എസ്.എം.കെ തങ്ങള്‍; വിനയം മുഖമുദ്രയാക്കിയ മഹാന്‍

വിനയമാര്‍ന്ന ജീവിത ശൈലിയിലൂടെ അനേകായിരങ്ങള്‍ക്ക് ആത്മീയതയുടെ ദിവ്യദൂത് പകര്‍ന്ന് നല്‍കി, പ്രയാസമനുഭവിക്കുന്നവരെ ശാന്തിയുടേയും സമാധാനത്തിന്റെയും സല്‍പ്പന്ഥാവിലേക്ക് വഴിനടത്തിയ വ്യക്തി പ്രഭാവമായിരുന്നു എസ്.എം.കെ തങ്ങള്‍ (സയ്യിദ് മുഹമ്മദ് കോയ ബാഅലവി തങ്ങള്‍). ഒരു പുരുഷായുസ്സ് മുഴുവന്‍ സമൂഹത്തിന്റെ പുരോഗതിക്കായി ഉഴിഞ്ഞുവെച്ച തങ്ങളുടെ ജീവിതമത്രയും നിസ്വാര്‍ത്ഥ സേവനത്തിന്റെ തുറന്ന പാഠപുസ്‌തകമായിരുന്നു. എത്ര വലിയ പ്രയാസവും പ്രതിസന്ധിയുമായി തന്നെ സമീപിക്കുന്നവര്‍ക്ക് നര്‍മ്മം നിറഞ്ഞ പുഞ്ചിരിയിലൂടെ സമശ്വാസത്തിന്റെ മന്ദമാരുതനേകാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ആത്മീയതയുടെ അത്യുന്നത ശ്രേണിയിലേക്ക് നടന്ന് നീങ്ങിയ തങ്ങളുടെ വാക്കിലും പ്രവൃത്തിയിലുമെല്ലാം ഒരു ഉഖ്റവിയ്യായ ആലിമിന് വേണ്ട എല്ലാ അടയാളങ്ങളും നിഴലിച്ചിരുന്നു.

1946 ല്‍ തൃശൂര്‍ ജില്ലയിലെ താണിശ്ശേരിയിലെ വലിയകത്ത് വീട്ടില്‍ ബാ അലവി കുടുംബത്തില്‍ അങ്ങാടിപ്പുറം മുത്തുക്കോയ തങ്ങളുടേയും സൈനബ ബീവിയുടെയും ആറ് സന്താനങ്ങളില്‍ അഞ്ചാമനായിട്ട് എസ്.എം.കെ തങ്ങള്‍ ജനിക്കുന്നത്. പണ്ഡിതനായിരുന്ന പിതാവില്‍ നിന്ന് തന്നെയായിരുന്നു തങ്ങള്‍ പ്രാഥമിക വിദ്യഭ്യാസം കരസ്ഥമാക്കിയത്. അതിന് ശേഷം മതിലകത്തും നാലു വര്‍ഷം വെളളാങ്ങല്ലൂരും പുതിയകാവിലുമായി ദര്‍സ് പഠനം നടത്തി. മുസഫര്‍ നഗറിലെ വാതേലിയില്‍ അബ്ദുല്‍ അഹ്‌മ്മദ് സാഹിബിന്റെ കീഴിലും വിദ്യ നേടി. ഇല്‍മിനോടുളള അഭേദ്യമായ വാഞ്ചയാണ് അന്നത്തെ വൈജ്ഞാനിക ഗോപുരമായിരുന്ന ദയൂബന്ദ് ദാറുല്‍ ഉലൂമിലേക്ക് തങ്ങളെ കൊണ്ടെത്തിക്കുന്നതും ഖാസിമി ബിരുദത്തിന് അര്‍ഹനാക്കുന്നതും. മഹാരാഷ്ട്രയിലും മതപഠനം നടത്തിയിട്ടുണ്ട്. തുടര്‍ന്ന്, മുംബൈയിലെ മാലിഗാവില്‍ ഖത്തീബായും മുദരിസ്സായും തങ്ങള്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അത്തിപ്പറ്റ ഉസ്താദിന്റെ ആത്മീയ ആചാര്യന്‍ കൂടിയായിരുന്ന ശൈഖ് സഅ്ദുദ്ദീന്‍ മുഹമ്മദ് സലീം മുറാദ് അല്‍ യമാനി എന്ന മഹാ പണ്ഡിതന്റെ ആത്മീയ ശിഷ്യത്വവും അദ്ദേഹം സ്വീകരിച്ചിരുന്നു.

പഠനശേഷം അദ്ദേഹം ജോലിയാവശ്യാര്‍ത്ഥം വിദേശത്തേക്ക് പോവുകയും അവിടെ ഹ്രസ്വകാലത്തേക്ക് ജോലി ചെയ്യുകയും ചെയ്തു. സൗദി, ഒമാന്‍, യു.എ.ഇ എന്നീ സ്ഥലങ്ങളില്‍ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. അതിനുശേഷം നാട്ടിലേക്ക് മടങ്ങി താണിശ്ശേരിയില്‍ സേവനരംഗത്ത് വ്യാപൃതനായിരിക്കെയാണ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തിന്റെ ആഗ്രഹം മാനിച്ച് അദ്ദേഹം ചെളിങ്ങാട്ടേക്ക് താമസം മാറിയത്. ഇതിനിടയില്‍ തങ്ങള്‍ കൊച്ചിയിലെ പള്ളുരുത്തിയില്‍ നിന്നും വിവാഹം കഴിക്കുകയും സന്താന സൗഭാഗ്യമില്ലാത്തതിനാല്‍ ഈ ബന്ധം വേര്‍പിരിയുകയും ചെയ്തു. ചളിങ്ങാട് വന്നതിനു ശേഷം കൂരിക്കുഴിയിലെ പതിനെട്ട് മുറി ജാറത്തിന് സമീപമുള്ള ഹൈദ്രൂസി ഖബീലയില്‍ നിന്നും കോയമ്മ തങ്ങളുടെ മകള്‍ ഉമൈബ ബീവിയെ വിവാഹം കഴിച്ചിരുന്നു. ഈ വൈവാഹിക ജീവിതത്തില്‍ ഇവര്‍ക്ക് നാല് സന്താനങ്ങള്‍ ഉണ്ടായി. സയ്യിദത്ത് അസ്മാഅ് ബീവി, സയ്യിദത്ത് ഹഫ്‌സ ബീവി, സയ്യിദ് ഫൈസല്‍ തങ്ങള്‍, സയ്യിദത്ത് സല്‍മ ബീവി. ചളിങ്ങാട് താമസിച്ചിരുന്ന കാലത്ത് അദ്ദേഹം കാക്കാത്തിരുത്തി ബദര്‍ ജുമാ മസ്ജിദില്‍ ഖത്തീബായും സേവനമനുഷ്ഠിച്ചിരുന്നു.

പലപ്പോഴും പണ്ഡിതന്മാരുമായി വളരെയധികം ആത്മബന്ധം പുലര്‍ത്തുകയും അവരോട് അടുത്തിടപഴകുകയും ചെയ്തിരുന്ന വ്യക്തിത്വമായിരുന്നു എസ്.എം.കെ തങ്ങള്‍. പാണക്കാട് തങ്ങള്‍ കുടുംബവുമായും അഭേദ്യമായ ബന്ധമായിരുന്നു അദ്ദേഹത്തിന്. സമസ്ത കൊടുങ്ങല്ലൂര്‍ താലൂക്ക് പ്രസിഡന്റായിരുന്ന തങ്ങള്‍, കോയമ്മ തങ്ങളുടെ വഫാത്തിനെത്തുടര്‍ന്നാണ് ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് കടന്നുവരുന്നത്. സമസ്തയുടെ അമരക്കാരനായി തങ്ങള്‍ കടന്നുവന്നതോടെയാണ് തൃശൂര്‍ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുജീവന്‍ ലഭിച്ചതും പൂര്‍വ്വാധികം ഊര്‍ജസ്വലമായി ജില്ലയില്‍ സമസ്ത ശക്തിപ്പെട്ടതും. കൃത്യ നിഷ്ഠതയോടെ ജില്ലയിലങ്ങോളമിങ്ങോളം ഓടിനടന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച തങ്ങളവര്‍കളുടെ നേതൃപാടവം അവിസ്മരണീയമാണ്. 

മനസ്സില്‍ കണ്ട കാര്യങ്ങള്‍ പ്രായോഗികവല്‍ക്കരിച്ചതിന് ശേഷമേ തങ്ങള്‍ വിശ്രമത്തിന് നേരം കണ്ടെത്തിയിരുന്നുളളൂ. ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടാത്ത കാലത്തോളം എല്ലാ പരിപാടികളിലേക്കും പ്രസന്ന വദവനനായി ഓടിവന്നിരുന്ന തങ്ങളവര്‍കളെ ഒരിക്കല്‍ കണ്ട ഒരാള്‍ക്ക് ആ മുഖം മറക്കാന്‍ സാധ്യമായിരുന്നില്ല. അക്കാലത്ത് തങ്ങളുടെ ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥനാ വചസ്സുകളുടേയും നസ്വീഹത്തിന്റെയും അകമ്പടിയോടെയായിരുന്നു ജില്ലയിലെ എല്ലാ പരിപാടികളും പ്രാരംഭം കുറിച്ചിരുന്നത്. തങ്ങളുടെ സുദീര്‍ഘമായ നേതൃതണല്‍ ജില്ലയെ സമസ്തയുടെ പച്ചത്തുരുത്താക്കി മാറ്റുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. 


ജില്ലാ തലത്തില്‍ തങ്ങള്‍ നടത്തിയ നിര്‍ണ്ണായക ഇടപെടലുകള്‍ മൂലം മഹാവനര്‍കള്‍ക്ക് പലവുരു കേന്ദ്ര മുശാവറ അംഗമാവാന്‍ ക്ഷണം ലഭിച്ചിരുന്നു. പദവികളോട് എന്നും ദൂരം പാലിച്ചിരുന്ന തങ്ങള്‍ അതെല്ലാം സ്‌നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു. ഒടുവില്‍, തൊഴിയൂര്‍ ഉസ്താദിന്റെ നിയോഗതത്തെത്തുടര്‍ന്നുണ്ടായ ഒഴിവിലാണ് ജില്ലാ നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി അദ്ദേഹം മുശാവറയിലേക്ക് കടന്നുവരുന്നത്. ഓരോ മുശാവറ മീറ്റിങ്ങിലും കൃത്യനിഷ്ഠയോടെ പങ്കെടുക്കാന്‍ തങ്ങളവര്‍കള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.  

സ്ഥാനമാനങ്ങളോ പ്രസിദ്ധിയോ ആഗ്രഹിക്കാത്ത ജീവിതത്തിന് ഉടമ ആയതുകൊണ്ട് തന്നെ, തന്റെ ഖബീലയെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ തങ്ങള്‍ അധികമൊന്നും വെളിപ്പെടുത്തിയിരുന്നില്ല. മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് ആണ് തങ്ങളുടെ പിതാമഹന്മാരുടെ സ്വദേശം. തങ്ങള്‍ക്ക് മൊത്തം 6 സഹോദരീ സഹോദരന്മാര്‍ ഉണ്ടായിരുന്നു. വാപ്പ മുത്തുക്കോയ തങ്ങള്‍ കരുവാരക്കുണ്ടില്‍ നിന്ന് ഇരിഞ്ഞാലക്കുടയിലേക്ക് താമസം മാറുകയും അവിടെ നിന്ന് സൈനബ് എന്ന സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. ഇവര്‍ക്ക് പിറന്ന ആറ് സന്താനങ്ങളിലെ അഞ്ചാമനായിരുന്നു തങ്ങള്‍. സയ്യിദ് പൂക്കോയ തങ്ങള്‍, സയ്യിദ് ഇമ്പിച്ചി കോയ തങ്ങള്‍, സയ്യിദ് റുഖിയ ബീവി എന്നിവരാണ് മറ്റു മക്കള്‍.

സൗമ്യ പ്രകൃതക്കാരനായിരുന്നുവെങ്കിലും നിലപാടില്‍ അല്‍പം പോലും വെള്ളം ചേര്‍ക്കാന്‍ മഹാനുഭാവന്‍ തയ്യാറായിരുന്നില്ല. ബദര്‍ ജുമാ മസ്ജിദില്‍ ഖത്തീബായി സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് വിവാഹ വേദിയില്‍ വീഡിയോ ചിത്രീകരിക്കുന്നതിനെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചിരുന്നു. പള്ളിയിലെ ഖുതുബയിലും മറ്റു പ്രസംഗങ്ങളിലും അദ്ദേഹം ഇത് ഉള്‍പ്പെടുത്തുകയും ചെയ്തു. ജനങ്ങള്‍ തന്റെ വാക്കുകള്‍ ഗൗനിക്കുന്നില്ല എന്ന് കണ്ട തങ്ങള്‍ ജോലി ഉപേക്ഷിച്ച് ചെന്ത്രാപ്പിന്നിയിലേക്ക് താമസം മാറുകയായിരുന്നു.

യഥാര്‍ത്ഥ ദൈവദാസന്മാരുടെ അടയാളമായി അല്ലാഹു ഖുര്‍ആനില്‍ പറയുന്നത്, അവര്‍ ഭൂമിക്ക് മുകളില്‍ ലോലതയോടെ നടക്കുന്നവര്‍ എന്നാണ്. ഇതിനൊരു ഉത്തമ ഉദാഹരണമായിരുന്നു തങ്ങള്‍. എവിടെയും അഹങ്കാരത്തിന്റെയോ ധാര്‍ഷ്ട്യത്തിന്റെയോ ലാഞ്ചന പോലും പ്രകടമാക്കാതെ എല്ലാവരോടും വിനയത്തോടെയും പുഞ്ചിരിയോടെയുമായിരുന്നു തങ്ങളുടെ പെരുമാറ്റം. അഹങ്കാരത്തിന്റെ ഭവിഷ്യത്തിനെക്കുറിച്ചും മനുഷ്യന്റെ നിന്ദ്യതയെക്കുറിച്ചും  ഇതുവരെ അധികമാരും കേട്ടിട്ടില്ലാത്ത പല സംഭവങ്ങള്‍ ഉദ്ധരിച്ചും തന്റെ മുമ്പില്‍ ഇരിക്കുന്നവര്‍ക്ക് സരളമായ ഭാഷയില്‍ വിവരിച്ചു കൊടുക്കാറുണ്ടായിരുന്നു തങ്ങള്‍. ചടുലമായ വാക്കുകളോടെ ചിന്തോദ്ദീപകമായ കാര്യങ്ങള്‍ എളുപ്പത്തില്‍ വിവരിച്ച് കൊടുക്കുന്ന തങ്ങളുടെ പ്രസംഗത്തില്‍ പണ്ഡിതനും പാമരനും ഉള്‍ക്കൊളളാനുതകുന്ന ഒരുപാട് മൂല്യമേറിട ഉപദേശങ്ങളുണ്ടാകും.

ജീവിതകാലത്ത് അദ്ദേഹവുമായി അടുത്തിടപഴികിയവര്‍ക്കൊക്കെ മറക്കാനാവാത്ത ഒരുപാട് അനുഭവങ്ങള്‍ പറയാനുണ്ടാകും. ഏത് പാതിരാത്രിയിലും സമാശ്വാസത്തിന്റെ കെടാവിളക്കായി കുടികൊണ്ടിരുന്ന ആ തിരുഗേഹത്തിലെ സുല്‍ത്താന്‍ തങ്ങളെ വിട്ടുപോയി എന്നത് വിശ്വസിക്കാന്‍ പോലും പലര്‍ക്കും സാധിച്ചിട്ടില്ല. എവിടെയോ തങ്ങളുടെ സാന്നിധ്യം നിലനില്‍ക്കുന്നു എന്ന് അവരെല്ലാം സമാശ്വസിക്കുകയായിരുന്നു. എല്ലാവര്‍ക്കും സാന്ത്വനത്തിന്റെ ഇളം തെന്നലേകിയ മഹാനുഭാവന്‍ തന്റെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തില്‍ ഹൃദയസംബന്ധിയായ രോഗത്തെതുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. തുടര്‍ന്ന് 2018 മുഹര്‍റം അഞ്ചിന്, ഒരു ദേശത്തിന് മുഴുവന്‍ ആത്മീയ നേതൃത്വം നല്‍കി, വെളളിവെളിച്ചം വിതറി സമാധാനത്തിന്റെയും ശാന്തിയുടെയും സഹിഷ്ണുതയുടെയും വെള്ളരി പ്രാവായി വര്‍ത്തിച്ച തങ്ങള്‍ നമ്മളെ തനിച്ചാക്കി അല്ലാഹുവിലേക്ക് പ്രയാണം തിരിച്ചു. തങ്ങളവര്‍കളോടൊപ്പം ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒുമിച്ചു കൂടാന്‍ നാഥന്‍ തൗഫീഖ് നല്‍കി അനുഗ്രഹിക്കുമാറാകട്ടെ, ആമീന്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter