മൗലാനാ അബ്ദുല്‍ ബാരി മുസ്‌ലിയാര്‍

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സ്ഥാപകനേതാക്കളില്‍ പ്രധാനിയും സംഘടനയുടെ വളര്‍ച്ചയില്‍ അതിമഹത്തായ പങ്ക് വഹിച്ച ഉന്നത പണ്ഡിതനുമാണ് മര്‍ഹൂം മൗലാനാ അബ്ദുല്‍ ഹഖ് മുഹമ്മദ് അബ്ദുല്‍ ബാരി (ന.മ.)
1385 ജമാദുല്‍ അവ്വല്‍ 2 (1965 ജൂലൈ 29)ന് അദ്ദേഹം ഈ ലോകത്തോട് യാത്ര പറഞ്ഞു. ജന്മദേശമായ വാളക്കുളം പുതുപ്പറമ്പില്‍ സ്വന്തം ചെലവില്‍ സ്ഥാപിച്ച മസ്ജിദുല്‍ ബാരിയുടെ സമീപത്ത് അദ്ദേഹം അന്ത്യവിശ്രമംകൊള്ളുന്നു.
1926-ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സംസ്ഥാപനാര്‍ത്ഥം കോഴിക്കോട് ടൗണ്‍ഹാളില്‍ വിളിച്ചുചേര്‍ത്ത ഉലമാ സമ്മേളനം വിജയിപ്പിക്കാനായി വരക്കല്‍ മുല്ലക്കോയ തങ്ങളുടെ ഉപദേശപ്രകാരം മര്‍ഹൂം മൗലാനാ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ മലബാറിന്റെ വിവിധ ഭാഗങ്ങള്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭം. സമസ്ത രൂപീകരണത്തെ പറ്റി മുശാവറ ചെയ്യാനും ദുആയിരപ്പിക്കാനുമായി ഖാദിരി, റിഫാഈ ത്വരീഖത്തുകളില്‍ തന്റെ ശൈഖും ഉന്നത പണ്ഡിതനും സൂഫിവര്യനുമായിരുന്ന വാളക്കുളം കോയാമുട്ടി മുസ്‌ലിയാരെ (മൗലാനാ അബ്ദുല്‍ ബാരിയുടെ പിതാവ്) പാങ്ങില്‍ അവര്‍കള്‍ സമീപിക്കുകയുണ്ടായി.
ആഗമനോദ്ദേശ്യം വിശദീകരിച്ചപ്പോള്‍ മര്‍ഹൂം കോയാമുട്ടി മുസ്‌ലിയാര്‍ പറഞ്ഞു: ”എന്റെ ദുആയും ആശീര്‍വാദവും എല്ലാവിധ പിന്തുണയും സംഘടനക്കുണ്ടാവും. പ്രവര്‍ത്തനത്തിനായി മകന്‍ മുഹമ്മദിനെയും നല്‍കാം.” അങ്ങനെ പിതാവിന്റെ നിര്‍ദ്ദേശപ്രകാരം മൗലാനാ അബ്ദുല്‍ ബാരി പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ സഹപ്രവര്‍ത്തകനായി മാറി. കോഴിക്കോട്ട് വിളിച്ചുചേര്‍ത്ത ഉലമാ സമ്മേളനത്തിന്റെ പ്രധാന സംഘാടകരായിരുന്നു പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരും മൗലാനാ അബ്ദുല്‍ ബാരിയും.
വരക്കല്‍ മുല്ലക്കോയ തങ്ങള്‍ പ്രസിഡണ്ടായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ എന്ന മഹത്തായ പണ്ഡിത സംഘടന രൂപീകൃതമാവുമ്പോള്‍ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരും അബ്ദുല്‍ ബാരി മുസ്‌ലിയാരും വൈസ് പ്രസിഡണ്ടുമാരായി തെരഞ്ഞെടുക്കപ്പെട്ടു.
1932-ല്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ വഫാത്തായതിനു ശേഷം മൗലാനാ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ സമസ്ത പ്രസിഡണ്ടായി. 1945-ല്‍ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ക്കു ശേഷം മൗലാനാ അബ്ദുല്‍ ബാരി സംഘടനയുടെ സാരഥ്യം ഏറ്റെടുത്തു. അദ്ദേഹം 1926 മുതല്‍ 1945 വരെ വൈ. പ്രസിഡണ്ടും 1945 മുതല്‍ 1965-ല്‍ നിര്യാതരാവുന്നത് വരെ പ്രസിഡണ്ടുമായിരുന്നു.
ഹിജ്‌റ 1298 ജമാദുല്‍ ആഖര്‍ 22-നാണ് അബ്ദുല്‍ ബാരി മുസ്‌ലിയാരുടെ ജനനം. അദ്ദേഹത്തിന്റെ പിതാവ് നിരവധി ത്വരീഖത്തുകളുടെ ശൈഖും പ്രസിദ്ധ പണ്ഡിതനുമായിരുന്ന ഖാജാ അഹ്മദ് എന്ന കോയാമുട്ടി മുസ്‌ലിയാര്‍ കോട്ടക്കലിനടുത്ത് കുഴിപ്പുറം സ്വദേശിയും പൗരപ്രമുഖനും മതഭക്തനുമായിരുന്ന കൊളമ്പില്‍ പോക്കല്‍ സാഹിബിന്റെ പുത്രനാണ്. ചേറൂര്‍, പറപ്പൂര്‍, പുതുപ്പറമ്പ് എന്നിവിടങ്ങളില്‍ ദര്‍സ് നടത്തിയ അദ്ദേഹം പുതുപ്പറമ്പില്‍ നിന്നു വിവാഹം ചെയ്ത് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. വലിയ ധനികനായിരുന്ന അദ്ദേഹം സ്വത്തിന്റെ നല്ലൊരു ഭാഗം ദീനിന്റെ മാര്‍ഗ്ഗത്തിലേക്കാണ് നീക്കിവെച്ചത്. സമസ്തയുടെ പ്രവര്‍ത്തനങ്ങളുമായി അദ്ദേഹത്തെ സമീപിച്ച പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ക്ക് സംഘടനയുടെ പ്രാഥമിക ചെലവിലേക്ക് സംഭാവനയും നല്‍കിയിരുന്നു. പുതുപ്പറമ്പ് ജുമുഅത്തു പള്ളിയോട് ചേര്‍ന്നാണ് കോയാമുട്ടി മുസ്‌ലിയാരുടെ ഖബര്‍.
മഹാനായ പിതാവിന്റെ മകനായി ജനിച്ച അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ ചെറുപ്പത്തില്‍ തന്നെ സല്‍ഗുണ സമ്പന്നനായാണ് വളര്‍ന്നത്. വിനയവും ദാനശീലവും ചെറുപ്പം മുതല്‍ തന്നെ അദ്ദേഹത്തില്‍ പ്രകടമായിരുന്നു.
സമ്പന്ന കുടുംബത്തിലാണ് ജനിച്ചതെങ്കിലും സാധു ജനങ്ങളോടുള്ള സ്‌നേഹം (ഹുബ്ബുല്‍ മസാകീന്‍) അദ്ദേഹത്തിന്റെ കൂടെപ്പിറപ്പായിരുന്നു. പിതാവില്‍ നിന്നാണ് ഈ സല്‍ഗുണങ്ങളെല്ലാം അദ്ദേഹം പകര്‍ത്തിയത്.
മൗലാനാ അബ്ദുല്‍ ബാരിക്ക് എട്ടു വയസ്സായ അവസരം – അദ്ദേഹം തമാശയായി ഒരു കളവ് പറഞ്ഞു. മകന്‍ കളവ് പറഞ്ഞു എന്നറിഞ്ഞ പിതാവ് കോയാമുട്ടി മുസ്‌ലിയാര്‍ക്ക് കോപം അടക്കാനായില്ല. മകനെ വീടിന്റെ ഇരുട്ടറയിലേക്കു വിളിച്ചു. ”എടാ… കളവ് പറയാനാണോ നിനക്ക് ഞാന്‍ മുഹമ്മദ് എന്ന് പേരിട്ടത്?” പിതാവിന്റെ ഗൗരവമായ സംസാരം കേട്ടു മുഹമ്മദ് അബ്ദുല്‍ ബാരി എന്ന എട്ടു വയസ്സുകാരന്‍ ഭയന്നു വിറച്ചു. മേലില്‍ കളവ് പറയില്ല എന്ന് മനസ്സാ പ്രതിജ്ഞയെടുത്തു. അതിനു ശേഷം മരിക്കുന്നതു വരെ അറിഞ്ഞുകൊണ്ട് ഒരു കളവ് പോലും അദ്ദേഹം പറഞ്ഞിട്ടില്ല. തികച്ചും മാതൃകായോഗ്യമായ ജീവിതം.
സ്വന്തം പിതാവില്‍നിന്ന് പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം നാദാപുരം, തിരൂരങ്ങാടി, പൊന്നാനി ദര്‍സുകളില്‍ പഠിച്ച ശേഷം ഉപരിപഠനത്തിനായി 1898-ല്‍ വെല്ലൂര്‍ ബാഖിയാത്തില്‍ ചേര്‍ന്നു. അഞ്ചു വര്‍ഷത്തെ ബാഖിയാത്ത് ജീവിതത്തിനുശേഷം 1903-ല്‍ ബാഖവി ബിരുദധാരിയായി നാട്ടിലെത്തി. കോഴിക്കോട് മദ്രസത്തുല്‍ ജിഫ്‌രിയ്യയിലായിരുന്നു പ്രഥമ ദര്‍സ്. പിന്നീട് അയ്യായ, താനാളൂര്‍, വളവന്നൂര്‍, കാനാഞ്ചേരി എന്നിവിടങ്ങളില്‍ അദ്ദേഹം മുദര്‍രിസായി സേവനമനുഷ്ഠിച്ചു.
വളവന്നൂര്‍ പഴയ ജുമുഅത്തു പള്ളിയില്‍ ദര്‍സു നടത്തിയ കാലത്ത് സുന്നത്ത് ജമാഅത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പാഠ്യപദ്ധതി തയ്യാറാക്കി. വഖഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷന്‍ സമയത്ത് വഖഫ് ആധാരങ്ങളില്‍ പ്രസ്തുത പാഠ്യപദ്ധതി വ്യക്തമായി എഴുതിച്ചേര്‍ത്തത് അദ്ദേഹത്തിന്റെ ദീര്‍ഘദൃഷ്ടിയുടെ ഉദാഹരണമാണ്. കാനാഞ്ചേരി പള്ളിയിലെ ദര്‍സിന് അദ്ദേഹം വളരെയധികം വഖഫ് സ്വത്തുക്കള്‍ ശേഖരിക്കുകയുണ്ടായി. 1910 മുതല്‍ 1921-ല്‍ മലബാര്‍ കലാപം ശക്തിപ്രാപിക്കുന്നതുവരെയുള്ള കാലമാണ് അദ്ദേഹം കാനാഞ്ചേരിയില്‍ ദര്‍സ് നടത്തിയത്. 1921 മുതല്‍ മരിക്കുന്നതു വരെ 45 വര്‍ഷം ജന്മദേശമായ പുതുപ്പറമ്പില്‍ തന്നെയായിരുന്നു സേവനം. പിതാവിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് അദ്ദേഹം നാട്ടില്‍ മുദര്‍രിസായത്.
സമസ്തയുടെ രൂപീകരണത്തില്‍ മുഖ്യ പങ്ക് വഹിച്ച അദ്ദേഹം തുടക്കം മുതല്‍ തന്നെ സജീവമായി കര്‍മ്മരംഗത്തിറങ്ങി. ധനികനായിരുന്ന അദ്ദേഹം സംഘടനക്കുവേണ്ടി വന്‍തുകകള്‍ ചെലവഴിച്ചു. സമസ്ത 1929-ല്‍ അല്‍ ബയാന്‍ മാസിക തുടങ്ങുമ്പോള്‍ പ്രചാരണത്തിനു വേണ്ടി വളരെയധികം ത്യാഗം ചെയ്യുകയും സാമ്പത്തികമായി സഹായിക്കുകയും ചെയ്തു. സംഘടനാ രംഗത്ത് ഉന്നത പദവികള്‍ അലങ്കരിക്കുകയും എല്ലാവരാലും ആദരിക്കപ്പെടുകയും ചെയ്തിരുന്ന അദ്ദേഹം മികവുറ്റ എഴുത്തുകാരന്‍ കൂടിയായിരുന്നു. അല്‍ ബയാന്‍ മാസികയുടെ പ്രഥമ ലക്കം മുതല്‍ പരിശുദ്ധ ഇസ്‌ലാമിന്റെ ആശയാദര്‍ശങ്ങളും യഥാര്‍ത്ഥ വിശ്വാസങ്ങളും വിശദീകരിച്ചുകൊണ്ട് മുസ്‌ലിം ലോകം  എന്ന ശീര്‍ഷകത്തില്‍ അദ്ദേഹത്തിന്റെ തുടര്‍ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
ഫിഖ്ഹിലും മറ്റും കനപ്പെട്ട ലേഖനങ്ങള്‍ അല്‍ ബയാന്‍ മാസികയുടെ പഴയ താളുകളില്‍ കാണാം. 1929 മുതല്‍ കോഴിക്കോട്ട് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അല്‍ ബയാന്‍ പിന്നീട് നിന്നുപോയി. 1945-ലെ കാര്യവട്ടം സമ്മേളന തീരുമാനപ്രകാരം നാല്‍പതുകളുടെ അവസാനത്തില്‍ അല്‍ ബയാന്‍ പുനഃപ്രസിദ്ധീകരിച്ചു തുടങ്ങിയത് തന്നെ അദ്ദേഹത്തിന്റെ കാര്‍മ്മികത്വത്തില്‍ വാളക്കുളം പുതുപ്പറമ്പില്‍ നിന്നായിരുന്നു. പ്രസ്സ് സ്ഥാപിക്കാനായി കൂടുതല്‍ സഹായിച്ചതും അദ്ദേഹം തന്നെ. ഇംഗ്ലീഷ്, ഉറുദു, ഫാര്‍സി തുടങ്ങിയ വിവിധ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്തിരുന്ന അദ്ദേഹം നല്ലൊരു വാഗ്മിയും ആ കാലത്ത് നല്ല മലയാളത്തില്‍ പ്രസംഗിക്കുന്ന ചുരുക്കം ചിലരിലൊരാളുമായിരുന്നു.
1951-ല്‍ വടകര വെച്ച് ചേര്‍ന്ന സമസ്തയുടെ പത്തൊമ്പതാം സമ്മേളനത്തില്‍ വെച്ച് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനിച്ചു. 51 മാര്‍ച്ച് 23,24,25 തിയ്യതികളിലാണ് പ്രസ്തുത സമ്മേളനം. സമ്മേളനം കഴിഞ്ഞ് ആറു മാസത്തിനു ശേഷം 51 സപ്തംബര്‍ 17നു മൗലാനാ അബ്ദുല്‍ ബാരിയുടെ കര്‍മ്മഭൂമിയായിരുന്ന വാളക്കുളത്ത് പുതുപ്പറമ്പ് ജുമുഅഃ പള്ളിയില്‍ ചേര്‍ന്ന പണ്ഡിതന്മാരുടെയും വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും പ്രതിനിധി സമ്മേളനത്തില്‍ വെച്ചാണ് മുസ്‌ലിം കേരള ചരിത്രത്തില്‍ ഒരു വിദ്യാഭ്യാസ വിപ്ലവത്തിനു കളമൊരുക്കിയ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ രൂപീകരണം. ഇന്ന് കോടികളുടെ ആസ്തിയുള്ള വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിനു തുടക്കം കുറിക്കാന്‍ യോഗത്തില്‍ പങ്കെടുത്ത പണ്ഡിതന്മാരില്‍ നിന്ന് 17 പേര്‍ ഒരു ഉറുപ്പിക വീതമെടുത്തു 17 രൂപയും മൗലാനാ അബ്ദുല്‍ ബാരി 25 രൂപയും യോഗം വീക്ഷിക്കാന്‍ എത്തിയിരുന്ന അദ്ദേഹത്തിന്റെ ഭാര്യാ സഹോദരന്‍ കോഴിക്കോടന്‍ കുഞ്ഞഹമ്മദ്കുട്ടി സാഹിബ് അഞ്ചുരൂപയും നല്‍കി സ്വരൂപിച്ച നാല്പത്തി ഏഴ് രൂപയാണ് പ്രഥമ മൂലധനം. പ്രസ്തുത സമ്മേളനത്തിനു പ്രതിനിധികളെല്ലാം തലേന്ന് തന്നെ എത്തിയിരുന്നു. സുബ്ഹി നിസ്‌കാരം മുതലായിരുന്നു തുടക്കം. എല്ലാവര്‍ക്കും ആതിഥ്യം നല്‍കിയത് അബ്ദുല്‍ ബാരി തന്നെയായിരുന്നു. അദ്ദേഹത്തിന്റെ ആതിഥ്യത്തില്‍ അനവധി മുശാവറ യോഗങ്ങള്‍ പുതുപ്പറമ്പില്‍ ചേര്‍ന്നിട്ടുണ്ട്.
വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ മദ്രസ അംഗീകരണം തുടങ്ങുന്നത് മൗലാനാ അബ്ദുല്‍ ബാരിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചു നടത്തിയിരുന്ന വാളക്കുളം പുതുപ്പറമ്പ് ബയാനുല്‍ ഇസ്‌ലാം മദ്രസ ഒന്നാം നമ്പര്‍ ആയി അംഗീകരിച്ചുകൊണ്ടാണ്. 1952 ആഗസ്റ്റ് 26-ാം തിയ്യതിയാണ് ഈ അംഗീകരണം നടന്നത്.
സമസ്തയുടെ ബഹുജന പ്രസ്ഥാനമായ സുന്നി യുജവനസംഘം രൂപീകരിച്ചു പ്രവര്‍ത്തന രംഗത്തിറങ്ങിയപ്പോഴും മഹാനവര്‍കളുടെ നേതൃത്വത്തില്‍ പുതുപ്പറമ്പ് പ്രദേശം മുന്‍പന്തിയിലായിരുന്നു. 1959-ല്‍ മര്‍ഹൂം ഉസ്താദ് സി.എച്ച്. ഹൈദ്രോസ് മുസ്‌ലിയാര്‍ പ്രസിഡണ്ടായി രൂപീകൃതമായ പുതുപ്പറമ്പ് ശാഖാ എസ്.വൈ.എസ്. മഹല്ലിനെ നാലു ഭാഗങ്ങളായി തിരിച്ചു വയോജന ക്ലാസ് സംഘടിപ്പിച്ചു കൃത്യമായി നടത്തിയിരുന്നു. മൗലാനാ അബ്ദുല്‍ ബാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വന്‍ഷനില്‍ വെച്ചാണ് ശാഖാ കമ്മിറ്റി രൂപീകൃതമായത്. വയോജന ക്ലാസുകളുടെ ഉല്‍ഘാടനം നിര്‍വ്വഹിച്ചതും മൗലാനാ തന്നെയായിരുന്നു.
30.4.62-നു മൗലാനാ അബ്ദുല്‍ ബാരിയുടെ അധ്യക്ഷതയില്‍ കോഴിക്കോട്ട് ചേര്‍ന്ന മുശാവറ യോഗമാണ് സമസ്തയുടെ കീഴില്‍ ഉന്നത ബിരുദം നല്‍കുന്ന അറബിക് കോളേജ് തുടങ്ങാന്‍ തീരുമാനിച്ചത്. 1.11.62നു മഹാനവര്‍കളുടെ അധ്യക്ഷതയില്‍ തന്നെയാണ് കോളേജ് കമ്മിറ്റിയുടെ ഭരണഘടന വായിച്ചു പാസാക്കിയതും. വളരെയധികം സമ്പത്തിന്റെ ഉടമയായിരുന്ന അദ്ദേഹം തന്റെ സ്വത്തുക്കളെല്ലാം പുതുപ്പറമ്പ് പള്ളിദര്‍സിനും താന്‍ സ്ഥാപിച്ച മൗലവിയ്യ കോളേജിനും മസ്ജിദുല്‍ ബാരിക്കും അതിനോടനുബന്ധിച്ചുള്ള ഉന്നതമായ കുതുബുഖാനക്കും മറ്റു ദീനീ കാര്യങ്ങള്‍ക്കുമായി വഖഫ് ചെയ്ത സന്ദര്‍ഭത്തിലാണ് ജാമിഅ നൂരിയ്യയുടെ തുടക്കം. ജാമിഅക്കു വേണ്ടി നല്‍കാന്‍ തന്റെ വശം സ്വത്തുവകകളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ജാമിഅയുടെ സംസ്ഥാപനത്തില്‍ സാമ്പത്തികമായി പങ്കുചേരാനായി താന്‍ രചിച്ച സിഹാഹുശ്ശൈഖൈനിയുടെ അഞ്ഞൂറുകോപ്പി നല്‍കുകയാണുണ്ടായത്. അതു വിറ്റു കിട്ടുന്ന സംഖ്യ ജാമിഅയുടെ നിര്‍മ്മാണ ഫണ്ടിലേക്ക് എടുക്കുകയായിരുന്നു. ബുഖാരി, മുസ്‌ലിം റിവായത്ത് ചെയ്ത 2648 ഹദീസുകളടങ്ങിയതാണ് അദ്ദേഹം രചിച്ച സിഹാഹുശ്ശൈഖൈന്‍. ജംഉല്‍ബാരി, ഫത്ഹുല്‍ബാരി, അല്‍മന്‍കൂസ് തുടങ്ങി പ്രസിദ്ധീകരിച്ചും അല്ലാത്തതുമായ നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.
പണ്ഡിതന്മാര്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും സ്‌കൂള്‍ പഠനത്തിനും എതിരായിരുന്നു എന്ന കള്ള പ്രചാരണത്തിനു വായടപ്പന്‍ മറുപടിയായിരുന്നു അബ്ദുല്‍ ബാരി മുസ്‌ലിയാരുടെ ജീവിതം. പുതുപ്പറമ്പ് ഗവ. ഹൈസ്‌കൂളിന്റെ തുടക്കത്തില്‍ എല്‍.പി. സ്‌കൂള്‍ അദ്ദേഹം സ്വന്തം ചെലവില്‍ സ്ഥാപിച്ചു നടത്തി പോരുകയായിരുന്നു. പിന്നീടത് യു.പിയായി ഉയര്‍ത്തപ്പെട്ടു. പ്രസ്തുത സ്‌കൂള്‍ അദ്ദേഹം ഗവണ്‍മെന്റിനു നല്‍കുകയാണുണ്ടായത്. അദ്ദേഹത്തിന്റെ മരണശേഷമാണ് ഗവ. ഹൈസ്‌കൂളായി ഉയര്‍ന്നത്. വാളക്കുളത്തും പരിസരത്തുമുള്ള അനവധി പേര്‍ അദ്ദേഹത്തിന്റെ പ്രേരണയും ഉപദേശവും കാരണം ഭൗതിക കോളേജുകളില്‍ ചേര്‍ന്നു പഠിച്ചു. ഇപ്രകാരം ഉയര്‍ന്ന പദവിയിലെത്തിയവരിലൊരാളാണ് പ്രൊഫ. ഇ. മുഹമ്മദ് സാഹിബ്. ഈ വിനീതനു മഹാനവര്‍കളെ നേരില്‍ ബന്ധപ്പെടാന്‍ ഒരു അവസരം മാത്രമാണ് ലഭിച്ചത്. ആ രംഗം മായാതെ ഇന്നും മനസ്സില്‍ നിലനില്‍ക്കുന്നുണ്ട്. അദ്ദേഹം വഫാത്താവുന്നതിന്റെ മാസങ്ങള്‍ക്കു മുമ്പ് 1965-ല്‍ ഉസ്താദ് ഹൈദ്രോസ് മുസ്‌ലിയാരുടെ ദര്‍സില്‍ അല്‍ഫിയ്യഃ ഫത്ഹുല്‍ മുഈന്‍ എന്നിവ ഓതുന്ന കാലം. ഉസ്താദിന്റെ ഉപദേശപ്രകാരം ദുആയിരപ്പിക്കാനായി പുതുപ്പറമ്പില്‍ മഹാനവര്‍കളുടെ വസതിയിലെത്തി. ഇല്‍മ് പഠിയാന്‍ ദുആയിരക്കണമെന്ന് പറഞ്ഞു. മഹാനവര്‍കള്‍ ദുആയിരുന്ന ശേഷം പറഞ്ഞു: ”ഇല്‍മ് പഠിച്ചു വലുതായി സമസ്തക്കു വേണ്ടി പ്രവര്‍ത്തിക്കണം. അല്ലാഹു തൗഫീഖ് നല്‍കട്ടെ.”
മഹാനവര്‍കളുടെ ദുആയും ഉപദേശവും ഇന്നും ഓര്‍ക്കുന്നു. സംഘടനയുടെ ഒരു എളിയ പ്രവര്‍ത്തകനാവാന്‍ ഭാഗ്യം ലഭിച്ചത് മഹാനവര്‍കളുടെ ദുആയുടെ ഫലമായിരിക്കുമെന്ന് വിശ്വസിക്കുന്നു. അവരെയും നമ്മെയും സര്‍വ്വശക്തന്‍ സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചുകൂട്ടുമാറാവട്ടെ, ആമീന്‍.

 

പി.പി. മുഹമ്മദ് ഫൈസി

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter