കെ.എം സീതി സാഹിബ്: കാലം സമ്മാനിച്ച പ്രതിഭ
വിളക്കണഞ്ഞിട്ടും വെളിച്ചം ബാക്കിയാകുന്ന ചില വിശിഷ്ട ജീവിതങ്ങളുണ്ട്. ചെയ്തുവച്ച നന്മകൾ കാലാതിവർത്തിയായി, തലമുറകൾക്ക് തണലേകാൻ ഭാഗ്യം സിദ്ധിച്ചവർ. അത്തരത്തിലൊരു പുണ്യ ജന്മമാണ് മർഹൂം കെ.എം സീതി സാഹിബ്.
1899 ൽ കൊടുങ്ങല്ലൂരിൽ, പാരമ്പര്യമായി പൊതുപ്രവർത്തന തൽപ്പരരായ കൊട്ടപ്പുറത്ത് തറവാട്ടിലെ വലിയ ധനാഢ്യനും പുരോഗമനാശയക്കാരനുമായ സീതി മുഹമ്മദ് ഹാജിയുടെയും ഫാത്വിമയുടെയും മകനായാണ് സീതി സാഹിബിന്റെ ജനനം. പിതാവിൽ നിന്നും പിതാവിന്റെ സുഹൃത്തായ മാഹിൻ ഹമദാനി തങ്ങളിൽ നിന്നുമാണ് പ്രാഥമിക വിദ്യഭ്യാസവും ജീവിത വീക്ഷണങ്ങളും അദ്ധേഹം നേടിയത്. വിദ്യാലയ കാലഘട്ടത്തിലെ സുഹൃത്തായ മുഹമ്മദ് അബദുറഹ്മാൻ സാഹിബുമായുള്ള അടുപ്പവും അദ്ധേഹത്തിന്റെ സാമൂഹിക വീക്ഷണങ്ങൾക്ക് ശക്തി പകർന്നു.
ഉയർന്ന പഠനശേഷിയും എഴുത്തിലും പ്രസംഗത്തിലുമുള്ള അദ്ധേഹത്തിന്റെ പ്രത്യേകമായ കഴിവും വിദ്യാലയ കാലം മുതൽ തന്നെ പ്രകടമായിരുന്നു. മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള അനേകമനേകം കൃതികളും ക്ലാസിക്കുകളും അദ്ധേഹം നിരന്തരം വായിച്ചിരുന്നു. ഖുർആൻ മനപ്പാഠമാക്കുകയും അനേകം വ്യാഖ്യാനങ്ങൾ വായിച്ച് മനസിലാക്കുകയും ചെയ്തിരുന്നു. 1925 ൽ തിരുവനന്തപുരം ലോ-കോളേജിൽ നിന്ന് നിയമ ബിരുദമെടുക്കുകയും മദിരാശി ഹൈക്കോടതിയിലെ പ്രശസ്ത അഭിഭാഷകനായിരുന്ന സി.എസ് അനന്തകൃഷ്ണയ്യരുടെ കീഴിൽ പ്രവർത്തിക്കുകയും, ഗുരുവിനെപ്പോലെത്തന്നെ സമർത്ഥനായ അഭിഭാഷകനായി മാറുകയും ചെയ്തു. ഇക്കാലത്താണ് ഗാന്ധിയുടെ പ്രഭാഷണം വിവർത്തനം ചെയ്യാൻ അവസരം ലഭിക്കുന്നത്. വിവർത്തനം ഇഷ്ടപ്പെട്ട ഗാന്ധിജി അദ്ധേഹത്തെ തന്റെ ദക്ഷിണേന്ത്യൻ പ്രഭാഷണങ്ങൾക്ക് സ്ഥിരവിവർത്തകനാക്കി.
പിതാവ് സീതി മുഹമ്മദ് ഹാജിയുടെ കൂടി നേതൃത്വത്തിൽ ആരംഭിച്ച കേരള മുസ്‍ലിം ഐക്യസംഘത്തിലൂടെ പൊതു പ്രവർത്തനത്തിലേക്ക് കടന്ന് വന്ന സീതി സാഹിബ് സാമുദായികമായ അവകാശങ്ങൾക്കായി എന്നും നിലകൊണ്ടു. കോൺഗ്രസിനോടൊപ്പം സജീവമായി രാഷ്ട്രീയരംഗത്ത് ഉണ്ടായിരുന്നു എങ്കിലും, 1928 ൽ പുറത്ത് വന്ന മുസ്‍ലിം താൽപര്യങ്ങളോട് യോജിച്ച് പോകാത്ത മോത്തിലാൽ നെഹ്റു റിപ്പോർട്ട് കാരണം കോൺഗ്രസ് വിട്ടു. പിന്നീട് 1935 ൽ മുസ്‍ലിം ലീഗ് രൂപീകരിച്ചതോടെ അതിന്റെ സജീവ പ്രവർത്തകനായി മാറി.
സാമുദായിക നവീകരണത്തിലും വിദ്യാഭ്യാസ പ്രവർത്തനത്തിലും രാഷ്ട്രീയ പ്രവർത്തനത്തിലും അദ്ധേഹം ഒരുപോലെ താത്പര്യം കാണിച്ചു. തന്റെ എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും സാമുദായിക നവീകരണ പ്രവർത്തനങ്ങൾ അദ്ധേഹം സജീവമാക്കി. സ്ത്രീ വിദ്യഭ്യാസം പോലുള്ള വിഷയങ്ങളിൽ പ്രത്യേകമായ താത്പര്യം കാണിച്ചിരുന്നു. പൊന്നാനിയിലെ മൗനത്തുല്‍ ഇസ്‌ലാം സഭ, വടകര മനാറുല്‍ ഇസ്‌ലാം സഭ, കോഴിക്കോട്ടെ ഹിമായത്തുല്‍ ഇസ്‌ലാം സഭ, മഞ്ചേരി ഹിദായത്തുല്‍ മുസ്‍ലിമീന്‍ സഭ, ആലപ്പുഴയിലെ ലജ്‌നത്തുല്‍ മുഹമ്മദിയ, അല്‍മദ്‌റസത്തുല്‍ മുബാറക് ഹയര്‍സെക്കന്ററി സ്‌കൂള്‍ തലശ്ശേരി, മലപ്പുറം ഹൈസ്കൂൾ, കോഴിക്കോട് ഗേൾസ് ഹൈസ്കൂൾ തുടങ്ങി അനേകമനേകം വിദ്യാഭ്യാസ സംവിധാനങ്ങളും സീതി സാഹിബിന്റെ നേതൃത്വത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളം ഉണ്ടായിട്ടുണ്ട്. ഫാറൂഖ് കോളേജ് അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സീതി സാഹിബിന്റെ ദീർഘവീക്ഷണത്തിന്റെ ബാക്കിപത്രം തന്നെയാണ്.
സീതി സാഹിബിന്റെ അണിയറ പ്രവർത്തനങ്ങളുടെ ഫലമായി 1937 ഡിസംബര്‍ ഇരുപതാം തിയ്യതി തലശ്ശേരി ടൗണ്‍ഹാളില്‍ ചേര്‍ന്ന മുസ്‍ലിം പൗരയോഗത്തില്‍ വെച്ച് മലബാര്‍ ജില്ലാ മുസ്‍ലിം ലീഗ് കമ്മിറ്റി രൂപീകൃതമാകുകയും സാഹിബ് അതിന്റെ കാര്യദർശിമാരിലൊരാളായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അവിടം മുതൽ മുസ്‍ലിം ലീഗിന്റെ ഓരോ ചലനത്തിലും സീതി സാഹിബിന്റെ സാന്നിധ്യം കാണാം. 1934 ൽ ചന്ദ്രിക ദിനപത്രം ആരംഭിച്ചത് മുതൽ അതിന്റെ പൂർണ്ണ ചുമതല സീതി സാഹിബിനായിരുന്നു. സ്വന്തം വീട്ടിലെ ഒരു മുറി ചന്ദ്രികയുടെ ഓഫീസായി അദ്ധേഹം ഉപയോഗിച്ച് പോന്നു. പിന്നീട് ചന്ദ്രികക്ക് ഉണ്ടായ വളർച്ചയുടെ ഓരോ ഘട്ടത്തിലും സാഹിബിന്റെ കരങ്ങളുണ്ടായിരുന്നു.
1946 ലെ തിരഞ്ഞെടുപ്പില്‍ സീതി സാഹിബ് മദിരാശി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും മുസ്‍ലിം ലീഗ് നിയമസഭാ പാര്‍ട്ടിയിലെ പ്രമുഖ അംഗമെന്ന നിലയില്‍ അദ്ദേഹം സഭയുടെ മൊത്തം പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. മലബാറില്‍ കല്‍ക്കത്താ തീസീസ് കലാപങ്ങളെ തുടര്‍ന്ന് കമ്യൂണിസ്റ്റുകാര്‍ നിരന്തരമായി വേട്ടയാടപ്പെട്ടപ്പോള്‍ നിയമസഭയില്‍ അവര്‍ക്കു വേണ്ടി ശബ്ദം ഉയര്‍ത്തിയത് സീതി സാഹിബായിരുന്നു. കമ്യൂണിസ്റ്റ് തത്ത്വ സംഹിതയോട് കഠിനമായ എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ടു തന്നെ, കമ്യൂണിസ്റ്റുകാര്‍ക്ക് കേവല നീതി നിഷേധിക്കുന്നതിനെതിരെ അദ്ദേഹം പ്രതിഷേധിച്ചു.
മദ്രാസ് നിയമസഭയിൽ പ്രവർത്തിക്കുന്ന കാലത്താണ് ഇന്ത്യാ വിഭജനം സംഭവിക്കുന്നത്. ഇതിനെത്തുടർന്ന് മുസ്‍ലിം ലീഗ് പുനസ്ഥാപിക്കുന്നതിനെ കുറിച്ച് ചർച്ചകൾ ഉയർന്നു. ബംഗാൾ മുഖ്യമന്ത്രി ആയിരുന്ന മുസ്‍ലിം ലീഗിന്റെ മുതിർന്ന നേതാവ് എച്ച്.എസ് സുഹ്‍റവർദി അടക്കമുള്ളവർ ലീഗ് പുനസ്ഥാപിക്കേണ്ടതില്ല എന്ന നയക്കാരായിരുന്നു. സുഹ്റവർദി ലീഗ് പിരിച്ചുവിടുന്നതിനായി ചേർത്ത കൺവെൻഷനിലേക്ക് കടന്ന് ചെന്നുകൊണ്ട് ലീഗ് നിലനിർത്തേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് പ്രസംഗിച്ചതും സുഹ്‍റവർദി അവതരിപ്പിച്ച പ്രമേയം തള്ളിക്കളയാൻ കാരണക്കാരനായതും സീതി സാഹിബും ഖാഇദുൽ ഖൗം ബാഫഖി തങ്ങളുമാണ്. അന്ന് ആ ഇടപെടൽ ഇല്ലായിരുന്നു എങ്കിൽ ഇന്ന് മുസ്‍ലിം ലീഗോ, ദക്ഷിണേന്ത്യയിലെ മുസ്‍ലിം പ്രതാപമോ നമുക്ക് കാണാനും അനുഭവിക്കാനും സാധിക്കുമായിരുന്നില്ല. കാരണം ഇതിനെത്തുടർന്നാണ് 1948 മാർച്ച് പത്തിന് ചെന്നൈ രാജാജി ഹാളിൽ വച്ച് മുസ്‍ലിം ലീഗ് പുനസംഘടിപ്പിക്കുന്നത്. അന്ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ എതിർപ്പിനെ വരെ മുസ്‍ലിം ലീഗ് നേതാക്കൾക്ക് നേരിടേണ്ടി വന്നു.
1960 മാർച്ച് 12 നാണ് അദ്ധേഹം കേരള നിയമസഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുന്നത്. ഒരു മുസ്‍ലിം ലീഗുകാരൻ ആദ്യമായി ഉന്നത അധികാരത്തിൽ എത്തുന്നതും അന്ന് തന്നെയാണ്. മുസ്‍ലിം സ്റ്റുഡന്റ് ഫെഡറേഷൻ സ്ഥാപിച്ചതും സി.എച്ചിനെ അതിന്റെ നേതൃത്വത്തിലേക്ക് കൊണ്ട് വന്നതും സീതി സാഹിബായിരുന്നു. ഇത് പോലെ അനേകം പോഷക സംഘടനകളും സംവിധാനങ്ങളുമായി മുസ്‍ലിം ലീഗിനെ ഒന്നുമില്ലായ്മയിൽ നിന്ന് ഉയർത്തിക്കൊണ്ടുവരാൻ തന്റെ ബുദ്ധിയും സമയവും സമ്പത്തും അദ്ധേഹം വേണ്ടുവോളം ചെലവഴിച്ചു.
1961 ഏപ്രൽ 17 ന് കേരള നിയമസഭ സ്പീക്കർ ആയിരിക്കെയാണ് സീതി സാഹിബ് മരണപ്പെടുന്നത്. സമ്പന്നമായിരുന്ന കുടുംബചുറ്റുപാടിൽ വളർന്ന സീതി സാഹിബിന് മരണസമയത്ത് 13 രൂപയായിരുന്നു സമ്പാദ്യമായി ഉണ്ടായിരുന്നത്. സ്വന്തം സമ്പത്തിന് പുറമെ സഹോദരങ്ങളുടെ വിഹിതം പോലും അവരുടെ സമ്മതത്തോടെ ഫാറൂഖ് കോളജ് പോലുള്ള വലിയ ലക്ഷ്യങ്ങൾക്ക് വേണ്ടി അദ്ധേഹം ചിലവഴിച്ചതായിരുന്നു അതിന് കാരണം. ഉള്ളതെല്ലാം നൽകി, ഒന്നുമില്ലാതിരുന്നൊരു സമുദായത്തെ പ്രതാപത്തിലേക്ക് നയിക്കാനും രാജ്യം മുഴുക്കെയുള്ള ന്യൂനപക്ഷത്തിന് പ്രതീക്ഷയുടെ അണയാതുരുത്തായൊരു പ്രസ്ഥാനം കെട്ടിപ്പടുക്കാനും തന്നെത്തന്നെ നൽകിയ മർഹൂം സീതി സാഹിബ് വിളക്കണഞ്ഞിട്ടും വെളിച്ചം പരത്തുന്നൊരു സുകൃത ജന്മം തന്നെയാണ്.
Leave A Comment