ചെറുശ്ശേരി ഉസ്താദ്: ജീവിതം ഒരു നഖചിത്രം

കുടുംബവും ജനനവും ചെറുശ്ശേരി മുഹമ്മദ് മുസ്‌ലിയാരുടെ മകനായി 1937 ല്‍ ജനിച്ചു. ഹിജ്‌റ വര്‍ഷം 1356 റജബ് ഇരുപതിന് മലപ്പുറം ജില്ലയിലെ മൊറയൂരില്‍ മാതാവിന്റെ തറവാട്ടിലായിരുന്നു ഇത്. ബംഗാളത്ത് പാത്തുമ്മുണ്ണിയാണ് മാതാവ്. മാതാപിതാക്കളുടെ ഏക സന്താനമാണ്. പ്രധാന പഠനം ജന്മദേശത്തുവെച്ചുതന്നെയായിരുന്നു. സ്വപിതാവ് മുഹമ്മദ് മുസ്‌ലിയാര്‍തന്നെയാണ് പ്രധാന ഗുരു. ശേഷം മഞ്ചേരിയില്‍ പോയി ഓവുങ്ങല്‍ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെ അടുത്ത് രണ്ടു വര്‍ഷത്തോളം പഠിച്ചു. കൊണ്ടോട്ടി സ്‌കൂളില്‍ ഏട്ടാം തരം വരെ പോയതാണ് അദ്ദേഹത്തിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. ദര്‍സില്‍ പോകാനുള്ള താല്‍പര്യം മൂലം പിന്നീട് സ്‌കൂള്‍ പഠനം ഉപേക്ഷിക്കുകയായിരുന്നു. അധ്യാപന രംഗത്തേക്ക് മഞ്ചേരിയിലെ പഠനത്തിനു ശേഷം തിരിച്ചു നാട്ടിലെത്തിയപ്പോള്‍ പിതാവ് പ്രായാധിക്യത്താല്‍ രോഗശയ്യയിലായിരുന്നു. സഹപാഠികളുടെ കൂടെ വെല്ലൂര്‍ ബാഖിയാത്തില്‍ പോകാനുള്ള താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ പിതാവ് പറഞ്ഞത് എവിടെയും പോവേണ്ടതില്ലെന്നും അവിടെയൊക്കെ പോകുന്നവര്‍ കുറച്ചുകാലം കഴിഞ്ഞാല്‍ തന്റെയടുത്ത് വരുമെന്നുമായിരുന്നു. അങ്ങനെ നാടിനടുത്തുള്ള നെടിയിരുപ്പ് ദര്‍സില്‍ സേവനം തുടങ്ങി. അത് ഉസ്താദിന്റെ 22 ാം വയസ്സിലായിരുന്നു. സ്വന്തം പിതാവ് മുഹമ്മദ് മുസ്‌ലിയാര്‍ തന്നെയാണ് അന്ന് ക്ലാസ് ഉല്‍ഘാടനം നിര്‍വഹിച്ചത്. 18 വര്‍ഷത്തോളം പ്രസ്തുത മഹല്ലില്‍ തന്റെ ദര്‍സ് തുടര്‍ന്നു. പില്‍ക്കാലത്ത് ചെമ്മാട് ദര്‍സ് തുടങ്ങിയപ്പോഴാണ് അവിടെ ദര്‍സ് നിര്‍ത്തുന്നത്. 1977 സെപ്തംബര്‍ 25 നായിരുന്നു അവിടെ ദര്‍സ് ആരംഭിച്ചത്. ചെമ്മാടിന്റെ മുഖച്ഛായ തന്നെ മാറ്റി വെക്കുന്നതില്‍ ഉസ്താദ് വഹിച്ച പങ്ക് ഒരിക്കലും മറക്കാവതല്ല. ചെമ്മാട് ദര്‍സിനെ അറിയപ്പെട്ട ദര്‍സാക്കി മാറ്റിയത് ഉസ്താദാണ്. ഈ ദര്‍സ് കാലത്തെ ശിഷ്യന്‍മാര്‍ കേരളത്തിന്റെ നാനാ ഭാഗത്തും ധാരാളമായി കാണാന്‍ കഴിയും. സമസ്തയും ഇതര സംരംഭങ്ങളും ചെമ്മാട് ദര്‍സ് തുടങ്ങിയതോടെയാണ് ഉസ്താദ് മുഖ്യധാരയിലെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. പില്‍ക്കാലത്ത് സമസ്തയിലേക്കും മുശാവറയിലേക്കുമെല്ലാം ഉസ്താദിന് വഴിതുറന്നുകൊടുത്തത് ഈ ദര്‍സായിരുന്നു. 1980 ല്‍ ഉസ്താദ് സമസ്ത മുശാവറ അംഗമായി. തൊട്ടടുത്ത വര്‍ഷം തന്നെ മുശാവറയിലേക്കും നാമനിര്‍ദേശം ചെയ്യപ്പെട്ടു. പിന്നീട് താമസിയാതെത്തന്നെ സമസ്തയുടെ ഔദ്യോഗിക ശബ്ദങ്ങളിലൊന്നായി മാറുകയും ശംസുല്‍ ഉലമ വഫാത്തായതോടെ പ്രസ്ഥാനത്തിന്റെ കാര്യദര്‍ശിയായി അവരോധിക്കപ്പെടുകയുമായിരുന്നു. 1996 ലായിരുന്നു ഇത്. ചെമ്മാട് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് മലപ്പുറം ജില്ലാ സുന്നി മഹല്ല് ഫെഡറേഷനു കീഴില്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമി സ്ഥാപിക്കുന്നത്. സ്ഥാപനത്തിന്റെ പ്രഥമ പ്രന്‍സിപ്പളായിരുന്ന എം.എം. ബശീര്‍ മുസ്‌ലിയാര്‍ വഫാത്തായതോടെ ഉസ്താദ് ദാറുല്‍ ഹുദായുടെ പ്രന്‍സിപ്പളായി കടന്നുവന്നു. ചെമ്മാട്ടെ 18 വര്‍ഷത്തെ ദര്‍സ് അദ്ധ്യാപനത്തിനു ശേഷം ഹജ്ജ് യാത്രക്കായി ഉസ്താദ് അവിടെനിന്നും വിരമിച്ചു. തിരിച്ചുവന്നതിനു ശേഷം ദാറുല്‍ ഹുദായിലെ മുദരിസായും സ്ഥാനമേറ്റു. 1994 ജൂണ്‍ എട്ടിനായിരുന്നു ഇത്. ഉസ്താദ് നല്‍കുന്ന ഫത് വകളോരോന്നും ആ പാണ്ഡിത്യത്തിന്റെ നിദര്‍ശനങ്ങളാണ്. സമസ്തക്ക് പൊതുജനങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തതിന് പോലും അദ്ദേഹത്തിന്റെ ഫത് വകള്‍ക്ക് അനിഷേധ്യമായ പങ്കുണ്ട്. 1973 ലും 1994 ലുമായി രണ്ടു പ്രാവശ്യം ഹജ്ജിനു പോയിട്ടുണ്ട്. അവസാന യാത്രയില്‍ സഹധര്‍മിണിയും കൂടെയുണ്ടായിരുന്നു. കൊണ്ടോട്ടി ഖാസിയാരകം പള്ളിക്കു സമീപം ചെറുശ്ശേരി മന്‍സിലിലാണ് ഉസ്താദ് താമസിച്ചിരുന്നത്. രണ്ടു ആണും രണ്ടു പെണ്ണുമായി നാലു മക്കളാണ് ഉസ്താദിന്. മൂത്ത മകന്‍ അബ്ദുല്‍ റഫീഖ് വിദേശത്താണ്. ഇളയ മകന്‍ മുഹമ്മദ് സ്വാദിഖ് നാട്ടില്‍ ബിസിനസ് ചെയ്യുന്നു. കൊണ്ടോട്ടിയിലെ ഖാസിയായിരുന്നു ഉസ്താദ്. ഇതിനു പുറമെ കേരളത്തിലെ അനവധി മഹല്ലുകളുടെ ഖാസിയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter