ഖാളി ശുറൈഹ്: നീതി പീഠത്തിൽ ആറ് പതിറ്റാണ്ട്

ഖാളി ശുറൈഹ് എന്ന പേര് കേൾക്കാത്തവരായി ആരുമുണ്ടാവില്ല. ശുറൈഹുബ്നു ഹാരിസ് അൽ കിന്ദി എന്നാണ് പൂർണനാമം. ആറ് പതിറ്റാണ്ട് കാലം ഖാളിയായി വർത്തിച്ച മഹാൻ വഫാത്താകുമ്പോൾ ഏകദേശം നൂറ്റി ഏഴ് വയസ്സുണ്ടായിരുന്നതായി ചരിത്ര ഗ്രന്ഥങ്ങളിൽ കാണാം. നീതിയുക്തമായ വിധികളും സൂക്ഷ്മമായ ജീവിതവുമായിരുന്നു അദ്ദേഹത്തെ ഇത്രമേല്‍ മഹാനാക്കിയത്.


ഒരിക്കൽ അമീറുൽ മുഅ്മിനീൻ ഉമറുബ്നുൽ ഖത്വാബ്(റ) ഒരു അഅ്റാബിയിൽ നിന്ന് നല്ലൊരു കുതിരയെ വാങ്ങി. കുതിരപ്പുറത്ത് അല്പം യാത്ര ചെയ്തപ്പോഴേക്കും, മുന്നോട്ട് പോകാനാകാത്ത വിധത്തിലുള്ള ഒരു മുറിവ് അതിന്റെ കാലില്‍ പ്രകടമായി. ഉടനെ ഖലീഫ തിരിച്ച് വന്ന് കുതിരയുടെ കാര്യം അഅ്റാബിയോട് പറഞ്ഞു. പക്ഷേ, അയാള്‍ അത് അംഗീകരിച്ചില്ല, തിരിച്ചെടുക്കാൻ വിസമ്മതിക്കുകയും ചെയ്തു. അങ്ങനെ ഖാളി ശുറൈഹിനെ മധ്യസ്ഥനാക്കി വിധി പറയാൻ ധാരണയായി. ആദ്യം അഅ്റാബിയോട് കാര്യങ്ങളെല്ലാം ചോദിച്ച ഖാളി ശേഷം ഖലീഫയോട് ചോദിച്ചു, അമീറുൽ മുഅ്മിനീൻ, താങ്കൾ വാങ്ങുമ്പോൾ കുതിര നല്ലതായിരുന്നോ. അതെ എന്ന് ഉമർ(റ) സമ്മതിച്ചു. ഉടനെ ഖാളി പറഞ്ഞു. എങ്കിൽ കുതിരയെ താങ്കൾ തന്നെ ഏറ്റെടുക്കുക. അല്ലെങ്കിൽ വാങ്ങിയത് പോലെ മടക്കി നൽകുക. ഈ വിധി കേട്ടതും ഉമർ(റ) അൽഭുതത്തോടെ ഖാളിയെ നോക്കി. ഇതല്ലാത്ത മറ്റെന്തെങ്കിലും വിധി പറയാമോ. ഇല്ല സത്യവും നീതിയുക്തവുമാണ് ഈ വിധി എന്നാണ് ഖാളി പറഞ്ഞത്. ഉടനെ താങ്കളെ കൂഫയുടെ ഗവർണറാക്കിയിരിക്കുന്നു എന്ന് പറഞ്ഞ് ഉമർ(റ) അദ്ദേഹത്തെ പുതിയ പദവി നൽകി ആദരിച്ചു.


ഖാളി ശുറൈഹ് എല്ലാവർക്കും സുപരിചിതനായിരുന്നു. കൂർമ്മ ബുദ്ധിയും സൽസ്വഭാവവും ഏറെക്കാലത്തെ പരിചയ സമ്പത്തുമുള്ള അദ്ദേഹം യമനിലായിരുന്നു താമസം. ഒരുപാട് മുഹദ്ദിസീങ്ങളെയും ഉലമാക്കളെയും സംഭാവന ചെയ്ത കിൻദ ഗോത്രമായിരുന്നു അദ്ദേഹത്തിന്റേത്. ഒരുപാട് കാലം ജാഹിലിയ്യത്തിൽ കഴിഞ്ഞ് കൂടിയ മഹാൻ, അറേബ്യൻ ഭൂഖണ്ഡത്തിൽ ഉദിച്ച സത്യ പ്രകാശം യമനിലെത്തിയതോടെ അത് സ്വീകരിക്കുകയും മുസ്‍ലിം ആവുകയും ചെയ്തു. എങ്കിലും മദീനയിൽ ചെന്ന് പ്രവാചകരെ നേരിൽ കണ്ട് സ്വഹാബിയാവാൻ അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല.


ഉമർ(റ) ആയിരുന്നു അദ്ദേഹത്തെ ഖാളിയാക്കി നിശ്ചയിച്ചത്. ശേഷം, അറുപത് വർഷത്തോളം അദ്ദേഹം ഖാളിയായി പ്രവർത്തിച്ചു. ഉമർ(റ)ന് ശേഷം വന്ന ഉസ്മാൻ (റ), അലി (റ), മുആവിയ (റ) തുടങ്ങിയവരെല്ലാം അദ്ദേഹത്തെ അംഗീകരിച്ചു. ഹജ്ജാജ് ഭരണമേറ്റെടുത്തപ്പോൾ ഖാളി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ അഭ്യർത്ഥിച്ചു. സുകൃതമേറിയ നീണ്ട നൂറ്റിയേഴ് വർഷങ്ങൾ അപ്പോഴേക്കും പിന്നിട്ടിരുന്നു. അദ്ദേഹത്തിന്റെ നിലപാടുകളും യുക്തി ഭദ്രമായ വിധികളും കിതാബുകളിൽ രേഖപ്പെടുത്തപ്പെട്ടു.

അലി(റ) ഖലീഫയായിരിക്കെ അദ്ദേഹത്തിന്റെ വിലപിടിപ്പുള്ള പടയങ്കി നഷ്ടപ്പെട്ടു. ഏറെ ദിവസങ്ങൾ കഴിയും മുമ്പ് തന്നെ കൂഫയിലെ ഒരു ചന്തയിൽ ദിമ്മിയ്യുകളിൽ പെട്ട ഒരാൾ അത് വിൽക്കുന്നതായി കണ്ടു. അത് എന്റേതാണെന്ന് അലി(റ) അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ അയാളത് സമ്മതിച്ചില്ല. ഇത് എന്റേതാണ്, എന്റെ കയ്യിലാണ് ഉള്ളത് എന്ന് അയാളും വാദിച്ചു. ഞാൻ ആർക്കും വിൽക്കുകയോ ഔദാര്യമായി നൽകുകയോ ചെയ്തിട്ടില്ല. പിന്നെ എങ്ങനെ നിന്റെ കയ്യിലെത്തി എന്ന് അലിയും വിട്ടുകൊടുത്തില്ല. അവസാനം വിഷയം ഖാളി ശുറൈഹിന്റെ മുന്നിലെത്തി.


അലി(റ)വിനോട്, താങ്കൾക്ക് എന്താണ് പറയാനുള്ളത് എന്ന് ഖാളി ചോദിച്ചപ്പോൾ ഈ പടയങ്കി എന്റേതാണും എന്റെ കയ്യിൽ നിന്ന് വീണ് പോയതാണെന്നും അലി വാദിച്ചു. നീ എന്ത് പറയുന്നു എന്ന് ദിമ്മിയ്യിനോട് ഖാളി ചോദിച്ചു. അയാൾ തന്റെ പഴയ വാദം തന്നെ ആവർത്തിച്ചു. ഇത് എന്റേതാണ്, എന്റെ കയ്യിലാണുള്ളത്. അമീറുൽ മുഅ്മിനീനെതിരെ ഞാൻ കളവാരോപണം നടത്തുന്നില്ല. രണ്ടു പേരുടെയും വാദം കേട്ട് ഖാളി അമീറുൽ മുഅ്മിനീൻ അലി(റ) വിനോട് പറഞ്ഞു, താങ്കൾ പറഞ്ഞത് സത്യമാണെന്ന് എനിക്കറിയാം. പക്ഷേ, കോടതിയില്‍ അത് മതിയാകില്ലല്ലോ. താങ്കൾ രണ്ട് സാക്ഷികളെ ഹാജരാക്കണം. അത് കേട്ട അലി(റ) തന്റെ അടിമയായ ഖൻബറിനേയും മകൻ ഹസന്‍(റ)നെയും സാക്ഷികളായി കൊണ്ട് വന്നു. മകനെ സാക്ഷിക്ക് പറ്റില്ല എന്ന് ഖാളി പറഞ്ഞപ്പോൾ, താങ്കൾ എന്താണ് പറയുന്നത്, സ്വർഗീയ യുവാക്കളുടെ നേതാക്കളാണ് ഹസനും ഹുസൈനുമെന്ന് നബി തങ്ങൾ പറയുന്നത് താങ്കൾ കേട്ടിട്ടില്ലേ എന്നും താങ്കൾ ഹസനെ സാക്ഷിക്ക് പറ്റില്ലെന്ന് പറയുകയാണോ എന്നും അലി(റ) അത്ഭുതം പ്രകടിപ്പിച്ചു. അതെല്ലാം എനിക്കറിയാം, എങ്കിലും മകൻ പിതാവിന് സാക്ഷ്യം നിൽക്കുന്നത് ശരീഅത് പ്രകാരം സ്വീകാര്യമല്ലെന്ന് ഖാളിയും ഉറപ്പിച്ച് പറഞ്ഞു. ഖാളി തന്റെ വാദത്തിൽ നിന്ന് ഒരു പടി പിന്നോട്ടില്ലെന്ന് മനസ്സിലായതോടെ അലി(റ) തന്റെ എതിർ കക്ഷിയോട് പറഞ്ഞു, ഇത് നീ എടുത്തോളൂ. ഈ രണ്ടു പേരല്ലാത്ത മറ്റൊരു സാക്ഷി എന്റെ പക്കലില്ല. ഉടനെ അയാൾ, അമീറുൽ മുഅ്മിനീൻ, ഇത് താങ്കളുടേതാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു എന്നും അമീറുൽ മുഅ്മിനീൻ നിയമിച്ച ഖാളി അദ്ദേഹത്തിനെതിരെ എനിക്കനുകൂലമായി വിധിച്ചിരിക്കുന്നുവെന്ന് ആശ്ചര്യപ്പെടുകയും ഇത്രത്തോളം നന്മ കല്പിക്കുന്ന മതം തീർച്ചയായും സത്യമതം തന്നെയെന്ന് പറഞ്ഞ് അയാൾ ഇസ്‍ലാമിന്റെ സുന്ദര തീരത്തേക്ക് കടന്നു വന്നു. ശേഷം അദ്ദേഹം ഖാളിയോട് പറഞ്ഞു, ഇത് ഖലീഫയുടേത് തന്നെയാണ് അദ്ദേഹം സ്വിഫീനിലേക്ക് പോകുന്ന വഴി ഞാനദ്ദേഹത്തെ പിന്തുടർന്നു. കുറച്ച് മുന്നോട്ട് പോയ ശേഷം അദ്ദേഹത്തിൽ നിന്നും ഇത് നിലത്ത് വീണതറിയാതെ ഖലീഫ മുന്നോട്ട് പോയി. അങ്ങനെയാണ് ഞാനത് കൈവശപ്പെടുത്തിയത്. ഇത് കേട്ട അലി(റ) പറഞ്ഞു, നീ മുസ്‍ലിമായത് കാരണം അത് ഞാൻ നിനക്ക് സമ്മാനമായി തന്നിരിക്കുന്നു, കൂടാതെ ഈ കുതിരയും നീ എടുത്തോളൂ. ഏറെ സന്തുഷ്ടനായ അദ്ദേഹം, ശേഷം നഹ്റുവാൻ യുദ്ധത്തിൽ ഖവാരിജുകൾക്കെതിരെ അലി(റ)വിന് കീഴിൽ പോരാടി രക്തസാക്ഷിയായി എന്നാണ് ചരിത്രം.

ഖാളി ശുറൈഹിന്റെ മകൻ ഒരിക്കൽ അദ്ദേഹത്തോട് പറഞ്ഞു. ഞാനും കുറച്ചാളുകളും തമ്മിൽ ചില പ്രശ്നങ്ങളുണ്ട്. എന്റെ ഭാഗത്താണ് ശരിയെങ്കിൽ ഞാൻ അവരെ താങ്കളുടെ അടുത്തേക്ക് വിധിക്കാനായി കൊണ്ടുവരാം. ന്യായം അവരുടെ ഭാഗത്താണെങ്കിൽ സന്ധിയിലൂടെ പരിഹാരം കാണാം. കാര്യങ്ങൾ കേട്ട ശേഷം മകനോട് അവരെ കൊണ്ട് വരാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ അവർ വരുകയും സ്വന്തം മകനെതിരെ അവർക്കനുകൂലമായി വിധിക്കുകയും ചെയ്തു. വിധി കഴിഞ്ഞ് ഏറെ നിരാശനായി വീട്ടിലേക്ക് മടങ്ങുമ്പോൾ, തന്നെ വശളാക്കിയതിലുള്ള അമർഷം മകൻ പ്രകടിപ്പിച്ചു. ഉടനെ ഖാളി അവനോട് പറഞ്ഞു, മോനേ ഭൂലോകത്തുള്ള മുഴുവൻ വസ്തുക്കളേക്കാൾ എനിക്കിഷ്ടം നിന്നോട് തന്നെയാണ്. എങ്കിലും ഞാൻ ആദ്യമേ അവരുടെ കൂടെയാണ് ന്യായമെന്ന് പറഞ്ഞിരുന്നെങ്കിൽ നീ അവരോട് സന്ധിയിലാവുകയും അങ്ങനെ അവർക്ക് അവകാശപ്പെട്ടത് അവർക്ക് ലഭിക്കാതെ പോവുകയും ചെയ്യുമോ എന്ന ഭയത്താലാണ് ഞാൻ പറയാതിരുന്നത്. അത്രയും സൂക്ഷ്മതയോടെയായിരുന്നു മഹാൻ തന്റെ ഉത്തരവാദിത്വം നിറവേറ്റിയിരുന്നത് എന്നാണ് ഇത് മനസ്സിലാക്കിത്തരുന്നത്.

ഭരണാധികാരിയെന്നോ സാധാരണക്കാരനെന്നോ ധനികനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും സാരോപദേശം നൽകുക മഹാന്റെ പതിവായിരുന്നു. ഒരിക്കൽ ഒരാൾ തന്റെ കൂട്ടുകാരനിൽ നിന്നും തന്നെ വേദനിപ്പിക്കുന്ന എന്തോ സംഭവിച്ചതിൽ പരാതിയുമായി ഖാളിയെ സമീപിച്ചു. തദവസരം പരാതിക്കാരന്റെ കൈ പിടിച്ച് കൊണ്ട് ഖാളി പറഞ്ഞു, നിങ്ങൾ പരാതിപ്പെടുന്നവൻ ഒന്നുകിൽ നിന്റെ മിത്രമായിരിക്കും അല്ലെങ്കിൽ ശത്രുവും. മിത്രമാണെങ്കിൽ താങ്കളുടെ ഈ ചെയ്തി അവനെ വേദനിപ്പിച്ചേക്കാം. ശത്രുവാണെങ്കിൽ അവൻ നിന്നെ ആക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്യും. തന്റെ കണ്ണിലേക്ക് ചൂണ്ടി ഖാളി ശുറൈഹ് തുടർന്നു, എന്റെ ഈ കണ്ണ് നോക്കൂ, കഴിഞ്ഞ പതിനഞ്ച് വർഷമായി ഇത് പുറം ലോകം കണ്ടിട്ടില്ല, ഇത് നീയല്ലാത്ത ഒരാളോടും ഞാൻ വെളിപ്പെടുത്തിയിട്ടില്ല. പരാതിയെല്ലാം കാരുണ്യവാനായ റബ്ബിനോട് മാത്രം പറയുക, അവൻ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു.

ഒരിക്കൽ ഒരാൾ മറ്റൊരാളോട് സഹായം തേടുന്നത് മഹാൻ കാണാനിടയായി. അയാളെ വിളിച്ച് മഹാൻ പറഞ്ഞു, സൃഷ്ടികളോടല്ല സ്രഷ്ടാവിനോടാണ് സഹായാഭ്യർത്ഥന നടത്തേണ്ടത്. സൃഷ്ടികളോട് ചോദി ക്കൽ സ്വയം അടിമത്വത്തിലേക്കുള്ള വാതിൽ തുറന്നിടലാണ്. അവൻ ആ കാര്യം നിറവേറ്റി തന്നാൽ നീ അവന്റെ അടിമയെപ്പോലെയാകും. സഹായാഭ്യർത്ഥന അവൻ നിരസിക്കുകയാണെങ്കിൽ ഒരാൾ തന്റെ ആവശ്യം നിരസിക്കപ്പെട്ടത് കാരണത്താലും മറ്റയാൾ പിശുക്ക് കാരണത്താലും നിന്ദ്യരായിത്തീരും. അത് കൊണ്ട് എന്ത് കാര്യമാണെങ്കിലും റബ്ബിനോട് മാത്രം ചോദിക്കുക.

എല്ലാത്തിനുമുപരി ഖാളി ശുറൈഹ് ഒരു മികച്ച കവി കൂടിയായിരുന്നു. ഇസ്‍ലാമിക നീതിപീഠത്തെ പവിഴങ്ങൾ കൊണ്ടലങ്കരിച്ച ഒരു നൂറ്റാണ്ടിലേറെ നീണ്ട ജീവിതത്തിന് വിരാമമായെങ്കിലും ഇസ്‍ലാമിക ചരിത്ര ഗ്രന്ഥങ്ങളിലും മറ്റും മഹാനവർകൾ അനശ്വരമായ പ്രതീകമായി എന്നെന്നും നിലകൊള്ളുന്നു. മഹാ നവർകളുടെ കൂടെ സ്വർഗത്തിൽ അല്ലാഹു നാമേവരേയും ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കുമാറാകട്ടെ, ആമീൻ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter