നവീദ് കിർമാനിയെ വായിക്കുമ്പോൾ
പ്രശസ്ത ജർമൻ പണ്ഡിതനാണ് നവീദ് കിർമാനി. ഇറാനിൽ നിന്ന് ജർമനിയിലേക്ക് കുടിയേറിയ ഒരു കുടുംബത്തിലാണ് 1967ൽ കിർമാനി ജനിക്കുന്നത്. തത്വചിന്തയിലും, ഇസ്‍ലാമിക വിജ്ഞാനീയങ്ങളിലും ബിരുദം നേടിയ അദ്ദേഹം ജർമനിയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമായ ജർമൻ ബുക്ക് ട്രേഡ്‌സ് പീസ് പ്രൈസിന് വരെ അവർ അർഹനായി. പഠനങ്ങളും നേവലുകളുമായി ഇരുപതോളം പുസ്‌തകങ്ങൾ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അവയിൽ 'ഗോഡ് ഈസ് ബ്യൂട്ടിഫുൾ', 'ടെറർ ഓഫ് ഗോഡ്', 'ബിറ്റ്‍വീൻ ഖുർആൻ ആന്റ് കാഫ്ക' എന്നീ പഠനങ്ങളെയാണ് ഇവിടെ നാം പരിചയപ്പെടുന്നത്.
മനുഷ്യൻ അഭിമുഖീകരിക്കുന്ന ദുരിതങ്ങളെയാണ് കിർമാനിയുടെ 'ടെറർ ഓഫ് ഗോഡ്' എന്ന പഠനം ചർച്ചചെയ്യുന്നത്. ദൈവം എന്തു കൊണ്ട് പരിപൂർണവും സന്തോഷം നിറഞ്ഞതുമായ ഒരു ലോകം സൃഷ്ടിച്ചില്ല, വേദനകളുടെയും ദുഖങ്ങളുടെയും അർത്ഥമെന്താണ് എന്നീ ചോദ്യങ്ങള്‍ മനുഷ്യ ജീവിതത്തിൽ പലപ്പോഴും ഉയർന്നു വരുന്നവയാണ്. ഈ ചോദ്യത്തിനുള്ള ഉത്തരം പലകാലങ്ങളിലായി മനുഷ്യൻ കണ്ടെത്താൻ ശ്രമിച്ചിട്ടുണ്ട്. തത്വചിന്ത, രാഷ്ട്രമീമാംസ, സാമ്പത്തികശാസ്ത്രം, രസതന്ത്രം എന്നീ മേഖലകളിലൂടെ ആ അന്വേഷണം നടന്നിട്ടുമുണ്ട്. ദുരിതങ്ങളുടെ കാരണവും, അർത്ഥവും അവക്കുള്ള പരിഹാരവും എന്തെല്ലാമാണ് എന്ന ചോദ്യത്തെ മതങ്ങൾക്കകത്തും പുറത്തും ഏതെല്ലാം രീതികളിലാണ് സ്വീകരിക്കപ്പെട്ടത് എന്നാണ് 'ടെറർ ഓഫ് ഗോഡി'ൽ നവീദ് കിർമാനി ആദ്യമായി അന്വേഷിക്കുന്നത്. സ്വന്തം കുടുംബത്തിലെ സാഹചര്യങ്ങളും തീക്ഷ്ണമായ അനുഭവങ്ങളും വിശദീകരിച്ചു കൊണ്ടാണ് അദ്ദേഹം അത് നടത്തുന്നത്. ലോബത്ത് അമ്മായിയെയും ഇയോബിനെയും (അയ്യൂബ് നബി) സാദൃശ്യപ്പെടുത്താൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. ഇതിനിടയിൽ പരീക്ഷണങ്ങളോടുള്ള സൂഫി സമീപനങ്ങളെയും വിലയിരുത്തുന്നുണ്ട്. മഹാനായ പേർഷ്യൻ സൂഫി ഗുരു ശൈഖ് ഫരീദുദ്ദീൻ അത്താർ(റ) രചിച്ച 'മുസീബത്ത് നാമ' എന്ന കാവ്യത്തെ മുൻനിർത്തി സൂഫികൾ എങ്ങനെയാണ് ദുരിതങ്ങളെ സമീപിച്ചത് എന്നും പുസ്തകം അന്വേഷിക്കുന്നു.
പാശ്ചാത്യ-പൗരസ്ത്യ സമൂഹങ്ങൾക്കിടയിലെ സാംസ്‌കാരികമായ ഇടപാടുകളെക്കുറിച്ചുള്ള പഠനങ്ങളുടെ സമാഹരണമാണ് 'ബിറ്റ്‍വീൻ ഖുർആൻ ആന്റ് കാഫ്ക'യിലെ ലേഖനങ്ങൾ. പടിഞ്ഞാറും കിഴക്കും തമ്മിൽ നിലനിൽക്കുന്ന യോജിപ്പുകൾ ഒരിക്കലും സാധ്യമല്ലെന്ന തീവ്ര വലതുപക്ഷ വാദത്തെ പ്രതിസന്ധിയിലാക്കുകയാണ് കിർമാനിയുടെ ഓരോ ലേഖനങ്ങളും. പരസ്പരം സംഘര്‍ഷങ്ങളിലേര്‍പ്പെടുന്നതിന് പകരം, ഇരു സംസ്‌കാരങ്ങളും നടത്തിയിരുന്ന ആരോഗ്യപരമായ കൊടുക്കൽ വാങ്ങലുകളെ കണ്ടെത്താൻ ശ്രമിക്കുകയാണ് കിർമാനി. ഇന്നലെകളിൽ നടന്ന സംവാദങ്ങളെ കൂടുതലായി വിലയിരുത്തുന്നത് വർത്തമാന സാഹചര്യത്തിൽ പരിഹാരമായേക്കാം എന്ന പ്രതീക്ഷയാണ് കിർമാനി ഈ പഠനത്തിലൂടെ പങ്കുവെക്കുന്നത്.
നവീദ് കിർമാനിയുടെ ഗവേഷണപ്രബന്ധമായ 'ഗോഡ് ഈസ് ബ്യൂട്ടിഫുൾ' പാശ്ചാത്യ ഓറിയന്റലിസ്റ്റ് പഠനങ്ങളുടെ പരിമിതികളെയാണ് പരിശോധിക്കുന്നത്. വിവർത്തനം ചെയ്യപ്പെട്ട് യൂറോപ്പിന് ലഭ്യമായ ഖുർആനും, ദൈവവചനം എന്ന നിലയിൽ മുസ്‍ലിം സമൂഹം അറബിയിൽ പാരായണം ചെയ്യുന്ന ഖുർആനും എത്രമാത്രം വ്യത്യസ്തമാണെന്ന ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താൻ കിർമാനി മുസ്‍ലിംകൾക്കിടയിൽ നിലവിലുള്ള ഇസ്‍ലാമിക പ്രചാരണ കഥകളും ഇസ്‍ലാമിക ഗ്രന്ഥങ്ങളെയുമാണ് അവലംബിക്കുന്നത്. പ്രമുഖ മാർകിസ്റ്റ് ചിന്തകനായ എംഎൻ റോയ് ഇസ്‍ലാമിന്റെ ഉയർച്ചയും പെട്ടെന്നുള്ള വ്യാപനവും മനുഷ്യരാശിയുടെ ചരിത്രത്തിൽ ഏറ്റവും ആകർഷകമായ അധ്യായമാണെന്നും ഇസ്‍ലാമിന്റെ വികാസം എല്ലാ അത്ഭുതങ്ങളേക്കാളും വലിയ അത്ഭുതമാണെന്നും അടയാളപ്പെടുത്തുന്നുണ്ട്. ഇസ്‍ലാമിന്റെ വളർച്ചയെ അദ്ദേഹം വിശദീകരിക്കുന്നത് രാഷ്ട്രീയവും സാമ്പത്തികവുമായ സാഹചര്യങ്ങളെ വിലയിരുത്തികൊണ്ടാണ്.
മുസ്‍ലിമേതര സമൂഹത്തെ ഇസ്‍ലാമിലേക്ക് ക്ഷണിക്കുന്നതിൽ ഖുർആൻ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. മുസ്‍ലിം പണ്ഡിതന്മാർ പ്രവാചകന്റെ ഏറ്റവും വലിയ അത്ഭുതമായിട്ടാണ് ഖുർആനെ എടുത്തുകാണിക്കുന്നത്. കഅ്ബക്കു മേൽ തൂക്കിയിട്ട ഏഴ് കവിതകളായ സബ്ഉല്‍ മുഅല്ലഖാത്തിലെ പ്രധാന കവികളിലൊരാളാണ് ലബീദ്. അദ്ദേഹത്തെ വെല്ലുവിളിച്ച് കവിതയെഴുതാൻ ആരും തയ്യാറായിരുന്നില്ല. ആ ലബീദിനെയാണ് കഅ്ബയുടെ മേൽ തൂക്കിയിട്ട ഖുർആനിലെ രണ്ടാം അധ്യായത്തിലെ ചെറിയ ഭാഗം വായിക്കാൻ ഒരാൾ വെല്ലുവിളിക്കുന്നത്. വെറും പുച്ഛത്തോടെ വെല്ലുവിളി ഏറ്റെടുത്ത ലബീദിന് വായനക്കിടയിൽ ഭാവമാറ്റങ്ങളുണ്ടാകുകയും ഖുർആന്റെ സൗന്ദര്യാത്മകത ആസ്വദിച്ച് അദ്ദേഹം ഇസ്‍ലാം പുൽകുകയും ചെയ്തുവെന്നാണ് ചരിത്രം. ലോക മുസ്‍ലിംകൾ എങ്ങനെയാണ് ഖുർആൻ മനസ്സിലാക്കുന്നതെന്നും അത്തരമൊരു പരിസരത്ത് നിന്ന് ഖുർആൻ എങ്ങനെയാണ് വായിക്കുക എന്നുമുള്ള അന്തരങ്ങളിലേക്ക് വായനക്കാരെ കൊണ്ടുവരാനാണ് 'ഗോഡ് ഈസ് ബ്യൂട്ടിഫുൾ' ശ്രമിക്കുന്നത്.
Leave A Comment