പലായനത്തിന്റെ മുസ്‌ലിംലോകവും അസഹിഷ്ണുതയുടെ ഇന്ത്യയും പുതുവര്‍ഷത്തെ വരവേല്‍ക്കുമ്പോള്‍
യുദ്ധ ഭൂമികളില്‍നിന്നുള്ള കൂട്ടപ്പലായനത്തിന്റെ വര്‍ഷമായിരുന്നു 2015. സിറിയ, അഫ്ഗാനിസ്ഥാന്‍, ഇറാഖ്, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ അഭയാര്‍ത്ഥി പ്രവാഹം ഉണ്ടായത്. ഒരു ദശ ലക്ഷത്തോളം പേരാണ് ഈ വര്‍ഷം നാട്ടിലെ അരക്ഷിതാവസ്ഥയില്‍ മനം നൊന്ത് രക്ഷ തേടി യൂറോപ്പിലെത്തിയത്. 2015 ന്റെ ആദ്യ പകുതിയോടെ സ്വരാജ്യം വിട്ട് അഭയാര്‍ത്ഥിയായവരുടെ എണ്ണം 600 ലക്ഷം വരുമെന്നാണ് യു.എന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഐലന്‍ കുര്‍ദിയെന്ന കുരുന്നു ബാലന്റെ ദാരുണ മരണമാണ് അഭയാര്‍ത്ഥികളുടെ നിസ്സഹായാവസ്ഥയിലേക്ക് ലോകത്തിന്റെ കണ്ണു തുറപ്പിച്ചത്. തുര്‍ക്കി കടല്‍ തീരത്ത് മുഖം പൂഴ്ത്തി കമിഴ്ന്നു കിടക്കുന്ന കുരുന്നിന്റെ ചിത്രം നിലോഫര്‍ ഡെമിന്‍ എന്ന ഫോട്ടോ ഗ്രാഫറാണ് കാമറയിലാക്കിയത്. ഈ വര്‍ഷത്തെ വാര്‍ത്താ ചിത്രമായി അത് വിലയിരുത്തപ്പെട്ടു.
പ്രകൃതി ദുരന്തങ്ങളും അപകടങ്ങളും ഭീകരാക്രമണങ്ങളും 2015 ല്‍ ആളുകളുടെ നഞ്ചിടിപ്പിന് ആക്കം കൂട്ടിയിട്ടുണ്ട്. അതിനൊപ്പം പ്രതീക്ഷക്കു വകയേകുന്ന സംഭവങ്ങളും ലോകത്ത് ഉണ്ടായി. ഭൂമിയുടെ ഇന്‍ഷൂറന്‍സെന്ന് യു.എന്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ വിശേഷിപ്പിച്ച പാരിസ് ഉടമ്പടി നിലവില്‍ വന്നു. ഇറാന്‍-അമേരിക്ക ശീത സമരത്തിന് അറുതിയായി. ഇന്ത്യാ-പാക് ബന്ധത്തില്‍ ശുഭ സൂചന നല്‍കി പ്രധാനമന്ത്രിയുടെ പാക് പര്യടനം പ്രതീക്ഷയുടെ വാതിലുകള്‍ തുറന്നു.
സെപ്തംബര്‍ 30 ന് ചരിത്രത്തിലാദ്യമായി ഫലസ്തീന്‍ പതാക ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് ഉയര്‍ന്നത് ഈയൊരു വര്‍ഷത്തെ വളരെ പ്രധാനപ്പെട്ട ഒരു സംഭവമാണ്. ഇസ്രയേലുമായുള്ള ഉടമ്പടി ഇനി തങ്ങള്‍ക്ക് ബാധകമല്ലെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് യു.എന്നില്‍ പ്രഖ്യാപിക്കുകയും ചെയ്തു.
എന്നിരുന്നാലും, ഐസിസിന്റെ അരങ്ങേറ്റവും പാരിസിലെ ആക്രമണവും വലിയൊരു തിരിച്ചടിയാണ് മുസ്‌ലിം ലോകത്തിനു വരുത്തി വെച്ചിരിക്കുന്നത്.
ഇന്ത്യയില്‍ 2015 അസഹിഷ്ണയുടെ കാലമായിരുന്നു. ഈയൊരു കാലയളവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ട പദവും അസഹിഷ്ണുത എന്നതായിരിക്കും. മോദി ഭരണത്തിലെ മുസ്‌ലിം വിരുദ്ധതയായിരുന്നു ഇതിനു പിന്നില്‍ നിഴലിച്ചുനിന്നത്. ദാദ്രിയില്‍ അഖ്‌ലാഖ് എന്ന വയോധികനെ ഗോമാംസം വീട്ടില്‍ സൂക്ഷിച്ചുവെന്നാരോപിച്ച് ആര്‍.എസ്.എസ്സുകാര്‍ വധിച്ചതിനെ തുടര്‍ന്നാണ് അസഹിഷ്ണുത ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. തുടര്‍ന്നും സമാനമായ സംഭവങ്ങളുണ്ടായപ്പോള്‍ ഇന്ത്യയുടെ സാംസ്‌കാരിക സാഹിത്യ ലോകങ്ങള്‍ പ്രക്ഷുബ്ധമാവുകയും ഈ അനീതിപരമായ സമീപനത്തിനെതിരെ നിരന്തരമായ സമരങ്ങള്‍ തുടങ്ങുകയും ചെയ്തു. ബഹുമതി തിരസ്‌കരണം എന്ന പുതിയൊരു സമരമാര്‍ഗമാണ് ഇക്കാലത്ത് ഏറെ ഹിറ്റായത്. അനീതിയുടെ മേലാളന്മാരെ കണ്ണുതുറപ്പിക്കാന്‍ ഈ സമരങ്ങള്‍ക്ക് സാധിച്ചുവെന്നത് ഈ കാലയളവിലെ വലിയൊരു കാര്യമാണ്.
ഈയൊരു പശ്ചാത്തലത്തില്‍ 2016 മുസ്‌ലിം ലോകത്തും ഇന്ത്യയിലും വലിയ പരിഹാരങ്ങള്‍ തേടുന്നു ഒരു കാലമാണ്. വര്‍ത്തമാനത്തിന്റെ പ്രതിസന്ധികള്‍ക്കുള്ള ശമനാണ് പുതിയ കാലത്തിന്റെ തേട്ടം. നമുക്ക് ആ നല്ല നാളെകള്‍ക്കായി കാത്തിരിക്കാം.



Leave A Comment