പി എ മുഹമ്മദ് ബാഖവി, കർമ്മ ശാസ്ത്ര രംഗത്തെ അദ്വിതീയ നാമം

കർമ്മശാസ്ത്ര വിഷയങ്ങളിലെ അഗാധജ്ഞാനത്തിലൂടെ മത വൈജ്ഞാനിക രംഗത്ത് ശോഭിച്ച, ആധുനിക കേരളം കണ്ട അതുല്യ  പണ്ഡിതനായിരുന്നു പി എ മുഹമ്മദ് ബാഖവി മുണ്ടംപറമ്പ്. സൂഫിവര്യനും ഖാളിയുമായിരുന്ന അലവിക്കുട്ടി മുസ്ലിയാരുടെ മകൻ ഖാളി പി.എ ആലിക്കുട്ടി മുസ്‌ലിയാർ ബാഖവിയുടെയും പ്രശസ്ത പണ്ഡിതൻ മർഹൂം ആമയൂർ ഉസ്താദിന്റെ  മകൾ മറിയം ഹജ്ജുമ്മയുടെയും മകനായി 1969 ഫെബ്രുവരിന് 1388 ദുൽഖഅദ് 25 ന്  ആമയൂരിലെ വീട്ടിലാണ് മുഹമ്മദ് ബാഖവി ജനിക്കുന്നത്.

വിജ്ഞാന പാത 
ഉമ്മയുടെ സ്വദേശമായ ആമയൂർ മദ്രസയിലും അവിടെത്തന്നെ നാലാം ക്ലാസ് വരെ എൽ പി സ്കൂളിലുമായിരുന്നു പ്രാഥമിക പഠനം. 1978ല്‍ വല്യുപ്പയുടെ മരണ ശേഷമാണ് ബാപ്പയും ഉമ്മയും മുണ്ടംപറമ്പിൽ സ്ഥിരതാമസമാക്കിയത്. മുണ്ടംപറമ്പ് എത്തിയതിനു ശേഷം പറമ്പ് മദ്രസയിലും തുടർന്ന് മഹല്ല് ദര്‍സിൽ മുതുപറമ്പ് അബൂബക്കർ മുസ്‌ലിയാരുടെ കൂടെയുമായി വിദ്യാർത്ഥി കാലം തുടർന്നു. പിന്നീട് രാമനാട്ടുകര ഇടിമുഴക്കൽ പ്രസിദ്ധമായ പനയപ്പുറം ദര്‍സിൽ ചേർന്നു. വിളയൂർ കൂരാച്ചിപ്പടി മുഹമ്മദ് കുട്ടി ബാഖവി എന്ന വലിയ പണ്ഡിതനായിരുന്നു അവിടത്തെ മുദരിസ്. ആമയൂർ ഉസ്താദിന്റെ പൗത്രൻ എന്ന നിലയിൽ ഉസ്താദിന് തന്നോട് വലിയ സ്നേഹമായിരുന്നു എന്ന് ബാഖവി പഠനകാലത്തെക്കുറിച്ച് സ്മരിച്ചിട്ടുണ്ട്.

പനയപ്പുറം ദർസിലെ പഠനശേഷം തന്റെ മാതൃസഹോദരി ഭർത്താവ് വീരാൻ മുസ്‌ലിയാരുടെ ദർസിൽ പഠനം തുടർന്നു. ഖതറുന്നദാ, അൽഫിയ, നഫാഇസ്, റഷീദിയ്യ, മിഷ്കാത്ത്, തഫ്സീറുൽ ജലാലൈനി, ഫത്ഹുൽ മുഈൻ ശറഹുൽ വറകാത്ത് തുടങ്ങിയ കിത്താബുകൾ ഓതി പഠിച്ചതും ഈ കാലയളവിലാണ്.വീരാൻ കുട്ടി ഉസ്താദിന്റെ ദർസിൽ നിന്ന് ഉസ്താദിന്റെ ആശീർവാദത്തോടെ പരപ്പനങ്ങാടിയിലെ അങ്ങാടി കടപ്പുറം പള്ളിയിലെ ദർസിലേക്ക് പോയി. സൂഫി വര്യനും പ്രമുഖ പണ്ഡിതനുമായിരുന്ന മലപ്പുറം കൂട്ടിലങ്ങാടി കടൂപ്പുറം എൻ കെ മുഹമ്മദ് മുസ്ലിയാരായിരുന്നു പരപ്പനങ്ങാടി മുദരിസ്. 4 വർഷം ഇവിടെ പഠനം നടത്തി. ഇവിടെ വെച്ചാണ് ജംഉൽ ജവാമിഅ്, ശറഹുൽ അഖാഇദ്, ഖയാലീ, സ്വഹീഹുൽ ബുഖാരി, തഫ്സീറുൽ ബൈളാവി, ശറഹുൽ മഹല്ലി, തശ്രീഹുൽ അഫ്‌ലാക്, ഖുലാസത്തുൽ ഹിസാബ്, ഉഖ്‍ലൈദിസ്, രിസാലത്തുൽ ഹിസാബ്, ഖുതുബി, മീർ ഖുതുബി, തുഹ്ഫത്തുൽ മുഹ്താജ് തുടങ്ങി വിജ്ഞാന സാഗരങ്ങളെ ആവാഹിച്ചെടുത്തത്.

ഉപരിപഠനാർത്ഥം വെല്ലൂരിലേക്ക്
ദർസ് പഠനത്തിന് ശേഷം, ഹി: 1414ൽ ഉപരിപഠനാർത്ഥം വെല്ലൂർ ബാഖിയാത്തിലേക്ക് പോയി. ശൈഖ് കമാലുദ്ദീൻ ഹസ്രത്ത്, പി എസ് പി സൈനുദീൻ ഹസ്രത്ത്, മുഹമ്മദ് ശബീർ ഹസ്രത്ത്, മുഹമ്മദ് ഹനീഫ ഹസ്റത്ത്, കൊളപ്പുറം മൂസക്കുട്ടി ഹസ്റത്ത് (നന്തി കോളജ് മുദരിസ്) എന്നിവരാണ് വെല്ലൂരിലെ തന്റെ പ്രധാന ഗുരുനാഥർ. ബാഖിയാത്തിലെ ജീവിതം വളരെ സന്തോഷകരമായിരുന്നുവെന്നും സിലബസ് കിതാബുകൾക്ക് പുറമെ മറ്റ് പ്രധാന കിതാബുകൾ ഇവിടെ വെച്ച് മൂസക്കുട്ടി ഹസ്റത്തിന്റെ സഹായത്തോടെ പഠിക്കാനായത് വലിയ അനുഗ്രഹമായെന്നും പിഎ ബാഖവി അനുസ്മരിച്ചിട്ടുണ്ട്. മുത്വവ്വലിൽ നിന്ന് 2 വർഷത്തെ മുത്വവ്വൽ പഠനം പൂർത്തിയാക്കി ഒന്നാം റാങ്ക് കരസ്ഥമാക്കിയാണ് ബാഖവി വെല്ലൂരിൽ നിന്ന് പടിയിറങ്ങിയത്. "ഒരു മാർക്കിന്റെ വ്യത്യാസത്തിൽ ഒന്നാം റാങ്ക് കാരനാവാം. പക്ഷെ ഇവിടെ ബാഖവിക്കും രണ്ടാം റാങ്കുകാരനും ഇടയിൽ മാർക്കിൽ വലിയ അന്തരമുണ്ടായിരുന്നു.", പ്രസിപ്പാൾ കമാലുദ്ദീൻ ഹസ്റത്ത് ഇടക്കിടെ ഇത് പ്രത്യേകം പരമാർശിക്കാറുണ്ടായിരുന്നു. വലിയ മാർക്കോടെ ഒന്നാം റാങ്ക് നേടിയ ബാഖവിയെ ഉസ്താദുമാരും കോളേജ് കമ്മറ്റിയും പ്രശംസിക്കുകയും ഇതിന്റെ സന്തോഷമായി ഹി.1414 ശഅബാൻ 18 (1994 ജനു.31) ന് നടന്ന ബിരുദദാന പരിപാടിയിലേക്ക് തന്റെ പ്രധാന ഗുരുനാഥൻ എൻ കെ ഉസ്താദിനെ ക്ഷണിക്കുകയും ഉസ്താദിന്റെ സാന്നിദ്ധ്യത്തിൽ ബാഖവിക്ക് ബിരുദ ദാനം നടത്തുകയും ചെയ്തിരുന്നു. ഈ സംഭവം മറക്കാനാവാത്ത അനുഭൂതിയാണെന്ന് ബാഖവി ഉസ്താദ് സ്മരിച്ചിട്ടുണ്ട്.
അവിടെ നിന്ന് പഠനം കഴിഞ്ഞ് പുറത്തിറങ്ങിയതിന് ശേഷവും ജ്ഞാന സമ്പാദന അവസരങ്ങൾ ഓരോന്നും മുതലെടുത്തിരുന്നു. വ്യത്യസ്ത ത്വരീഖത്തുകളെ ആഴത്തിൽ പഠിക്കാൻ  ജാമിഅ വഹബിയ്യക്ക് കീഴിൽ മഞ്ചേരി ദാറുസുന്നയിൽ വെച്ച് മൗലാനാ നജീബ് ഉസ്താദിന്റെ നേതൃത്വത്തിൽ നടത്തിയ ഒരു വർഷത്തെ മൗലവി ദാഈ കോഴ്സിലും പഠനം പൂർത്തിയാക്കി. ഇതിന് പുറമെ പട്ടിക്കാട് ജാമിഅയിൽ വെച്ച് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തു കോയ തങ്ങളുടെ നേതൃത്വത്തിൽ നടന്ന തുഹ്ഫയുടെ നികാഹ് ക്ലാസിലും പങ്കെടുത്തിട്ടുണ്ട്. പ്രതിഭാധനരായ അദ്ധ്യാപകരുടെ ശിക്ഷണത്തിലെ ദീർഘകാല അദ്ധ്യയനം തന്നെയാണ്, തന്റെ സേവന കാലത്തെ ധന്യമാക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്. ദർസ്, ഫത്‌വാ, വഅ്ളു മേഖലകളിലെല്ലാം അദ്ദേഹത്തിനു ജ്വലിക്കാനായതും അത് കൊണ്ട് തന്നെ.

ബിരുദ പഠനത്തിന് ശേഷം പ്രഥമ ദർസ് ആരംഭിച്ചത് 1994 ൽ തേഞ്ഞിപ്പലം കിഴക്കെ മുഹ്യിദ്ദീൻ ജുമാ മസ്ജിദിലാണ്. ഇവിടെ ഖതീബായും മുദരിസായും 3 വർഷം സേവനം ചെയ്തു. 35 വിദേശ വിദ്യാർത്ഥികളും അമ്പതോളം നാട്ടുവിദ്യാർത്ഥികളും ഉണ്ടായിരുന്നു ആ ദര്‍സില്‍.  തുടർന്ന് പെരുമുഖം എണ്ണക്കാട് (6 വർഷം),  കൊളപ്പുറം പാലമഠത്തിൽ ചിന (7 വർഷം),  മുവ്വായിരത്തിൽ അധികം വീടുകളുള്ള വയനാട് കൽപറ്റ ടൗൺ വലിയ ജുമാ മസ്ജിദ് (1 വർഷം),  കൊണ്ടോട്ടി കൊട്ടപ്പുറം (2 വർഷം), കോട്ടക്കൽ ചങ്കുവെട്ടിക്കുളം (1 വർഷം), കോടമ്പുഴ (3 വർഷം), മലപ്പുറം കോണോംപാറ (4 വർഷം), സത്യ പള്ളി എന്ന പേരിൽ  പ്രസിദ്ധമായ കൊടിഞ്ഞി പള്ളി  (2 വർഷം) എന്നിവിടങ്ങളിൽ പ്രശംസനീയ നിലയിൽ ദർസ് നടത്തി. തന്റെ 29 വർഷക്കാലത്തെ പള്ളി ദർസിൽ അവസാനമായി  ദർസ് നടത്തിയത് കൊടിഞ്ഞിയിലാണ്. അസുഖ ബാധിതനായതിനെ തുടർന്ന് കൊടിഞ്ഞിയിലെ ദർസ് അവസാനിപ്പിച്ചെങ്കിലും ഓൺലൈൻ ആയും മറ്റും വീട്ടിലെ വിശ്രമത്തിന്നിടയിൽ ദർസ് തുടർന്നു.

2016ൽ നടന്ന, ശൈഖുനാ എൻ കെ ഉസ്താദിന്റെ ശിഷ്യ സംഗമത്തിലെ സംസാരത്തിനിടയിൽ പുതിയ കാലത്തെ സാമൂഹിക മാദ്ധ്യമങ്ങളുടെ സാധ്യതകളെ അദ്ദേഹം പരാമർശിച്ചതോർക്കുന്നു. പണ്ഡിത സമൂഹം ഈ സാധ്യതകളെ നന്നായി ഉപയോഗപ്പെടുത്തണമെന്നുമന്നദ്ദേഹം പ്രസംഗിച്ചു. അദ്ദേഹം അതു നന്നായി ഉപയോഗിച്ചു. വാട്സാപ്പ് ഗ്രൂപ്പുകളിലൂടേയും യൂട്യൂബ് ചാനലുകളിലൂടേയും വൈജ്ഞാനിക പ്രസാരണം നടത്തി. ഇത്തരം മാദ്ധ്യമങ്ങളിലൂടെ പണ്ഡിതന്മാരടക്കം സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ കർമ്മശാസ്ത്രമടക്കമുള്ള ഇസ്‍ലാമിക വിജ്ഞാനീയങ്ങളിൽ തീർപ്പിന്നായി തന്നെ സമീപിച്ചു. വിവിധ വിഷയങ്ങളിലായി ഗ്രന്ഥനാമവും വാല്യവും പേജ് നമ്പറുമെല്ലാമുദ്ധരിച്ച് ആധികാരികമായിത്തന്നെ അവരെ ഉദ്ബോധിപ്പിക്കാനും അദ്ദേഹത്തിനു സാധിച്ചു. മുതഅല്ലിംകൾക്കുപകാരപ്പെടും വിധം വിവിധ കിതാബുകളും ഓൺലൈനിൽ തുടർക്ലാസുകളായി എടുത്തു.

രോഗസംബന്ധിയായ ബുദ്ധിമുട്ടുകൾക്കിടയിലും ഉംറ, ഹജ്ജ് സംബന്ധമായി, ഘനമുള്ള രണ്ടു പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചു. തന്റെ വന്ദ്യ പിതാവിനും പ്രധാന ഗുരുവായ ശൈഖുനാ എൻ കെ ഉസ്താദിനുമാണ് അദ്ദേഹം ആ കൃതികള്‍ സമർപ്പിച്ചത്. മയ്യിത്ത് പരിപാലനം, മരണവും അനന്തര കർമ്മങ്ങളും തുടങ്ങി വേറെയും അദ്ദേഹത്തിന് രചനകളുണ്ട്.

മികച്ച മുദർരിസിന് എസ്.വൈ.എസ് ജില്ലാ കമ്മിറ്റി നല്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക അവാർഡിന് അദ്ദേഹം അർഹനായിട്ടുണ്ട്. മഞ്ചേരി ദാറുസ്സുന്ന രജത ജൂബിലിയുടെ ഭാഗമായി നടത്തിയ 25 വർഷം ദർസ് നടത്തിയ പണ്ഡിതർക്കുള്ള ആദരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

29 വർഷത്തെ ദർസ് ജീവിതത്തിന്നിടയിൽ ബിരുദധാരികൾ ഉൾപ്പെടെ ധാരാളം പണ്ഡിതരെ ഈ സമൂഹത്തിന് സമർപ്പിക്കാൻ ബാഖവിക്ക് ഭാഗ്യം ലഭിച്ചു.  അവരിൽ പലരും നിരവധി മുതഅല്ലിമുകളുള്ള വലിയ മുദരിസുമാരായി സേവനം ചെയ്യുന്നു. വ്യത്യസ്ത മത-രാഷ്ട്രീയ രംഗത്തുള്ളവരോടും സ്നേഹം കൊണ്ട് മാത്രമായിരുന്നു ഉസ്താദിന്റെ പെരുമാറ്റം. താൻ ജോലി ചെയ്തിരുന്ന പ്രദേശത്തെ എല്ലാവരെയും പ്രായഭേദ്യമന്യേ പരിഗണിച്ചിരുന്നു. ഈ സ്നേഹവും ആദരവും സമൂഹം അദ്ദേഹത്തിന് തിരിച്ചു നൽകുകയും ചെയ്തിരുന്നു എന്നതിന് അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകള്‍ തന്നെ സാക്ഷിയാണ്. 


മരണം ദുൽഹിജ്ജയിലെ വെള്ളിയാഴ്ച ആയിരിക്കണമെന്ന് അദ്ദേഹം പലപ്പോഴും ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവത്രെ. അത് സര്‍വ്വശക്തന്‍ പൂര്‍ത്തീകരിച്ചുകൊടുത്തു എന്നാണ്, അദ്ദേഹത്തിന്റെ മരണം പറയുന്നത്. 1445 ദുല്‍ഖഅ്ദ് 30, വെള്ളിയാഴ്ച മരണപ്പെട്ട അദ്ദേഹം ദുല്‍ഹിജ്ജ ഒന്നിന് രാവിലെ 9മണിയോടെ ആറടി മണ്ണിലേക്ക് മടങ്ങുമ്പോള്‍, യാത്രയാക്കാന്‍ ഗുരുക്കന്മാരും കൂട്ടുകാരും ശിഷ്യരും പ്രിയപ്പെട്ടവരുമായി ആയിരക്കണക്കിന് പണ്ഡിതരും വിജ്ഞാന സ്നേഹികളുമുണ്ടായിരുന്നു. എല്ലാവരും ഒരു പോലെ കരളലിഞ്ഞ് നാഥനോട് ദുആ ചെയ്തത്, തങ്ങളുടെ ഈ പ്രിയപണ്ഡിത സുഹൃത്തിനെ സ്വീകരിക്കണേ എന്നായിരുന്നു, അദ്ദേഹത്തെ സ്വര്‍ഗ്ഗ ലോകത്ത് കണ്ട്മുട്ടാന്‍ തുണക്കണേ എന്നായിരുന്നു.

അല്ലാഹു അദ്ദേഹത്തിന്റെ സേവനങ്ങള്‍ സ്വീകരിക്കട്ടേ. ചെറിയ കുട്ടികളടങ്ങുന്ന കുടുംബത്തിനു ക്ഷമയും സൗഖ്യവും സമാധാനവും പ്രദാനം ചെയ്യട്ടെ, ആമീന്‍.

Leave A Comment

5 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter