സംഭവം പ്രസിദ്ധമാണല്ലോ. അതിന് പ്രതികാരം ചെയ്യാനുള്ള എല്ലാ കഴിവും സാഹചര്യവുമുണ്ടായിട്ടും, പുഞ്ചിരിച്ച് കൊണ്ട്, അദ്ദേഹത്തിന് ആവശ്യമായത് നല്‍കാന്‍ കല്‍പിക്കുന്ന പ്രവാചകരെയാണ് നാം അവിടെ കാണുന്നത്.
6. നല്ലൊരു ശ്രോതാവ് (Listen to others)– തന്റെ ഇംഗിത പ്രകാരം അനുയായികളും സഞ്ചരിക്കണമെന്നത് നല്ല നേതൃത്വത്തിന്റെ ലക്ഷണമല്ല. മറിച്ച്, കാര്യങ്ങളെല്ലാം അവരുമായി ചര്‍ച്ച ചെയ്ത്, എല്ലാവരും പൊതുവായി അംഗീകരിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെ എത്തിക്കുകയും ശേഷം കൂട്ടമായി അത് വിജയിപ്പിച്ചെടുക്കുകയും ചെയ്യുക എന്നതാണ് ഒരു നേതാവിന്റെ ഗുണം. ബദ്റ് വേളയിലെ ചര്‍ച്ചകള്‍ നമുക്ക് ഇതിനോട് ചേര്‍ത്ത് വായിക്കാം.
അബൂസുഫ്‍യാനും സംഘവും യുദ്ധത്തിന് സജ്ജരായി വരുന്നുണ്ടെന്നറിഞ്ഞ പ്രവാചകര്‍ അനുയായി പ്രമുഖരെയെല്ലാം പള്ളിയില്‍ വിളിച്ചുകൂട്ടി, എന്ത് ചെയ്യണമെന്ന് അവരോട് അഭിപ്രായങ്ങള്‍ തേടി. അബൂബക്റ്(റ)വും ഉമര്‍(റ) അടക്കമുള്ള പലരും നാമും യുദ്ദത്തിന് തയ്യാറാവണമെന്ന് അഭിപ്രായം രേഖപ്പെടുത്തി. പക്ഷേ, പ്രവാചകര്‍ അത് മുഖവിലക്കെടുക്കാതെ വീണ്ടും സദസ്സിനെ നോക്കി. ഇതുവരെ പറഞ്ഞത് മുഹാജിറുകളായിരുന്നുവെന്നും നബിതങ്ങള്‍ മദീനക്കാരായ അന്‍സ്വാറുകളുടെ അഭിപ്രായം കൂടി കാത്തിരിക്കുകയാണെന്നും മനസ്സിലാക്കിയ സഅ്ദുബ്നുഉബാദ(റ) എണീറ്റ് നിന്ന് ഇങ്ങനെ പറഞ്ഞു, പ്രവാചകരേ, ഞങ്ങളെയാണോ അങ്ങ് ഉദ്ദേശിക്കുന്നത്, എങ്കില്‍ കേട്ടോളൂ, താങ്കള്‍ ആവശ്യപ്പെടുന്ന പക്ഷം ഒന്നടങ്കം കടലിലിറങ്ങാന്‍ പോലും ഞങ്ങള്‍ തയ്യാറാണ്, ഞങ്ങളുടെ കരള്‍ പറിച്ച് നല്കണമെന്ന് പറഞ്ഞാല്‍ അതിനും ഞങ്ങള്‍ തയ്യാറാണ്. ഇത് കേട്ടതോടെ പ്രവാചകരുടെ മുഖം തെളിഞ്ഞു.
7. ഫലപ്രദമായ ആശയവിനിമയം (Effective communication) – ഫലപ്രദമായി ആശയം വിനിമയം നടത്താനാവുക എന്നത് നേതാവിന്റെ മറ്റൊരു ഗുണമാണ്. പ്രവാചകരുടെ വിനിയമ പാടവത്തെകുറിച്ച് ആഇശ(റ) പറയുന്നത് ഇങ്ങനെ വായിക്കാം, പ്രവാചകരുടെ സംസാരം ഏറെ സ്ഫുടമായിരുന്നു, കേള്‍ക്കുന്നവര്‍ക്കൊക്കെ അത് മനസ്സിലാകുമായിരുന്നു (അബൂദാവൂദ്)
8. ഊര്‍ജ്ജം പകരുക (Inspire others)– തന്റെ വാക്കിലൂടെയും പ്രവര്‍ത്തനത്തിലൂടെയും മറ്റുള്ളവര്‍ക്ക് ഊര്‍ജ്ജം പകരാനാവുക എന്നത് നേതാവിനുണ്ടായിരിക്കേണ്ട മറ്റൊരു ഗുണമാണ്. മദീനയിലെത്തിയ പ്രവാചകര്‍(സ്വ) അനുയായികളോടൊപ്പം പള്ളി പണിയുന്ന രംഗം നമുക്കൊന്ന് നോക്കാം. എല്ലാവരും വളരെ ആവേശത്തോടെ പണിയില്‍ വ്യാപൃതരാണ്. കല്ല് ചുമക്കാനും മണ്ണ് കുഴക്കാനുമൊക്കെ എല്ലാവരും അഹമഹമികയാ മുന്നിലുണ്ട്. അതിന് അവര്‍ക്ക് ആവേശം പകര്‍ന്നത് തങ്ങളിലൊരാളായി പണിയെടുക്കുന്ന പ്രവാചകരെന്ന നേതാവായിരുന്നു. അത് കണ്ട അനുയായികള്‍ക്ക് അധ്വാനത്തിന്റെ വിയര്‍പ്പിനിടയിലും കവിതയുടെ ഈരടികളൊഴുകി. അവര്‍ ഇങ്ങനെ പാടി,
"വന്‍പാപമല്ലോ വെറുതെ ഇരുന്നാല്‍ യത്നിക്കവെ ഈ പുണ്യപൂമാന്‍ പരലോകമല്ലോ സത്യമേകം നാഥാ നീയേകണേ കരുണാകടാക്ഷം".9. ആത്മാര്‍ത്ഥമായി സ്നേഹിക്കുക (Love sincerely)– തന്റെ അനുയായികളെ ആത്മാര്‍ത്ഥമായി സ്നേഹിക്കുക എന്നതാണ് ഒരു നേതാവിന്റെ മറ്റൊരു ഗുണം. അവര്‍ക്ക് നല്ലത് മാത്രം ആഗ്രഹിക്കുകയും അതിനായി സദാ സമയവും പ്രവര്‍ത്തിക്കുകയും അല്ലാഹുവിന് പ്രാര്‍ത്ഥിക്കുകയും ചെയ്യുക എന്നത് ഏറ്റവും വലിയൊരു ഗുണമാണ്. അവസാനദിവസങ്ങളിലും തന്റെ സമുദായത്തെകുറിച്ചും അവസാനനാള്‍ വരെ വരാനിരിക്കുന്ന തന്റെ അനുയായികളെ കുറിച്ചും ആശങ്കപ്പെടുന്ന പ്രവാചകരെയാണ് നമുക്ക് കാണാനാവുന്നത്. ഇനിയും വന്നിട്ടില്ലാത്ത നമ്മുടെ സഹോദരങ്ങളെ കാണാന്‍ എനിക്ക് കൊതിയാവുന്നു എന്ന പ്രവാചകവചനം ഇതാണ് വെളിവാക്കുന്നത്. മരണവേളയിലെ വേദന അനുഭവിച്ചപ്പോഴും അവിടുന്ന് ചോദിച്ചത്, ഈ വേദന തന്റെ സമുദായത്തിലുള്ളവര്‍ക്കെല്ലാം ഉണ്ടാവില്ലേ എന്നും അത് പരമാവധി ലഘൂകരിച്ച് കൊടുക്കണേ എന്ന അവിടുത്തെ പ്രാര്‍ത്ഥനയും ആ കലവറയില്ലാത്ത സ്നേഹത്തിന്റെ ബഹിര്‍സ്ഫുരണങ്ങളാണ്.
10. സുതാര്യത (Transparency) – പൊതുകാര്യങ്ങളില്‍ മാത്രമല്ല, വ്യക്തി ജീവിതത്തില്‍ പോലും കാണിക്കുന്ന സുതാര്യതയും ഒരു നേതാവിന്റെ വലിയ ഗുണം തന്നെ. സ്വജീവിതത്തില്‍ വിശുദ്ധി കാത്ത് സൂക്ഷിക്കുമ്പോള്‍ മാത്രമേ അതിന് സാധിക്കൂ. മനസ്സും ശരീരവും ജീവിതം മുഴുക്കെയും വിശുദ്ധമെന്ന് ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തിയ പ്രവാചകര്‍ (സ്വ), അതെല്ലാം പൂര്‍ണ്ണാര്‍ത്ഥത്തില്‍ അംഗീകരിക്കുന്ന തന്റെ അനുയായികള്‍ക്ക് മുമ്പില്‍ പോലും ആ സുതാര്യത പ്രകടമാക്കുന്നത് നമുക്ക് കാണാം.
പ്രവാചകരുടെ ഭാര്യ സ്വഫിയ്യ (റ) പറയുന്നു, നബി തങ്ങള്‍ ഒരിക്കല്‍ പള്ളിയില്‍ ഇഅ്തികാഫിലായിരുന്നപ്പോള്‍ ഞാന്‍ സന്ദര്‍ശിക്കാന്‍ ചെന്നു. സംസാരം പൂര്‍ത്തിയാക്കി ഞാന്‍ തിരിച്ചുപോന്നപ്പോള്‍ അവിടുന്ന് എന്റെ കൂടെ വീടുവരെ അനുഗമിച്ചു. അപ്പോഴാണ്, അന്‍സ്വാറുകളായ രണ്ട് പേര്‍ അത് വഴി വന്നത്. (പ്രവാചകരെയും കൂടെ ഒരു സ്ത്രീയെയും കണ്ട) അവര്‍ നടത്തത്തിന് ധൃതി കൂട്ടി. ഇത് കണ്ട പ്രവാചകര്‍ (സ്വ) അവരോടായി ഇങ്ങനെ പറഞ്ഞു, പതുക്കെ പോയാല്‍ മതി, ഇത് എന്റെ ഭാര്യ സ്വഫിയ്യയായണ്. ഇത് കേട്ട അവര്‍ പറഞ്ഞു, അല്ലാഹു എത്ര പരിശുദ്ദനാണ് (അങ്ങയെ കുറിച്ച് ഞങ്ങളൊരിക്കലും തെറ്റിദ്ധരിക്കില്ലല്ലോ എന്ന അര്‍ത്ഥത്തില്‍). പ്രവാചകര്‍ പ്രതിവചിച്ചു, പിശാച് മനുഷ്യശരീരത്തില്‍ ചലിച്ചുകൊണ്ടേയിരിക്കുകയാണ്. അവന്‍ എന്നെ കുറിച്ച് നിങ്ങളുടെ മനസ്സില്‍ എന്തെങ്കിലും ദുഷ്ചിന്ത വിതച്ചാലോ എന്ന് ഞാന്‍ ഭയപ്പെട്ടു. (ബുഖാരി)
നേതൃഗുണങ്ങളില്‍ പ്രധാനമെന്ന് പൊതുവെ പറയപ്പെടുന്ന പത്ത് കാര്യങ്ങളാണ് മേലെ നാം പ്രതിപാദിച്ചത്. ഇത്തരത്തില്‍ പറയപ്പെടുന്ന ഏത് ഗുണങ്ങള്‍ എടുത്തുനോക്കിയാലും അവിടെയെല്ലാം പ്രവാചകാധ്യാപനങ്ങളും അവിടുത്തെയും അനുയായികളുടെയും വിശുദ്ധ ജീവിതത്തിലെ ചാരുത നിറഞ്ഞ സുമോഹന മാതൃകകളും വേണ്ടുവോളം കാണാവുന്നതേയുള്ളൂ.
ചുരുക്കത്തില്‍ നമുക്ക് പറയാം, നേതൃത്വത്തിന്റെ സകലഗുണങ്ങളും ഒത്തിണങ്ങിയ നേതാവ്, അത് പ്രവാചകര്‍(സ്വ) തന്നെയായിരുന്നു. അവിടുന്ന് വാര്‍ത്തെടുത്ത ഉത്തമസമൂഹവും സച്ചരിതരായ ആ അനുചരന്മാരും തന്നെയാണ് അതിന്റെ ഏറ്റവും വലിയ തെളിവ്.
Leave A Comment