പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍

പരിശുദ്ധ ഇസ്ലാമിന്റെ പ്രബോധനത്തിന് വേണ്ടി ഹളര്‍മൗത്തില്‍ നിന്ന് ഹിജ്‌റ 1181 ല്‍ കേരളത്തിലെത്തിയ ശിഹാബ് കുടുംബത്തിന്റെ ശില്‍പിയായ സയ്യിദ് ശിഹാബുദ്ദീന്‍ അലിയ്യുല്‍ ഹള്‌റമിയുടെ പുത്രന്‍ സയ്യിദ് ഹുസൈന്‍ ശിഹാബുദ്ദീന്‍ മകന്‍ സയ്യിദ് മുഹ്‌ളാര്‍ തങ്ങള്‍ ശിഹാബുദ്ദീന്‍ മകന്‍  സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങളിലൂടെയാണ് ശിഹാബ് കുടുംബം പാണക്കാട്ടെത്തിയത്. പാണക്കാട് പുതിയ മാളിയേക്കല്‍ സയ്യിദ് അഹ്മദ് പൂക്കോയ തങ്ങളുടെയും (പി.എം.എസ്.എ) പത്‌നി ആഇശ ചെറുകുഞ്ഞി ബീവിയുടെയും പുത്രനായി 1936 മെയ് 4 നാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ജനിക്കുന്നത്. പാണക്കാട് ഡി.എം.ആര്‍.ടി സ്‌കൂള്‍, കോഴിക്കോട് എം.എം ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു തങ്ങളുടെ പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസം.1953 മാര്‍ച്ചില്‍ ശിഹാബ് തങ്ങള്‍ എസ്.എസ്.എല്‍.സി ജയിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം രണ്ടു വര്‍ഷം തിരൂരിനടുത്ത തലക്കടത്തൂര്‍ ദര്‍സില്‍ പഠിച്ചു.

1956-ലാണ് കാനഞ്ചേരി പള്ളിയില്‍ ദര്‍സ് വിദ്യാഭ്യാസത്തിന് ശിഹാബ് തങ്ങള്‍ എത്തിയത്. പൊന്മള മൊയ്തീന്‍ മുസ്‌ലിയാരുടെ കീഴിലായിരുന്നു മതപഠനം. കാനഞ്ചേരിയിലെ ദര്‍സ് പഠനത്തിന് ശേഷം ഉപരി പഠനത്തിനായി ശിഹാബ് തങ്ങള്‍ 1958-ല്‍ ഈജിപ്തിലെ സുപ്രസിദ്ധ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. അല്‍-അസ്ഹറിലെ മൂന്ന് വര്‍ഷത്തെ പഠനത്തിന് ശേഷം 1961 മുതല്‍ 1966 വരെ കൈറോ യൂണിവേഴ്‌സിറ്റിയിലായിരുന്നു ശിഹാബ് തങ്ങളുടെ പഠനം. കയ്‌റോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തങ്ങള്‍ ലിസാന്‍സ് അറബിക് ലിറ്ററേച്ചര്‍ ബിരുദം നേടി. ഡോ ഇസ്സുദ്ധീന്‍ ഫരീദ്, യൂസുഫ് ഖുലൈഫ്, ഡോ ബഹി, ശൗഖിളൈഫ് എന്നിവരായിരുന്നു കയ്‌റോ യൂണിവേഴ്‌സിറ്റിയിലെ ശിഹാബ് തങ്ങളുടെ പ്രധാന ഗുരുനാഥന്മാര്‍ ഇവിടെ പഠിക്കുന്ന കാലത്ത് യൂണവേഴ്‌സിറ്റിയിലെ ശൈഖ് അബ്ദുല്‍ ഹലീം മഹ്മൂദ് എന്ന സൂഫിവര്യന്റെ ശിഷ്യനായിരുന്ന ഒരു പണ്ഡിത കേസരിക്ക് കീഴില്‍ ശിഹാബ് തങ്ങള്‍ മൂന്ന് വര്‍ഷത്തോളം തസവ്വുഫില്‍ പഠനം നടത്തിയിരുന്നു. മാലിദ്വീപ് മുന്‍പ്രസിഡണ്ട് മഅ്മൂന്‍ അബ്ദുല്‍ ഖയ്യൂം, മാലിദ്വീപ് വിദേശ കാര്യമന്ത്രി ഫാത്തുല്ല ജമീല്‍ എന്നിവര്‍ പ്രധാന സഹപാഠികളാണ്.

വിദേശത്തെ പഠനത്തിന് ശേഷം തിരിച്ചെത്തി തങ്ങള്‍ കേരള മുസ്‌ലിംഗളുടെ നവോത്ഥാന ശില്‍പി ഖാഇദുല്‍ ഖൗം സയ്യിദ് അബ്ദു റഹ്മാന്‍ ബാഫഖി തങ്ങളുടെ മകള്‍ ശരീഫ ഫാത്വിമാ ബീവിയെ 1966 നവംമ്പര്‍ 24-ന് വിവാഹം ചെയ്തു. പിന്നീട് 2006 ഏപ്രില്‍ 21- ന് ശരീഫ ഫാത്തിമ ബീവി ഇഹലോകവാസം വെടിഞ്ഞതിനെ തുടര്‍ന്ന് 2007 ഒക്‌ടോബര്‍ 20-ന് രുവന്തുരത്തിയിലെ മശ്ഹൂര്‍ കുടുംബത്തില്‍ നിന്നുള്ള ടി.പി ആയിശ ബീവിയെവിവാഹം ചെയ്തു. ഉപരി പഠനാനന്തരം ഈജിപ്തില്‍ നിന്നും തിരിച്ചെത്തിയ ശിഹാബ് തങ്ങളുടെ ജീവിതം പഴയ കൊടപ്പനക്കല്‍ തറവാട്ടിലിരുന്ന് വായനയുടെയും എഴുത്തിന്റെയും ലോകത്തായിരുന്നു. അനേകം അറബ് പ്രസിദ്ധീകരണങ്ങളും ആനുകാലികങ്ങളും അക്കാലത്ത് വരുത്തി. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ പഠനാര്‍ഹവും സാരസമ്പൂര്‍ണ്ണവുമായ അനവധി ലേഖനങ്ങള്‍ എഴുതി. ഇങ്ങനെ അക്ഷരങ്ങളുടെ ആത്മസുഹൃത്തായി കഴുയുന്ന വേളയിലാണ് ഏറനാട് മുസ്ലിംലിഗ് കമ്മിറ്റിയുടെ പ്രസിഡന്റായത്. ഈ സ്ഥാനത്ത് തുടരുമ്പോയാണ് വന്ദ്യ പിതാവ് പൂക്കോയ തങ്ങള്‍ 1975-ല്‍ ഇഹലോകവാസം വെടിഞ്ഞത്.

മുസ്ലിം ലിഗിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന പിതാവിന്റെ വിയോഗത്തെ തുടര്‍ന്ന് സംസ്ഥാന അദ്ധ്യക്ഷനായി തെരെഞ്ഞെടെക്കപ്പെട്ടു. ലോകത്തുടനീളം പ്രശസ്ഥനായ ശിഹാബ് തങ്ങള്‍ ഈജിപ്ത്, സഊദി അറേബ്യ,യെമന്‍, യു.എ.ഇ, കുവൈറ്റ്, ഖത്തര്‍, ബഹ്‌റൈന്‍, ഇറാന്‍, മലേഷ്യ, സിംഗപ്പൂര്‍, മ്യാന്മര്‍, മാലിദ്വീപ്, ഫലസ്ഥീന്‍, ആസ്‌ത്രേലിയ, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, വത്തിക്കാന്‍, അമേരിക്കന്‍ ഐക്യ നാടുകള്‍, കാനഡ എന്നിവടങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. നിരാലംബരും നിരാശ്രയരുമായ എന്നല്ല മുഴുവന്‍ ജനങ്ങള്‍ക്കും അത്താണിയായരുന്ന ശിഹാബ് തങ്ങള്‍ സൗമ്യത കൊണ്ടും ശാന്ത പരുമാറ്റം വഴിയും സ്‌നേഹ പുഞ്ചിരിയാലും ജനമനസ്സുകളില്‍ സ്ഥാനം പിടിച്ചു. ജീവിതത്തില്‍ ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ആ മഹാദീപം 2009 ആഗസ്റ്റ് 1 (ശഅ്ബാന്‍ 10) ന് രാത്രി 08.40 ഓടെ അണഞ്ഞു പോവുകയായിരുന്നു. അല്ലാഹു അവരോടൊപ്പം നമ്മെയും അവന്റെ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ചു കൂട്ടട്ടെ - ആമീന്‍

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter