നിങ്ങള്‍ക്ക് വേദനകളെ സ്നേഹിക്കാനാവുന്നുണ്ടോ... 

ഭാരവും വ്യാപ്തിയുമൊക്കെ അളക്കുന്ന പോലെ, മനുഷ്യന്റെ വേദനകളെ അളക്കാനും ഒരു യൂണിറ്റ് ഉണ്ട്. ഡോൾ എന്നാണ് അതിന് പറയുന്ന പേര്. ഇത് അളക്കുന്ന ഉപകരണത്തെ ഡോളോറിമീറ്റര്‍ എന്നും പറയുന്നു. മനുഷ്യന് സഹിക്കാൻ പറ്റുന്ന ഏറ്റവും ഉയർന്ന വേദനയുടെ ഡോൾ 9.5 ആണത്രെ. അതുകഴിഞ്ഞാൽ പിന്നെ മരണമാണ്. പ്രസവ വേദന ഏകദേശം 9.5 ഡോളിന് അടുത്ത് വരുമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. അഥവാ, മരണത്തിന്റെ തുമ്പത്ത് നിന്നാണ് ഒരമ്മ കുഞ്ഞിനെ പ്രസവിക്കുന്നത് എന്നര്‍ത്ഥം.

ഒരു കുഞ്ഞ് കിണറ്റില്‍ വീണാല്‍ അത് കാണുന്ന അമ്മയും ഒന്നും ആലോചിക്കാതെ കൂടെ ചാടും. അതേസമയം, പിതാവ് പോലും എന്ത് വേണമെന്ന് ആലോചിച്ച്, രക്ഷിക്കാനാവുമെന്ന് തോന്നിയാലേ കൂടെ ചാടാന്‍ തയ്യാറാവൂ. അമ്മക്ക് കുഞ്ഞിനോട് അദമ്യമായ ഈ സ്നേഹം ഉണ്ടാവുന്നത് അനുഭവിച്ച ആ വേദനയില്‍ നിന്നാണ്. അല്ലെങ്കില്‍, ആ സ്നേഹം ഉണ്ടാവാനായിരിക്കാം അല്ലാഹു അത്രയും വേദന നല്കുന്നത് എന്നും വേണമെങ്കില്‍ പറയാം. കാരണം, വേദനകളിലൂടെ നേടിയതിനേ വിലയുള്ളൂ. വേദനകളും പ്രയാസങ്ങളും വര്‍ദ്ധിക്കും തോറും നേട്ടങ്ങളുടെ വിലയും അതിനോടുള്ള അഭിനിവേശവും വര്‍ദ്ധിക്കുന്നു. 

ഇതുതന്നെയാണ് നമ്മുടെ ജീവിതത്തിലും സംഭവിക്കുന്നത്. നമ്മള്‍ ചെയ്യുന്ന എന്തിലും, എത്രമാത്രം വേദന അനുഭവിക്കുന്നുണ്ടോ, അതിനനുസൃതമായി ആയിരിക്കും അതിനോടുള്ള നമ്മുടെ അര്‍പ്പണബോധവും. അത്തരത്തിലുണ്ടാകുന്ന അർപ്പണം സ്വാഭാവികമായി നമ്മെ വിജയത്തിലെത്തിക്കും. വേദനയില്ലാതെ നേട്ടങ്ങൾ ഇല്ല (No pain, no gain) എന്ന് ആചാര്യന്മാർ പറഞ്ഞതും ഇത് തന്നെയാണ്.

സാഹിത്യകാരന്മാരും അവരുടെ അസുഖങ്ങളും എന്ന വിഷയത്തെ ആധാരമാക്കി ചില പഠനങ്ങൾ നടന്നിട്ടുണ്ട്. അസുഖങ്ങൾ ബാധിച്ച പല ആളുകളും വലിയ സാഹിത്യകാരന്മാർ ആയിട്ടുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. കാരണം രോഗങ്ങൾ നൽകുന്ന വേദനയാണ് സൃഷ്ടിയായി  മാറുന്നത്.
വേദന സർഗ്ഗ രചനകൾക്ക് പ്രചോദനമാകുന്നുണ്ട്.  വേദന എന്നത് ശാരീരികമോ ഭൗതികമോ ആയ വേദനകൾ തന്നെയാകണമെന്നില്ല. ബാഹ്യമായ വേദന പോലെ ആന്തരികമായ വേദനയും സൃഷ്ടികൾക്ക് പ്രചോദനം ആയേക്കാം.

ഉദാഹരണത്തിന് എല്ലാ സുഖസൗകര്യങ്ങളും കൂടി കഴിയുന്ന ചില സാഹിത്യകാരന്മാരെ നാം കണ്ടേക്കാം. ബാഹ്യമായി ഏറെ സന്തുഷ്ടനാണ് അയാളെങ്കിലും, ആത്മാവിൽ ഏതോ വേദന അനുഭവിക്കുന്നുണ്ടാവും. ആ വേദനകളുടെ ഫലമായിരിക്കും അദ്ദേഹത്തിന്റെ സൃഷ്ടികൾ. സൃഷ്ടിപരമായ എല്ലാ കാര്യങ്ങളും ഉണ്ടാകുന്നത് ഒരുതരം വേദനയിൽ നിന്നാണ് എന്നര്‍ത്ഥം. ജീവിതം ചൂളയായി മാറിയപ്പോള്‍, ആ തീയ്യില്‍ ഞാന്‍ വെളിച്ചം കണ്ടെത്തി എന്ന കവിവാക്യവും ഇത് തന്നെയാണ് നമ്മോട് പറയുന്നത്.

അങ്ങനെ നോക്കുമ്പോള്‍, വേദനകളാണ് ഈ ലോകത്തെ നിയന്ത്രിക്കുന്നത് എന്ന് തന്നെ പറയാം. നാം കാണുന്ന നേട്ടങ്ങളും പുരോഗതികളുമെല്ലാമുണ്ടായത്, വേദനകളിലൂടെയാണ് എന്നര്‍ത്ഥം. എന്നാല്‍, അത് തിരിച്ചറിയാതെ, വേദനകളെ വെറുക്കുന്നതാണ് നമ്മുടെ രീതി. വേദനകളെ ഇഷ്ടപ്പെടാൻ നമുക്ക് സാധിക്കുന്നില്ല. അഥവാ, ജീവിതത്തിൽ വിജയത്തിനുള്ള സാധ്യതകളാണ് നാം അടയ്ക്കുന്നത്. 

ജീവിതത്തില്‍ കാര്യമായ എന്തെങ്കിലും നേടണമെങ്കില്‍ വേദനകളുണ്ടാവണം. ഒരു പക്ഷെ, ആ വേദനകള്‍ നമുക്ക് അസഹ്യമായിത്തോന്നിയേക്കാം. എന്നാല്‍, അതിലൂടെ സൃഷ്ടിപരമായ കാര്യങ്ങള്‍ ചെയ്യാനായാല്‍, ഒടുവില്‍ നാം ആ വേദനകള്‍ക്ക് സ്തുതി പറയാതിരിക്കില്ല. അതേ സമയം, പ്രയാസങ്ങളില്ലാതെ സുഭിക്ഷതയില്‍ ആറാടിത്തീര്‍ക്കുന്ന ജീവിതം അവസാനം നമ്മെ കൊണ്ടെത്തിക്കുന്നത് മാനസിക അസന്തുഷ്ടിയിലേക്കാണ് എന്നതും പലരുടെയും ജീവിതം നമ്മോട് പറയുന്നുണ്ട്. 

അങ്ങനെ നോക്കുമ്പോള്‍, വേദനകളെ സ്നേഹിക്കാനും സ്വാഗതം ചെയ്യാനും മാത്രമേ നമുക്ക് കഴിയൂ. അങ്ങനെ സാധിച്ചാല്‍, ഈ ജീവിതം തന്നെ സന്തോഷപൂര്‍ണ്ണമായിത്തീരുന്നു. അത് അല്ലാഹുവിന്റെ പ്രീതി കൂടി കാംക്ഷിച്ചാവുമ്പോള്‍, അനന്തര ജീവിതവും വിജയത്തിലെത്തുന്നു. അങ്ങനെയാവണം ഒരു വിശ്വാസി. നാഥന്‍ തുണക്കട്ടെ.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter