ഫാസിസ്റ്റ് കാലത്ത് ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി
ഇന്ത്യന്‍ മുസ്‌ലിംകളുടെ അഭിമാനകരമായ അസ്തിത്വത്തിന് വഴിമരുന്നിട്ട മഹത്തായ രാഷ്ട്രീയ കൂട്ടായ്മയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്. കേവലമൊരു രാഷ്ട്രീയ പാര്‍ട്ടി എന്നതിലപ്പുറം ഒരു ജനതതിയുടെ പുരോയാന ചരിത്രത്തില്‍ ഇതിഹാസ സമാനമായ മുന്നേറ്റങ്ങള്‍ക്ക് നേതൃപരമായ പങ്ക് വഹിച്ച ഒരു ആദര്‍ശ പ്രസ്ഥാനം കൂടിയാണിത്. ചരിത്രപരമായ കാരണങ്ങളാല്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നും പിറകോട്ടു പോയ സമുദായത്തെ, തങ്ങളുടെ അവകാശങ്ങളെക്കുറിച്ച സാക്ഷതരത നല്‍കി, ഔന്നത്യങ്ങളുടെ സോപാനങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ഇതിനു സാധിച്ചു. മുസ്‌ലിംകള്‍ക്കു മാത്രമല്ല, ന്യൂനപക്ഷ-ദലിത് വിഭാഗങ്ങള്‍ക്കെല്ലാം സാന്ത്വനവും അവകാശ ബോധവും നല്‍കുന്ന ഒരു മോക്ഷമന്ത്രമായി പിന്നീടത് മാറുകയായിരുന്നു.
1948 മാര്‍ച്ച് 10 ന് ചരിത്രത്തിലെ നിരവധി ശ്രദ്ധേയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മദ്രാസിലെ രാജാജി ഹാളില്‍വെച്ചായിരുന്നു മുസ്‌ലിം ലീഗിന്റെ രൂപീകരണം. ഇന്ത്യന്‍ മുസ്‌ലിംകളുടെ അനിഷേധ്യനായ നേതാവ് ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബായിരുന്നു ഇതിന്റെ പ്രഥമ അധ്യക്ഷന്‍. വിഭജനാനന്തര ഇന്ത്യയില്‍ ഒരു ലീഗിന്റെ ആവശ്യമില്ലെന്ന് ചില കോണുകളില്‍നിന്നെങ്കിലും അഭിപ്രായമുയരുകയും പല കാരണങ്ങളാല്‍ നാടാകെ സംഘര്‍ഷ ഭരിതമാവുകയും ചെയ്ത ഒരു ഘട്ടത്തിലാണ് ഒരു ജനതയുടെ ആത്മാവാവിഷ്‌കാരമെന്നോണം സ്വതന്ത്ര ഇന്ത്യയില്‍ മുസ്‌ലിം ലീഗ് നിലനില്‍ക്കേണ്ടതിന്റെ ആവശ്യകത തുറന്നുപ്രഖ്യാപിച്ച് ഖാഇദേമില്ലത്ത് വികാരഭരിതനാകുന്നത്. ഖാഇദേ മില്ലത്തിന്റെ ഈ ഗര്‍ജ്ജനം പലരെയും ചിന്തിപ്പിച്ചു. ഇന്ത്യന്‍ മുസ്‌ലിംകളുടെ നിലനില്‍പിനുവേണ്ടി മുസ്‌ലിംലീഗ് ഒരു രാഷ്ട്രീയ കക്ഷിയായി മുന്നേറാനും ഇതോടെ തീരുമാനമായി.
രാഷ്ട്രീയ കര്‍മ്മപഥത്തില്‍ ഒരേകാന്ത പഥികനെപ്പോലെ മുള്‍മെത്ത വിരിച്ച നടപ്പാതയിലൂടെ നടന്നുനീങ്ങിയ ഖാഇദേമില്ലത്ത് നവീന ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ശില്‍പിയായി അവരോധിക്കപ്പെടുന്നത് ഇതോടെയാണ്. ഏത് പ്രതിസന്ധിഘട്ടത്തെയും അക്ഷോഭ്യനായി നേരിടുന്നതിനുള്ള നെഞ്ചുറപ്പും മനഃസ്ഥൈര്യവും അദ്ദേഹത്തിന്റെ ജന്മസിദ്ധമായ ഗുണങ്ങളായിരുന്നു. ബാഫഖി തങ്ങളും സി.എച്ചും ശിഹാബ് തങ്ങളും ഇതേ പാതയില്‍തന്നെ, കര്‍മോല്‍സുകതയുടെ പര്യായമായി രംഗത്തുവന്നതോടെ, കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ തന്നെ ന്യൂനപക്ഷങ്ങളുടെ അനിഷേധ്യ ശബ്ദമായി ലീഗ് മാറി.
ഗുജറാത്തിലെയും ബംഗാളിലെയും യു.പിയിലെയും ബീഹാറിലെയും മുസ്ലിംകളെ പോലെ വെറും വോട്ടു ബാങ്കുകളായി മാറാതെ സംഘടിത ന്യൂന പക്ഷ രാഷ്ട്രീയത്തിന്റെ അജയ്യ സാന്നിധ്യമായി ലീഗ് മുന്നില്‍ നടന്നു.
യോഗ്യരായ ജനപ്രതിനിധികളെ ജനാധിപത്യ വഴിയിലൂടെ പാര്‍ലമെന്റിലെത്തിക്കാനും ശരീഅത്തും ന്യൂനപക്ഷങ്ങളും വെല്ലുവിളിക്കപ്പെടുന്ന ഈ കാലത്ത് തങ്ങളുടെ പ്രതിഷേധം ഫാസിസ്റ്റ് മേലാളന്മാര്‍ക്കുമുമ്പില്‍ നിരന്തരം എത്തിക്കാനും പാര്‍ട്ടിക്ക് സാധിച്ചു.
ആറു പതിറ്റാണ്ടു കാലത്തെ ഹരിത രാഷ്ട്രീയത്തിന്റെ ചരിത്ര ചിത്രങ്ങള്‍ അസാധ്യതകളുടെ രാഷ്ട്രീയ സാക്ഷാല്‍ക്കാരത്തെക്കുറിച്ചാണ് നമുക്ക് പറഞ്ഞുതരുന്നത്. ഒരാളുടെ പോലും അവകാശങ്ങള്‍ അന്യായമായി കവര്‍ന്നെടുക്കാതെ എന്നാല്‍ തങ്ങള്‍ക്കു അവകാശപ്പെട്ടത് ഒരു തല നാരിഴ പോലും വിട്ടു കൊടുക്കാതെ കര്‍മകുശലതയോടെ മുന്നോട്ടു നീങ്ങുന്ന ലീഗ് ഫാസിസ്റ്റ് കാലത്ത് ഇന്ത്യന്‍ മുസ്‌ലിംകളുടെ ഏറ്റവും വലിയ പ്രതീക്ഷയാണ്.
ചരിത്രമാണ് ഏതൊരു പ്രസ്ഥാനത്തിന്റെയും ശക്തി. അതാണ് പുതിയ കാലത്തിനും പുതിയ തലമുറകള്‍ക്കും ആവശമായി വര്‍ത്തിക്കേണ്ടതും. അതിലുള്ള അവബോധം കുറയുമ്പോഴാണ് നമ്മള്‍ വഴി മാറിപ്പോവുന്നത്. ആയതിനാല്‍, ചരിത്രത്തില്‍നിന്നും പാഠമുള്‍കൊണ്ട് പുതിയ കാലത്ത് ദീര്‍ഘവീക്ഷണത്തോടെ അതിനെ പ്രവര്‍ത്തനഗദയില്‍ ഊന്നിനിറുത്തല്‍ അനിവാര്യമാണ്. ഫാസിസത്തെ ചെറുക്കാന്‍ ഈയൊരു സംഘടിത മുന്നേറ്റത്തിനേ സാധിക്കൂ.
Leave A Comment