സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്: ആദ്യമായി നിര്‍ദ്ദേശിച്ചത് മുഹമ്മദ് നബിയായിരുന്നു
ലോക രാജ്യങ്ങളെ ഞെട്ടിച്ച് കൊണ്ട് കോവിഡ് അപകടകരമായി പടർന്ന് പിടിച്ചതോടെ മഹാമാരിയെ പ്രതിരോധിക്കാനാവശ്യമായ ഏറ്റവും കൃത്യമായ ഉപദേശങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ജനങ്ങള്‍. വൃത്തിയും സോഷ്യല്‍ ഡിസ്റ്റന്‍സിംഗും (ആളുകളിൽ നിന്ന് അകന്നു നിൽക്കലും) ആണ് രോഗം പ്രതിരോധിക്കാൻ ചെയ്യേണ്ടത് എന്നിടത്താണ് ഇന്ന് എല്ലാവരും എത്തിപ്പെട്ടിരിക്കുന്നത്. രോഗ പ്രതിരോധ വിദഗ്ദനായ ഡോക്ടർ ആന്തണി ഫൗസിയും മെഡിക്കൽ റിപ്പോർട്ടറായ ഡോക്ടർ സഞ്ജയ് ഗുപ്തയുമടക്കം എല്ലാവരും ഇത് തന്നെയാണ് പറയുന്നത്.

എല്ലായ്പോഴും വൃത്തിയും പകർച്ചവ്യാധി കാലയളവിൽ സോഷ്യല്‍ ഡിസ്റ്റന്‍സിംഗും നിർദ്ദേശിച്ച മറ്റൊരാളെക്കുറിച്ച് നിങ്ങൾക്കറിയാമോ? അത് മുഹമ്മദ് നബിയാണ്! ഇസ്‌ലാമിന്റെ പ്രവാചകൻ, അതും 1400 വർഷങ്ങൾക്ക് മുമ്പ്. കോവിഡ് പോലുള്ള മഹാമാരികളെപ്പോലും പ്രതിരോധിക്കാൻ ആവശ്യമായ അടിസ്ഥാന ഉപദേശങ്ങൾ നേരത്തെ നൽകിയ അദ്ദേഹം, അക്കാലത്തെ വൈദ്യവിദഗ്ധനെന്ന് വിളിക്കാതെ വയ്യ.

മുഹമ്മദ് പറഞ്ഞു, ഒരു പ്രദേശത്ത് പ്ലാഗ് ഉണ്ട് എന്ന് നിങ്ങൾ കേട്ടാൽ നിങ്ങൾ അവിടേക്ക് ഒരു കാരണവശാലും കടന്നു ചെല്ലരുത്, പ്ലാഗ് പടർന്നുപിടിക്കുന്ന നാട്ടിലാണ് നിങ്ങളുള്ളതെങ്കിൽ ഒരിക്കലും ആ പ്രദേശം വിട്ടുപോവുകയുമരുത്. മറ്റൊരിക്കൽ പ്രവാചകൻ പറഞ്ഞു, പകർച്ചവ്യാധികൾ ഉള്ള മൃഗങ്ങളെ ആരോഗ്യമുള്ളവയിൽ നിന്ന് അകറ്റി നിർത്തപ്പെടണം.

ഇതിനുപുറമേ രോഗബാധയേൽക്കുന്നതിൽ നിന്ന് തടയുന്ന ശുചിത്വ നടപടികൾ ജീവിതത്തിൽ പകർത്താൻ മുഹമ്മദ് നബി അനുയായികളോട് കണിശതയോടെ ആവശ്യപ്പെടുന്നത് പലയിടത്തും കാണാം. താഴെപ്പറയുന്ന പ്രവാചക വചനങ്ങള്‍ നോക്കുക.

1. ശുചിത്വം വിശ്വാസത്തിന്റെ ഭാഗമാണ് (പകുതിയാണെന്ന് മറ്റു ചില വചനങ്ങളില്‍ കാണാം) 2. ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ ഉടൻ കൈകൾ കഴുകണം; നിങ്ങൾക്കറിയില്ല ഉറങ്ങുമ്പോൾ കൈകൾ എവിടെയൊക്കെയാണ് സഞ്ചരിച്ചതെന്ന്. 3. ഭക്ഷണത്തിന്റെ അനുഗ്രഹം ലഭിക്കുക, മുമ്പും ശേഷവും ഇരു കൈകളും കഴുകുന്നത് മൂലമാണ്.

ഒരാൾ രോഗബാധിതനായാൽ ഉടൻ വൈദ്യ പരിശോധന നടത്തണമെന്ന് മുഹമ്മദ് നബി ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം പറഞ്ഞു, "നിങ്ങൾ ചികിത്സ തേടുക, കാരണം, ചികിത്സയില്ലാതെ ഒരു രോഗത്തെയും ദൈവം സൃഷ്ടിച്ചിട്ടില്ല, മരണമൊഴികെ. വിശ്വാസവും യുക്തിയും കൃത്യമായി അദ്ദേഹം സന്തുലനം ചെയ്തുവെന്നാണ് മനസ്സിലാവുന്നത്. ഒരാഴ്ച മുമ്പ് പ്രാർത്ഥനയാണ് കൊറോണ പ്രതിരോധിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗമെന്ന് വ്യക്തമാക്കി ഇസ്‍ലാമിന്റെ അനുയായികളെന്ന് പറയുന്ന ചിലർ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം അറിയാനിടയായാല്‍ മുഹമ്മദ് നബിയുടെ പ്രതികരണം എന്തായിരിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ.

ഒരു ഹദീസിൽ ഇപ്രകാരം കാണാം: ഒരിക്കൽ തന്റെ ഒട്ടകത്തെ എവിടെയും കെട്ടി ഇടാതെ പോകുന്നത് കണ്ട ഒരു അഅറാബിയോട് കാരണം അന്വേഷിച്ച മുഹമ്മദ് നബിയോട് അയാൾ പറഞ്ഞു, "ഞാൻ ദൈവത്തിൽ ഭരമേൽപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്". ഉടനെ അദ്ദേഹം പറഞ്ഞു, "നിങ്ങൾ ആദ്യം അതിനെ കെട്ടിയിടുക, എന്നിട്ട് അല്ലാഹുവിൽ ഭരമേൽപ്പിക്കുക. ഭൗതിക കാരണങ്ങള്‍ സ്വീകരിക്കേണ്ടത് മനുഷ്യന്റെ കടമയാണെന്നും ശേഷം ദൈവത്തിലും പ്രാര്‍ത്ഥനകളിലും ഭരമേല്‍പ്പിക്കുയാണ് ചെയ്യേണ്ടതെന്നുമുള്ള കൃത്യമായ അതിര്‍വരമ്പുകളാണ് പ്രവാചകര്‍ ഇതിലൂടെ വരച്ച് വെക്കുന്നത്. അഥവാ, ആവശ്യമായ മുന്‍കരുതലുകളൊന്നുമെടുക്കാതെ കേവല പ്രാര്‍ത്ഥനകളില്‍ മുഴുകുന്നവരെ അദ്ദേഹം തിരുത്തുക തന്നെ ചെയ്യുമെന്നര്‍ത്ഥം.

(പണ്ഡിതനും പ്രൊഫസറും ആഗോള പ്രഭാഷകനും പത്രപ്രവർത്തകനുമായ ഡോ: ക്രൈഗ് കോൺസിഡൈൻ, റൈസ് സർവകലാശാലയിലെ സോഷ്യോളജി ഡിപ്പാർട്ട്മെന്റിലെ പ്രൊഫസറാണ്. ദ ഹ്യുമാനിറ്റി ഓഫ് മുഹമ്മദ്: എ ക്രിസ്ത്യൻ ബിലീഫ് എന്ന ഒരു പുസ്തകം ഇദ്ദേഹം രചിച്ചിട്ടുണ്ട്)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter