രിജാലുൽഹിന്ദി വസ്സിന്ധ്: ഖാദീ അത്തർ മുബാറക്പൂരിയുടെ ചരിത്രചൈതന്യം
അവിഭക്ത ഇന്ത്യയിലെ മുസ്‍ലിം പണ്ഡിതരുടെ ചരിത്രം പ്രതിപാദിക്കുന്ന ഗഹനമായ ഗ്രന്ഥമാണ് രിജാലുല്‍ഹിന്ദ് വസ്സിന്ധ്. ഇസ്‍ലാമിക ചരിത്ര ഗവേഷണത്തിൽ സമഗ്രമായ സംഭാവനകൾ നൽകിയ ഖാളി അത്തർ മുബാറക്പൂരിയാണ് ഈ കൃതിയുടെ രചയിതാവ്. യാഥാര്‍ത്ഥ പേര് അബ്ദുല്‍ ഹഫീസ് എന്നാണെങ്കിലും, തൂലികാ നാമമായ ഖാദീ അത്തർ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്.
1916 മെയ് 7ന് ഉത്തർപ്രദേശിലെ അസംഗഢ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന മുബാറക്പൂർ എന്ന ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. ചരിത്രപരമായി വിജ്ഞാനത്തിനും സംസ്കാരത്തിനും പേരുകേട്ട കേന്ദ്രമായിരുന്നു മുബാറക്പൂർ. അദ്ദേഹത്തിന്റെ ആദ്യകാല ജീവിതം ഏറെ പ്രയാസങ്ങളിലൂടെയായിരുന്നു കടന്നുപോയത്. ചെറുപ്പകാലത്ത് കവിതകൾ രചിക്കുകയും പിന്നീട് കവിതാരചന ഉപേക്ഷിക്കുകയും ചെയ്തു. പഠിക്കുന്ന കാലത്തു തന്നെ തുകൽ തൊഴിലാളിയായി അദ്ദേഹം ജോലിചെയ്തിരുന്നു. ജോലിയുടെ പ്രാരാബ്ധങ്ങൾക്കിടയിലും പഠനം തുടർന്നുകൊണ്ടിരുന്നു. ജോലിയിലൂടെ ലഭിച്ച തുക ഉപയോഗിച്ചായിരുന്നു അദ്ദേഹം പുസ്തകങ്ങൾ വാങ്ങിയിരുന്നത്.
കുട്ടിക്കാലം മുതൽ അദ്ദേഹത്തിന് കാഴ്ചശക്തി കുറവായിരുന്നു. എങ്കിലും പഠനത്തിനും എഴുത്തിനും ഇതൊരു തടസ്സമായിരുന്നില്ല. അദ്ദേഹം ദാറുൽ ഉലൂമിൽ നിന്നും അൽജാമിഅ അൽഅഷ്റഫിയ്യയിൽ നിന്നുമാണ് പ്രധാനമായും വിദ്യാഭ്യാസം നേടിയത്. ചരിത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വിഷയം, പ്രത്യേകിച്ച് ഇന്ത്യയുടെ ഇസ്‍ലാമിക ചരിത്രം. ഇസ്‍ലാമിക നാഗരികതയ്ക്കും ചരിത്രത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ച് പണ്ഡിതന്മാർ അദ്ദേഹത്തിന് "മുഹ്‌സിനേ ഹിന്ദ്" എന്ന സ്ഥാനപ്പേര് വരെ നല്കി. അറബി ഭാഷയില്‍ അദ്ദേഹം രചിച്ച "രിജാൽ അൽഹിന്ദി വ സിന്ധ്" ഈ മേഘലയിലെ പ്രധാനപ്പെട്ട കൃതികളിൽ ഒന്നാണ്. വസ്തുനിഷ്ഠവും ആധികാരികവുമായ ചരിത്രമാണ് ഇതിലൂടെ അദ്ദേഹം അവതരിപ്പിച്ചത്. ചരിത്രപരമായി വിവരങ്ങൾ ശേഖരിക്കുന്നതിലും അവയെ സൂക്ഷ്മമായി വിലയിരുത്തുന്നതിലും അദ്ദേഹം വളരെയധികം ശ്രദ്ധാലുവായിരുന്നു. 1996-ൽ അദ്ദേഹം ഇഹലോകവാസം വെടിയുകയും ചെയ്തു.
രിജാൽ അൽ ഹിന്ദ് വ സിന്ധി; ഇന്ത്യയിലെ ഇസ്‍ലാമിക പാരമ്പര്യം
സിന്ധിലെയും ഇന്ത്യയിലെയും പ്രമുഖ ഇസ്‍ലാമിക പണ്ഡിതരുടെ ജീവചരിത്രങ്ങളും സംഭാവനകളും പ്രതിപാദിക്കുന്ന ഒരു ചരിത്ര പുസ്തകമാണ് ഇത്. അഞ്ഞൂറ്റി എൺപത്തിയെട്ട് പേജുകളുള്ള ഈ പുസ്തകത്തിന് രണ്ട് ഭാഗങ്ങളുണ്ട്. 1958 ജൂണിലാണ് ആദ്യഭാഗം പുറത്തിറങ്ങുന്നത്. യുദ്ധങ്ങളിലൂടെയും കീഴടക്കലുകളിലൂടെയും ഇവിടെ വന്നെത്തിയവർ, ഇന്ത്യയിൽ ജനിച്ച് ഇവിടെ ഇസ്‍ലാം എത്തുന്നതിന് മുമ്പ് മറ്റു പല രാജ്യങ്ങളിലേക്ക് പോവുകയും അവിടെ വെച്ച് ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തവർ, ബന്ദികളായ ആളുകൾ എന്നിങ്ങനെ നിരവധിയാളുകളെ ഉൾകൊള്ളിച്ചാണ് ഒന്നാം ഭാഗം തയ്യാറാക്കിയിട്ടുള്ളത്. പിന്നീട്, 20 വർഷങ്ങൾക്ക് ശേഷം 1978ൽ ഹിജ്‌റ ഏഴാം നൂറ്റാണ്ട് വരെ ഇന്ത്യയിലും സിന്ധിലും ജീവിച്ചിരുന്ന (പ്രധാനമായും ആ പ്രദേശത്ത് എത്തിച്ചേർന്ന) സ്വഹാബികൾ, പണ്ഡിതന്മാർ, തുടങ്ങിയ വിവിധ വിഭാഗങ്ങളിൽപ്പെട്ട വ്യക്തികളെയും അവരുടെ സംഭാവനകളെയുമാണ് ഇതിൽ പരിചയപ്പെടുത്തുന്നത്. കൂടാതെ, അന്നത്തെ സാമൂഹികവും സാംസ്കാരികവുമായ അവസ്ഥകളെ കുറിച്ചുള്ള വിവരങ്ങളും അടങ്ങിയതാണ് രണ്ടാം ഭാഗം. ദാറുൽഅൻസ്വാർ പബ്ലിഷേഴ്സ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.
കൃതിയുടെ ചരിത്രപരമായ പശ്ചാത്തലം
കേവലം എഴുത്തുകാരന്റെ താത്പര്യത്തിൽ നിന്ന് ഉടലെടുത്തതല്ല ഈ കൃതി. മറിച്ച്, അന്നത്തെ കാലഘട്ടത്തിലെ വിവിധ തലങ്ങളിൽ നിന്നും രൂപപ്പെട്ട ചരിത്രപരമായ ആവശ്യം കൂടിയായിരുന്നു ഇത്. ലോകത്തിലെ മറ്റു ഭാഗങ്ങളിലെ പണ്ഡിതന്മാരുടെയും ഭരണാധികാരികളുടെയും ജീവചരിത്രവും അവരുടെ സംഭാവനകളും അറിയപ്പെട്ടപ്പോൾ ഇന്ത്യയിലെയും സിന്ധിലെയും പണ്ഡിതന്മാരുടെ വിവരങ്ങൾ പലപ്പോഴും വേണ്ടത് പോലെ രേഖപ്പെടുത്തപ്പെടാതെ പോയി. വിശിഷ്യാ, ഹിജ്‌റ ഒന്നാം നൂറ്റാണ്ട് മുതൽ ഏഴാം നൂറ്റാണ്ട് വരെയുള്ള അവിടങ്ങളിലെ വ്യക്തികളുടെ വൈജ്ഞാനികവും സാംസ്കാരികവുമായ മുന്നേറ്റങ്ങൾ വേണ്ടത്ര ശ്രദ്ധയാർജ്ജിച്ചില്ല. ഈയൊരു കുറവ് നികത്താനുള്ള ശ്രമമായിരുന്നു അദ്ദേഹത്തിന്റെ ഈ രചന. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുസ്‍ലിം സമൂഹത്തിന് തങ്ങളുടെ ചരിത്രത്തെയും പൈതൃകത്തെയും തേടിയുള്ള യാത്രകളുടെ ഒടുക്കം ഈ പുസ്തകം രചിക്കുന്നതിലേക്ക് വഴിതെളിയിച്ചു. അത് വരെയുള്ള ചരിത്രപരമായ വിവരങ്ങൾ ക്രോഡീകരിക്കുക എന്നത് അന്ന് വലിയൊരു വെല്ലുവിളിയായിരുന്നു. മുബാറക്പൂരി അക്ഷരാര്‍ത്ഥത്തില്‍ ഈ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു.
ഗ്രന്ഥത്തിന്റെ സമഗ്രപരിചയം
ഒന്നാം നൂറ്റാണ്ട് മുതൽ ഏഴാം നൂറ്റാണ്ട് വരെ സിന്ധിലും ഇന്ത്യയിലുമായി ജീവിച്ചിരുന്ന നൂറിലധികം വ്യക്തികളെക്കുറിച്ച് ഇതിൽ പ്രതിപാദിക്കുന്നുണ്ട്. വിജ്ഞാനം, ഗവേഷണം, പഠനം, അധ്യാപനം, വിദ്യാഭ്യാസം, നന്മ, ഭക്തി, നവീകരണം, രാഷ്ട്രീയം, ഭരണം, വൈദ്യശാസ്ത്രം, ഭൂമിശാസ്ത്രം, വ്യാകരണം തുടങ്ങി വിവിധ മേഖലകളിൽ അവർ നൽകിയ സംഭാവനകളും പരിചയപ്പെടുത്തുന്നു. പ്രധാന വിഷയത്തിലേക്ക് കടക്കുന്നതിന് മുമ്പ് സിന്ധിലെയും ഇന്ത്യയിലെയും ചില പ്രധാനപ്പെട്ട ചരിത്ര സ്ഥലങ്ങളെയും നഗരങ്ങളെയും പരാമര്‍ശിക്കുന്നുണ്ട്. പിന്നീട് അക്ഷരമാലാ ക്രമത്തിൽ പ്രധാന വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിരിക്കുന്നു. പുസ്തകത്തിന്റെ അവസാനത്തിൽ "പിതാക്കന്മാരുടെ അധ്യായം" (باب الآباء), "പുത്രന്മാരുടെ അധ്യായം" (باب الأبناء) എന്നിങ്ങനെ പിതാക്കന്മാരുടെയോ മക്കളുടെയോ പേരുകളിൽ അറിയപ്പെടുന്ന വ്യക്തികളെക്കുറിച്ചും പ്രത്യേകം പറയുന്നു.
കൃതി അവസാനിപ്പിക്കുന്നത് "അജ്ഞരുടെ അധ്യായം" (باب المجاهلين) കൊണ്ടാണ്. അതായത്, പേരുകള്‍ അറിയപ്പെടാത്ത, സിന്ധിലെയും ഇന്ത്യയിലെയും ഏത് പ്രദേശത്തുള്ളവരാണെന്ന് പോലും വ്യക്തമല്ലാത്ത അനേകം വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങളാണ് ഈ അധ്യായത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പേരും ഊരും അറിയില്ലെങ്കില്‍ പോലും അവര്‍ സമൂഹത്തിന് ചെയ്ത സംഭാവനകള്‍ അത്രയും മഹത്തരമായിരുന്നു എന്നത് കൊണ്ടാണ്, സാധ്യമായ രീതിയില്‍ അവരെ പ്രത്യേകം പരാമര്‍ശിച്ചിരിക്കുന്നത്. ചരിത്രം പഠിക്കുന്നവർക്ക് വളരേ ഉപയോഗപ്രദമായ ഒരു പുസ്തകമാണ് രിജാലുൽ ഹിന്ദ് വ സ്സിന്ധ് എന്ന രചന.



Leave A Comment