ഫലസ്തീന്‍ എന്നും ചര്‍ച്ചയാവുന്നു
അന്താരാഷ്ട്ര വേദികളില്‍ ഇന്നും പരിഹാരത്തിന് കേഴുന്ന മധ്യപൗരസ്ത്യ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത് ഇസ്രാഈലിന്റെ ഔദ്യേഗിക പ്രത്യയശാസ്ത്രമായ സയണിസത്തില്‍ നിന്നും മുളപൊട്ടിയതാണ്. സെമിറ്റിക്ക് വിരോധിയായ ഹിറ്റലറിന്റെ ഗ്യാസ് ചേംബറുകളില്‍ കിടന്ന് നരകിച്ചിരുന്ന ജൂതന്മാരുടെ ദയനീയതക്കുള്ള ഒരു പരിഹാരമായിരുന്നു ഇസ്രാഈല്‍ എന്ന രാഷ്ട്രത്തിന്റെ ആവിര്‍ഭാവം. ഈ സഹതാപ തരംഗത്തിലൂടെ മര്‍ദ്ദിതരായ ഒരു ജനവിഭാഗത്തിന് ലഭിച്ച ഔദാര്യമെന്ന നിലയില്‍ ഇസ്രാഈലിന്റെ ജനനം നീതീകരിക്കുന്നത് ശരിയല്ലെന്ന് അതിന്റെ മര്‍മ്മം നോക്കിയാല്‍ മനസ്സിലാകും.
1947 ല്‍ ഐക്യരാഷ്ട്ര സഭ അറബിമുസ്‌ലിംകളും ക്രിസ്ത്യാനികളും അടങ്ങുന്ന പ്രദേശത്തെ വിഭജിച്ച് ഇസ്രാഈലും ഫലസ്തീനുമാക്കുക മാത്രമാണ് ചെയ്തത്. തുടര്‍ന്നുണ്ടാകുന്ന പ്രത്യാഘാതങ്ങളും അനന്തരഫലങ്ങളിലും ഒന്നു ചിന്തിക്കാന്‍ പോലും അവര്‍ തുനിഞ്ഞില്ല. അതിനാല്‍ തന്നെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സായുധ ബലത്തില്‍ ഇസ്രാഈല്‍ ഫലസ്തീന്‍ അതിര്‍ത്തികള്‍ പിടിച്ചെടുക്കാന്‍ തുടങ്ങി. തങ്ങളെ സംരക്ഷിക്കാന്‍ ഒരാളുണ്ടെന്ന ഉറപ്പില്‍ അവര്‍ പലതും ചെയ്തു തുടങ്ങി. ആട്ടിയോടിക്കലും കൂട്ടകുരുതികളും നിത്യസംഭവങ്ങളായി മാറി. ജൂതരെ ക്രൂശിച്ച ഹിറ്റലറിനെ പോലും നാണിക്കും മട്ടിലായിരുന്നു അവരുടെ ഉന്മൂലന കൃത്യങ്ങള്‍. അഭയാര്‍ത്ഥികളായി മറുനാട്ടിലേക്ക് കുടിയേറിയവരെ പോലും വെറുതെ വിട്ടില്ലെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുമ്പോള്‍ എത്രത്തോളമാണ് അവരുടെ ക്രൂരതയെന്ന് ഊഹിക്കാനേ ഉള്ളൂ. ഫലസ്തീന്‍കാരുടെ ജീവശ്വാസത്തിനുള്ള ചെറുത്തു നില്‍പ്പുകള്‍ പോലും പര്‍വ്വതീകരിച്ച് മാരകമായ സൈനിക അധിനിവേശത്തിലൂടെ അവ അമര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നു.
സാഹചര്യങ്ങളുടെ അനുകൂലത പലരും മുതലെടുത്തു. കൊടും പാതകങ്ങള്‍ക്ക് പേരു കേട്ട മൊസാദ് എന്ന ജൂത സംഘടന ഫലസ്തീനികളുടെ മേല്‍ കയറിയിറങ്ങി. ക്രൂരതകള്‍ എത്ര സഹിച്ചിട്ടും പാശ്ചാത്യന്‍ വാര്‍ത്താമാധ്യമങ്ങളില്‍ ഇസ്രാഈല്‍ സമാധാന ധീരന്മാരും ഫലസ്തീനികള്‍ ഭീകരന്മാരായും ചിത്രീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഏതാനും സംഘങ്ങളടങ്ങിയ ഫലസ്തീനികളുടെ ചെറിയ അക്രമണങ്ങള്‍ ഭീകര കൃതങ്ങളാക്കി പര്‍വ്വതീക്കപ്പെട്ടു. എന്നാല്‍ ഇസ്രാഈലിന്റെ ഭീകര കൂട്ടക്കൊലകള്‍ വെറും തിരിച്ചടികളായി മാത്രമാണ് ലഘൂകരിക്കപ്പെട്ടത്.
തദ്ദേശികളായ ഫലസ്തീനുകാരെ തുരത്തി സ്വന്തമായൊരു രാഷ്ട്രമെന്ന ലക്ഷ്യമാണ് സയണിസ്റ്റ് ആചാര്യന്മാര്‍, ഈ തട്ടിക്കൂട്ടലിന്റെ ഭാഗമാണ് ഇസ്രാഈലിന്‍ മക്കള്‍ക്ക് യഹോവ വാഗ്ദാനമായി നല്‍കിയതാണ് ഫലസ്തീന്‍ എന്ന വാദം. എന്നാല്‍ ഇത്തരം വാപൊളപ്പന്‍ പൊട്ടത്തരങ്ങളോ ചരിത്ര സാക്ഷ്യപ്പെടുത്തലുകളോ മറ്റു ലിഖിത ചരിത്രങ്ങളോ ബൈബിളിലൂടെയോ നമുക്ക് കണ്ടെത്താന്‍ കഴിയില്ല.
ഇസ്രാഈല്‍ രാഷ്ട്രത്തില്‍ ജൂതന്മാര്‍ അധികരിക്കുന്നതിന്റെ പിന്നിലുമുണ്ട് വഞ്ചനയുടെയും അധികാരമോഹത്തിന്റെയും കൈസ്പര്‍ശം. പലഭാഗങ്ങളിലായി പരന്നു കിടക്കുന്ന ജൂതന്മാരെ ഒരുമിച്ചു കൂട്ടല്‍ അസാധ്യമായതിനാലും ഇതിന്റെ പിന്നിലുള്ള ചരടുവലികളുടെ ആധികാരിക ലക്ഷ്യം അധികാര മോഹമാണെന്ന സത്യം അറിഞ്ഞതിനാലും ഇവര്‍ ഇതിനുപയോഗിച്ചത് വഞ്ചന എന്ന കുതന്ത്രമായിരുന്നു. സ്വന്തം ആദര്‍ശവീക്ഷണങ്ങളുള്ള ജനതയാണെന്ന പരിഗണന പോലും നല്‍കാതെ മുസ്‌ലിംകള്‍ അധിവസിക്കുന്ന സ്ഥലങ്ങളില്‍ സയണിസ്റ്റ് ഭീകരര്‍ തന്നെ സ്വയം സംഘടനകള്‍ ഉണ്ടാക്കുകയും സര്‍ക്കാര്‍ നയങ്ങള്‍ അവര്‍ക്കെതിരെ തിരിച്ചും അവരുടെ ഹൃദയങ്ങളില്‍ ഇസ്രാഈല്‍ ജീവിതമാണ് തങ്ങള്‍ക്ക് നല്ലതെന്ന വരുത്തിതീര്‍ക്കലുമായിരുന്നു ഈ കുടില ശ്രമത്തിന്റെ ആത്യന്തിക ലക്ഷ്യം. മറ്റൊരു വാദമായി അവര്‍ ഉന്നയിക്കുന്നത് ഫലസ്തീന്‍ പ്രദേശത്തെ ആദിമ നിവാസികളാണെന്നതാണ്. അങ്ങനെ ഭൂമിയില്ലാത്ത ജനതക്ക് ജനതയില്ലാത്ത ഭൂമി എന്ന വാദം അവര്‍ ഉന്നയിക്കുന്നു. ഇതെല്ലാം നമുക്ക് അസംഖ്യം ആധികാരിക രേഖകളോടെ തകര്‍ക്കാന്‍ പറ്റാവുന്നതേയുള്ളൂ. ഇസ്‌ലാം മത വിശ്വാസികളായ ഫലസ്തീനുകാരുടെ മേല്‍ ഇത്രയധികം ആധിപത്യം ചെലുത്താന്‍ കഴിഞ്ഞു എന്നത് അവര്‍ക്ക് അവരുടെ മതത്തിനോടുള്ള യഥാര്‍ത്ഥ സമീപനമാണ്. അവിശ്വാസികളാണെങ്കിലും അവരുടെ വീക്ഷണത്തില്‍ യഥാര്‍ത്ഥമെന്നു തോന്നുന്ന അവരുടെ മതത്തെ മുന്നില്‍ വെച്ചു കൊണ്ടാണ് അവര്‍ സമരം നടത്തിയത്. യാഥാര്‍ത്ഥ്യം എത്ര ചെറുതാണെങ്കിലും അത് അതിജയിക്കുമെന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ഫലസ്തീന്‍. അതാണല്ലോ ഖുര്‍ആന്‍ വ്യക്താമാക്കുന്നത്. സൈന്യമെത്ര ചെറുതാണെങ്കിലും അവര്‍ യഥാര്‍ത്ഥ വിശ്വാസത്തിലും അടിസ്ഥാനത്തിലുമാണെങ്കില്‍ അവര്‍ക്കു തന്നെയാണ് അന്തിമ വിജയം എന്ന് നമുക്ക് ഇതില്‍ നിന്നും ഗ്രഹിക്കാം.
ഇസ്‌ലാം ഇപ്പോഴും പലയിടങ്ങളിലായി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. പക്ഷെ ഇതിന്റെ അവഹേളനം കേള്‍ക്കുന്നത് യാഥാര്‍ത്ഥ്യമെന്ന ഇസ്‌ലാമിനാണ്. അത് സ്വാഭാവികമായും ഇസ്‌ലാമിന്റെ പരാജയമായി ഗണിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് ഒരു ചെറിയ കുട്ടിത്ത് തന്റെ കരം കൊണ്ട് ഒരു സിംഹത്തിന്റെ രൂപത്തെ തട്ടിയിടാം. കാരണം കുട്ടി ഒരു യാഥാര്‍ത്ഥ്യമാണ്.
ഇസ്‌ലാമിന്റെ സുവര്‍ണ്ണ കാലഘട്ടത്തില്‍ അത് പ്രത്യക്ഷപ്പെട്ടിരുന്നത് അതിന്റെ യാഥാര്‍ത്ഥ്യത്തിലാണ്. അതിനാല്‍ തന്നെ എതിരാളികള്‍ ഇസ്‌ലാമിന്റെ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ട് പിന്നോട്ടടിച്ചു. ഇന്ന് തദവസരത്തില്‍ എതിരാളികള്‍ ഇസ്‌ലാമിന്റെ രൂപത്തെ തിരിച്ചറിഞ്ഞു. അതാണ് ഇന്ന് ഫലസ്തീനിലും മറ്റു ഇസ്‌ലാമിക രാഷ്ട്രങ്ങളിലും നടന്നു കൊണ്ടിരിക്കുന്നത്. വയല്‍ വരമ്പത്തിലെ നോക്കുകുത്തിയെ മനുഷ്യന്റെ യാഥാര്‍ത്ഥ്യമാണെന്ന് കരുതി.. വിളകളിലേക്ക് ഇറങ്ങാതിരുന്ന പക്ഷികള്‍ ഇടക്കെപ്പെഴോ അതിനെ സ്പര്‍ശിച്ചപ്പോള്‍ പ്രതികരിക്കാതെ നിന്നപ്പോള്‍ മാത്രമാണ് ഇതൊരു രൂപമാണെന്ന് പക്ഷികളും തിരിച്ചറിഞ്ഞത്. ഇതു മനസ്സിലാക്കിയതും ഇസ്‌ലാം എന്ന ശത്രുപക്ഷത്തിന്റെ അമ്പുകള്‍ ശരശയനം തീര്‍ക്കാന്‍ പോന്നതായിരിക്കുന്നു.
ഇനി ഫലസ്തീന്‍ ജനതക്ക് മുന്നേറാന്‍ സമുദ്രങ്ങളില്‍ ഇടക്കിടക്ക് പൊന്തിനില്‍ക്കുന്ന ദ്വീപുകള്‍ പോലെ ഇടക്കുണ്ടാകുന്ന ഇസ്‌ലാമിന്റെ യാഥാര്‍ത്ഥ്യരൂപത്തെ സ്വീകരിച്ച് മുന്നേറലാണ് അനുയോജ്യമായ കര്‍മ്മ പദ്ധതി. അത്തരം യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടാണ് സ്വലാഹുദ്ദീന്‍ അയ്യൂബിയിലൂടെയും മറ്റും കാണാന്‍ സാധിച്ചതും അത്തരം കാരണത്താലാണ് അവര്‍ വിജയിച്ചതും. ഇസ്‌ലാമിന്റെ ഡ്യുപ്ലിക്കേറ്റ് രൂപത്തെ ഒഴിവാക്കി യഥാര്‍ത്ഥ ഇസ്‌ലാമിലൂടെ മുന്നേറുമ്പോഴേ വിജയം ഇസ്‌ലാമിന് ആവുകയുള്ളൂ. ഇതാണ് ഫലസ്തീന്‍ ജനതയുടെ രക്ഷയും.
മുസ്‌ലിംകള്‍ പരസ്പരം സൗഹാര്‍ദ്ദത്തിലും സാഹോദര്യത്തിലും ആണെന്ന് പ്രഖ്യാപിച്ച ഇസ്‌ലാമിന്റെ അനുയായികള്‍ ഫലസ്തീന്‍ ജനതയുടെ പ്രയാസങ്ങള്‍ക്കു മുമ്പില്‍ കണ്ണടയ്ക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. വെറും പ്രാര്‍ത്ഥനകളിലും ആശ്വാസഫണ്ടുകളിലും മാത്രം ഒതുക്കി നിര്‍ത്തി മുഖം രക്ഷിക്കുകയാണ് അവര്‍ ചെയതുകൊണ്ടിരിക്കുന്നത്. ഇതിനുള്ള പ്രധാന കാരണം ഇസ്‌ലാം മുഖവിലക്കെടുക്കാത്ത ദേശീയതക്ക് സ്ഥാനം നല്‍കിയതാണ്. ഇസ്‌ലാമികമായിട്ട് ദേശീയതക്ക് പ്രത്യേക സ്ഥാനമില്ല. ആഗോളതലത്തിലുള്ള സാഹോദര്യവും സൗഹാര്‍ദ്ദവുമാണ് ഇസ്‌ലാം അനുശാസിക്കുന്നതും നിര്‍ബന്ധിപ്പിക്കുന്നതും. ദേശിയതക്ക് പ്രാധാന്യം നല്‍കിയുരുന്നെങ്കില്‍ പ്രവാചകന്‍(സ) തന്റെ പ്രബോധനം മക്കയില്‍ മാത്രമായി ഒതുങ്ങിക്കൂട്ടുമായിരുന്നു. പക്ഷെ അന്നും ഇന്നും പ്രഖ്യാപിക്കുകയാണ് അതിര്‍ വരമ്പുകളോ പരിധികളോ ഇല്ലാതെ. സ്വന്തം രാഷ്ട്രത്തിന്റെ ദേശീയതക്ക് വില കൊടുത്ത് തന്റെ സഹോദരന്മാര്‍ പിടഞ്ഞ് വീഴുന്നതും കണ്ട് കൊണ്ടിരിക്കുന്ന മുസ്‌ലിം ജനതക്ക് പുനര്‍വിചിന്തനത്തിനുള്ള സമയം അതിക്രമിച്ചു കൊണ്ടിരുക്കയാണ്.



Leave A Comment