ശൈഖ് അബ്ദുൽ ഹഖ് ദഹ് ലവി: പ്രഗത്ഭനായ ഇന്ത്യൻ മുഹദ്ധിസ്
ഇന്ത്യയിൽ ഹദീസ് പഠനങ്ങൾ ജനകീയമാക്കിയ സാത്വികനും പ്രതിഭാധനനുമായ പണ്ഡിത സ്രേഷ്ടനാണ് അബ്ദുൽ ഹഖ് ദഹ് ലവി. അബ്ദുൽ ഹഖ് ബ്നു സൈഫുദ്ധീൻ അൽ മുഹദ്ധിസ് അദ്ദഹ് ലവി എന്നാണ് പൂർണ്ണ പേര്. ഇന്ത്യയിലും മക്ക - മദീനയിലുമായി വിജ്ഞാന സമ്പാദനം നടത്തിയ അദ്ദേഹം സ്വന്തം പാഠശാലയിലൂടെയും ഗ്രന്ഥങ്ങളിലൂടെയും ആയിരങ്ങളിലേക്ക് അറിവിൻ പ്രകാശം പ്രസരിപ്പിച്ചു. ഇന്ത്യയിൽ അത്ര സജീവമല്ലാതിരുന്ന ഹദീസ് - ഹദീസനുബന്ധ ജ്ഞാനശാഖ വളർന്നതും രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്ക് പടർന്നു പന്തലിച്ചതും അദ്ദേഹത്തിന്റെ ആത്മാർത്ഥമായ അധ്വാനത്തിന്റെ ഫലമായാണ്.
ജനനം, കുടുംബം, പഠനം:
ഹിജ്റ 958 (ജനുവരി 1551 എ.ഡി) ൽ ദൽഹിയിൽ ജനിച്ചു. ഖിൽജി രാജാവായ അലാഉദ്ദീന്റെ കാലത്താണ് ശൈഖ് അബ്ദുൽ ഹഖിന്റെ കുടുംബം ആദ്യമായി ഇന്ത്യയിലെത്തുന്നത്. അദ്ദേഹത്തിന്റെ പൂർവ്വികന്മാരിലൊരാളായ ആഗാ മുഹമ്മദ് തുർക് ബുഖാരിയാണ് ഇന്ത്യയിലേക്ക് കുടിയേറിയത്. പ്രമുഖ പണ്ഡിതനും സർവ്വാംഗീകൃതനുമായിരുന്ന ശൈഖ് സൈഫുദ്ദീൻ ദഹ്ലവിയാണ് പിതാവ്. ഇമാം ദഹബിയുടെ "കാശിഫി"ന്റെ അനുബന്ധങ്ങളടക്കം നിരവധി രചനകൾ നിർവ്വഹിച്ച പണ്ഡിതനും സ്വൂഫിവര്യനുമായിരുന്നു അദ്ദേഹം.
അനുഗ്രഹീതനായ പിതാവിന്റെ കൃത്യമായ സംസ്കരണത്തിലാണ് കുഞ്ഞുനാൾ മുതൽ ഇമാം അബ്ദുൽ ഹഖ് പിച്ചവെച്ചു തുടങ്ങുന്നത്. എഴുത്തും വായനയും നിയമാനുസൃത ഖുർആൻ പാരായണവും സ്വപിതാവിൽ നിന്ന് അഭ്യസിച്ച അദ്ദേഹം ഒന്നര വർഷം കൊണ്ട് വിശുദ്ധ ഗ്രന്ഥം ഹൃദ്യസ്ഥമാക്കുകയും ചെയ്തു. പിന്നീട് ഹദീസടക്കം വിവിധ ജ്ഞാന ശാഖകളിൽ വ്യത്യസ്ത പണ്ഡിതരിൽ നിന്ന് അറിവ് നേടി. പഠന ശേഷം കുറഞ്ഞ കാലം അധ്യാപനവുമായി ദൽഹിയിൽ തന്നെ കഴിഞ്ഞു കൂടുകയും ചെയ്തു.
Also Read:ജലാലുദ്ധീൻ അൽ മഹല്ലി: കരകവിഞ്ഞൊഴുകിയ ജ്ഞാന സാഗരം
അറിവിനോടുള്ള അഭിനിവേശം അതിരുകടന്നതോടെ ഹിജാസ് ലക്ഷീകരിച്ച് യാത്ര തുടങ്ങി. ഹിജ്റ 996 ൽ തന്റെ മുപ്പത്തെട്ടാം വയസ്സിലായിരുന്നു അത്. യാത്രമധ്യേ ഗുജറാത്തിറങ്ങി പ്രമുഖ ഹദീസ് പണ്ഡിതനായിരുന്ന വജീഹുദ്ധീൻ അലവിയുടെ സന്നിധിയിൽ കുറച്ചു കാലം പഠനത്തിൽ വ്യാപൃതനായ ശേഷം ഹിജാസിലേക്ക് പുറപ്പെട്ടു.
മക്കയിലെത്തിയതോടെ അവിടെ നടന്നിരുന്ന വലിയ ദർസുകളിലൊക്കെ സംബന്ധിച്ചു. അക്കാലത്തെ വലിയ പണ്ഡിതരായിരുന്ന ശൈഖ് അബ്ദുൽ വഹാബ് അൽ മുത്തഖി, ഖാളി അലി ബ്നു ജാറുള്ള തുടങ്ങിയവരിൽ നിന്ന് സ്വഹീഹുൽ ബുഖാരി, മുസ് ലിം, മിശ്കാത്തടക്കം പല ഗ്രന്ഥങ്ങളിലും അവഗാഹം നേടി. ശേഷം പുണ്യ മദീനയിൽ ചെന്ന് ശൈഖ് അഹ്മദ് അൽ മദനി, ശൈഖ് ഹമീദുദ്ധീൻ എന്നിവരടക്കം പല പ്രമുഖരിൽ നിന്നും അറിവ് സ്വീകരിച്ച്, അനുഗ്രഹാശിസ്റ്റുകൾ ഏറ്റുവാങ്ങി ഹിജ്റ 1000 ൽ ഇന്ത്യയിലേക്ക് തന്നെ തിരിച്ചു.
അധ്യാപനം, സേവനം, രചന
പുതിയ സ്വപ്നങ്ങളുമായി ഇന്ത്യയിൽ തിരിച്ചെത്തിയ ഇമാം അബ്ദുൽ ഹഖ് ദൽഹിയിൽ ഒരു പാഠശാല സ്ഥാപിച്ച് ജ്ഞാന പ്രസരണം തുടങ്ങി. മറ്റു സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഖുർആൻ-ഹദീസ് പഠനങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം നൽകുന്ന രീതിയിലായിരുന്നു പാഠ്യപദ്ധതി. അദ്ദേഹത്തെ കൂടാതെ മറ്റനേകം പണ്ഡിതരും അധ്യാപകരായുണ്ടായിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വിദ്യാർത്ഥികൾ ഒഴുകിയതോടെ അവിടം പ്രധാന ഹദീസ് പഠന കേന്ദ്രമായി മാറി. ഇമാമവർകൾ മുഹദ്ധിസ് എന്ന പേരിൽ വിശ്രുതനാവുകയും ചെയ്തു. അൽ മുഹദ്ദിസ് ദഹ് ലവി എന്ന് ചരിത്രത്തിലറിയപ്പെടുന്നത് അങ്ങനെയാണ്.
പ്രായമായിട്ടും ശോഷിക്കാത്ത ശരീരവും മനസ്സുമായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്. അതിനാൽ തന്നെ, അധ്യാപനം കഴിഞ്ഞാൽ വായനയും എഴുത്തുമായിരുന്നു പ്രധാന ഹോബി. ഏകദേശം അറുപതോളം കനപ്പെട്ട ഗ്രന്ഥങ്ങൾ ആ അനർഘ തൂലികയിൽ വിരിഞ്ഞിട്ടുണ്ട്. അതിൽ തഫ്സീർ, ഹദീസ്, ഫിഖ്ഹ്, തത്വശാസ്ത്രം, ചരിത്രം, ഭാഷ, തർക്ക ശാസ്ത്രം, വിശ്വാസ ശാസ്ത്രം, വ്യാകരണം തുടങ്ങി പല വിഷയങ്ങൾ ചർച്ചയാകുന്ന ഗ്രന്ഥങ്ങളുണ്ട്. ഓരോ വിഷയങ്ങുളും ആഴത്തിൽ അന്വേഷിച്ചാണ് രചന നിർവ്വഹിച്ചിരുന്നത്.
മിശ്കാതിന്റെ ശറഹായ ലമആതുത്തൻഖീഹ്, സീറ ഗ്രന്ഥമായ മദാരിജുന്നുബുവ്വ വ മറാത്തിബുൽ ഫുതുവ്വ, ജീലാനി തങ്ങളുടെ ഫുതൂഹാത്തുൽ ഗൈബിന്റെ ശറഹ്, ത്വരീഖുൽ ഇഫാദ, അശിആത്തുല്ലംആത്ത് തുടങ്ങിയവ ശൈഖ് മുഹദ്ധിസ് ദഹ് ലവിയുടെ രചനകളിൽ ചിലത് മാത്രമാണ്.
ഇന്ത്യയിലെ പണ്ഡിതന്മാരെ കുറിച്ച് സംസാരിച്ചവരെല്ലാം ശൈഖർകളുടെ ജ്ഞാന സേവനങ്ങളെ വിലമതിച്ചിട്ടുണ്ട്. രാജ്യത്ത് ഹദീസ് പഠനത്തിന് അടിത്തറ പാകിയതിലും പ്രചരണം നൽകിയതിലും അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണെന്നതിൽ ചരിത്രപണ്ഡിതർക്ക് രണ്ടഭിപ്രായമില്ല. അബുൽ ഹസൻ അലി നദ് വി പറയുന്നു: " ഹദീസ് പഠിക്കാനും പഠിപ്പിക്കാനും പ്രചരിപ്പിക്കാനും ശൈഖ് ദഹ് ലവി ആത്മാർത്ഥ ശ്രമങ്ങൾ നടത്തി. അതിൽ അദ്ദേഹത്തിന് അതിയായ ആഗ്രഹമുണ്ടായിരുന്നു".
നേരത്തെ പരാമർശിക്കപ്പെട്ട അദ്ദേഹത്തിന്റെ ഉസ്താദായ മക്കയിലെ പ്രമുഖ പണ്ഡിതർ അലി ബ്നു ജാറുള്ളയുടെ വാക്കുകൾ ശൈ ഖ് അബ്ദുൽ ഹഖ് ദഹ്ലവിയുടെ മഹത്വം വരച്ചുകാട്ടുന്നുണ്ട്. അദ്ദേഹം പറഞ്ഞു:
" ഇന്ത്യയിലെ അതുല്യ പ്രതിഭയാണ് അബ്ദുൽ ഹഖ് ദഹ് ലവി. അറിവ് തേടാനും അതിനെ സേവിക്കാനും അദ്ദേഹത്തിനല്ലാഹു വലിയ സൗഭാഗ്യം നൽകി. കുറച്ച് കാലം മസ്ജിദുൽ ഹറാമിലെ എന്റെ ദർസിലിരുന്ന് അദ്ദേഹമെന്നെ അനുഗ്രഹിച്ചിട്ടുണ്ട്. അന്നദ്ദേഹം എന്നിൽ നിന്ന് പഠിച്ചതിലും കൂടുതൽ ഞാൻ അദ്ദേഹത്തിൽ നിന്ന് പഠിച്ചു ".
ഹി.1052 റബീഉൽ അവ്വൽ 21 നാണ് അദ്ദേഹം വിടപറയുന്ന്. 94 വയസ്സായിരുന്നു പ്രായം. ദൽഹിയിൽ തന്നെയാണ് മറമാടിയത്.
Leave A Comment