ഒ.കെ ഉസ്താദ്... വിജ്ഞാനത്തിനായി ഉഴിഞ്ഞ് വെച്ച ജീവിതം
1996 ആഗസ്റ്റ് 29.. വ്യാഴാഴ്ച...
അന്നായിരുന്നു സമസ്ത കേരള ജംഇയ്യതുല്‍ ഉലമായുടെ സെക്രട്ടറിയായി ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാര്‍ എന്ന പണ്ഡിത ശ്രേഷ്ഠര്‍ തെരഞ്ഞെടുക്കപ്പെടുന്നത്. തൊട്ടടുത്ത ദിവസം വെള്ളിയാഴ്ച അതിരാവിലെ സുബ്ഹി നിസ്കാരം കഴിഞ്ഞ്, അദ്ദേഹം നേരെ പോയത് ഒതുക്കുങ്ങലിലേക്കായിരുന്നു. മറ്റൊന്നുമായിരുന്നില്ല ലക്ഷ്യം, തന്റെ ഗുരുനാഥന്റെ സമീപമെത്തി ആ വിവരം പറയുകയും അനുഗ്രഹത്തിനായി ദുആ ചെയ്യിപ്പിക്കുകയും ചെയ്യുക എന്നത് മാത്രമായിരുന്നു.
വീട്ടിലെത്തി വാതിലില്‍ മുട്ടി. ആരാണെന്ന ചോദ്യത്തിന് സൈനുദ്ദീന്‍ മുസ്‍ലിയാരാണ് എന്ന് മറുപടി പറഞ്ഞു. അത് കേട്ടതും വാതില്‍ തുറന്ന് പുറത്ത് വന്ന് കണ്ടപാടെ ചോദിച്ചു, ആരാണ് പുതിയ സെക്രട്ടറി?. വിനയാന്വിതനായ ആ ശിഷ്യന്‍ ഇങ്ങനെ പറഞ്ഞു, എല്ലാവരും കൂടെ എന്റെ തലയിലാണ് ഇട്ടിരിക്കുന്നത് ഉസ്താദേ.
അവിടുത്തെ മറുപടി ഇങ്ങനെയായിരുന്നു, അത് തന്നെയാണ് ഞാനും ആഗ്രഹിച്ചിരുന്നത്, ഇന്‍ ശാ അല്ലാഹ്, ഖൈര്‍ ആവട്ടെ.
തന്റെ ശിഷ്യനെ തേടിയെത്തിയ കേരള ജനതയുടെ ഏറ്റവും വലിയ വൈജ്ഞാനിക അംഗീകാരത്തില്‍ ആ ഗുരുവിന്റെ കണ്ണും മനസ്സുും നിറഞ്ഞു. അവിടുന്ന് അനുഗ്രഹത്തിനും കര്‍ത്തവ്യനിര്‍വ്വഹണത്തിനുള്ള തൌഫീഖിനും വേണ്ടി, തലയില്‍ കൈ വെച്ച് പ്രത്യേകം ദുആ ചെയ്തുകൊടുക്കുകയും ചെയ്തു. ഒതുക്കുങ്ങല്‍ ഇഹ്‍യാഉസ്സുന്ന അറബിക് കോളേജിന്റെ സ്ഥാപകന്‍ കൂടിയായ ഓടക്കല്‍ എന്തീന്‍ കുട്ടി മുസ്‍ലിയാര്‍ എന്ന ഒ.കെ ഉസ്താദായിരുന്നു ഭാഗ്യം ചെയ്ത ആ മഹാഗുരുനാഥന്‍.
മലപ്പുറം ജില്ലയിലെ കുഴിപ്പുറം മുസ്‌ലിയാരകത്ത് ഓടക്കല്‍ തറവാട്ടില്‍ മഖ്ദൂം പരമ്പരയിലാണ് ഒ.കെ ഉസ്താദിന്റെ ജനനം. സൈനുദ്ദീന്‍ മഖ്ദൂമില്‍ നിന്ന് അറിവു നേടാന്‍ യമനില്‍ നിന്ന് പൊന്നാനിയിലെത്തിയ അബ്ദുറഹ്മാനുല്‍ യമനിയുടെ സന്താനപരമ്പരയിലാണ് ഉസ്താദ്. സൈനുദ്ദീന്‍ മഖ്ദൂമിന്റെ മകള്‍ ഫാത്വിമാ ബീവിയെയാണ് അബ്ദുറഹ്മാനുല്‍ യമനി വിവാഹം ചെയ്തത്. ഭാര്യക്ക് ഗര്‍ഭമുള്ളപ്പോള്‍ സ്വദേശത്തേക്ക് യാത്ര തിരിച്ച ആ മഹാ പണ്ഡിതന്‍, പിറക്കാനിരിക്കുന്ന കുഞ്ഞിന് അലി ഹസനെന്ന പേരിടണമെന്ന നിര്‍ദേശം നല്‍കി. ഇല്‍മിലും തഖ്‌വയിലുമായി വളര്‍ന്ന അലിഹസന്‍ മുസ്‌ലിയാര്‍ തിരൂരങ്ങാടിയില്‍ ഖാളിയായി നിയമിതനായി. തിരൂരങ്ങാടിയില്‍ വെച്ചാണ് ഓടക്കല്‍ എന്ന് തറവാടിന് പേരുവന്നത്. പിന്നീട് പലയിടങ്ങളിലേക്കും ഈ കുടുംബം പ്രസരിച്ചു. ഈ ശൃംഖലയില്‍ കുഴിപ്പുറത്തെ അലിഹസന്‍ മുസ്‌ലിയാരുടെ മകനായാണ് ശൈഖുനാ ഒ.കെ ഉസ്താദ് പിറക്കുന്നത്.
25 വര്‍ഷത്തോളം നീണ്ടുനിന്നതായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗിക വിജ്ഞാനസമ്പാദന കാലം. പിതാവായ അലി ഹസന്‍ എന്ന കോയട്ടി മുസ്‌ലിയാര്‍ തന്നെയായിരുന്നു ആദ്യഗുരുനാഥന്‍. മക്കളെ സ്വന്തം ശിക്ഷണത്തില്‍ തന്നെ വളര്‍ത്തി കൊണ്ട് വരിക എന്നത് അക്കാലത്തെ മലബാറിലെ പണ്ഡിത കുടുംബങ്ങളുടെ പതിവ് രീതിയായിരുന്നു. ശേഷം അമ്പലവന്‍ കുഞ്ഞിമൊയ്തീന്‍ മുസ്‌ലിയാര്‍, കൈപ്പറ്റ കരിമ്പനക്കല്‍ മമ്മുട്ടി മുസ്‌ലിയാര്‍ തുടങ്ങിയ പണ്ഡിത ശ്രേഷ്ഠരില്‍നിന്നും പഠനം തുടര്‍ന്നു. പിന്നീട് സ്വദഖത്തുല്ല മുസ്‌ലിയാരുടെ ശിക്ഷണത്തിലാണ് വളര്‍ന്നത്. സ്വദഖത്തുല്ല മുസ്‌ലിയാരുടെ സവിശേഷമായ അധ്യാപന ശൈലിയും വിശകലന പാടവവും അദ്ദേഹത്തെ നന്നായി സ്വാധീനിച്ചിരുന്നു.
ശേഷം ശൈഖ് ഹസന്‍ ഹസ്രത്തുമായുള്ള കൂടിക്കാഴ്ചയില്‍ കാപ്പാട് കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരെ കുറിച്ചറിയുകയും അദ്ദേഹത്തിന്റെ ദര്‍സില്‍ ചേര്‍ന്ന് രിസാലത്തുല്‍ മാറദീനി അടക്കമുള്ല വിവിധ കിതാബുകള്‍ ഓതുകയും വിവിധ വിജ്ഞാന മേഖലകളില്‍ പ്രാഗല്‍ഭ്യം നേടുകയും ചെയ്തു.
1944ല്‍ ഉപരിപഠനത്തിനായി വെല്ലൂര്‍ ബാഖിയാത്തില്‍ ചേര്‍ന്നു. കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ അടക്കമുള്ല പല പ്രമുഖരും ബാഖിയാത്തില്‍ അദ്ദേഹത്തിന്റെ സഹപാഠികളായിരുന്നു. ശംസുല്‍ ഉലമാ (പണ്ഡിത സൂര്യന്‍) എന്നറിയപ്പെടുന്ന ഇ.കെ അബൂബക്റ് മുസ്‍ലിയാരുടെ ശിഷ്യത്വത്തിന് അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചത് അവിടെ വെച്ചായിരുന്നു.
ബാഖിയാത്തിലെ പഠനം കഴിഞ്ഞെത്തി അദ്ദേഹം 1946 ല്‍ ആദ്യ ദര്‍സ് ജന്മനാടായ കുഴിപ്പുറത്ത് ആരംഭിച്ചു. കെ സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍ അടക്കമുള്ള പല പ്രമുഖരും ആ ദര്‍സിലെത്തിയിരുന്നു. മദ്‌റസതു സിറാജുല്‍ ഉലൂം എന്ന് നാമകരണം ചെയ്യപ്പെട്ട ആ ദര്‍സിലേക്ക് പിന്നീട് വിജ്ഞാന കുതുകികളായ വിദ്യാര്‍ഥികളുടെ പ്രവാഹമായിരുന്നു. ശേഷം, തലക്കടത്തൂര്‍ കായംകുളം, ചെറുശ്ശോല, മാട്ടൂല്‍ വേദാമ്പ്രം, ചാലിയം, കിഴക്കേപ്പുറം, പൊടിയാട് തുടങ്ങിയ നാടുകളിലായി ദര്‍സ് തുടര്‍ന്നു. ഏകദശം മൂന്ന് പതിറ്റാണ്ടോളം ചാലിയത്ത് തന്നെ ദര്‍സ് നടത്തിയ അദ്ദേഹം, അക്കാലത്ത് ചാലിയത്തെ മൊയ്‌ല്യാര്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത് തന്നെ.
കേരളത്തിലെ പല പണ്ഡിത പ്രമുഖരും ചാലിയം ദര്‍സിലെ അദ്ദേഹത്തിന്റെ ശിഷ്യരാണ്. ചാലിയം ദര്‍സിന്റെ ആ സുവര്‍ണകാലത്തെ ഓര്‍മിപ്പിക്കുമാറ് ഇന്നും ചാലിയം പള്ളിക്കകത്ത് അദ്ദേഹം ദര്‍സ് നടത്തിയ ഇടം പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്.
Also Read:സമസ്ത
ഉസ്താദിന്റെ ജീവിതത്തില്‍ നിന്ന് സകലരും പകര്‍ത്തേണ്ട പാഠം സമയത്തിനോടുള്ള ഉസ്താദിന്റെ സമീപനമാണ്. ഒരാള്‍ ആവശ്യമില്ലാത്ത കാര്യങ്ങളുമായി ബന്ധപ്പെടുന്നത് അല്ലാഹു അയാളെ അവഗണിച്ചുവെന്നതിന്റെ അടയാളമാണെന്ന് ഇമാം ഗസ്സാലി അയ്യുഹല്‍ വലദില്‍ കുറിച്ചിട്ടുണ്ട്. ഇത്തരം അനാവശ്യ നിമിഷങ്ങള്‍ തീരെ കാണാനില്ലാത്ത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഒരു നിമിഷം പോലും പാഴാവാത്ത ഒരസാധാരണ ജീവിതം!. ദിവസവും സുബ്ഹിയുടെ ഏറെ മുമ്പ് ഉണര്‍ന്ന് തഹജ്ജുദിലും ഖുര്‍ആന്‍ പാരായണത്തിലും മുഴുകും. പ്രാര്‍ത്ഥനകള്‍ക്ക് ഏറ്റവും ഉചിതമായ ഇരുട്ടുള്ള രാത്രികളില്‍ ഉസ്താദ് ഏറെ കരഞ്ഞ് നീണ്ടനേരം ദുആകളിലായി ചെലവഴിക്കും. സുബ്ഹിക്ക് ശേഷം പിന്നെ ക്ലാസുകളായിരിക്കും. ഭക്ഷണത്തിനും നിസ്‌കാരത്തിനും വേണ്ടി ചെറിയ ഇടവേളകള്‍ മാത്രമേ പിന്നെയുണ്ടാവൂ.
ജമാഅത്തുകള്‍ക്കെല്ലാം ഒന്നാം സ്വഫില്‍ വലതു ഭാഗത്തു തന്നെ നിലയുറപ്പിക്കും. വൈകുന്നേരങ്ങളിലും ക്ലാസുകള്‍ തന്നെയായിരിക്കും. മഗ്‌രിബിന് അല്‍പം മുമ്പ് നിര്‍ത്തി, കുളി കഴിഞ്ഞ് തസ്ബീഹും മറ്റുമായി, ഹദീസുകളില്‍ പറയപ്പെട്ടതുപോലെ മഗ്‌രിബ് നിസ്കാരത്തെ പ്രതീക്ഷിച്ചിരിക്കും.
മഗ്‌രിബിന് ശേഷം സ്വഹീഹ് മുസ്‌ലിമിന്റെ പ്രത്യേക ദര്‍സ് ആയിരിക്കും. ആ ദര്‍സ് ഒഴിവാക്കിയ കാലം ഉസ്താദിന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലത്രെ. ഇശാ നിസ്‌ക്കാരം കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കഴിക്കാന്‍ പോകുന്ന ഇടവേളയില്‍ പതിവ് ദിക്റുകളില്‍ മുഴുകും. കുട്ടികള്‍ ഭക്ഷണം കഴിച്ച് തിരിച്ചെത്തിയാല്‍, കുട്ടികളെ നിരീക്ഷിച്ചും അവരുടെ സംശയങ്ങള്‍ തീര്‍ത്തു നല്‍കിയും അവര്‍ക്കിടയില്‍ തന്നെ കഴിച്ച് കൂട്ടും.
ഉഖ്‌റവിയ്യായ ഇല്‍മുണ്ടായാല്‍ ഐഹികമായ കാര്യങ്ങളൊക്കെ എളുപ്പമാവുമെന്ന് മുതഅല്ലിമീങ്ങളാട് എപ്പോഴും ഉപദേശിക്കും. ഹിക്മത് ലഭിച്ചവന് ധാരാളം നന്മകള്‍ കൈവരുമെന്ന ഖുര്‍ആനിക സൂക്തമാണ് അതിനു തെളിവായി ഓതുക. ആ സദുപദേശത്തിന്റെ ഹൃദ്യമായ വ്യാഖ്യാനമായിരുന്നു ഉസ്താദിന്റെ ജീവിതവും.
ഇല്‍മ് ഖബൂലാണെന്ന് തെളിയിക്കുന്ന, അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു സംഭവം ശിഷ്യന്മാര്‍ ഓര്‍ക്കാറുണ്ട്. ഉസ്താദ് രോഗശയ്യയിലായ കാലം, പൊതുവെ എവിടേക്കും പോകാറില്ലായിരുന്നു. മലപ്പുറത്തു നിന്ന് പ്രായമുള്ള ഒരു തങ്ങള്‍ വന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ ഒരു പ്രശ്‌നമുണ്ട്, കുടുംബത്തില്‍നിന്ന് ഭ്രാന്ത് വിട്ടുപോവുന്നില്ല, ആര്‍ക്കെങ്കിലും ഒരാള്‍ക്ക് എപ്പോഴും അതുണ്ടാവും, അയാള്‍ മരിച്ചാല്‍ അസുഖം അടുത്തയാളിലേക്ക് പകരും. എല്ലാ വാതിലുകളിലും മുട്ടിനോക്കി, ഫലം കണ്ടില്ല. ഇനി ഉസ്താദ് മാത്രമാണ് പ്രതീക്ഷ എന്ന് പറഞ്ഞാണ് അദ്ദേഹം ഒ.കെ ഉസ്താദിനെ സമീപിച്ചത്. തങ്ങന്മാരെ അതിരറ്റ് സ്‌നേഹിക്കുന്ന അദ്ദേഹത്തിന് ആ വയോധികന്റെ വാക്കുകള്‍ അവഗണിക്കാനായില്ല. ആ അവശതയിലും ഉസ്താദ് അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു. അവിടുത്തെ പരാധീനതകള്‍ നേരില്‍ക്കണ്ട അദ്ദേഹം മനസ്സറിഞ്ഞ് ഇങ്ങനെ ദുആ ചെയ്തുവത്രെ:
‘അല്ലാഹ്.. എന്റെ ഇല്‍മ് നിന്റട്ത്ത് ഖബൂലാണെങ്കില്‍ (സ്വീകാര്യമാണെങ്കില്‍) ഈ രോഗം നീ മാറ്റിക്കൊട്ക്ക്’ മൂന്ന് തവണ ആവര്‍ത്തിച്ച ആ ദുആയുടെ ഫലമായി ആ രോഗം പൂര്‍ണ്ണമായും സുഖപ്പെട്ടുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
2002 ആഗസ്റ്റ് 15 ജമാദുല്‍ ആഖിര്‍ 6ന് ആ മഹാഗുരു ഈ ലോകത്തോട് വിടപറഞ്ഞു. സമസ്തയുടെ പ്രഗല്‍ഭരായ രണ്ട് കാര്യദര്‍ശികളില്‍ ഒരാള്‍ തന്റെ ഗുരുവും മറ്റൊരാള്‍ തന്റെ ശിഷ്യനുമാണെന്ന അപൂര്‍വ്വ ഭാഗ്യം അദ്ദേഹത്തിന് സ്വന്തമായിരുന്നു എന്ന് പറയാം. ആ മഹാനോടൊപ്പം അല്ലാഹു നമ്മെയും സ്വര്‍ഗ്ഗലോകത്ത് ഒരുമിച്ച് കൂട്ടുമാറാവട്ടെ, ആമീന്‍.
Leave A Comment