ഇസ്‍ലാമിക് ഫൈനാൻസ്: പ്രയോഗവും കർമശാസ്ത്രവും
ആധുനിക സാമ്പത്തിക ശാസ്ത്ര പഠനങ്ങളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു പദമായി 'ഇസ്‍ലാമിക് ഫൈനാൻസ്' മാറിയിരിക്കുന്നു. അതി സങ്കീർണമായ ആധുനിക സാമ്പത്തിക ക്രയവിക്രയങ്ങളെയും അവയുടെ പൊതു നിയമങ്ങളെയും ഇസ്‍ലാമിക ശരീഅ നിയമങ്ങളുടെ ദർപ്പണത്തിലൂടെ പരിശോധിക്കുകയും അവയിൽ നിന്നും സാധ്യമായതിനെയൊക്കെയും പ്രായോഗിക തലത്തിൽ കൊണ്ടുവരാനുമാണ് ആധുനിക ഇസ്‍ലാമിക് ഫൈനാൻസ് സ്ഥാപനങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ ലോക വ്യാപകമായി ഉയർന്നു വന്നുകൊണ്ടിരിക്കുന്ന ഇസ്‍ലാമിക് ഫൈനാൻസ് സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്യുന്ന വിവിധ സേവനങ്ങളെയും പദ്ധതികളെയും പ്രമാണങ്ങളുടെ പിൻബലത്തിൽ പരിശോധിക്കാനുള്ള തീവ്രശ്രമമാണ് ഫൈസൽ നിയാസ് ഹുദവിയുടെ 'ഇസ്‍ലാമിക് ഫൈനാൻസ്, പ്രയോഗവും കർമ്മ ശാസ്ത്രവും' എന്ന ഗ്രന്ഥം. സാമൂഹ്യ ജീവിതത്തെയും വ്യക്തിജീവിതത്തെയും കുടുംബ, വൈവാഹിക ജീവിതത്തെയും സ്വഭാവ രൂപീകരണത്തെയും തുടങ്ങി മനുഷ്യൻ അഭിമുഖീകരിക്കുന്ന നാനോൻമുഖ വ്യവഹാരങ്ങളുടെ ഇസ്‍ലാമിക വീക്ഷണങ്ങൾ ചർച്ച ചെയ്യപ്പെടുന്ന വേദികളും പുസ്തകങ്ങളും ധാരാളമുണ്ടെങ്കിലും ഇസ്‍ലാമിന്റെ സാമ്പത്തിക കാഴ്ചപ്പാടുകളും അവയുടെ പ്രായോഗിക വശങ്ങളും കർമ്മ ശാസ്ത്രവും ഇതര സാമ്പത്തിക സംവിധാനങ്ങളോട് ഇസ്‍ലാമിക സാമ്പത്തിക സംവിധാനത്തിന്റെ യോജിപ്പുകളും വിയോജിപ്പുകളും ചർച്ചചെയ്യുന്ന വേദികളും പുസ്തകങ്ങളും തുലോം വിരളമാണ്. പൊതുവേ സകാത് സംവിധാനത്തിന്റെ മാഹാത്മ്യത്തിനും പലിശ നിരോധനത്തിന്റെ മഹത്വത്തിനും കച്ചവടത്തിന്റെ പ്രാധാന്യത്തിനുമപ്പുറം കടക്കുന്ന ഇസ്‍ലാമിക സാമ്പത്തിക ചർച്ചകൾ പൊതുസമൂഹത്തിൽ തീരെ ഇല്ല എന്ന് തന്നെ പറയാം.
മാത്രമല്ല ലോക ജനസംഖ്യയുടെ സിംഹഭാഗവും ഐച്ഛികമായോ നിർബന്ധിതമായോ ആധുനിക സാമ്പത്തിക ക്രയവിക്രയങ്ങളിൽ പങ്കാളികളായി കൊണ്ടിരിക്കുകയാണ്. അന്വേഷണ ത്വരയും വിവിധ രീതികളെ കുറിച്ച് അറിയാനുള്ള അഭിവാഞ്ജയും വര്‍ദ്ധിതമായുള്ള ആധുനിക തലമുറ ഇസ്‍ലാമിക സാമ്പത്തിക നയങ്ങളെ കുറിച്ച് നിരന്തരമായി ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടം കൂടിയാണിത്. ഈയൊരു പശ്ചാത്തലത്തിൽ ഫൈസൽ നിയാസ് ഹുദവിയുടെ ഈ പുസ്തകത്തിന് കൂടുതൽ പ്രാധാന്യവും സമകാലിക പ്രസക്തിയും ഉണ്ട്. ഏറെ സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും സമീപിക്കേണ്ട ഈ വിഷയത്തെ ഇസ്‍ലാമിക കർമ്മ ശാസ്ത്രത്തിന്റെ നാനാ വശങ്ങളിൽ നിന്നും സമീപിക്കാൻ ഗ്രന്ഥകാരന് സാധിച്ചിട്ടുണ്ട്.
ഇസ്‍ലാമിക കർമ്മശാസ്ത്രം നാല് മദ്ഹബുകളിൽ കേന്ദ്രീകൃതമാണ്. ഹനഫി, ഷാഫിഈ, മാലിക്കി, ഹമ്പലി എന്നിവയാണവ. ഈ മദ്ഹബുകളുടെ ഇമാമീങ്ങളും പണ്ഡിതരും ഇസ്‍ലാമിക കർമ്മ ശാസ്ത്രത്തിന്റെ വികസന ഘട്ടത്തിൽ നിലവിലുണ്ടായിരുന്ന സാമ്പത്തിക ക്രയവിക്രയരീതികൾക്കപ്പുറം ധാരാളമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. സാമ്പത്തികമായ എല്ലാ ഇടപാടുകളും പലിശ, വഞ്ചന, കബളിപ്പിക്കൽ തുടങ്ങിയവയിൽ നിന്ന് മുക്തമായി സുതാര്യമായിരിക്കണം എന്ന അടിസ്ഥാനമാണ് ഇസ്‍ലാമിക ശരീഅത്തിന്റേത്.
'ഫൈനാൻസ്' എന്നത് ആധുനിക സാമ്പത്തിക വ്യവഹാരങ്ങൾ എല്ലാം ഉൾക്കൊള്ളുന്ന ഒരു പദമാണ്. അതിനോടൊപ്പം 'ഇസ്‍ലാമിക്' എന്ന പദവും സ്ഥാനത്തും അസ്ഥാനത്തും സാർവത്രികമായി ഉപയോഗിക്കപ്പെടാൻ തുടങ്ങിയിട്ടുണ്ട്. പുസ്തകത്തിന്റെ പേര് തന്നെ അകത്താളുകളെ കൃത്യമായി ബോധ്യപ്പെടുത്തുന്നു. ഫൈനാൻസിന്റെ ആധുനിക നടപ്പു രീതികളെ ഇസ്ലാമിക ശരീഅ നിയമങ്ങളുടെ വെളിച്ചത്തിൽ പരിശോധിക്കുകയും അവയിലെ ശരി തെറ്റുകളെ വേർതിരിക്കുകയും ചെയ്യാൻ ഈ കൃതിക്ക് സാധിക്കുന്നു.
മൂന്ന് ഭാഗങ്ങളിലായി 20 അദ്ധ്യായങ്ങളാണ് പുസ്തകത്തിൽ ഉള്ളത്. ഒന്നാം ഭാഗത്തുള്ള നാല് അധ്യായങ്ങളിൽ ഇസ്‍ലാമിക സാമ്പത്തിക ക്രയവിക്രയങ്ങളുടെ അടിസ്ഥാന നിയമങ്ങൾ ചർച്ച ചെയ്യുന്നു. മാനുഷിക ജീവിതത്തിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട് കിടക്കുന്ന സമ്പാദനവും വിനിയോഗവും അവയിൽ പാലിക്കേണ്ട ഇസ്‍ലാമികമായ അച്ചടക്കങ്ങളും ചർച്ച ചെയ്യുന്നു. കൂടാതെ ഇസ്‍ലാമേതര സമൂഹങ്ങൾ പോലും പരമ്പരാഗത സാമ്പത്തിക രീതിക്ക് ബദലായി ചർച്ച ചെയ്യുന്ന ഇസ്‍ലാമിക് ബാങ്കിംഗ് സിസ്റ്റത്തിന്റെ ചരിത്ര പശ്ചാത്തലം, ഏതൊരു സാമ്പത്തിക ഇടപാടിലും പരിഗണിക്കപ്പെടേണ്ട പൊതു ധാർമിക മൂല്യങ്ങൾ തുടങ്ങിയവ പ്രമാണ ബന്ധിതമായി സമഗ്ര പഠനത്തിന് വിധേയമാക്കുന്നു.
രണ്ടാം ഭാഗം ചർച്ച ചെയ്യുന്നത് ആധുനിക ഇസ്‍ലാമിക ബാങ്കിംഗ് സംവിധാനത്തിൽ നിലനിൽക്കുന്ന വ്യത്യസ്തമായ ഇടപാടുകളും അവയുടെ കർമ്മ ശാസ്ത്രവും ആണ്. വിവിധ ഇസ്‍ലാമിക രാഷ്ട്രങ്ങളുടെയും രാജ്യാന്തര കൂട്ടായ്മകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന ഫിഖ്‌ഹ് അക്കാദമികളുടെയും വിഷയ സംബന്ധിയായ ഫത്‍ കളും വിശദീകരണങ്ങളും ഇതില്‍ ചർച്ച ചെയ്യുന്നു.
മൂന്നാം ഭാഗം നവീന സാമ്പത്തിക ക്രയവിക്രയ രീതികളായ സ്റ്റോക്ക് എക്സ്ചേഞ്ച്, ഫിനാൻഷ്യൽ ബോണ്ടുകൾ, വിവിധയിനം ഇൻഷൂറുകൾ, കറൻസികൾ.... തുടങ്ങിയവയും അവയുടെ കർമ്മ ശാസ്ത്രവും ചർച്ചചെയ്യുന്നു. ചുരുക്കത്തിൽ പണ്ഡിതർക്കും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ 'ഇസ്‍ലാമിക് ഫൈനാൻസ്' എന്ന ആധുനിക പ്രയോഗത്തിന്റെ പ്രായോഗികതയും അതിന്റെ കർമ ശാസ്ത്രവും ലളിതമായി മനസ്സിലാക്കാൻ ഈ കൃതി ഉപകാരപ്പെടുമെന്ന് തീർച്ച. ഗ്രന്ഥ രചനക്ക് അവലംബമാക്കിയ ഇരുന്നൂറോളം റഫറൻസുകൾ പുസ്തകത്തിന്റെ അവസാന ഭാഗത്ത് ചേർത്തിട്ടുണ്ട്. അധിക പഠനത്തിന് ഈ റഫറൻസുകൾ തീർച്ചയായും ഉപകാരപ്പെടും.
മലപ്പുറം ജില്ലയിലെ ചെമ്മാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബുക്ക് പ്ലസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 318 പേജുകളുള്ള പുസ്തകത്തിന് 350 രൂപയാണ് വില. മലയാളികളുടെ വായന ലോകത്തേക്ക് ഇത്തരം ഒരു കൃതി സമ്മാനിച്ച ഗ്രന്ഥകാരനും പ്രസാധകർക്കും അഭിനന്ദനങ്ങൾ.
Leave A Comment